ചുരിദാര്‍ തയ്ക്കേണ്ട വിധം

‘’ ഇതു തയ്യല്‍ക്കടയാണോ? നിങ്ങളാണോ തയ്യല്‍ക്കാരന്‍’‘ എന്ന അഹന്ത നിറഞ്ഞ ചോദ്യം കേട്ടാണയാള്‍ തലയുയര്‍ത്തി നോക്കിയത്.

‘’ അതെന്തു ചോദ്യമാ കുട്ടി? ഇത് ഇന്ത്യയാണോയെന്ന് ചോദിക്കുന്നതു പോലെയാണല്ലോ ബോര്‍ഡെഴുതി വച്ചിരിക്കുന്നത് കണ്ടില്ലായോ’‘

തയ്യല്‍ക്കാരന്റെ കുട്ടി വിളിയും കളിയാക്കും മട്ടിലുള്ള സംസാരവും അവള്‍ക്കും തീരെ പിടിച്ചില്ല.

‘’ ഈ ടൗണിലെ തയ്യല്‍ക്കടകളെല്ലാം എവിടെപ്പോയി ? ഒന്നും തുറന്നു കാണുന്നില്ലല്ലോ തയ്യല്‍ക്കാരുടെ സമരമോ മറ്റോ ആണൊ ഇനി?’‘

പെണ്‍കുട്ടി തന്റെ തലമുറയ്ക്കു സ്വതവേ സമരങ്ങളൊടുള്ള പരിഹാസമനോഭാവം സ്വരത്തിലടക്കി താനൊട്ടും, പുറകില്ലല്ലെന്ന മട്ടില്‍ അധികാരം‍ നിറഞ്ഞ ശരീരഭാഷയോടെ ചോദിച്ചു.

തയ്യല്‍ക്കാരന്‍ അതു കേട്ടില്ലെന്ന മട്ടില്‍ മെഷീനിന്റെ ചെറു ചക്രങ്ങള്‍ തിരിക്കാന്‍ തുടങ്ങി

‘’ ഈ റോഡിന്റെ അങ്ങേയറ്റം തൊട്ടു ഇങ്ങുവരെ നടന്നപ്പോഴാ ഇതു തന്നെ കണ്ടത്’‘ അവള്‍ പതുക്കെ അനുനയത്തിന്റെ ഭാഷയില്‍ പറഞ്ഞു.

‘’ സാരമില്ല കുട്ടി സമരത്തിനാണേല്‍ അതിനേ നേരമുള്ളു ഇപ്പോ ആരാ തയ്ക്കാന്‍ തയ്യല്‍ക്കാരനെ അന്വേഷിച്ചു നടക്കുന്നെ എല്ലാം റെഡിമെയ്ഡല്ലിയോ?’‘

‘’ ഞാന്‍ കുട്ടിയല്ല ആഗ്നസാണ്’‘ അവള്‍ എടുത്തടിച്ചതു പോലെ പറഞ്ഞു. അയാളത് കേട്ടതായി ഗൗനിച്ചില്ല.

‘’ പറയൂ എന്തു വേണം’‘?

അയാള്‍ സമയത്തിനു വിലയുള്ള ലാഭക്കണ്ണുകളുള്ള ഉത്തരവാദിത്വപ്പെട്ട ഒരു കച്ചവടക്കാരനായി.

‘’ എനിക്കൊരു ചുരിദാര്‍ തയ്ക്കണം ഇന്നു തന്നെ തയ്ച്ചു കിട്ടണം ഒരു ഫംഗ്ഷനിടാണ്’‘

‘’ അതെങ്ങനെ ശരിയാകും? ഇവിടിപ്പോള്‍ തന്നെ പിടിപ്പതു പണിയുണ്ട് ഇന്നു തന്നെ തയ്ച്ചു തരാന്‍ പറ്റില്ല ഇപ്പോള്‍ തന്നെ സമയം ഉച്ചയായി’‘

‘’ ഇത്രനേരം ഞാനൊരു തയ്യല്‍ക്കട തപ്പി നടക്കുകയായിരുന്നു. അന്വേഷണം തുടങ്ങിയിട്ട് 2 മണിക്കൂറായി’‘

‘’ എന്നിട്ട് ആരേയും കണ്ടില്ലേ’‘? തയ്യല്‍ക്കാരന്റെ സ്വരം പെട്ടന്ന് സഹതാപാര്‍ദ്രമായി.

‘’ ബ്രോഡ് വേയിലൊരു വയസ്സനെ കണ്ടു അയാളൊരു പഴഞ്ചനാ പുതിയ ഒരു മോഡലും അയാള്‍ക്കറിയില്ല. അയാളോടു തര്‍ക്കിച്ചു നിന്ന് ചുരിദാര്‍ പീസ് പോലും എടുക്കാന്‍ മറന്നു ഞാന്‍’‘

‘’ കുട്ടി ഇതൊരു സാധാരണ തയ്യല്‍ക്കടയല്ല തുണിയെടുത്ത് വരുന്നവരുടെ ഓര്‍ഡര്‍ ഞാന്‍ സ്വീകരിക്കാറുമില്ല. ഞാന്‍ ചെയ്യുന്നത് കസ്റ്റമൈസ്ഡ് സ്റ്റിച്ചിംഗ് ആണ്. അതായത് ഇവിടെയുള്ള ഫാഷന്‍ ഫോട്ടോകളും മോഡലുകളും സാമ്പിള്‍ പീസുകളും കണ്ട് നിങ്ങള്‍ക്ക് തുണിയും ചുരിദാറിന്റെ മോഡലും തിരഞ്ഞെടുക്കാം‍ അതിനനുസരിച്ച് ഞാന്‍ തയ്ച്ചു കൊടുക്കും’‘

