കദ്രിയാവിലേക്കുള്ള ദൂരം

‘ഒരു ബലൂണില്‍ എത്രത്തോളം ശ്വാസം നീ നിറയ്ക്കും?’

ശാന്തതയോടെയായിരുന്നു ആ ചോദ്യം. ആകാംക്ഷയുടെ വയല്‍വരമ്പില്‍ വീശുന്ന കാറ്റിനു സമാനം.

‘എന്റെ കവിളിനുള്ളില്‍ നിറയ്ക്കാന്‍ പറ്റുന്ന ശ്വാസത്തോളം..’

‘ അത്രയും മാത്രമോ.?’- ആ കണ്ണുകളില്‍ അത്ഭുതം നിറഞ്ഞിരുന്നു.

‘എന്റെ ശ്വാസം തീരും വരേയ്ക്കും..’

‘പിന്നെ..?’

‘ എന്റെ സിരകളിലാവാഹിക്കുന്ന ഓക്‌സിജനു പകരമായി അവര്‍ തരുന്ന കാര്‍ബണ്‍ഡയോക്‌സൈഡോളം..’

‘പിന്നെ?’

‘കൊള്ളാവുന്നതില്‍ കൂടുതലായാല്‍ പിന്നെ അത് പൊട്ടില്ലേ.?’ പൊട്ടിച്ചിരിയോടെയായിരുന്നു ആ മറുപടി.

‘ ഒരിക്കല്‍ നിന്റെ നഗരത്തിനും അതാണ് സംഭവിക്കുന്നതെങ്കില്‍..?’ ആ സ്വരത്തിനു വല്ലാത്ത കനം വച്ചിരുന്നു.

‘ നിന്റെ നഗരം പെരുകിപ്പെരുകി വിഷപ്പുകയെ, വാഹനങ്ങളെ, മൊട്ടക്കുന്നുകളെ, ഫ് ളാറ്റുകളെ, അംബരചുംബികളെ വിഴുങ്ങി ഒടുവില്‍ ഒരു ബലൂണ്‍ കണക്കേ..’

ഞാന്‍ അതിനു മുന്‍പേ എന്റെ രണ്ടു ചെവിയും ഇറുക്കെ പൊത്തിയിരുന്നു. ബലൂണ്‍ കണക്കേ എന്റെ നഗരം പൊട്ടുന്നതു കേള്‍ക്കാതിരിക്കാന്‍…

(ഭരതവാക്യം)

അയാള്‍ ‘ കദ്രിയാവോ’യിലേക്കു പോവുകയാണ് അവിടെയെത്തിക്കഴിഞ്ഞാല്‍ തന്റെ ജീവിതം രക്ഷപ്പെടുമെന്നു അയാള്‍ക്കുറപ്പുണ്ട്. ഇതിനകം തന്നെ സ്വന്തം താമസനഗരമായ ‘എനിഗ്മാവ്’ അയാള്‍ക്കു മടുത്തു കഴിഞ്ഞിരുന്നു. അത് തനിക്കു പറ്റിയ സ്ഥലമല്ലെന്നാണ് അയാളുടെ വിശ്വാസം. ഈ നഗരം വിട്ടോടുവാന്‍ മൈലുകള്‍ ഡ്രൈവിങ് സീറ്റിലിരിക്കാനും അയാള്‍ തയാറാണ്. ജനിച്ച നഗരവാടത്തിലെ ആശുപത്രിയും പിന്നിടുമ്പോള്‍ ഓര്‍ക്കാനായി മാത്രം തനിക്കൊന്നും തന്നെ ഈ നഗരം സമ്മാനിച്ചിട്ടില്ലെന്നു അയാളോര്‍ത്തു. കരിപിടിച്ച ട്രാഫിക് ലൈറ്റുകളും മാഞ്ഞ സീബ്രാ വരകളും കണ്ടു മടുത്ത ബോര്‍ഡുകളും കൂനിയ മരങ്ങളുമെല്ലാം കഴിഞ്ഞ ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ അയാളില്‍ ഒരൂര്‍ജവും നിറച്ചില്ല. ഇപ്പോഴും അങ്ങനെതന്നെ.

