തീക്കടല്‍ കടഞ്ഞ് ഐഎഎസ്

പുഴ മാഗസിന്റെ അടുത്ത ബന്ധുവും കഥാകാരനുമായ ലിപിന്‍ രാജിന് ഇക്കഴിഞ്ഞ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 224ാം റാങ്ക് ലഭിച്ചിരിക്കുന്നു. ഈ വലിയ വിജയത്തിന് അദ്ദേഹം സഹിച്ച യാതനകളുടെയും വേദനകളുടെയും കഥ കലാകൗമുദി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് പുഴയുടെ വായനക്കാര്‍ക്കുവേണ്ടി വീണ്ടും പ്രസിദ്ധീകരിക്കുകയാണ്. പ്രതിസന്ധികളില്‍ തളരാതെ നേടിയ വിജയത്തിന് ലിപിന്‍ രാജിന് അഭിനന്ദനങ്ങള്‍…

ഇതു കഥയല്ല, നടന്നത് 30 വര്‍ഷം മുന്‍പുമല്ല. 2004 മുതല്‍ 2012 വരെയാണ്. അപരിചിതരായ കുറെ നല്ല മനുഷ്യരും അധ്യാപകരും ഈശ്വരനും ചേര്‍ന്നു നല്‍കിയതാണ് എനിക്ക് സിവില്‍ സര്‍വീസ് പരീക്ഷയിലെ 224 മതു റാങ്ക്. ഒത്തിരി പേരോട് എനിക്കതിനു കടപ്പാടുണ്ട്. എന്റെ ജീവിതം കുറെയേറെ ആളുകള്‍ ചേര്‍ന്ന് അവരറിയാതെ രൂപപ്പെടുത്തിയതാണ്. കൈവഴികള്‍ കൊണ്ടുവന്ന എക്കലുകളടിഞ്ഞത് എന്റെ ജീവിത നദിയിലായതിന് നന്ദി പറയട്ടേ, അവരോട്…

നാലാം ക്ലാസില്‍ പരിസ്ഥിതി മലിനീകരണത്തെ കുറിച്ചു ഞാനെഴുതിയ ലേഖനം വായച്ച് കോഴഞ്ചേരി ഗവ. യുപി സ്‌കൂളിലെ രാജേശ്വരി ടീച്ചര്‍ പിന്‍ ബഞ്ചിലിരുന്ന പയ്യനെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തിയിട്ട്, നിനക്കാരായിത്തീരണം എന്നു ചോദിച്ചു.

കോഴഞ്ചേരി ടൗണിലൂടെ ചുവന്ന ലൈറ്റ് വച്ചു ചീറിപ്പാഞ്ഞു പോകുന്ന ജില്ലാ കലക്റ്ററുടെ അംബാസഡര്‍ കാര്‍ കണ്ടു മോഹിച്ച ആ പയ്യന്‍ പറഞ്ഞു, എനിക്ക് ഐഎഎസുകാരനാകണം. ആ അഹങ്കാരം അന്നു പറഞ്ഞ പയ്യന്‍ ഞാനായിരുന്നു.

അച്ഛന്‍ കൃഷി ഉപേക്ഷിച്ചു ഉള്ളതെല്ലാം വിറ്റു മദ്യപാനം തുടങ്ങിയതു കണ്ടാണെന്റെ ബാല്യം വളര്‍ന്നത്. രാത്രിയില്‍ ഞങ്ങളെല്ലാം വീടിനു പുറത്താകും. നാട്ടുകാരെ ചീത്തവിളിക്കുന്നതിനാല്‍ അവരാരും മിണ്ടില്ല. കൂടാതെ, അച്ഛനോട് ശത്രുതയുള്ളവര്‍ വീട്ടില്‍ കയറി സകലതും തല്ലിത്തകര്‍ക്കും. വാതിലുകളുടെ കുറ്റികള്‍ പലപ്പോഴും തെറിച്ചുവീണു. പാത്രങ്ങളുടഞ്ഞു. നിലവിളക്ക് രണ്ടായി പിളര്‍ന്നു. അച്ഛന്‍ കുടിച്ചു വന്നു കഴിഞ്ഞാല്‍ വീട്ടിലെ സകലതും നശിപ്പിക്കും. എന്നിട്ടും പ്രീഡിഗ്രി പരീക്ഷയുടെ തലേന്ന് പുസ്തകങ്ങളെല്ലാം തീയിട്ട് അച്ഛന്‍ പോയപ്പോള്‍ ചേച്ചി പറഞ്ഞ ഒരു വാക്യമുണ്ട്:

‘ പരീക്ഷ എഴുതുവാനുള്ള ഹാള്‍ ടിക്കറ്റ് എന്തായാലും എന്റെ കൈയിലുണ്ട്’ കുടുംബത്തിന്റെ ആ ധൈര്യമായിരുന്നു സിവില്‍ സര്‍വീസില്‍ എല്ലാ പരീക്ഷകളും മലയാളത്തില്‍ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.

