‘എന്തു കൊണ്ടാണ് നിങ്ങള്‍ അടുത്തയാഴ്ച അഞ്ചു ലക്ഷം അച്ചീവ് ചെയ്യില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കാത്തത് ?’
‘എന്നെക്കൊണ്ട് ഇതൊക്കെ കഴിയുമോയെന്ന് സംശയമുണ്ട് സാര്‍’
വെങ്കിടിയ്ക്കു പറയാതിരിക്കാനായില്ല.
‘താനതിനു പറ്റിയ ആളാണെന്ന് എനിക്കുറപ്പുണ്ടെടോ. ‘
‘എങ്കി ഞാന്‍ ശ്രമിക്കാം സാര്‍… ‘
‘നാം ചിലപ്പോള്‍ ഇനി കൂടുതല്‍ സമയം ഓഫീസില്‍ ചിലവിടേണ്ടി വന്നേക്കാം.ഹെഡ് ഓഫീസ് നമുക്ക് തന്ന ടാര്‍ജറ്റ് മാത്രമാണ് നമുക്കു മുമ്പിലുള്ളത്. ‘
‘എനിക്കതു ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല സാര്‍.വീട്ടില്‍ ചില പ്രശ്നങ്ങളുണ്ട് ‘
ദേഷ്യം തികട്ടി വന്നെങ്കിലും അയാളത് വെളിയില്‍ കാട്ടിയില്ല.
‘നിങ്ങളീ ആള്‍ക്കാരെ അധികം സേവിക്കണ്ട കാര്യമില്ല.ബിസിനസ്സില്‍ ഫിഗറുകളാണ് പ്രധാനം.നിങ്ങള്‍ പറഞ്ഞിട്ടും ഇതെടുക്കാതെ പത്തു പേര്‍ പോയാല്‍ പോട്ടെയെന്ന് വയ്ക്കണം.പതിനൊന്നാമനെ കൊണ്ടിത് എടുപ്പിക്കുന്നതിലാണ് നമ്മുടെ കഴിവ്.”
‘ശ്രമിക്കാം സാര്‍’
”ശ്രമിക്കാമെന്നു പറഞ്ഞാല്‍ നടക്കില്ലെന്നാ മാര്‍ക്കറ്റിംഗിലെ പാഠം.”
”നടക്കണം,നടക്കും,നടന്നേ പറ്റൂവെന്ന് പറയൂ..പല തവണ അതു പറഞ്ഞ് മന:പാഠമാക്കൂ..”
”എങ്കി ശ്രമിച്ചേക്കാം..”
ഊര്‍ജ്ജമൂര്‍ന്നു വറ്റിയതുപോലെയായിരുന്നു വെങ്കിടിയുടെ ആ മറുപടി.
”നിങ്ങളെ കൊണ്ടു കഴിഞ്ഞില്ലെങ്കില്‍ വേറെ ആര്‍ക്കും പറ്റില്ലെടോ.നടക്കും എന്നു തന്നെ പറയൂ…”
”നടക്കും”
പൊന്തക്കാട്ടില്‍ വെറും കല്ല് വീഴും പോലെയായിരുന്നുവത്.
”എങ്ങനെ”
”അതെനിക്കറിയില്ല.”
”നിങ്ങളല്ലേ പറഞ്ഞത് നടക്കുമെന്ന്..”
”അതു നിങ്ങളു പറഞ്ഞിട്ടല്ലേ ?.”
ലവനെ ഇപ്പണിയ്ക്കു കൊള്ളില്ലെന്ന് മനസ്സില്‍ പറഞ്ഞങ്കിലും അയാളത്് വെളിയില്‍ കാട്ടിയില്ല.അനിഷ്ടം കാട്ടിയാലതു തന്റെ മാര്‍ക്കറ്റിംഗിന്റെ പരാജയമാണ്.
”നടക്കും,അങ്ങനെ തന്നെ വിശ്വസിക്കൂ.”
”എന്റെ മനസ്സു പറയുന്നു ഇത്തവണ നിങ്ങള്‍ അഞ്ചു ലക്ഷം അച്ചീവ് ചെയ്യുമെന്ന്.”
