സമുദ്രനിരപ്പിൽ നിന്നും ആയിരത്തഞ്ഞൂറു മീറ്റർ മുകളിലേക്കാണ് പുൽമേടുകൾ വളർന്നുകാണുന്നത്. ഏകദേശം ഒന്നര ഏക്കർ മുതൽ ഇരുപതു ചതുരശ്ര കി.മീറ്റർ വരെ പുൽമേടുകൾ പരന്നു കിടക്കാറുണ്ട്. ദൂരെ നിന്നു നോക്കുമ്പോൾ പുല്ല് നിലംപറ്റി കിടക്കുന്നതായി തോന്നുമെങ്കിലും അരമീറ്റർ തൊട്ട് അഞ്ചുമുതൽ ആറുമീറ്റർ വരെ ഉയരത്തിൽ പുല്ല് വളർന്നു നിൽക്കും. കതിരുവന്നു നിൽക്കുന്ന കാഴ്‌ച അതിസുന്ദരമാണ്. പുല്ലിന്റെ വേരുപടലം വളരെ വിസ്‌തൃതവും ഇടതിങ്ങിയിട്ടും വളരുന്നതിനാൽ മണ്ണൊലിപ്പിനെ ഇതുപോലെ തടയാൻ മറ്റൊന്നില്ല.
കാറ്റ്, മഴ, മഞ്ഞ് എന്നിവയുടെ നിരന്തര സമ്പർക്കത്താലാണ് പുൽമേടുകൾ രൂപം കൊള്ളുന്നതത്രെ! പാതിരാവ് കഴിഞ്ഞാൽ ചിലപ്പോഴെല്ലാം പുൽമേടുകളിൽ തണുപ്പ് മൈനസ് ഡിഗ്രി സെൽഷ്യസിനും താഴെയാവാറുണ്ട്. ഇത്തരം നിരന്തരം പരിണാമപ്രക്രിയയിലൂടെയും മഴവെള്ളം കുത്തിയൊഴുകാതെ അടിയിലേക്ക് താഴ്‌ന്ന് ക്രമേണ നനഞ്ഞ ഉറവകൾ പൊടിഞ്ഞ് അവ ചേർന്ന് വലിയ ഉറവകളായി ചോലകളായി വശങ്ങളിൽ ചെറുചെടികളും ചെറുമരങ്ങളും നിറഞ്ഞ് നൂറ്റാണ്ടുകൾ എടുത്താണ് ചോലവനങ്ങൾ ഉണ്ടാകുന്നത്.
തിരുവനന്തപുരം ജില്ലയിലെ അഗസ്‌ത്യമല, ഇടുക്കിയിലെ ഇരവികുളം, പത്തനംതിട്ടയിലെ തേവർമല, സ്വിസ്‌പാറ, വയനാട്ടിലെ ബ്രഹ്‌മഗിരി, പാലക്കാടിലെ അട്ടപ്പാടി, സൈലന്റ് വാലി വനമേഖലകൾ എന്നിവിടങ്ങളിലായി എഴുപതു ചതുരശ്ര കി.മീറ്ററിലധികം പുൽമേട് പശ്‌ചിമഘട്ടമലനിരകളിലുണ്ട്. മേൽപറഞ്ഞവ കൂടാതെ വേറെയും പുൽമേടുകൾ പറഞ്ഞ അളവിൽ പലയിടത്തായിട്ടുണ്ട്. ബ്രഹ്‌മഗിരിയിലേതുപോലെ വിസ്‌തൃതമായ പുൽമേട് ഞാൻ ആദ്യമായി കാണുകയായിരുന്നു.
ജൈവസമ്പത്തിന്റെ അമൂല്യകലവറയാണ് ചോലവനങ്ങൾ. സൂഷ്‌മ ജീവികളുടേയും എണ്ണിയാലൊടുങ്ങാത്ത സസ്യവൈവിധ്യത്തിന്റെയും കേദാരം കൂടിയാണീകാടുകൾ. എല്ലാ നദികളും ചോലവനങ്ങളിൽ നിന്നാണ് ഉത്‌ഭവിക്കുന്നത്. നിത്യഹരിതവനങ്ങളാണ് ചോലക്കാടുകളെങ്കിലും വലിയ ഉയരത്തിൽ വളരുന്ന വൃക്ഷരൂപികളല്ല അവയൊന്നും. ഇവയ്‌ക്കിടയിൽ കടക്കുക അസാധ്യമാണ്. ശക്തമായ കാറ്റിനെ ചെറുക്കുന്നതിനാണ് ഇത്തരം സസ്യജാല സമൃദ്ധി. ചോലക്കാടുകളിലെ മരങ്ങളുടെ ഇലകൾക്ക് കനം കൂടുതലാണ്. അന്തരീക്ഷ ഊഷ്‌മാവ് ഒരുപാട് താഴ്‌ന്നാൽ ഇവിടെ ഇലകളിൽ പോലും ഐസ് പൊടിയും.