‘’ അപ്പോള്‍ എന്റേതായ മാറ്റങ്ങള്‍ പറയാന്‍ പറ്റില്ലേ?’‘

‘’ കുറച്ചൊക്കെ ഞാന്‍ സ്വീകരിക്കും ഇന്നാണേല്‍ ഒന്നും പറ്റില്ല. സമയം തിരെ കുറവ് അതുമല്ല തുണി പോലും തിരഞ്ഞെടുക്കാതെ എങ്ങനെ ഇന്നുതന്നെ തയ്ച്ചു കിട്ടും?’‘

‘’ വളരെ അത്യാവശ്യമാണ് പ്ലീസ് ഒരു മുന്‍ഗണന നല്‍കണം’‘

‘’ എങ്കില്‍ ഒരു കാര്യം ചെയ്യു ആദ്യം ഡ്രസ്സ് ഡിസൈന്‍ നോക്കിയെടുക്കു. അതിനു ശേഷം ബ്രോഷറിലെ ഏതെങ്കിലും ഒരു മോഡല്‍ കൂടി ഉറപ്പിക്കു’‘

‘’ എനിക്കിഷ്ടപ്പെട്ട കളര്‍ ബ്ലാക്ക് ആണ് അതീകൂട്ടത്തില്‍ ഇല്ലല്ലോ’‘ അല്‍പ്പ സമയത്തിനു ശേഷം ബ്രോഷര്‍ ചൂണ്ടി അവള്‍ ഒരു ആവശ്യം കണക്കെ പറഞ്ഞു.

‘’ ഇതില്‍ ഉള്ളതേ ഇവിടുള്ളു ഇഷ്ടപ്പെട്ട കളര്‍ വേണമെങ്കില്‍ പിന്നെ വരു’‘

‘’ ഹാ… ഞാനൊരു അഭിപ്രായം പറഞ്ഞതല്ലേ. അതും എനിക്കിഷ്ടപ്പെട്ട കളര്‍ ഇല്ലന്നല്ലേ പറഞ്ഞുള്ളു’‘

‘’ ഒറ്റ ദിവസം കൊണ്ടൊന്നും തയ്യലിനു ഫൈനല്‍ ടച്ച് വരില്ല ലൈനിംഗ് ഒക്കെ ശ്രദ്ധപൂര്‍വ്വം ചെയ്യേണ്ടതാണ്’‘

‘’ എനിക്കു പക്ഷെ ഇന്ന് വൈകീട്ടത്തേക്കാണിത് വേണ്ടത്. നാളെ കിട്ടിയിട്ട് കാര്യമില്ല താനും. ലൈനിംഗ് എനിക്കൊരു പ്രശ്നമേ അല്ല ‘’

‘’ ഒറ്റ ദിവസം കൊണ്ട് ഇത് തയ്ച്ചാല്‍ ശരിയാകില്ല കുട്ടീ. ഇതൊരു അപാരമായ ക്ഷമ വേണ്ട പണിയാണ്. ആരെങ്കിലും അടുത്തുണ്ടേല്‍ നോക്കിയിരുന്നാലൊന്നും മൊത്തം ശ്രദ്ധ കിട്ടില് സ്വാതന്ത്ര്യ സമരം തന്നെ എത്രനാള്‍ നീണ്ടു നിന്നു. അതേ പോലെ … സമയമെടുത്ത് , പതുക്കെ…” ഒന്നു നിര്‍ത്തിയിട്ട് ഒരു തത്വജ്ഞാനിയേപ്പോലെ തയ്യല്‍ക്കാരന്‍ തുടര്‍ന്നു.

‘’ വിത്ത് മുളക്കുന്നതും വേരു പിടിക്കുന്നതും പോലെ …’‘

‘’ അധികം ഫിലോസഫി വേണ്ട. വേഗം തയ്ച്ചു തന്നാല്‍ മതി. ഞാനിപ്പോള്‍ തന്നെ ഡ്രസ് തിരഞ്ഞെടുത്തു തരാം. നിങ്ങളത് 1857-ലെ വിപ്ലവം പോലെ, പുന്നപ്രവയലാറിലെ വെടി വയ്പ്പുപോലെ വേഗം തയ്ച്ചു തരണം’‘

അവള്‍ ചിരിയോടെ പറഞ്ഞു അയാളും ചിരിച്ചു.

