1991

ധര്‍മിഷ്ഠന്‍ ഷോപ്പിംഗ്‌ മാളുകളില്‍ അലഞ്ഞു നടക്കാനും ബാരിസ്റ്റയില്‍ പോയി കോള്‍ഡ്‌കോഫി കുടിക്കാനും കെ.എഫ്.സിയില്‍ പോയി ഗ്രില്‍ഡ്‌ ചിക്കനോ ക്രിസ്പി ചിക്കനോ എല്ലാ ശനിയാഴ്ചകളിലും കഴിക്കാനും ആഗ്രഹമുള്ളവനായിരുന്നു.

അവന്‍റെ അച്ഛന്‍റെ അഭിപ്രായത്തില്‍ ഉദാരവല്‍ക്കരണവും ആഗോളവല്‍ക്കരണവും ചേര്‍ന്നു പെറ്റിട്ട ജാരസന്തതിയാണവന്‍. ഇതിലേതൊക്കെയാണ് അച്ഛന്‍, അമ്മയെ അവനോ, ആരും തന്നെയോ തിരഞ്ഞതുമില്ല. എന്തൊക്കെയായാലും ധര്‍മിഷ്ഠന്‍ 1991 ന്‍റെ സന്തതിയായിരുന്നു.

നവലിബറലിസത്തോടൊപ്പം പിറന്നു വീണവന്‍. മാര്‍ക്കറ്റ്‌ ഇക്കോണമിക്കൊപ്പം ചുവടു വച്ചവന്‍. 2008 -ലെ പ്രതിസന്ധി കാണുകയും, മുല്ലപ്പൂ വിപ്ലവത്തെക്കുറിച്ചോ, ജി.ഡി.പിയെക്കുറിച്ചോ ആവലാതിപ്പെടാതെ ഫേസ്ബുക്കില്‍ തന്‍റെ പോസ്റ്റിനെത്ര ലൈക്ക്‌ കിട്ടിയെന്നു മാത്രം ഓരോ മിനിട്ടിലും അപ്ഡേറ്റ് നോക്കി ആശങ്കാകുലനാകുന്നവന്‍. ധര്‍മിഷ്ഠന്‍ എന്ന പേര് അറുപഴഞ്ചനായതുകൊണ്ട് അത് ധരം എന്നു മാറ്റാന്‍ ശ്രമിച്ചെങ്കിലും ഫയല്‍ നൂലാമാലകള്‍ക്കിടയില്‍പ്പെട്ട് നീണ്ടു പോയതോടെ അതുപേക്ഷിക്കുകയും അതില്‍ കുപിതനാകുകയും എന്നാല്‍ ഫേസ്ബുക്ക്‌ പേജില്‍ പേരു മാറ്റി സ്വയം തൃപ്തിയടയുകയും ചെയ്യുന്നവന്‍.

ഒരു ആര്‍ വണ്‍ സ്പോര്‍ട്സ് ബൈക്കു മാത്രമായിരുന്നു, അവന്‍റെ വലിയ ലക്ഷ്യങ്ങളിലൊന്ന്. അതിനായി ഏതോ ഒരു ഷോപ്പിംഗ്‌ മാളില്‍ സെയില്‍സ് മാനായി പോകാനവന്‍ തുനിഞ്ഞെങ്കിലും, ആ ജോലി കുടുംബപ്പേരില്ലാതാക്കുമെന്ന അച്ഛന്‍റെ വാദത്തില്‍ അരിശപ്പെട്ടു കഴിയുന്ന നാളുകളായിരുന്നു അത്. എന്നാല്‍, അവന്‍റെ അച്ഛന്‍ അതേ മാളിലെ സെക്യൂരിറ്റിയാണ് എന്ന സത്യം അംഗീകരിക്കാന്‍ വിധിക്കപ്പെട്ടവനുമായിരുന്നു ധര്‍മിഷ്ഠന്‍. എന്നിട്ടും യഥേഷ്ടം സിമ്മുകളും, മൊബൈല്‍ ഫോണുകളും വില കൂടിയ ഫാസ്റ്റ്ട്രാക്ക് വാച്ചുകളും, പ്യൂമ ടീഷര്‍ട്ടുകളും അവന്‍ ഉപയോഗിച്ചിരുന്നുവെന്നതാണ് വൈരുദ്ധ്യം.

