പതിവുപോലെ രുഗ്‌മിണി

ഒഴിഞ്ഞ ഇല്ലപറമ്പിലെ വാഴക്കൂട്ടത്തിന്‌ നടുവിലായി ആരംഭിക്കുന്ന യാത്രയുടെ ചലനരൂപം, വെളുത്ത കടലാസിൽ പതിഞ്ഞ സ്‌കെച്ചുകളുടെ ഗണിതത്തിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്‌. അവ്യക്ത ധാരണയുടെ ബലഹീനത സംശയങ്ങളായി ഉയരാമെന്ന കണ്ടെത്തലിൽ പ്രണയ പരിധിക്കുളളിലെ രുഗ്‌മിണിയുടെ രസംതീനി ചോദ്യങ്ങൾക്ക്‌ ഉത്തരം ലഭിച്ചില്ല. ഇഴപിരിയുന്ന അപരിചിത വഴികളിലെത്തുമ്പോൾ ഇനിയെങ്ങോട്ടെന്നുളള നടുക്കം കണ്ണിലെ ചോദ്യമായി വേട്ടയാടി രസിക്കുന്നത്‌ പരിശോധിക്കാൻ സമയവും തികഞ്ഞില്ല.

-രുഗ്‌മിണി കാമുകനെ നോക്കി.

പലപ്രാവശ്യം പറഞ്ഞിട്ടും മതിവരാത്തവിധം രുഗ്‌മിണിയോട്‌ അവൻ ഒളിച്ചോട്ടത്തിനുളള വഴികൾ വിശദീകരിക്കുകയായിരുന്നു. നിലമറിഞ്ഞ സ്‌നേഹത്തിനൊടുവിൽ കാമുകന്‌ തോന്നിയ പഴയ ആവർത്തനം തന്നെയായിരുന്നു വിഷയമെങ്കിലും പ്രണയനിർമ്മിതിയുടെ പുതിയ സൂത്രവാക്യങ്ങളായിരുന്നു അവയൊക്കെ!

മൃദുവായ കരവലയം സമ്മാനിച്ച ഇളംചൂടിൽ, ചെത്തിവൃത്തികൂട്ടിയ അവതരണ വഴികളിലൂടെ സാവധാനം നടന്നു പോവുകയായിരുന്നു രുഗ്‌മിണി. യാത്ര എങ്ങോട്ടായിരിക്കുമെന്നത്‌ ഓർക്കാനിഷ്‌ടമാകാത്ത ചീത്ത സ്വപ്നമായ്‌ ചിന്തകളിൽ ശേഷിച്ചു. -ഇന്ന്‌ രാത്രി ഒളിച്ചോടുകയാണ്‌. അത്‌ മാത്രമാണ്‌ ഹൃദ്യസ്ഥമാക്കിയ അറിവിന്റെ പാഠങ്ങൾ! കട്ടിലിനരികെവച്ച എയർബാഗ്‌, നിഗൂഢവാസ്‌തവമെന്തെന്ന്‌ അവളെ കൂടെകൂടെ ഓർമ്മിപ്പിച്ചു.

-രുഗ്‌മിണി ജാലകവാതിൽ തുറന്നിട്ടു.

വേഗത കുറവായ ചലനത്തിന്റെ നീക്കങ്ങളിൽ ഏകയായ്‌ രുഗ്‌മിണി സംസാരിക്കുന്നുഃ

ഒളിച്ചോടിപോയാൽ?

ആദ്യത്തെ രണ്ടുനാൾ ഒരു ഹോട്ടൽമുറി. പിന്നീട്‌ ഏതെങ്കിലും അമ്പലനടയിൽ താലികെട്ട്‌.

സാക്ഷികൾ?

കിട്ടും.