‘’ പക്ഷെ കുട്ടി ഒന്നുണ്ട് തോക്കു കയ്യിലുള്ളപ്പോള്‍ വെടിവയ്ക്കുന്നതല്ല സമരം. എന്നാല്‍ ഗാന്ധിയൊക്കെ നടത്തിയില്ലേ അതേ പോലൊന്ന്. അതും അഹിംസ വച്ചോണ്ട് കുറച്ചു ബുദ്ധിമുട്ടാണ്’‘

‘’ എനിക്ക് ചരിത്രമൊന്നുമറിയില്ല ഇതൊക്കെ അറിഞ്ഞോണ്ടിരുന്നാല്‍ സവോളയുടെ വില കുറയുമോ സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്യാതിരിക്കുമോ?’‘

അപ്പോഴേക്കും കുറെ സ്ത്രീകള്‍ കടക്കുള്ളിലേക്കു കയറി വന്നു. പെണ്‍കുട്ടിയുടെ ബലാല്‍ത്സംഗമെന്ന അവസാനവാക്ക് ദൂരെ നിന്നു കേട്ടപ്പോള്‍‍ തന്നെ, അതിലൊരാള്‍ നെറ്റി ചുളിച്ചു. ഇരുവരേയും തുറിച്ചു നോക്കി. പിന്നെയവിടെയെല്ലാം നാലു കോണിലും കടമുറിക്കുള്ളിലുമെല്ലാം സംശയത്തോടെ കണ്ണുകളോടിക്കാന്‍ തുടങ്ങി.

‘’ എന്താണ് സവോളയും ബലാത്സംഗവും തയ്യലും തമ്മിലുള്ള ബന്ധം?’‘ കുറെ നേരം കഴിഞ്ഞപ്പോള്‍ ആ സ്ത്രീ പെണ്‍കുട്ടിയുടെ തൊട്ടടുത്തു വന്ന് സംശയത്തോടെചോദിച്ചു.

പെണ്‍കുട്ടി ഒന്നും മിണ്ടിയില്ല . തയ്യല്‍ക്കാരന്‍ അതു കേട്ടില്ലെന്ന മട്ടില്‍ ചിരിയടക്കിയിരുന്നു മറ്റു സ്ത്രീകള്‍ ചോദ്യം ചോദിച്ച സ്ത്രീയെ അത്ഭുതത്തോടെ അത്തരമൊരു ചോദ്യമെന്തെന്ന മട്ടില്‍ നോക്കാന്‍ തുടങ്ങി.

ഓര്‍ഡര്‍ ചെയ്ത് അളവെടുത്ത് അവര്‍ തിരിച്ചിറങ്ങിയപ്പോള്‍ പെണ്‍കുട്ടി തലകുമ്പിട്ടിരുന്നു ചിരിക്കാന്‍ തുടങ്ങി. തയ്യല്‍ക്കാരനും ചിരിക്കാന്‍ തുടങ്ങി.

അപ്പോഴേക്കും ഒരു മധ്യവയസ്ക കയറി വന്നു ഇരുവും ചിരി നിര്‍ത്തി. കയറി വന്ന സ്ത്രീ ഇരുവരേയും സംശയത്തോടെ നോക്കി .

അയാള്‍ വീണ്ടും അളവെടുക്കുന്നതിലേക്കു വ്യാപൃതനായി. അവരും പോയിക്കഴിഞ്ഞപ്പോള്‍ അവള്‍ അടക്കാനാവാത്ത രോഷത്തോടെ അയാളോടു ചോദിച്ചു.

‘’ നിങ്ങളെന്തിനാണ് ആദ്യം വന്ന സ്ത്രീയുടെ ഇടുപ്പില്‍ കയറിപ്പിടിച്ചത്?’‘

‘’ അതിനെന്താ കുഴപ്പം?’‘

‘’ നിങ്ങളെന്തിനാ ആ സ്ത്രീ താഴേക്കു കുനിഞ്ഞപ്പോള്‍ അവരുടെ നെഞ്ചിനുള്ളിലേക്കു എത്തിക്കുത്തി നോക്കിയത്?’‘

‘’ തയ്യല്‍ക്കാരനായാല്‍ അവിടെയും ഇവിടെയുമൊക്കെ പിടിച്ചെന്നിരിക്കും ചിലപ്പോള്‍‍ നെഞ്ചളവറിയാന്‍ നോക്കിയെന്നുമിരിക്കും’‘

‘’എങ്കിലും അവരൊരു വിവാഹിതയല്ലേ?’‘

‘’ എന്റെ കുട്ടി ആ മൂത്ത പശുവിന്റെ സകല വികാരങ്ങളുടെയും ഉറവ വറ്റി വരണ്ടു പോയിക്കാണും. അമ്പതു കഴിഞ്ഞ് ഇതെല്ലാം നിലയ്ക്കണമെന്നാണല്ലോ നിയമം. എന്തിനേറെ തൊലിയും ദശയും വരെ മൂത്തു കാണണം’‘

‘’ ആരുടെ നിയമം?’‘

‘’ അല്ല അതാണല്ലോ വയ്പ്പ്’‘

‘’ നാട്ടിലങ്ങനെ പല നിയമങ്ങളും കാണും ശരീരത്തിനങ്ങനെ ഒരു നിയമവുമില്ല ‘’

‘’എന്റെ ഫ്രണ്ട്നെക്ക് കുറച്ചു കൂടി ഇറക്കണം’‘

വഴക്കിനിടയില്‍ അവള്‍ ശാഠ്യം പിടിച്ചു. ‘’ അതു ശരിയാവില്ല കുട്ടി എന്തിനാ വെറുതെ …’‘

