‘’ കുട്ട്യോളേ, എന്താണീ ക്ലാസിലിത്ര ഇരുട്ട്? ’‘
ദാനിയേല്‍ സാര്‍ വന്നപാടേ ചോദിച്ചു.
‘’ ഞങ്ങക്കറിഞ്ഞു കൂടാ സാറെ , വിമലടീച്ചറും പറഞ്ഞു പുറത്തൂന്നു നോക്ക്യാല്‍ മൊത്തന്മിരുട്ടാണെന്ന്’‘ മുന്‍ ബഞ്ചിലിരുന്ന നിതിന്‍ ചന്ദ്രന്‍ പറഞ്ഞു.
‘’ശെടാ, അകത്തു നിന്നിട്ടും ഒന്നും വായിക്കാന്‍ പറ്റുന്നില്ലല്ലോ’‘
തന്റെ കാഴ്ചക്കുറവായിരിക്കും കാരണമെങ്കില്‍ അതു പുറത്തു കാട്ടാതിരിക്കാന്‍ കണ്ണടയൂരി വീണ്ടുമത് ഉറപ്പിക്കുന്നതിനിടയില്‍ സാര്‍ പരാതിപ്പെട്ടു.
‘’ പുസ്തകത്തിലൊന്നുമില്ലേ സാറെ?’‘
മുന്‍ ബഞ്ചിലിരുന്ന അഖില്‍ മാത്യുവിന് ആകാംക്ഷ. പുഴകടന്ന് കുന്നുകയറുന്ന കാറ്റുപോലെയായിരുന്നു. ഇരുട്ടത്ത് എങ്ങനെ കാണാമെന്ന് എഴുതി വച്ചിട്ടുണ്ടെന്ന് എങ്ങനെയാടാ കഴുതേ പുസ്തകത്തിലെഴുതുക?
‘’ ജീവിതത്തിലെന്തു പ്രശ്നം വന്നാലും അതിനെയെങ്ങനെ നേരിടാമെന്ന് ഒരു പുസ്തകത്തിലും ഞങ്ങളാരേം പഠിപ്പിക്കാറില്ല പിള്ളാരെ. അതിനുള്ള മറുപടി നിങ്ങളീ സ്കൂളില്‍ നിന്നു പഠിച്ചിറങ്ങിക്കഴിയുമ്പോള്‍ നിങ്ങള്‍ക്കു കിട്ടണം” സാറൊരു വിദഗ്ദ ഉപദേശം പതിവുപോലെ സൗജന്യമായി പിള്ളാര്‍ക്കു കൊടുത്തു.
‘’ ഞാന്‍ അച്ഛനോട് പറഞ്ഞ് മലയച്ചനൊരു ഇളം കരിക്ക് നേരട്ടേ സാറേ , എല്ലാം കാണാന്‍?’‘ രണ്ടാം ബഞ്ചിലിരുന്ന സാവിത്രിക്കുട്ടി നിഷ്ക്കളങ്കതയില്‍ മുങ്ങി കുണുങ്ങികുണുങ്ങി ചോദിച്ചു.
അതൊരു വിശ്വാസപ്രശ്നമായതുകൊണ്ടും സാറൊരു ക്രിസ്ത്യാനിയായതുകൊണ്ടും ബോധപൂര്‍വം സാറതില്‍ തൊട്ടില്ല.
”മോളത്തെ ഓടൊക്കെ പൊട്ടിക്കിടക്കുവാ സാറെ ഓടെല്ലാം മാറ്റിയിട്ടാല്‍ കാണാന്‍ പറ്റുമായിരിക്കും” ഹെഡ്മാസ്റ്ററുടെ ഉച്ചഭാഷണിയിനത്തിലെല്ലാവരും 50 പൈസ വീതമടക്കണമെന്ന നോട്ടീസുമായി വന്ന പീയൂണ്‍ തങ്കപ്പന്‍ അതിനൊരു പരിഹാരം നിര്‍ദ്ദേശിച്ചു. കഴുക്കോലുകള്‍ക്കിടയിലേക്ക് കണ്ണുകള്‍കൊണ്ടൊരു ഓട്ടപ്രദക്ഷിണം നടത്തിയെങ്കിലും പ്രായം നരപ്പിച്ച തലമുടിയും കട്ടിക്കണ്ണടയും ദാനിയേല്‍ സാറിനെ കഴുക്കോലുകള്‍ക്കിടയിലേക്ക് നൂണ്ടുകയറാന്‍ വിലക്കി.
മാഷ് ഓട് മാറ്റിയിടാന്‍ തുനിഞ്ഞത് ദാനിയേല്‍ മാഷിന് തീരെ പിടിച്ചില്ല. ടീച്ചര്‍മാര്‍ക്കു മുന്നില്‍ ശ്രദ്ധ നേടാന്‍ കിട്ടിയ അവസരമൊട്ടും കളയാതിരുന്ന അശോകന്‍ മാഷ് മുണ്ട് മടക്കിക്കുത്തി അനായാസേന ഒരു സര്‍ക്കസ് അഭ്യാസിയേപ്പോലെ മേശമേലൊരു കസാലയിട്ട് അതുവഴി ചാടി കഴുക്കോലുകള്‍ക്കിടയില്‍ ഇരുപ്പുറപ്പിച്ചു. പിന്നെ വത്സല ടീച്ചറോട് കണ്ണൂകളില്‍ ചിരിയൊളിപ്പിച്ചുകൊണ്ട് പറഞ്ഞു.