‘മ’ മാസികകളിലെ മലയാളമായിരുന്നു എന്നെ കഥയെഴുതാനും ലേഖനമെഴുതാനും പ്രസംഗിക്കാനും പഠിപ്പിച്ചത്. പുസ്തകമെടുത്ത് ലൈബ്രറിയില്‍ നിന്നു ഇറങ്ങിയാലുടന്‍ മണ്‍പാതയ്ക്കരികിലൂടെ അതും വായിച്ച് പോകുന്ന എന്നെ കണ്ട് എത്രയോ പേര്‍ ചിരിച്ചിട്ടുണ്ടാകണം.

അക്കാലത്ത് മാത് സ് കടുകട്ടിയായിരുന്നു. മലയാളം മധുരവും . ഓണപ്പരീക്ഷയ്ക്കു മാത് സിനു തോറ്റപ്പോള്‍ കുടിച്ചു ടീച്ചേഴ്‌സ് റൂമിലേക്കു കയറിവന്ന അച്ഛന്‍ എന്റെ ക്ലാസ് ടീച്ചറും മാത് സ് ടീച്ചറുമായ മിനി ടീച്ചറെ ചീത്തപറഞ്ഞു. എന്നിട്ടും കോഴഞ്ചേരി സെന്റ് തോമസ് സ്‌കൂള്‍ എന്നെ വെറുത്തില്ല. പ്ലസ് ടു ക്ലാസില്‍ എന്റെ യൂണിഫോമിനുള്ള ഫീസ് ഒഴിവാക്കാന്‍ തുണിക്കടക്കാരന് എലിസബത്ത് വര്‍ക്കി ടീച്ചര്‍ എഴുതി കൊടുത്തുവിട്ട’ plz exept the fee’ എന്ന ചെറിയ കുറിപ്പടി ഞാന്‍ എങ്ങനെയാണ് മറക്കുക.2006ല്‍ പ്ലസ് ടു പുസ്തകത്തിന് ബാക്കി കുട്ടികളുടെ പുസ്തക ഡിസ്‌കൗണ്ടില്‍ എനിക്കു പുസ്തകം തരാന്‍ വാദിച്ച ഷേര്‍ലി ടീച്ചറോടും ഡാര്‍ളി ടീച്ചറോടും മത്തായി സാറിനോടും ഞാന്‍ എങ്ങനെ നന്ദിപറയും. പരിചയ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എസ്ബിടി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനാവാതെ യൂണിവേഴ്‌സിറ്റി ലൈബ്രറിയിലിരുന്ന എനിക്കു പരിചയ സര്‍ട്ടിഫിക്കറ്റ് തരാന്‍ ലൈബ്രറേറിയനെ നിര്‍ബന്ധിച്ച മധുമതി മാഡത്തെ ഞാന്‍ എങ്ങനെ മറക്കും

നാലാം ക്ലാസല്‍ കോംപസ് കൊണ്ട് വലതു കണ്ണിന്റെ കാഴ്ച പോയി. മുന കുത്തികയറിട്ടും രക്തം വന്നില്ല. പകരം ദ്രവരൂപത്തിലുള്ള എന്തോ ഒന്നു പുറത്തുപോയി. അതായിരുന്നു എന്റെ കാഴ്ചയെന്നു പിന്നീട് രണ്ടു മാസത്തിനു ശേഷം ഡോക്റ്റര്‍ പറഞ്ഞു. സംഭവം ആദ്യം വീട്ടില്‍ പറഞ്ഞില്ല. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ കണ്ണിലെ ചുവപ്പ് കണ്ട് അമ്മ വീട്ടില്‍ വളരുന്ന നീലമുള്ളരി പിഴിഞ്ഞ് കണ്ണിലൊഴിച്ചു. പിന്നെ എവിടെന്നോ കടം വാങ്ങിയ മുലപ്പാലൊഴിച്ചു.