കഴിഞ്ഞയാഴ്ച ഇന്റര്‍നെറ്റിലിരിക്കുമ്പോള്‍ ലഭിച്ച അജ്ഞാതസുഹൃത്താണ് അയാളോടാദ്യം കദ്രിയാവിനെ കുറിച്ച് പറഞ്ഞത്. സര്‍ക്കാരിനെ സേവിച്ച ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ തനിക്കൊന്നും സമ്പാദിക്കാന്‍ കഴിഞ്ഞെല്ലെന്നു പറഞ്ഞയാള്‍ കരഞ്ഞപ്പോഴായിരുന്നു അജ്ഞാത സുഹൃത്ത് കദ്രിയാവിനെക്കുറിച്ചയാളോട് സൂചിപ്പിച്ചത്.

കദ്രിയാവില്‍ പോയി ആയിരങ്ങള്‍ രക്ഷപ്പെട്ടിരിക്കുന്നു. ശുദ്ധവായുവും ശുദ്ധ ജലവും പശിമണ്ണും പുഴയോടഭിമുഖമായ വില്ലകളും നിറഞ്ഞയിടം. മുപ്പത് വര്‍ഷം മുന്‍പ് എനിഗ്മാവ് അങ്ങനെതന്നെയായിരുന്നുവെന്ന് അയാള്‍ പറഞ്ഞപ്പോള്‍ അജ്ഞാത സുഹൃത്ത് പറഞ്ഞു. ‘ എനിഗ്മാവിനിനി പഴയതിലേക്കൊരു തിരിച്ചുപോക്കൊരിക്കലും സാധ്യമാകില്ല. നിങ്ങള്‍ക്കറിയോ ഒരഗ്നിപര്‍വതം കണക്കെയൊരിക്കലത് പൊട്ടും. ഒരു മഴ പെയ്തിട്ടവിടെ എത്രനാളായി.? പുക തുപ്പുന്ന കാറുകളാ നഗരത്തിലെ പൂമ്പാറ്റകളെ ശ്വാസം മുട്ടിച്ചു കൊല്ലും. അവിടുത്തെ വെളുത്തവരിപ്പോള്‍ തന്നെ ചാരനിറക്കാരായി തുടങ്ങിയിട്ടുണ്ട്. എത്രയും വേഗം കദ്രിയാവിലേക്കു രക്ഷപ്പെടൂ’

‘സത്യമാണോ നിങ്ങളീ പറയുന്നത്?’- അയാള്‍ക്കത് വിശ്വസിക്കാനായില്ല. ‘ എനിഗ്മാവിലെ ടവറുകളും ഫ് ളാറ്റുകളും ഭൂഗര്‍ഭ പാതകളും റെയില്‍പ്പാളങ്ങളും മേല്‍പ്പാലങ്ങളും തകരുന്ന ഒരു ദിവസം അകലെയല്ല. പക്ഷെ കദ്രിയാവ് ഇന്നൊരു കന്യകയാണ്. ഒരു മണ്ണുമാന്തി പോലും അവളുടെ മൊട്ടക്കുന്നുകളില്‍ സൈ്വര്യ വിഹാരം നടത്തിയിട്ടുണ്ടാകില്ല. അവളുടെ പുലര്‍ക്കാലത്തെ കിടപ്പുമാത്രം മതി ജീവിതം നിറയാന്‍. കുടിച്ചു വറ്റിക്കാന്‍ കഴിയാത്ത ജലപ്പുതപ്പണിഞ്ഞവള്‍ പച്ചപ്പിലേക്കമരുമ്പോള്‍ .. .ഹോ.. നിങ്ങളത് കണ്ടറിയുക തന്നെ വേണം..:’