‘’ എന്നെ കുട്ടിയെന്ന് ഇനി വിളിക്കരുത് നിങ്ങള്‍ ഞാന്‍ ആദ്യം കാണിച്ച ചുഡി ബോട്ടത്തിനെതിരു പറഞ്ഞു. സ്ലിറ്റും വേണ്ടാത്രെ. എന്നോട് പറഞ്ഞത് പോട്ടെ എന്തിനാണ് നിങ്ങള്‍ രണ്ടാമത് വന്ന സ്ത്രീയോട് സ്ലിറ്റ് ഇത്രയേറെ ഇറക്കേണ്ടതില്ലെന്നു പറഞ്ഞത്. അത് എങ്ങെനെയിടണമെന്ന് അവരല്ലെ തീരുമാനിക്കേണ്ടത്? ഇതാണോ കസ്റ്റമെയ്സ്ഡ് സ്റ്റിച്ചിംഗ്?’‘

‘’എങ്കില്‍ സ്ലിറ്റ് വയ്ച്ചേക്കാം ഞാന്‍. പക്ഷെ ആ സ്ത്രീയത് അംഗീകരിച്ചല്ലൊ?’‘

‘’ ഞാനല്‍പ്പം ഇറക്കാനല്ലെ പറഞ്ഞുള്ളു. ഡീപ് നെക്കാക്കി അത്രയങ്ങ് ഇറക്കാനല്ല പറഞ്ഞത്. ബാക്ക് നെക്ക് കൂട്ടി വെച്ച് വേണമെങ്കില്‍ കഴുത്തു മൂടുന്ന കോളര്‍ ടൈപ്പാക്കിക്കോളൂ. അതാകുമ്പോള്‍‍ ഒരു പുരുഷ വിദ്വേഷം വേഷത്തില്‍ തുടിച്ചു നില്‍ക്കും. ആണിനൊപ്പം തുല്യതയും തോന്നിക്കും. ഞാന്‍ വന്നപ്പോള്‍ മുതല്‍ ശ്രദ്ധിക്കുകയാണ് ആദ്യം വന്ന സ്ത്രീ പൈപ്പിംഗ് ചോദിച്ചപ്പോഴും നിങ്ങള്‍ എതിരു പറഞ്ഞു. ഞാന്‍ ലെഗ്ഗിന്‍സ് മാത്രം ധരിച്ചിരുന്ന ഒരാളാണ്. യോക്കിന്റെ ഭാഗത്തെ ഷെയ്പ്പിനായി ഫ്രണ്ട് നെക്ക് ഇറക്കിയേ തീരു’‘

അയാള്‍ ഒന്നും മിണ്ടാതെ തയ്യല്‍ മെഷിനിലെ ചക്രം തിരിക്കാന്‍ തുടങ്ങി കാലുകള്‍ അവയോട് കിന്നാരം പറഞ്ഞു കൊണ്ടിരുന്നു. കൈകള്‍ അതിവേഗം അല്‍ഗോരിത, കണക്കെ മട്ടകോണുകളിലായി തുണിയെ മെഷീനടിയിലേക്കു മാറ്റിമാറ്റി തിരുകി വച്ചു കൊടുത്തുകൊണ്ടേയിരുന്നു. ഒടുവിലയാള്‍ ആരോടെന്നില്ലാതെ എന്നാല്‍ അവളൊടെന്ന പോലെ മട്ടില്‍ പറഞ്ഞു.

‘’ സാരിയാണ് സ്ത്രീകള്‍ക്ക് ഐശ്വര്യം നല്‍കുന്ന ഏറ്റവും കംഫര്‍ട്ടായ വേഷം ‘’

അവള്‍ക്കരിശം വന്ന് മൂക്കു വിറക്കാന്‍ തുടങ്ങി.

‘’ എന്റെ അഭിപ്രായത്തില്‍ ഏദന്‍ തോട്ടത്തില്‍ വച്ച് ഹവ്വയെ ആദം കണ്ടതിനു ശേഷം കണ്ടു പിടിക്കപ്പെട്ട ഏറ്റവും മോശം ഡ്രസ്സുകളിലൊന്നാണ് സാരി. സ്ത്രീയുടെ ലൈംഗികത്വം തുള്ളിത്തുളുമ്പിക്കാന്‍ പറ്റിയ വേഷം വേറെ ഇല്ല. സാരിയുടുത്തു കഴിഞ്ഞാല്‍ പുറത്തു കാണുന്ന സകലതും ഒളിപ്പിക്കാന്‍ വസ്ത്രാക്ഷേപസമയത്തെ തുണികളെല്ലാം വേണ്ടി വരും’‘

അവള്‍ ഒരു ഓര്‍മ്മപ്പെടുത്തലെന്നവണ്ണം പറഞ്ഞു.