വിവാഹം കഴിഞ്ഞുപോരെ ഒന്നിച്ചുളള ഈ താമസം? അവിടെവച്ച്‌ പോലീസെങ്ങാനും പിടിച്ചാൽ… നിന്നെ തനിച്ചാക്കി അവരവനെ കൊണ്ടുപോയാൽ;

ഭാവനനെയ്‌ത വലകളിൽ ചിലന്തി തൂങ്ങിക്കിടക്കവെ ചുവരിലെ ക്ലോക്ക്‌ ശബ്‌ദിച്ചു. സമയമാവുന്നു എന്ന അറിവിന്‌ പിന്നാലെ, അകന്നുപോയ തേങ്ങലുകൾ തിരിച്ചുവരികയാണ്‌. മറക്കാൻ പൂട്ടിയ കൺപോളകൾക്കുളളിൽ വേർപെടലിന്റെ നൊമ്പരം തുളുമ്പി. ഹൃദയവേദനയുടെ ചാലുകളിൽ, തൂവൽ പൊതിഞ്ഞ ഒരു പക്ഷിയുടെ അവസാന കുറുകലുകൾ നനയുന്നു…

“രുഗ്‌മിണീ എഴുന്നേൽക്കൂ.”

വിഹ്വലയായ രുഗ്‌മിണിയെ വാച്ചിലെ സമയസൂചികൾ തൊട്ടുണർത്തി. കരിമഷി പടർന്ന കണ്ണുകൾ തുടച്ച്‌ രുഗ്‌മിണി കണ്ണാടിനോക്കി. അടുക്കള വാതിൽ തുറന്ന്‌ പിന്നാമ്പുറത്തെ ഇരുളിലേക്ക്‌ പ്രവേശിക്കുമ്പോൾ തന്റെ അസ്‌തിത്വം അകന്ന്‌ മറയുന്നത്‌ മാതിരി ഒരു നടുക്കം അവളിലുണ്ടായി. ഉറങ്ങിയ വീടിനുളളിൽ അമ്മ മകളെ വിളിച്ച്‌ തലതല്ലി കരയുന്നു. മാനഹാനിമൂലം തളർന്ന്‌ വീണ അച്ഛനെ തലോടി ആശ്വസിപ്പിക്കാനാവാതെ ബന്ധങ്ങൾ ഉഴറുന്നു.

“ചേച്ചീ” – അനിയൻ വിതുമ്പി.

വിലാപങ്ങളുടെ ദയതുളുമ്പിയ സ്‌പർശനത്തിൽ നിന്ന്‌ വഴുതിമാറി, നനവ്‌ വീണ തെങ്ങിൻതോപ്പിന്‌ ഇടയിലൂടെ ആശയുടെ ആശ്ലേഷത്തിനായി അതിവേഗം നടക്കുകയാണ്‌ രുഗ്‌മിണി എന്നിട്ടും….

രണ്ട്‌

തെങ്ങോലയിൽ കാക്കയുടെ നിലവിളി.

പുറത്ത്‌ പാൽക്കാരന്റെ തണുത്ത വിളിയൊച്ച.

മുടി വാരിയൊതുക്കി രുഗ്‌മിണി എഴുന്നേറ്റു. ഉറക്കം തങ്ങിനിന്ന കൃഷ്‌ണമണിയിലൂടെ ആദ്യം കണ്ടത്‌ എയർബാഗാണ്‌! വെളളപ്പൂക്കൾ തുന്നിയ ഇളംവയലറ്റ്‌ ഗൗണിനുളളിൽ ഭദ്രമായി പൊതിഞ്ഞുവച്ച ആഭരണങ്ങൾ വെറും മഞ്ഞലോഹമായി രുഗ്‌മിണിക്ക്‌ തോന്നി. അടുക്കളയിലെ അരിശങ്ങൾക്കൊടുവിൽ വലിച്ചെറിയുന്ന പിഞ്ഞാണപാത്രത്തിന്റെ വേഗതയോടെ രുഗ്‌മിണിയത്‌ ഷെൽഫിനുളളിലേക്ക്‌ വലിച്ചെറിഞ്ഞു.