‘’ആ അഭിജ്ഞാന ശാകുന്തളം ഒന്നിറക്കി വച്ചിട്ട് രണ്ടു മൂന്ന് ഓടിങ്ങെട് ടീച്ചറെ’‘
ടീച്ചര്‍ നാണത്തോടെ മുറിയുടെ ഒരറ്റത്ത് വച്ചിരുന്ന് ഓടെടുത്ത് പത്തടി മുകളില്‍ നിന്നിരുന്ന അശോകന്‍ മാഷിനു നീട്ടി. ആ കാഴ്ച കാണാന്‍ ശക്തിയില്ലാഞ്ഞിട്ടാവണം ദാനിയല്‍ മാഷ് ടീച്ചേര്‍സ് റൂമിലേക്ക് പിന്‍വാങ്ങി.
”പറന്നിറങ്ങി താഴെ വന്നിട്ട് ഓട് വാങ്ങി തിരിച്ചു പറന്നിവിടെ വന്നിരിക്കാന്‍ ഞാന്‍ കാക്കയൊന്നുമല്ല. ടീച്ചര്‍ ആ മേശേലോട്ട് കേറി നിന്നിട്ട് താ, എത്തിക്കുത്തി ഞാന്‍ മേടിച്ചോളാം” ക്ലാസ്സിനകത്തു കൂടി നിന്നിരുന്ന ശ്രീലക്ഷ്മി പിള്ളയും അഖില്‍ ബി. ചന്ദ്രനും ഇജാസ് അഹമ്മദും , ജോബി ജോസഫും ആര്‍ത്തലച്ചു ചിരിച്ചു.
‘’ എല്ലാവരും വെളിയിലിറങ്ങി നില്‍ക്ക്. ഓടെങ്ങാനും പൊട്ടി ദേഹത്തു തെറിക്കും‘’ ഓട് മാറ്റിയിട്ടിട്ടും അവിടെ നിന്ന് കുറച്ച് നേരത്തേക്ക് ഇരുട്ടിറങ്ങി ക്ലാസ്സ് മുറിക്ക് വെളിയില്‍ നിന്നെങ്കിലും ഇരുട്ടിനും കുട്ടികളുടെ ബഹളം തീരെ പിടിച്ചില്ല.
മേഘത്തുണ്ടുകള്‍ വേനല്‍ നിഴലുകള്‍ക്കൊപ്പം നോട്ട് ബുക്കുകളിലേക്ക് മഷിത്തൂവിയൊഴുകുന്നതിനിടെയാണ് മാഷ് ചരിത്രമെന്നഴുതിയ തടിയന്‍ പുസ്തകവുമായി ഇരുട്ടിനൊപ്പം നാല് ബി.യി ലേക്ക് കയറി വന്നത്. പതിറ്റാണ്ടുകളായി പറഞ്ഞു പഴകിയ വെളുത്ത അക്ബറും ശിവജിയും പ്ലാസിയുദ്ധവും അദ്ധ്യായങ്ങളില്‍ ബന്ധനസ്ഥരാക്കപ്പെട്ടുതന്നെ കിടന്നു.
മലയാളം ടീച്ചര്‍ കയ്യേറിയിരുന്ന ഹിസ്റ്ററി പിരീഡ് തിരികെ വാങ്ങിത്തന്ന സുധീര്‍ മാഷിനെ എല്ലാവരും എഴുന്നേറ്റു നിന്നു നമസ്തേ സാര്‍ എന്നു വണങ്ങി. ദാക്ഷായണി ടീച്ചറുടെ തുടര്‍ന്നു പോരുന്ന പതിവുപോലെ കഴിഞ്ഞ തവണ എഴുതി നിര്‍ത്തിയ മുഗുളന്മാരുടെ സാമൂഹിക സ്ഥിതിയും സൈനിക ഘടനാ പരിഷക്കാരങ്ങളും എന്ന നോട്ടിന്റെ അടുത്ത പോയിന്റിനായി അവര്‍ ബുക്ക് തുറന്നു വച്ചു.
പക്ഷെ മാഷിന്റെ ചോദ്യം ക്ലാസ്സ് മുറിയുടെ ഒരറ്റത്ത് പതുങ്ങി നിന്നിരുന്ന ഇരുട്ടിനേപ്പോലും വിളറി പിടിപ്പിച്ചു.
‘’ പൊരേടത്തിലൊരു കപ്പക്കമ്പെത്ര നീളത്തില്‍ മുറിച്ച് നടണമെന്ന് നിങ്ങക്കറിയാമോ?’‘
‘’ ഇല്ല’‘
‘’ ചേമ്പോ വാഴയോ നടെണ്ടത് ഏതു മാസത്തിലാണെന്ന് നിങ്ങക്കറിയാമോ?’‘
‘’ ഇല്ല’‘ കുട്ടികളുടെ താളം മുറിയാത്ത ഇല്ല പറച്ചിലിന് രസം പിടിച്ചു.
‘’ നിങ്ങള്‍ സയന്‍സ് പഠിക്കുന്നവരല്ലേ? വീട്ടിലെ മണ്ണെണ്ണ സ്റ്റവ്വിലെത്ര ലിറ്റര്‍ മണ്ണെണ്ണ വേണമെന്ന് നിങ്ങക്കറിയാമോ?’‘
മാഷ് അടുത്ത ചോദ്യം ചോദിക്കും മുമ്പേ കുട്ടികള്‍ ഒറ്റ സ്വരത്തില്‍ ഈണത്തില്‍ പാടി.
‘’ ഇല്ലാ ഇല്ലാ ഇല്ലാ ‘’
‘’ എന്തില്ലാന്ന് ? മാഷ് ഗൗരവത്തില്‍ ചോദിച്ചു . പൊട്ടിച്ചിരിയുടെ കുഞ്ഞരിപ്പല്ലുകള്‍ മാഷിന്റെ മനം കുളിര്‍പ്പിച്ചു. പാഠപുസ്തകം പഠിപ്പിച്ച് മടുത്തുപോയിട്ടും വീണ്ടും മുന്നിലിരിക്കുന്നവരെ പഠിപ്പിക്കാന്‍ മാഷിനിപ്പോഴും ഊര്‍ജ്ജം പകര്‍ന്നത് തുച്ഛമായ ശമ്പളത്തിനുമപ്പുറം ആ കുഞ്ഞിച്ചിരികളായിരുന്നു.
