എയര്‍പോര്‍ട്ടിലെ ‘ അറൈവല്‍’ എന്നെഴുതിയ ഗ്ലാസ്സ് ഡോറിനു മുമ്പില്‍ പാര്‍ക്കു ചെയ്ത കാറിന്റെ ഡിക്കിയിലേക്കു ബാഗുകള്‍ അടുക്കി വെയ്ക്കുമ്പോള്‍ ആനന്ദക്കുട്ടന്‍ തിരിഞ്ഞു നിന്ന് ടെര്‍മിനലിനുള്ളിലേക്ക് കൊതിയോടെ നോക്കി.
എന്നാണിനി തിരിച്ച്?
ഒരു ഗള്‍ഫുകാരന്‍ വന്നിറങ്ങുമ്പോള്‍ മുതല്‍ കേട്ടുതുടങ്ങുന്ന ആ ചോദ്യം ആനന്ദക്കുട്ടന്‍ ആനന്ദത്തോടെ സ്വയം ചോദിച്ചു. പല തവണ പല രീതിയില്‍ പല തരത്തില്‍ ഉരുവിട്ടു അതിന്റെ ഭംഗി വരുത്തി തീര്‍ക്കാനൊരു ശ്രമം നടത്തി.
സുമയും അച്ഛനും അമ്മയുമെല്ലാം സന്തോഷത്തിലാണ്. വെറുതെയത് രണ്ടു വാക്കുകള്‍ കൊണ്ട് തകര്‍ത്തു കളയണമോ എന്ന് അയാള്‍ ആലോചിച്ചു , ഒടുവില്‍ വേണ്ടന്നുറപ്പിച്ചു.
കൂമന്‍ കാവില്‍ ബസിറങ്ങിയ രവിയായിരുന്നു പണ്ട് ആനന്ദക്കുട്ടനെ പോലെ ഇതേ ആശയക്കുഴപ്പത്തിലായ മറ്റൊരാള്‍.
” വല്ലാത്ത കനംണ്ട് ബാഗിന് ഇത്തവണേം നീയ്യ് ഷീവാസ് റീഗല്‍ മറന്നിട്ടില്ലല്ലോ, അല്ലേ കുട്ടാ?”
അച്ഛന്റെ ചോദ്യത്തെ ആനന്ദക്കുട്ടന്‍ ഒരു കനത്ത നോട്ടം കൊണ്ട് കരിച്ചു കളഞ്ഞു.
തന്റെ ഗൃഹാതുരത്ത്വത്തിനു മേല്‍ കീമോ തെറാപ്പി നടക്കുകയാണിപ്പോള്‍. ഓര്‍മ്മകോശങ്ങളുടെ തൊലി അടര്‍ത്തിക്കളഞ്ഞിട്ടും മച്ചിലിരുന്ന് പൂതലിച്ചു പോയതാണ് തന്റെ ജീവിതം.
തൊട്ടപ്പുറത്ത് വിങ്ങിക്കരയുന്ന ഭാര്യയെ ആശ്വസിപ്പിക്കുന്ന, അപ്പോള്‍ തനിക്കൊപ്പം വന്നിറങ്ങിയ ഒരു ഭര്‍ത്താവിനെ ആനന്ദക്കുട്ടന്‍ കണ്ടു.
സൗദി എംബസിയില്‍ നിതാഖത്തല്‍ വലഞ്ഞ് വിസ നീട്ടി കിട്ടാതെ ടിക്കറ്റെടുക്കാന്‍ നിന്നപ്പോള്‍ അയാളെ ആനന്ദക്കുട്ടന്‍ കണ്ടതായി ഓര്‍ത്തു.
ഭാര്യ വിവരം അറിഞ്ഞിട്ടാവണം വരുന്നത്.
തിരിച്ചടക്കാനുള്ള ബാങ്ക് ലോണിന്റേയും ഫ്രിഡ്ജിന്റേയു ഇന്‍സ്റ്റാള്‍മെന്റിന്റെയും കുട്ടികളുടെ സി ബി എസ് ഇ സ്കൂളിലെ അടയ്ക്കാനുള്ള ഫീസുമോര്‍ത്തിട്ടാവണം ആ സ്ത്രീയുടെ കരച്ചില്‍ ഒരു അലമുറയായി മാറുന്നതെന്ന് ആനന്ദക്കുട്ടന്‍ തിരികെ വീട്ടിലേക്കു മടങ്ങുമ്പോള്‍ കാറിലിരുന്ന് പകയോടെ സംശയിച്ചു.
പണ്ടയാള്‍ പന്തു തട്ടിക്കളിച്ച വയലിലിപ്പോള്‍ പുതിയ ഷോപ്പിംഗ് മാള്‍ വരുകയാണ്. റോഡിനിരുവശത്തേയും കോണ്‍ക്രീറ്റടുപ്പുകള്‍ കണ്ടിരിക്കുമ്പോള്‍ തന്റെ പ്ലാന്‍ പ്രകാരം പണിത വീട്ടിലെത്താന്‍ അയാള്‍ വെമ്പി. അതയാള്‍ പത്തുവര്‍ഷമെടുത്ത് കൊതിയോടെ പലതും കണ്ട് കൂട്ടിയിണക്കിയെടുത്ത ഡിസൈനാണ്.
” വീടിന്റെ പണിയെല്ലാം തീര്‍ന്നോ അച്ഛാ? ആ തറയോട് നിങ്ങള്‍ക്ക് കിട്ടിയിരുന്നോ? ഞാന്‍ ഫോട്ടോ അയച്ചിരുന്നില്ലേ ആ ഡിസൈന്‍ തറയോടുകള്‍?”
ആനന്ദക്കുട്ടന്റെ ചോദ്യത്തിന് അച്ഛനൊരു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു.