ജയിലറയുടെ വാതിലിന്‌ മുന്നിൽ തലകുനിയാൻ വിധിക്കപ്പെട്ട കുറ്റവാളിയുടെ ചിത്രമാണ്‌ മനസ്സ്‌ മുഴുവൻ. കഴുത്തിലെ മഞ്ഞചരടിൽ കോർക്കുന്ന ഇലത്താലിക്ക്‌ ഇത്രയും കനമോ?

മുറിയിലെ കണ്ണാടിയുടെ കാഴ്‌ചയിൽ നാണത്തിന്റെ വസ്‌ത്രങ്ങളുരിയുമ്പോൾ നിലത്ത്‌ വീഴുന്ന ചുരിദാറിന്റെ കാലിൽ പറ്റിനിന്ന ചുവപ്പ്‌നിറം രുഗ്‌മിണിയെ വിസ്‌മയിപ്പിച്ചില്ല. ചവച്ച്‌ തുപ്പിയ കറുത്ത മുന്തിരിയുടെ തോട്‌ പെറുക്കി ബാസ്‌ക്കറ്റിലിടുംവിധം അലക്ഷ്യമായി അവളത്‌ നിർവ്വഹിച്ചു. ഏതോ ഒരു ത്വര! ആത്മപരിശോധനയിൽ ലയിക്കാൻ ഒരു വെമ്പൽ!

ചതഞ്ഞ്‌ നീങ്ങിയ തൊലിയിലെ മുറിപ്പാടുകളും, വേദനയിൽ നീരുവച്ച കൊലുസില്ലാത്ത പാദവും, മണലുകൾ പൂണ്ട മുടിയും; ഒളിച്ചോടിയ രുഗ്‌മിണിയെ തേടിപ്പിടിക്കുന്നതിനിടയിൽ- കണ്ണാടി കണ്ടു.

കരഞ്ഞിട്ടും കരഞ്ഞിട്ടും രുഗ്‌മിണിക്ക്‌ മതിയായില്ല. തന്നെ വീക്ഷിക്കുന്നത്‌ താൻ തന്നെയാണെന്ന വിചിത്രമായ യാഥാർത്ഥ്യം, തിളച്ചുമറിയുന്ന മനസ്സിലെ അലകളെ ഓർമ്മിച്ചെടുക്കാൻ, രുഗ്‌മിണിയെ വല്ലാതെ നിർബന്ധിച്ചു.

-കണ്ണാടിയുടെ മുന്നിൽ രുഗ്‌മിണി കഥ പറയുന്നു…

ഒളിച്ചോട്ടം തുടരുന്ന കാമുകന്‌ പിന്നാലെ വേഗതയിൽ സഞ്ചരിക്കുകയായിരുന്നല്ലോ രുഗ്‌മിണി. ഇല്ലപറമ്പിലെ വീതികുറഞ്ഞ വഴിയവസാനിക്കും മുൻപ്‌ ചെരുപ്പഴിച്ചുമാറ്റി ബാഗിലിട്ടു. പാദസരവും ചെരിപ്പും ഒളിച്ചോട്ടങ്ങളിലെ വിലങ്ങുകളാണെന്നായിരുന്നു അവന്റെ വാദം.

“പതുക്കെ” – അവൾ മന്ത്രിച്ചു.

യാഥാർത്ഥ്യത്തിന്റെ നിഴൽവിരിച്ച പാതയിൽ വ്യാഖ്യാനങ്ങൾ പക്ഷെ തെറ്റി. കറുത്ത വരകളിലെ നിർമ്മിതിയിൽ പൊടുന്നനെ ഒരു വൈജാത്യം!

ഇരുളിന്റെ കാവലിൽ നീങ്ങിയ രുഗ്‌മിണിയുടെ അനുധാവനം ചെയ്‌ത വലതുച

കാലിൽ എന്തോ കൊണ്ടിരിക്കുന്നു. അവൾ മുടന്തി.

