താമരയില

കാലില് വല്ലാത്ത ഇക്കിളി പൂണ്ടപ്പോഴാണ് ജീവന്‍ ബദ്ധപ്പെട്ടു കണ്ണു തുറന്നത് . ഏതോ ചെറുപാമ്പ് ഇളം പല്ലു വച്ച് ചെറുവിരലില് പതുക്കെ കടിച്ചു നോക്കുകയാണ്. ഒരു രസത്തിന് വിഷം ഇറങ്ങുന്നുണ്ടോ എന്നറിയാന് അവന് വീണ്ടും വീണ്ടും കുഞ്ഞരിപ്പല്ലുകള്‍ കൊണ്ട് ഉരസുന്നത് ജീവനറിഞ്ഞു. ജീവന് അതിനനുസരിച്ച് പതുക്കെ ചിരിച്ചുകൊണ്ടിരുന്നു , താന്‍ കുടിച്ചു തീത്ത ശീതപാനീയങ്ങളും കഴിച്ച സാന്‍ഡ് വിച്ചുകളും ഉള്ളിലേക്കോരോ തവണയും പോളിയോ തുള്ളി കണക്കെ ഇറ്റിച്ച വിഷം ഇതിനേക്കാള്‍ എത്രയോ വലുതാണ് . അപ്പോഴാണ് വിഷമില്ലാത്ത ചെറുപാമ്പ് അവന്റെ കുഞ്ഞരി പല്ലുകളെ വെറുതെ നോവിക്കുന്നത്.

ജീവന്‍ കാലു കുടഞ്ഞ് എഴുന്നേറ്റിരുന്നപ്പോള്‍ കുഞ്ഞു പാമ്പ് ഭയചകിതനായി കുതിച്ചു ചാടി ഏതോ മണ്‍ പൊത്തിലൊളിച്ചു . അയാള്‍ ഷര്‍ട്ടിലാകെ പറ്റിയിരുന്ന മണ്ണ് തട്ടിക്കുടഞ്ഞു കളഞ്ഞു തിരിഞ്ഞു നോക്കിയപ്പോള്‍ ചിതല്പ്പുറ്റുകള്‍ ഇന്നലത്തെ ,മഴയില്‍ തകര്ന്നുടഞ്ഞു നിലത്ത് കിടക്കുന്നത് കണ്ടു ജംഗ്ഷനു അപ്പുറത്തായി നിലം പതിച്ച് ഓലപ്പുരയും താനും കഴിഞ്ഞ രാത്രിയില് ഒരുമിച്ചു കിടക്ക പങ്കിട്ടു കാണണം. രാത്രിയിലെ അവസാന ബസിറങ്ങി കുറെ നേരം കഴിഞ്ഞപ്പോള്‍ ചീറിയടിച്ച കാറ്റിന്റെ ഇരമ്പല്‍ മാത്രം ഓര്‍മ്മയുണ്ട്. കോവില്പ്പെട്ടിയില്‍ നിന്നു വീര്യത്തോടെ കയറിയതാണ്. നാവിന് തുമ്പില് അത് തികട്ടി പുളിക്കുന്നു.

സാരംഗിയേല്പ്പിച്ച ദൗത്യം തേടിയാണയാള് അവിടെയെത്തിയത് . രാത്രി ബസ്സിലെ അവസാനയാത്രക്കാരന് . യു എസില് നിന്നു വരുന്ന സാരംഗി ഇത്തവണ നമുക്കൊരുമിച്ചു എങ്ങോട്ടെങ്കിലും ഒരു യാത്ര പോകണമെന്ന് ഫോണില്‍ പറഞ്ഞപ്പോള്‍ മുതലാണ് ജീവന്‍ ഒരു നല്ല സ്ഥലം തേടിയുള്ള യാത്ര തുടങ്ങിയത്.

” നീയെന്നെ ഏതെങ്കിലുമൊരു വനസ്ഥലിയില്‍ കൊണ്ടുപോയാല്‍ അവിടെ വച്ച് നമ്മുടെ ആദ്യത്തെ കുഞ്ഞിനെ നിനക്ക് ഞാന്‍ തരാമെന്ന് സാരംഗി പറഞ്ഞതാണയാളെ ശരിക്കും മത്തു പിടിപ്പച്ചത്. പക്ഷെ താനൊരു മരുസ്ഥലിയാണെന്ന് അവള്‍ക്കു തന്നെയറിയാമായിരുന്നു അവളത് ജീവനോട് പറഞ്ഞതേയില്ല.