സുഹൃത്തും അയല്‍വക്കക്കാരനുമായ മൌമൂദ് അസലത്തിന് പട്ടാളത്തില്‍ ജോലി കിട്ടിയപ്പോള്‍ അവനെ ടാക്സിയില്‍ റെയില്‍വേസ്റ്റേഷനില്‍ കൊണ്ടുചെന്നാക്കുന്നതിനുള്ള ചുമതല ധര്‍മിഷ്ഠനില്‍ വന്നു ചേര്‍ന്നു. പണ്ടൊക്കെ അവരുടെ പ്രദേശത്തു നിന്ന് ആരെങ്കിലും ഗള്‍ഫിലേക്കോ, പട്ടാളത്തിലേക്കോ പോകുന്നെങ്കില്‍ വിമാനത്താവളമോ, ട്രെയിനോ കാണുന്നതിനായി, കുറേയാളുകളും ഒപ്പം വരും, വീട്ടുകാര്‍ക്കൊപ്പം. ആ ആഘോഷം നിലയ്ക്കുകയും, അപഹാസ്യമാവുകയും ചെയ്ത ഘട്ടത്തിലാണ് മൌമൂദിനെ റെയില്‍വേസ്റ്റേഷനിലെത്തിക്കാനും അവന്‍റെ പാഴ്സല്‍ പെട്ടികള്‍ക്ക്‌ കാവലാളാവാനും ധര്‍മിഷ്ഠന്‍ പോയത്.

ഇറങ്ങുന്നതിനു മുമ്പേ, കാറില്‍ കയറുന്നതിനു മുമ്പേയും മൌമൂദ് അക്ഷമനായി പോസ്റ്റ്‌മാന്‍ വന്നോയെന്നു തിരക്കുന്നത് ധര്‍മിഷ്ഠനെ അത്ഭുതപ്പെടുത്തി.

“എന്തിനാണ് നീ പോസ്റ്റ്‌മാനെ അന്വേഷിക്കുന്നത്? “

കൈവീശലുകളോ ഉമ്മയുടെ തേങ്ങിക്കരച്ചിലുകളോ ഒന്നുമില്ലാതെ കാര്‍ കളത്തൂര്‍ പാലം കടക്കുമ്പോള്‍ ധര്‍മിഷ്ഠന്‍ മൌമൂദിനോട് ചോദിച്ചു.

“ഞാന്‍ മുമ്പ് സ്കൂളില്‍ പോയപ്പോള്‍ ഹെഡ്മാസ്റ്റര്‍ ഭരതന്‍ മാഷിനെ കണ്ടിരുന്നു. മാഷ് പറഞ്ഞു എന്‍റെ പേരിലെ മൌമൂദ് മാറ്റി മുഹമ്മദ്‌ എന്നോ അഹമ്മദ്‌ എന്നോ ആക്കണമെന്ന്. മൌമൂദ് എന്ന പേര് തീവ്രവാദികള്‍ക്കിടയില്‍ സാധാരണമാണത്രേ. അതുകൊണ്ട് ഞാന്‍ പേരു മാറ്റാന്‍ അപേക്ഷ കൊടുത്തു. പേരു മാറ്റിയ പുതിയ തിരിച്ചറിയല്‍ കാര്‍ഡ്‌ തപാലില്‍ അയച്ചിട്ടുണ്ടെന്ന് എനിക്ക് അറിയിപ്പു കിട്ടി. എന്‍റെ കയ്യിലെ തിരിച്ചറിയല്‍ കാര്‍ഡില്‍ പഴയ പേരാ. അതാ ഞാന്‍ പോസ്റ്റ്‌മാനെ നോക്കി നിന്നത്.”