നേരില്‍ കണ്ടിട്ടില്ലാത്ത ഒരജ്ഞാത സുഹൃത്ത് തന്റെ എനിഗ്മാവിനെ കുറ്റം പറഞ്ഞതയാള്‍ക്ക് ഇഷ്ടപ്പെട്ടില്ല. സുഹൃത്തിനെ പിണക്കേണ്ടയെന്നു കരുതി അയാള്‍ പറഞ്ഞു. ‘ എന്റെ മുത്തച്ഛനീ നഗരത്തിലേക്കു വരുന്ന കാലത്തിനെക്കുറിച്ചെന്നോടൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. റെയിലുകളിറക്കുന്ന ശബ്ദം കേട്ട് കുറുനരികളോരിയിട്ടെത്രേ… പണിക്കാരിലൊരാള്‍ ഒരു ചെമ്പുലിയെ കണ്ടുപോലും’

‘എന്തൊക്കെയാണെങ്കിലും ഇന്നത്തെ എനിഗ്മാവിന്റെ സാറ്റലൈറ്റ് ഭൂപടം നിങ്ങളൊന്ന് കണ്ടുനോക്ക്. ഇടവഴികളതിനെ കൊന്നു തിന്നുന്ന കാലം വിദൂരമല്ല’ ഇന്റര്‍നെറ്റ് ജാമായതോടെ ആ സംഭാഷണം നിലച്ചു. വൈകുന്നേരങ്ങളില്‍ എനിഗ്മാവിലിതു പതിവാണ്. കദ്രിയാവിലെത്തിയാലുടന്‍ തന്നെ സഹായിക്കാമെന്നേറ്റിരിക്കുന്ന അജ്ഞാത സുഹൃത്തിലായി സകല പ്രതീക്ഷകളും. അജ്ഞാത സുഹൃത്തും കദ്രിയാവോയിലേക്കു പോകാന്‍ ഒരുങ്ങിക്കഴിഞ്ഞെത്രേ. അയാളാകട്ടെ മറ്റൊരു സുഹൃത്തുവഴിയാണ് കദ്രിയാവിനെപ്പറ്റി അറിഞ്ഞത്. ഭാഗ്യമുണ്ടെങ്കില്‍ പാതി വഴിയില്‍ വച്ചു കാണാമെന്നയാള്‍ ഓര്‍ത്തു. പിന്നെ യാത്ര ഒരുമിച്ചുമാകാം. നശിച്ച ഈ നഗരത്തിലെ സാറ്റലൈറ്റ് കണ്ണുകള്‍ക്കിടയില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്നായി അയാള്‍ക്ക്.

മേല്‍പ്പാലത്തിനരികില്‍ മൂന്നു സെന്റിടത്ത് മള്‍ട്ടിനാഷണല്‍ കമ്പനിയുടെ പരസ്യത്തിനു പുറകില്‍ കെട്ടിടം പണി നടക്കുന്നതയാള്‍ കണ്ടു. സ്ഥലമില്ലാത്തതു കൊണ്ട് കെട്ടിടം മുകളിലേക്കു കെട്ടിയുയര്‍ത്തുകയാണ് ഏക പോംവഴി.

കൂറ്റന്‍ കെട്ടിടങ്ങള്‍ക്കും മേല്‍പ്പാലത്തിനുമിടയില്‍ കിടന്ന് സെമിത്തേരിയിലെ ശവങ്ങള്‍ വീര്‍പ്പുമുട്ടിക്കുമെന്നോര്‍ത്തപ്പോള്‍ അയാള്‍ക്കു ചിരി വന്നു. ശാന്തത വേണമെങ്കില്‍ അവരും കദ്രിയാവിലോട്ടു പോകട്ടെ. കദ്രിയാവെങ്ങോട്ടാണെന്ന് അയാള്‍ക്കറിയില്ല. വഴിയാത്രക്കാരോട് ചോദിച്ചു പോകാമെന്നാണയാളുടെ കണക്കു കൂട്ടല്‍.