പിറ്റെ തവണ സാരംഗി വിളിച്ചപ്പോള്‍ അയാള്‍ പട്ടിക നിരത്തി.

” കോവളത്ത് പോയാല്‍ ഉദയ് സമുദ്ര ഹോട്ടലുണ്ട്, മൂന്നാറില്‍ പോയാല്‍ ക്ലൗഡ് നയന് റിസോര്‍ട്ടുണ്ട്, കുമരകത്ത് പോയാല്‍ ആലപ്പി ബീച്ച് റിസോര്ട്ടില് താമസിക്കാം ”

” ഹോട്ടലുകളാണോ സ്ഥലങ്ങളാണോ നമ്മള് കാണാന് പോകുന്നത്?”

” നല്ല ഹോട്ടലുകളാണ് അന്വേഷിക്കുന്നതെങ്കില്‍ ജീവന്‍ ഇങ്ങു യു എസില്‍ പോരൂ. അതല്ല ഞാന് പറഞ്ഞ വനസ്ഥലികള്‍ ”

ആ മേധാവിത്വത്തില്, അവളുടെ വ്യക്തമായ കാഴ്ചപ്പാടില് രോഷാകുലനായി ഫോണ് വെച്ചെങ്കിലും കുറെ കഴിഞ്ഞപ്പോള് അയാള്‍ക്കതില്‍ കാര്യമുണ്ടെന്നു തോന്നി. പിറ്റെത്തവണ സാരംഗി വിളിച്ചപ്പോള് ജീവന് മറ്റൊരു പട്ടിക നിരത്തി.

”തെന്മലയുണ്ട് പക്ഷെ കടുത്ത വരള്ച്ചയാണിവിടെ. സീസണിലും പാലരുവി വെള്ളച്ചാട്ടമുണ്ട് ഇപ്പോളവിടെ പാലരുവിയുമില്ല വെള്ളച്ചാട്ടവുമില്ല അതിരപ്പിള്ളിയുണ്ട് പക്ഷെ ഒട്ടും നീരൊഴുക്കില്ല ”

” ഇതെല്ലാം എവിടെ പോയി ?” സാരംഗി പതുക്കെ പിറുപിറുത്തു.

” ജീവനൊരു കന്യാവനം കണ്ടു പിടിക്കാമോ ? കുറെ ഉള്ളിലോട്ട് അത്ര പ്രശസ്തമല്ലാത്ത ഒരു വനം കുറെയേറെ ശാന്തതയും സ്വച്ഛന്ദതയും നല്ല തണുത്ത വായുവും പുലര്കാലകുളിരുമുള്ള ഒരു കന്യാവനം”

ഒരറ്റത്ത് മലയും മറുവശത്ത് താഴ്വാരം മറ്റൊരു വശത്ത് കുളങ്ങളുമുള്ള ഉപ്പിലാടും കുന്നിന്റെ നെറുകിലേക്ക് ജീവനെ കയറ്റി വിട്ടത് പരശ് എന്ന് ഇരട്ടപ്പേരുള്ള ഫോറസ്റ്റ് റേഞ്ചറായിരുന്നു .

ജീവന് വിചാരിച്ചത് അയാളുടെ പേര് പയസ്സ് എന്നാണ്. പയസ്സിനെ തിരക്കിച്ചെല്ലുമ്പോള്‍ അയാള് കാട്ടുമാനുകളെ കൊന്നൊടുക്കുകയായിരുന്നു . മഴു ചുഴറ്റിയെറിഞ്ഞു നിര്ദ്ദയം ഉള്‍ക്കാട്ടിലെ മാനുകളുടെ കഴുത്തറുക്കുകയായിരുന്നു അയാളുടെ വിനോദം.

ജീവനെ കണ്ടപ്പോള്‍ അയാള് ഇറങ്ങി വന്ന് ചോര പുരണ്ട കൈ നീട്ടി സ്വയം പരിചയപ്പെടുത്തി.

” പരശ്”

ജീവന് അപ്പോഴും അയാളുടെ വിരലുകള്ക്കിടയിലൂടെ അരിച്ചിറങ്ങുന്ന കൊഴുത്ത ചോരയില് നോക്കി നില്ക്കുകയായിരുന്നു.

