നവധാന്യം

മതപരമായ പല ചടങ്ങുകളിലും ധാന്യങ്ങൾക്ക്‌ പ്രധാനമായ സ്ഥാനം ഉണ്ട്‌. സൂര്യൻ, ചന്ദ്രൻ, ശനി മുതലായ നവഗ്രഹങ്ങളുടെ ആരാധനക്ക്‌ നവധാന്യങ്ങൾ ഉപയോഗപ്പെടുത്തുന്നു. ഓരോ ഗ്രഹങ്ങൾക്കും പ്രത്യേകമായ ധാന്യങ്ങൾ വിധിച്ചിട്ടുണ്ട്‌ഃ- സൂര്യൻ (ഗോതമ്പ്‌), ചന്ദ്രൻ (അരി), ചൊവ്വ (തുവര), ബുധൻ (ചെറുപയറ്‌), വ്യാഴം (കടല), ശുക്രൻ (മൊച്ച – ഒരു തരം അവര), ശനി (എളള്‌), രാഹു (ഉഴുന്ന്‌), കേതു (മുതിര).

നവഗ്രഹങ്ങളെ പൂജിക്കുമ്പോൾ ഓരോ ഗ്രഹദേവതയേയും ആവാഹിച്ച്‌ ഇരുത്തുവാൻ പ്രത്യേക ജ്യമിതീയ രൂപം വരക്കുകയും, അതിൽ ആ ഗ്രഹത്തിന്‌ ഇഷ്‌ടമായ നിറത്തിലുളള ഒരു തുണിവിരിയ്‌ക്കുകയും അതിന്റെ മീതെ ധാന്യം പരത്തുകയും ചെയ്‌തിട്ട്‌, അതിലാണ്‌ ആ ഗ്രഹത്തിന്റെ ദേവതയെ ആവാഹിച്ച്‌ പൂജിക്കുന്നത്‌. ഓരോന്നിനും, പ്രത്യേകമായ മന്ത്രം ഉണ്ട്‌. ചടങ്ങിനോടനുബന്ധിച്ച്‌ ഹോമം ചെയ്യമ്പോൾ ഓരോ ഗ്രഹത്തിനും പ്രത്യേകമായ ചമതയും, ഹവിസ്സും വേണം. ശനി ദേവന്‌ എന്ന പോലെ മരിച്ചുപോയ പിതൃക്കളുടെ ആരാധനക്കും എളള്‌ അവശ്യം ആവശ്യമായ ഒരു ധാന്യമാണ്‌. ഉദകക്രിയക്ക്‌ തിലോദകം (എളളും വെളളവും) അർപ്പിക്കുന്നത്‌ പ്രധാനമാണ്‌. ശ്‌മശാനഭൂമി കൃഷിഭൂമിയാക്കിമാറ്റുന്നതിനാണ്‌ മരണാനന്തരം നവധാന്യങ്ങൾ വിതയ്‌ക്കുന്നത്‌. ജീവൻ പ്രപഞ്ചത്തിലുളള ഓരോ സസ്യങ്ങളിലേക്കും (കലകൾ) ലയിക്കുന്നു. കൊഴുപ്പും മാംസവും ഇത്ര കൂടുതൽ അടങ്ങുന്നതും ഇത്ര ചെറുതുമായ വേറെ വിത്ത്‌ ചുരുക്കമാണ്‌. വലിയ ഒരു കാര്യം ചെറിയ ഒരു വസ്‌തുവിനെകൊണ്ട്‌ ചെയ്യുന്നത്‌ വിനയത്തെ സൂചിപ്പിക്കുന്നു. പണ്ട്‌ പല പൂജകൾക്കും മാംസം നിവേദിച്ചിരുന്നു. കാലക്രമേണ പൂജക്ക്‌ മാംസം ഉപേക്ഷിച്ചു. അതിന്നു പകരം ഉഴുന്നുകൊണ്ടാളള പദാർത്ഥങ്ങൾ നേദിച്ചു തുടങ്ങി. മാംസത്തിൽ എന്നപോലെ ഉഴുന്നിൽ മാംസ്യാംശം കൂടുതലാണ്‌.