മുമ്പേ പൊയ്ക്കഴിഞ്ഞിരുന്ന ടാങ്കര്‍ ലോറി ഉടന്‍ ബ്രേക്കിട്ടു. അയാളുടെ കാല്‍ ബ്രേക്കിലമര്‍ന്നു. വരിവരിയായി വാഹനങ്ങള്‍ ശാന്തതയോടെ കിടന്നു. പുറകില്‍ നിന്നു നിര്‍ത്താതെ ഹോണുകള്‍ മുഴങ്ങി. സ്ഥിരമുള്ളതായതിനാല്‍ അയാളത് ഗൗനിച്ചില്ല. തിരിഞ്ഞു നോക്കിയപ്പോള്‍ തനിക്കു പിന്നിലെ വാഹനങ്ങളുടെ നിര കണ്ട് അയാള്‍ അന്തംവിട്ടു.

ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്കു വിളിച്ചപ്പോള്‍ അയാള്‍ സ്ഥിരം കേള്‍ക്കാറുള്ള യുവതിയുടെ ക്ഷമാപണ സ്വരം കേട്ടു. ‘ മെട്രോ റോഡ് തകര്‍ന്നിരിക്കുന്നു ദയവായി ക്ഷമിക്കുക’ ഫ് ളാറ്റുകള്‍ക്കും നടപ്പാതകള്‍ക്കുമിടയില്‍ കുടുങ്ങിക്കിടന്ന് നടുവളഞ്ഞു വശംകെട്ടു വളരുന്ന ചാരനിറം പടര്‍ന്ന് ദ്രവിച്ച ഇലകളുള്ള മരങ്ങളെ നോക്കിയിരിക്കേ കദ്രിയാവിനെക്കുറിച്ചയാള്‍ അലിവോടെ ഓര്‍ത്തു. സ്ഥിരം കാണാറുള്ള സ്വപ്‌നങ്ങളുടെ തടവറയിലെ നീലക്കണ്ണുള്ള രാജകുമാരി തന്നോടു ഒടുവില്‍ ഒരല്‍പം കനിവു കാട്ടിയാതായി അയാള്‍ക്കു തോന്നി.

കദ്രിയാവിലെ വായുവിന്റെ മണമെന്തായിരിക്കും? പുഴയ്ക്കഭിമുഖമാണ് തന്റെ വില്ലയെങ്കില്‍ അതില്‍ പര്‍പ്പിള്‍ പെയ്ന്റ് പൂശണം. കുന്നിന്‍പുറത്താണെങ്കില്‍ ചെറിയൊരു സില്‍വര്‍ ഓക്ക് നട്ടുപിടിപ്പിക്കണം. ബെഡ് റൂമില്‍ എനിഗ്മാവില്‍ നിന്നു താന്‍ വാങ്ങിയ നീലക്കണ്ണുള്ള കൊച്ചുപെണ്‍കുട്ടിയുടെ ഫോട്ടോയും തൂക്കണമെന്നയാള്‍ ഉറച്ചു.

വഴിയരികിലെ കഫേറ്റേരിയയിലെ അലമാരക്കുള്ളിരിക്കുന്ന സാന്‍ഡ് വിച്ചിന്റെ മഞ്ഞ നിറം വ്യക്തമായി കണ്ടപ്പോഴാണ് വിശപ്പിനെപ്പറ്റിയയാള്‍ ചിന്തിച്ചതു തന്നെ. ജാം പുരട്ടിയാലും എനിഗ്മാവിലെ സാന്‍ഡ് വിച്ച് വീടുകള്‍ മഞ്ഞയാകുന്നതിനു കാരണം സിന്തറ്റിക് ഫ്‌ളേവര്‍ അമിതമായി ചേര്‍ക്കുന്നതാണെന്നു നെറ്റില്‍ വായിച്ചതയാള്‍ ഓര്‍ത്തു. കദ്രിയാവിലിങ്ങനെയായിരിക്കില്ല. ജനിതക വീര്യമുള്ളവയെപ്പറ്റി കദ്രിയാവിലെ ജനങ്ങളറിഞ്ഞുകൂടിയുണ്ടാവില്ല. പിന്നല്ലേ കണ്ടിരിക്കുക? അപ്പോഴും ട്രാഫിക് ലൈറ്റ് നെറ്റിന്മേല്‍ വട്ട സിന്ദൂരപ്പൊട്ടണിഞ്ഞു ലാസ്യയായി കിടന്നു.