” അത് ഇവിടെയെങ്ങും കിട്ടില്ല വാങ്ങണമെങ്കില്‍ തൃശൂര്‍ത്തെ ചൂളകളില്‍ പോണമെന്ന് സുമേടെ അച്ഛന്‍ പറഞ്ഞു. പിന്നെ ഒടുവില്‍ അതേ ഡിസൈന്‍ കുറയൊക്കെ ഒത്തു വരുന്ന കുറെ ടൈലുകള്‍ കിട്ടി”
ആനന്ദക്കുട്ടന് അച്ഛനടക്കം ആരോടൊക്കെയോ വല്ലാത്ത പക തോന്നി.
താന്‍ മൂന്നില്‍ പഠിക്കുമ്പോള്‍ അമ്മയെ ധിക്കരിച്ച് ചീന ഭരണി മോഹിച്ചതു വാങ്ങാന്‍ പണ്ട് കോഴിക്കോടിനു പോയ ആളാണ് അച്ഛന്‍.
വീടിനു മുമ്പിലെത്തി വണ്ടി നിര്‍ത്തി കണ്ണു തുറന്നപ്പോള്‍ ആനന്ദക്കുട്ടന്‍ തന്റെ മനസ്സിലേയും തലയിലേയും ചൂടു നീരുറവകള്‍ക്കു മേല്‍ ഒരു വിഷുക്കണിയുടെ കുളിരായിട്ടാണ് പണി തീര്‍ന്ന സ്വന്തം, വീടിനെ കരുതിയിരുന്നത്.
ആ കുളിരില്‍ പാതി നരകയറിയ ഗള്‍ഫ് ജീവിതത്തിന്റെ അസുഖകരമായ ഓര്‍മ്മകളൊളിപ്പിക്കാമെന്നായിരുന്നു ജുബൈല്‍ വിടുമ്പോള്‍ അയാളുടെ കണക്കു കൂട്ടല്‍.
” എവിടെ തുളസിത്തറ?”
കയറി വന്നപാടെ താന്‍ അയച്ചു കൊടുത്ത ഡിസൈനില്‍ പെന്‍സില്‍ കൊണ്ടു മുറ്റത്തിനു നടുവില്‍ അടയാളപ്പെടുത്തിയ തുളസിത്തറ കാണാഞ്ഞു കൊണ്ടയാള്‍ അക്ഷമയോടെ അച്ഛനോടു ചോദിച്ചു.
” അപ്പോല്‍ കാറെവിടെ പാര്‍ക്കു ചെയ്യും? അതു വീടിനു മുന്‍പില്‍ മുറ്റത്ത് പാര്‍ക്ക് ചെയ്താലൊരു ഐശ്വര്യാ കുട്ടാ”
തുളസിത്തറയ്ക്കു പകരം ഈശാനകോണിനെ തോല്പ്പിച്ചുകൊണ്ട് വീടിനു മുമ്പില്‍ കാര്‍ പാര്‍ക്കു ചെയ്യുന്നത് ഐശ്വര്യമാണെന്ന് ആനന്ദക്കുട്ടനെ സംബന്ധിച്ചിടത്തോളം പുതിയൊരു അറിവായിരുന്നു. അതിനേക്കാള്‍ അയാളെ തകര്‍ത്തി കളഞ്ഞത് വരാന്തയിലെ സിമന്റു കൈപ്പിടികളായിരുന്നു. തനിതടിയില്‍ പണിയണമെന്ന് അയാള്‍ പണ്ടെ ഉറപ്പിച്ചവയായിരുന്നു , ആ കൈവരികള്‍.
” തടിപ്പണിക്കൊക്കെ വല്ലാത്ത റേറ്റാണ് കുട്ടാ. ഇപ്പം ആശാരിമാരും ബംഗാളില്‍ നിന്നാണ് വരുന്നെ”
അമ്മയുടെ സാന്ത്വനപ്പെടുത്തല്‍ ആനന്ദക്കുട്ടന്റെ രോഷത്തേയും സങ്കടത്തേയും സമാധാനിപ്പിക്കാനുദ്ദേശിച്ചുള്ളതായിരുന്നു.
പൂമുള്ളി മനയിലെ തടികൈവരികള്‍ കണ്ട് ഏറെ കൊതിച്ചിരുന്നു ഒരു കാലത്ത് ആനന്ദക്കുട്ടന്‍. അന്നേ ഉറപ്പിച്ചിരുന്നു എന്നെങ്കിലും സ്വന്തം വീട് പണിയുമ്പോള്‍ അവ വേണമെന്ന്.
പണ്ടു മുതല്‍ക്കേയുള്ള തെക്കിനിയോടു ചേര്‍ന്നു കിടക്കുന്ന നാലുകെട്ട് എവിടെ പോയി ഒളിച്ചുവെന്ന ചിന്ത അയാളെ വീട് മൊത്തം ചുറ്റി നടന്നു കാണുമ്പോള്‍ നിരന്തരം വേട്ടയാടി.
കോണ്‍ക്രീറ്റു പില്ലറുകളിലുയര്‍ന്നു നില്‍ക്കുന്ന, വെറും ജീവച്ഛവമായ ഒരു ഡിസൈന്‍ മാത്രമായി തന്റെ സ്വപ്ന വീട് ഒതുങ്ങുന്നത് ആനന്ദക്കുട്ടന്‍ ഒരു നടുക്കത്തോടെ മനസ്സില്‍ തൊട്ടറിഞ്ഞു.
” നാലുകെട്ട് എവിടെയച്ഛാ? അത് ഏതു ഭാഗത്താണ്?”
