മൃതിയടയും സ്വപ്‌നങ്ങള്‍

മകര മാസത്തിലെ തണുത്ത പുലര്‍കാലം. കാത്തിരുന്നു ലഭിച്ച ഒഴിവ് ദിവസം ആയിരുന്നതിനാല്‍ കിടക്ക വിട്ടെഴുനേല്ക്കുവാന്‍ തോന്നിയില്ല. ഉറക്കത്തിന്റെ ആലസ്യത്തില്‍ പുതപ്പിനുള്ളിലേക്ക് വീണ്ടും ചുരുണ്ട് കൂടുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചു. മറ്റാരുടെയെങ്കിലും കോള്‍ ആയിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നു, പക്ഷെ രഘുവേട്ടനാണ് വിളിക്കുന്നത്‌. രഘുവേട്ടന്റെ കോള്‍ ഒഴിവാക്കാന്‍ സാധിക്കുകയില്ല. എന്തെങ്കിലും അത്യാവശ്യം ഉണ്ടാകും, അതായിരിക്കും ഇത്ര നേരത്തെ വിളിക്കുന്നത്‌.

“ഹലോ… ഗോപാ….. എനിക്ക് നിന്നെയൊന്നു കാണണം…ഇപ്പോള്‍ തന്നെ…. വളരെ അത്യാവശ്യമാണ്… ഞാന്‍ ജംഗ്ഷനില്‍ കാത്തു നില്ക്കും…” മറുപടിക്ക് കാത്തു നില്‍ക്കാതെ രഘുവേട്ടന്‍ ഫോണ്‍ കട്ട് ചെയ്തു. കിടക്കയില്‍ നിന്ന് എഴുന്നേറ്റ് മുഖമൊന്നു കഴുകിയെന്നു വരുത്തി ബൈക്കില്‍ ഞാന്‍ ജംഗ്ഷനിലേക്ക് പുറപ്പെട്ടു. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ രഘുവേട്ടനെ കണ്ടു. കൈയ്യില്‍ ഒരു ബാഗുമായി ജംഗ്ഷനിലുള്ള ചായക്കടയുടെ അരികിലായി രഘുവേട്ടന്‍ നില്‍ക്കുന്നു.

“എടാ…. ഞാന്‍ വീട്ടിലേക്കു പോവ്വാ… അവിടെ എന്തോ പ്രശ്നമുണ്ട്….. ആറരക്കുള്ള ഗുരുവായൂര്‍ വണ്ടിക്കു കയറിയാല്‍ ഉച്ച കഴിയുമ്പോഴേക്കും വീട്ടിലെത്താം… ഞാന്‍ മാനേജറെ വിളിച്ചു പറഞ്ഞിട്ടുണ്ട്… അയാളെ കണ്ട് നീയുംകൂടി പറയണം…. ബാക്കിയൊക്കെ ഞാന്‍ വന്നിട്ട്…” കൂടുതലൊന്നും ചോദിക്കുവാനോ പറയുവാനോ തുടങ്ങുമ്പോഴേക്കും രഘുവേട്ടന് പോകുവാനുള്ള ബസ്‌ എത്തി.

തിരികെ മുറിയിലേക്ക്‌ എത്തി വീണ്ടും ഉറങ്ങാമെന്നു കരുതി കിടന്നെങ്കിലും ഉറങ്ങാന്‍ സാധിക്കുന്നില്ല. തിരിഞ്ഞും മറിഞ്ഞുമൊക്കെ കിടക്കുന്നതിനിടയില്‍ മനസ്സ് നാട്ടിലേക്കെത്തി. പച്ച പുതച്ചു നില്‍ക്കുന്ന വയലുകള്‍ക്ക് നടുവിലൂടെ വീട്ടിലേക്കുള്ള ചെമ്മണ്‍പാതയും, മനസ്സിനെയും ശരീരത്തെയും ഒരുപോലെ കുളിരണിയിക്കുന്ന ഗ്രാമത്തിന്റെ തനതു ഭംഗിയുമൊക്കെ തനിക്ക് നഷ്ടമായിരിക്കുന്നു. ഇപ്പോള്‍ അതൊക്കെ വെറും ഓര്‍മ്മകള്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു.