സഹനത്തിന്റെ ഒത്തുതീർപ്പുമായി അവനൊപ്പം അവൾ അമ്പലനട മുറിച്ചുകടന്നു. മാംസം തുരന്ന്‌ കയറിയ കൂർത്ത ചീളുകളുടെ വേദനയെ നിസ്സാരമാക്കാൻ, തുടർന്ന്‌ രുഗ്‌മിണിക്ക്‌ സാധിച്ചില്ല.

അവൾ പറഞ്ഞുഃ “വയ്യ”

പടിഞ്ഞാറെ മതിലിനരികെ ഇലഞ്ഞിമരച്ചുവട്ടിൽ അവൾ കിതച്ചുകൊണ്ട്‌ നിന്നു.

“ഇരിക്കാൻ കണ്ടനേരം” – അവന്റെ ഒച്ച ഉയർന്നിരുന്നു.

നടക്കാൻ വയ്യെന്നപേക്ഷിച്ചിട്ടും അവൻ അവളിൽ നിർബന്ധം ചെലുത്തി. ഒളിച്ചോട്ടം അല്പസമയത്തേക്ക്‌ മാറ്റിവെക്കാൻ അവൻ സമ്മതിച്ചില്ല. ഇങ്ങനെയൊരു സൗഭാഗ്യം ജീവിതത്തിലൊരിക്കലും ലഭിക്കില്ലെന്ന്‌ പറഞ്ഞ്‌ അവൻ രുഗ്‌മിണിയെ കഠിനമായി ശകാരിച്ചു. പിടിച്ചുവലിച്ചു.

ഒളിച്ചോട്ടത്തിന്റെ ഇടവഴികൾ ഇനിയും പൂർത്തിയായിട്ടില്ല. ജീവിതത്തിന്റെ നീണ്ടപാത, താറിട്ട റോഡിലൂടെ ആരംഭിക്കുന്നതേയുളളൂ. എന്നിട്ടും അവന്റെ ശാഠ്യം ഈ വിജനതയിൽവച്ച്‌ തന്നെ ആരംഭിച്ചിരിക്കുന്നു!

-രുഗ്‌മിണി അറിയാതെ പിടഞ്ഞു.

ഇലഞ്ഞിമരച്ചുവട്ടിലെ ഇളംതണൽ, ചെവിത്തുമ്പിൽ ചുണ്ട്‌മുട്ടിച്ച്‌ പുന്നാരം പറച്ചിലുകൾ, ബിരുദം സമ്മാനിച്ച പ്രണയ രചനകൾ…

-അവന്റെ നിറംമങ്ങിയ നിർവ്വികാരതയിൽ രുഗ്‌മിണിയുടെ ആർദ്രമനസ്സ്‌ പുകഞ്ഞു. ഇതുവരെ ചികഞ്ഞിട്ടില്ലാത്ത ബന്ധത്തിന്റെയും ജീവിതത്തിന്റെയും കലമ്പലുകൾക്കിടയിൽ രുഗ്‌മിണി തിരിഞ്ഞ്‌ നിന്നു. ആളൊഴിഞ്ഞ ഇല്ലപറമ്പിൽ പ്രകടിപ്പിക്കാൻ വെമ്പിയ സംശയങ്ങൾ അവളുടെ മനസ്സിന്റെ സമനിലയെ പിളർക്കുവാൻ തുടങ്ങി.

ചെറിയ ശബ്‌ദത്തിൽ രുഗ്‌മിണിയുടെ വിവശസ്വരം കാമുകൻ കേട്ടു.

“ദേ, ഒരു പാമ്പ്‌”

സംസാരം പകുതി അവസാനിപ്പിച്ച്‌ ബോധമില്ലായ്‌മയുടെ താഴ്‌ചയിലേക്ക്‌ തണ്ടുപോലെ രുഗ്‌മിണി വീണിരിക്കുന്നു! വീഴുന്ന ചലനത്തിന്റെ ഒരുതരി നിമിഷത്തിൽ തന്റെ ചോര കിനിയുന്ന കാല്‌പാദം ഉയർത്തിവെക്കാൻ അവൾ മറന്നില്ല!