“എന്നിട്ട് എത്ര മാസമെടുത്തു പേരു മാറ്റിക്കിട്ടാന്‍?”

ധര്‍മിഷ്ഠന്‍ പരിഹാസത്തോടെ ചോദിച്ചു.

“എട്ടു മാസം” അസലം പറയുന്നതിനു മുമ്പേ ധര്‍മിഷ്ഠന്‍ പറഞ്ഞു.

“ഞാന്‍ ശ്രമം തുടങ്ങി രണ്ടാഴ്ച്ച കഴിഞ്ഞപ്പോഴേ പരിപാടി നിര്‍ത്തി. ആരെക്കൊണ്ടു കഴിയും, മാസങ്ങളോളം നടന്നു മെനക്കെടാന്‍.”

“നീയും പേരു മാറ്റാന്‍ പോയോ?”

അസലം അത്ഭുതത്തോടെ ചോദിച്ചു.

“അതേ, ധര്‍മിഷ്ഠന്‍ മാറ്റി ധരം എന്നാക്കാനായിരുന്നു പ്ലാന്‍. പക്ഷേ, നടന്നില്ല.”

“അതെന്താ ധര്‍മിഷ്ഠനെന്ന പേരില്‍ വല്ല തീവ്രവാദിയുമുണ്ടോ?”

“അതൊന്നുമല്ല. അതൊരു പഴഞ്ചന്‍ പേരല്ലേ. അതാ കാര്യം.”

കാര്‍ തെക്കേക്കര വളവു തിരിയുമ്പോള്‍ ധര്‍മിഷ്ഠന്‍ ശബ്ദം താഴ്ത്തി ചോദിച്ചു. “പോകുന്ന വഴിക്ക് നമുക്ക് സബ്ജയിലില്‍ കയറി ഷെരീഫിക്കയെ ഒന്നു കണ്ടാലോ?”

“ബാപ്പ പരോളിലിറങ്ങിയിട്ടുണ്ട്. വീട്ടിലോട്ടു വരുന്നില്ലെന്നു മാത്രം. ഇന്നലെ എന്നെ വിളിച്ചിരുന്നു.”

ഷെരീഫ് എന്ന പേരു കേട്ടപ്പോള്‍ ഡ്രൈവര്‍ കാതു കൂര്‍പ്പിച്ചതും, അസലം സ്വരം താഴ്ത്തി പറഞ്ഞതും ഒരുമിച്ചായിരുന്നു.

പോലീസുകാരന്‍ ഷെരീഫിന്‍റെ കഥ അന്നാട്ടില്‍ അങ്ങാടിപ്പാട്ടായിരുന്നു. ഖദീജാ ബീവിയുടെ മകന്‍ ഷെരീഫ് അബ്ദുല്‍ റഹിമാന്‍ സാഹിബിന്‍റെ ശിഷ്യനായി പോലീസില്‍ ചേര്‍ന്നവനായിരുന്നു. പടിപടിയായി ഉയര്‍ന്ന് ഷെരീഫിനു പാലക്കാട്ടേക്ക്‌ സ്ഥലംമാറ്റം കിട്ടിയപ്പോഴായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. പോലീസ് സേനയ്ക്ക് മാവോയിസ്റ്റുകള്‍ നിരന്തരം ഭീഷണികളുയര്‍ത്തി. നിരവധി ആദിവാസി ഊരുകളില്‍ അവര്‍ പ്രകോപനപരമായ ലഘുലേഖകള്‍ വിതരണം ചെയ്യുകയും മീറ്റിംഗുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. തങ്ങളെ എതിര്‍ത്തവരെ അവര്‍ നിഷ്കരുണം കൊല ചെയ്ത്, മൃതദേഹങ്ങള്‍ പോലും പുറത്തു കാണിക്കാതെ കാട്ടില്‍ മറവു ചെയ്തു. പോലീസ് സ്റ്റേഷനുകള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടു.

