എന്റെ സഹമുറിയന്‍ രാജേട്ടനായിരുന്നു. മുടി പറ്റെ വെട്ടിയൊതുക്കിയ കൂര്‍ത്തമുഖവും ഒന്നു രണ്ടു നിറം മങ്ങിയ പല്ലുകളുള്ള ക്ലീന്‍ ഷേവു ചെയ്ത 52 കാരന്‍. മുറിയില്‍ എത്തിയ ഉടനെ ബാഗ് കബോര്‍ഡില്‍ വെച്ച് അദ്ദേഹം ധൃതിയില്‍ ഒരു കിറ്റില്‍ നിന്നും സോപ്പും തോര്‍ത്തും ബ്രഷും പേസ്റ്റുമായി ബാത്ത്റൂമില്‍ കയറി. ഉടനെ തന്നെ സീല്‍ക്കാരങ്ങളുയരുന്നതും ചൈനീസ് പടക്കങ്ങള്‍ പൊട്ടുന്നതും ഞാന്‍ കേട്ടു. തുടര്‍ന്ന് പൈപ്പിന്റെ ടാപ്പില്‍ നിന്നും വെള്ളം ബക്കറ്റിലേക്ക് വീഴുന്ന ശബ്ദമാണുണ്ടായത്. ഞാന്‍ കഴിഞ്ഞദിവസം കണ്ടിട്ടുപോന്ന മലമുടിയുടെ കാളിമ ഓര്‍ത്തുകൊണ്ടിരുന്നു.
രാജേട്ടന്‍ കുളികഴിഞ്ഞ് പുറത്തുവരാന്‍ പതിനഞ്ചുമിനിറ്റ് എടുത്തു. കൃത്യങ്ങളെല്ലാം കൃത്യമായിട്ടുണ്ട് എന്ന് മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു. അയവുള്ള വസ്ത്രങ്ങള്‍ ധരിച്ച് കക്ഷി യോഗ്യാഭ്യാസത്തിനുള്ള പുറപ്പാടാണ്. കണ്ണടച്ച് ഇരിക്കയും കൈകളില്‍ യോഗമുദ്രകള്‍ കാണിക്കയും ചെയ്തു. ശ്വാസം ശക്തിയായി മേലോട്ടും താഴോട്ടും എടുത്ത് വിട്ടുക്കൊണ്ടിരുന്നു. വയറ് തവളയെപ്പോലെ വികസിപ്പിക്കുകയും സങ്കോചിപ്പിക്കുകയും ചെയ്യുകയുണ്ടായി. അങ്ങനെ അദ്ദേഹം യോഗയില്‍ മുഴുകിയപ്പോള്‍ ഞാന്‍ എന്റെ പ്രഭാതകര്‍മങ്ങള്‍ക്കായി ബാത്ത്റൂമില്‍ കയറി.
കൃത്യം ആറരമണിക്ക് ഞങ്ങള്‍ യാത്രക്ക് തയ്യാറായി താഴെയെത്തി. ഒരാളൊഴികെ എല്ലാവരും വണ്ടിയില്‍ കയറി സീറ്റുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ചേര്‍ത്തലക്കാരന്‍ സോമനാണ് വരാന്‍ ബാക്കിയുള്ളത്. അദ്ദേഹം ഒരു സിംഗിള്‍ മുറിയില്‍ തനിയെയാണ് കൂടിയിരുന്നത്. ഏഴുമണിയായപ്പോള്‍ ജഗദീഷ് ചെന്ന് സോമനെ കയ്യോടെ പൊക്കിക്കൊണ്ടുവന്നു. ഞങ്ങള്‍ യാത്ര തുടങ്ങി. അഞ്ചുമിനിറ്റുനേരം കൊണ്ട് ആദ്യക്ഷേത്രത്തില്‍ വണ്ടി എത്തി. ഏതുകാര്യത്തിനു മുമ്പ് വിഘ്നേശ്വരപൂജ പതിവെന്നല്ലെ. അതുകൊണ്ടായിരിക്കണം ഞങ്ങളുടെ ആദ്യത്തെ ക്ഷേത്രത്തിന് ഗണപതി ക്ഷേത്രം തിരഞ്ഞെടുത്തത്.