‘’ ഏറ്റവും കംഫര്‍ട്ടായ വേഷം ജീന്‍സാണ് മാഷെ ‘’

‘’ ഇക്കണ്ട പൊരിച്ചതും വറുത്തതുമൊക്കെ തിന്നിട്ടാണ് സ്ത്രീകള്‍‍ക്കീ വേണ്ടാതീനങ്ങളും അനാവശ്യ വികാരങ്ങളുമൊക്കെ തോന്നുന്നത്’‘

‘’ ഇതൊന്നും, ഇതൊക്കെ തന്നെ കഴിക്കുന്ന പുരുഷനു ബാധകമല്ലേ ‘’

‘’ അതല്ല ഞാനുദ്ദേശിച്ചത് മിക്ക സ്ത്രീകളും നടക്കുന്നത് തന്നെ മുറിവാലന്‍ തൂക്കണാം കുരുവികളെപ്പോലെയാണ്’‘

‘’ പുരുഷന്റെ എവിടെ കൊഴുപ്പടിഞ്ഞാലും ആര്‍ക്കുമൊരു ലൈംഗിക വികാരവും തോന്നില്ല. സ്ത്രീയുടെ ശരീരത്ത് ഒരു നീരു വന്നു മുഴച്ചാലും എന്തിനു ഒരു കാന്‍സര്‍ മുഴ കണ്ടാലും അതിനെ കാമിക്കാനുള്ള മന‍സിനെയാണ് ആദ്യം പറഞ്ഞു പഠിപ്പിക്കേണ്ടത്’‘

അയാള്‍ നിശബ്ദത പാലിച്ചു. കുറെ കഴിഞ്ഞപ്പോള്‍ അവള്‍ നെറ്റി ചുളിച്ച് സംശയത്തോടെ ചോദിച്ചു.

‘’ നിങ്ങളെന്താണീ തയ്ക്കുന്നത്?’‘

‘’ ഷാളാണു കുട്ടി ‘’

‘’ അതിനു എനിക്കു ഷാള്‍ തയ്ക്കാന്‍ ആരു പറഞ്ഞു ? എനിക്കു ഷാള്‍ വേണ്ടല്ലോ?’‘

‘’ ചുരിദാറിനു ഷാളുകള്‍ പണ്ടു മുതല്‍ക്കേ ഒരു നിര്‍ബന്ധ ഘടകമാണല്ലോ?’‘

‘’അതു നിങ്ങളോടാരു പറഞ്ഞു?’‘

‘’ അല്ലാ ഞാനിവിടെ തയ്ക്കുന്ന എല്ലാ ചുരിദാറുകള്‍ക്കും ഉപയോഗിച്ചാലും ഇലെങ്കിലുമൊരു ഷാള്‍ ഫ്രീയായി കൊടുക്കാറുണ്ട്. മാന്യതയുടെ മറയായി എല്ലാ സ്ത്രീകളും ഷാളുപയോഗിക്കണമെന്നാണ് എന്റെ ആഗ്രഹം ‘’

‘’ എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം. എനിക്കു തന്റെയാ ഔദാര്യം വേണ്ടെങ്കിലോ?’ ‘ അതുമയാളെ കോപാകുലനാക്കിയില്ല. അയാള്‍ ശാന്തതയോടെ പറഞ്ഞു.

‘’ പക്ഷെ കുട്ടി ഷാളുപയോഗിക്കുന്നവരാണ് അച്ചടക്കമുള്ള പെണ്‍കുട്ടികള്‍ ‘’

‘’ അതു തന്നോടാരു പറഞ്ഞു?’

‘’ അപ്പോള്‍‍ ബാക്കിയുള്ളവരോ?’‘

ഒടുവില്‍ തയ്യല്‍ക്കാരന്‍ സഹികെട്ട് പറഞ്ഞു.

‘’ കുട്ടിക്കു താത്പര്യമുണ്ടെങ്കില്‍ എടുത്താല്‍ മതി ഇതൊരു ഓപ്ഷനായി മാത്രം കണ്ടാല്‍ മതി’‘

‘’ എനിക്കു ഓപ്ഷന്‍ വയ്ക്കാന്‍ നിങ്ങളാരാ?’‘

‘ ഞാന്‍ ആരുമല്ല പക്ഷെ പണ്ടു കാലം മുതല്‍ക്കെ ചുരിദാറിനൊപ്പം ഒരു മറയായി ഷാളാണു ഉപയോഗിക്കുന്നത്’‘

‘’ എനിക്കാ മറ വേണ്ട എന്തു മറക്കണമെന്ന് ഞാന്‍ നോക്കിക്കൊള്ളാം. എങ്ങനെയൊക്കെ ഇട്ടാലും ഏതെങ്കിലും ഭാഗത്തൂടെ ഒളിഞ്ഞു നോക്കാനല്ലേ. പണ്ടൊക്കെ ബസ്സ്റ്റൊപ്പില്‍ നിന്ന് ഷാള്‍ വലിച്ചു നേരെയാക്കിയിട്ടിട്ട് ഞാന്‍ മടുത്തു പോയിട്ടുണ്ട്. ഒരു സേഫ്ടി പിന്‍ ഊരിപ്പോയാല്‍ പിന്നെ ടെന്‍ഷനാണ് ആരെങ്കിലും എന്തെങ്കിലും കാണുന്നുണ്ടോയെന്ന് ടെന്‍ഷനടിച്ച് ഞാന്‍ പരീക്ഷയുടെ ഹാള്‍ടിക്കറ്റ് വരെ മറന്നിട്ടുണ്ട്’‘

‘’ ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞൂന്നു മാത്രം’‘

‘’ നിങ്ങള്‍ സംസാരിച്ചിരിക്കാതെ തയ്യല്‍ വേഗത്തിലാക്കു എന്റെ സുഹൃത്ത് ഏഴുമണിക്കു തന്നെ വരും’‘

