നിഴലുകളില്ലാത്തവർ

ആസ്‌പത്രി പോർച്ചിൽ കാർ നിർത്തി പ്രസാദ്‌ ലതികയോടു പറഞ്ഞു. “അകത്തേക്ക്‌ ഞാൻ വരണമെന്നില്ലല്ലോ…. നേരെ നടന്നാൽ ലിഫ്‌റ്റായി. ഞാൻ വന്നവിടെയിരുന്നിട്ടും വല്ല്യ കാര്യമൊന്നും ഇല്ല….. ഇവിടുത്തെ ഒരു പ്രത്യേക മണം കേട്ടാൽ ആകെ ഒരു മനംപിരട്ടലാണ്‌….” അതു നിനക്കറിയാമല്ലോ….“ ലതിക ഒന്നു മിണ്ടാതെ കാർ തുറന്നു നടന്നു. കാർ പിന്നിലേക്കെടുക്കുമ്പോൾ അയാൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു ”കഴിയുമ്പോൾ എനിക്കു വരാനാകുമോ എന്നറിയില്ല നീ ഒരു ടാക്‌സി വിളിച്ചു വീട്ടിലേക്കു പോകുന്നതായിരിക്കും നല്ലത്‌….“ അവൾ തിരിഞ്ഞു നിന്ന്‌ അതുകൂടി കേട്ട ശേഷം സാവധാനം അകത്തേക്കു നടന്നു.

ആസ്‌പത്രി പോർച്ചിന്റെ ഇടതു വശത്തെ വയസ്സൻ ആൽത്തറയിൽ എന്നത്തെയും പോലെ ധാരാളം ആൾക്കാർ ഇരിപ്പുണ്ടായിരുന്നു. നിശ്ശബ്‌ദരായിരുന്ന അവരുടെ മുഖച്ഛായകൾ വ്യത്യസ്‌തമായിരുന്നെങ്കിലും എല്ലാവരുടെയും കണ്ണുകളിൽ ഒരേ ദാഹമായിരുന്നെന്ന്‌ ലതികയ്‌ക്കു തോന്നി. വെറുതെ തുറന്നിരിക്കുന്ന ഒരുപാടു കണ്ണുകൾ അപ്പോൾ അവൾ സ്വന്തം കണ്ണുകളെക്കുറിച്ചോർത്തു. മനോഹരങ്ങളെന്ന്‌ ഒരിക്കൽ പലരും പറഞ്ഞവ. ഇപ്പോൾ തന്റെ കണ്ണുകളിലും ആൽത്തറയിലിരിക്കുന്നവരുടെ കണ്ണുകളിലെ ഭാവമാണെന്ന്‌ അവൾക്ക്‌ തീർച്ചയായിരുന്നു.

ലിഫ്‌റ്റിലുണ്ടായിരുന്നവർ വേഗം നടന്നടുക്കുന്ന അവളെക്കണ്ട്‌ അവൾക്കുവേണ്ടി കാത്തു. ആ ചെറിയ പേടകത്തിൽ സ്വപ്‌നങ്ങളില്ലാതെ ആത്മാവില്ലാതെ ലതിക നിന്നു. ലിഫ്‌റ്റിനു താഴെയുള്ള ശൂന്യമായ ഗർത്തം പോലെയായിരുന്നു അപ്പോൾ അവളുടെ മനസ.​‍്സ്‌ അടുത്തു നിന്ന സ്‌ത്രീ അവളുടെ തലയിലേക്ക്‌ സൂക്ഷിച്ചു നോക്കിയപ്പോൾ അവരെനോക്കി പുഞ്ചിരിച്ച്‌ ശബ്‌ദം താഴ്‌ത്തി അവൾ പറഞ്ഞു ചുമക്കാൻ ഒരു താൽപര്യവുമില്ലാത്ത ഒരു ചുമട്‌ പക്ഷേ ഭർത്താവു സമ്മതിക്കുന്നില്ല…. അതുകൊണ്ടു ചുമക്കുന്നു….” ംലാനമായ മുഖത്തോടെ അവർ പറഞ്ഞു “ഐ ആം സോറി….”

ഡോ. തോമസിന്റെ മുറിക്കു പുറത്ത്‌ അന്നു നല്ല തിരക്കായിരുന്നു. അവൾ ചുറ്റും നോക്കി. എല്ലാ കസേരകളിലും ആൾക്കാരുണ്ട്‌ രോഗികളും അവർക്ക്‌ കൂട്ടിനെത്തിയവരും. …. ആത്മാക്കൾ എന്നേ പറന്നു പോയവർ. അവശേഷിച്ച അവരുടെ ശരീരത്തിന്റെ ഗന്ധം മാത്രം അവിടെ തങ്ങിനിന്നിരുന്നു. അങ്ങനെ നിൽക്കെ അടുത്തുകൂടി നടന്നുപോയ ഒരാൾ അവളോടു പറഞ്ഞു. “ദാ ആ കസേരയിലിരുന്നോളൂ…” അയാളുടെ മുഖം കാണുന്നതിനു മുമ്പെ അയാൾ ഇടനാഴികയിലെ തിരക്കിൽ അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. ഒന്നുമാത്രം ലതിക കണ്ടു. അയാളുടെ തലയിൽ ഒരു മുടിപോലുമുണ്ടായിരുന്നില്ല.

അവസാന തവണ കൂടെ വന്നപ്പോൾ മകൾ ലതികയോടു പറഞ്ഞു. “ഇനിയിവിടെ വരാൻ അമ്മ എന്നെ വിളിക്കരുതു കേട്ടോ…. അമ്മക്കു ചെറിയമ്മായിയെ വിളിച്ചുകൂടേ….. ഇവിടെ മഹാബോറഡിയാണ്‌…..” എത്ര മണിക്കൂർ വെയ്‌റ്റിംഗ്‌…..“ അന്നവൾ വിദ്യയോടു പറഞ്ഞു. മോളിനി ഒരിക്കലും വരണ്ട. ഉച്ചയ്‌ക്ക്‌ അച്ഛനെ വിളിച്ചാൽ വന്നു നിന്നെ വീട്ടിലാക്കിത്തരും……” ഉള്ളിൽ കരഞ്ഞുകൊണ്ടാണ്‌ അന്നവൾ അതു മകളോടു പറഞ്ഞത്‌. പണ്ട്‌ താൻ അമ്മയെ കൃഷ്‌ണൻ വൈദ്യരുടെ അടുത്തു കൊണ്ടുപോയിരുന്നത്‌ അവൾക്കോർമ്മ വന്നു അന്നു തനിക്കു ഇതേ പ്രായമായിരുന്നു. മണിക്കൂറുകളല്ല. ദിവസങ്ങൾ ആ പഴയ ആസ്‌പത്രിയിൽ കഴിഞ്ഞു കൂടിയത്‌. പരാതികളില്ലായിരുന്ന കാലം സ്‌നേഹത്തിന്‌ അർത്ഥങ്ങളുണ്ടായിരുന്ന കാലം….