തിരുമ്മി കണ്ണു പഴുത്തു. മറ്റേ കണ്ണിലേക്കും പഴുപ്പ് കയറിക്കഴിഞ്ഞപ്പോഴാണ് ഞാന്‍ ആശുപത്രിയില്‍ എത്തുന്നത്. ആ പകുതി കാഴ്ചയിലാണ് ഇനി എന്റെ സിവില്‍ സര്‍വീസ് ജീവിതം. അതും കുറയുന്നു എന്നെനിക്ക് മനസിലായത് 2012ലെ ബാങ്ക് ഒഫ് ഇന്ത്യ ഓഫിസര്‍ പരീക്ഷ എഴുതുമ്പോഴാണ്. ചെന്നൈയില്‍ വച്ചു ഉത്തരക്കടലാസിലെ എ ഓപ്ഷന്‍ കറുപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ബി ഓപ്ക്ഷനാകും ഞാന്‍ കറുപ്പിക്കുക. ബബിള്‍ ചെയ്ത് ഞാന്‍ പരാജയപ്പെട്ടു. ഹാളിലിരുന്ന് നിസാഹായനായി. ഒഎംആര്‍ ഷീറ്റിലേക്ക് നോക്കിയിരുന്നിട്ടും ഞാന്‍ കരഞ്ഞില്ല. പക്ഷെ എന്റെ ദേഹം ചൂടുപിടിച്ചു വിറയ്ക്കുകയായിരുന്നു. ഞാനാരോടും ഇതുവരെ ഇക്കാര്യം പറഞ്ഞിട്ടില്ല. എന്നെ ഇത്തവണ സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ സഹായിച്ച അശ്വിന് ഒരുപക്ഷെ മനസിലായിക്കാണണം ഇത്. കാഴ്ച കുറഞ്ഞുവന്നാലും എനിക്കു ജീവിച്ചേ പറ്റുവെന്നു തോന്നി. എസ്ബിടിയില്‍ ഇക്കാര്യം പറഞ്ഞാല്‍ എല്ലാവരും എന്നെ ഒറ്റപ്പെടുത്തുമെന്നു ഭയന്നു. അല്ലെങ്കില്‍ അവരെന്നെ അന്ധര്‍ക്കു നല്‍കാറുള്ള ടെലിഫോണ്‍ ഓപ്പറേറ്ററാക്കും. ഞാന്‍ വീട്ടിലിരുന്നു മോഡല്‍ ഒഎംആര്‍ ഷീറ്റുകള്‍ കറുപ്പിക്കാന്‍ തുടങ്ങി. ഒടുവില്‍ 33 പിഒ പരീക്ഷകള്‍ക്കു ശേഷം ഐഡിബി ഐ എന്നെ വിളിച്ചു. തൊട്ടു പുറകെ 13 ബാങ്കുകള്‍… ഇതിനിടെ യുജിസി നെറ്റും കിട്ടി. തൊട്ടുപിന്നാലെ ജെആര്‍എഫ്(മലയാളം) എഴുതി കിട്ടി. നെറ്റ് എഴുതി കിട്ടിയാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ എംഎ എടുക്കണമെന്നാണ് യുജിസി നിയമം. അതോടെ കാര്യവട്ടം വിദൂര വിദ്യാഭ്യാസ കേന്ദ്രം വഴി എംഎ മലയാളവും സ്വന്തമാക്കി.

പത്താം ക്ലാസിനു ശേഷം പ്ലസ് ടുവിന് ഹ്യൂമാനിറ്റീസ് എടുത്താല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഗുണം ചെയ്യുമെന്ന് ഷീബ ടീച്ചര്‍ ഒരിക്കല്‍ പറഞ്ഞതു കൊണ്ട് ഏക ഓപ്ഷനായ ഞാനത് ഫോറത്തില്‍ എഴുതിയത്. ഹ്യുമാനിറ്റീസ് ഓപ്ഷന്‍ എഴുതിയ ഫോറം പെട്ടിയിലിടാന്‍ ഞാന്‍ നില്‍ക്കുമ്പോള്‍ ദൈവം മറ്റൊരു അപരിചതനെ എന്റെ അടുക്കലേക്കു വിട്ടു. സ്‌കൂളിലെ ലാബ് അസിസ്റ്റന്റ് ഷിബു കെ ജോണ്‍. എന്റെ ഫോം വാങ്ങിയിട്ട് അദ്ദേഹം പറഞ്ഞു: ‘ഈ സ്‌കൂളിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയവര്‍ സാധാരണ സയന്‍സാണ് എടുക്കാറുള്ളത്. നീ സയന്‍സ് എടുത്താല്‍ മതി.’ അദ്ദേഹം വെട്ടിമാറ്റിയത് എന്റെ ജീവിതമായിരുന്നു. ഞാന്‍ വീണ്ടും മാത് സിലേക്കു വലിച്ചിഴയ്ക്കപ്പെട്ടു. പാറ്റേണ്‍ മാറിയ സിവില്‍ സര്‍വീസ് പരീക്ഷയില്‍ സയന്‍സ് ഗ്രൂപ്പും മാത് സും എന്നെ സഹായിച്ചു.