മുപ്പതു വര്‍ഷം മുന്‍പ് ഒരു തരി മണ്ണുപോലുമിളകാതെ കിടന്ന എനിഗ്മാവിന്റെ മരണത്തിലേക്കുള്ള സ്വയം നടത്തത്തിന്റെ ദൃക്‌സാക്ഷിയായ താനും ആ നഗരത്തെ ഉപേക്ഷിച്ചാലും അതിന്റെ വളര്‍ച്ച ഇനിയും പെരുകുമെന്നു അയാള്‍ക്കറിയാം. പ്രൈമറി ക്ലാസില്‍ കുട്ടികള്‍ കളിയാക്കി പറയാറുള്ള ആനവയറനായ എനിഗ്മാവൊരിക്കല്‍ പൊട്ടുമെന്നു അയാള്‍ക്കു തോന്നി. അല്ലെങ്കിലീ വളര്‍ച്ച എവിടെ ചെന്നു നില്‍ക്കും? വ്യവസായ നിക്ഷേപമീറ്റുകള്‍, മൂലധന നിക്ഷേപ സമാഹരണം, മാസ്റ്റര്‍ പ്ലാനുകള്‍, വികസന പദ്ധതികള്‍, പ്രത്യേക സാമ്പത്തിക മേഖലകള്‍.. ബഹളങ്ങള്‍ക്കിടയില്‍ പലതായി മുറിഞ്ഞ റൊട്ടിക്കഷ്ണം പോലെയായ കൃഷിക്കാരുടെ മക്കള്‍ കമ്പനി സ്യൂട്ടണിഞ്ഞപ്പോള്‍ മറന്ന മണ്ണിന്റെ മണം എനിഗ്മാവുകാര്‍ക്ക് വിധിച്ചത് ഇന്‍സ്റ്റന്റ് ഫുഡ് കൂപ്പണുകളായിരുന്നു.

എനിഗ്മാവില്‍ ആദ്യത്തെ രാസവള ഫാക്റ്ററി വന്നപ്പോള്‍ ആനന്ദ നൃത്തം ചവിട്ടിയവര്‍ക്കിന്ന് കാര്‍ ഫാക്റ്ററിയും വേണ്ട മൊബൈല്‍ ഫോണ്‍ ടവറും വേണ്ട. ഇടവഴിയിലേക്കു കണ്ണുമിഴിച്ചിരിക്കുന്ന സാറ്റലൈറ്റു കണ്ണുകളില്‍ നിന്നുപോലും രക്ഷയില്ലാതെ വരുന്നവര്‍ ഓരോ നിമിഷവും മരണം കൈനീട്ടുന്ന സാറ്റലൈറ്റുകളെ ഉള്ളില്‍ ഭയക്കുന്നുണ്ടാകണം. സ്വയമൊരു ചാവേറുകളായി മാറുകയാണിനി എനിഗ്മാവുകാര്‍ക്ക് മുമ്പിലുള്ള ഏക പോംവഴിയെന്നു അയാള്‍ക്കു തോന്നി.

കദ്രിയാവിനെപ്പറ്റി അത്ര മധുരമുള്ള സ്വപ്‌നം കാണാനാണ് അപ്പോള്‍ അയാള്‍ ഇഷ്ടപ്പെട്ടത്. പുകപടലം വിഴുങ്ങിയ ഫ് ളാറ്റിന്റെയും പുകക്കുഴലിന്റെയും നീരാളിപ്പിടുത്തത്തിനുമിടയിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ചതഞ്ഞരഞ്ഞ ക്യുമുലസ് മേഘങ്ങളെ കണ്ടപ്പോളയാള്‍ക്ക് അട്ടഹസിക്കാനാണ് തോന്നിയത്. ‘ മാലാഖ മേഘങ്ങളേ, നിങ്ങള്‍ക്കുമെന്റെ അജ്ഞാത സുഹൃത്തു പറഞ്ഞ കദ്രിയാവിലേക്ക്, നീരുറവുകളുടെ ശാന്തതീരത്തിലേക്കു സുസ്വാഗതം.’ മുമ്പില്‍ കിടന്ന ടാങ്കര്‍ ലോറി പതുക്കെയൊന്നു ഞെരങ്ങിനീങ്ങിയതു കണ്ടാണ് അയാള്‍ ചിന്തകളുടെ കയത്തില്‍നിന്നുയര്‍ന്നു വന്നത്. രണ്ടു സെക്കന്റിനുള്ളില്‍ മുന്നിലെ ഭീമന്‍ ചക്രങ്ങളുടെ മുരള്‍ച്ച നിലച്ചു പഴയ പടിയായി.