‘’ നിങ്ങളെ അതൊന്നും പഠിപ്പിക്കേണ്ടന്നാ ഞങ്ങടെ പഠനസഹായിയില്‍ പറേണത്. നമുക്ക് ഇന്നലെ പറഞ്ഞു നിര്‍ത്തിയ താപധാരിത വൈദ്യുതിയുടെ സമവാക്യവും പൊട്ടാസ്യം പെറോക്സൈഡിന്റെ അമോണിയം സള്‍ഫൈഡുമായുള്ള പ്രതിപ്രവര്‍ത്തനോം പഠിച്ചിട്ട് വേഗം ഹേബര്‍ പ്രക്രിയിയയിലേക്കു പോകാം’‘
‘’ മാഷേ ഈ പിരീഡ് ഹിസ്റ്ററിയല്ലേ മുഗളന്മാരുടെ സാമൂഹികസ്ഥിതിയും സൈനികഘടനാ പരിഷ്ക്കാരങ്ങളുടെ ബാക്കി പഠിപ്പിക്കുന്നില്ലേ?’‘ അഖില്‍ മാത്യൂസ് പെട്ടന്നു ചോദിച്ചു.
‘’ അതൊക്കെ വായിച്ചു നോക്കിയാല്‍പ്പോരെ മനസിലാക്കാന്‍? സയന്‍സ് അങ്ങനെയല്ലാന്നാണ് ഹെഡ്മാസ്റ്റര്‍ പറഞ്ഞത്. എനിക്കേതായാലും കുഴപ്പമില്ല ശിവജിയെങ്കില്‍ ശിവജി. താപധാരിതവൈദ്യുതിയെങ്കില്‍ അത്. ഇനി അതുമല്ലെങ്കില്‍ ആര്യണ്യ കാണ്ഡം വേണമെങ്കില്‍ അതും എടുക്കാം ‘’ മാഷ് സ്വഗതം പറഞ്ഞു.
ബെല്ലടിച്ചപ്പോള്‍ സുധീര്‍ മാഷെ അടുത്ത ക്ലാസ്സൂടെയെടുത്തേക്കണേയെന്ന അഭ്യര്‍ത്ഥന നടത്തി മറു ചോദ്യമുണ്ടാവും മുമ്പേ ഹെഡ്മാസ്റ്ററതില്‍ നിന്നോടി രക്ഷപ്പെട്ടു.
‘’ ഇപ്പിരീഡ് നിങ്ങള്‍ക്കേതു വിഷയമായിരുന്നു ?’‘ വീണ്ടുമീ മാഷിനെത്തെന്നെ സഹിക്കണമല്ലോയെന്ന മട്ടിലിരിക്കുന്ന കുട്ടികളോട് മാഷ് ചോദിച്ചു.
‘’ ഇംഗ്ലീഷ്’‘
‘’ ടീച്ചറെവിടെ പോയി ?’‘
‘’ടീച്ചറു വരാറില്ല ‘’
അത്രയും നാളും ട്യൂഷന്‍ സെന്റെറുകളിലും അണ്‍ എയ്ഡഡ് സ്കൂളുകളിലും പഠിപ്പിച്ച് നര പ്രായം തിന്ന കാലത്തുമാത്രം ഗവണ്മെന്റ് ലിസ്റ്റില്‍ മാഷായി സ്ഥാനക്കയറ്റം കിട്ടിയ സുധീര്‍മാഷിന് ഒത്തിരിക്കാലം ഒരു ടീച്ചര്‍ ക്ലാസ്സില്‍ വരാതിരിക്കുന്നത് അത്ഭുതമായി തോന്നി. അത്തരമൊരു കീഴ്വഴക്കമോ , നടപടിക്രമമോ ട്യൂഷന്‍ സെന്ററുകളിലോ അണ്‍എയ്ഡഡ് സ്കൂളുകളിലോ കേട്ടുകേള്‍വി പോലുമില്ലായിരുന്നു.
‘’ ടീച്ചറു വന്നിട്ടെത്ര നാളായി ?’‘
‘’ ഒത്തിരിയായി’‘
കുട്ടികള്‍ പതിവു തെറ്റിക്കാതെ ഒറ്റ സ്വരത്തില്‍ പറഞ്ഞു.
‘’ അപ്പോ വാസും വെയറും ആസ് സൂണ്‍ ആസും നോട്ട് ഒണ്‍ലി ബട്ട് ഓള്‍സോയുമൊക്കെ നിങ്ങളെയാരു പഠിപ്പിക്കും?’‘
സുധീഷ് മാഷ് തനിക്കറിയാവുന്നതാണ് ഇംഗ്ലീഷ് ഗ്രാമര്‍ എന്ന ഭാവത്തില്‍ ചോദിച്ചു. ‘’ പഠിപ്പിക്കാത്തതുകൊണ്ട് അതൊന്നും പഠിക്കേണ്ടല്ലോ മാഷേ ? ഞങ്ങള്‍ക്കാ പിരീഡ് ഡ്രില്ലായിരിക്കും’‘ നന്ദു ബി കൃഷ്ണന്‍ പെട്ടന്ന് പറഞ്ഞു.
‘’ ടീച്ചെറെവിടാ?’‘
‘’ ടീച്ചറു അവധിയെടുത്ത് ഗള്‍ഫില്‍ പോയി. അവിടെ പഠിപ്പിക്കുവാന്ന് വിമലടീച്ചറു പറഞ്ഞത്’‘
‘’ അപ്പോ കണക്ക് മാഷോ?’‘
‘’ മാഷു ക്ലാസ്സു തുടങ്ങിയപ്പഴേ സര്‍വീസില്‍ നിന്നു ലീവെടുത്തു ഉയര്‍ന്ന ഉദ്യോഗത്തിനു പഠിക്കാന്‍ അതു കൂട്ടിച്ചേര്‍ത്തത് പീയൂണ്‍ തങ്കപ്പനാണ്.