തന്റെ ഊഴമെത്താൻ ഇനിയും ഏറെ നേരത്തെ കാത്തിരിപ്പുണ്ടെന്നറിഞ്ഞപ്പോൾ ഒരു പുസ്‌തകം ബാഗിൽ നിന്നെടുത്ത്‌ ലതിക വായിച്ചു തുടങ്ങി. അക്ഷരങ്ങൾ കണ്ണിൽനിന്നും മനസ്സിലെത്തുന്നില്ല എന്നറിഞ്ഞ്‌ പുസ്‌തകം ബാഗിൽ വെച്ചു. അവൾ ചുറ്റുപാടും നോക്കി. അടുത്തിരുന്ന സ്‌ത്രീ ചോദിച്ചു. “ഓപ്പറേഷൻ കഴിഞ്ഞതാണോ?” “അതെ രണ്ടുവർഷം മുമ്പ്‌. ഇപ്പോൾ കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ” ലതിക അതിനുത്തരം പറയാതെ അവരെ നോക്കി ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്‌തു…. സംസാരിക്കുവാൻ അവൾക്കു ബുദ്ധിമുട്ടുതോന്നി. രാവിലത്തെ ഗുളികകൾ തലയിൽ ഒരു പെരുപ്പുളവാക്കി. മുമ്പിലെ വലിയ ക്ലോക്കിൽ സമയം അതിന്റെ ജോലി തുടർന്നുകൊണ്ടിരിന്നു. ഇടക്കിടെ തുറക്കുന്ന വാതിലിലൂടെ ഓരോരുത്തർ കയറുകയും അകത്തുള്ളവർ ഇറങ്ങുകയും ചെയ്യുമ്പോഴുള്ള കതകിന്റെ നേർത്ത ഞരക്കം ഒഴിച്ചാൽ ആരാധനാലയത്തിലെ നിശ്ശബ്‌തയായിരുന്നു അവിടെ. അകത്തു കയറുന്നവർ തിരിച്ചിറങ്ങുമ്പോൾ മിക്കവർക്കും തന്നെ മറ്റൊരു മുഖമായിരുന്നെന്നും അപ്പോൾ അവരുടെ കണ്ണുകളിലുണ്ടായിരുന്ന ചെറിയ വെട്ടം പൂർണ്ണമായും അണഞ്ഞിരുന്നെന്നും അവൾക്കു തോന്നി.

തലയിലെ പെരുപ്പ്‌ വേദനയായി മാറിയപ്പോൾ ലതിക തല കയ്യിൽത്താങ്ങി കുനിഞ്ഞിരുന്നു. പരിശോധനാ മുറിയുടെ വാതുക്കൽ രണ്ടു നേഴ്‌സുമാർ വളരെ താഴ്‌ന്ന ശബ്‌ദത്തിൽ സംസാരിച്ചു നിന്നിരുന്നു. അവരിലൊരാൾ അവൾക്കരികെ വന്നു ചോദിച്ചു…..“എന്തു പറ്റി മാഡം….. സുഖം തോന്നുന്നില്ലേ….?” “ഒരു തലവേദന…..” “ടോക്കൺ നമ്പർ എത്രയാണ്‌….”മുപ്പത്തിമൂന്ന്‌“ ഇപ്പോൾ ഇരുപത്തിനാലാണ്‌ അകത്തു കയറിയിരിക്കുന്നത്‌. കൂടുതൽ എന്തെങ്കിലും പ്രയാസം തോന്നിയാൽ വിളിക്കണേ….” അവർ നടന്നകലുമ്പോൾ ഇടനാഴിയുടെ അറ്റത്തു നിന്നും ഒരു കുഞ്ഞിന്റെ വലിയ കരച്ചിൽ കേട്ടു. ഒരു ഡോക്‌ടർ ധൃതിയിൽ അങ്ങോട്ടു നടന്നു പോയി. കുറച്ചു കഴിഞ്ഞപ്പോൾ സ്‌ട്രെച്ചറിൽ കുഞ്ഞിനേയുംകൊണ്ട്‌ രണ്ടു മൂന്നു പേർ ഓപറേഷൻ തിയേറ്റർ എന്നെഴുതിയ ഭാഗത്തേക്ക്‌ നടന്നു നീങ്ങുന്നത്‌ അവൾ കണ്ടു. സ്വന്തം വേദന ഒരു നിമിഷം മാറ്റിവെച്ചു കൊണ്ട്‌ ലതിക ആ കുഞ്ഞിനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

ഫോണിൽ പ്രസാദിന്റെ നമ്പർ തെളിഞ്ഞപ്പോൾ അവൾ പറഞ്ഞു “ഞാനിതുവരെയും അകത്തു കയറിയിട്ടില്ല ”ഞാൻ മറ്റൊരു കാര്യം പറയാനാണു വിളിച്ചത്‌. ഇന്നെനിക്ക്‌ താമസിച്ചേ വരാനാകൂ…. ഡൽഹിയിൽ നിന്നുള്ള ക്ലയന്റ്‌ വരുമ്പോൾ ലെയ്‌റ്റാകും. അയാളെ എന്റർടെയ്‌ൻ ചെയ്യേണ്ടിവരും…. അതു പറയാനാണു വിളിച്ചത്‌…“ ഫോണിൽ നിന്നു അയാളുടെ ശബ്‌ദം മറ്റൊന്നും പറയാതെ അകന്നു പോയത്‌ ലതികകേട്ടു. തികട്ടി വന്ന കരച്ചിലടക്കാൻ പാടുപെട്ട്‌ അവൾ കസേരയിൽ തലയും താഴ്‌ത്തി തിളങ്ങുന്ന ഫ്ലോർ ടൈലിലേക്കും നോക്കിയിരുന്നു. അതിലെ അവ്യക്തമായ പ്രതിബിംബം അവളെ നോക്കി പരിഹസിച്ചു. ഉള്ളിലെ മുറിവിന്റെ വിങ്ങൽ സഹിക്കവയ്യാതായപ്പോൾ അവൾ ടോയ്‌ലറ്റിലേക്കു നടന്നു. ഇടയ്‌ക്കൊക്കെ കരയാനാകുന്നതും ഒരാശ്വാസമാണ്‌. അവൾ സ്വയം പറഞ്ഞു.