പശ്‌ചിമഘട്ടത്തിൽ എന്നുമാത്രമല്ല ലോകത്തെവിടെയും അതിവേഗം ജൈവവൈവിധ്യം നടക്കുന്നത് ചോല വനങ്ങളിലത്രെ! ബ്രഹ്‌മഗിരിമേഖലയിൽ മാത്രം വ്യത്യസ്‌തമായ മുപ്പത്തിയാറുതരം വനങ്ങളുണ്ടെത്രെ! കാട്ടുമഞ്ഞൾ, കാട്ടുഞ്ഞാവൽ, വൃക്ഷങ്ങൾ പോലെ ഉയരത്തിൽ വളരുന്ന പന്നൽച്ചെടി എന്നിവയെല്ലാം ഇവിടെ കാണാൻ കഴിഞ്ഞു. ചോലക്കാടുകളിൽ കാണുന്ന സ്വർണപന്നൽ ചെടിക്ക് ആയിരത്തിൽ പരം വർഷങ്ങളുടെ പഴക്കം കാണുമെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടാറുണ്ട്. ചുരുക്കത്തിൽ ചോലക്കാട് എന്നു പറഞ്ഞാൽ ഒരു ജുറാസിക് യുഗത്തിന് സമമാണ്.
ഓർക്കിഡുകളാൽ സമ്പന്നമായ ചോലക്കാടുകൾ അവയുടെ അവസാന അഭയകേന്ദ്രം കൂടിയാണ്. മനോഹരമായ സൗന്ദര്യധാമങ്ങളാണ്. ഇന്ത്യയിൽ കാണുന്ന 1150 തരം ഓർക്കിഡുകളിൽ 270 എണ്ണം ഇന്ത്യയിൽ മാത്രം ഉള്ളതാണെന്നു കാണുന്നു. സഹ്യനിൽ കാണുന്ന 225 ഇനങ്ങളിൽ 218 എണ്ണവും കേരളത്തിൽ മാത്രം കണ്ടുവരുന്നവയത്രെ.
രണ്ടാമത്തെ ചോലക്കാട്ടിലാണ് ഞാനിപ്പോൾ എത്തിനിൽക്കുന്നത്. ഇവിടെ പൂമ്പാറ്റകൾ വേണ്ടത്രയുണ്ട്. വിവിധ വർണങ്ങൾ ഉള്ളവയും ഒരേനിറം മാത്രം ഉള്ളവയും. പൂമ്പാറ്റകളെകണ്ട് ഞാൻ മനം കുളിർത്തത് പക്ഷെ ഇവിടെയല്ല; പാലക്കാട്ടെ മലമ്പുഴക്കപ്പുറമുള്ള പട്ടിവേളി എന്ന സ്‌ഥലത്തുചെന്നപ്പോഴായിരുന്നു.
നീരുറവയിൽ ഞാൻ രണ്ടുകുപ്പി വെള്ളം ശേഖരിച്ചു. കൂടെയുള്ളവർ പലരും തളർന്നു. അവർ അധികനേരം വിശ്രമിക്കുന്നതുകണ്ട് ഞാൻ മുന്നിൽ നടന്നു. നാരായണനും എന്നോടൊപ്പം കൂടി. ഞാൻ ഇപ്രദേശത്തെക്കുറിച്ച് പലതും ചോദിച്ചറിഞ്ഞാണ് നാരായണനോടൊപ്പം നടന്നത്. സീസണായാൽ വിവിധ സ്‌ഥലങ്ങളിൽ നിന്നും യാത്രക്കാർ എത്താറുണ്ടത്രെ. അവരെയുംകൊണ്ട് കാഴ്‌ചകൾ കാണിച്ച് തിരിച്ച്‌ചെന്നാൽ 150 രൂപ ഇൻഫർമേഷൻ ആഫീസിൽ നിന്നും നൽകും. പിന്നെ സഞ്ചാരികൾ നൽകുന്ന ‘ചില്ലറ’കളുമാണ് വരുമാനം. നാരായണൻ പറഞ്ഞു.