ആദിവാസികള്‍ പരാതിയുമായി എത്തിയതോടെ പോലിസിനാകെ നാണക്കേടായി. മാവോയിസ്റ്റുകള്‍, താമരശേരി സ്റ്റേഷന്‍ ആക്രമിച്ച്, തോക്കുകള്‍ മോഷ്ടിച്ച്, പോലീസുകാരെ കൊല ചെയ്തതോടെ പോലീസ് സേനയ്ക്ക്‌ എന്തെങ്കിലും ചെയ്തേ മതിയാവൂന്നായി. പത്രങ്ങളും ചാനലുകളും പോലീസിനെതിരെ തിരിഞ്ഞതോടെ പോലീസ് ബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിച്ചു.

അവര്‍ തന്നെ കഥ മെനഞ്ഞു. അവര്‍ തന്നെ അഭിനയിച്ചു. മാവോയിസ്റ്റ് വേട്ടയ്ക്കൊടുവില്‍ മൂന്നുപേരെ വധിച്ച് സേന നഷ്ടപ്പെട്ട മുഖം തിരിച്ചെടുത്തു. പത്രങ്ങളും ചാനലുകളും നേരെ കടകം മറിഞ്ഞ് പോലീസ് സേനയെ വാഴ്ത്തി. കൊല്ലപ്പെട്ടവരെ ജാര്‍ഖണ്ഡും, പശ്ചിമ ബംഗാളുമായി ബന്ധിപ്പിക്കുന്നതില്‍ പോലീസുകാര്‍ വിജയിച്ചു. സ്റ്റേഷനില്‍ നിന്ന്‍ നഷ്ടപ്പെട്ട തോക്കുകള്‍ തിരകളൊഴിഞ്ഞ് വനത്തിനുള്ളില്‍ കണ്ടെത്തിയതോടെ, അതും ചേര്‍ത്ത് കഥകളുണ്ടാക്കി, അവര്‍.

പക്ഷേ, പിറ്റേദിവസം ഷെരീഫ് പോലീസില്‍നിന്ന്‌ രാജി വെച്ചതും പത്രങ്ങളോട് നടത്തിയ വെളിപ്പെടുത്തലും അതു വരെയുണ്ടായിരുന്ന കഥയപ്പാടെ മാറ്റിമറിച്ചു. മാവോയിസ്റ്റുകളെ വധിച്ച പോലീസ് ഗ്രൂപ്പില്‍ താനുണ്ടായിരുന്നെന്നും കൊല്ലപ്പെട്ടത് മാവോയിസ്റ്റുകളല്ലെന്നുമായിരുന്നു, ഷെരീഫിന്‍റെ വെളിപ്പെടുത്തല്‍. വനത്തിനുള്ളില്‍ തേന്‍ ശേഖരിക്കാനെത്തിയ മൂന്നു ആദിവാസികളെ ജില്ലാ പോലീസ് മേധാവികള്‍ തയ്യാറാക്കിയ കഥ പ്രകാരം താനാണ് കൊലപ്പെടുത്തിയതെന്നും, അവരുടെ കയ്യില്‍ തോക്കുകള്‍ വച്ച് ഫോട്ടോകളെടുത്തത് താനാണെന്നുമുള്ള വെളിപ്പെടുത്തല്‍, ഭരണത്തെയാകെ പിടിച്ചുലച്ചു. ആ കുറ്റസമ്മതമൊഴി ഭരണം തന്നെ മറിച്ചിടാന്‍ ശക്തിയുള്ളതായിരുന്നു. പലരും അതിനിടയില്‍ ചതഞ്ഞരഞ്ഞു. ഷെരീഫ് കൊലപാതകക്കുറ്റത്തിന് ജയിലിലായി പ്രേരണാകുറ്റത്തിന് ബാക്കിയുള്ളവരും.