കാര്‍ഷോകളിലും മള്‍ട്ടിപ്ലസുകളിലും കയറാത്തവര്‍ പഴഞ്ചന്മാരാണെന്ന ധാരണ എനിഗ്മാവിലൊരു വില്ലന്‍ചുമ കണക്കെ പടര്‍ന്നുപിടിക്കുന്നതിനിടയിലുള്ള തന്റെ രക്ഷപ്പെടല്‍ അയാളെ കൂടുതല്‍ ഉത്സാഹവാനാക്കി. ആരും അറിഞ്ഞിട്ടുണ്ടാകില്ല കദ്രിയാവിനെപ്പറ്റി. താനായിരിക്കണം അവിടെ ആദ്യമെത്തുന്ന എനിഗ്മാവുകാരന്‍. വീണ്ടും ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചപ്പോള്‍ യാതൊരു ക്ഷമാപണവും കേട്ടില്ല. ശവപ്പറമ്പിലേക്കുള്ള ജാഥ പോലെ വാഹനങ്ങള്‍ റോഡിനെ പുറകില്‍ നിന്നേ വിഴുങ്ങിക്കൊണ്ടിരുന്നു. പോക്കറ്റ് റോഡുകള്‍ ഭീമനിര വിഴുങ്ങിയ പെരുമ്പാമ്പിനെപ്പോലെ കിടന്നു. തല പുഴുങ്ങുന്ന ചൂടില്‍ പണം വാരുന്ന ഐടി ഹബ്ബുകളില്‍ നിന്നിറങ്ങി വരുന്നവരെ കണ്ടപ്പോള്‍ അയാള്‍ക്ക് എനിഗ്മാവിനോട് വല്ലാത്ത പക തോന്നി. തന്നെ ഊറ്റിയെടുത്തു ചണ്ടിയാക്കിയ നഗരം. ഈ നശിച്ചയിടം തുലഞ്ഞടിയട്ടെ. ഒരു കോഴിക്കുഞ്ഞിനെപ്പോലെ താന്‍ തന്റെ കദ്രിയാവിന്റെ ചിറകിന്റെ ചൂടില്‍ വളരും.