പരശ് ജീവന് ഉപ്പിലാടും കുന്നിന്റെ നിറുകയില് നിന്ന് മടിത്തട്ടിലേക്കുള്ള നീണ്ട് ഒറ്റയടിപ്പാത കാണിച്ചു കൊടുത്തു. മൊബൈല് സിഗനലുകള്ക്ക് പിടി കൊടുത്ത, വൈ ഫൈയോ ഇന്റെര്നെറ്റ് ലഭ്യതയോ ഒന്നുമില്ല്ലാത്ത ഒരു കന്യാവനമാണയാള്‍ പ്രതീക്ഷിച്ചതെങ്കിലും വഴി കുറെയേറെ പിന്നിട്ടപ്പോള്‍ അവിടമങ്ങനെയല്ലെന്ന് ജീവനു മനസിലായി . ഉപ്പിലാടും കുന്നിന്റെ മടിത്തട്ടിലേക്ക് കയറുമ്പോള്‍ നിരനിരയായി കിടക്കുന്ന ജെ സി ബി കളും പാറതുരപ്പന് യന്ത്രങ്ങളും ടിപ്പര്‍ ലോറികളും പൊക്ലെയിനുകളും കണ്ടപ്പോള്‍ പുറപ്പെടും മുമ്പ് ഉപ്പിലാടും കുന്നിനെക്കുറിച്ച് പറഞ്ഞതയാള്‍ ഓര്ത്തു.

” മറ്റെല്ലാ പച്ചപ്പുകളും അന്ത്യശ്വാസം വലിച്ചു തുടങ്ങിയിട്ടുണ്ട് അല്ലെങ്കില് കച്ചവടക്കണ്ണുള്ളവര്‍ അതിന്റെ ഹൃദയം ചൂഴ്ന്നെടുത്ത് വിദേശ ടൂറിസ്റ്റുകളെയിറക്കി ആവോളം ലാഭം മൊത്തിക്കുടിക്കുകയാണിപ്പോള്‍ അതല്ലെങ്കില്‍ റിയല് എസ്റ്റേറ്റുകാര് വില്ലകള്‍ പണിയാന്‍ പ്ലോട്ടു തിരിക്കുന്നു നഗരത്തിന്റെ അടുത്ത് ഇരയാണ് ഉപ്പിലാടും കുന്ന്”

പരശ് തുടര്ന്നു. ജീവന് സകലകോശങ്ങളുടേയും ചെവി ആ വാക്കുകള്‍ക്കു നേരെ തുറന്നു പിടിച്ചു.

” നിങ്ങള്ക്ക് ആനന്ദിക്കാനുള്ള ഇടമല്ലേ വേണ്ടത്? അതിന്റെ ജീവന് കെടും മുമ്പേ ആനന്ദിച്ചിട്ട് ഓടിപൊയ്ക്കൊള്ളുക”

പരശ് മടങ്ങാന് നേരം ജീവന്‍ ഒരു അഞ്ഞൂറ് രൂപ അയാളുടെ കയ്യില്‍ തിരുകി വച്ചു കൊടുത്തു

” എന്തായിത്?”

”ഇരിക്കട്ടെ ആവശ്യങ്ങള് ഉണ്ടാകുമല്ലോ”

വര്ഷങ്ങളായി കൈക്കൂലി കൊടുക്കുമ്പോള്‍ സ്ഥിരം പറഞ്ഞു ജീവന് കാണാതെ പഠിച്ചു പോയ വാക്യം.

” ഞാനൊരു വേശ്യാലയ നടത്തിപ്പുകാരനല്ല വഴികാട്ടിയാണ് ഈ ആനന്ദിക്കാനുള്ള ഇടം എന്റെയല്ല നിങ്ങള്ക്കും കൂടി അവകാശപ്പെട്ടതാണ്”

പരശ് ആ കാശ് വലിച്ചെറിഞ്ഞിട്ട് മഴുവുമായി കാട്ടിനുള്ളിലേക്ക് കയറിപ്പോയി.

അവിടെ നിന്നുകൊണ്ടു തന്നെ ജീവന് സാരംഗിയെ വിളിച്ചെങ്കിലും കോള് കണക്ട് ആവാത്തതു കൊണ്ട് കുന്നിന് മുകളില് ചെന്ന് ആനന്ദം നുകരാനായി ഓടി വരാന് ഫോണിലൂടെ ഏറെ ബദ്ധപ്പെട്ടു ആവശ്യപ്പെട്ടു.