മുഖം കഴുകി തിരികെ വരുമ്പോൾ സീറ്റിൽ മറ്റാരോ ഇരുന്നിരുന്നു. അവൾ പിന്നിലെ ഒഴിഞ്ഞു കിടന്ന കസേരകളിലൊന്നിലിരുന്നു. അടുത്തിരുന്ന ആൾ പറഞ്ഞു. ”കൂടെ ആരുമില്ലാതെ ഈ അവസ്‌ഥയിൽ തനിയെ ആസ്‌പത്രിയിൽ വരരുത്‌.“ അതിനെന്തു മറുപടി പറയണമെന്നറിയാതെ അയാളുടെ മുഖത്തേക്കു നോക്കിയപ്പേൾ അയാൾ തനിക്കുവേണ്ടി കസേര ഒഴിഞ്ഞു തന്ന ആളാണെന്ന്‌ ലതികയ്‌ക്കു തോന്നി. അയാൾ അവളെ നോക്കി ഹൃദ്യമായി ചിരിച്ചു. അസുഖത്തിനു ശേഷം ആദ്യമായാണ്‌ തന്നെ നോക്കി ആരെങ്കിലും അത്രയും തുറന്ന ഒരു ചിരിചിരിക്കുന്നതെന്ന്‌ അവളോർത്തു. ”ഭർത്താവിന്‌ ഇന്നു തീരെ ഒഴിവില്ലായിരുന്നു….“ ”ആദ്യകാലങ്ങളിൽ എനിക്കും കൂടെ വരാൻ ആരെങ്കിലുമൊക്കെയുണ്ടായിരുന്നു. കഴിഞ്ഞ ഒരു വർഷമയി ഞാനും മിക്കവാറും തനിയെയാണു വരുന്നത്‌. ചികിത്സയിൽ മുടി പൂർണ്ണമായും കൊഴിഞ്ഞുപോയ തലയിൽ മെല്ലെ തടവിക്കൊണ്ടയാൾ പറഞ്ഞു. “ഈ തല ഭാര്യക്കിപ്പോൾ തീരെ പിടിക്കുന്നില്ല…..” ലതിക അയാളുടെ മുഖത്തേക്കു തന്നെ നോക്കിയിരിക്കെ അയാളുടെ കണ്ണുകളിലെ തിളക്കം ഇപ്പോൾ കണ്ണീരിന്റേതാണെന്ന്‌ അവൾക്കു മനസ്സിലായി. താനെന്താണ്‌ പറയുക എന്നോർത്തിരിക്കെ കതകിനു മുകളിൽ തെളിയുന്ന നമ്പർ കണ്ട്‌ അയാൾ പറഞ്ഞു. “ഹൈക്കോടതിവിധി പറഞ്ഞ കേസാണ്‌….. എങ്കിലും ഒരു തമാശയ്‌ക്ക്‌ സുപ്രീം കോടതിയിൽ ഒരപ്പീൽ കൊടുക്കാം അല്ലേ….” അതും പറഞ്ഞ്‌ അവളെ നോക്കി കണ്ണിറുക്കി ചിരിച്ചുകൊണ്ട്‌ അയാൾ ഡോക്‌ടറുടെ മുറിയിലേക്കു കയറി.

ലതിക മുന്നിലെ ഓങ്കോളജിസ്‌റ്റ്‌ എന്ന ബോർഡിലേക്കു നോക്കിയിരുന്നു. രോഗം തിരിച്ചറിഞ്ഞ ദിവസത്തിൽ നിന്നും താൻ എത്രയോ ദൂരം നടന്നു കഴിഞ്ഞിരിക്കുന്നു. മൂന്നു വർഷം മുമ്പ്‌ ഡോ. തോമസിനെ ആദ്യമായി കാണാനെത്തുമ്പോൾ കൂടെ പ്രസാദും ഉണ്ടായിരുന്നു. കുറച്ചുനേരം പുറത്തിരിക്കാൻ അദ്ദേഹം അവളോടു പറഞ്ഞപ്പോൾത്തന്നെ എന്തോ അവൾക്കു മനസ്സിലായിരുന്നു. ംലാനമായ മുഖത്തോടെ ഡോക്‌ടറുടെ മുറിയിൽ നിന്നും ഇറങ്ങിവന്ന പ്രസാദ്‌ വീട്ടിലേക്കുള്ള യാത്രയിൽ നിശ്ശബ്‌ദനായിരുന്നു. “നാളെത്തന്നെ അഡ്‌മിറ്റാകണം. മറ്റന്നാൾ ഓപറേഷൻ വേണമെന്ന്‌ ഡോക്‌ടർ പറഞ്ഞു. ”മുഖവുര കൂടാതെ അയാൾ അന്നു രാത്രി അവളോടു പറഞ്ഞു. അവൾ അയാൾക്കരികിലേക്കു നീങ്ങിക്കിടന്ന്‌ അയാളെ കെട്ടിപ്പിടിച്ചു കരഞ്ഞു. രോഗത്തേക്കാളേറെ അന്നവളെ സങ്കടപ്പെടുത്തിയത്‌ അയാളുടെ ശബ്‌ദത്തിലെ നിസ്സംഗതയായിരുന്നെന്ന്‌ ആ ദിവസത്തെക്കുറിച്ചോർക്കുമ്പോഴൊക്കെ അവൾ വിങ്ങലോടെ ഓർത്തു. ഓപറേഷൻ കഴിഞ്ഞ്‌ വീട്ടിലെത്തി കുറച്ചു നാൾ കഴിഞ്ഞ്‌ ലതിക അയാളോടു ചോദിച്ചു. “എന്റെ ശരീരം കാണുന്നത്‌ പ്രസാദിന്‌ പേടിയാണല്ലേ…” അയാൾ തന്റെ ശരീരത്തെ എത്രമാത്രം സ്‌നേഹിച്ചിരുന്നെന്നും ഓപറേഷനു ശേഷം തന്നെ ഒരിക്കൽപോലു അയാൾ സ്‌പർശിച്ചിട്ടില്ലെന്നും ഓർത്തപ്പോൾ അവൾ അയാളോടു പറഞ്ഞു. “ഞാനിപ്പോൾ ഫിസിക്കലി നോർമലാണെന്ന്‌ ഡോക്‌ടർ പറഞ്ഞു.” പിന്നെ പെട്ടെന്നു തന്നെ അവൾ തിരുത്തിപ്പറഞ്ഞു. ഇല്ല അങ്ങനെ പറഞ്ഞാൽ ശരിയാവില്ല. ഇപ്പോൾ എന്റെ നെഞ്ചിൻകൂട്‌ ശൂന്യമാണ്‌….“ അയാൾ ബെഡ്‌റൂമിലെ വലിയ കണ്ണാടിക്കുമുമ്പിൽ നിന്ന്‌ മുടി ചീകിക്കൊണ്ട്‌ നിൽക്കുകയായിരുന്നു. ”എനിക്ക്‌ നിന്നോടൊരു വിരോധവും ഇല്ല…. പക്ഷേ…..“അർദ്ധോക്‌തിയിൽ വിരമിച്ചുകൊണ്ട്‌ കണ്ണാടിയിലൂടെ കട്ടിലിലിരുന്ന അവളെ നോക്കി. ഒന്നും മിണ്ടാതെ മുറിയിൽ നിന്നും എഴുന്നേറ്റു പോകുന്ന അവളെ കണ്ണാടിയിൽകൂടി അയാൾ കണ്ടു.