പെട്ടെന്നയാളുടെ മൊബൈല്‍ കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ കിടന്ന് വിറയ്ക്കാന്‍ തുടങ്ങി. മറുതലയ്ക്കല്‍ കദ്രിയാവിലെ അജ്ഞാത സുഹൃത്താണെന്നറിഞ്ഞപ്പോള്‍ അയാള്‍ക്കു സന്തോഷംകൊണ്ട് അലറണമെന്നു തോന്നി. പക്ഷെ അജ്ഞാത സുഹൃത്തിന്റെ വാക്കുകള്‍ അലര്‍ച്ചയുടെ ആവേശം ചോര്‍ത്തിക്കളഞ്ഞു. ‘ സുഹൃത്തേ, കദ്രിയാവിലേക്കുള്ള വഴിയാര്‍ക്കുമറിയില്ലെത്രേ. എനിഗ്മാവിലേക്കു തന്നെ നിങ്ങള്‍ മടങ്ങുന്നതാണിപ്പോള്‍ നല്ലത്. ചിലര്‍ പറയുന്നു എനിഗ്മാവാണ് കദ്രിയാവെന്ന്, ചിലര്‍ പറയുന്നു അങ്ങനെയൊരു സ്ഥലമവര്‍ കേട്ടിട്ടേയില്ലെന്ന്. ചിലരാകട്ടേ പലവഴിക്കും കൈചൂണ്ടിക്കാട്ടുന്നു. ദയവായി…’ അടുത്ത നിമിഷത്തില്‍ ഫോണ്‍ ശബ്ദം മുറിഞ്ഞതും മുന്നിലെ ടാങ്കര്‍ ലോറിയല്‍പം തെന്നിനീങ്ങിയതും ബ്രേക്കിട്ടതും ഒരുമിച്ചായിരുന്നു. അയാള്‍ പലതവണ ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചെങ്കിലും ഫോണ്‍കോള്‍ കണക്റ്റയാതെയില്ല. തന്റെ നെഞ്ചിടിപ്പ് നിലച്ചോ എന്നയാള്‍ക്കു സംശയം തോന്നി. ഫോണില്‍ കണ്ട വഴികളെത്രയും കദ്രിയാവിലേക്കുള്ളതാണന്നയാള്‍ക്കു തോന്നി. ചിലപ്പോള്‍ എനിഗ്മാവിലെവിടെയെങ്കിലും ഒരു കദ്രിയാവുണ്ടായേക്കാം. താനതു കണ്ടെത്താന്‍ താമസിച്ചു കാണണം. ഇരുപത്തിരണ്ടു വര്‍ഷത്തിനിടയില്‍ എനിഗ്മാവില്‍ താമസിച്ചിട്ടും താന്‍ കാണാതെ പോയതാണു കദ്രിയാവെങ്കില്‍ അവിടെയെത്തുന്നതിനു മുന്‍പേ മരിക്കുന്നതാണു നല്ലതെന്നു അയാള്‍ക്കു തോന്നി.

കനത്ത ബ്ലോക്കാണെങ്കിലും വണ്ടികള്‍ വഴിതിരിച്ചുവിടാനാവില്ലെന്നും അയാള്‍ക്കു മനസിലായി. മെട്രോ പാലം മാത്രമല്ല മിക്കയിടവും തകര്‍ന്നുകാണണം. മൊബൈല്‍ ബന്ധം മുറിഞ്ഞത് ടവര്‍ നിലം പൊത്തിയതിനാലാവണം. ചെറിയ ഇരമ്പലോടെ മൂളുന്ന റേഡിയോവില്‍ നിന്നു വാര്‍ത്താവായനക്കാരിയുടെ ശബ്ദമയാള്‍ കേട്ടു ‘ എനിഗ്മാവില്‍ നിന്ന് കദ്രിയാവിലേക്കു കൊണ്ടുപോകാമെന്ന സമനില തെറ്റിയ ഒരു അജ്ഞാത വ്യക്തിയുടെ പ്രലോഭനത്തില്‍ ആളുകള്‍ വഞ്ചിതരായി നിരത്തിലിറങ്ങിയതാണ് ട്രാഫിക് ബ്ലോക്ക് ക്രമാതീതമാകാന്‍ കാരണം. അങ്ങനെയൊരു സ്ഥലമേ നിലവില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഞങ്ങളുടെ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ആറിടത്ത് വാഹനങ്ങള്‍ അമിത വേഗതയില്‍ കൂട്ടിയിടിച്ചു. ജനങ്ങള്‍ അവരവരുടെ വീടുകളിലേക്കു മടങ്ങണമെന്നു അഭ്യര്‍ഥിക്കുന്നു’.