അയാള്‍ല് സാരംഗിയുമായുള്ള വരാനിരിക്കുന്ന സ്വപ്നത്തിലലിഞ്ഞു നടക്കവെ സ്വപ്നത്തിനു കുറുകെയൊരു ചേരപ്പാമ്പ് കയറി വന്നു . തൊട്ടു പുറകെ കുറെയധികം പാമ്പുകള്. അയാള് മഞ്ഞച്ചേരകള്‍ക്കൊപ്പം പുളഞ്ഞു. അവ അയാളെ നക്കിത്തുടച്ചു നാവുകളിഴഞ്ഞു അയാള് കുപ്പായം ഊരിയെറിയുന്നത് കണ്ടവയും തോലുകള്‍ ഉരിഞ്ഞെറിഞ്ഞു. കപ്പയൂറ്റിയ കണക്കെയുള്ള മണവവിടമാകെ പടര്ന്ന് നുരയും പതയും അവിടെയാകെ ഒഴുകി. അയാള്‍ പാമ്പാട്ടവും കടന്ന് മുന്നോട്ടെഴുന്നേറ്റു നടക്കാന്‍ തുടങ്ങി. വാലുകളിയുയര്‍ന്നു ചേരകള്‍ അത്ഭുതപരതന്ത്രരായി . അവര്ക്കതൊരു പുതിയ അനുഭവമായിരുന്നു . കൂട്ടത്തിലത്ര നേരവും ആടിക്കൊണ്റ്റിരുന്നവന് അവനാവശ്യമുള്ള അനുഭൂതി കിട്ടിക്കഴിഞ്ഞപ്പോല്‍ കൈതക്കാടുക്കാടുകള്‍ക്കുള്ളിലേക്ക് കയറി പോകുന്നു. നടന്നു കുറെ കഴിഞ്ഞപ്പോള്‍ കരിയിലകളെ ഞെരിച്ചമര്ത്തി ആരൊക്കെയോ വരുന്ന ശബ്ദം കേട്ടപ്പോള്‍ നേരമിരുട്ടിതുടങ്ങിയത് കൊണ്ടാവണം ജീവന്‍ കല്ലന്മുളകള്‍ക്കിടയില്‍ ഒളിച്ചിരുന്നു. കൂട്ടത്തില്‍ ബലിഷ്ഠനായ ഒരു ആദിവാസി യുവാവ് മുന്നോട്ടു വന്ന് കുന്തിച്ചിരുന്നു . കൈകള് നീട്ടി തൊട്ടു പുറകെ ഒലര്ച്ച കേട്ടു അവനില്‍ നിന്ന്.

” ചോലയാരാണെടാ മൂടിയത്?”

പെരുങ്കായര് അവിടെ നിന്നാണ് പണ്ട് മുതല്ക്കേ വെള്ളം ശേഖരിച്ചിരുന്നത്. ഒരു പകല് കൊണ്ടു ചോല കാണാതായതവരെ അരിശപ്പെടുത്തിക്കാണണം.

ഒരു വെടി ശബ്ദം കേട്ടു തലയുയര്ത്തി നോക്കി . നെഞ്ചില് നിന്നു ചോര തുപ്പി ബലിഷ്ഠനായ പെരുങ്കായര് താഴെ പിടഞ്ഞു വീണൂ. ചുറ്റും നിന്ന ആദിവാസികള്‍ നിലവിളിച്ചുകൊണ്ടോടി. കൂട്ടത്തിലൊരുത്തന്‍ തട്ടിത്തടഞ്ഞു കല്ലന് മുളകള്ക്കിടയില് വന്നു വീണൂ. അവന് നിലവിളിക്കും മുമ്പ് ജീവനാ വായ് പൊത്തി.

പെരുങ്കായന്റെ ശവവും വലിച്ചെടുത്ത് കയ്യില്‍ തോക്കുകളുമായി അകലങ്ങളിലേക്ക് നീങ്ങുന്നവരെ ജീവന് കണ്ടു. ശബ്ദിച്ചാല്‍ ഇവനൊപ്പം താനും പിടഞ്ഞു വീഴും. അവരകന്നു പോയപ്പോള്‍ ജീവന്‍ അവശേഷിച്ചവനോടു ചോദിച്ചു.

”നിങ്ങള് എവിടെ നിന്നു വരുന്നു എന്തു ചെയ്യുകയായിരുന്നു അവിടെ?”

അവനത് വലിയ അപമാനമായി തോന്നി അവന്റെ മറു പടിയില് ആ സ്വത്വ ബോധം നിഴലിച്ചു.

” ഞങ്ങ ഇബിടുത്ത്കാരാ നീങ്ങ ആരാ”

മൊത്തം മനസിലായില്ലെങ്കിലും അവനെന്തോ ഉള്ളില് തടഞ്ഞു കാണണം.

” ഞാങ്ങേന്റെ ചോലയാരിപ്പോ മൂടി”

കരള് തേടിയിറങ്ങി അലഞ്ഞപ്പോള്‍ അല്പ്പം വെള്ളം കുടിക്കാന്‍ വന്നവരാണെന്ന് ജീവനു മനസിലായി.