പ്ലസ് ടു എത്തിയപ്പോള്‍ വീട്ടില്‍ കുട്ടികളെ ട്യൂഷനെടുക്കാന്‍ തുടങ്ങി. പ്ലസ് ടുവിന് മലയാളത്തിന് നൂറില്‍ നൂറും വാങ്ങി. ബെസ്റ്റ് ഔട്ട് ഗോയിങ് സ്റ്റുഡന്റായി പുറത്തുവന്നപ്പോഴും എനിക്കു ഡിഗ്രിക്ക് ഏതു വിഷയം എടുക്കണമെന്ന് പറഞ്ഞു തരാന്‍ ആരും ഇല്ലായിരുന്നു. ഭൂമി തുണ്ടം തുണ്ടമായി വിറ്റ് വീട്ടിലേക്കുള്ള വഴിപോലും അച്ഛന്‍ വിറ്റു. 2005ല്‍ അച്ഛന്‍ മരിച്ചു.

ഒടുവില്‍ ഡിഗ്രിക്ക് കോഴഞ്ചേരി സെന്റ് തോമസ് കോളെജില്‍ ചേരാന്‍ തീരുമാനിച്ചു.

പ്ലസ്ടുവിന്റെ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പിയെടുക്കാന്‍ കോഴഞ്ചേരിയിലെ ഒരു കടയില്‍ കയറി. ഫോട്ടോ സ്റ്റാറ്റ് എടുത്ത ശേഷം അപരിചിതനായ ആ കടക്കാരന്‍ എന്റെ സര്‍ട്ടിഫിക്കറ്റിലേക്കു നോക്കി. മലയാളത്തിന് നൂറില്‍ നൂറ് എന്ന മാര്‍ക്കില്‍ അയാളുടെ കണ്ണുകളുടക്കി. അത്ഭുതത്തോടെ ചോദിച്ചു..

‘ എവിടെയാ ഡിഗ്രി ചെയ്യാന്‍ പോകുന്നത്..’

‘കോഴഞ്ചേരി സെന്റ് തോമസ് കോളെജില്‍’

‘എന്റെ ഭായ് മലയാളത്തിന് നൂറില്‍ നൂറ് നേടിയിട്ട് നിങ്ങള്‍ക്ക് ദൂരെയുള്ള ഏതെങ്കിലും ടോപ്പ് കോളെജില്‍ ചേര്‍ന്നൂടേ..? ‘

‘അവിടെയൊക്കെ അഡ്മിഷന്‍ എടുക്കേണ്ടത് എങ്ങനെയാണെന്ന് അറിയില്ല. അവിടെപ്പോയി പഠിക്കാനുള്ള പണവും കൈയിലില്ല’

മോട്ടി ചെറിയാന്‍ എന്ന ആ മനുഷ്യന്റെ തൊട്ടടുത്ത നിമിഷം വിളിച്ച ഫോണ്‍ കോളില്‍ നിന്നാണ് എന്റെ ജിവിതം മാറിമറിയുന്നത്. ഫോണ്‍ കോളിനു ശേഷം മാര്‍ ഇവാനിയോസ് കൊളെജിലേക്കു ഫോം അയക്കാന്‍ അദ്ദേഹം പറഞ്ഞു. അങ്ങനെ ഇവാനിയോസ് കോളെജില്‍ ഞാന്‍ ഫോം കൊടുത്തു. പണത്തിന്റെ കാര്യത്തില്‍ ഭയപ്പെടേണ്ടെന്ന മോട്ടി ചെറിയാന്‍ എന്ന നല്ല വ്യക്തിയുടെ വാക്കിന്റെ ബലത്തില്‍.