ടെക്നോപാര്‍ക്കില്‍ ജോയിന്‍ ചെയ്ത ദിവസം മുതലുള്ള പരിചയമാണ് രഘുവേട്ടനുമായി. സ്ഥിരമായി താമസിക്കുവാനുള്ള മുറി ശരിയാകുന്നത് വരെ രഘുവേട്ടനൊപ്പമായിരുന്നു താമസം. പാലക്കാട് നിന്നും തിരുവനന്തപുരത്തെക്കുള്ള മാറ്റം തുടക്കത്തില്‍ എന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. പക്ഷെ അങ്ങനെയൊരു മാറ്റം ജീവിതത്തിന്റെ അനിവാര്യതയുമായിരുന്നു. “ജീവിതത്തില്‍ പല വെല്ലുവിളികളും ഉണ്ടാകും, അതിനെയെല്ലാം തരണം ചെയ്തു മുന്നോട്ട്‌ പോകുവാന്‍ കഴിയണം. എന്നാല്‍ മാത്രമേ ഏതൊരാള്‍ക്കും ജീവിതത്തില്‍ വിജയിക്കുവാന്‍ സാധിക്കൂ”.. വിഷമങ്ങളുടെ ഭാണ്ഡം തുറക്കുമ്പോള്‍രഘുവേട്ടന്‍ പറയുമായിരുന്നു. ഗുരുവായൂര്‍ സ്വദേശിയായ ‘രഘുനാഥ് മേനോന്‍’ എന്ന രഘുവേട്ടന് ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വളരെ വലുതാണ്. ഭാര്യയും ഒരു മകളും ഭാര്യയുടെ അച്ഛനും അടങ്ങുന്ന കുടുംബം. മകള്‍ മീനാക്ഷി ഡിഗ്രിക്ക് പഠിക്കുന്നു.‘മകളുടെ വിവാഹം’ അതാണ് രഘുവേട്ടന്റെ വലിയ സ്വപ്നം.“നിന്നെപ്പോലൊരു ചെറുക്കനെ വേണം എനിക്ക് എന്റെ മീനാക്ഷിക്ക് വേണ്ടി കണ്ടെത്താന്‍”, മുന്‍പൊരിക്കല്‍ രഘുവേട്ടന്‍ പറഞ്ഞിരുന്നു. സ്വയം അഭിമാനം തോന്നിയ നിമിഷമായിരുന്നു എനിക്കത്.

നാട്ടിലേക്ക് പോയതിനു ശേഷം രഘുവേട്ടനെകുറിച്ച് ഒരു വിവരവും ഇല്ല. ഫോണില്‍ വിളിച്ചു നോക്കി, പക്ഷെ ഫോണ്‍ ഓഫ് ചെയ്തു വച്ചിരിക്കുകയാണ്. സാധാരണ രണ്ടു ദിവസത്തിനുള്ളില്‍ തിരികെയെത്തുന്നതാണ്, കൂടിയാല്‍ മൂന്ന്, പക്ഷെ ഇപ്പോള്‍ ഒരാഴ്ച കഴിഞ്ഞു. രഘുവേട്ടന്റെ ഓഫീസില്‍നിന്നും ഇന്ന് വിളിച്ചിരുന്നു. തിരിച്ചു വ്യക്തമായൊരു മറുപടി കൊടുക്കുവാന്‍ എനിക്ക് കഴിഞ്ഞില്ല. എന്തെങ്കിലും വിവരം ലഭിച്ചുവോ എന്നറിയാന്‍ രഘുവേട്ടന്റെ മറ്റു രണ്ടു സുഹൃത്തുക്കളുമായും ബന്ധപ്പെട്ടു, പക്ഷെ പ്രതീക്ഷിച്ച പ്രയോജനം ഉണ്ടായില്ല. സൗഹൃദത്തിന്റെ വേരുകള്‍ ഫോണ്‍ നമ്പര്‍ കൈമാറുന്നതിനപ്പുറം ആഴ്ന്നിറങ്ങിയിരുന്നില്ല എന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്. ആ തിരിച്ചറിവ് എന്നില്‍ വേദനയായ് മാറി.