” എന്തിനാണ് നിങ്ങള്‍ക്ക് കരള്‍ ആരുടെ കരളാണ് നിങ്ങള്ക്ക് വേണ്ടത്?’ ‘ ജീവന് ഭയപ്പോടെ ചോദിച്ചു.

” മൂപ്പനു ബേണ്ടിറ്റാ”

എന്നിട്ടവന് ഒരു കഥ പറഞ്ഞു .അത് ജീവനോട് നാലാം ക്ലാസില് വച്ച് സുഷമ ടീച്ചര് പറഞ്ഞ മുതലയുടേയും കുരങ്ങച്ചന്റെയും കഥയോട് ചേര്ന്നു നില്‍ക്കുന്നതായിരുന്നു.

മൂപ്പനു മാറാവ്യാധി പിടിപെട്ടത്രെ മാറണമെങ്കില് നദിക്കരയിലെ കുരങ്ങച്ചന്റെ ചൂടുള്ള കരള് വേണം പെരുങ്കായന്മാര് കുരങ്ങച്ചനെ തപ്പിയിറങ്ങി .

ഞാവല് മരത്തിന്റെ മുകളില് ഇരിക്കുന്ന ഹൃദയം എടുത്തു കൊണ്ട് വരാമെന്ന് പറഞ്ഞു പോയ കുരങ്ങച്ചനെ പിന്നെയാരും കണ്ടിട്ടില്ല.

ആ കുരങ്ങച്ചന് തന്ത്രം യുഗങ്ങളായി അതേ പടി ആവര്ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

അന്ന് രക്ഷപ്പെട്ട കുരങ്ങച്ചന് ഇവിടെയാണെത്രെ താമസിക്കുന്നത് അവനെ തേടിയിറങ്ങിയതാണ് പെരുങ്കായന്മാര്.

കരിയിലകള് വഴിമാറികിടക്കുന്നിടത്ത് ചെന്നപ്പോള് ജീവനെ അവന് തടഞ്ഞു

” ചോരെടെ മണൊണ്ട്”

കുറച്ച് ദൂരെ മാറി ഒരു കുരങ്ങച്ചന് കണ്തുറന്ന് ചത്തു മലച്ചു കിടക്കുന്നത് ജീവന് കണ്ടു . ആരോ നെഞ്ചു കീറി പിച്ചാത്തി കൊണ്ട് ഒട്ടും വേദനിപ്പിക്കാതെ മനോഹരമായ ഒരു കൈവേല കണക്കെയാവണം വട്ടത്തില് കരള് ചെരണ്ടിയെടുത്തിരിക്കുന്നത്.

ഹൃദയമാണെന്നു കരുതി ആമാശയം വരെ നെടുകെ വരഞ്ഞ് മുറിച്ചിട്ടിരിക്കുന്നു അതിനുള്ളില്‍ ദ്രവിക്കാത്ത പ്ലാസ്റ്റിക് കഷണങ്ങള്, ചെറിയ തുണികള്, ഇലട്രിക് വയറുകള്.

ഒരു പക്ഷെ മുന്പേ പോയവര്ക്ക് കിട്ടിയത് കുരങ്ങന്റെ പ്ലാസ്റ്റിക് ഹൃദയമായിരിക്കണം.

” ചതി നീങ്ങ കാടന്മാര് ഞങ്ങേനെ പറ്റിച്ചു”

അവന് രോഷാകുലനായി കാടിനുള്ളിലേക്ക് കയറിപ്പോയി.

ഉപ്പിലാടും കുന്നിന്റെ മുകളില് എത്തിയപ്പോഴാണ് താഴെ ഒരു ആള്‍ക്കുട്ടത്തെയും മണ്ണിടിക്കുന്ന ജെ സി ബി യേയും ജീവന് കണ്ടത്.

അത് ഉറ്റുനോക്കി നില്ക്കവേ ജെ സി ബി മണ്ണടരുകള്ക്കിടയില് നിന്ന് എന്തോ ഒന്ന് വലിച്ചു പുറത്തിട്ടു

അത് പുഴമണല് കോരുന്നതിനെതിരെ ഒറ്റയാള് പോരാട്ടം നടത്തി ഒരു നാള് കാണാതായ് റാഹേലമ്മയുടെ അസ്ഥികൂടമായിരുന്നു.

രാത്രി പുഴയോടു ചേര്ന്ന മണല്പ്പരപ്പില് കിടക്കവേ ധ്രുവനക്ഷത്രത്തിനരുകില് മറ്റെന്തോ ഒന്നു തിളങ്ങുന്നത് കണ്ടപ്പോള്‍ അയാള്ക്കാകെ സംശയമായി അതേതു നക്ഷത്രമാണ്?.

