ആദ്യമഴഃ
—–
മഴയുടെ കാലൊച്ചയിൽ സ്വരങ്ങളുടെ പാദസരം ഭൂമിക്ക് വെളിയിൽ സംഗീതമായി പെയ്‌തിറങ്ങി. തണുത്ത കാറ്റിന്റെ നേരിയ ശ്വാസം ഊർദ്ധ്വലോകത്ത് നിന്ന്, തന്നെത്തേടി വരുന്നത് മുളംകാട് അറിഞ്ഞു. അവ്യക്തമായ നിറങ്ങളുടെ സന്ധ്യയിൽ ഇരുൾവീണ ഭൂമിയുടെ മാറിലേക്ക് വെളളിനൂലുകൾ സാവധാനമിറങ്ങി. ഭൂമി ഹർഷപുളകിതയായി.
ദേവശില്‌പിയുടെ രാജകവാടത്തിന് വെളിച്ചം വിതറുന്ന മിന്നൽക്കൊടിയുടെ തുടുത്തമുഖം ഭൂമിയെ ഒളിഞ്ഞുനോക്കിക്കൊണ്ടിരുന്നു. നനഞ്ഞൊട്ടിയ മഴത്തുളളികൾ കാറ്റിനൊപ്പം നൃത്തം ചവിട്ടുന്നത് മിന്നലിന്റെ തെളിഞ്ഞ പ്രഭയിൽ മുളംകാട് കണ്ടു. ഭൂമി സുഗന്ധം ചുരത്തി. ആ ലഹരിയിൽ മഴ ഭൂമിയെ നനച്ചു.
മുളംകാടിനുളളിലെ ഉന്മാദത്തിലേക്ക് കാറ്റിന്റെ നീണ്ട ഉടൽ പതിയെ പ്രവേശിക്കുമ്പോൾ, ഇരുളിൽ നാദഘോഷങ്ങൾ പിറന്നു. ഭൂമിയിലെ ജീവൻ ശബ്‌ദിച്ചുഃ “ആദ്യമഴ”.
ഉഷഃ
—
എത്ര ശ്രമിച്ചിട്ടും ഉറങ്ങുവാൻ വിസമ്മതിക്കുന്ന മനസ്സിനെ കസേരയുടെ വീതിക്കുറഞ്ഞ പലകയിലേക്ക് ബലമായി പിടിച്ചിരുത്തുവാൻ ഉഷയുടെ ശരീരത്തിന് സാധിച്ചില്ല.
ഉറക്കം എന്ന സിദ്ധി ശരീരത്തിന് ലഭിച്ചിരുന്നുവെങ്കിൽ ഒരുപക്ഷെ; മനസ്സിനെ ഉപേക്ഷിക്കാൻപോലും തയ്യാറാകുമായിരുന്നു ഉഷ!
മനസ്സ് വിലാപം ചൊരിയുമ്പോൾ ശരീരം തളരുന്നു. തളർന്ന് കുഴഞ്ഞ ഈ ദേഹം ഒഴിവാക്കാമായിരുന്നെങ്കിൽ മരണത്തിന്റെ വിസ്‌മയവരമ്പിലൂടങ്ങനെ പതിയെ പതിയെ നടക്കാമായിരുന്നു.
ഉഷ കരയുന്നില്ല.
കണ്ണടയുടെ ലെൻസുളള പ്രതലത്തിലൂടെ രണ്ട് കണ്ണുകൾ ഉഷയെ നോക്കി കരയുകയാണ് ഉണ്ടായത്….
കണ്ണുനീരിന്റെ കൂടാരത്തിനുളളിൽ കാഴ്‌ചകൾ മറയുമ്പോൾ, നോട്ടങ്ങളുടെ നേർവര പുറത്തേക്ക് പ്രവഹിക്കാനാവാതെ തടിച്ച ഫ്രെയിമിനുളളിൽ വീണ് ചിതറുന്നു. ഇനീഷ്യലടക്കം തിരിച്ചറിയപ്പെടുന്ന സഹവർത്തികളുടെ ചുണ്ട് കടിച്ചുളള പാരസ്‌പര്യം… വല്ലാതെ മടുത്തിരിക്കുന്നു…
മുപ്പത് വയസ്സുളള ശരീരം സപ്തതി ആഘോഷിക്കുമ്പോഴും ഇത്ര വേദനയില്ല. കോരിവറ്റിച്ചുപോയ മാംസത്തിന്റെ ഉൾത്തുടിപ്പിലേക്കൊരു മടക്കയാത്രയുമില്ല.
ഉണ്ടായിരുന്നു അങ്ങിനെയൊരു കാലം….
കൃഷ്‌ണനും രാധയും, സിന്ദൂരച്ചെപ്പുംഃ
————————
ഹലുവയും, കായവറുത്തതും, പൊരിയും വിൽക്കുന്ന പലഹാരക്കടയിൽ ചന്ത ആരംഭിക്കുന്നു.
ഒരു സമീപദൃശ്യം!
ഈച്ചയെ അടിച്ചുകൊല്ലാൻ നിയോഗിതനായ കറുത്തപ്പയ്യൻ ഈച്ചകളിൽ മാത്രം ശ്രദ്ധിച്ച്, വിശറിയുമായി ജോലിയിൽ വ്യാപൃതനായിരിക്കുന്നു. ഹലുവതിന്ന് വീർത്ത മറ്റൊരു മുഖം വായ്‌ത്താരികൊണ്ട് ആളുകളെ കൊതിപിടിപ്പിച്ചു.