ഇതിനിടെ ഇവാനിയോസില്‍ അഡ്മിഷന്‍ കിട്ടിയില്ലെങ്കില്‍ പണി മൊത്തം പാളുമെന്നു കരുതി ഞാന്‍ സെന്റ് തോമസില്‍ ചേര്‍ന്നിരുന്നു. ഇവാനിയോസില്‍ അഡ്മിഷന്‍ കിട്ടിയപ്പോള്‍ സര്‍ട്ടിഫിക്കറ്റിനായി സെന്റ് തോമസ് കോളെജ് ഓഫിസില്‍ ചെന്നു. മുഴുവന്‍ ഫീസും തരാതെ സര്‍ട്ടിഫിക്കറ്റ് തരില്ലെന്നു കോളെജ് ക്ലാര്‍ക്ക്. ഞാന്‍ പറ്റില്ലെന്നു പറഞ്ഞു. അയാള്‍ വഴങ്ങിയില്ല. ഞാന്‍ പ്രിന്‍സിപ്പലിനെ കണ്ടു. ഫലമുണ്ടായില്ല. പുതിയ പ്രിന്‍സിപ്പലാണ്. ഒടുവില്‍ റൂളനസരിച്ചു 1750 രൂപ അടച്ചാലേ സര്‍ട്ടിഫിക്കറ്റ് തരാന്‍ പറ്റൂ എന്നുകട്ടായം പറഞ്ഞു.

എന്റെ ദേഹം ചൂടുപിടിച്ചു. കണ്ണുതുടിച്ചു. എന്നിട്ടും കരഞ്ഞില്ല. താഴെവന്ന് കോയിന്‍ ബോക്‌സില്‍ നിന്നു മോട്ടി ചെറിയാനെ വിളിച്ചു. ‘ഭായ് നിങ്ങളൊരു ഓട്ടോ വിളിച്ചു തോംസണ്‍ ബുക്ക്‌സ്റ്റാൡ ചെല്ല്. അവിടത്തെ അച്ചായനെ കണ്ടാല്‍ മതി. ഞാന്‍ കാര്യം പറഞ്ഞേക്കാം’ ചെന്നപ്പോള്‍ പണം കിട്ടി. ഇന്നും ആ കടം ബാക്കിയാണ്..

ക്ലാര്‍ക്ക് എന്നെ തോല്‍പ്പിച്ചെന്ന മട്ടില്‍ രസീത് എനിക്കു നേരെ നീട്ടി. അതെ, ഞാന്‍ തോറ്റുപോയിരിക്കുന്നു. അഭിമാനക്ഷതവും. തോല്‍വി എനിക്കൊരു പുത്തരിയല്ലല്ലോ..

മാര്‍ ഇവാനിയോസില്‍ ഫീസ് അടയ്ക്കുന്ന കാര്യത്തെ കുറിച്ച് മോട്ടി ചെറിയാന്‍ ഒന്നും പറയുന്നില്ല. ‘ പോയി പ്രിന്‍സിപ്പലിനെ കണ്ടാല്‍ മതി.. ബാക്കി ഞാന്‍ നോക്കിക്കൊള്ളാം’ എന്നാണ് മറുപടി. ആ ഉറപ്പില്‍ മാര്‍ ഇവാനിയോസില്‍ ചേരാന്‍ നാലാഞ്ചിറയ്ക്കു ഞാന്‍ ബസ് കയറി. മൂന്നു വര്‍ഷത്തിന്റെയും തുടക്കത്തില്‍ വാര്‍ഷിക ഫീസ് 20,000 രൂപ ചോദിക്കുമോ എന്നായിരുന്നു എന്റെ ഭയം. എല്ലാം നോക്കിക്കൊള്ളാം എന്ന മോട്ടി ചെറിയാന്റെ മറുപടിയില്‍ ഞാന്‍ സുരക്ഷിതനായി.

കോളെജില്‍ സിവില്‍ സര്‍വീസ് സമാന ചിന്താഗതിക്കാരുടെ കോര്‍ ഗ്രൂപ്പ് തുടങ്ങി. പഠനം, ചര്‍ച്ച, മത്സരങ്ങള്‍.. ഇവയായിരുന്നു പ്രധാന പരിപാടികള്‍. കാശുകിട്ടുന്ന എല്ലാ സാഹിത്യ മത്സരങ്ങളിലും പോകും. അങ്ങനെ പോകാത്ത ഒരു കോളെജും കേരളത്തില്‍ ഇല്ലെന്ന മട്ടായി. ചേച്ചിയുടെ ട്യൂഷനില്‍ നിന്നു കിട്ടുന്ന 1.500 രൂപ കൊണ്ട് കുറച്ചു നാള്‍ പിടിച്ചു നിന്നു. പിന്നെ, സിറാജില്‍ കുറച്ചുകാലം പ്രാദേശിക പത്രപ്രവര്‍ത്തകനായി. രണ്ടാം റാങ്ക് വാങ്ങി ഡിഗ്രി കഴിഞ്ഞിറങ്ങിയപ്പോള്‍ വീണ്ടും കണ്‍ഫ്യൂഷന്‍. മനസ് ശൂന്യം.