‘’ നിങ്ങളെ ഹിന്ദിയാരാണു പഠിപ്പിക്കുന്നത്?’ ‘ മറുപടിയായി ക്ലാസ്സിലൊരു കൂട്ടച്ചിരി മുഴങ്ങി.
‘’ ടീച്ചറിനു വയറ്റിലുണ്ണിയുണ്ട് മാഷേ. ബൊമ്മക്കുട്ടിയാന്നാ ടീച്ചറു പറഞ്ഞേ’‘
മുന്‍ ബഞ്ചിലിരുന്ന തട്ടക്കാരി അനീസു പല്ലില്ലാത്ത മോണകാട്ടി ചിരിച്ചുകൊണ്ട് മൊഴിഞ്ഞു. നിങ്ങള്‍ക്കു വല്ല അണ്‍എയ്ഡഡ് സ്കൂളിലും പോയി കാശു കൊടുത്തു പഠിച്ചുടേയെന്നു ചോദിക്കാന്‍ അയാള്‍ അന്റോണീറ്റ രാജ്ഞിയല്ലായിരുന്നു.
ഡിവിഷന്‍ ഫാള്‍ വന്നാല്‍ ആദ്യം ജോലി പോകുക ജൂനിയറായ തന്റേതാണെന്നു മാഷിനു നന്നായറിയാമായിരുന്നു.
മലയാളമദ്ധ്യാപകരുടെ പാരമ്പര്യത്തിനു പോറല്‍ വീഴത്താതെ ‘ നമുക്ക് എഴുത്തച്ഛന്റെ ആദ്ധ്യാത്മരാമായണം പഠിക്കാമെന്ന് ‘ പറഞ്ഞ മാഷ് പിഞ്ചുകുട്ടികളെ കാണ്ഡങ്ങളുടെ മലയിടുക്കുകളിലെ പര്‍വതങ്ങള്‍ക്കിടയിലൂടെ ശ്ലോകങ്ങളില്‍ നിന്ന് അടുത്ത ശ്ലോകങ്ങളിലേക്ക് ഉരുട്ടിയിട്ടുകൊണ്ടിരുന്നു. ഒരാള്‍ പോലും എന്തിന് എന്ന ചോദ്യമുയര്‍ത്തിയില്ല.
അതുയര്‍ന്നിരുവെങ്കില്‍ മാഷിന്റെ ഉത്തരം മുട്ടിപ്പോകുമായിരുന്നു.
‘’ മാഷേ , ഓട് മാറ്റിയിട്ടും ഒന്നും കാണുന്നില്ലല്ലോ?’‘
നിതിന്‍ ചന്ദ്രന്‍ പറഞ്ഞപ്പോഴും മാഷത് കാര്യമായിട്ടെടുത്തില്ല.
‘’ മാഷേ , എനിക്കുമൊന്നും കാണുന്നില്ല’‘
അനീസുവും പരാതി പറഞ്ഞു.
പഠിപ്പിച്ച് പഠിപ്പിച്ച് പാഠപുസ്തകം മന:പാഠമായതിനാല്‍ സുധീര്‍ മാഷ് പുസ്തകം തുറന്നു നോക്കിയിരുന്നില്ല ഇതുവരെ.
അഖില്‍ മാത്യുസും രാഖി ലക്ഷ്മി കെ. ആറും പരാതി പറഞ്ഞപ്പോള്‍ സുധീര്‍ മാഷ് പുസ്തകം തുറന്നു നോക്കി.
പാഠപുസ്തകത്തിനകത്ത് മൊത്തമിരുട്ടാണ്. പഠനസഹായിയിലും മാഷ് നോക്കിയെങ്കിലും അതിലുമിരുട്ടായിരുന്നു. അതിനിടയില്‍ കുട്ടികളുടെ പുസ്തകത്തിനകത്തു നിന്ന് ഇരുട്ടും കുട്ടികള്‍ക്കൊപ്പം തടി ബഞ്ചില്‍ പറ്റിച്ചേര്‍ന്ന് ഇരുപ്പുറപ്പിച്ചു.
തുടര്‍ച്ചയായി മൂന്നു പിരീഡുകളായ എലിക്കെണിയില്‍ പെട്ടു പോയ ദൈന്യതയുടെ മുഷിവില്‍ വായ് പൊളിക്കുമ്പോള്‍ സ്കൂള്‍ മുറ്റത്തു താഴെ വേഗത്തില്‍ വന്നൊരു കാറു സഡന്‍ ബ്രേക്കിട്ടു നിന്നു, കയറി വന്നവരുടെ കൂട്ടത്തില്‍ എ. ഇ. ഒ ഇയെ കണ്ടതും ദാനിയേല്‍ മാഷ് തകര്‍ന്നു പോയി. ഉച്ചഭക്ഷണകണക്കും പുസ്തകവില കണക്കും നേരെയാക്കിയിട്ടില്ല. ശുഷ്ക്കിച്ച ഫണ്ടെത്ര കൂട്ടിക്കിഴിച്ചിട്ടും കണക്കൊന്നും ശരിയായിട്ടില്ല. അതിനിടെ അപകടം മണത്തറിഞ്ഞ അശോകന്‍ മാഷ് ഒറ്റയോട്ടത്തിന് ഹെഡ്മാസ്റ്ററുടെ മേശവലിപ്പില്‍ നിന്ന് അറ്റന്‍ഡന്‍സ് രജിസ്റ്ററെടുത്ത് നാലഞ്ചു ദിവസത്തെ ഒപ്പിട്ട് തീര്‍ത്ത് നിശ്വസിച്ചു. വന്നപാടെ ക്ലാസ്സ് മുറികളില്‍ കയറി ഹാജര്‍ നില പരിശോധിക്കുന്ന പതിവൊക്കെ തെറ്റിച്ച് എ. എ. ഒ വന്നവര്‍ക്കൊപ്പം ഓഫീസ് മുറിയിലെത്തി.