വേഗം മുഖത്തൊരു പുഞ്ചിരി ചേര്‍ത്തൊട്ടിച്ച് തലേന്ന് മാനേജര്‍ താന്‍ പങ്കെടുത്ത മാര്‍ക്കറ്റിംഗ് ക്ലാസിലെ പേഴ്സണാലിറ്റി ട്രെയിനര്‍ പറഞ്ഞ വാക്കുകളോര്‍ത്തെടുത്തു.
മുന്നിലിരിക്കുന്നവരില്‍ ആവേശം നിറയ്ക്കണം.
പിന്നെ റിവോള്‍വിംഗ് ചെയറില്‍ നിന്ന് അല്പം ഉയര്‍ന്ന് കൃത്രിമാവേശത്തോടെ ചോദിച്ചു.
”പറയൂ നിങ്ങളിലെത്ര പേര്‍ അടുത്തയാഴ്ച അഞ്ചു ലക്ഷം അച്ചീവ് ചെയ്യും?”
നിമിഷാവേശത്തിന്റെ ഉച്ചസ്ഥായിലെത്തി നില്‌ക്കെ കപടതയുടെ കൈകള്‍ പൊക്കി എല്ലാവരും യേസ് സര്‍ വീ വില്‍ അച്ചീവ്’ എന്ന് പൊളളത്തരത്തിന്റെ ടൈയ്ക്കും കോട്ടിനുമൊപ്പം ഔപചാരികതയുടെ മുഖംമൂടിയണിഞ്ഞു പറഞ്ഞപ്പോള്‍ ഭാര്യയുടെ ശകാരമെത്ര കേട്ടിട്ടും ശക്തി ഒട്ടും കുറയാതെ നട്ടെല്ലിന്റെ കശേരുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന അയാളുടെ ആത്മാര്‍ത്ഥത വെങ്കിടിയോടു മാത്രം കൈകള്‍ പൊക്കാതിരിക്കാന്‍ ആവശ്യപ്പെട്ടു.സമാനമായ ആത്മാര്‍ത്ഥതയുടെ ഒരു തള്ളിക്കയറ്റം അയാളുടെ കൊറോണറിധമനികളില്‍ നിന്നും ഉണ്ടായതോടെ സൂചിക്കുത്തേറ്റവന്റെ നിര്‍ദ്ദയതയോടെ വെങ്കിടിയതു അനുസരിച്ചു. ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒറ്റപ്പെട്ടവന്റെ പ്രശ്‌നം അറിയുന്നവനാണെന്ന മട്ടില്‍ അയാള്‍ വീണ്ടും വെങ്കിടിയ്ക്കു നേരെ തിരിഞ്ഞു.
ഞാനുണ്ടെടോ കൂടെ….തുറന്നു പറയൂ, എവിടെയാണ് തനിക്ക് സ്ഥിരം പിഴയ്ക്കുന്നത് ? ”
”വെങ്കി, കഴിയുമെടോ….നമുക്കും ചിലതൊക്കെ അച്ചീവ് ചെയ്യണ്ടേ?”
കപടനിറങ്ങളുടെ ചായക്കൂട്ടുത്തട്ടത്തില്‍ ചാലിച്ചെഴുതിയ മാനേജരുടെ മുഖംമൂടി കീറാന്‍ വെങ്കിടിയ്ക്കു തീരെ താല്പര്യം തോന്നിയില്ല.
‘തുറന്നു പറയൂ, എവിടെയാണ് തനിക്ക് സ്ഥിരം പിഴയ്ക്കുന്നത് ? ഞാനുണ്ടെടോ കൂടെ…”
ആളുകളേക്കാള്‍ അവരുടെ സ്ഥാനങ്ങള്‍ക്ക് വിലയുളള ഓഫീസിടങ്ങളിലെ ഫയല്‍മണത്തിന്റെ അകമ്പടിയോടെ വളര്‍ന്നിട്ടും തന്റെ നിസ്വാര്‍ത്ഥമായ മൗനത്തിനേറെ വിലയും ഭംഗിയുമുണ്ടെന്നാദ്യമായി വെങ്കിടി തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു,അത്. മീറ്റിംഗ് കഴിഞ്ഞ് മടങ്ങി വന്നതിനു തൊട്ടു പുറകേ മാനേജരുടെ ഉപദേശത്തിന്റെ ചാറ്റല്‍മഴ വന്നു. നിങ്ങളെന്തിനാണയാളെ സതീഷ് ചേട്ടായെന്നു വിളിച്ചത്.മാര്‍ക്കറ്റിംഗിലയാളും സതീഷ് സാര്‍ ആണ്.വെറും സതീഷ് സാര്‍ മാത്രം.മാനേജര്‍ ക്ലര്‍ക്കിനോടു കയര്‍ത്തു.