അതിനാല്‍ഒരു കാര്യം ഞാന്‍ തീരുമാനിച്ചു. എങ്ങനെയും രഘുവേട്ടനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയണം. അതിനു രഘുവേട്ടന്റെ നാട്ടിലേക്ക് പോകണം, കഴിയുമെങ്കില്‍ നാളെ തന്നെ. അമ്മയ്ക്ക് സുഖമില്ലെന്ന കാരണത്തില്‍ ഓഫീസില്‍ നിന്നും അഞ്ച് ദിവസത്തെ അവധിയെടുത്ത്, രഘുവേട്ടന്റെ ഓഫീസില്‍ എത്തി. മാനേജറെ കണ്ട് സംസാരിച്ചപ്പോള്‍ രഘുവേട്ടന്റെ മേല്‍വിലാസം ലഭിച്ചു. ‘നാളെ രാവിലത്തെ ഗുരുവായൂര്‍ ബസ്സിനു പോകാം, അന്ന് രഘുവേട്ടന്‍ പോയ അതേ ബസ്സില്‍. ഉച്ചകഴിയുമ്പോഴേക്കും രഘുവേട്ടന്റെ വീട്ടില്‍ എത്താം, അവിടെനിന്നും തന്റെ വീട്ടിലേക്കും’. മനസ്സില്‍ ഉറപ്പിച്ചു. നാട്ടിലേക്കു എത്തുന്ന വിവരം അപ്പോള്‍ തന്നെ അമ്മയെ വിളിച്ചറിയിച്ചു. ജോലി തിരക്കുകള്‍ കാരണം മൂന്നു മാസത്തോളോം ആയിരുന്നു നാട്ടില്‍ പോയിട്ട്. ഇനിയുള്ള അഞ്ച് ദിവസം തിരക്കുകളൊന്നുമില്ലാതെ അമ്മയോടൊപ്പംകൂടാം.

“നിനക്കൊന്നു വന്നിട്ട് പൊയ്ക്കൂടെ, കാണാന്‍ കൊതിയാവുന്നെടാ..”നാട്ടിലേക്ക് വിളിക്കുമ്പോഴൊക്കെ അമ്മ പരാതി പറയും. ഇന്ന് ഇനി അമ്മ ഉറങ്ങില്ല. നാളെ രാവിലെ മുതല്‍ തന്നെ കാത്തിരിപ്പും തുടങ്ങും. ചെറുപ്രായത്തില്‍ അമ്മയുടെ സാരിത്തുമ്പില്‍ പിടിച്ചുകൊണ്ടു എപ്പോഴും നടക്കുമായിരുന്നു. കഴിഞ്ഞ തവണ ചെന്നപ്പോഴും അതിനെപ്പറ്റിയൊക്കെ പറഞ്ഞ് അമ്മയും അമ്മാവനും കളിയാക്കിയിരുന്നു. രാവിലെ കൃത്യ സമയത്ത് തന്നെ ബസ്‌ എത്തി. നല്ലതിരക്കുണ്ടായിരുന്നുവെങ്കിലും ഏറെ ദൂരം കഴിയും മുന്‍പേ ഇരിക്കുവാനുള്ള സീറ്റ് തരപ്പെട്ടു. പതിവ് ശീലങ്ങള്‍ക്കു മാറ്റമൊന്നും വന്നിട്ടില്ലാത്തതിനാല്‍ ഇരുന്ന് കഴിഞ്ഞപ്പോഴേക്കും ചെറുതായി മയങ്ങുവാനും തുടങ്ങി.