പൊട്ടക്കിണറിനകത്തെ തവളയുടെ മാതിരി പോക്രോം ശബ്ദത്തില്‍ എ. ഇ. ഒ മുരടനക്കി. രാമകൃഷ്ണവിലാസം യു പി സുക്കൂള്‍ ജില്ലാ എ. ഇ ഒ ഓഫീസിന് താത്പര്യമുള്ള സ്കൂളാണ്. ഇവിടം ഒരു മോഡല്‍ സ്കൂളാക്കി മാറ്റാനുള്ള പ്രൊജക്ടില്‍ ഞങ്ങള്‍ കാസിം ശങ്കര്‍ജി യൂണിവേഴ്സിറ്റിയുടെ ബാംഗ്ലൂര്‍ സെന്റെറുമായി ചര്‍ച്ചയിലാണ്. ഇവിടം കണ്ട് അവര്‍ക്കിണങ്ങുന്ന രീതിയില്‍ ഈ സ്കൂളിനെ മാറ്റുകയാണ് ഇവരുടെ വരവിന്റെ ഇന്നത്തെ ഉദ്ദേശം.
ശ്രീകൃഷ്ണനാണോ, രാമകൃഷ്ണനനാണോ , എല്‍.പി യാണൊ, യുപി യാണോ ഇന്നത്തെ ഉദ്ദേശ്യം മാത്രമാണോ ഉദ്ദേശ്യം എന്തായിരിക്കുമെന്നോയെന്നും എ ഇ ഒ യ്ക്ക് അറിയേണ്ട കാര്യമില്ല.
ചുറ്റി നടന്ന് കാണാന്‍ മാത്രമല്ല നിര്‍ദ്ദേശങ്ങളുടെ ഭാണ്ഡക്കെട്ടുമായിട്ടാണവര്‍ വന്നിരുന്നെതെന്ന് ദാനിയേല്‍ സാറിന് മനസ്സിലായി. എ ഇ ഒ വന്നപാടെ മൊത്തം കുട്ടികളുടെ എണ്ണം തികക്കാന്‍ അന്നു വരാതിരുന്ന ആന്‍ സൂസന്റേയും സുമേഷ് ജി നായരുടേയും റഫീന ബഷീറിന്റേയും വീടു തിരക്കിയപ്പോള്‍ അശോകന്‍ മാഷ് നിരാശനായി തിരികെ വന്നപ്പോള്‍ ദാനിയേല്‍ മാഷ് ‘ ശരി’ യെന്നു മൂളുന്ന ഒരു ഉത്തരവ് പാവയായി കഴിഞ്ഞിരുന്നു.
”വേണമെങ്കില്‍ നിങ്ങള്‍ക്കീ സ്ക്കൂള്‍ ഞങ്ങളുടെ അസിം പ്രേംജി യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്യിക്കാം.” അയാള്‍ ദാനിയേല്‍ സാറിനെ ഉപദേശിച്ചു.
”സാധാരണ കോളേജുകളല്ലേ സര്‍, അഫിലിയേറ്റ് ചെയ്യുക?” ഹെഡ്മാസ്റ്റര്‍ ദാനിയേല്‍ സാര്‍ നിഷകളങ്കതയോടെ ചോദിച്ചു.
”അതില്‍ കാര്യമില്ല അഫിലിയേഷന്‍ വേണ്ട മികവിന്റെ കേന്ദ്രമായി യൂണിവേഴ്സിറ്റിയുടെ ഭാഗമാക്കാമല്ലോ? പിന്നെ പി ടി എ പിരിച്ചു വിടേണ്ടി വരും. സ്കൂള്‍ വികസന ഫണ്ട് മൊത്തം ഞങ്ങള്‍ തരും. ക്ലാസ്സ് മുറികളും പണിതു തരും. സിലബസില്‍ അസിം പ്രേംജി യൂണിവേഴ്സിറ്റിയുടെ സകലസഹായങ്ങളും ഉണ്ടാകും. ഇടപെടലുകളുമുണ്ടാകും.”
”ഈ കുമ്മായമെല്ലാം ഇളക്കിക്കളയണം. കല്ലുകെട്ടിയ ഓഫീസ് മുറിയും ഇടിച്ചു നിത്തി ചുമരില്‍ ചാരിയിരിക്കുന്ന സര്‍ക്കാര്‍ കലണ്ടറുമെടുത്ത് വെളിയില്‍ കളയണമം. ഓഫീസ് മുറിയിലെ തൂക്കുമണിയും ഈ പഴഞ്ചന്‍ കൊട്ടുവടിയും കളഞ്ഞ് ഇലട്രിക് ബെല്‍ ഞങ്ങള്‍ എല്ലായിടത്തും പിടിപ്പിക്കും. ടക് ടക് ടൈപ്പ് റൈറ്ററിനു പകര കമ്പ്യൂട്ടറും പ്രിന്റെറും ചേര്‍ത്ത റിസപ്ഷന്‍ ഒരുക്കണം. സ്റ്റെനോയ്ക്കായി വോക്ക് – ഇന്‍ – ഇന്റെര്‍വ്യൂവോ കോണ്ട്രാക് നിയമനമോ സമീപപ്രദേശത്തുവച്ച് നടത്തും. ഇവിടുത്തുകാര്‍ക്കു തന്നെ തൊഴിലവസരമുണ്ടാകും.” സ്ഥിരം മണിയടിക്കാറുള്ള പ്യൂണ്‍ തങ്കപ്പന്‍ വെറുമൊരു പ്യൂണ്‍ മാത്രമായതിനാല്‍ നിശ്ശബ്ദനായി നിന്നു.