നടന്ന് നടന്ന് വളഞ്ഞു പോകുന്ന വഴികൾ താണ്ടി പുൽമേടുകൾ കയറിമറിഞ്ഞ് മുന്നേറുന്നതിന്നിടയ്‌ക്കാണ് മൂന്നുമീറ്റർ വീതിയിൽ വളരെ കൃത്യമായി പുല്ല് ചെത്തി നടപ്പാത കണക്കെ വഴിയുണ്ടാക്കിയിടത്ത് എത്തിയത്. എന്റെ സംശയം കണ്ട് ഞാൻ ചോദിക്കുന്നതിനുമുമ്പു തന്നെ നാരായണൻ പറഞ്ഞു. “കേരള കർണ്ണാടക ബൗണ്ടറിയാണ് എല്ലാവർഷവും ഈ ബൗണ്ടറി തെളിച്ചിടാറുണ്ട്”.
ഞങ്ങൾ അതിർത്തികടന്ന് കർണാടകയിലെത്തി! കുറവില്ലാത്ത ചൂടുള്ള വെയിലിലൂടെ മുന്നോട്ട് നടക്കുമ്പോൾ ഏഴു വെള്ളക്കാരും രണ്ടു വഴികാട്ടികളും എതിരെ നടന്നു വരുന്നു. അവരൊക്കെയും പൂർണ്ണമായും ട്രെക്കിംഗ്‌സ്യൂട്ടിലായിരുന്നു. കർണ്ണാടകയിലുള്ള “ഇരിപ്പ്” വെള്ളച്ചാട്ടം ഇനിയും കുറയാതെ ഇത്രയും കി.മീറ്റർ നടന്നാലെ അവർ കുടകിലെത്തുകയുള്ളു. നാരായണൻ തന്റെ ഭൂമിശാസ്‌ത്രജ്‌ഞ്ഞാനം എനിക്ക് പകർന്നു തന്നു. വെളുത്തവരുടെ പ്രകൃതി സ്‌നേഹത്തിൽ ഞാൻ മതിപ്പുകൊണ്ടു.
ഏറെ പിന്നിലല്ലാതെ ഞങ്ങളുടെ സംഘാംഗങ്ങൾ വന്നുകൊണ്ടിരുന്നു. മുന്നിൽ ഒരു ചോലക്കാടാണ്. ചെറിയ ഒരു കാട്ടരുവി ഒഴുകുന്നുണ്ട്. വശങ്ങളിൽ തിങ്ങിനിറഞ്ഞ മരങ്ങളും ലതകളും. നനയാത്ത ഒരു പാറക്കല്ലിൽ ഞങ്ങളിരുന്നു. അരുവിയിൽ മുഖം കഴുകി. വെള്ളത്തിനു നല്ല തണുപ്പുള്ളതിനാൽ ഉടനെ ക്ഷീണം മാറി. സംഘാംഗങ്ങൾ എല്ലാവരും എത്തിയപ്പോൾ നനഞ്ഞ അവിൽ പങ്കുവെച്ചു കഴിച്ചു. കുറച്ചു കഴിക്കുമ്പോഴേക്കും വായ കഴച്ചുതുടങ്ങി. ഉച്ചനേരത്തെ ആ ഭക്ഷണത്തിന് അമൃതിന്റെ സ്വാദാണ് തോന്നിയത്. അവിലിനെ തുടർന്ന് സഹയാത്രികൻ ജെയ്‌സൺ കരുതിയിരുന്ന കപ്പലണ്ടി മിഠായിയും കുഞ്ഞ് ഉണ്ണിയപ്പവും വിതരണം ചെയ്‌തു.
മിസ്‌റ്റർ ജെയ്‌സൺ ഇപ്പോൾ കുറവാ ദ്വീപിന്നടുത്താണ് താമസം. മുപ്പത്തിമൂന്നു വയസുകാരൻ. ആറുമാസം മുമ്പുവരെ ന്യൂയോർക്കിലായിരുന്നു. അച്‌ഛനും അമ്മയുമെല്ലാം കേരളീയർതന്നെ. ഇരുപത്തഞ്ച് വർഷമായി കുടുംബസമേതം അവർ ന്യൂയോർക്കിലാണ്. ഇലക്ട്രോണി്ക്സ് എഞ്ചിനീയറായ ജെയ്‌സൺ മണിക്കൂറിന് ആയിരക്കണക്കിന് രൂപ ശമ്പളം വാങ്ങിയിരുന്ന ആളാണത്രേ. ഒടുവിൽ എല്ലാം മടുത്ത,് യാന്ത്രികജീവിതം വെടിഞ്ഞ,് സ്വസ്‌തജീവിതം നയിക്കാനെത്തിയിരിക്കുകയാണ്. പത്ത് സെന്റ് സ്‌ഥലം വാങ്ങി പാക്കനാരുടെ ഒറ്റമുറി വീടുപോലത്തെ പുൽക്കുടിലുംകെട്ടി പാചകപഠനവും ജൈവപച്ചക്കറികൃഷി പരീക്ഷണവുമായി സസുഖം വാഴുകയാണ്. ഒരു ഭാഗ്യവാനായ ഏകാന്തപഥികൻ!