ഡിഗ്രി കാലത്തിലൊരിക്കല്‍ യൂണിവേഴ്‌സിറ്റി ലൈബ്രറിയിലിരുന്നപ്പോള്‍ ഖുല്‍ഷാദാണ് എനിക്കു സിവില്‍ സര്‍വീസ് ഘടനയും പരീക്ഷാ രീതിയും പഠിപ്പിച്ചത്. 2007ല്‍ ഞാനൊരിക്കല്‍ സിവില്‍ സര്‍വീസ് നോട്ടിഫിക്കേഷന്‍ വന്ന എംപ്ലോയ്‌മെന്റ് ന്യൂസ് മൊത്തം ഫോട്ടൊക്കോപ്പിയെടുക്കുന്നത് കണ്ട് ലൈബ്രേറിയന്‍ ഗുണമണി സാറാണ് മുഴുവന്‍ വിഷയങ്ങളും പഠിക്കേണ്ട എന്നും രണ്ടു ഓപ്ഷണല്‍ വിഷയങ്ങള്‍പഠിച്ചാല്‍ മതിയെന്നും പറഞ്ഞു തന്നത്.കൈവെള്ളയിലെ ഭാഗ്യരേഖകള്‍ മുട്ടാത്തു കണ്ട് ഒരു സുഹൃത്ത് എന്നോടു പറഞ്ഞു-‘ നിങ്ങള്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷ കിട്ടില്ല.. നിങ്ങളുടെ ഭാവി കലാ സാഹിത്യ മേഖലയിലാണ്. ‘ എന്റെ കൈവെള്ളയിലെ ഭാഗ്യരേഖകള്‍ ഇപ്പോഴും മുട്ടിയിട്ടില്ലെന്നാണ് സത്യം. പലപ്പോഴും വായിച്ചുവായിച്ച് യൂണിവേഴ്‌സിറ്റി ലൈബ്രറിയിലിരുന്ന് ഉറങ്ങിപ്പോയിട്ടുണ്ട്. ക്ഷീണം കൊണ്ട്. രാത്രി സിറാജിലെ ലാക്കല്‍ റിപ്പോര്‍ട്ടിങ്ങിനു വേണ്ടി കഴക്കൂട്ടത്തേയ്ക്കു പോകണം.

മൂന്നാം വര്‍ഷം ജെഎന്‍യു, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി, ജാമിയ മില്ലിയ എന്നിവിടങ്ങളില്‍ നിന്നു മാസ് കമ്യൂണിക്കേഷനും ടിവി ജേര്‍ണലിസത്തിനും പ്രവേശനം കിട്ടി. അതിനു മുന്‍പാണ് മനോരമ തിരുവനന്തപുരം ബ്യൂറോയിലും ഇന്ത്യാവിഷനിലും ഇന്റേണ്‍ഷിപ്പ് ചെയ്തത്. ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടര്‍ ടെസ്റ്റില്‍ ഒന്നാമതെത്തി. ജോലിക്കു ക്ഷണം കിട്ടിയെങ്കിലും അതു വേണ്ടെന്നു വച്ചു എസ്ബിടിയില്‍ ചേക്കേറി. അതിലേക്കു തള്ളിവിട്ടത് മൂന്നു പേരായിരുന്നു. ഇന്ത്യാവിഷനിലെ അനില്‍ ശങ്കര്‍, മനോരമയിലെ ഇ. സോമനാഥ്, പിന്നെ മോട്ടി ചെറിയാനും.