” തേക്കു തടിക്കായി ഞാന്‍ ഒന്നരമാസം കാത്തിരുന്നു ആനന്ദാ ഒടുവില്‍ തടിയുടെ റേറ്റ് താങ്ങാതെ വന്നപ്പം നാലുകെട്ട് ങ്ങട് പൊളിച്ചു എം ടി ടെ അപ്പുണ്ണി പറയണില്യേ ലേശം കാറ്റും വെളിച്ചോം കേറാന്‍ വേണ്ടിത്തന്ന്യാ പൊളിച്ചത് , അതോണ്ട് ഫര്‍ണിച്ചറിനും കട്ടിളക്കും ജനാലക്കുമുള്ള ഉരുപ്പടി തികഞ്ഞു. സിറ്റൗട്ടിലെ തൂണു പണിയാന്‍ തടിയൊട്ടു തികഞ്ഞതുമില്ല”
” കോണ്‍ക്രീറ്റ് പില്ലര്‍ പണിതിട്ട് തടി പൊതിഞ്ഞാല്‍ മതിയെന്ന് കോണ്ടാക്ടര്‍ പറഞ്ഞതുകൊണ്ട് അതു ഭംഗിയായി തീര്‍ക്കാന്‍ പറ്റി” അച്ഛന്‍ വീണ്ടും കൂട്ടിഒച്ചേര്‍ത്തു.
” കണ്ടാല്‍ തനി തടിയാണന്നല്ലേ ആരും പറയൂ സിറ്റൗട്ടിലെ തൂണ്?”
” തടിക്കായി ഞാനപ്പോള്‍ അയച്ച കാശെന്തു ചെയ്തു സുമേ?”
” ഗോള്‍ഡിന്റെ വില കുറഞ്ഞു നിന്നപ്പോള്‍ ഞങ്ങളാ പൈസ കൊടുത്ത് കുറെ കോയിന്‍സു വാങ്ങി പിന്നെ ഒന്നു രണ്ട് ഡയമണ്ട് ഐറ്റംസും ”
അമ്മയാണ് അയാള്‍ക്കു മറുപടി പറഞ്ഞത്. ആരും അവരോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നില്ല.
ആനന്ദക്കുട്ടനു ചൂടു പറക്കുന്ന ദേഹം പുഴുങ്ങുന്ന കോണ്‍ക്രീറ്റടുപ്പില്‍ നിന്ന് പുറത്തേക്കോടി രക്ഷപ്പെടണമെന്നു തോന്നി. ഈ കോണ്‍ക്രീറ്റടുപ്പിനു വേണ്ടിയല്ല താന്‍ വ്യാഴവട്ടങ്ങളെ തോല്പ്പിച്ച് യൗവനം മണലാരണ്യവിയര്‍പ്പില്‍ കലര്‍ത്തിയതും കുഴച്ചതും.
ഒന്നും ആശ്വാസമാകാതിരിക്കുമ്പോള്‍ വീടെങ്കിലും ആശ്വാസമാകുനെന്ന സ്വപ്നക്കൂടിനു മുകളിലാണ് അച്ഛനും സുമയും ചേര്‍ന്ന് ആണിയടിച്ചത്.
ഉച്ചകഴിഞ്ഞപ്പോള്‍ നിരന്തരം വിളിച്ചു ശല്യപ്പെടുത്തിക്കൊണ്ടിരുന്ന ബാങ്ക് മാനേജര്‍ വിളിച്ചു. അയാള്‍ക്ക് ഒന്നു കാണണമെത്രെ. ഡൊളറിന്റെ വില അറുപതു കഴിഞ്ഞു റിയാലും കൂടി നില്‍ക്കുവാണ്. താന്‍ കുറെയേറെ ഫോറിന്‍ ചെക്കുകള്‍ കൊണ്ടു വന്നുവെന്ന് അയാള്‍ വിശ്വസിക്കുന്നതായി ആനന്ദക്കുട്ടനു തോന്നി. പണ്ടങ്ങനെയായിരുന്നു ഓരോ വരവിലും ഒരു കെട്ട് ഫോറിന്‍ ചെക്കുകളുണ്ടാകും. നിതാഖവത്തിന്റെ ചുരികയില്‍ പെട്ട് ഓടി രക്ഷപ്പെടുവാനുള്ള വെമ്പലിനിടയില്‍ രൂപയും റിയാലും തമ്മിലുള്ള വ്യത്യാസം നോക്കി നിന്ന് ലാഭം എണ്ണി തിട്ടപ്പെടുത്താന്‍ അയാള്‍ക്കാവില്ലായിരുന്നു. വരുന്നതിനു തൊട്ടു മുമ്പയാള്‍ എയര്‍ പോര്‍ട്ടില്‍ വച്ച് റിയാല്‍ വിറ്റുകളഞ്ഞത് ഏഴു രൂപ നഷടത്തിലായിരുന്നു.
തൊടിയിലേക്കിറങ്ങണമെന്ന് വിചാരിച്ചിരിക്കുമ്പോള്‍ ബാങ്ക് മാനേജരും പ്രയോറിറ്റി ബാങ്കിംഗ് ഓഫീസറും കൂടി വന്നു.
” ഞങ്ങളുടേത് ഡോര്‍ സെറ്റപ്പ് സര്‍വീസാണു സാര്‍. സാര്‍ ഓഫീസിലേക്കു വരുകയേ വേണ്ട ഞങ്ങളിവിടെ വന്നു സര്‍വീസ് തരാം. ‘ ‘ ഓഫീസര്‍ അതി വിനയത്തിന്റെ കെട്ടഴിക്കുന്നതിനടയില്‍ പന്ത്രണ്ടു തവണ ഇന്‍വെസ്റ്റ്മെന്റ് എന്ന വാക്കു തന്നെ സ്ഥാനത്തും അസ്ഥാനത്തും ഉരുവിടുന്നത് ആനന്ദക്കുട്ടന്‍ ശ്രദ്ധിച്ചു.
ഇന്‍ഷുറന്‍സിലേക്കാണോ സംസാരം നീളുന്നത്?