അയാള് കൂട്ടിയും കിഴിച്ചും ജ്യോതിശാസ്ത്രബിന്ദുക്കള് പന്ത് കണക്കെ സപ്തര്ഷി രേഖയിലേക്കെറിഞ്ഞു തിരിച്ചു പിടിച്ചുകൊണ്ടിരുന്നു.

അയാള് പോലുമറിയാതെ ഗൂഗിള് എര്ത്ത് അതിന്റെ ക്യാമറാക്കണ്ണുകള് ചിമ്മി അയാളെ ഉറ്റു നോക്കി സിലിക്കണ് വാലിയിലെ സര്‍ വറിലേക്ക് പകര്ത്തുകയായിരുന്നു അപ്പോള്‍.

രാത്രിയില് ഇങ്ങനെ കിടക്കുമ്പോള് താമരയിലകള് നദിയില് പടര്ന്നു കിടക്കുന്നത് അതിമനോഹരമാണെന്ന് ജീവനു തോന്നി . ഓരോ മിനിട്ടിലും ഇലകള്‍ വളരുകയാണ് അടിക്കണക്കില്‍ പുഴയുടെ ഉപരിതലമളന്നെടുത്തു വാമനനെ പോലെ ഇലകള് വലുതായി പടര്ന്നു വ്യാപിച്ചു ആളുകള് അത്ഭുതപരതന്ത്രരായി.

ഇലകള് ഇത്ര വലുതാണെങ്കില് താമരപ്പൂവപ്പോള്‍ എത്രത്തോളം വലുതായിരിക്കും. അവരതിനായി കാത്തിരുന്നു. പിറ്റെ ദിവസം താമര പൂത്തത്തു താമരപ്പൂവ് വിടര്ന്നു സൂര്യനെ കണ്മിഴിച്ചു നോക്കാതെ തന്നെ.

ഒരു സാധാരണ താമരപ്പൂവ്.

മുള്ളുകള് ജലോപരിതലത്തില് നഖങ്ങളാഴ്ത്തി കിടന്നു. റഫ്ലേഷ്യയെ പോലൊരു ഭീമന് പൂവ് പകര്ത്താന് വലിയ മെഗാപിക്സിക്കല് മൊബൈല് ക്യാമറകളുമായി എത്തിയവര്‍ ഇളിഭ്യരായി

ആ ഇളിഭ്യതയില്‍ നിന്ന് കരകയറാനാണ് ആള്‍ക്കൂട്ടത്തില്‍ ഒരുത്തന്‍ പൂക്കളുടെ ഇളം ചുവപ്പും ആഫ്രിക്കന് പായലിന്റെ പച്ചയും പടര്ന്ന കുളത്തില് നിന്നും താമരപ്പൂക്കളില്‍ ഒരെണ്ണം പറിച്ചെടുക്കാന്‍ തുനിഞ്ഞത് ആള്ക്കൂട്ടത്തിന്റെ മനസ് ഇലക്ഷന് ഫലം പോലെ പ്രവചനാതീതമായിരുന്നു ആളുകള് അവന്റെ മുങ്ങാം കുഴികളെ കൂകി വിളിച്ചു പ്രോത്സാഹിപ്പിച്ചു.

അവരാദ്യം അവനു വേണ്ടി കരയില് നിന്നു കൊണ്ടൂ മാത്രം ആര്ത്തു .

ചിലര് ഇറങ്ങിയവനെ ചെവി പൊട്ടും കണക്കെ ചീത്ത വിളിച്ചു. വിടര്ന്ന ഇലകള്‍ക്കിടയിലൂടെ നീന്തി തുടിച്ചു വന്ന അവന് മുള്ളുകള്ക്കിടയില്‍ തട്ടി പൊടുന്നനെ അപ്രത്യക്ഷമായി. പിന്നെ അവന്റെ ശ്വാസക്കുമിളകള്‍ പതുക്കെ പതുക്കെ വെള്ളത്തില് ലയിച്ചു ചേരുന്നത് കണ്ടവര്‍ കണ്ണിമയ്ക്കാതെ നോക്കി നിന്നു. അവ നിലച്ചതോടെ ശ്വാസം നിലച്ചു പുരുഷാരം പെട്ടന്ന് ഉള്വലിഞ്ഞു ഇല്ലാതായി.