ആ രാത്രി ലതിക ഗസ്‌റ്റ്‌ ബെഡ്‌റൂമിൽ തനിയെ ആദ്യമായുറങ്ങി. രാത്രിയിൽ എപ്പോഴോ പ്രസാദ്‌ വന്നു അവളോടു പറഞ്ഞു. ”ഞാൻ പറഞ്ഞില്ലേ എനിക്കു നിന്നോട്‌ ഒരു വിരോധവും ഇല്ല…. എന്തോ എനിക്കാകെ ഒരു വല്ലായ്‌മ….“ അപ്പോഴും വരൂ വന്നു നമ്മുടെ മുറിയിൽ കിടക്കൂ എന്നയാൾ പറഞ്ഞിരുന്നില്ലെന്ന്‌ അവൾക്കോർമ്മ വന്നു…. അടുത്തിരുന്ന സ്‌ത്രീയുടെ ശബ്‌ദം അവളെ വർത്തമാനകാലത്തിലേക്കു തിരിച്ചു കൊണ്ടുവന്നു. ”നിങ്ങളുടെ നമ്പർ മുപ്പത്തി മൂന്നല്ലേ… ഇനി അകത്തു കയറാമല്ലോ….“ അവർക്കു നന്ദി പറഞ്ഞ്‌ ലതിക ഡോക്‌ടറുടെ വാതിലിന്നരികിലേക്കു നടന്നു. അകത്തു കയറിയ ആൾ അപ്പോഴേക്കും പുറത്തിറങ്ങി കഴിഞ്ഞിരുന്നു. അയാൾ ചിരിച്ചുകൊണ്ടു പറഞ്ഞു. ഒരു മൂന്നു മാസത്തെ അവധി കിട്ടി. ആരാച്ചാർക്ക്‌ ബിസിയാണു പോലും….” ഒരു നിമിഷം അയാളെത്തന്നെ സൂക്ഷിച്ചു നോക്കിയിട്ട്‌ അവൾ അകത്തേക്കു കയറി.

മേശപ്പുറത്തെ ഫയലുകളിൽ ഒന്നോടിച്ചുനോക്കിയ ശേഷം ഡോക്‌ടർ കുറെയധികം നേരം കംപ്യൂട്ടറിൽ നോക്കിയിരുന്നു. പിന്നെ അതിൽത്തന്നെ നോക്കിയിരുന്ന്‌ അവളുടെ മുഖത്തേക്കു നോക്കാതെ പറഞ്ഞു.“ നമുക്ക്‌ മറ്റൊരു ഓപറേഷൻ കൂടി വേണ്ടി വരുമല്ലോ ലതികേ…..” അതും പറഞ്ഞു അദ്ദേഹം അവളുടെ മുഖത്തേക്കു നോക്കി. “തനിയെ എന്റെ മുമ്പിലിരുന്ന്‌ ഇതു കേട്ടിട്ടും കരയാതിരുന്ന എന്റെ ആദ്യത്തെ രോഗി ലതികയാണെന്നറിയാമോ? ഒരു പക്ഷെ അവസാനത്തെതും..” “ഇതു തന്നെയായിരിക്കും. ഒരു പക്ഷേ ഡോക്‌ടർ പറയുക എന്നെനിക്കറിയാമായിരുന്നു ഏതായാലും എന്നെ ഇനി കീറി മുറിക്കേണ്ട ഡോക്‌ടർ..” അവളുടെ ശബ്‌ദത്തിലെ ഇടർച്ച ശ്രദ്ധിച്ച അദ്ദേഹം പറഞ്ഞു. ഇതു ചെയ്‌താൽ വേദനയ്‌ക്ക്‌ ഒരു പക്ഷെ ആശ്വാസം കിട്ടിയേക്കും….“ ”എല്ലാം ഒരു പക്ഷേയല്ലേ.. ഡോക്‌ടർക്കുപോലും ഉറപ്പില്ലല്ലോ…“ ”ലതിക പറയുന്നതിലും കാര്യമില്ലാതില്ല. പക്ഷേ ഒരു ഡോക്‌ടറെന്ന നിലയിൽ എനിക്കിതു പറയാതെയും വയ്യ. കുറിച്ചു കൊടുത്ത മരുന്നുകളുടെ കുറിപ്പടി കയ്യിൽ വാങ്ങി അവൾ പറഞ്ഞു. “ഇനി മിക്കവാറും ഞാനിവിടെ വരില്ല ഡോക്‌ടർ… ഇതു നമ്മുടെ അവസാനത്തെ കൂടിക്കാഴ്‌ചയായിരിക്കും….” പുറത്തേക്കു നടക്കുമ്പോൾ ഡോക്‌ടർ പിന്നിൽ നിന്നും പറഞ്ഞു. “ ഐ വിഷ്‌ യൂ പീസ്‌പുൾ ഡെയ്‌സ്‌… ഡോക്‌ടർക്കു നന്ദി പറഞ്ഞിറങ്ങുമ്പോൾ അവൾ സ്വയം പറഞ്ഞു. ”ശരിക്കും എനിക്കിനി വേണ്ടതും അത്തരം ദിവസങ്ങളാണ്‌….“

എല്ലാ ഡോക്‌ടർമാരുടെയും പരിശോധനാ മുറിക്കു പുറത്തെ തിരക്ക്‌ ഏതാണ്ട്‌ കുറഞ്ഞിരിക്കുന്നു. ലിഫ്‌റ്റിന്നടുത്തേക്കു നടക്കുമ്പോൾ അവൾക്കു വല്ലാത്ത ക്ഷീണം തോന്നി. ഒരു ചായ കിട്ടിയിരുന്നെങ്കിലെന്ന്‌ ഒരുപാടാശിച്ചു. കാന്റീനിലേക്കുള്ള ദൂരം ഓർത്തപ്പോൾ ചായയുടെ മോഹമുപേക്ഷിച്ച്‌ അവൾ അടുത്തുകണ്ട കസേരയിലിരുന്നു. ആസ്‌പത്രിമൊത്തം ശീതികരിച്ചിരുന്നെങ്കിലും ഓങ്കോളജിസ്‌റ്റിന്റെ മുറിക്കു മുന്നിലിരുന്ന ആൾക്കാരിൽ ചിലർ കയ്യിലിരുന്ന തുണ്ടു കലാസുകൾ കൊണ്ടെങ്കിലും വീശിക്കൊണ്ടിരുന്നു അവരുടെ മനസ്സിലെ തീയുടെ ചൂടണക്കാൻ ഒരു എ സിക്കും കഴിയില്ലല്ലോ എന്നോർക്കയായിരുന്നു ലതിക. അമ്മയുടെ മടിയിൽ തലവെച്ചു മയങ്ങുന്ന ചെറിയ പെൺകുട്ടിയെ അവൾ കണ്ടു. അമ്മയുണ്ടായിരുന്നെങ്കിൽ തന്നെയും ഇങ്ങനെ ചേർത്തുപിടിക്കുമായിരുന്നു… അമ്മയുടെ ഓർമ്മകൾ അവളെ വീണ്ടും തളർത്തി. സ്‌നേഹിക്കുന്ന എല്ലാവരും എത്ര നേരത്തെ വിടപറഞ്ഞുപോകുന്നു. തൊട്ടടുത്ത കസേരയിൽ നിന്നു ഒരു ശബ്‌ദം ചോദിച്ചു. ക്ഷീണിച്ചോ….?” “ഒരു ചായ കുടിക്കുന്നതിനെകുറിച്ചെന്തു പറയുന്നു….?” ഇപ്പോൾ ആ ശബ്‌ദം അവൾക്കു തീർത്തും പരിചിതമായിരുന്നു. “പെട്ടെന്നൊരു ക്ഷീണം ഒന്നിരിക്കണമെന്നു തോന്നി. അപ്പോൾ ഇതു വരെ പോയില്ലായിരുന്നോ….” “താൻ ഒറ്റക്കല്ലേ വന്നത്‌…. ഒന്നു കാത്തു നിൽക്കണമെന്നു തോന്നി. കുറെക്കാലമായി കാത്തുനിൽക്കാൻ ആരുമില്ല….” അതു പറഞ്ഞയാൾ അവളെ നോക്കി ആ പഴയ ചിരി ചിരിച്ചു. ഹൃദയത്തിൽ നിന്നും നേരിട്ടുവന്ന അത്തരം ഒരു ചിരി താൻ ജീവിതത്തിൽ ആദ്യമായിട്ടാണല്ലോ കാണുന്നതെന്നോർക്കുകയായിരുന്നു ലതിക.