അവിലും ഉണ്ണിയപ്പവും തിന്നുകഴിഞ്ഞ് ആവോളം ചോലവെള്ളം കുടിച്ചുകയറ്റി, കുപ്പികളിൽ ശേഖരിച്ച് വീണ്ടും ഞങ്ങൾ നടന്നു. ഒന്നൊന്നര കിലോമീറ്റർ ദൂരമേ ലക്ഷ്യസ്‌ഥാനത്തേക്കുണ്ടായിരുന്നുള്ളു. ലക്ഷ്യം അടുത്തെന്നറിഞ്ഞ് എല്ലാവരും ഉത്സാഹം കൊണ്ടു നടത്തത്തിന് വേഗം കൂടി. മൂർച്ചയുള്ള പുല്ലിന്റെ ഓരം തട്ടി ചിലരുടെയെല്ലാം കാൽ മുറിഞ്ഞു.
അരുവികടന്ന് കുന്നുകയറി മുകളിലെത്തിയപ്പോൾ അവിടേയും അതിർത്തി രേഖ കണ്ടു. നേരത്തെ കണ്ട അതിർത്തിമുതൽ കർണ്ണാടക ഭാഗത്തു കൂടിയാണ് നടന്നിരുന്നത്. വീണ്ടും അതിർത്തികടന്ന് മാതൃരാജ്യത്ത് ഞങ്ങൾ കാൽകുത്തി. ഈ അതിർത്തിയിൽ നിന്നും ഏകദേശം അമ്പതുമീറ്റർ ദൂരമേ പക്ഷിപാതാളത്തിലേക്ക് ഉള്ളൂ. വളരെ വിസ്‌മയകരമായ കാഴ്‌ചയാണ് മുന്നിൽ കാണുന്നത്. മുപ്പതോളം മീറ്റർ ഉയരമുള്ള കൂറ്റൻ കരിമ്പാറ, അതിന്റെ പിന്നിൽ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന പാറകൾക്കിടയിലായി ഒരു ഗുഹാമുഖം. പക്ഷിപാതാളം.
ഞങ്ങളേവരും ആദ്യം കണ്ട വലിയപാറയുടെ (ഗരുഡൻ) മുകളിൽ കയറി. സ്‌ത്രീകളും മറ്റും ആയാസപ്പെട്ടാണെങ്കിലും മുകളിൽ എത്തി. കാറ്റിന്റെ പൂരമായിരുന്നു പാറപ്പുറത്ത്. പലരുടെയും കർച്ചീഫുകൾ കുടഅമിട്ടിലെ കുടകടക്കെ (പാരച്ചൂട്ട്) പറന്നുപോയി. പാറയ്‌ക്ക് ഗരുഡൻ പാറയെന്ന പേരുണ്ടായത് അമൃതകുംഭവുമായി പറന്ന ഗരുഡൻ വിശ്രമിക്കാനിരുന്നതു കൊണ്ടാണ് എന്ന് നാരായണൻ സീരിയസായി തന്നെ പറഞ്ഞു തന്നു.
നമ്മുടെ നാട്ടിലെ ഒരു പ്രദേശത്തിനെയും മിത്തുകളിൽ നിന്നും കഥ – ഉപകഥകളിൽ നിന്നും ജനം വെറുതെ വിടില്ല എന്ന് ഞാൻ വ്യാകുലപെട്ടു. സഹയാത്രികർ വേണ്ടത്ര ഫോട്ടോകൾ എടുത്ത് നിവൃതികൊണ്ടു. പിന്നെ താഴേക്ക് ഇറങ്ങുന്നതിന് മുമ്പ് കുറച്ചടുത്ത് താഴെയായി നിലകൊള്ളുന്ന ഒരു പാറയെ ചൂണ്ടിക്കാണിച്ച് നാരായണൻ പറഞ്ഞു. ‘ ആ കാണുന്ന പാറയാണ് മുനിഗുഹ, അജിതപ്പാറ എന്നെല്ലാം അറിയപ്പെടുന്നത്. പക്ഷിപാതാളം കണ്ടുകഴിഞ്ഞ് അങ്ങോട്ടുചെല്ലാമെന്ന് അയാൾ വാഗ്‌ദാനം ചെയ്‌തു.