തിരികെ സീറ്റില്‍ വന്നിരുന്നിട്ടും മാനേജര്‍ ടാര്‍ഗറ്റുകളെക്കുറിച്ചു മാത്രമാണ് സംസാരിച്ചുകൊണ്ടേയിരുന്നത്.
”നെഗറ്റീവായി മറുപടി പറയുന്നവര്‍ പോട്ടെടോ..പത്തുപേരോടു നിങ്ങള്‍ നമ്മുടെ ഇന്‍ഷ്വുറന്‍സ് പ്രൊഡക്ടുകളെക്കുറിച്ച് പറഞ്ഞാല്‍ മൂന്നു പേര്‍ക്കതിനെക്കുറിച്ചറിയാന്‍ താല്പര്യം കാണും.ആ മൂന്നു പേരാവണം നമ്മുടെയിരകള്‍.അതിലൊരാളെ കൊണ്ട് നിര്‍ബന്്ധമായും പ്രൊഡക്ടു എടുപ്പിക്കണം.അല്പസ്വല്പം കള്ളമൊക്കെ കൂട്ടിച്ചേര്‍ത്താലും കുഴപ്പമില്ല.അതൊരു വലിയ തെറ്റേ അല്ല.മാര്‍ക്കറ്റിംഗില്‍ അതും വേണം.”
വാറന്‍ ബുഫറ്റുമതിനെ അനുകൂലിക്കുമെന്ന മട്ടിലായി മാനേജര്‍.
”ആന കയറിയ കരിമ്പിന്‍കാടു പോലെയാ ഇപ്പോള്‍ ഇന്‍ഷ്വുറന്‍സ് രംഗം.സംശയം തോന്നാതെ നല്ലൊരു ഇന്‍വെസ്റ്റുമെന്റു അവസരമുണ്ടെന്ന് പറഞ്ഞ് തുടങ്ങണം.പത്തു ലക്ഷം ഒന്നിച്ച് ഒരു ഇന്‍ഷ്വുറന്‍സ് ഫണ്ടിലും ഇടീപ്പിക്കരുത്.പലതാകുമ്പോ ഒന്നിടിഞ്ഞാലും മറ്റേത് കോമ്പന്‍സേറ്റ് ചെയ്തോളും.”
നഷ്ടത്തിന്റെ നികത്തിയെടുക്കലും ലാഭത്തിന്റെ ചൂതുകളിയും കേട്ടുകേട്ടു വെങ്കിടിയ്ക്കു ഇരിക്കാന്‍ വയ്യാതായി.ഹൃദ്രോഗവിദഗ്ദന്റെ കണ്‍സള്‍ട്ടിംഗ് റൂമില്‍ അറിയാതെ ചെന്നുപെട്ടുപോയ ചെറിയ പല്ലുവേദനക്കാരനെപ്പോലെയായി .വെങ്കിടി.
തൊട്ടടുത്ത ദിവസം തലയിലടിച്ചേല്‍പ്പിച്ച പേഴ്സണാലിറ്റി ട്രെയിനിംഗ് ക്ലാസില്‍ വീര്‍പ്പുമുട്ടിയിരിക്കെ തൊട്ടടുത്തിരുന്നവര്‍ പറഞ്ഞത് വെങ്കിടി നിശ്ശബ്ദം കേട്ടിരുന്നു.
”ആളുകളുമിപ്പോള്‍ നമ്മളെ പോലെ കളളത്തരം പഠിച്ചുപോയി.”
”എന്നാ പറ്റി?”