”സ്റ്റുഡന്റ്സ് എല്ലാ ദിവസങ്ങളിലും അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കുന്ന പതിവ് മാറ്റണം. ഞങ്ങളുടെ ബാംഗ്ലൂര്‍ ക്യാമ്പസിലെ യൂണിഫോമിലേക്ക് തന്നെ ഇവിടുത്തെ കുട്ടികളേയും അദ്ധ്യാപകരേയും ഏകീകരിക്കണം. ” അപ്പോള്‍ നാട്ടിന്‍ പുറത്തെ തയ്യല്‍ക്കാരന്‍ ദാമോദരന്റെ വിരലറ്റത്തു സൂചി കുത്തിക്കേറി ചോര പൊടിഞ്ഞു.” ഉച്ചക്കഞ്ഞി വിതരണം മാറ്റി പോഷകങ്ങളടങ്ങിയ ഊണോ സോഫ്റ്റ് ഡ്രിംഗ്സോ മിനറല്‍ വാട്ടറോ കുട്ടികള്‍ക്കു നല്‍കണം. കുട്ടികള്‍ പകുതി ഉച്ചഭക്ഷണ ചെലവ് അവര്‍ തന്നെ വഹിക്കുന്ന ഒരു പ്രൈവറ്റ്- പബ്ലിക്ക് പാര്‍ട്ടിസിപ്പേഷന്‍ മോഡലാണ് ഞങ്ങള്‍ നിലവില്‍ ഉദ്ദേശിക്കുന്നത്. കുട്ടികള്‍ക്കും ടീച്ചര്‍മാര്‍ക്കും പഞ്ചിംഗ് കാര്‍ഡ് സമ്പ്രദായമേര്‍പ്പെടുത്തിയാല്‍ നാളെ ഐ. ടി മേഖലകളിലോ മള്‍ട്ടി നാഷണല്‍ കമ്പനികളിലോ ജോലി ചെയ്യുമ്പോള്‍ അവര്‍ക്കതിനോട് വിമുഖത തോന്നില്ല ആ മഞ്ഞച്ചായമടിച്ച സ്കൂളിന്റെ ബോര്‍ഡ് മാറ്റത്തിന്റെ ആദ്യ പടിയായി ഉടനടി നീക്കം ചെയ്യണം ബോര്‍ഡിലെ ഗവ. യും.
”എന്തിനാണീ സിലബസ്സില്‍ ആവശ്യമില്ലാത്തയത്ര വിഷയങ്ങള്‍ കുത്തി നിറക്കുന്നത്? 1857 ഒന്നാം സ്വാതന്ത്ര്യ സമരം. സ്വാതന്ത്ര്യ സമര പോരാട്ടം ഗാന്ധിയുടെ പങ്ക്, നെഹ്രുവിന്റെ പങ്ക്, ഇതൊന്നുമല്ല വേണ്ടത് സാഹിത്യം, പഴഞ്ചന്‍ കഥകള്‍, കവിതകള്‍, ആവശ്യമില്ലാത്ത ലേഖനങ്ങള്‍ എല്ലാം ഒഴിവാക്കണം. എന്തിനാണ് നെടുങ്കന്‍ ഇംഗ്ലീഷ് ലേഖനങ്ങള്‍ പ്രത്യേക ഫീസ് നല്‍കി കുട്ടികളുടെ കമ്യൂണിക്കേഷന്‍ സ്കില്‍ മെച്ചപ്പെടുതല്‍ അവരുടെ സോഫ്റ്റ് സ്കില്‍സ് മെച്ചപ്പെടുത്തുന്നതു മാത്രമാവണം ഇംഗ്ലീഷ്. ഹോ….ജൂലിയസ് സീസറിന്റെ നാടകം ഇപ്പോഴും പഠിക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേ ?ലോകത്തിന്നത്തെ മത്സരത്തിനാവശ്യം സാഹിത്യമല്ല വേണ്ടത്ര ഫാക്ടുകളാണ് വസ്തുതകള്‍ നിറയണം സിലബസ്സില്‍”
”ജോലി സാധ്യതയുള്ളതും പെട്ടന്ന് തൊഴില്‍ കിട്ടുന്ന വിഷയങ്ങളാണ് ഞങ്ങള്‍ സിലബസ്സില്‍ ആവിഷക്കരിക്കുക ഒരു ഹ്യൂമന്‍ റീസോഴ്സ് വിഭഗന്ത്തിന്റെ മേല്‍നോട്ടത്തിലാവും ഇവിടുത്തെ അദ്ധ്യാപകര്‍. കുട്ടികള്‍ക്ക് ഒരു പേഴ്സണാലിറ്റി ട്രെയിനറുടെ ക്ലാസ്സുകള്‍ എല്ലാ ദിവസവും ഉണ്ടാകും. പ്രാദേശിക ഭാഷ സംസാരിക്കുന്നവര്‍ക്ക് പിഴയിടുന്ന പതിവ് തുടരുമെങ്കിലും വിദേശഭാഷകള്‍ പഠിപ്പിക്കുമ്പോള്‍ അതിനു പ്രത്യേകം ഫീസും നല്‍കണം അദ്ധ്യാപകര്‍ക്കു രൂപമാറ്റമുണ്ടാകണം. ഭാവത്തിലും രൂപത്തിലും വേഷത്തിലും ഭാഷയിലും. നിങ്ങളല്ലാതെ ഇക്കാലത്താരെങ്കിലും ഈ അക്കാമ്മ ചെറിയാന്റെ മോഡല്‍ കട്ടിക്കണ്ണട വയ്ക്ക്വോ ?”