വിഷാദമനുഭവിക്കുന്ന കാമുകമനസ്സിന്റെ ശോകഭാവം തന്നെ വിളിച്ചുണർത്തുവാൻ ശ്രമിക്കുന്നത്‌ ആ കിടപ്പിൽ രുഗ്‌മിണി സ്വപ്നം കണ്ടു. പിടയുന്ന പ്രണയത്തിന്റെ ഊഷ്‌മളത നിറഞ്ഞ ജലം, തന്റെ നെറുകെയിൽ കുതിരുന്നത്‌ രുഗ്‌മിണി പ്രതീക്ഷിച്ചു.

“രുഗ്‌മിണീ രുഗ്‌മിണീ”

വിളിയിലെ മാർദ്ദവമില്ലായ്‌മ രുഗ്‌മിണിയെ സ്തബ്‌ധയാക്കി. അവന്റെ കരുത്തുറ്റ ചലനങ്ങൾക്ക്‌ കാതോർത്ത ഹൃദയം വിഷാദഛായയിൽ മുങ്ങുവാൻ തുടങ്ങി. സിനിമാകഥയുടെ ലാഘവത്വവുമായി ഇല്ലപറമ്പിൽ പ്രസംഗിച്ച കാമുകൻ തന്നെ പുണരാൻ മടിച്ചുനിൽക്കുന്നത്‌ കണ്ട്‌ അവളിൽ ശ്വാസം മുട്ടി. പാതിയടഞ്ഞ കണ്ണുകളിൽ രുഗ്‌മിണി കരഞ്ഞു.

അവൻ അവളെ തൊടുന്നു. വിരലിൽ വികാരത്തിന്റെ വൈദ്യുതി.

മരണം പ്രാർത്ഥിക്കുന്ന പ്രേയസിയുടെ വിലക്കപ്പെട്ട തെളിമയിലേക്കാണ്‌ അവൻ തന്റെ കൈകൾ നീക്കിയതെന്ന്‌ രുഗ്‌മിണി അറിഞ്ഞു. വിഷയസുഖമനുഭവിച്ച വിടന്റെ ചെയ്‌തികളിൽ അവൻ രുഗ്‌മിണിയെ സുതാര്യമാക്കാൻ മുതിർന്നു.

അടക്കിനിർത്താൻ വയ്യാത്ത ഹൃദയഭാരങ്ങൾ ഉടലാകെ ത്രസിച്ച്‌ പൊട്ടിത്തകരുമോ എന്ന ഉൾഭീതിയിൽ രുഗ്‌മിണി അനങ്ങാതെ കിടന്നു.

പ്രണയത്തിന്റെ അവസാനതുളളി കവിളിലേക്ക്‌ ചിതറിവീണത്‌ അവൻ കണ്ടില്ല. അമ്പലസന്നിധിയും, സാക്ഷികളും, ദാമ്പത്യവും പ്രഹേളികപോലെ രുഗ്‌മിണിയെ തുറിച്ച്‌ നോക്കി.

വെളുത്ത കടലാസിൽ വഴിപറഞ്ഞുതന്ന കറുത്ത സ്‌കെച്ചുകൾ വിയർപ്പിൽ കുതിർന്ന്‌ വികൃതമാവുന്നു! സ്വപ്നസന്നിഭമായ ജീവിതത്തിന്റെ വാതായനങ്ങളാണ്‌ കൊട്ടിയടക്കപ്പെടുന്നതെന്ന സത്യം ഭ്രാന്തിന്റെ ചേഷ്‌ടകളെ സാധൂകരിക്കുന്നു. ബാഗിനുളളിൽ പൊതിഞ്ഞുവച്ച പൊന്നിന്‌ പ്രതീക്ഷയുടെ ഉന്മാദം!