”ആറു കമ്പനികളുടെ പോളിസിയെടുത്തയൊരാള് ഇന്നലെ രാത്രി മരിച്ചു.ഫണ്ട് മാനേജര്‍മാര്‍ കീറും.പഹയന്‍ കാശിട്ടത് പലതായിട്ടാ.കുറച്ച് ഷെയറില്‍,ബാക്കി ഇക്വറ്റിയില്‍..ഹോ..മുടിഞ്ഞ ബുദ്ധി.കാശു കൊടുത്തേ പറ്റൂ…നമ്മടെ ഒരു ഉഡായ്പും നടക്കുകേലാ.”
തിരിച്ചു വന്നതിനു തൊട്ടു പുറകേ മാനേജരുടെ ഉപദേശത്തിന്റെ ചാറ്റല്‍മഴ വന്നു.
”താന്‍ ധൈര്യമായി ഈ ഏരിയയില്‍ നമ്മുടെ ഇന്‍ഷ്വുറന്‍സ് പ്രൊഡക്ടുകള്‍ മാര്‍ക്കറ്റ് ചെയ്‌തോളൂ.. എന്തായാലും അടുത്ത വര്‍ഷം തനിക്ക് ട്രാന്‍സ്ഫര്‍ കിട്ടും.ഞാനും പോകും.ഇനി വരുന്നവര്‍ ബാക്കി നോക്കിക്കോളും.മാനേജരുടെ ആവേശത്തിന്റെ കുന്തമുന വെങ്കിടിയ്ക്കു നേരെ തിരിഞ്ഞു. ഞാനീ നാട്ടുകാരനാണു സാര്‍.ഇവിടെ തന്നെ സ്ഥിരമായി താമസിക്കേണ്ടവന്‍. വെറും ഉറപ്പ് മാത്രം മതിയെങ്കില്‍ അതു ഞാന്‍ തരാം”.
മാനേജരുടെ ക്ഷമയുടെ കയര്‍ രണ്ടായി മുറിഞ്ഞു.
“പിന്നെ പറയെടോ.ഞാനെന്തു ചെയ്യണം.?മോളിലിരിക്കുന്നോര്‍ക്കെല്ലാം ഫിഗറുകള്‍ മാത്രം മതി.വെറും അക്കങ്ങള്‍ മാത്രം മതി.അഞ്ചു ലക്ഷം കോടി ബിസിനസ്സു നേടാന്‍ ഞാനടക്കം എത്ര ഓഫീസര്‍മാര്‍ കോടിവെള്ളമുണ്ടു പുതച്ചു കിടക്കണം.?മുകളില്‍ നിന്നേ തുടങ്ങും
ചീത്തവിളി…പ്രഷര്‍..ഹോ..പറയൂ..ഞാനെന്തു ചെയ്യണം..ഒന്നാം റാങ്കു വാങ്ങി ബാങ്ക് പരീക്ഷാഗൈഡ് കാണാതെ പഠിച്ച് ജോലി വാങ്ങുമ്പോള്‍ ഇത്രമേല്‍ പ്രതീക്ഷിച്ചിരുന്നില്ല വെങ്കിടി…
പൊളളത്തരത്തിന്റെ പുകപടലം മാറി ആത്മാര്‍ത്ഥതയുടെ വെളളകീറിയപ്പോള്‍ വെങ്കിടി മാനേജരുടെ ക്യാബിനില്‍ നിന്നിറങ്ങി സ്വന്തം കസേരയില്‍ പോയിരുന്നു.
സ്ത്രീകള്‍ കൈകാണിച്ചാല്‍ മാത്രം നിര്‍ത്താറുളള ബസ്സിറങ്ങി വീട്ടിലേക്കു വന്നപ്പോള്‍ സ്ഥിരം വരുന്ന തുണിക്കച്ചവടക്കാരന്‍ ബംഗാളിപ്പയ്യനെ കണ്ടു.
ഒന്നും വേണ്ടയെന്ന് ഒറ്റ വാക്കില്‍ അറുത്തുമുറിച്ചു പറഞ്ഞപ്പോള്‍ ഭാര്യ അയാളോട് കയര്‍ത്തു. ”നിങ്ങളെന്തിനാ മനുഷ്യാ ആ ബംഗാളിതുണിക്കച്ചവടക്കാരനെ ഇറക്കിവിട്ടത്.” ”അവന്‍ പറഞ്ഞു കഴിഞ്ഞാല്‍ എനിക്കതു വാങ്ങിയേ പറ്റൂന്നാകും.അത്രയ്ക്കാണ്്് അവന്റെ വാചകമടി.അതു കേട്ടാലേ ആരും വാങ്ങിപ്പോകും.”