ദാനിയല്‍ സാറിന് ഇളിഭ്യത തോന്നിയെങ്കിലും ഒന്നും മിണ്ടിയില്ല. ”സ്ഥിര ജോലി ആളുകളെ മടിയന്മാരാക്കുമെന്നാണ് യൂണിവേഴ്സിറ്റിയുടെ അഭിപ്രായം. അതുകൊണ്ടു തന്നെ കോണ്‍ട്രാക്റ്റ് നിയമനങ്ങളാണ് ഞങ്ങള്‍ക്കേറെ താത്പര്യം.”
കുമ്മായമിളക്കി കല്ലുകെട്ടിയ ഓഫീസുമുറി ഇടിച്ചു നിരത്തി അകത്തിരുന്നു പൊടി തിന്നുകൊണ്ടിരുന്ന ഗാന്ധിയെ പുറത്താക്കുമ്പോഴും പുതിയ സ്റ്റെനോ പെണ്‍കുട്ടി റിസപ്ഷനില്‍ വന്നപ്പോഴും ദാനിയേല്‍ മാഷിന് ഒരു അസ്വഭാവികതയും തോന്നിയില്ല.
ആരും ചോദ്യമുയര്‍ത്താത്തിനാല്‍ പി ടി എ പിരിച്ചു വിടാന്‍ ഒരു കടലാസു മാത്രം മതിയായിരുന്നു. രക്ഷിതാക്കള്‍ക്കു ദാനിയേല്‍ മാഷിനെയായിരുന്നു വിശ്വാസം. പി ടി എ യല്ലായിരുന്നു. പഞ്ചിംഗ് മെഷീന്‍ വന്നപ്പോഴും പാന്റിട്ടപ്പോഴും കമ്പ്യൂട്ടര്‍ ഓഫീസില്‍ മുറിയില്‍ വന്നപ്പോഴും മാഷിനൊരപകടവും തോന്നിയില്ല.
പക്ഷെ അഡ്മിഷന്‍ രജിസ്റ്ററിനു പകരം 500 രൂപയുടെ പ്രോസ്പക്ടസും ഒന്നാം ക്ലാസ്സിലേക്കുള്ള പ്രവേശന പരീക്ഷയും ദാനിയേല്‍ മാഷിനെ ചിന്താധീനനാക്കി. ഫ്രഞ്ചു പഠിപ്പിക്കാന്‍ മാസം 500 രൂപ ഫീസടക്കണമെന്ന നിര്‍ദ്ദേശം മാഷിനെ വീണ്ടും സംശയാകുലനാക്കി. നിതിന്‍ ചന്ദ്രന്‍ സ്കൂളിലേക്കു വരവു നിര്‍ത്തി. റഫീന ബഷീറിനെ 15 തികയും വരെ വീട്ടില്‍ നിര്‍ത്തി കെട്ടിച്ചു വിടാനാണ് തന്റെ പരിപാടിയെന്ന് അവളുടെ ബാപ്പ ദാനിയേല്‍ മാഷിനോടു പറഞ്ഞു.
മുന്നക്കത്തെരുവിലെ പിന്നോക്ക മഠത്തിലെ സാവിത്രിക്കുട്ടി ഓഫീസിലെത്തി രഹസ്യമായി 500 രൂപ ദാനിയേല്‍ മാഷിനോടു കടം ചോദിച്ചു.
‘’ എന്തിനാ?’‘ മാഷ് ചോദിച്ചു.
‘’ അമ്മ പറഞ്ഞു മാഷിനോട് കടം ചോദിക്കാന്‍ അനിയനെ ഇവിടെ ചേര്‍ക്കാന്‍ അപേക്ഷ വാങ്ങിക്കേണ്ടേ അതിനാ’‘
മാഷ് ഒന്നും മിണ്ടാതെ തന്റെ പഞ്ചിംഗ് കാര്‍ഡിലേക്ക് നോക്കിയിരുന്നു. ഉച്ച കഴിഞ്ഞ് ”ഇത് ന്നല്ലേ ഗവര്‍മേണ്ട് വക ശ്രീകൃഷ്ണ വിലാസം എല്‍. പി സ്കൂള്‍” എന്ന് ചോദിച്ചു കൊണ്ട് മൂക്കളയൊലിപ്പിച്ചുകൊണ്ടുവന്ന കുട്ടിയുടെ കൈയും പിടിച്ചു കയറി വന്ന മമ്മദ് മാപ്പിളയെ കണ്ടപ്പോഴാണ് തന്റെ കൂടെ പഠിച്ചവനാണല്ലോ മമ്മദെന്ന് ദാനിയേല്‍ മാഷിനു മനസിലായത്. മാഷതിനു മുമ്പേ കട്ടിക്കണ്ണട ഉപേക്ഷിച്ചെങ്കിലും കാഴ്ച മമ്മദിനെ തുടച്ചെടുത്ത് പരിചയത്തിന്റെ ചായം മനസ്സില്‍ പടര്‍ത്തി.
‘ എന്താ മമ്മതിനിപ്പോ സംശയം ? ഇതു തന്നാ ഗവണ്മെന്റ് സ്കൂള്‍’ എല്‍ പി സ്കൂളു തന്നെ മമ്മദിന്റെ ഗവര്‍മെണ്ടല്ല ദാനിയേല്‍ മാഷിന്റെ ഗവര്‍മെന്റ് സ്കൂള്‍ ‘ ‘’ അല്ലാ മാഷെ പേരക്കുട്ടീനെ ചേര്‍ക്കാന്‍ വന്നതാ പുറത്തു വേറെയേതാണ്ടു ബോര്‍ഡു കണ്ടു ചേര്‍ക്കാല്ലോ ഇന്നുതന്നെ അല്ലേ?’‘
”മമ്മദേ 500 രൂപ കൊടുത്ത് അപേക്ഷ മേടിച്ചോളു പിന്നെ പരീക്ഷയുണ്ട്. അതില്‍ ജയിച്ചാലെ ഇവിടെ എടുക്കു ‘’
മമ്മദ് ചവുണ്ട തുണിപ്പേഴ്സിന്നകത്തുന്നൊരു പത്തിന്റെ കെട്ടെടുത്ത് ദാനിയല്‍ മാഷിന്നു നീട്ടുന്നതിനിടെ സ്വഗതം പറഞ്ഞു.