‘’ ഞാനൊന്നു ചോദിച്ചോട്ടെ ഈ രാത്രിയിലാണോ നിങ്ങള്‍ ഔട്ടിംഗിനു പോകുന്നത്? അതും ഒരു അപരിചിതനോടൊപ്പം?’‘

‘’ ഞങ്ങള്‍ അടച്ചിട്ട ഹോട്ടല്‍ മുറിയിലേക്കല്ലേ പോകുന്നത് ആളുകള്‍ തിങ്ങി നിറഞ്ഞ ഒരു പൊതുസ്ഥലത്തെ ഹോട്ടലിലേക്കാണ്’‘

‘’ കുട്ടി ഇന്നത്തെ കാലത്ത് എവിടെയൊക്കെ എന്തൊക്കെ എപ്പോഴാണ് നടക്കുന്നത് ഒന്നും മുന്‍ കൂട്ടി പറയാന്‍ പറ്റില്ല’‘

”ബുഫേയിലെ ഫുഡ് ഷെയര്‍ ചെയ്തു കഴിക്കാനാണ് ഞങ്ങള്‍ പോകുന്നത്. അല്ലാതെ ശരീരം ഷെയര്‍ ചെയ്യാനല്ല’‘

‘’ അവിടെ കിട്ടുന്നതെല്ലാം‍ വറുത്തതും പൊരിച്ചതുമാണല്ലോ. ഈ പിടക്കോഴിയെ പൂവന്‍ തപ്പി നടന്ന് നിരാശനാവുമ്പോള്‍ ആ നിരാശ കൂടിയാ‍ണല്ലോ അളുകള്‍ ഫ്രൈയായി അകത്താക്കുന്നത്. അത് കഴിച്ചിട്ട് നടക്കുന്നവന്മാരാണിപ്പോള്‍ മിക്ക റേപ്പ് കേസുകള്‍ക്കും പിന്നില്‍’‘

‘’ ആന കരിമ്പ് തിന്നുന്നതു കൊണ്ട് അത് ഷുഗറു വന്ന് ചത്തിട്ടുണ്ടെന്ന് ആരെങ്കിലും കേട്ടിട്ടുണ്ടോ?’‘ കുറെ നേരത്തേക്കിരുവരും നിശബ്ദരായി ഇരുന്നു. അവളാ‍രോടോ ഫോണില്‍ പതിഞ്ഞ സ്വരത്തില്‍ സംസാരിക്കുന്നതയാള്‍ ശ്രദ്ധിച്ചു. എന്നിട്ടു പറഞ്ഞു.

‘’ ഉറക്കെ സംസാരിച്ചോളൂ ശബ്ദം താഴത്തി പറഞ്ഞു പയ്യനെ വിഷമിപ്പിക്കേണ്ട എന്തൊക്കെയായാലും അവന്‍ കാശു കളഞ്ഞു വിളിക്കുന്നതല്ലേ?’‘

‘’ ഇതെന്റെ ബോയ്ഫ്രണ്ടല്ല അമ്മയാണ്. എവിടെ ശബ്ദം താഴ്ത്തിയാലും അതെല്ലാം കാമുകനോടാവണമെന്നില്ല. ഫെയ്സ് ബുക്കില്‍ 12 മണി കഴിഞ്ഞ് എന്നെ കണ്ടാല്‍ ആരാടി അങ്ങേപ്പുറത്ത് എന്ന് ക്ഷോഭിക്കുന്ന ആണ്‍ സുഹൃത്തുക്കളേപ്പോലുണ്ടല്ലോ ഇത്. ഇങ്ങളെന്താ മുമ്പ് പോലീസിലായിരുന്നോ?’‘

അയാളൊന്നും മിണ്ടിയില്ല കുറെ നേരത്തിനു ശേഷം അവള്‍ കോപത്തോടെ ചോദിച്ചു.

‘’ നിങ്ങളെന്താ മകളുടെ കാലു കണ്ടിട്ടില്ലേ?’‘

‘’ ഉണ്ടല്ലോ അതെന്താ അങ്ങനെ ചോദിച്ചത്?’ ‘ ‘’ അല്ലാ ഇടയ്ക്കിടയ്ക്കു നിങ്ങളുടെ ഈ നോട്ടം കയറ്റി വച്ചിരിക്കുന്ന എന്റെ കാലിലെ ലെഗ്ഗിന്‍സിലേക്കു വരുന്നതുകൊണ്ട് ചോദിച്ചതാ’‘

‘’ പെണ്‍കുട്ടികളുടെ ശരീരത്തിലേക്കു തുറിച്ചു നോക്കി കണ്ണുകളാല്‍ പീഡിപ്പിക്കുന്നത് എന്റെ ശീലമല്ല കുട്ടി.’‘

‘’ എനിക്കു നിങ്ങളുടെ കണ്ണുകളേക്കാള്‍ പോക്കറ്റിലിരിക്കുന്ന ആ മൂന്നാം കണ്ണിനെയാണ് പേടി’‘

‘’ അതു പോട്ടെ അച്ഛനും അമ്മയും എന്തു പറഞ്ഞു ഔട്ടിംഗിനു പോകുന്നതിനെകുറിച്ച്. അതോ കള്ളം പറഞ്ഞോ?’‘

‘’ നിങ്ങളെന്താ പറഞ്ഞു വരുന്നത് ഓരോ ബോയ്ഫ്രണ്ടിനൊപ്പം പോകുന്നതിനു മുന്‍പും പോയിക്കഴിഞ്ഞും എന്നെ കന്യാകത്വപരിശോധനയ്ക്കു വിധേയമാക്കണമെന്നാണോ?’‘

അയാള്‍ വീണ്ടും നിശബ്ദനായി.