ഒരു ടാക്സിയെടുത്ത് ഓടിക്കുകയോ പുതിയൊരു സ്റ്റേഷനറിക്കട തുടങ്ങുകയോ അതുമല്ലെങ്കില്‍ ഷെയര്‍ ട്രേഡിംഗിലോ റിയല്‍ എസ്റ്റേറ്റിലോ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വിമാനത്തിലിരുന്ന് ആലോചിച്ചതു കൊണ്ട് ആനന്ദക്കുട്ടന്‍ ആന്വിറ്റികളേയും ലൈഫ് കവറിനേയും ഒഴിവാക്കാനായി പതുക്കെ മാനേജരോടു ചോദിച്ചു.
” ലോണുകള്‍ക്കൊക്കെ എന്താ ഇപ്പോള്‍ റേറ്റ്?”
” എന്തു ലോണ്‍ വേണം സാര്‍ പറയൂ… മൂന്നു ദിവസത്തിനുള്ളില്‍ തന്നേക്കാം അതാണിപ്പോള്‍ എന്‍ ആര്‍ ഐ കസ്റ്റമേഴ്സിനുള്ള ഞങ്ങളുടെ പോളിസി”
ആനന്ദക്കുട്ടനതിലെന്തോ ഒരു പൊരുത്തക്കേട് മണത്തു.
” ഞാന്‍ പറയാം” അയാള്‍ ശബ്ദം താഴത്തി പറഞ്ഞു .
” സാര്‍ ഞാന്‍ പറഞ്ഞു വന്ന ആ ഇന്‍ഷുറന്‍സ് കവറേജിന്റെ കാര്യം ഒന്നു ഡീറ്റെയിലായിട്ടു പറയട്ടെ ഒരു പ്രസ്ന്റേഷനുണ്ട്. അതു കാണുമ്പോള്‍ സാറിനു മനസ്സിലാകും കുറഞ്ഞ പ്രീമിയത്തോടെയുള്ള ഈ പ്രോഡക്ട് സാറിനു വേണ്ടി മാത്രം ഞങ്ങള്‍ തയാറാക്കിയതാണെന്ന്”
പ്രയോറിറ്റി ബാംങ്കിംഗ് ഓഫീസര്‍ ലാപ്റ്റോപ്പ് തുറന്നപ്പോഴേ ആനന്ദക്കുട്ടന്‍ പിന്നീടാവട്ടെ എന്ന മട്ടില്‍ വിലക്കി ഇല്ലായിരുന്നെങ്കില്‍ അതയാളെ അവര്‍ പിടിച്ചേല്പ്പിച്ചേനെ അതുമല്ലെങ്കില്‍ അയാളതു എടുത്തു പോയേനെ.
പണ്ട് സുമയുടെ ആങ്ങള ഏതോ പോളിസി പറഞ്ഞപ്പോള്‍ സ്വന്തം പി എഫ് തുക ഇന്‍ഷുറന്‍സിലിട്ട് പകുതി മാത്രം ഭാഗ്യം കൊണ്ട് തിരികെ കിട്ടിയ , തന്നെ എല്‍ പി സ്കൂളില്‍ പഠിപ്പിച്ച സൗദാമിനി ടീച്ചറുടെ മുഖമാണ് ആനന്ദക്കുട്ടന് ഓര്‍മ്മ വന്നത്.
പക്ഷെ ആങ്ങള്യ്ക്കു കിട്ടുന്ന ഇന്‍ഷുറന്‍സ് കമ്മീഷന്‍ തുക സ്വന്തം ഭര്‍ത്താവിന്റെ മണലാരണ്യത്തിലെ വിയര്‍പ്പു തുള്ളികളാണെന്ന് സുമ അറിഞ്ഞിരുന്നില്ല. തന്ത്രപരമായി സുമ അവളുടെ പേര്‍ നോമിനിയായി എഴുതി ചേര്‍ത്തതും അതു പല തവണ ഫോണിലൂടെ ഉറപ്പാക്കുന്നതും സഹതാപത്തോടെ നോക്കി നിന്നവനാണ് ആനന്ദക്കുട്ടന്‍.
‘ വേണ്ട’ യെന്ന് വിലക്കിയതു കൊണ്ടാവണം മാനേജരുടേയും ഓഫീസറുടേയും മുഖത്തെ ഭാവമാറ്റം ആനന്ദന്‍ ശ്രദ്ധിച്ചു. അതുകൊണ്ടയാള്‍ , സ്ഥിരം ചെയ്യാറുള്ളതു പോലെ മറ്റൊരു ബാങ്കില്‍ കിടന്നിരുന്ന പണം അവരുടെ ബാങ്കിലേക്കു മാറ്റാനായി ഒരു ചെക്കെഴുതി കൊടുത്തു. അത് കഴിഞ്ഞ തവണ അവരുടെ തന്നെ ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കില്‍ന്റെ മാനേജര്‍ വന്നു കണ്ടപ്പോള്‍ അങ്ങോട്ടു മാറ്റിയതാണെന്നു മാത്രം.
വൈകുന്നേരത്ത് പഴയ ജനതാ ക്ലബ്ബിലൊന്നു പോകണമെന്ന് അയാള്‍ക്കു തോന്നി. പണ്ടവിടെ എന്നും വോളിബോള്‍ കളിയുണ്ടായിരുന്നു. അതു കഴിഞ്ഞ് ഫുട്ബോളൂം കളിച്ചു കഴിഞ്ഞ് ലൈജുവും സക്കീറും താനും മൈതാനത്ത് വിയര്‍ത്തു കുളിച്ചു ചന്ദ്രനെ നോക്കി കിടക്കും. ഒന്നുകില്‍ കേരളാ ടീമിലേക്കൊരു സെലക്ഷന്‍ അതുമല്ലെങ്കില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് ലിസ്റ്റിലൊരു പേര്‍, അതുമല്ലെങ്കില്‍ ഗള്‍ഫ്. എന്തൊക്കെ സ്വപ്നങ്ങള്‍ പിന്നീട് അതേ കിടപ്പ് അയാള്‍ അറബിയുടെ ഇറച്ചിക്കടയില്‍ പോത്തിനെ തുണ്ടം തുണ്ടം വെട്ടി കിതച്ചു ക്ഷീണിക്കുമ്പോള്‍ വിയര്‍പ്പാറാന്‍ അറബിയുടെ ഒട്ടകലായത്തിനടുത്തൂള്ള ചെറിയ കുന്നിന്‍ പുറത്തു പോയി കിടന്നിട്ടുണ്ട്.