മണി രണ്ടു കഴിഞ്ഞിരുന്നെങ്കിലും കാന്റീനിൽ നല്ല തിരക്കായിരുന്നു. ഏറ്റവും പിന്നിലെ മേശ ഒഴിയുന്നതു കണ്ട്‌ അയാൾ വേഗം അങ്ങോട്ടു നടന്നു. പിന്നെ കൈ ഉയർത്തി അവളെ വിളിച്ചു. പിന്നെ ഒരു സാധാരണ ചോദ്യം പോലെ ചോദിച്ചു. “ഡോ. എന്തു പറഞ്ഞു? മേശപ്പുറത്തു കൊണ്ടു വച്ച ചൂടു ചായയിലേക്കു നോക്കി അവൾ പറഞ്ഞു ” ഒരോപറേഷൻ കൂടി വേണ്ടി വരുമെന്ന്‌….“ ”ഭർത്താവു വിളിച്ചോ?“ അദ്ദേഹത്തോടു പറഞ്ഞോ? ”ഇല്ല പ്രസാദിനു തിരക്കാവും. അതിനാൽ ഞാനും വിളിച്ചില്ല. വിളിച്ചറിയിക്കാൻ നല്ല വിശേഷമൊന്നും ഇല്ലല്ലോ…. വീട്ടിലെത്തി സാവധാനം പറയാമെന്നു കരുതി….“

താഴേക്കിറങ്ങുവാൻ ലിഫ്‌റ്റിലേക്കു നടക്കുമ്പോൾ അവർ തീർത്തും നിശബ്‌ദരായിരുന്നു. ”മരിക്കുന്നതിനു മുമ്പേ നമ്മൾ അനാഥ പ്രേതങ്ങളായിക്കഴിഞ്ഞു അല്ലേ…..“ ഗ്രൗണ്ടിലേക്കുള്ള ലിഫ്‌റ്റിന്റെ ബട്ടൺ അമർത്തവേ അവളുടെ തളർന്ന കണ്ണുകളിലേക്കു നോക്കി അയാൾ പറഞ്ഞു. ആ മുഖത്തേക്കു നോക്കി ലതിക ചിരിച്ചു. അകത്തെ നിലവിളിയിലും ആ ചിരി അതിമനോഹരമായിരുന്നെന്ന്‌ അയാൾ കണ്ടു. ടാക്‌സിക്കടുത്തെത്തിയപ്പോൾ എന്തോ ഓർത്തപോലെ അവൾ അയാളെ നോക്കി ചോദിച്ചു. ”നമ്മൾ രണ്ടുപേരും പേരു ചോദിച്ചില്ല….“ ”നമ്മെപ്പോലുള്ള രണ്ടുപേർക്ക്‌ ഇനി പേരിന്റെ ആവശ്യമുണ്ടോ…“ ആ ചെറിയ വാക്കുകളിലെ വലിയ അർത്ഥത്തിനെ ഭയത്തോടെ നോക്കിക്കാണുകയായിരുന്നു ലതിക…. ടാക്‌സി നീങ്ങിത്തുടങ്ങവേ അവൾ പറഞ്ഞു ”എനിക്ക്‌ അടുത്ത തിങ്കളാഴ്‌ച സ്‌കാനിംഗ്‌ ഉണ്ട്‌…“ അയാൾ അതു കേട്ടോ എന്നവൾക്കുറപ്പില്ലായിരുന്നു. അപ്പോഴേക്കും അയാൾ ആസ്‌പത്രി പാർക്കിംഗിലേക്കു നടന്നു കഴിഞ്ഞിരുന്നു.

ഓരോ സ്‌കാനിംഗ്‌ തിയതികളെയും ഭയപ്പാടോടെ കാത്തിരുന്ന അവൾ അത്തവണത്തെ സ്‌കാനിംഗ്‌ തിയതി ഒന്നടുത്തിരുന്നെങ്കിലോർത്തു. ഡോ. തോമസിനെ ഇനി കാണില്ലെന്നു തീരുമാനിച്ച താൻ സ്‌കാനിംഗിനല്ല അങ്ങോട്ടു പോകുന്നതെന്നും അവിടെവെച്ചുമാത്രം കാണാനിടയുള്ള ഓരാളെ കാണാൻ വേണ്ടി മാത്രമാണെന്നും അവൾക്കറിയാമായിരുന്നു വിഭ്രാന്തി പൂണ്ട സ്വന്തം മനസ്സ്‌ അവളോടു ചോദിച്ചു. ”നിനക്കു ഭ്രാന്താണോ… നീ ആരെയാണ്‌ കാണാനാഗ്രഹിക്കുന്നത്‌ പേരു പോലുമറിയാത്ത ഒരപരിചിതനെയോ..? എനിക്കൊന്നുമറിയില്ല ദൈവമെ… എനിക്കൊന്നുമറിയില്ല… ലതിക തലയണയിൽ മുഖമമർത്തിക്കരഞ്ഞു.

മകൾ തന്നെ ഒന്നു വിളിച്ചെങ്കിലെന്ന്‌ അവൾ എല്ലാ വൈകുന്നേരങ്ങളിലും ആഗ്രഹിച്ചു. അവസാനം അവൾ തന്നെ മകളെ വിളിച്ചു…… “തിരക്കാണമ്മേ ഒരുപാടു പഠിക്കാനുണ്ട്‌ അമ്മക്കു പ്രത്യേകിച്ചു കുഴപ്പമൊന്നുമില്ലല്ലോ… എന്തെങ്കിലുമുണ്ടെങ്കിൽ അറിയിക്കണേ” ലതിക അതിനെന്തു മറുപടി പറയണമെന്നറിയാതെ ഫോൺ ചെവിയിൽത്തന്നെ പിടിച്ചു കൊണ്ടിരുന്നു…. മറുതലക്കൽ ഫോൺ കട്ടായപ്പോൾ അവൾ ഒരുപാടു നേരം ആ ഫോണിലേക്കും നോക്കിയിരുന്നു.

