ധ്യാനം ബുദ്ധം ഗച്ഛാമി

ഇനിയുള്ള യാത്രകള്‍ തനിയെയാണെന്നുള്ള
അറിവിലാണി ഓരോ ചുവടുവയ്പ്പും
ഇവിടെ വെച്ചോര്‍മ്മകള്‍ പങ്കിട്ടു തിന്ന നാം
രണ്ടു അരുവിയായ് ഒഴുകി പരക്കുകയായ്
ഇവിടെ വഴി മുറിയുന്നു
ഓര്‍മ്മകളൊക്കെയും സ്വരജതികളായ് ചടുലമായ് എന്‍
കാല്‍ച്ചുവട്ടില്‍ വീണു പുകയുന്നു

കുതി കൊള്‍ക ഹൃത്തമേ , ചൂടു പിടിച്ച നിന്‍
ഓര്‍മ്മകളൊക്കെയും ഇന്നിനി സ്വപ്നങ്ങളാക്കുക
തുടരെ തുടരെ വെമ്പുക പിടഞ്ഞാര്‍ക്കുക
പിടി വിട്ട് ഭ്രാന്തമയ് മൃതിമരങ്ങളിലേക്ക് ചേക്കേറുക
സ്മൃതിതുമ്പുകള്‍ തട്ടിയുടച്ചു ചേക്കേറുക

ഓരോ ശിശിരത്തിലും നീ പൂവൊഴിയാതിരിക്കുക
ഓരോ വസന്തത്തിലും നീ മരമായ് നിന്നു പെയ്യുക
ഓരോ ഓര്‍മ്മകളിലും നീ കാറ്റായി വീശുക
ഓരോ ഇരമ്പലിലും നീ കണ്ണൂനീര്‍ത്തുള്ളിയാവുക
വാല്‍മീകങ്ങളെ ഉടച്ചു വാര്‍ത്തു നീ പുതിയ രാമകഥകള്‍ എഴുതുക
പൊട്ടുന്ന മണ്‍കുടങ്ങളുടെ ആത്മാക്കള്‍ക്ക് നീ അകമ്പടി പോകുക
അവരുടെ തപിതമാം ചുണ്ടുകളില്‍ ഒരിത്തിരി ഓംകാരമന്ത്രം പകരുക
അവരുടെ ശതതന്ത്രവീണകളില്‍ ഒരിത്തിരി ഓംകാരമന്ത്രം പകരുക

ബോധിസത്വന്റെ മിഴികളെഴുതുക മിഴിനീര്‍ തുടയ്ക്കാതിരിക്കുക
പെയ്തുതീരട്ടെയാ മിഴിനീര്‍ചാലുകള്‍
വാക്കല്ല സ്നേഹം ഇടനാഴിയില്‍ കാത്തുനില്പല്ല സ്നേഹം
നീ വരില്ലെന്നറിഞ്ഞിട്ടുമാ വാകയ്ക്കു കീഴെ പകലന്തിയോളം
നിന്നെ കാത്തു നിന്നതാണ് ഇലകളില്‍ പെയ്യുന്ന സ്നേഹം
അറിയുക, യറിയുക ഓര്‍ക്കുമോര്‍മ്മിക്കുക
എന്നിനി അറിയും നീ ഇത്ര നാളായും ഞാന്‍
പറഞ്ഞുകൊണ്ടിരുന്ന പാതി മുറിഞ്ഞ കഥകള്‍
ഇനിയുള്ള യാത്രകള്‍ തനിയെയാണെന്നുള്ള
അറിവിലാണീ ഓരോ ചുവടുവയ്പ്പും

Generated from archived content: poem2_june5_14.html Author: lipinraj_mp

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here