ആനത്താമരയികളില്‍ തട്ടി എവിടെയെങ്കിലും വീണതാവണം അല്ലെങ്കില്‍‍ മണല്‍ക്കുഴികളില്‍ വീണതാവാം

മൂന്നാം നാള്‍ അവന്റെ മുള്ളുകള്‍ ആഴ്ന്നിറങ്ങി ചീഞ്ഞളിഞ്ഞ് മീന്‍ കൊത്തിയ ശവം കല്ലിടുക്കില്‍ നിന്ന് കണ്ടെത്തി. അവര്‍ ചെല്ലുമ്പോള്‍ അവന്റെ കവിള്‍ ഏതോ ചാവിലിപ്പട്ടി കടിച്ചെടുത്ത് വായിലിട്ടു ചവയ്ക്കുകയായിരുന്നു. അവന്റെ ഉമ്മ ചെറൂപ്പത്തില്‍ ഉമ്മ വച്ചിരുന്ന അതേ കവിളുകള്‍.

ഇലകള്‍ വീണ്ടും വളര്‍ന്നു വീണ്ടും പടര്‍ന്നു അതു കണ്ടിരുന്നപ്പോഴാണ് സാരംഗി വിളിച്ചത്. എപ്പോഴാണ് വരേണ്ടതെന്ന് അറിയാന്‍ അയാള്‍ ശൃംഗാരത്തോടെ പറഞ്ഞു .

” നീ പോരൂ ഈ നദിയിലെ താമരയിലകളാകുന്ന കിടയ്ക്കക്കു മുകളില്‍ നാമിരിക്കും ആ താമരയികളില്‍ കിടന്ന് ‍ നിന്നിലെ ഉപ്പുരസം ഞാന്‍ നക്കിത്തുടച്ചെടുക്കും” അവള്‍ ലജ്ജാവിവശയായി.

”’ ഞാന്‍ വരുന്നു ” അവള്‍ വിളിച്ചു പറഞ്ഞു

തിരികെ മടങ്ങുമ്പോള്‍ പരശ് എതിരെ വരുന്നു.

” ഞാന്‍ നിങ്ങളെ അന്വേഷിച്ചു വന്നതാണ് നിങ്ങള്‍ എത്രയും പെട്ടന്ന് ഇവിടെ നിന്നു പോകണം ”

”’ ഭാര്യ ഇങ്ങോട്ടു വരുന്നുണ്ട്. ഞാന്‍ സാരംഗിയെ കാത്തു നില്‍ക്കുകയാണ് അവള്‍‍ വന്നിട്ട് പോകാം ”

” അല്ല നിങ്ങള്‍ അതിനു മുന്‍പേ ഇവിടെ നിന്നു പോകണം ”

” നിങ്ങളാരാ പോകാന്‍ എന്നു പറയാന്‍ ഇത് നിങ്ങളുടെ സ്ഥലം അല്ലലോ”

” എങ്കില്‍ നിങ്ങള്‍ എന്നോടൊപ്പം കാട്ടിലെക്കു വരു സാരംഗിയെ ഞാന്‍ കൂട്ടിക്കൊണ്ടു വരാം’ ‘ ” ഇല്ല ഞാന്‍ വരില്ല”

പരശ് ഒന്നും പറയാതെ കാട്ടിലേക്ക് കയറിപ്പോയി.

ഉപ്പിലാടും കുന്നിലെ സകലജലസ്ത്രോതസുകളേയും ആനത്താമരയിലകള്‍ വിഴുങ്ങാന്‍ തുടങ്ങി പലരും ചോദിച്ചു തുടങ്ങി ഈ താമരയിലകള്‍ എങ്ങോട്ടാണ് പായ വിരിക്കും കണക്കെ ആഫ്രിക്കന്‍ പായലിനെ തോല്പ്പിക്കും വിധം പടര്‍ന്നു കയറി പോകുന്നത് താമരവേരുകള്‍ അടിത്തട്ടിലേക്ക് യൂക്കാലിറ്റിപ്സ് കണക്കെ വൈറസുകളായി പുളഞ്ഞിറങ്ങുകയാണ് .

” എവിടെ നിന്നാണീ വേരുകള്‍ വരുന്നത്?”

നദിയുടെ ആഴങ്ങളിലേക്ക് നീണ്ടു പോകുന്ന വേരുകള്‍ നോക്കി ഒരാള്‍ ചോദിച്ചു.