”ഞാനൊന്നു ചോദിച്ചോട്ടെ മുമ്പു വന്ന സ്ത്രീ സ്ലിറ്റ് ഇറക്കണമെന്ന് പറഞ്ഞത് അവരുടെ ആഗ്രഹം കൊണ്ടല്ലേ? നിങ്ങള്‍ പറഞ്ഞതു കൊണ്ടല്ലല്ലോ? നിങ്ങളെന്തിനാണീ സകലകാര്യങ്ങളും സ്ത്രീ സദാചാരം ലംഘിക്കപ്പെടുന്നുണ്ടോയെന്ന് നോക്കുന്നത്?’‘

‘’ പിന്നേയ് അന്‍പതു വയസുള്ള ആ കെളവിയെ ഇനി ആരു നോക്കാനാ? വല്ല പെണ്‍പിള്ളേര്‍ക്കും ചെയ്തു കൊടുക്കുന്നതു പോലെയാണൊ അത്. എന്റെ അസിസ്റ്റന്റ് ഉണ്ടായിരുന്നെങ്കില്‍ അവന്‍ സ്ലിറ്റിനു പകരം ഫ്രണ്ട് നെക്ക് ഇറക്കി വെട്ടിക്കൊടുക്കും‍ എന്നിട്ട് പറഞ്ഞേനെ അവന് അബദ്ധം പറ്റിയതാണെന്ന്. ചെയ്തു കൊടുക്കുമ്പോള്‍ നമുക്കും ഉള്ളിലൊരു സന്തോഷവും സംതൃപ്തിയും തോന്നേണ്ടെ?’‘

‘’ അങ്ങനെയാണേല്‍ ആരിവിടെ തയ്ക്കാന്‍ വരും ?’‘

‘’ എനിക്ക് ട്രഡീഷണല്‍ മോഡലുകള്‍ തയ്പ്പിക്കാന്‍ വരുന്ന പെണ്‍കുട്ടികളെയാണിഷ്ടം അടക്കവും ഒതുക്കവും ഉള്ള പെണ്‍കുട്ടികള്‍. തൈരു സാദവും പാവക്കാ തോരനും മാത്രം കഴിക്കുന്ന ശാലീന പെണ്‍കുട്ടികളാണവര്‍’‘

‘’ ഇതില്‍ അടക്കമിരികുന്നത് തൈരിലും ഒതുക്കമിരിക്കുന്നത് പാവക്കയിലുമാണോ?’‘

‘’ കുട്ടി സ്ലിറ്റിങ്ങനെ മുകളിലോട്ട് കയറ്റി വച്ച് മുറിച്ചാല്‍ ചുരിദാറിന്റെ മുന്‍ വശവും പുറകുവശവും കാറ്റടിക്കുമ്പോള്‍‍ ഒരേ പോലെ പൊങ്ങിപ്പറക്കും”

‘’ പറക്കട്ടെ’‘

‘’ ലൈനിംഗ് വയ്ക്കട്ടോ? ഈ തുണിയപ്പാടെ നേര്‍ത്തതാ’‘

‘’ വേണ്ട അതുവച്ചാല്‍ വൃത്തി കേട് കുറച്ചു കുറഞ്ഞു കിട്ടും. ആരും കയറിപിടിക്കാനും വരില്ല. ദൂരെ നിന്ന് ആവശ്യമുള്ളതൊക്കെ കണ്ടിട്ടു പോവട്ടെ അവറ്റകള്‍. ഒളിഞ്ഞു നോട്ടവും കുറയും’‘

‘’ ബസ്സിലങ്ങാനും സീറ്റു കിട്ടാതിരിക്കുമ്പോഴും നില്‍ക്കുമ്പോഴും വെറുതെ നമ്മളായിട്ടെന്തിനാ ഒരു കാഴ്ച ഉണ്ടാക്കുന്നെ?’‘

‘’ വയ്ക്കട്ടോ’‘

‘’ വേണ്ട’‘

‘’ അങ്ങനെയാണേല്‍ വല്ല കൊതുകുവലയുമെടുത്ത് ചുരിദാര്‍ തയ്ച്ചു കൂടെ ? അയാള്‍ ക്ഷോഭിച്ചു.‘’ ഇങ്ങനെ ഒന്നും കാണിക്കുന്നില്ലെന്ന മട്ടില്‍ എല്ലാം കാണിക്കുന്നതെന്തിനാണ്?’‘

‘’ ശരി നിങ്ങള്‍ക്ക് എന്നോടുള്ള കരുതലിനെ കരുതി അതു ഞാന്‍ സമ്മതിക്കുന്നു’‘

അവള്‍ക്കയാളുടെ സംസാരം നന്നെ പിടിച്ചു. കുട്ടിയെന്ന അയാളുടെ വിളിയെന്തേ നിലച്ചതെന്ന സംശയം അവള്‍ക്ക് തോന്നാതിരുന്നില്ല.