എല്ലാവരും ശ്രമപ്പെട്ടാണ് ’ഗരുഡന്റെ മുകളിൽ നിന്നും‘ താഴെയിറങ്ങിയത്. പിന്നെ പുറകിലുള്ള പാറക്കൂട്ടങ്ങളുടെ ഇടയിലൂടെ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന പാറകളുടെ വിടവിലൂടെ (ഗുഹാമുഖം) ഞങ്ങൾ നാരായണനോടൊപ്പം താഴോട്ടിറങ്ങി. എങ്ങും പാറകൾ! പരസ്‌പരം തടഞ്ഞുനിർത്തി വിടവുകൾ സൃഷ്‌ടിച്ച് വേണ്ടത്ര വെളിച്ചം നൽകാനിടം കൊടുത്ത് പാറകൾ കോർത്തുകിടക്കുന്നു. ഇടയിൽ രണ്ടുമൂന്നു മരങ്ങളുമുണ്ട്. ഏത് വിടവിലൂടെ ഇറങ്ങിയാലും താഴോട്ട്. ഈ പാതാളത്തിലേക്കുള്ള പാതകൾ ഒട്ടനവധി.
ചിലവഴികളിലൂടെ വെളിച്ചം താഴോട്ടിറങ്ങുന്നില്ല. എവിടെയും നരച്ചീറുകളുടെ ശബ്‌ദം. രൂക്ഷദുർഗന്ധം. ശാർങ്ങകപക്ഷികൾ അസ്‌ത്രം പോലെ വന്നും പോയുമിരുന്നു. വഴികാട്ടിയുടെ സഹായമില്ലാതെ ആരെങ്കിലും താഴേക്കിറങ്ങി സാഹസം കാണിച്ചാൽ അയാൾ മുകളിലെത്തുക ദുഷ്‌കരം.
നാരായണൻ ശരിയായ വഴികണ്ടെത്തി (ആർക്കറിയാം) വീണ്ടും താഴോട്ട്. ഞങ്ങൾ ഏഴുപേർ ഒപ്പം (ബാക്കിയുള്ളവർ നടുവിലെവിടേയോ നിൽക്കുന്നുണ്ട്) നിരങ്ങിയും നീങ്ങിയും ഇഴഞ്ഞും മുട്ടുകുത്തിയും കൈവശമുണ്ടായിരുന്ന ടോർച്ചുകളുടെ സഹായത്താൽ (വെളിച്ചത്തിന്റെ കണികപോലും ഇപ്പോൾ നിൽക്കുന്നിടത്തില്ല.) വീണ്ടും താഴേക്ക്.
ഗന്ധം രൂക്ഷഗന്ധം. ചില ചെറിയ ഇനം പക്ഷികൾ തലയിൽകൊത്തുന്നു. താഴെ വഴുതൽ. കാലുറയ്‌ക്കകം. അഗാധതകളിൽ വെള്ളമൊഴുകുന്നതിന്റെ ശബ്‌ദം. ശ്വാസതടസ്സം അനുഭവപ്പെടുന്നതുപോലെ തോന്നി എനിക്ക്. തലയ്‌ക്ക് പെരുപ്പ്. കണ്ണിൽ ഇരുട്ടുമാത്രം. ഞാൻ എത്തിയിടത്തുതന്നെ ഇരുന്നു. മറ്റുള്ളവർ പിന്നേയും താഴേക്കിറങ്ങി. അല്‌പ സമയത്തിനകം അവരും മുകളിലേക്ക് തന്നെ വന്നു. ഞാൻ ടോർച്ചടിച്ച് വാച്ചിലെ സമയം നോക്കി. രണ്ടരമണി. ഒന്നരമണിക്കുതുടങ്ങിയ ഇറക്കമാണ്. ഞങ്ങളെ മുകളിലേക്ക് കയറാൻ നാരായണൻ വളരെ സഹായിച്ചു. ഇത്തരം ഒരു സാഹസം വേണ്ടിയിരുന്നില്ല എന്നും ഇടയ്‌ക്ക് എനിക്ക് തോന്നുകയുണ്ടായി.