ജനതാ ക്ലബ്ബിന്റെ മൈതാനത്ത് പുതിയ പിള്ളാരോടൊപ്പം കിടക്കാനാവില്ലെന്ന് അയാള്‍ക്ക് നന്നായറിയാം. സക്കീര്‍ ഖത്തറില്‍ പോയി. ലൈജു ദമാമിലും. ഇറങ്ങി ചെല്ലുമ്പോള്‍ ചാപ്പലിനടുത്തുള്ള ശവക്കോട്ടയുടെ മൂകതയായിരുന്നു , ആ മൈതാനം. പോളകള്‍ മൂടിയ വയല്‍ സ്മൃതികള്‍ക്കു മുകളില്‍ ആഫ്രിക്കന്‍ പായല്‍ ഓണപ്പൂക്കളം തീര്‍ത്തിരിക്കുന്നു. ചിതലരിച്ച ഒരു കടത്തു വള്ളം, അവിടെ സക്കീറിന്റെ ഒരുഗ്രന്‍ വോളീബോള്‍ സ്മാഷിന്റെ ആരവത്തിനു കാതോര്‍ത്തു കിടന്നു. ഉണ്ടായിരുന്ന പുഴ തോടായി കൈതച്ചെടികള്‍ നിറഞ്ഞ് മണല്പ്പുറ്റുകളായി അപ്രത്യക്ഷമായിരിക്കുന്നു.
ഇടവഴിക്കപ്പുറം നാലഞ്ചു പയ്യന്‍മാര്‍ ചേര്‍ന്ന് ബൈക്ക് റേസിംഗ് നടത്തുന്ന മുരളല്‍ ശബ്ദം കേട്ടാണയാള്‍ ഓര്‍മ്മളില്‍ നിന്ന് ഞെട്ടിയുണര്‍ന്നത്. നാളെ മോട്ടിയുടെ ഫോട്ടോസ്റ്റാറ്റ് കടയിലൊന്നു പോകണം എല്ലാവരും ഗള്‍ഫിലേക്കു പറന്നിട്ടും മോട്ടി മാത്രം ഫോട്ടോസ്റ്ററ്റ് കടയുമായി ഇവിടെ നിന്നു. എല്ലാത്തവണത്തേയും പോലെ നാട്ടില്‍ ജീവിച്ച ആ ഭാഗ്യവാനില്‍ നിന്ന് നാട്ടിലെ കഥകള്‍ കേട്ട് മനസ്സില്‍ കുറച്ച് ഊര്‍ജ്ജം നിറയ്ക്കണം.
ആനന്ദക്കുട്ടന്‍ തിരിഞ്ഞ് പിന്നാമ്പുറത്തു കൂടി തൊടിയിലേക്കിറങ്ങി. സുമ എതിരെ രോഷാകുലയായി കയറി വരുന്നുണ്ടായിരുന്നു.
” ആ തയ്യല്‍ക്കാരന്‍ ദാമൂന്റെ മോന്‍ തീരെ പോരാ. അവനു എവിടെ എന്താണു തയ്ക്കേണ്ടതെന്ന് കൂടി അറിയില്ല”
” എന്തു പറ്റി?” അയാള്‍ സൗമ്യനായി ചോദിച്ചു.
” അവന്‍ ചുരിദാറിന്റെ ടോപ്പിന്റെ സ്ലിറ്റ് വെട്ടിയത് കുടെ താഴോട്ടിറക്കിയാണ് കുറച്ചു കൂടി സ്ലിറ്റ് മുകളിലേക്കു കയറണമെന്ന് ഞാന്‍ പറഞ്ഞതാണ് അവനതു ചെയ്തില്ല”
കഴിഞ്ഞ തവണ അവന്‍ ചുരിദാറിന്റെ മുന്‍ വശം വെട്ടിയത് കുറച്ചു കൂടി ഇറങ്ങിയില്ലെന്നു പറഞ്ഞ് സുമ അടി കൂടുന്നത് അയാള്‍ കണ്ടതാണ്.
” വയസ്സു നിനക്കു മുപ്പത്തി മൂന്നായി സുമേ”
ആനന്ദക്കുട്ടന്‍ ഒരു പകരം വീട്ടലോടെ പറഞ്ഞു.
” എന്നിട്ടും ഞാന്‍ അല്പ്പം പോയും ഉടഞ്ഞിട്ടില്ലല്ലോ” അവള്‍ വെല്ലു വിളിയോടെ പറഞ്ഞു.
” അതിനു നീ ആദ്യം ഒന്നു നൊന്തു പ്രസവിക്കണം”
പറഞ്ഞു കഴിഞ്ഞപ്പോള്‍ അയാള്‍ വല്ലാതായി. പറയേണ്ടയിരുന്നില്ല.
” അതെന്റെ കുഴപ്പം കൊണ്ടല്ലല്ലോ”
ആനന്ദക്കുട്ടന്‍ മുഖത്തടിയേറ്റവനേപ്പോലെ നിന്നു. ആ അടിയില്‍ നിന്നും മോചനം കിട്ടാനാണയാള്‍ തൊടിയിലെ പഴയ കുളം തേടിയിറങ്ങിയത്. പോത്തുകളെ തുണ്ടം തുണ്ടം വെട്ടിയപ്പോള്‍ ദേഹത്തും മനസിലും തെറച്ച സകല ചോരത്തുള്ളികളും കഴുകിക്കളയണം.