ഗുരുവായൂരില്‍ ബസ് എത്തിയപ്പോഴേക്കും സമയം ഒന്നരയോളം ആയി. ഓഫീസില്‍ നിന്നും കിട്ടിയ മേല്‍വിലാസം കാണിച്ച് ഓട്ടോയില്‍ രഘുവേട്ടന്റെ വീട്ടിലേക്കു തിരിച്ചു. ഏകദേശം ഇരുപത് മിനിറ്റുള്ള യാത്രക്കൊടുവില്‍ വീട്ടില്‍ എത്തി. വലുപ്പത്തില്‍ ചെറുതാണെങ്കിലും വൃത്തിയുള്ള മുറ്റവും ചെറു പൂന്തോട്ടവുമൊക്കെയായ് സുന്ദരമായ വീട്.

തുടരെയുള്ള വാതിലിലെ മുട്ട് കാരണം അധികം താമസിക്കാതെ വാതില്‍ തുറക്കപ്പെട്ടു. മുന്നില്‍ രഘുവേട്ടന്‍. പക്ഷെ അന്ന് തിരുവനന്തപുരത്ത് നിന്നും പോന്നപ്പോഴുള്ള രഘുവേട്ടന്‍ അല്ല, ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്. രഘുവേട്ടന്‍ ആളാകെ മാറിയിരിക്കുന്നു. നന്നേ ക്ഷീണിതനായ രൂപം.

“എടാ ഗോപാ നീയിതെങ്ങനെ…..”പറഞ്ഞത് മുഴുവിക്കുന്നതിനു മുന്‍പേ വാരിപ്പുണര്‍ന്നുകൊണ്ട് അകത്തേക്ക് കൂട്ടി. സന്തോഷമാണോ സങ്കടമാണോ മനസ്സിലെന്ന്‍ തിരിച്ചറിയാനാവാത്ത വിധം രഘുവേട്ടന്‍ സംസാരിച്ചുകൊണ്ടേയിരുന്നു. ഓഫിസിലേയും വീട്ടിലേയും വിശേഷങ്ങള്‍ തിരക്കി, ഭാര്യയേയും ഭാര്യയുടെ അച്ഛനെയും പരിചയപ്പെടുത്തി.

‘മീനാക്ഷി എവിടെ’ എന്ന ചോദ്യത്തിന്റെ മറുപടിക്കായ് രഘുവേട്ടന്‍ അകത്തേക്ക് കയറി. തിരികെ എത്തി കൈയ്യില്‍ കരുതിയിരുന്ന പത്രകടലാസ്എനിക്ക് നേരെ നീട്ടി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ അതു വാങ്ങി വായിച്ചു. ‘പ്രണയം നടിച്ചു പീഡനം; പെണ്‍കുട്ടി ആത്മഹത്യ ചെയ്തു’.മുഴുവന്‍ വായിച്ചു തീര്‍ന്നതും അനുവാദം തേടാതെ മിഴികള്‍ നിറഞ്ഞൊഴുകുവാന്‍ തുടങ്ങി. ധാരയായ് ഒഴുകുന്ന മിഴിനീര്‍കണങ്ങള്‍ക്കിടയിലൂടെ ചുവരില്‍ തൂക്കിയിരിക്കുന്ന ചിത്രം ഞാന്‍ തിരിച്ചറിഞ്ഞു.

എന്ത് പറയണമെന്നറിയാതെ ഞാന്‍ രഘുവേട്ടനെ നോക്കി. ചിരികള്‍ മാഞ്ഞുപോയ മുഖവും, സന്തോഷം അസ്തമിച്ചുപോയ മനസ്സുമായി, നിസ്സഹായകാനായി നില്‍ക്കുന്ന രഘുവേട്ടന്‍…. അപ്പോഴും മീനാക്ഷി ചിരിച്ചുകൊണ്ടേയിരുന്നു.

യാത്ര പറയുവാന്‍ പോലും ആവാതെ മനസ്സും ശരീരവും മരവിച്ച അവസ്ഥയില്‍ ഞാന്‍ വീട്ടിലേക്കു യാത്ര തിരിച്ചു.

Generated from archived content: story1_may13_15.html Author: lijo_s_thankachan1

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here