ആ നാണക്കേടില്‍ നിന്നു രക്ഷപ്പെടാന്‍ ദൈവമയച്ച ദൂതായിരിക്കണം, മൌമൂദിന്‍റെ പട്ടാളത്തിലേക്കുള്ള പോക്കെന്ന് ധര്‍മിഷ്ഠനോര്‍ത്തു. മൌമൂദ് പുതിയ ആകാശം തേടിപ്പോവുകയാണ്. താനാകട്ടെ, തന്‍റെ നരച്ചു വിളര്‍ത്ത ആകാശം തന്നെ വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കുന്നു.

സ്നേഹാലിംഗനങ്ങളും കരച്ചിലുകളുമില്ലാതെ മൌമൂദ് നീല പെയിന്‍റടിച്ച സെക്കന്‍റ് ക്ലാസ്സില്‍ കയറിയിരുന്നു. ട്രെയിന്‍ പുറപ്പെടുന്നതിനു തൊട്ടു മുമ്പവന്‍ ധര്‍മിഷ്ഠനെ ഓര്‍മിപ്പിച്ചു.

“നീയാ പോസ്റ്റുമാനെ കാണുമ്പോള്‍ എന്‍റെ തിരിച്ചറിയല്‍ കാര്‍ഡ്‌ വന്നോയെന്നു ചോദിക്കണേ.” ധര്‍മിഷ്ഠന്‍ മടങ്ങി വന്നതും, പോസ്റ്റുമാന്‍ ഓടിക്കിതച്ചെത്തിയതും, മണിക്കൂറുകള്‍ക്കിടയിലാണ്. പേരുമാറ്റം രേഖകളാല്‍ അംഗീകരിക്കപ്പെട്ടിട്ടും , അത് പ്രയോജനമില്ലാതെ ചോര്‍ന്നു പോകുന്നതെന്ന് അവന്‍ തിരിച്ചറിഞ്ഞതും ഒരുമിച്ചായിരുന്നു.

ധര്‍മിഷ്ഠന്‍ ഡോമിനോസ് പിസയില്‍ നിന്ന്‍ മീറ്റ്‌സാ കഴിച്ച് പുറത്തേക്ക് വരുന്നതിനിടയില്‍ അത്രനാളും ബോധപൂര്‍വം ശ്രദ്ധിക്കാതിരുന്ന, സംസാരിക്കാതിരുന്ന ഓട്ടോക്കാരന്‍ സതീശനാണ് വീട്ടിലേക്കു വരുമ്പോള്‍ അക്കാര്യം പറഞ്ഞത്.

“നെന്‍റെ കൂട്ടുകാരനില്ലേ ആ ഷെരീഫിന്‍റെ മോന്‍?”

“ആര് അസലമോ?” ജീവിതത്തിലാദ്യമായി ധര്‍മിഷ്ഠന്‍ സതീശനോട് നിലവിട്ടു സംസാരിച്ചു.

“അതേ, പണ്ടാ ആദിവാസികളെ മാവോയിസ്റ്റുകളെന്നു പറഞ്ഞു വെടിവെച്ചു കൊന്ന ഷെരീഫിന്‍റെ മോന്‍. അവനിന്നു രാവിലെ വെടികൊണ്ടു ചത്തു. അവനും, തീവ്രവാദിയായിരുന്നത്രേ.”

“അതെങ്ങനെ?’

“എനിക്കൊന്നുമറിയില്ല. ഞാനും ചാനലില്‍ വാര്‍ത്ത കണ്ടതാ. പോലിസുകാരു വന്ന് ആ ഷെരീഫിനേം ഭാര്യേം പിടിച്ചോണ്ട് പോയപ്പോഴാ നാട്ടുകാര് കാര്യമറിയുന്നെ. ആ ചെക്കന് കാശ്മീരീ തീവ്രവാദികളുമായി ബന്ധമുണ്ടത്രേ. ബോഡി പോലും കിട്ടിയില്ല”