”ഒന്നാം ക്ലാസ്സിലും ചേര്‍ക്കാന്‍ പരീക്ഷയോ പടച്ചവനേ പണ്ടും ഇങ്ങനെ തന്നെയായിരുന്നോ മാഷേ? ഇത് ഗവര്‍മെന്റിന്റെ അല്ലേ?” അപ്പോള്‍ മമ്മദ് നിഷ്ക്കളങ്കനായി ചോദിച്ചു. ”അതൊക്കെത്തന്നെ. ഇപ്പോ ഗവണ്മെന്റും മാത്രമല്ല ഈ പഞ്ചായത്തീ വേറെ എല്‍ പി സ്കൂളു വല്ലോം ഉണ്ടോ ഇവനെ കാശു മേടിക്കാതെ ചേര്‍ക്കുന്നിടം?”
”ഇല്ല എല്ലാ ഗവണ്മെന്റു സ്കൂളും ഇപ്പോളങ്ങനാ മമ്മദെ” മമ്മദ് അപേക്ഷ വാങ്ങി സ്ഥലം വിട്ടയുടന്‍ പുതിയതായിട്ടു വന്ന കാസിം ശങ്കര്‍ജി യൂണിവേഴ്സിറ്റി തയ്യാറാക്കിയ പഠനസഹായി മാഷൊന്ന് തിരിച്ചു നോക്കി.
വ്യവസായമാണ് വിഷയം ആദ്യ തലക്കെട്ടു കണ്ടപ്പോള്‍ സ്ഥിരം പിടികൂടാറുള്ള സംശയം ദാനിയേല്‍ മാഷിനു തോന്നി.
ഇന്ത്യന്‍ വ്യവസായത്തിന്റെ പിതാവ് – കാസിം ശങ്കര്‍ജി.
അപ്പോള്‍ ജെ. ആര്‍. ഡി ടാറ്റയോ?
ലോകത്തിന്റെ സമ്പന്നരുടെ ലിസ്റ്റായിരുന്നു അടുത്ത പേജില്‍. അതില്‍ മൂന്നാമതും കാസിം ശങ്കര്‍ജി. അടുത്ത പേജു മൊത്തം കാസിം ശങ്കര്‍ജി അടുത്തിടെ എഴുതിയെതെന്നു പറയപ്പെടുന്ന പുസ്തകത്തില്‍ നിന്നെടുത്തു ചേര്‍ത്ത വരികളാണ്.
ഒടുവിലത്തെ അദ്ധ്യായം ഐക്യരാഷ്ട്ര സഭയും ഇന്ത്യയും മൊത്തം കാസിം ശങ്കര്‍ജിയെ യു. എന്നിലേക്ക് ക്ഷണിച്ചതിന്റെ വിവരങ്ങളാണ്. പത്രവാര്‍ത്തകളും കൂട്ടത്തിലുണ്ട്.
പാഠപുസ്തകത്തിന്റെ ഒന്നാം പേജിലെ പ്രതിജ്ഞയും ദേശീയ ഗാനവും കാണാനില്ല. ഒടുവില്‍ ഗതികെട്ട് ദാനിയേല്‍ മാഷ് എ ഇ ഒ ഓഫീസിലേക്കു വിളിച്ചപ്പോള്‍ എല്ലാവരും ബാംഗ്ലൂരില്‍ കാസിം ശങ്കര്‍ജി യുടെ യൂണിവേഴ്സിറ്റിയുടെ സ്റ്റുഡന്റ് എക്സേഞ്ച് പ്രോഗ്രാമിനു പോയി എന്ന മറുപടിയാണ് കിട്ടിയത്. പുതുതായി കാസിം ശങ്കര്‍ജി യൂണീവേഴ്സിറ്റി റിക്രൂട്ട് ചെയ്ത കോണ്ട്രാക്റ്റ് അദ്ധ്യാപകര്‍ ദാനിയേല്‍ മാഷിനെ വീണ്ടും ചിന്താധീനനായി എന്ന് വരുമെന്നോര്‍ത്ത്.
വൈകുന്നേരം ഇറങ്ങുമ്പോള്‍ മമ്മദ് പറഞ്ഞത് ശരിയാണോ എന്നറിയാന്‍ മാഷ് സ്കൂള്‍ ബോര്‍ഡിനടുത്ത് ചെന്ന് സൂക്ഷിച്ചു നോക്കി. കാസിം ശങ്കര്‍ജി സപ്തതി സ്മാരക ശ്രീകൃഷണവിലാസം എല്‍ പി സ്കൂള്‍. പിറ്റെ ദിവസം ബോര്‍ഡിന് വീണ്ടും രൂപമാറ്റം സംഭവിച്ച് ഗവണ്മെന്റ് പുറത്തായി.
വെറും കാസിം ശങ്കര്‍ജി സപ്തതി സ്മാരക ശ്രീകൃഷ്ണവിലാസം എല്‍ പി സ്കൂള്‍ മാത്രം. പിറ്റെ ദിവസം അപ്രത്യക്ഷമാകാന്‍ ഭാഗ്യം സിദ്ധിച്ചത് ശ്രീകൃഷണ വിലാസത്തിനാണ്. പിറ്റേ ദിവസമത് കാസിം ശങ്കര്‍ജി സപ്തതി സ്മാരക വിശ്വ വിദ്യാലയമായപ്പോഴും ആരും മിണ്ടിയില്ല.
Generated from archived content: story1_aug13_12.html Author: lipinraj_mp