എസ്ബിടിയില്‍ ചേരും മുന്‍പ് ഇവാനിയോസിലെ മലയാളം അധ്യാപികയായ ജോളി ടീച്ചറുടെ അടുത്തു ചെന്നു. എഴുതാനുള്ള കഴിവ് കളയാതെ, ബാങ്കില്‍ പൊയ്‌ക്കൊള്ളാന്‍ ടീച്ചര്‍ പറഞ്ഞു. പക്ഷെ, ഹിന്ദിയിലെ യോഹന്നാന്‍ സാര്‍, അത്രമേല്‍ സ്‌നേഹമുള്ളതുകൊണ്ട്, എന്നെ ശക്തിയായി എതിര്‍ത്തു. ലൈബ്രറിയിലെ ഗുണമണി സാര്‍ വാര്‍ത്ത കേട്ടു എന്റെ മുഖത്തേയ്ക്കു കുറെനേരം നോക്കി നിന്നിട്ടു പതുക്കെ പറഞ്ഞു. ‘ ദെന്‍, യുവര്‍ സിവില്‍ സര്‍വീസ് ഈസ് ഗോയിങ് ടു എന്‍ഡ്, ഡോണ്ട് ഡൂ ദാറ്റ്’

എനിക്കറിയില്ലായിരുന്നു എന്തു ചെയ്യണമെന്നു. വരും വരായ്കകള്‍ പറഞ്ഞു തരാന്‍ ആരുമില്ലായിരുന്നു.

എസ്ബിടിയില്‍ നിന്ന് പല തവണ ഡല്‍ഹിയിലേക്കു ട്രാന്‍സ്ഫര്‍ ചോദിച്ച് നീണ്ടു പോയപ്പോള്‍ എഡിബി ഐയിലേക്ക്. ഐഡിബി ഐയിലെത്തിയ ശേഷം ഐഎഎസ് മോഹം പതുക്കെ കുറഞ്ഞെങ്കിലും ബാങ്കിലെ സെക്യൂരിറ്റിയുമായി ഞാന്‍ ചങ്ങാത്തത്തിലായി. യുപിക്കാരനായ വിപി സിങ് തന്റെ കാര്‍ഷിക ലോണ്‍ വീട്ടാനാണ് രാവും പകലും സെക്യൂരിറ്റിയായി നില്‍ക്കുന്നതെന്നു അറിഞ്ഞ ഞാന്‍ കളിയാക്കി പറഞ്ഞു. ‘ ഞാന്‍ സിവില്‍ സര്‍വീസുകാരനായാല്‍ എനിക്കെന്തെങ്കിലും ചെയ്യാനാകും’ എന്റെ ഇന്റര്‍വ്യൂ ദിവസം വിപി സിങ് അമ്പലത്തില്‍ എനിക്കു വേണ്ടി പോയപ്പോള്‍ യോഹന്നാന്‍ സാര്‍ പ്രയര്‍ മീറ്റിങ്ങില്‍ പ്രാര്‍ഥിച്ചു.

വിപി സിങ്ങിന് വാക്കുകൊടുത്തതു മുതലാണ് കോച്ചിങ്ങിനു കാത്തുനില്‍ക്കാതെ ഞാന്‍ തനിയെ പരിശീലനം തുടങ്ങാമെന്നു ഉറച്ചത്. മൊത്തം പേപ്പറും മലയാളത്തില്‍ എഴുതാനായിരുന്നു തീരുമാനം.

രണ്ടനുഭവങ്ങള്‍ എന്റെ സിവില്‍ സര്‍വീസ് ശ്രമത്തെ ആളിക്കത്തിച്ചു. അമ്മയുടെ വിധാവപെന്‍ഷന്‍ കിട്ടാന്‍ വേണ്ടി, വിവരാവകാശ നിയമം ആദ്യമായി പഞ്ചായത്തില്‍ അപേക്ഷിച്ച വീര്യം ഈ അനുഭവങ്ങളിലും ഉണ്ടായി.