വേദന കൊല്ലാക്കൊല ചെയ്യുന്ന ചില രാത്രികളിൽ സഹിക്കാനാവാതെ അവൾ അടുത്ത മുറിയിലുറങ്ങുന്ന പ്രസാദിനെ വിളിച്ചു. മറ്റൊന്നും ചോദിക്കാതെ മെഡിസിൻ ബോക്‌സിൽ നിന്നും മരുന്നെടുത്ത്‌ അയാൾ അവളുടെ തടിച്ചു വീർത്ത ഞരമ്പിൽ കുത്തി വെച്ചു. സാരമില്ല അര മണിക്കൂർ കഴിയുമ്പോൾ കുറയും…“ എന്നു പറഞ്ഞ്‌ അയാൾ തന്റെ മുറയിലേക്കു പോയി. ഇപ്പോൾ തന്നെ ഭൂമിയോടു ചേർത്തു നിർത്തുന്ന ഒരേയൊരു ഘടകം വേദനയുടെ വേരുകൾ മാത്രമാണെന്നവൾക്കു തോന്നി. ശാഖകളിൽ നിന്നും താഴേക്കിറങ്ങി ഭൂമിയിലെത്തുന്ന ഒരു വലിയ പേരാലിന്റെ വേരുകൾ…. വേദനയുടെ ഒരോ മിന്നൽ പിണരുകളും പാഞ്ഞു പൊയ്‌ക്കഴിയുന്ന നിമിഷങ്ങളിൽ ലതിക ആസ്‌പത്രിയിലെ സഹായിയെ ഓർത്തു അയാളുടെ ലാഘവത്തോടെയുള്ള ചിരിയും തലമുടിയില്ലാത്ത തലയും ഓർത്തു അപ്പോഴൊക്കെ അനാഥമായ അവളുടെ മനസ്സ്‌ കടിഞ്ഞാണില്ലാത്ത കുതിരയായി.

ഇൻജക്‌ഷൻ സാവധാനം മയക്കത്തിലേക്കു കൊണ്ടുപോകുന്ന അവസാന നിമിഷങ്ങളിൽ പ്രസാദിന്റെയും മകളുടെയും മുഖങ്ങൾ അവൾ കണ്ടു. അപ്പോൾ അവരുടെ മുഖങ്ങൾ വ്യത്യാസപ്പെട്ടിരുന്നു. സ്‌നേഹം വരണ്ടുണങ്ങിയ ആ മുഖങ്ങളിൽ ”നീ ഇനിയും എത്ര നാളിങ്ങനെ “എന്ന ചോദ്യം വ്യക്തമായി എഴുതിയിരുന്നതവൾ കണ്ടു.

ആ തിങ്കളാഴ്‌ച ലതിക പതിവിലും നേരത്തെ ഉണർന്നു ” പത്തു മണിക്കല്ലേ അപ്പോയ്‌ന്റ്‌മെന്റ്‌… ഞാൻ കൊണ്ടുപോയി വിട്ടുതരാം. പ്രസാദ്‌ പറഞ്ഞു “വേണ്ട ഞാൻ ടാക്‌സി വിളിച്ചു പൊയ്‌ക്കൊള്ളാം അവിടെ എത്തിയാൽ സഹായത്തിനാളുണ്ടാകുമല്ലോ….” അതു ശരിയാണ്‌. മറ്റൊന്നും പറയാതെ അയാൾ വായിച്ചിരുന്ന പത്രത്തിലേക്കും നോക്കിയിരുന്നു. “പേടിക്കാതെ കുട്ടാ നിന്റൊപ്പം ഞാനില്ലേ എന്ന്‌ പണ്ടൊക്കെ ഒരു ചെറിയ അസുഖം വന്നാൽപോലും പറഞ്ഞിരുന്ന ആ പഴയ പ്രസാദിനെക്കുറിച്ചവൾ ഓർത്തുപോയി. കടന്നു പോയ വർഷങ്ങളിൽ ഒരിക്കൽപോലും അയാളങ്ങനെ പറഞ്ഞിട്ടില്ലെന്നും തന്നെ ഒന്നു ചേർത്തു പിടിച്ചിട്ടില്ലെന്നു തന്നെ അവൾക്കോർമ്മ വന്നു. സ്വന്തമെന്നു പറയാൻ കൊടുങ്കാറ്റുപോലെ സംഹാര താണ്ഡവമാടി ശരീരം കശക്കിയെറിഞ്ഞു പോകുന്ന വേദന മാത്രം ലതികക്കു കൂട്ടായി ഒപ്പം നിന്നു.

ആസ്‌പത്രിയിലെത്തിയപ്പോൾ അവളുടെ മനസ്സ്‌ അസ്വസ്‌ഥമായിരുന്നു. അവൾക്കു കാണേണ്ടത്‌ കണ്ണുകളിൽ ചിരിയുള്ള ഒരു മുഖമായിരുന്നു. ”മിസിസ്‌ പ്രസാദ്‌ ശരിക്കും ബോൾഡാണ്‌ തനിയെ വരുന്ന എന്റെ ഏക പേഷ്യന്റ്‌ നിങ്ങളാണ്‌…. ഇന്നു കൂടെ ആളുണ്ട്‌ ലതിക അറിയാതെ പറഞ്ഞുപോയി. അയാൾ പുറത്ത്‌ തന്നെ കാത്തുനിൽപ്പുണ്ടാകുമെന്ന്‌ അവൾക്കത്രയ്‌ക്ക്‌ ഉറപ്പുണ്ടായിരുന്നു.

സ്‌കാനറിലൂടെ തന്റെ ശരീരം കടന്നു പോകുമ്പോൾ എന്നത്തെയും പോലെ അതിന്നകത്തെ ഇരുട്ടിനെ അവൾ ഭയന്നില്ല. പുറത്തെ വെളിച്ചത്തിൽ കാത്തിരിക്കുന്ന അയാളുടെ മുഖം മാത്രമായിരി​‍ുന്നു അപ്പോൾ അവളുടെ മനസ്സിൽ അവളുടെ ലോകത്തിൽ നിലനിന്ന ഏക മുഖവും അയാളുടേതായിരിന്നു.

ഡോക്‌ടറുടെ മുമ്പിലെ കസേരയിലിരുന്ന്‌ ലതിക അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു. ഒരിക്കൽ വളരെ സുന്ദരിയായിരുന്നു ഈ സ്‌ത്രീ മരണത്തിന്റെ അപരിചിതമായ പാതയിലേക്കുള്ള ആദ്യചുവടുകൾ വെച്ചു തുടങ്ങിയല്ലോ എന്നു ചിന്തയിലായിരുന്നു റേഡിയോളജി ഡിപ്പാട്ട്‌മെന്റിന്റെ ചീഫായ ഡോ. ജോസ്‌ മാത്യു. “ഇന്ന്‌ ലതികയ്‌ക്ക്‌ ഒരു സന്തോഷമുള്ള ദിവസമാണെന്നു തോന്നുന്നു….” മരുന്നുകൾ കൊണ്ടു നീലിച്ചു തുടങ്ങിയ തന്റെ മുഴുവൻ പല്ലുകളും പുറത്തു കാട്ടി അവൾ അദ്ദേഹത്തെ നോക്കി ചിരിച്ചു. മനോഹരമായ ആ ചിരി നോക്കിയിരിക്കുമ്പോൾ അവളുടെ ശബ്‌ദം മുറിയുടെ ചുവരുകളിൽ പ്രതിദ്ധ്വനിക്കുന്നത്‌ അദ്ദേഹം കേട്ടു. മൂന്നു മാസം ആറുമാസം അതോ ഒരു വർഷമോ ഡോക്‌ടർ? അവളുടെ ശബ്‌ദത്തിന്‌ തീരെ ഇടർച്ചയില്ലായിരുന്നു. വാക്കുകൾ വഴി മുട്ടി നിന്ന അദ്ദേഹത്തെ നോക്കിക്കൊണ്ട്‌ മറ്റൊന്നും ചോദിക്കാനില്ലാതെ ലതിക എണീറ്റു. തന്റെ ഒരു രോഗി കൂടി കുറഞ്ഞു എന്ന ഓർമ്മയിൽ അവളെത്തന്നെ ഉറ്റു നോക്കിക്കൊണ്ട്‌ ഡോ. ജോസ്‌ മാത്യു ഇരുന്നു.