”ശ്ശോ..വാങ്ങാന്‍ പറ്റിയില്ലെങ്കിലും വെറുതേ ആ ഡിസൈനുകളെങ്കിലും ഒന്നു കാണാമായിരുന്നു.അവനാ സാരിയൊന്ന് നൂര്‍ത്ത് കാണിച്ചേനെ.”
ഭാര്യയതു പറഞ്ഞപ്പോള്‍ അയാള്‍ക്ക് ആ ബംഗാളിതുണിക്കച്ചവടക്കാരനോടും സ്വയംഭൂവായ അസൂയ തോന്നിയെങ്കിലും അതു മറയ്ക്കാന്‍ വേണ്ടി മകനെ ഒരു കാരണവും കൂടാതെ പൊതിരേ തല്ലി തന്റെ അപകര്‍ഷതാബോധത്തിന്റെ വീര്യം ശമിപ്പിച്ചു.
ഇന്റര്‍വ്യൂ മെമ്മോ ലഭിക്കുമ്പോഴും ഇന്‍ ചെയ്ത് ക്ലീന്‍ ഷേവായി നടക്കണമെന്ന് വെങ്കിടിക്കറിയില്ലായിരുന്നു.പിറ്റേ ദിവസം സ്വന്തം താടിയെ ജീവനു തുല്യം സ്‌നേഹിച്ചിരുന്ന സ്ഥിരം അയഞ്ഞ പാന്റ്‌സും മുറിക്കയ്യന്‍ ഷര്‍ട്ടുമിട്ടിരുന്ന ഓഫീസര്‍ ഫുള്‍ക്കൈ ഷര്‍ട്ടില്‍ ക്ലീന്‍ ഷേവായി എത്തിയപ്പോള്‍ വെങ്കിടിക്കു തലേ ദിവസത്തെ പേഴ്‌സണാലിറ്റി ട്രെയിനറുടെ സ്വാധീനം മനസ്സിലായി.ടാര്‍ജറ്റ് തികയ്ക്കേണ്ടവരുടെ പട്ടികയിലെ തന്റെ പേരിനു നേരെ മാത്രം ശൂന്യമായ കോളം മാനേജര്‍ വരച്ച ചുവന്ന വട്ടത്തിനുളളില്‍ കിടന്ന് തന്നെപ്പോലെത്തന്നെ ശ്വാസം മുട്ടുന്നത് വെങ്കിടി അറിഞ്ഞു.ഉള്ളില്‍ പഴയ വെങ്കിടിയും പുറത്ത് ടൈയ് മുറുക്കിക്കൊന്നു കൊണ്ടിരുന്ന ശ്വാസത്തിനിടയില്‍ പുതിയ വെങ്കിടിയുമാവാന്‍ അയാളൊരു വിഫലശ്രമം നടത്തിനോക്കി.ഏറെ ശ്രമിച്ചെങ്കിലും രണ്ടു മണിക്കൂറി! നുള്ളില്‍ ആ വെങ്കിടിയും ശ്വാസം മുട്ടിച്ചത്തു.പിറ്റേന്നു മുതല്‍ ക്ലീന്‍ ഷേവായി ഇന്‍ ചെയ്ത് എത്തണമെന്ന് വെങ്കിടിയുറച്ചു. ഒരു പക്ഷേ അന്നു മുതല്‍ പഴയ വെങ്കിടി മരിച്ചു പുതിയ ഓഫീസറായി കാണണം.തസ്തിക മാര്‍ക്കറ്റിംഗ് ഓഫീസര്‍.ഇന്‍സെന്റീവുകളെക്കുറിച്ചുള്ള സുഖദമായ ഓര്‍മ്മയില്‍ പിറ്റേന്നു മുതല്‍ വെങ്കിടി കണ്ണാടിയില്‍ നോക്കിയതേയില്ല.
Generated from archived content: story1_dec28_11.html Author: lipinraj_mp