ഗുഹാസൃഷ്‌ടിയുടെ അത്‌ഭുതം എത്ര ആലോചിച്ചിട്ടും ഒരു സമസ്യയായിതന്നെ നിലകൊണ്ടു. പുറമേക്ക് ശാന്തമാണ് പക്ഷിപാതാളം. ഏതെങ്കിലും കാലത്തുണ്ടായ ഭൂകമ്പത്തിൽ ഉണ്ടായതായിരിക്കണം ഈ ഗുഹ എന്ന് ഞാൻ നിരൂപിച്ചു. വേണ്ടത്രമരങ്ങളും പഴങ്ങളും നിറഞ്ഞ കാട്ടിൽ കഴിയാതെ പക്ഷികളെന്തിനാണ് രാവുകളിൽ പ്രത്യേകിച്ചും ഇവിടെ എത്തുന്നതെന്ന് എനിക്ക് മനസ്സിലായില്ല. അഗാധഗർത്തങ്ങളിൽ നരച്ചീറുകൾക്കെന്തുകിട്ടാൻ? അവയെന്തിന് അവിടെ കഴിയുന്നു. ഉത്തരം കിട്ടാതെ ഞാൻ വീർപ്പുമുട്ടി.
നാരായണനടക്കമുള്ള ഞങ്ങൾ എട്ടുപേർ ഗുഹാമുഖത്ത് തിരിച്ചെത്തുമ്പോഴെക്കും ഇടയിൽ കാത്തിരുന്നവർ മുകളിൽ എത്തിയിരുന്നു. ഞങ്ങളെത്താൻ വൈകുന്നതിൽ അവർ വിഷമിച്ചിരിക്കുകയാണെന്ന് ആ മുഖഭാവങ്ങൾ സൂചിപ്പിച്ചു. ഗുഹാമുഖത്ത് തിരിച്ചെത്തി, കുറച്ചു ശുദ്ധവായു ശ്വസിച്ചപ്പോൾ പോയ പ്രാണൻ തിരികെ എത്തിയതായി തോന്നി.
വിശ്രമിക്കാൻ തീരെ സമയമില്ലെന്ന് അറിയാവുന്ന ഞങ്ങൾ അടുത്തുതന്നെയുള്ള മുനിപ്പാറയിലേക്ക് നടന്നു. പക്ഷിപാതാളത്തു നിന്നും എളുപ്പവഴിയിലൂടെ മുനിപ്പാറയിലേക്ക് നൂറുമീറ്റർ ദൂരെമെയുള്ളു. നിലത്ത് മുട്ടോളം കനത്തിൽ അടിഞ്ഞു കിടക്കുന്ന കരിയിലകൾക്കിടയിലൂടെ വള്ളികൾക്കിടയിലൂടെ പാറകൾ കയറിമറിഞ്ഞ് അവയുടെ വിള്ളലുകൾക്കിടയിലൂടെ കടന്നുവേണം അവിടെയെത്താൻ. ദുഷ്‌കരമാണെങ്കിലും ഞങ്ങൾ ഈ വഴിയാണ് തിരഞ്ഞെടുത്തത്. അല്ലാത്തപക്ഷം അര കിലോമിറ്റർ ചുറ്റി വളഞ്ഞുവരണം.
എനിക്ക് ഏറെ ഭയം ജനിപ്പിച്ച സംഭവമാണ് ഇവിടെയുണ്ടായത്. ഒരു പാറയുടെ വിടവിലൂടെ മുന്നേറി ഗുഹപോലുള്ള അന്തർഭാഗത്തുകൂടി നടന്ന് പുറത്തേക്ക് കടക്കുന്നതിനിടയിലാണ് ഒരു മീറ്ററോളം നീളമുള്ള പാമ്പിന്റെ കുട്ടി ചുരുണ്ട് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ത്രികോണാകൃതിയിലുള്ള അതിന്റെ തലയ്‌ക്ക് കുറച്ച് വലുപ്പക്കൂടുതലുണ്ട്. ചെറിയ കുട്ടിയായതുകൊണ്ട് ഇഴഞ്ഞുനടക്കാറായിട്ടില്ല. ഒപ്പം ഉണ്ടായിരുന്ന നാരായണൻ എന്നോട് സ്വകാര്യമായി പറഞ്ഞത് രാജാവെമ്പാലയുടെ കുട്ടിയാണ് അതെന്നായിരുന്നു. ഇത് കേട്ടാണ് എന്റെ ഭയം ഇരട്ടിച്ചത്. കാരണം നാരായണൻ പറഞ്ഞ ഇനം തന്നെയാണെങ്കിൽ അതിന്റെ അമ്മ അടുത്തെവിടെയെങ്കിലും ഉണ്ടായിരിക്കണം. ഇക്കാര്യം ആരോടും പറയാതെ കൂടെയുള്ളവരെ വളരെ വേഗത്തിൽ പുറത്തേക്ക് കടത്തിവിട്ടു. എല്ലാവരും പോയിക്കഴിഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണത്. (നാരായണൻ പറഞ്ഞത് ശരിയോ തെറ്റോ എന്നൊന്നും ആലോചിക്കാൻ പറ്റിയ സമയമായിരുന്നില്ല അപ്പോൾ എന്റേത്).