പുറത്തിറങ്ങാന്‍ ആര്‍ക്കും ധൈര്യം തോന്നിയില്ല. ചൂടും വിഷവായുവും ശരീരത്തെ പൊള്ളിച്ചേക്കാം. ശ്വാസം മുട്ടിയ ചിലര്‍ ഗതികെട്ട് കാറിന്റെ ഗ്ലാസുകള്‍ തല്ലിയുടച്ചു. പുകപടലം അകത്തേയ്ക്ക് ഇരച്ചു കയറി. നിരത്തില്‍ കത്തിയെരിഞ്ഞ പ്ലാസ്റ്റിക് മണം വ്യാപിച്ചു. ലിഫ്റ്റുകളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നു ടാപ്പുകളിലെ വെള്ളം വറ്റിയിരിക്കുന്നു. നാവു പൊള്ളിപ്പോകുന്നു. ആസിഡ് കലര്‍ന്ന കുഴല്‍ക്കിണറുകളില്‍ പോലും വെള്ളമില്ല. മിനറല്‍ വാട്ടര്‍ കടകള്‍ ആളുകള്‍ കൈയേറി കൊള്ളയടിച്ചു. വെളുത്ത ശരീരങ്ങള്‍ കാറിനകത്ത് ജീവച്ഛവമായി കിടന്നു. വൈദ്യുതിയില്ലാത്തതിനാല്‍ ചുറ്റിനുമുള്ള ഫ് ളാറ്റുകളില്‍ നിന്ന് ചൂടുപുക കൊണ്ട് ആളുകള്‍ എങ്ങോട്ട് ഓടണമെന്നറിയാതെ നിലവിളിച്ചു. മുനിസിപ്പല്‍ ലൈബ്രറിയുടെ ഭിത്തിമേലിരിക്കുന്ന മാല്‍ത്തൂസിന്റെ ചിത്രം അട്ടഹാസച്ചിരിയോടെ താഴെവീണു. മൊബൈലും ടെലിഫോണും വൈദ്യുതി ഉപകരണങ്ങളും നിശ്ചലമായി. പാതിവെന്ത കൊച്ചു കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ കാറിനുള്ളില്‍ തണുത്തു കിടക്കുന്നു. വിയര്‍ത്തു കുളിച്ചു മരിച്ച വെളുത്തു തുടുത്ത പ്രൊഫസറുടെ ശരീരം ഒരു കറുത്ത ടാര്‍ വീപ്പ പോലെ ഇരുണ്ടിരിക്കുന്നു. കരുവാളിച്ച മുഖവുമായി മരണം വളരെ ശ്രദ്ധാപൂര്‍വം സമത്വത്തോടെ എല്ലാവരെയും ഒരേപോലെ വിഴുങ്ങാന്‍ തുടങ്ങി. ശേഷം ഛര്‍ദിക്കുകയും പിന്നീടവിടം പൂച്ചയെപ്പോലെ നക്കിത്തുടച്ച് വൃത്തിയാക്കാനും തുടങ്ങി.

അയാള്‍ കൈനീട്ടി ഗ്ലാസുകള്‍ രണ്ടും താഴ്ത്തി കണ്ണുകളടച്ച് ശാന്തനായി കിടന്നുകൊടുത്തു. മരണം പോലും തന്നെ വഞ്ചിക്കരുതെന്നും അത് കദ്രിയാവിനെപ്പോലെ വഴിമാറിപോകരുതെന്നും അയാള്‍ ആശിച്ചു. അവന്‍ തന്നെ ഗാഢമായി പുണരട്ടെ. അയാള്‍ക്കിപ്പോള്‍ അങ്ങനെ ചിന്തിക്കാനാണ് തോന്നിയത്. മരണം പലതവണ വഞ്ചിക്കപ്പെട്ട ഒരു വൃണിത ഹൃദയത്തെ സഹതാപത്തോടും ദൈന്യതയോടും കാരുണ്യത്തോടും സാകൂതം നോക്കിനിന്നശേഷം അറച്ചറച്ചടുത്ത് ചെന്നു നേര്‍ത്ത ഒരു ചുംബനം അയാള്‍ക്കു ചെവിയുടെ പുറകില്‍ താഴെയായി കൊടുത്തു. ആ ചുംബനത്തിനു തീപിടിക്കുന്നതിനിടയില്‍ കോണ്‍ക്രീറ്റടുപ്പുകള്‍ക്കിടയിലൂടെ അയാള്‍ കദ്രിയാവിലെ തന്റെ പുഴയ്ക്കഭിമുഖമായുള്ള വില്ലയെയും മൊട്ടക്കുന്നുകളെയും പച്ചപ്പുകളെയും കണ്ടു.

Generated from archived content: story1_may20_13.html Author: libinraj_mp

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here