ഒരു മാസം കൊണ്ടൊരാള്‍ക്ക്‌ തീവ്രവാദിയാകാന്‍ പറ്റുമോയെന്ന സംശയം ഉടനടി ധര്‍മിഷ്ഠനുണ്ടായി. ആരും പറഞ്ഞിട്ടല്ല, ഉപദേശിച്ചിട്ടുമല്ല അന്നു രാത്രി അസലമിന് യഥാര്‍ത്ഥത്തില്‍ എന്തുപറ്റിയതാണെന്ന് കാശ്മീരീല്‍ പോയി അന്വേഷിക്കണമെന്ന് ധര്‍മിഷ്ഠന്‍ തീരുമാനിച്ചത്. അത് 1991ല്‍ ജനിച്ച എല്ലാവരുടേയും പൊതുസ്വഭാവമായിരുന്നു.

ധര്‍മിഷ്ഠന്‍ സെക്കന്‍റ് ക്ലാസ്സ്‌ ടിക്കറ്റ്‌ ജമ്മുതാവി ട്രെയിനില്‍ ബുക്ക്‌ ചെയ്യാന്‍ റിസര്‍വേഷന്‍ ഓഫീസിനു മുന്നിലെ ക്യൂവില്‍ നിന്നപ്പോഴാണ് ഉത്തരവാദിത്വങ്ങളുടേയും നടപ്പുകളുടേയും മെനക്കേടുകളെപ്പറ്റി ആദ്യമായി ഓര്‍മ്മ വന്നത്. എങ്കിലും ജീവിതത്തെ ലളിതവല്‍ക്കരിച്ചു കൊണ്ടു തന്നെ കാശ്മീരീലേക്കു പോകാന്‍ അവനുറച്ചു. കാശ്മീരിലുള്ള തളിക്കുളത്തുകാരന്‍ ഒരു ഹവില്‍ദാറിന്‍റെ പരിചയവും ഫോണ്‍ നമ്പറും അവനു കിട്ടിയത് മൌമൂദിന്‍റെ ബാപ്പ ഷെരീഫില്‍ നിന്നാണ്. എന്തിനാണു കാശ്മീരിലേക്ക് പോകുന്നതെന്നുകൂടി ഷെരീഫിക്ക ചോദിച്ചില്ലെന്നത് അവനെ അത്ഭുതപ്പെടുത്തി.

ഹവില്‍ദാറിന്‍റെ ഓഫീസ് കാന്‍റീനിലിരിക്കുമ്പോള്‍, കൊടിയ തണുപ്പത്തും അവന്‍റെ ബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. അവന്‍ പ്രതീക്ഷിച്ചതുപോലെ തന്നെ എന്താണ് യാത്രാഉദ്ദേശ്യമെന്ന് ഹവില്‍ദാര്‍ ചോദിച്ചു. പട്ടാളക്യാമ്പുകളിലെ സൈനികരുടെ മാനസിക പ്രശ്നങ്ങളെക്കുറിച്ചുള്ള, ഗവേഷണത്തിന്‍റെ ഭാഗമായുള്ള ഫീല്‍ഡ് സന്ദര്‍ശനമെന്ന ധര്‍മിഷ്ഠന്‍റെ കള്ളം ഹവില്‍ദാരെ തൃപ്തിപ്പെടുത്തി. എന്നിട്ടും മൌമൂദിന്‍റെ അവശിഷ്ടങ്ങള്‍ തേടി, പോലീസ് സ്റ്റേഷനുകളിലും സൈനിക യൂണിറ്റുകളിലും ധര്‍മിഷ്ഠന്‍ ചിതറിത്തെറിച്ചു നടന്നു. മൌമൂദിന്‍റെ മരണം ധര്‍മിഷ്ഠന്‍ ഒന്നു രണ്ടു തവണ എടുത്തിട്ടെങ്കിലും ഹവില്‍ദാര്‍ ബാരക്കുകളിലെ സൈനികരുടെ ദുരിതങ്ങളെപ്പറ്റിയും, ഓഫീസര്‍- ജവാന്‍ വ്യത്യാസങ്ങളെക്കുറിച്ചും മാത്രം പറയുന്നതില്‍ ശ്രദ്ധ ചെലുത്തിയപ്പോള്‍ തന്നെ അവന് മനസ്സിലായി, സത്യം അയാളുടെ ഓര്‍മ്മകോശങ്ങള്‍ക്കിടയില്‍ വച്ച് മൂടാന്‍ അയാള്‍ വല്ലാതെ തിടുക്കപ്പെടുന്നുണ്ടെന്ന്.