നദിയിലേക്ക് ഇറങ്ങുന്ന ഒരാളും തിരികെ വരുന്നില്ല വേരുകളാഴ്ത്തി മുള്ളൂകള്‍ അമര്‍ത്തി താമരയിലകള്‍ ഓരോരുത്തരെയും കൊന്നു തിന്നുകയാണ് പ്രാണികളെ തിന്നുന്ന പിച്ചര്‍ പ്ലാന്റുകളെ പോലെ ആനത്താമരയില ഓരോരുത്തരെയും തന്റെ നിഗൂഢതകളിലേക്ക് അമര്‍ത്തി കൊല്ലുകയാണ്. ആദ്യം അവ മിന്നാമിനുങ്ങുകളെ വിഴുങ്ങി പിന്നെ ഒരു മരം കൊത്തിയെ വിഴുങ്ങി. മുള്ളുകള്‍ക്കിടയില്‍ പെട്ട് മരം കൊത്തി ഞെരിഞ്ഞമര്‍ന്നു പലര്‍ക്കും തോന്നിത്തുടങ്ങി മാസ് ഡെത്തിലേക്കിനി അധിക ദൂരമില്ല.

അതും കണ്ട് തിരികെ ഭയചകിതനായി നടക്കുമ്പോള്‍‍ സാരംഗി വിളിച്ചു .

” ഞാന്‍ ഫ്ലൈറ്റില്‍ കയറുന്നു ജീവന്‍ ” സാരംഗിയുടെ ശബ്ദം അതിനൊപ്പം അപ്പുറത്ത് ശക്തമായി കാറ്റടിക്കുന്ന ശബ്ദം ”

” സാരംഗി നീ വരരുത് ” ജീവന്‍ അലറി വിളീച്ചു അപ്പോഴേക്കും നെറ്റ് വര്‍ക്ക് പോയി. ഏതോ ടവര്‍ മറിഞ്ഞതാണ് അയാള്‍ ഉറക്കെ പല തവണ പരശിനെ വിളിച്ചു ഒന്നും സംഭവിച്ചില്ല.

ജീവന്‍ മുള്ളിലകള്‍ വിഴുങ്ങിയ പുഴയെ നോക്കി സകലപ്രതീക്ഷകളും നഷ്ടപ്പെട്ടു വെറും മണ്ണില്‍ ഉമ്മ വച്ചു കിടന്നു.

ആ രാത്രിയില്‍ അവനൊരു സ്വപ്നം കണ്ടു.

ആ സ്വപ്നത്തിന്റെ അവസാനം തീമഴയില്‍ കുളിച്ചു ഈഡിത്തും ബൈബിളിലെ ലോത്തിന്റെ ഭാര്യയും കൂടി സാരംഗിക്കൊപ്പം കയറി വന്നു. . ലോത്തിന്റെ ഭാര്യ അനുസരണക്കേടു കാട്ടിയത് കൊണ്ടാണ് ഉപ്പു തൂണായത് അനുസരണക്കേടു കാട്ടുന്ന ലോത്തുമാര്‍ എല്ലാം കാലത്തും വിയര്‍പ്പ് ഉറഞ്ഞ് ഉപ്പുതൂണുകളാവും. അതേ ലോത്തുമാരുടെ വിയര്‍പ്പു തൂണില്‍ നിന്നിറങ്ങി വന്നവരാണ് ജീവനും പുരുഷാരവും.

സാരംഗി പുറം ഗ്രാമത്തില്‍ വന്നപ്പോള്‍ കണ്ടത് നിശബ്ദതയില്‍ ഉപ്പുതൂണായി നില്‍ക്കുന്ന പുരുഷാരത്തെയാണ്.

കുറെക്കൂടി അടുത്ത് വന്നപ്പോള്‍ തമാരക്കുളങ്ങള്‍ ചുറ്റിലും താമരപ്പൂക്കള്‍. അവള്‍ അതിലൊന്നു പറിച്ചെടുക്കാന്‍ ഇറങ്ങി താമരയിലകള്‍ സ്വയം വിടര്‍ന്ന് സാരംഗിയെ ബലിഷ്ഠമായി ആലിംഗനം ചെയ്യാന്‍ അടുക്കുന്നത് ഉപ്പു തൂണായി മാറിയ ജീവന്‍ കണ്ടു.

ജീവന്‍ ഉപ്പായി ഉരുകി ആ താമരയിലയിലേക്ക് ഒഴുകാന്‍ ഒരു ശ്രമം നടത്തി പരാജയപ്പെട്ടു. അനുസരിക്കാത്തവര്‍ ഉപ്പു തൂണായി മാറി ശരല്‍ക്കാലങ്ങളില്‍ ഉപ്പായി ഉരുകി ഒലിക്കുന്നു.

Generated from archived content: story1_oct7_14.html Author: lipinraj_mp

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here