ചെന്നപ്പോള്‍ കുളം കാണാനില്ല അതെവിടെപ്പോയി?
അമ്മ തൊടിയിലേക്കു വന്നപ്പോള്‍ അയാള്‍ അരിശത്തോടെ ചോദിച്ചു.
” ആരാണമ്മേ കുളം നികത്തിയത് ആരു പറഞ്ഞു ഇത് നികത്താന്‍”
”അതിനകത്ത് അപ്പടി അണലിപ്പൊത്തുകളാണ് കുട്ടാ. ശംഖുവരയന്‍മാരും കുറവല്ലാര്‍ന്നു. നിന്റച്ഛന്‍ ഒരു അണലിയെ കണ്ടു പേടിച്ചിട്ട് അന്നങ്ങ് തീരുമാനിച്ചു നികത്തിയേക്കാന്‍. സുമേടെ കാലേല്‍ ഒരു ശംഖുവരയന്‍ തൊടേണ്ടതാര്‍ന്നു ഭാഗ്യത്തിനവള്‍ രക്ഷപ്പെട്ടു”
അയാള്‍ മൂടിയ കുളത്തിനരികില്‍ ചെന്നു നിന്നു. മാപ്പ്, എന്റെ ഡിസൈനില്‍ നീയുമുണ്ടായിരുന്നു കുളമേ…
പണ്ട് ചെറുപ്പത്തില്‍ കുളത്തിന്റെ പടവിനെതിരെയുള്ള കയ്യാലയിരുന്ന് കാലാട്ടുമ്പോള്‍ ചെറിയ ഒരു ശംഖുവരയന്‍ പാമ്പ് ഇറഞ്ഞി വരും . തന്നെ തങ്കപ്പന്‍ മാഷ് അയന്തി സ്കൂളില്‍ വച്ച് നുള്ളിയതു മുതല്‍ സൗദി വിസ കിട്ടിയതു വരെയുള്ള കഥകള്‍ കേട്ടവനാണവന്‍. ചിലപ്പോള്‍ അവന്‍ തന്റെ കാലില്‍ സ്നേഹത്തോടെ നക്കും. എന്നിട്ടു തിരികെ കയറിപ്പോകും. ഖസാക്കില്‍ നിന്ന് യാത്ര പറഞ്ഞു പോയ രവിയോട് ചെയ്തതു പോലെ. ഇന്നിപ്പോള്‍ താനുമില്ല രവിയുമില്ല. പിന്നെയവന്‍ ആര്‍ക്കു വേണ്ടി ഇറങ്ങി വരണം?
അവന്‍ എവിടെ പോയി അണലികള്‍ എവിടെക്കു പോയി കാണും? ഒരു പക്ഷെ നാഗത്താന്മാരുടെ ദ്വീപിലേക്കാവണം അവ ഊളിയിട്ടു പോയത്.
കുറെ നേരം ചെന്നിട്ടയാള്‍ തിരിഞ്ഞു നിന്നു.
ഏതെങ്കിലുമൊരു മുത്തച്ഛന്‍ അണലി തലയുയര്‍ത്തി നോക്കുന്നുണ്ടോ?
ഇല്ല
പണ്ട് ചേരപ്പാമ്പുകള്‍ മാറാടുന്നത് കൊതിയോടെ താന്‍ എത്ര തവണ നോക്കി നിന്നിട്ടുണ്ട്. കഴിഞ്ഞ അവധിക്കു വന്നപ്പോള്‍ രാത്രിയില്‍ സുമയെ ചേര്‍ത്തു പിടിച്ചപ്പോള്‍ അവള്‍ ചോദിച്ച ചോദ്യം ആനന്ദക്കുട്ടന്‍ ഇന്നും മറന്നിട്ടില്ല.
” നിങ്ങളെന്തിനാണ് പശുവിനേപ്പോലെ കിതയ്ക്കുന്നത്. അടങ്ങി കിടക്കു എനിക്ക് വയസ്സ് മുപ്പത്തി രണ്ടായി നിങ്ങള്‍ക്ക് നാല്പ്പത്തി ഒമ്പതും”
ഇടയ്ക്കിടക്ക് അവള്‍ പ്രായം കൂടിയെന്ന് ഓര്‍മ്മിപ്പിക്കുന്നതിനു തിരിച്ചടിക്കുകയാണവള്‍. പശുവിനേപ്പോലെയല്ല താന്‍ കിതയ്ക്കുന്നത് . കൊന്നൊടുക്കിയ പോത്തുകളേപ്പോലെയാണെന്ന് വിചാരിച്ചെങ്കിലും അയാളൊന്നും മിണ്ടിയില്ല.
അയാള്‍ തന്റെ ഗൃഹാതുര സ്മരണകളിരമ്പുന്ന വെറുമൊരു ബലികുടീരമായി പൂതലിച്ചു പോയ കോണ്‍ക്രീറ്റ് വീടിനെ നോക്കി. മണലാരണ്യത്തില്‍ വെഞുപോയ തന്റെ ജീവിതം വിരലുകള്‍ നീട്ടി എണ്ണാന്‍ തുടങ്ങി
ഒന്ന് ….1990
രണ്ട്….1991
മൂന്ന്……1992 ………….. …………..
…………..
ഇരൂപത്തി ഒന്ന് …2012 ഇരുപത്തി രണ്ട് …2013
വര്‍ഷം തീര്‍ന്നപ്പോള്‍ നരകയറിയ ചെവിയരുക് തടവിയയാള്‍ അകത്തു ചെന്ന് അന്നു ബാങ്ക് മാനേജരുടെ വിസിറ്റിംഗ് കാര്‍ഡെടുത്ത് അതിലെ മൊബൈല്‍ നമ്പറിലേക്കു വിളീച്ചു.