ദേവന്മാരെ പൂജിക്കുമ്പോൾ അവരെ ആവാഹിക്കുവാനായി ഒരു വിളക്കോ നാളികേരമോ, കുംഭം നിറയെ വെളളമോ, പ്രതിമയോ മറ്റോ ഉണ്ടായിരിക്കും. ഒരു പീഠത്തിന്മേൽ വേണം അവയെ വെക്കുവാൻ. പീഠമായി ഉപയോഗിയ്‌ക്കുവാൻ പല ധാന്യങ്ങളും ഉപയോഗപ്പെടുത്തുന്നു. നെല്ലാണ്‌ പ്രധാനം. ഒരിടങ്ങഴിയിൽ കുറയാതളവിൽ നെല്ല്‌ ഒരു ഇലയുടെ മീതെ പരത്തി അതിന്‌ മുകളിലാണ്‌ കുംഭമോ മറ്റോ വെക്കുന്നത്‌. നെല്ലിന്‌ പുറമെ അരിയും ഉപയോഗിയ്‌ക്കാറുണ്ട്‌. ചില അരിഷ്ട ശാന്തിക്ക്‌ ചെയ്യുന്ന പൂജകളിൽ ഉഴുന്നും, എളളും മറ്റും, പീഠമായി നെല്ലിനും അരിക്കും മീതെ വെക്കാറുണ്ട്‌. ഒന്നിനു മീതെ ഒന്നായി വെച്ച്‌ അതിന്റെ മീതെ പ്രതിമയോ മറ്റോ വെക്കും.

ഇങ്ങിനെ ധാന്യങ്ങൾകൊണ്ട്‌ പീഠം വിരിച്ച്‌ ചടങ്ങുകൾ നടത്തുന്നത്‌ സവർണർ മാത്രമല്ല. ദളിത വിഭാഗത്തിൽപ്പെട്ടവരും ചെയ്യാറുണ്ട്‌. മംഗളകരമായ പല ചടങ്ങുകളും നടത്തുന്നതിന്‌ മുമ്പ്‌ ‘മുള’ ഇടുക എന്ന ചടങ്ങ്‌ പതിവുണ്ട്‌. ക്ഷേത്രങ്ങളിലെ ഉത്‌സവങ്ങൾക്ക്‌ മുമ്പ്‌ മുളയിടുന്ന ചടങ്ങ്‌ പരക്കേ അറിയപ്പെടുന്ന ഒന്നാണ്‌. ഗൃഹങ്ങളിൽ ചെയ്യുന്ന ഉപനയനം, വിവാഹം മുതലായ ക്രിയകൾക്കും ഇത്‌ വേണ്ടതാണ്‌. ഒരാ വിത്ത്‌ – ഒരു ബീജം – വർദ്ധനയെ സൂചിപ്പിക്കുന്നു. അങ്ങിനെ സമൃദ്ധിയുടെയും മംഗളത്തിന്റേയും സൂചകമായി മുളയിടൽ ചടങ്ങ്‌ പ്രാധാന്യം അർഹിക്കുന്നു. മരണാനന്തര ചടങ്ങുകളിൽ മുളയിടൽ നടത്തുന്നില്ല.

അഞ്ചു മൺ പാത്രങ്ങളിലാണ്‌ ഈ ബീജാവാപം (മുളയിടൽ) നടത്തുന്നത്‌. നടുവിൽ ഒന്നും അതിന്ന്‌ തൊട്ട്‌ നാലു ദിക്കുകളിലും ‘പാലിക’ എന്നറിയപ്പെടുന്ന ഈ പാത്രങ്ങളെ അലങ്കരിച്ച പീഠത്തിന്മേൽ വെക്കുന്നു. ഈ ചടങ്ങിനായി കുശവന്മാർ ഉണ്ടാക്കിക്കൊണ്ടാവരുന്നതാണ്‌ പാലിക. തമിഴ്‌ ബ്രഹ്‌മണരുടെ ഇടയിൽ ഈ ചടങ്ങ്‌ വൈദിക ചടങ്ങ്‌ മാത്രമല്ല, ഒരു സാമൂഹിക ചടങ്ങു കൂടിയാണ്‌.

ഗൃഹനാഥൻ പുരോഹിതൻ ചൊല്ലിക്കൊടുക്കുന്നതനുസരിച്ച്‌ ക്രിയകൾ ചെയ്യുന്നു. നടുവിലെ ചട്ടിയിൽ ബ്രഹ്‌മാവിനേയും കിഴക്ക്‌ വെച്ചിട്ടുളളതിൽ ഇന്ദ്രനേയും തെക്ക്‌ യമനേയും പടിഞ്ഞാറ്‌ വരുണനേയും വടക്ക്‌ സോമനേയും ആവാഹിച്ച്‌ പ്രത്യേകതയുളളവയാണെന്നത്‌ ശ്രദ്ധേയമാണ്‌. മുളയിടേണ്ട വിത്തുകൾ നെല്ല്‌, യവം, എളള്‌, ചെറുപയറ്‌, കടുക്‌ എന്നഞ്ചെണ്ണമാണ്‌. ഇവയിൽ യവം എന്നത്‌ ബാർലിയാണ്‌ എന്നു പറയപ്പെടുന്നു. യവം ധാന്യങ്ങളിൽ രാജാവാണ്‌ എന്നാണ്‌ പ്രമാണം. പക്ഷേ നമ്മുടെ നാട്ടിൽ യവം കിട്ടാൻ പ്രയാസമാണ്‌. സാധാരണയായി യവത്തിനു പകരം ഗോതമ്പ്‌ ഉപയോഗിച്ചുവരുന്നു.