ധര്‍മിഷ്ഠന്‍ പ്രൊഫഷണലാവാന്‍ അന്നു രാത്രി തീരുമാനിച്ചു. ബുദ്ധിയിലേക്ക് വെളിച്ചം പ്രസരിച്ചപ്പോള്‍ തന്നെ, താന്‍ 1991ന്‍റെ സന്തതിയായതുകൊണ്ടാണ് മിക്ക ചിന്തകളും കൂട്ടിമുട്ടാതെ പോകുന്നതെന്ന് അവന്‍ കണ്ടുപിടിച്ചു. പക്ഷേ, അവനമ്മ ചെറുപ്പത്തില്‍ കൊടുത്ത എല്ലാ ടോണിക്കുകളും, കഴിച്ച പിസ്സകളും ഡെസേര്‍ട്ടുകളും അവന് വഴി തെളിയിച്ചുകൊടുത്തു.

സക്സേനയ്ക്കും ചൌട്ടാലയ്ക്കുമൊപ്പമിരുന്ന്‍ ഓഫീസ് ഗോള്‍ഫ് ക്ലബ്ബിനകത്ത് മതി മറന്ന് മദ്യപിക്കുന്നതായി അഭിനയിക്കുമ്പോള്‍ ധര്‍മിഷ്ഠന്‍ കാല്‍ തെറ്റി ആന്‍റി-ക്ലൈമാക്സിലേക്ക് ചെന്നുവീണു. അത് സക്സേനയ്ക്കും ചൌട്ടാലയ്ക്കും പ്രൊമോഷന്‍ കിട്ടിയതിന്‍റെ ആഘോഷമായിരുന്നു. അതിനുള്ള നിഗൂഢരഹസ്യം അവര്‍ ധര്‍മിഷ്ഠന്‍റെ ചെവിയിലോതിക്കൊടുത്തു. അവരുടെ പ്രൊമോഷനുവേണ്ടി മരിച്ചുവീണ, തീവ്രവാദിയാക്കപ്പെട്ട, മികച്ച സേവനത്തിനുള്ള മെഡല്‍ പട്ടികയില്‍ ഉള്‍പെടാന്‍ ഇരയായവരുടെ ലിസ്റ്റ്. അല്ലെങ്കില്‍, ഏറ്റുമുട്ടലില്‍ മരിച്ചു വീഴാതെ, കൊല ചെയ്യപ്പെട്ടവരുടെ ലിസ്റ്റ്. മൂന്നു ഗ്രാമവാസികള്‍, രണ്ടു ജവാന്‍‌മാര്‍. ചൌട്ടാലയുടെ ഭാഷയില്‍ അഹങ്കാരിയായ ജവാന്‍മാര്‍…