‘’ എന്താണ് വൈകുന്നേരത്തെ പരിപാടിയുടെ ഉദ്ദേശ്യം? പറയാന്‍ താത്പര്യമുണ്ടെങ്കില്‍?”

അവള്‍ ഇറങ്ങാന്‍ തിടുക്കം കാട്ടാതിരുന്നപ്പോള്‍‍ അയാള്‍ പതുക്കെ ചോദിച്ചു.

‘’ ഹേയ് ..’‘ അവള്‍ ചുമല്‍ വെട്ടിച്ചു.

‘’ ബുദ്ധിമുട്ടാണെങ്കില്‍ പറയേണ്ട’‘

‘’ അതല്ല ഇന്നുരാവിലെ ഒരാളുടെ ആഗ്രഹം ഞാന്‍ നിറവേറ്റിക്കൊടുക്കാമെന്ന് സമ്മതിച്ചു. ജസ്റ്റ് ഒരു ഔട്ടിംഗ് മാത്രം. വൈകുന്നേരം ഡിന്നറിനു കൂടെ വരാമോയെന്ന് ചോദിച്ചു. മൂന്നുമാസമായി ഫോണിലും ഫെയ്സ് ബുക്കിലും എന്റെ പുറകെ ഉണ്ടായിരുന്നു കക്ഷി. പക്ഷെ എന്തോ എനിക്കിപ്പോള്‍‍ പോകാന്‍ വല്യ താത്പര്യം തോന്നുന്നില്ല’‘

‘’ ചുരിദാര്‍ തയ്ച്ചു കഴിയാറായി’‘ അയാള്‍ ഓര്‍മ്മിപ്പിച്ചു.

‘’ നിങ്ങളെപ്പോഴാണ് ഇതടയ്ക്കുന്നത്?’‘

‘’ ഒരു ഏഴ് ഏഴര മണിയാകുമ്പോള്‍‍’‘

‘’ നിങ്ങള്‍ വല്ലാത്ത വേഗതയിലാണല്ലോ തയ്ക്കുന്നത്. ഇങ്ങനെ തയ്ച്ചാല്‍ ഫൈനല്‍ ടച്ച് കിട്ടില്ലെന്ന് നേരത്തെ നിങ്ങള്‍ തന്നെയല്ലെ പറഞ്ഞത്?’‘

‘’ ഹേയ് കുട്ടിക്കു വൈകുന്നേരത്തെ ഫംഗ്ഷന് ഇട്ടോണ്ടുപോകേണ്ടതല്ലേയിത്? അതുകൊണ്ടാണു ഞാന്‍ …’‘

‘’ അത്ര തിരക്കു കൂട്ടെണ്ട’‘ അവള്‍ അയാള്‍ മുഴുമിക്കും മുമ്പ് പതുക്കെ പറഞ്ഞു.

അയാളുടെ കാലുകള്‍ നിശബ്ദമായി. കയ്യറ്റത്ത് ഒരു സൂചി കൊണ്ടു കയറി ചോര പൊടിഞ്ഞതു പോലെ അയാള്‍ക്കു തോന്നി.

‘’ തയ്ച്ചു തീര്‍ന്നു ‘’ അയാള്‍‍ പതുക്കെ പറഞ്ഞു.

‘’ എത്രയായി?’‘

‘’അയ്യായിരത്തി നാനൂറു രൂപ’‘

അവള്‍ പണം എണ്ണി വച്ചു.

അവളിറങ്ങാന്‍ നേരം അയാള്‍ പതുക്കെ ചോദിച്ചു.

‘’ ചുരിദാര്‍ ഇഷ്ടപ്പെട്ടോ?’‘

‘’ സത്യം പറഞ്ഞാല്‍ ഇല്ല പക്ഷെ നിങ്ങളെ ഇഷ്ടമായി ‘’

അയാള്‍ നിഷ്ക്കളങ്കമായി ഉറക്കെ പൊട്ടിച്ചിരിച്ചു. അവളും ചിരിച്ചു.

‘’ എന്നെ ഇഷ്ടമായെങ്കില്‍ എന്റെ തയ്യലും ഇഷ്ടമാവേണ്ടേ?’‘

‘’ അതു നിര്‍ബന്ധമില്ലല്ലൊ നിങ്ങള്‍ വേറെ, ജോലി വേറെ. അതുപോലെ തന്നെയാണ് നിങ്ങളെ ഇഷ്ടമാണെങ്കിലും ജോലി ഇഷ്ടപ്പെടാഞ്ഞതും’‘

‘’ ക്ഷമിക്കണം ആഗ്നസ് ഞാന്‍ പെട്ടന്ന് തയ്ച്ചു തീര്‍ക്കാനുള്ള തിരക്കിനിടയില്‍ നിങ്ങള്‍ക്കു പറയാനുള്ള മാറ്റങ്ങള്‍‍ ഒന്നും ചോദിച്ചില്ലല്ലോ. സമയമില്ലാത്തതുകൊണ്ടായിരുന്നു അല്ലെങ്കില്‍…’‘

അവള്‍ ഒന്നും മിണ്ടാതെ ഒരു ചെറു പുഞ്ചിരിയോടെ ബാഗുമെടുത്ത് ഇറങ്ങിപ്പോയി. ചുരിദാര്‍ വാങ്ങാതെ തന്നെ.

Generated from archived content: story1_dec4_13.html Author: lipinraj_mp

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English