ഷറാവു ഗണപതിക്ഷേത്രം: ഭാരത്തിലെ പല നഗരങ്ങളെയും പോലെ മംഗലാപുരവും ഒരു ക്ഷേത്രനഗരമാണ്. ഒന്നിനൊന്നു മികച്ചു നില്‍ക്കുന്നവയാണ് അവയില്‍ പലതും. സ്വകാര്യ വ്യക്തികള്‍ കൊണ്ടുനടത്തുന്നതോ ട്രസ്റ്റ് മോല്‍നോട്ടം വഹിക്കുന്നതോ ആണ് മിക്ക ക്ഷേത്രങ്ങളും. കേരളത്തിലേതുപോലെ ദേവസ്വം ബോര്‍ഡുകളോ ഗവണ്‍മെന്റ് നിയന്ത്രണങ്ങളോ ഇവക്കുണ്ടോ എന്നറിഞ്ഞുകൂടാ. ഞങ്ങള്‍ ഷറാവുഗണപ്തി ക്ഷേത്രത്തിലെത്തിയത് 7.15 നായിരുന്നു. അതിരാവിലെ ആയതുകൊണ്ടാണോ എന്നറിഞ്ഞുകൂടാ കാര്യമായ ആളുകളൊന്നും അവിടെ ഉണ്ടായിരുന്നില്ല.
ഗണപതിക്ഷേത്രമെനാണ് പേരെങ്കിലും ശിവപ്രതിഷ്ഠക്കും ഇവിടെ തുല്യമായ പ്രാധാന്യമുണ്ട്. ക്ഷേത്രത്തിന്റെ കെട്ടിനും മട്ടിനുമൊന്നും വലിയ പ്രാധാന്യം എനിക്കു തോന്നിയില്ല. ഞാന്‍ ഗണപതിയേയും ശിവനേയും തൊഴുത് നമസ്ക്കരിച്ച് മൂന്നു പ്രദക്ഷിണം വച്ചു. തീര്‍ഥം വാങ്ങി സേവിച്ചു. പൂജയ്ക്കും അര്‍ച്ചനയ്ക്കുമായി കൂടെയുള്ളവര്‍ തയ്യാറാകുന്നതെയുള്ളൂ. ഞാന്‍ മണ്ഡപത്തിലൊരിടത്ത് ഇരുന്ന് സൂക്ഷ്മമായി നിരീക്ഷിച്ചു.
ചരിത്രം: അസ്ത്രം എന്നര്‍ഥമുള്ള ശരം എന്ന പദത്തില്‍ നിന്നാണ് (ശര/ഷറ) ഷറാവു എന്ന പേരുണ്ടായത്. ഏകദേശം പന്ത്രണ്ടാം നൂറ്റാണ്ടില്‍ തുളു നാടുഭരിച്ചിരുന്ന വീരബാഹു രാജാവിന്റെ കാലത്തോളം ചെന്നെത്തുന്നു ഷറാവുക്ഷേത്രവുമായി ബന്ധപ്പെട്ട സ്ഥലനാമചരിത്രം കഥയിപ്രകാരമാണ്. ഒരിക്കല്‍ വേട്ടക്കുപോയ രാജാവ് പുലിയെകണ്ടെത്തി അമ്പെയ്തുകൊല്ലാന്‍ ശ്രമിച്ചു. പക്ഷെ അബദ്ധവശാല്‍ അടുത്തുണ്ടായിരുന്ന ഒരു പശുവിനാണ് ബണമേറ്റത്. തല്‍ക്ഷണം പശു അന്ത്യശ്വാസം വലിച്ചു. അവിചാരിതമായി സംഭവിച്ച കൊടും പാപത്തില്‍ നിന്നും കരകയറാന്‍ രാജാവ് ശ്രീ ഭരദ്വാജമുനിയുടെ അടുത്തുചെന്ന് ഉപദേശം തേടി. മുനിയുടെ ഉപദേശ പ്രകാരം രാജാവ് ഒരു ശിവലിംഗം പ്രതിഷ്ഠിച്ച് പൂജ തുടങ്ങി. ഈ ലിംഗത്തെ രാജാവ് ശരഭേശ്വരനായാണ് ആരാധിച്ചുപോന്നത്. വിശുദ്ധമായ ഈ സ്ഥലമാണ് പിന്നീട് ഷ്റാവു എന്ന് അറിയപ്പെട്ടു തുടങ്ങിയത്.