സക്സേന വിരലുകള്‍ തൊടുവിച്ച് ആ തീവ്രവാദികളുടെ പേരു പറയുമ്പോള്‍, ധര്‍മിഷ്ഠന്‍ പേരു മാറ്റിയ തിരിച്ചറിയല്‍ കാര്‍ഡുമായി നേരം തെറ്റി വന്ന പോസ്റ്റുമാനെ ഓര്‍ക്കുകയായിരുന്നു. തുപ്പല്‍ തുടച്ച് ചൌട്ടാല ആ പേരുകള്‍ ഒന്നു കൂടി ആവര്‍ത്തിക്കുമ്പോള്‍, ധര്‍മിഷ്ഠനതിലെ നാലാമത്തെ പേരുകാരനെ ശരിക്കുമറിയാമായിരുന്നു. ആ നാലാം പേരുകാരന്‍ ധര്‍മിഷ്ഠനൊപ്പം മൂന്നാം ക്ലാസ്സില്‍ വെച്ച് പൊട്ടാസു പൊട്ടിക്കാന്‍ വന്ന ഷെരീഫിക്കയുടെ മകനായിരുന്നു. അഞ്ചാം പേരുകാരന്‍ യാസീന്‍ മുജീബും അവന്‍റെ പേരു കൊണ്ട് ശിക്ഷിക്കപ്പെട്ടവനായിരുന്നു. ഏതെങ്കിലുമൊരു ഈച്ചരവാരിയരുടെ നൊന്ത മനസ്സ് അവനു വേണ്ടി ലോകത്തെവിടെയെങ്കിലുമിരുന്ന് കരയുന്നുണ്ടാവണം.

മൌമൂദിനെ കൊണ്ടുവിട്ട അതേ സ്റ്റേഷനില്‍ വന്നിറങ്ങുമ്പോള്‍ ആദ്യമവനു തോന്നിയത് സ്വന്തം വീട്ടിലേക്ക് പോകാനല്ല. ഷെരീഫിക്കയെ പോയി കണ്ട് കുറേനേരം ആ കൈ പിടിച്ചിരിക്കണം. ചെന്നുകയറുമ്പോള്‍, ആ വീടിനു മുന്നില്‍ ചാനലുകളുടെ ഒ.ബി വാനുകളുടെ പ്രവാഹമായിരുന്നു. ചാനലുകാരേയും, ഖദര്‍ധാരികളേയും തള്ളി മാറ്റി മുമ്പിലേക്ക് ചെല്ലുമ്പോള്‍ ആരോ പറയുന്നത് കേട്ടു.

“ആ ദേശദ്രോഹിയുടെ അഴുകിയ ശവശരീരം കിട്ടിയത്രേ.”

ആരോ നീട്ടിയ ചാനല്‍ മൈക്കിലേക്ക് നോക്കി മൌമൂദിന്‍റെ അമ്മ ഫാസിലബീവി ആര്‍ത്തലച്ചുകൊണ്ടു പറഞ്ഞു.

“ഞമ്മക്കാ ദേശദ്രോഹീടെ മുഖം കാണണ്ട, അതെങ്ങോട്ടെങ്കിലും കൊണ്ടുപോകിന്‍….” തൊട്ടടുത്ത്, കട്ടിലില്‍ നിശ്ചലനായി, നിര്‍വികാരനായി ഇരുന്ന ഷെരീഫിനെക്കൂടി ക്യാമറയില്‍ കൊണ്ടുവരാന്‍ ചാനല്‍ ക്യാമറകള്‍ ഒരു ശ്രമം നടത്തിയെങ്കിലും ആള്‍ത്തിരക്കിനിടയില്‍ അത് പരാജയപ്പെട്ടു.

ധര്‍മിഷ്ഠന്‍ തിരികെയിറങ്ങുമ്പോള്‍, ചാനലില്‍ മുഖം കാണിക്കാന്‍ ആള്‍ക്കൂട്ടത്തോട് മത്സരിക്കുന്ന സ്വന്തം അച്ഛനെ കണ്ടു. ആ വീടിന്‍റെ ഒതുക്കുകല്ലുകളിറങ്ങുമ്പോള്‍ അവനുടന്‍ തന്നെ ഫേസ്ബുക്കിലൊരു പോസ്റ്റിടാനാണ് തോന്നിയതെങ്കിലും പിന്നീടത് വേണ്ടെന്നു വച്ചു. കാരണം താനിപ്പോള്‍ 1991ന്‍റെ സന്തതിയല്ല. സന്തതിയാണെങ്കില്‍ തന്നെ അതിന്‍റെ അവശിഷ്ടങ്ങള്‍ പേറുന്നവനല്ല.

Generated from archived content: story2_feb26_14.html Author: libinraj_mp

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here