ഒന്ന്: എസ്ബിടി ഓഫിസര്‍ ഇന്റര്‍വ്യൂവിന്റെ തലേന്ന് ഒരു രണ്ടാം ശനിയാഴ്ചയായതിനാല്‍ ഞാന്‍ അറ്റസ്റ്റ് ചെയ്യാന്‍ കോഴഞ്ചേരിയിലെ ഒരു ബാങ്കില്‍ ചെന്നു. മുമ്പെനിക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബ്രാഞ്ചാണ്. ചെന്നപാടെ മാനെജര്‍ പറഞ്ഞു: ‘ ഞാന്‍ ചെയ്യില്ല’ അക്ഷരാര്‍ഥത്തില്‍ അദ്ദേഹത്തോടു കെഞ്ചുകയായിരുന്നു. ആ ഇന്റര്‍വ്യൂ സിവില്‍ സര്‍വീസിനു ഗുണം ചെയ്യുമെന്നു ഞാന്‍ കരുതി. സമയം മെനക്കെടുത്താതെ ഇറങ്ങിപ്പോകാന്‍ മാനെജര്‍ അട്ടഹസിച്ചു. പിറ്റേന്ന് ഞായറാഴ്ച ഒരു ഗവ. ഓഫിസും തുറക്കില്ല. എന്നിട്ടും ഞാന്‍ ഇന്റര്‍വ്യൂവിന് പോയി. കിട്ടിയിട്ടും വേണ്ടെന്നു വച്ചു. പക്ഷെ അന്നു ഞാന്‍ ഉള്ളില്‍ കുറിച്ചിട്ടു. ഒരു ഗസറ്റഡ് ഓഫിസറാകണം. എന്നിട്ടൊരു ബോര്‍ഡ് വയ്ക്കണം. 24 മണിക്കൂറും സൗജന്യം അറ്റസ്‌റ്റേഷന്‍.

രണ്ട്: ഐഡിബി ഐയിലെ എന്റെ പൊലീസ് വെരിഫിക്കേഷനായി എന്നെ പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചു. എന്റെ യഥാര്‍ഥ ജനന തിയതിയും എസ്എസ്എല്‍സി ബുക്കിലെ ജനന തിയതിയും തമ്മില്‍ ഒരു ദിവസത്തെ വ്യത്യാസമുണ്ട്. അത തിരുത്തിയ ഓര്‍ഡറുമായി ഞാന്‍ പൊലീസുകാരന്റെ അടുക്കല്‍ ചെന്നു. എന്നാല്‍ വെരിഫിക്കേഷനായി അയച്ചതില്‍ പഴയ ജനന തിയതിയാണ്. പൊലീസുകാരന്‍ എന്നെ ചായകുടിക്കുന്നതിനായി ക്ഷണിച്ചു. ജനന തിയതിയിലെ മാറ്റം ശ്രദ്ധിച്ചപ്പോള്‍ കക്ഷിയുടെ മട്ടും ഭാവവും മാറി. നെഗറ്റീവ് റിപ്പോര്‍ട്ട് എഴുതി വിടും, തീവ്രവാദി ബന്ധമോ മറ്റോ ഇല്ലെന്നു എങ്ങനെ വിശ്വസിക്കും, വേറൊരു ലിപിന്‍ രാജ് ഉണ്ട്, ഞാനല്ല യഥാര്‍ഥ ആള്‍ എന്ന മട്ടിലായി ആക്രോശം. ഒടുവില്‍ ഞാന്‍ യഥാര്‍ഥ എസ്എസ്എല്‍സി ബുക്ക് കാണിക്കാമെന്നായി. അതെടുക്കാന്‍ ഓട്ടോ വിളിച്ച് വീട്ടിലേക്ക്, അവിടെ നിന്നു തിരിച്ചു സ്‌റ്റേഷനിലേക്ക്. . പിന്നെ ചായക്കടയിലേക്ക്. അതിനിടയില്‍ ചേട്ടനെ വിളിച്ചപ്പോള്‍ ഒരുപായം പറഞ്ഞു തന്നു. അഞ്ഞൂറു രൂപ കൊടുത്തിട്ടേ എസ്എസ്എല്‍സി ബുക്ക് കൊടുക്കാവൂ. 500 രൂപ പോക്കറ്റില്‍ വച്ചു കൊടുത്തപ്പോള്‍ അയാള്‍ ഒട്ടൊരു കുടില ചിരിയോടെ പറഞ്ഞു

‘ ഇനിയാ എസ്എസ്എല്‍സി ബുക്ക് അനിയന്റെ കൈയിലിരിക്കട്ടെ. എനിക്കു കാണേണ്ട’

എന്റെ കണ്ണു നിറഞ്ഞു.

ഒന്നു മാത്രമേ അഭ്യര്‍ഥിക്കാനുള്ളൂ. നിങ്ങളുടെ പ്രാര്‍ഥനയില്‍ എന്നെ കൂടി ഉള്‍പ്പെടുത്തണം. നന്ദിയും അഭിമാനവുമുണ്ട്. ഞാന്‍ മലയാളത്തിന്റെ മകനായതിനാല്‍….

Generated from archived content: essay1_june4_13.html Author: lipinraj_mp

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here