പുറത്തെ വരാന്തയിൽ അവൾ ആദ്യം കണ്ടത്‌ കണ്ണിൽ ചിരിയുമായി നിൽക്കുന്ന അയാളെയായിരുന്നു. അവൾക്കൊപ്പം ലിഫ്‌റ്റിലേക്കു നടന്നുകൊണ്ട്‌ അയാൾ ചോദിച്ചു. “ഒരു ചായ കുടിക്കുന്നതിനെക്കുറിച്ച്‌ എന്തഭിപ്രായമാണ്‌….” വളരെ നല്ല അഭിപ്രായം “ അവളുടെ ചിരി അയാളെ തറവാട്ടു ക്ഷേത്രത്തിലെ ആയിരം വിളക്കുകൾ ഒരുമിച്ചുകത്തിച്ച പഴയ കാർത്തികരാവുകളെ അനുസ്‌മരിപ്പിച്ചു. ലിഫ്‌റ്റിൽ അവർ തനിച്ചായിരുന്നു. അവളുടെ ഞരമ്പുകൾ എഴുന്നു നിന്ന വരണ്ട കൈത്തലം അയാൾ തന്റെ കൈക്കുള്ളിലാക്കുമ്പോൾ ലതിക മനസ്സിൽ പറഞ്ഞു. ”നിങ്ങളുടെ കയ്യിലിപ്പോൾ എന്റെ ഹൃദയമാണ്‌…. ആർക്കും വേണ്ടാത്ത ഇടിപ്പുകൾ കുറഞ്ഞു വരുന്ന എന്റെ ഹൃദയം പെട്ടെന്നവൾ അയാളുടെ നെഞ്ചിലേക്കു ചാരി. വർഷങ്ങളായി കെട്ടിനിർത്തിയിരുന്ന സങ്കടങ്ങളുടെ ചിറപൊട്ടി അയാളുടെ നെഞ്ചിലേക്കൊഴുകി. അയാൾ ഒന്നും മിണ്ടാതെ അവളെ ചേർത്തു നിർത്തി പുറം തലോടിക്കൊണ്ടിരുന്നു.

കാന്റീനിൽ ചായകുടിച്ചിരിക്കുമ്പോൾ ഒരിക്കലും പറഞ്ഞുതീർക്കാനാവാത്ത ഒരുപാടു വാക്കുകൾ തങ്ങളുടെ ഹൃദയത്തിലുണ്ടെന്ന്‌ അവർ അറിഞ്ഞു അവളുടെ കൈത്തലത്തിൽ തലോടിക്കൊണ്ട്‌ അയാൾ ചോദിച്ചു….“ നമുക്കൊരു യാത്ര പോയാലോ സന്തോഷത്തിന്റെ ആരോഹണത്തിൽ നിന്നവൾ പറഞ്ഞു ”തിരിച്ചുവരാത്ത ഒരു യാത്രയ്‌ക്കാണെങ്കിൽ മാത്രം….. “നമ്മളെപ്പോലുള്ളവർ തിരിച്ചുവരുന്നതെന്തിന്‌?” അപ്പോഴേക്കും അയാൾ കസേരയിൽ നിന്നും എഴുന്നേറ്റു കഴിഞ്ഞിരുന്നു. കാർ പാർക്കിംഗിലേക്കു നടക്കുമ്പോഴും ലതികയുടെ ഇടതുകൈപ്പത്തി അയാളുടെ കൈക്കുള്ളിലായിരുന്നു.

ഉച്ചമയക്കമില്ലാത്ത നഗരത്തിൽ നിന്നും കാർ ഗ്രാമപാതയിലേക്കെത്തുമ്പോൾ വെയിൽ ചാഞ്ഞു തുടങ്ങിയിരുന്നു. പലകകൾ അടിച്ചുകൂട്ടിയ ചെറിയ ഒരു ചായക്കടയ്‌ക്കു മുമ്പിൽ അയാൾ വണ്ടി നിർത്തി “ഇറങ്ങുന്നോ…. വയ്യെങ്കിൽ ഞാൻ വാങ്ങിക്കൊണ്ടുവരാം. അവൾ ചിരിച്ചുകൊണ്ട്‌ അയാൾക്കൊപ്പമിറങ്ങി. കാറിലേക്ക്‌ തിരിച്ചു നടക്കവേ ആ ചായ താൻ ജീവിതത്തിൽ കുടിച്ച ഏറ്റവും നല്ല ചായയാണെന്ന്‌ അവൾ അയാളോടു പറഞ്ഞു.. പെട്ടെന്നാണ്‌ ചിരി മാഞ്ഞുപോയ അയാളുടെ കണ്ണുകൾ അവൾ ശ്രദ്ധിച്ചത്‌. ”എന്തുപറ്റി ?“ ഭയപ്പാടോടെ അവൾ ചോദിച്ചു പല്ലുകൾ കടിച്ചു പിടിച്ചുകൊണ്ട്‌ അയാൾ പറഞ്ഞു. ”ഒന്നുമില്ല വരൂ….“ കാറിന്റെ ഡാഷിൽ നിന്നും സിറിഞ്ചും മരുന്നുമെടുത്ത്‌ അയാൾ പറഞ്ഞു. ”ഈ റബ്ബർ ട്യൂബ്‌ ഇവിടെയൊന്നമർത്തി കെട്ടിത്തരുമോ…..“ അവൾ അതു ചെയ്‌ത അതേ നിമിഷം സൂചി അയാൾ ഞരമ്പിലേക്കു കയറ്റിക്കഴിഞ്ഞിരുന്നു. വിയർപ്പിൽ മുങ്ങിക്കഴിഞ്ഞിരുന്ന അയാളെ അവൾ സാവധാനം തന്റെ മടിയിലേക്കു കിടത്തുമ്പോൾ അവൾ ആ മരുന്നു കണ്ടു വേദനയുടെ മിന്നൽ പിണർ കടന്നുവരുന്ന നേരങ്ങളിൽ തനിക്ക്‌ പ്രസാദ്‌ നൽകുന്ന അതേ ഇൻജക്‌ഷൻ. സാരിത്തലപ്പുകൊണ്ട്‌ അയാളുടെ മുഖം തുടച്ചുകൊണ്ട്‌ അവൾ അയാളെ വീശിക്കൊണ്ടിരുന്നു. അയാളുടെ മുഖം അമർന്നിരുന്നിടം ഇപ്പോൾ നനയുന്നത്‌ വിയർപ്പുകൊണ്ടല്ലെന്നും അതയാളുടെ കണ്ണീരാണെന്നും ലതിക അറിഞ്ഞു. ഒരൊറ്റ തലമുടി പോലുമില്ലാത്ത അയാളുടെ തലയിൽ മെല്ലെ തലോടിക്കൊണ്ടിരിക്കെ അവളുടെ കണ്ണീർതുള്ളികൾ അയാളുടെ മുഖത്തു വീണു ചിതറി.