മുനിഗുഹയിൽ (പാറ) ഹോമകുണ്ഡം തീർത്ത അടയാളങ്ങൾ ഉണ്ട്. തിരിനെല്ലിയിലും കൊട്ടിയൂരും പൂജിച്ചിരിുന്ന ഒരു ശാന്തിക്കാരൻ ഉപയോഗിച്ചിരുന്ന സ്‌ഥലമാണിവിടം എന്ന് ഒരു കേൾവിയുണ്ടെന്നുകൂടി നാരായണൻ പറഞ്ഞു. ഈ ഗുഹയിൽ നിന്നും തിരിനെല്ലിയിലേയ്‌ക്ക് ആകാശമാർഗ്‌ഗമാണെങ്കിൽ പോലും നാലു കിലോമീറ്റർ ദൂരം കാണും. കണ്ണൂരിലെ കൊട്ടിയൂർക്ക് എത്രവഴിയുണ്ടെന്ന് നാരായണന് അറിയുകയുമില്ല. ഇങ്ങനെയെങ്കിൽ രണ്ടിടത്തും പൂജ ചെയ്യാൻ ശാന്തിക്കാരന് ദിവ്യത്വം കൂടിയേ തീരൂ എന്നു ഞാൻ നിരൂപിച്ചു. നാരായണനോട് ഒന്നും പറഞ്ഞില്ല. അയാളെ തിരുത്തുകയല്ലല്ലോ അപ്പോഴത്തെ ആവശ്യം.
കേദാർനാഥ,് ബദരീനാഥ് എന്നീ മഞ്ഞുമൂടിയ ഹിമാലയത്തിലെ അതുല്യങ്ങളായ ഗിരിനിരകളിലെ ക്ഷേത്രങ്ങളിൽ ഞാൻ പോയ സമയത്ത് കേട്ടിരുന്ന ഒരു കഥ മേൽപറഞ്ഞ തരത്തിലുള്ളതായിരുന്നു. കേദാർനാഥിൽ നിന്നും പത്ത് കിലോമിറ്റർ (എയർ ഡിസ്‌റ്റൻസ്) അകലെയുള്ള ബദരീനാഥിലും ഒരേ പൂജാരി തന്നെയാണത്രെ പൂജിച്ചിരുന്നത്. (കാലഗണന ആരും പറഞ്ഞിട്ടില്ല. എല്ലാം സാങ്കല്‌പികമായി. വരുന്നതു കൊണ്ടായിരിക്കണം) കേദാർനാഥിലെ പൂജ കഴിഞ്ഞ് ബദരിയിലെ പൂജക്ക് ആകാശംമുട്ടി നിൽക്കുന്ന മഞ്ഞുമലകൾ കടന്ന് എങ്ങനെയാണാവോ ഇവർ എത്തിയിരുന്നത്. സിനിമകളിലെ ദേവീദേവന്മാരെപ്പോലെ ദിവ്യത്വം ഇവർക്കുമുണ്ടായിരുന്നിരിക്കണം (കേൾവി ശരിയാണെങ്കിൽ) റോഡുമാർഗ്ഗം 340 കിലോമിറ്ററിലധികം അകലെയാണ് കേദാറും ബദരിയും സ്‌ഥിതി ചെയ്യുന്നത് എന്ന് നാം ഓർക്കേണ്ടതുണ്ട്.
മുപ്പതുകൊല്ലങ്ങൾക്കിടയ്‌ക്കാണത്രെ മുനിപ്പാറയ്‌ക്ക് അജിതപ്പാറ എന്ന പേരുണ്ടായത്. നക്‌സൽ പ്രസ്‌ഥാനത്തിൽ സജീവമായിരുന്ന കാലത്ത് ഇന്നത്തെ സാമൂഹ്യസേവിക അജിതയും മറ്റും ഒളിവിൽ പാർത്ത സ്‌ഥലമാണത്രെ ഈ ഗുഹ. അന്നുമുതൽ ഈ പാറയ്‌ക്ക് ആദിവാസികൾ അജിതപ്പാറ എന്നും പറയാറുണ്ട് എന്ന് നാരായണൻ പറഞ്ഞു.