‘’ രാവിലെ കണ്ട സൗദിയില്‍ നിന്നും വന്ന ആനന്ദക്കുട്ടനാണ്. എനിക്കൊരു സ്റ്റേഷനറിക്കട ജംഗ്ഷനില്‍ തുടങ്ങിയാല്‍ കൊള്ളാമെന്നുണ്ട് ഒരു ലോണ്‍ വേണം’‘
‘’ അതു തരാമല്ലോ സാര്‍‘’
‘ ഓ താങ്ക്യു, എന്താണു നിങ്ങളുടെ ലോണിനുള്ള മാനദണ്ഡം?’‘
‘’ അതു പിന്നെ സാറു സാലറീഡ് അല്ലേ മാസശമ്പളം എത്ര വരും?’‘ മനേജര്‍ സൗമ്യതയോടെ ചോദിച്ചു.
‘’ നോക്കു സാര്‍ ഒരു ചെറിയ പ്രശ്നമുണ്ട് ഞാന്‍ നിതാഖത്തു മൂലം നാട്ടിലേക്കു തിരികെ പോന്നതാണ്. ഇനി ഒരു തിരിച്ചു പോക്കുണ്ടാവില്ല. വിസാ കാലാവധി നീട്ടിക്കിട്ടിയതുമില്ല . നാട്ടിലെന്തെങ്കിലും ബിസ്സിനസ്സുമായി കൂടാനാണു പ്ലാന്‍’‘
‘’ ഓ ഐ സീ നമുക്കു പക്ഷെ സ്ഥിര വരുമാനം വേണമല്ലോ സാര്‍’‘
സൗമ്യത കുറെ കൂടി ദൃഢമായി .
‘’ എന്റെ അക്കൌണ്ടിന്റെ ട്രാക്ക് വച്ചിട്ടെന്തെങ്കിലും?’‘
‘’ പക്ഷെ സ്ഥിരവരുമാനം വേണമല്ലോ സാര്‍’‘
”അച്ഛനു അല്‍പ്പം പെന്‍ഷനുണ്ട് അതു വച്ചിട്ടെന്തെങ്കിലും…’‘
‘’ ആ ലോണ്‍ പ്രൊഡക്ടു ഇപ്പം ഇല്ലല്ലോ സാര്‍ ‘’
‘’ വേറെ എന്തെങ്കിലും…’‘
അതില്‍ കൂടുതല്‍ താഴാന്‍ തെക്കും ഭാഗത്തെ അനന്ദക്കുട്ടനു വയ്യായിരുന്നു.
”ഞാന്‍ തിരിച്ചു വിളിക്കാം സാര്‍’‘
മാനേജര്‍ ഫോണ്‍ കട്ടു ചെയ്തപ്പോള്‍ പണ്ടയാളും ഓഫീസറും കൂടി അക്കൗണ്ട് ചേര്‍ക്കാന്‍ വന്ന ദിവസം ആനന്ദക്കുട്ടന്‍ ഓര്‍ത്തു. കുറെ കഴിഞ്ഞപ്പോള്‍ മാനേജരുടെ കോള്‍ തിരികെ വന്നു. ഏറെ പ്രതീക്ഷയോടെ താനങ്ങനെ മാനേജരെ പറ്റി മോശമായി വിചാരിച്ചു പോയല്ലോയെന്നും അയാള്‍ക്കു തോന്നി.
‘’ സാര്‍ , ഞാന്‍ നോക്കിയിട്ട് ഒരുപായവും കാണുന്നില്ല. ഞാന്‍ വേണമെങ്കില്‍ എന്റെ പരിചയത്തിലുള്ള ഒന്നു രണ്ടു ഫിനാന്‍സുകാരെ പരിചയപ്പെടുത്തിത്തരാം അത്യാവശ്യസമയത്ത് അവരേ പ്രയോജപ്പെടു. ‘’
ആനന്ദക്കുട്ടന്‍ ഒന്നും മിണ്ടിയില്ല.
കുറെ കഴിഞ്ഞപ്പോള്‍ മാനേജര്‍ പറഞ്ഞു.
‘’ സര്‍ ഒരു റിക്വസ്റ്റുണ്ട്’‘
‘’ എന്താണ്?’‘
”ഒന്നും തോന്നരുത്’‘
‘’പറയൂ’‘
”സാറിപ്പോള്‍ നല്ല ടൈറ്റിലാണെന്നറിയാം. എന്നാലും ഇന്നു തന്ന അഞ്ചു ലക്ഷവും നിലവിലുള്ളതും കൂടി അഞ്ചര ലക്ഷം അക്കൌണ്ടിലുണ്ട് ഇത് മന്ത് എന്‍ഡാണ്. പോരെങ്കില്‍ ഫിനാഷ്യല്‍ ക്ലോസിംഗും മുപ്പത്തിയൊന്നാം തീയതി വരെ സാറി പൈസ അക്കൗണ്ടിലിട്ടു സഹായിക്കണം’‘
മാനേജര്‍ അയാള്‍ക്കാവശ്യമുള്ളതു ചോദിച്ചുറപ്പിക്കുന്നു. വാങ്ങിയെടുക്കുന്നു. ഒന്നും പറയാതെ ആനന്ദക്കുട്ടന്‍ ഫോണ്‍ വച്ചു.
അയാള്‍ പോക്കറ്റ് ഡയറിയെടുത്ത് തന്റെ പഴയ മുതലാളിയായ അറബി അലി ഹുസൈനെ വിളിച്ചു.