വേദന താങ്ങാവുന്ന ഒരു ചുമടായപ്പോൾ അയാൾ അവളുടെ മടിയിൽ നിന്നും എണീറ്റു. അവളുടെ സാരിത്തലപ്പുകൊണ്ട്‌ മുഖം അമർത്തിത്തുടച്ചു അയാൾ ചോദിച്ചു ”യാത്ര തുടരണ്ടേ…“ അവർ പിൻസീറ്റിൽ നിന്നും മുന്നിലേക്കിരുന്നു. അകലെ മലനിരകളിൽ നിന്നും സന്ധ്യ സാവധാനം നടന്നടുക്കുമ്പോഴേക്കും അവർ കുന്നിൻ മുകളിലെ ഗസ്‌റ്റ്‌ ഹൗസിൽ എത്തിയിരുന്നു.

ഗസ്‌റ്റ്‌ ഹൗസിന്റെ മുമ്പിലെ ചാരുബെഞ്ചിൽ നക്ഷത്രങ്ങളൊഴിഞ്ഞ സന്ധ്യാകാശം നോക്കി പങ്കുവെക്കാൻ സ്വപ്‌നങ്ങളില്ലാതെ അവരിരുന്നു….. രാത്രി ഭക്ഷണം റെഡിയായെന്ന്‌ ഒരാൾ വന്നു പറഞ്ഞപ്പോൾ അവർ അകത്തേക്കു നടന്നു…..

ഇന്നലെവരെ അനാഥരായിരുന്ന അവർ ആർക്കും വേണ്ടാത്ത അവരുടെ സ്‌നേഹത്തിന്റെ ഭാണ്ഡങ്ങൾ അഴിച്ചുവെച്ച രാത്രിയായിരുന്നു അത്‌ അവളുടെ തലയിലെ ചുമടായ വിഗ്ഗെടുത്ത്‌ മേശപ്പുറത്തുവെച്ച്‌ സാരിത്തലപ്പു വലിച്ചു അവളുടെ തലയിലിട്ടുകൊണ്ടയാൾ പറഞ്ഞു ”ഇങ്ങനെ മതി. ഇനിയുള്ള നേരം ഞാൻ നിന്നെ ഇങ്ങനെ കാണട്ടെ….“ തരിശായിക്കിടന്ന അവളുടെ നെഞ്ചിൻകൂട്‌ അയാൾക്കുമുമ്പിൽ അനാച്ഛാദനം ചെയ്യപ്പെട്ടപ്പോൾ അവൾ അയാളെ ദയനീയമായി നോക്കി. അവളുടെ നോട്ടത്തിന്റെ അർത്ഥം പൂർണ്ണമായും മനസ്സിലാക്കിയ അയാൾ പറഞ്ഞു. നിന്റെ ഹൃദയമില്ലേ ഇവിടെ….. അത്രയും മനോഹരമായതെന്തുണ്ട്‌ നിന്റെയീ ശരീരത്തിൽ….” രണ്ടു മനുഷ്യർക്കു തമ്മിൽ ഇത്രമാത്രം സ്‌നേഹിക്കാനാകുമോ?“ അവളുടെ ചോദ്യത്തിന്‌ പതിവു ചിരിയോടെ അയാൾ മറുപടി പറഞ്ഞു. ” അതിനു നമ്മൾ മനുഷ്യരല്ലല്ലോ…. വർഷങ്ങൾക്കുമുമ്പേ മരിച്ച പ്രേതാത്മാക്കളല്ലേ നമ്മൾ….“ ഭൂമിയിലെ അവരുടെ സ്‌നേഹത്തിന്റെ ആദ്യത്തെയും അവസാനത്തെയും രാത്രിയായിരുന്നു അത്‌ അയാളുടെ ചുമലിൽ തലചേർത്തു കിടന്ന അവളോട്‌ അയാൾ പറഞ്ഞു ”ഇതൊരിടത്താവളം മാത്രം…. യാത്ര തുടരണ്ടേ…..“

പരിചിതമായ വഴിയിലൂടെന്നപോലെ വഴിവിളക്കുകളില്ലാതിരുന്ന ആ ചെറിയ പാതയിലൂടെ അയാൾ കാറോടിച്ചു. നേരത്തെ നക്ഷത്രങ്ങളൊഴിഞ്ഞു കിടന്നിരുന്ന ആകാശത്തിപ്പോൾ കുറെയധികം നക്ഷത്രങ്ങൾ പൂത്തു നിൽക്കുന്നതുകണ്ട്‌ ലതിക പറഞ്ഞു………” ആകാശം നിറയെ നക്ഷത്രങ്ങൾ….“ നമ്മെ യാത്രയയക്കാൻ വന്നതായിരിക്കും…..” അവളുടെ കൈപത്തി തലോടിക്കൊണ്ടയാൾ പറഞ്ഞു….. ഇരുട്ടിൽ അവളുടെ കവിളിൽ തലോടിക്കൊണ്ടയാൾ കൂട്ടിച്ചേർത്തു. “യാത്ര അവസാനിക്കാറായി എന്നുതോന്നുന്നു. എന്തുപറയുന്നു?” “സഖാവിന്റെ ഇഷ്‌ടം….” ലതിക പറഞ്ഞു.. “ ആ വിളി കൊള്ളാമല്ലോ മാഷേ…..” അയാൾ ചിരിച്ചുകൊണ്ടു പറഞ്ഞു……“ ഈ വിളി എനിക്കും വല്ലാതെ പിടിച്ചു അവളും ചിരിച്ചുകൊണ്ടു പറഞ്ഞു….. ഞാനിനി അവസാനമായി ഒരു കാര്യം കൂടി പറയട്ടെ ” സഖാവെ എന്നെ ആരും ഇങ്ങനെ സ്‌നേഹിച്ചിട്ടില്ല….“ ”എന്നെയും മാഷേ…..“ അയാൾ കൂട്ടിച്ചേർത്തു.

ആ നിമിഷം കാർ റോഡിലല്ല എന്നവൾക്കു മനസ്സിലായി. താഴേക്കുള്ള അഗാധമായ ആ യാത്രയിലെ ഇരുട്ടിൽപ്പോലും അയാളുടെ കണ്ണുകളിലെ വെളിച്ചം അവൾ കണ്ടു. കാർ താഴെ പാറയിടുക്കിലെവിടെയോ തട്ടിത്തെറിക്കുമ്പോഴും അവളുടെ കൈത്തലം അയാളുടെ കൈപ്പത്തിക്കുള്ളിലായിരുന്നു.

Generated from archived content: story_competition22.html Author: lijiya_bonitty

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here