തലേദിവസം തന്നെ വിത്തുകൾ കുതുർത്തി വെക്കേണ്ടതാണ്‌. അപ്പോഴെ അവ അങ്കുരിച്ചു തുടങ്ങുകയുളളൂ. മൺപാത്രങ്ങളിൽ വിതക്കുന്നതിന്‌ മുമ്പ്‌ വിത്തിൽ കുറച്ച്‌ പാൽ ചേർക്കുന്നു. ആദ്യം വിതക്കുന്നത്‌ കർമ്മം ചെയ്യുന്ന ആൾ ‘അയംബീജാവാപഃ’ – ഈ വിത്തുകളെ ഞാൻ വിതക്കുന്നു എന്ന്‌ ചൊല്ലിയാണ്‌ അവയെ പാലിക പാത്രങ്ങളിൽ നിറച്ച മണ്ണിന്റെ മീതെ ഇടുന്നത്‌. പിന്നെ കർമ്മിയുടെ ഭാര്യ അഞ്ചു പാത്രങ്ങളിൽ ഓരോന്നിലും മൂന്ന്‌ പ്രാവശ്യം മുള ഇടണം. അതിൽ പിന്നെ കർമ്മിയുടെ ജ്ഞാതികളായ രണ്ടു സുമംഗലികളും ഭാര്യയുടെ വീട്ടിൽനിന്ന്‌ രണ്ടു സുമംഗലികളും മുളയിടുന്നു. ആ പാത്രങ്ങളെസൂക്ഷിച്ചുവെക്കുകയും ദിവസേന നനക്കുകയും ചെയ്യുന്നു. അഞ്ചോ ഏഴോ ഒമ്പതോ ദിവസം കഴിഞ്ഞ്‌ ഇവയെ കൊണ്ടുപോയി നദിയിലോ കുളത്തിലോ മണ്ണോടുകൂടി ഇടുന്നു. കൊണ്ടുപോകുന്നതിനു മുമ്പ്‌ ഇവക്കു ചുറ്റും സ്‌ത്രീകൾ നൃത്തം വെച്ച്‌ (കുമ്മിയടിച്ച്‌) പാട്ടു പാടുന്നു. പോകുന്നത്‌ നാഗസ്വര അകമ്പടിയോടുകൂടി വേണം. അതില്ലെങ്കിൽ ഒരു ചേങ്ങിലയോ, ഒരു താമ്പാളത്തിലെങ്കിലുമോ കോരുകൊണ്ട്‌ കൊട്ടി ശബ്‌ദമുണ്ടാക്കിക്കൊണ്ട്‌ പോകുന്നു. മുള വിതക്കുന്ന സ്‌ത്രീകൾക്കും കുളത്തിൽ കൊണ്ടിടുന്നവർക്കും (ഇവർ കന്യകകളായിരിക്കും) ഒരു ചെറിയ ദക്ഷിണ കൊടുക്കാറുണ്ട്‌.

നവ ധാന്യങ്ങളിൽ പെടാത്ത പല ധാന്യങ്ങൾ ഉളളതിൽ ഒന്നാണ്‌ തിന. ഇത്‌ സുബ്രഹ്‌മണ്യസ്വാമിക്ക്‌ പ്രീതിയുളളതാണത്രെ. കാരണം, വളളിദേവി കുട്ടിക്കാലത്ത്‌ തിന വയലിൽ പക്ഷികളെ ആട്ടി അകറ്റിക്കൊണ്ടിരിക്കുമ്പോൾ ആദ്യമായി അവളെക്കണ്ട്‌ മോഹിച്ചു എന്നും വളളിദേവി സ്വാമിക്ക്‌ തേനിൽ കുഴച്ച തിനമാവ്‌ (തിന വറുത്ത്‌ പൊടിച്ചത്‌) ആഹാരമായി കൊടുത്തു എന്നും ഒരു കഥയുണ്ട്‌. ‘വളളിതിരുമണം’ എന്ന നാടകത്തിലുളള പാട്ടിൽ ‘തേനും തിനൈമാവ്‌ ഉണ്ടൂ താങ്കാനവിക്കൽ കൊണ്ടൂ’ (തിനമാവ്‌ തിന്നിട്ട്‌ കലശലായ ഇക്കട്ടം ഉണ്ടായി) എന്ന ഒരു വരി പ്രസിദ്ധമാണ്‌.

Generated from archived content: navadhanyam.html Author: ls-rajagopalan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English