പില്‍ക്കാലത്ത് ശരഭേശ്വരം (ഷറാവു) ക്ഷേത്രത്തിന്റെ ദക്ഷിണഭാഗത്തെ ചുമരില്‍ സിദ്ധലക്ഷ്മീസമേതനായ ദശഭുജഗണപതിയുടെ പരിശുദ്ധവും ശ്രേഷ്ഠവുമായ പ്രതിരൂപം പ്രത്യക്ഷമായി. അങ്ങനെ ലക്ഷീഗണപതിയെ വില്ലിന്റെ രൂപത്തിലുള്ള ഗണപതിയായി ആരാധിച്ചു തുടങ്ങി. ഇപ്രകാരം പൂജിക്കുവാന്‍ തുടങ്ങിയത് കേകുനിയ കുടുംബത്തിലെ വൃദ്ധനായ ബ്രാഹ്മണനാണ്. പിന്നീട് ഈ കുടുംബത്തിന്റെ ഉത്തരവാദിത്തറ്ഋതിലായി ശരഭേശ്വരന്റെയും ലക്ഷ്മി ഗണപതിയുടെയും പൂജകള്‍.
ഷറാവു ക്ഷേത്രത്തെ സംബന്ധിച്ച് ത്രസിപ്പിക്കുന്ന ഒരു കഥ പറഞ്ഞു കേള്‍ക്കുന്നുണ്ട്. മൈസൂര്‍ സുല്‍ത്താനായ ടിപ്പു, ഷറാവു ക്ഷേത്രത്തിലെ വമ്പിച്ച ധനം കൊള്ളയടിക്കാന്‍ തയ്യാറായി സൈന്യസങ്കേതനായി മംഗലാപുരത്തേക്ക് പുറപ്പെട്ടു. എന്നാല്‍ അക്രമണത്തില്‍ തൊട്ടു തലേന്നത്തെ രാത്രിയില്‍ ടിപ്പു ഭയാനകമായ ഒരു സ്വപ്നം കണ്ടു. ക്രോധവശനായ ഒരു കാട്ടാന ടിപ്പുവിനെ തുമ്പിക്കൈയ്യാല്‍ ചുരുട്ടിയെടുത്ത് നിലത്തിട്ട് ചവിട്ടിയരക്കുന്ന രംഗം. പേടിച്ച് വിവശനായ സുല്‍ത്താന്‍ ചാടിയെണീറ്റ് തന്റെ ഭയാനക സ്വപ്നത്തിന്റെ കാരണം അഅന്വേഷിച്ചു. അദ്ദേഹത്തിന് അപ്പോളാണ് ഷറാവുഗണപതിയുടെ ദിവ്യശക്തി ബോധ്യമായത്. ഉടന്‍ ടിപ്പു തന്റെ ഉദ്യയം ഉപേക്ഷിച്ചു. വര്‍ഷം തോറും ക്ഷേത്രത്തിലേക്ക് ഒരു നിശ്ചിത തുക സമര്‍പ്പിച്ചുവരികയും ചെയ്തു.
മഹാഗണപതിയെ കാലാകാലങ്ങളായി സേവിച്ചതുകൊണ്ട് കേകുത്യാ കുടുംബത്തിന് വമ്പിച്ച നേട്ടങ്ങളാണ് ഉണ്ടായത്. മൈസൂര്‍ മഹാരാജാവ് രാജമുദ്രനല്‍കി ആദരിക്കുകയും ശാസ്ത്രി പട്ടം നല്‍കി ബഹുമാനിക്കുകയും (1836) ചെയ്തു എന്നാണ് പറഞ്ഞുവരുന്നത്. ഇപ്പോഴും ഈ കുടുംബത്തിന്റെ പരമ്പരയില്‍പെട്ടവര്‍ തന്നെയാണ് ക്ഷേത്രകാര്യങ്ങള്‍ കൊണ്ടു നടക്കുന്നത്. ഗണേഷചതുര്‍ത്ഥി, ഹര്‍ഷിക രഥോത്സവം തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ഉത്സവങ്ങള്‍. ഇന്ന് ഏറെ സാമൂഹിക സേവന പദ്ധതികളുടെയും നൃത്തം, നാടകം, യക്ഷഗാനം പോലുള്ള സാംസ്കാരിക പരിപാടികളുടെയും പ്രയോട്ടിംഗ് സെന്റര്‍ കൂടിയാണ് ഷറാവു ഗണപതിക്ഷേത്രം.
Generated from archived content: dhakshina2.html Author: m.e.sethumadhavan