അഭിനിവേശത്തിന്റെ വിരുന്നുണ്ട്‌, ജീവിതസമ്പാദ്യത്തിന്റെ നേട്ടവുമായി കാമുകിയെ ഇലഞ്ഞിമരച്ചുവട്ടിലുപേക്ഷിച്ച്‌ കാമുകന്‌ സ്വതന്ത്രമാകാം…

അല്‌പനേരം തിരിഞ്ഞു നടന്നാലൊരുപക്ഷെ കാമുകി ജീവിച്ചേക്കും. ഹൃദയം പകർന്ന പൂക്കളുടെ വരണമാല്യം അണിയാനുളള ഭാഗ്യം സിദ്ധിച്ചാൽ ഒരു പുതിയ ഗണിതവുമായി വീണ്ടും ഒളിച്ചോടാം.

-രുഗ്‌മിണി വിചാരിച്ചു.

ഇല്ല ഒന്നും സംഭവിക്കുന്നില്ല.

കടലാസിൽ വരച്ച വരകൾ ജീവനില്ലാത്ത വെറും ചിത്രങ്ങളാകുന്നു. താലോലിച്ച പ്രണയസ്വപ്നങ്ങൾ കൊഴിഞ്ഞ്‌ വീഴുന്നു.

ക്ഷമയെന്ന വികാരം രുഗ്‌മിണിക്കുളളിൽ പൊട്ടിച്ചിതറി. ഒടിഞ്ഞു നുറുങ്ങിയ അഭിമാനവുമായി രുഗ്‌മിണി കാമുകനെ വന്യതയോടെ തളളിയിട്ടു. ഉറഞ്ഞുനിന്ന രുഗ്‌മിണിയുടെ രൂപത്തിൽ നിന്ന്‌ ഉമിനീരിന്റെ കൊഴുത്തകട്ട തുപ്പലായി തെറിച്ചുവീണു. പിന്നെയൊരു നിമിഷം രുഗ്‌മിണി നിന്നില്ല. ക്ഷമാപണത്തിന്റെ ഭാഷയിൽ രചിച്ച പഴയ കാമുകന്റെ ദീനവിലാപം നടത്തത്തിനിടയിൽ അവളുടെ കാതുകളിൽ വന്നലച്ചു. രുഗ്‌മിണി തിരിഞ്ഞുനോക്കിയില്ല. വീടടുക്കുന്തോറും രുഗ്‌മിണി കരയുവാൻ തുടങ്ങി.

“രുഗ്‌മിണീ രുഗ്‌മിണീ.”

-അമ്മയുടെ വിളികേട്ട്‌ കണ്ണാടിയിൽ നിന്ന്‌ ഉടലിനെ പറിച്ചെടുത്ത്‌ സാവധാനം രുഗ്‌മിണി ഇറങ്ങിവന്നു. വെളളപ്പൂക്കൾ തുന്നിയ വയലറ്റ്‌ഗൗൺ അവൾ ധരിച്ചു.

പതിവുപോലെ രുഗ്‌മിണി വാതിൽ തുറന്നു.

Generated from archived content: story_pathivu.html Author: libeeshkumar_pp

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപറുദീസ അരികെ
Next articleപ്രണയം
1977 മെയ്‌ 10ന്‌ ജനനം. യുവമാനസ കഥ അവാർഡ്‌, ഒ.ഖാലിദ്‌ സാരക അവാർഡ്‌, അരങ്ങ്‌ കലാസാഹിത്യവേദി കഥാ അവാർഡ്‌ (ജിദ്ദ), കേരളോത്സവം സംസ്ഥാന കഥാസമ്മാനം തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതുന്നു. ജനപത്രം ഡെയ്‌ലിയുടെ റിപ്പോർട്ടറായിരുന്നു. ബി.എ. മലയാളം വിദ്യാർത്ഥിയാണ്‌. വിലാസംഃ പി.പി. ലിബീഷ്‌കുമാർ ഏച്ചിക്കൊവ്വൽ (പി.ഒ.) പീലിക്കോട്‌ കാസർഗോഡ്‌ ജില്ല Address: Phone: 0498 561575 Post Code: 671353

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here