വസൂരിക്കലകള്‍ പടര്‍ന്ന കവിളു തടവി അയാള്‍ ഒട്ടക ലായത്തിനകത്ത് ചാണകത്തിന്റെയും മുത്രത്തിന്റെയും വൃത്തികെട്ട മണം ആസ്വദിച്ച് സുഖിച്ചിരിക്കുകയായിരുന്നു.
‘’ ആനന്ദക്കുട്ടനാണ് … നിങ്ങളുടെ ബോഡീസ് കുട്ടന്‍’‘
അയാള്‍ പതുക്കെ പറഞ്ഞു. ആനന്ദക്കുട്ടന്‍ അങ്ങനെ പറഞ്ഞതിനുകാരണം അലി ഹുസൈനെന്നും അറബിയില്‍ അയാളെ വിളിച്ചിരുന്നത് ബോഡീസ്കുട്ടനെന്നായിരുന്നു. അതിനു കാരണം അയാളണിയാറുള്ള കൈമുറിയന്‍ ബനിയനായിരുന്നു കുസൃതിയെന്നു കരുതി അനുവദിച്ചു കൊടുത്തപ്പോള്‍ ഒരിക്കല്‍ അലി ഹുസൈന്‍ ആനന്ദക്കുട്ടന്റെ നെഞ്ചിലൂടെ പതുക്കെ വിരലോടിച്ചു. ആ വിരലുകള്‍ വയറ്റിലേക്കു നീണ്ടപ്പോള്‍ അതിലൊരു സ്വവര്‍ഗരതിയുടെ തിടുക്കം തൊട്ടറിഞ്ഞപ്പോള്‍ ആനന്ദക്കുട്ടന്‍ അലി ഹുസൈന്റെ കഴുത്തില്‍ പിടിച്ച് പൊക്കിയെടുത്ത് ഒറ്റയേറു കൊടുത്തു.
ലായത്തിന്റെ ഒട്ടകങ്ങള്‍ക്കിടയിലേക്ക് തെറിച്ചു വീണ അലി ഹുസൈന്‍ അറബിയില്‍ എന്തോ മുറുമുറുത്ത് ചാണകം കുടഞ്ഞു കളഞ്ഞ് എഴുന്നേറ്റ് പോയി.
അന്നുവരെ ആ ഒട്ടകലായത്തില്‍ പണിയെടുത്ത സകല ആണുങ്ങളും അലി ഹുസൈനു വഴങ്ങി കൊടുത്തിരുന്നു.
ഈ സംഭവത്തിനു ശേഷം അലിഹുസൈനു ആനന്ദക്കുട്ടനെ ഇഷ്ടമായി. അയാള്‍ നാട്ടില്‍ നിന്നും കൊണ്ടു വരുന്ന മീനച്ചാറിനും ഉപ്പേരിക്കും വേണ്ടി അലി ഹുസൈന്‍ കാത്തു നിന്നു. പക്ഷെ ഒരിക്കല്‍ ആനന്ദക്കുട്ടന്‍ ഒട്ടലായത്തിനിടയില്‍ നിന്ന് ഇറച്ചി വെട്ടുകാരന്‍ ആയപ്പോള്‍ അലി ഹുസൈനിന്റെ കണ്ണു നിറഞ്ഞു . പണ്ട് പൊതുമാപ്പില്‍ പെട്ട് നാട്ടിലേക്കു ഒളിച്ചു പോകാന്‍ വഴിയരുകില്‍ ബാഗുമായി നിന്നപ്പോള്‍ കോയക്ക കൊണ്ടു വന്ന് അലി ഹുസൈനു കൊടുത്തതാണ് ആനന്ദക്കുട്ടനെ.
വിട്ടയക്കാന്‍ വയ്യായിരുന്നു എന്നിട്ടും അയാള്‍ വിട്ടു. ഫോണിലൂടെ എന്നിട്ടും ധൈര്യത്തോടെ ആനന്ദക്കുട്ടന്‍ ചോദിച്ചു.
‘’ നിങ്ങള്‍ക്കെന്നെ വേണോ ? എനിക്കു വീണ്ടും തിരിച്ചു വരണം സൌദിക്ക്. ഇവിടെ വയ്യ , ഇനി ‘’
ഒരു തെറിയാണ് മറുപടിയായി പ്രതീക്ഷിച്ചത്.
‘’ നിനക്ക് പറ്റിയ പണിയിവിടില്ല. ഒട്ടകങ്ങളെ നോക്കുക മാത്രമാണ് ഇവിടുത്തെ പണി ‘’ അപ്പുറത്ത് അലിഹുസൈന്‍ മുരണ്ടു.
‘’ അതും ചെയ്യാം’‘ ആനന്ദക്കുട്ടന്‍ സൌമ്യനായി പറഞ്ഞു.
‘’ ആളു തികഞ്ഞു എങ്കിലും വാ ‘’
അലി ഹുസൈന്‍ അങ്ങനെയാണ് ആരു വിളിച്ചാലും വരാന്‍ പറയും. അതുകൊണ്ടു തന്നെയാണ് അത്രയുറപ്പോടെ ആനന്ദക്കുട്ടന്‍ അലിഹുസൈനെ വിളീച്ചത്. അയാളുടെ സ്വവര്‍ഗ്ഗ കൊതിയുടെ കൈ ആദ്യം ധൈര്യത്തോടെ തട്ടി മാറ്റിയത് ആനന്ദക്കുട്ടനാണ്.
എന്നിട്ടും അയാള്‍ വിളീക്കുന്നു ‘ജ്ജ് ബാടാ’‘ യെന്ന്.
പണ്ട് കോയക്ക വിളിച്ച അതേ വിളി.
ആനന്ദക്കുട്ടന്‍ ആ വിളി കേള്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
Generated from archived content: story1_sep27_13.html Author: lipinraj_mp
Click this button or press Ctrl+G to toggle between Malayalam and English