ശ്രീ വെങ്കിടേശ്വേര ക്ഷേത്രത്തിനടുത്ത് സ്ഥിതിചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് ശ്രീ ദ്ര്ഗാദേവിക്ഷേത്രം. കേവലം അമ്പതുമീറ്റര്‍ ദൂരമേ അവിടേയ്ക്ക് ഉള്ളൂ. ഞങ്ങള്‍ അവിടംകൂടി സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. ഒരു ശരാശരി ക്ഷേത്രം മാത്രമാണ്‍ അത്. ഞങ്ങള്‍ ദര്‍ശനത്തിനെത്തുന്ന നേരത്ത് അവിടെ തിരക്കില്ല എന്നുമാത്രമല്ല പൂജാരി ഭക്തനമാരെ കാത്തിരിക്കുന്ന കാഴ്ചയായിരുന്നു. അയാളുടെ കണ്ണുകളില്‍, കാര്യമായ കാണിക്ക കിട്ടുമെന്ന ഭാവം നിഴലിട്ടിരിക്കുന്നു. ആളുകളെ കണ്ടാല്‍ കര്‍പൂരം കത്തിച്ച് ആരതി ഉഴിയുന്ന രീതിയാണല്ലോ, കേരളം വിട്ടാല്‍ കാണുക. ഇതുതന്നെയാണ് ഇവിടെയും സംഭവിച്ചത്. ഞങ്ങളെ കണ്ടതും പൂജാരി അഗാധ തീവ്രഭക്തിഭാവത്തോടെ ആരതി ഉഴിഞ്ഞു. ഞങ്ങള്‍ പലതും ദക്ഷിണയും നല്‍കി. എന്നിരുന്നാലും അയാളുടെ മുഖം തെളിഞ്ഞു എന്നു പറഞ്ഞുകൂടാ. ഇവിടെ പ്രദക്ഷിണം ചെയ്യുന്ന നേരത്ത് ശ്രദ്ധയില്‍പ്പെട്ട ഒരു കാര്യം എനിക്ക് അലോസരം ഉണ്ടാക്കി. ഒരിടത്ത് ഇരിന്ന് ഒരു കീഴ്ശാന്തി ചന്ദനം അരക്കുന്ന കണ്ടു. അയാളുടെ അടുത്ത് ഒരു ചെറിയ റേഡിയോയുമുണ്ട്. അതില്‍ നിന്നും ഹിന്ദിസിനിമാപാട്ട് ഉയരുന്നുണ്ട്. അയാള്‍ ആരെയും ശ്രദ്ധിക്കാതെ തന്റെ പണിയില്‍ മുഴുകുന്നുണ്ടായിരുന്നു. ക്ഷേത്രത്തിനകത്ത് സിനിമാപാട്ട് പ്രണയഗാനം ഉയരുന്നതാണ് എന്നെ കുറച്ചു ദു:ഖത്തിലാഴ്ത്തിയത്.
ക്ഷേത്രത്തെകുറിച്ച് എന്തെങ്കിലും അന്വേഷിച്ചറിയുന്നതിനൊ മനസിലാക്കുന്നതിനൊ ഒരു സൗകര്യവും അവിടെ കണ്ടില്ല. പൂജാരിക്കാകട്ടെ രണ്ടാംകിടക കന്നടയല്ലാതെ മറ്റൊന്നും വശവുമുണ്ടായിരുന്നില്ല. ഞങ്ങള്‍ ദര്‍ശനം കഴിഞ്ഞ് പുറത്തിരങ്ങുമ്പോള്‍ സമയം എട്ടര കഴിഞ്ഞിരുന്നു. എല്ലാവരുടെയും വയറ് ചൂളം വിളിയിലാണ്. പിന്നെ ഒട്ടും വൈകാതെ ബസ് ഭേദപ്പെട്ട ഹോട്ടലിനെ ലക്ഷ്യമാക്കി നീങ്ങി.
സപ്തഗിരി ഹോട്ടലില്‍ നല്ല തിരക്കാരുന്നു. എന്നാലും സീറ്റിനായി കാത്തുനില്‍ക്കേണ്ടി വന്നില്ല. ഇഷ്ടമുള്ളതും എത്ര വേണമെങ്കിലും ഭക്ഷണം കഴിക്കാം എന്നാണ് ഗ്രൂപ്പ് ലീഡര്‍ സ്വാമിയുടെ അഭിപ്രായം. നല്ല വിശപ്പുള്ള നേരം ആകര്‍ഷകമായ ഭക്ഷണത്തിന്റെ മണം, ആവിപറക്കുന്ന ദോശ, ഇഡ്ഡലി, ചപ്പാത്തി, പൂരി, പൊറോട്ട, ഉപ്പുമാവ് തുടങ്ങിയ വിഭവങ്ങള്‍. സത്യത്തില്‍ പിന്നെ നടന്നത് ആക്രമണമായിരുന്നു. ഇരുപത് മിനിറ്റിനുശേഷം ഏവരും വിജയികളായി കൈകള്‍ ശുദ്ധമാക്കുമ്പോള്‍ സ്വാമിയുടെ കൈയ്യില്‍ രണ്ടായിരത്തന്നൂറ് രൂപയുടെ ബില്ല് സീലിംഗ് ഫാനിന്റെ കാറ്റില്‍ വിറക്കുന്നണ്ടായിരുന്നു.
ഞങ്ങള്‍ക്ക് തികച്ചും ഹോംലിഫുഡ് തന്നെയാണ് ലഭിച്ചത്. ഇനിയിവിടന്നങ്ങോട്ട് ഇത്രയും മികച്ച ഭക്ഷണം ലഭിക്കുന്ന കടകള്‍ കുറവായിരിക്കും എന്ന് സ്വാമി പറഞ്ഞു. ഞങ്ങള്‍ അടുത്ത ലക്ഷ്യത്തിലേക്ക് തയ്യാറായി വണ്ടിയില്‍ കയറി. പുറത്ത് മഴനനുത്തു പെയ്തുതുടങ്ങി.
Generated from archived content: dhakshina4.html Author: m.e.sethumadhavan