തിരികെയുള്ള യാത്രയ്‌ക്ക് സമയം വൈകുകയാണ്. രാത്രിക്കുമുമ്പുതന്നെ ഡോർമിറ്ററിയിൽ തിരിച്ചെത്തേണ്ടതുണ്ട്. നാരായണനും അനിലും സംഘാംഗങ്ങളെ ജാഗരൂകരാക്കി. മുനിപ്പാറയിൽ (ഗുഹയിൽ) നിന്നും ഞങ്ങളെല്ലാം പുറത്തുകടന്നു. കാട്ടുചെടികൾ വകഞ്ഞുമാറ്റി കുന്നിൽ ചെരുവിലൂടെ മുകളിലേക്ക് കയറി. അതിർത്തിരേഖ കടന്നു (കർണ്ണാടക) പുൽമേട്ടിലൂടെ വന്ന വഴികളിലൂടെ പരമാവധി വേഗം നടത്തം തുടർന്നു. പലരും തളർന്ന് അവശരായിരുന്നു. ഞാനും ശിവദാസും വേഗത്തിൽ നടന്നു. സമയം നാലുമണി കഴിഞ്ഞിരിക്കുന്നു. ബഹളമില്ലാതെ ചെന്നാൽ പുൽമേട്ടിലെവിടെയെങ്കിലും കാട്ടുപോത്തുകൾ മേയുന്നത് കാണാൻ കഴിയുമെന്ന് ഞങ്ങൾക്കുറപ്പുണ്ടായിരുന്നു.
നടവഴിയുടെ ഓരങ്ങളിൽ നിന്നും ഇടയ്‌ക്കിടെ കാട്ടുകാടകൾ കൂട്ടമായി പറന്നുപൊങ്ങി. ചിലയിടത്തെല്ലാം ഉണങ്ങിയ ആനപ്പിണ്ഡങ്ങളും കാട്ടുപന്നികൾ കുത്തിയിളക്കിയ മണ്ണ്‌ചിതറിയ നിലവും ഞങ്ങൾ കണ്ടു. ഞങ്ങളുടെ പ്രതീക്ഷക്കനുസൃതമായി ഒരിടത്ത് കുന്നിൻ ചരുവിൽ അരകിലോമീറ്റർ അകലെയായി ഏഴെട്ടു കാട്ടുപോത്തുകൾ മേയുന്നത് കാണാൻ കഴിഞ്ഞു.
തിരിച്ചിറക്കം വേഗത്തിൽ നടക്കുമെങ്കിലും അതീവശ്രദ്ധ വേണ്ടത് ഈയവസരത്തിലാണ്. കാൽ ഒന്നുതെറ്റിയാൽ ഉരുണ്ടുവീഴുക ഉറപ്പാണ്. കാൽവണ്ണയുടെ മസിൽ പിടിക്കാനും സാദ്ധ്യത കൂടുതലാണ്.
മേടിന്റെ ചരിവുകളിൽ ചിലയിടത്തെല്ലാം സിൽവർ ഓക്ക് മരങ്ങൾ നട്ട് നൈസർഗ്ഗികമായ പുൽമേടിനെ നശിപ്പിക്കാൻ ഡിപ്പാർട്ട്‌മെന്റ് ’കഷ്‌ടപ്പെട്ട പ്രവർത്തിയും‘ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു.
പുൽമേടുകൾ കടന്ന് ഇടങ്ങിയ കാട്ടിലെത്തുമ്പോഴേക്കും ആറു മണിയായിരുന്നു. വനത്തിന്റെ വന്യത കടന്നുവന്നിരുന്നു. കരിങ്കുരുങ്ങുകൾ മരക്കൊമ്പിലൂടെ ഓടിമറഞ്ഞു. മലയണ്ണാൻ ചിലച്ച് അപകട സൂചന ആർക്കൊക്കെയോ നൽകി. വനത്തിലെ ജീവികളുടെ ഐക്യബോധവും പാരസ്‌പര്യവും കണ്ട് ഞാൻ എന്റെ വർഗ്ഗത്തെ ഓർത്തു ലജ്ജിച്ചു.
ആറേമുക്കാൽ മണിയോടെ ഞങ്ങൾ ഡോർമിറ്ററിയിൽ തിരിച്ചെത്തി. വയറ് ചൂളം വിളിക്കുന്നുണ്ടായിരുന്നു. കുളിച്ച് ഫ്രെഷ് ആവാൻ ഞാൻ ബാത്ത് റൂമിൽ കയറി സംഘാംഗങ്ങൾ എത്താൻ ഇനിയും ഏറെ നേരം വേണ്ടിവരുമെന്ന് എനിക്കറിയാമായിരുന്നു.
Generated from archived content: column1_april7_09.html Author: m.e.sethumadhavan