കുപ്പിവള, കരിമഷി, ചാന്ത്, പൊട്ട്, ഹെയർപിന്നുകൾ -വിൽക്കുവാൻ വച്ച ഫാൻസി കടയായിരുന്നു തൊട്ടരികെ.
ധാരാളം പെൺകുട്ടികൾ സൂക്ഷ്‌മതയോടെ തിരയുന്ന ഒരു ഫോക്കസ്! പെൺകുട്ടികൾക്ക് പിന്നിലായി എന്തോ വാങ്ങാനെന്ന ഭാവത്തിൽ അഴകിയ ആണുങ്ങളുടെ പ്രത്യേക പൊസിഷൻ! അവർക്ക് പിറകിൽ; വല്ലതും മോഷ്‌ടിച്ച് കടന്ന് കളയുമോ എന്ന ശങ്കയിൽ, നിരീക്ഷണബുദ്ധിയോടെ, കൗശലക്കാരനായ കടക്കാരനിലൊരുവനും….
“എന്താണ് മേഡം വേണ്ടത്?”
കടക്കാരന്റെ കണ്ണുകൾ ഉഷയെ കണ്ടെത്തി ചോദ്യമെറിഞ്ഞു. അവൾ ഭർത്താവിനെ നോക്കി. ആവശ്യമുളളത് എടുത്തോളൂ എന്ന ഭാവവുമായി ഭർത്താവ്. കുറെയധികം ചിലവഴിച്ചു. അവൾക്കൊന്നും ഇഷ്‌ടമായില്ല. കടക്കാരന്റെ ദൃഷ്‌ടിക്ക് മനസ്സിലാകുന്ന ഭാഷയിൽ, വേണ്ടെന്ന് തലയാട്ടി സങ്കോചത്തോടെ അവൾ പിൻവലിഞ്ഞു.
ഭർത്താവ് ചോദിച്ചുഃ
“എന്തേ അതൊന്നും ഇഷ്‌ടമായില്ലേ..”
ഇല്ലെന്ന് പറയാൻ ശബ്‌ദം വളരുമ്പോഴേക്കും അവർ വേറൊരു സ്‌റ്റാളിന് മുന്നിലെത്തിയിരുന്നു.
“ഹലോ സാർ, എന്താണ് വേണ്ടത്?”
ഇപ്പോൾ ഉഷയും ഭർത്താവും, ധാരാളം പ്രതിമകൾ നിരത്തിവച്ച, കളഭം മണക്കുന്ന ഒരു വലിയ സ്‌റ്റാളിന് മുന്നിൽ നിൽക്കുകയാണ്.
പരമശിവനും പാർവ്വതിയും, കൃഷ്‌ണനും രാധയും..
അനന്തശയനം….
കാളിയമർദ്ദനം…
തെയ്യക്കോലങ്ങൾ..
-കടക്കാരന് പിന്നാലെ ഉളളിലെ വിസ്തൃതിയിലേക്ക് ആനയിക്കപ്പെടുമ്പോൾ അതിശയകരമായ കരവിരുതുകൾ മനസ്സിനെ വല്ലാതെ ആകർഷിച്ചു.
“മാഡം ഇത് നോക്കൂ…”
ആവശ്യക്കാരനിൽ സ്‌ഫുരിക്കുന്ന സാധാരണ വേഷം ഭർത്താവിന്റെ സമീപനത്തിൽ തെളിയാത്തതുകൊണ്ടാവാം തന്റെ മുന്നിലേക്കയാൾ പ്രതിമകളോരോന്നായി നിരത്തുന്നത്.
നീലവർണ്ണനായ കൃഷ്‌ണന്റെ ദേഹത്ത് ഒട്ടിനിന്ന് ഓടക്കുഴലിന്റെ സംഗീതം പ്രേമപൂർവ്വം ശ്രവിക്കുന്ന പ്രേയസി രാധയുടെ ശില്‌പം അയാൾ മുന്നിൽ നിരത്തി. പൊടി തൂവിയ കൃഷ്‌ണന്റെ ദേഹം കടക്കാരൻ തുണികൊണ്ട് തുടച്ചു.
കൃഷ്‌ണനോട് ലീനമായ രാധയുടെ ശരീരവടിവ് ഉഷയിൽ താരുണ്യമുയർത്തി. അവൾ ഭർത്താവിനെ തൊട്ടു.
-ബാർഗെയിനിങ്ങ്
“കളിമണ്ണോ പ്ലാസ്‌റ്റർ ഓഫ് പാരീസോ?”-ഭർത്താവ് ചോദിക്കുന്നു.
പ്ലാസ്‌റ്റർ ഓഫ് പാരീസിന്റെ ഉറപ്പും, വർണ്ണങ്ങളുടെ നിറപ്പകിട്ടും വിലപേശലിന്റെ വാഗ്വാദത്തിനിടയിൽ കടക്കാരൻ സമർത്ഥമായി വിനിയോഗിക്കുന്നത് ഉഷ കേട്ടു. ഇംഗ്ലീഷ് ചുവയുളള ഭാഷയുടെ പദങ്ങൾ വിന്യസിച്ച് ഭർത്താവ് ശക്തമായ പ്രതിരോധം തീർക്കുന്നു.
കണ്ണുകൾ കൃഷ്‌ണവിഗ്രഹത്തെ കൈകളിലേക്ക് പൂഴ്‌ത്തി.
ചുവരിൽ തൂക്കിവച്ച ദൈവങ്ങളുടെ കലണ്ടറുകൾക്ക് പിന്നിൽ ഏതോ ഒരു ക്രിക്കറ്റ് താരത്തിന്റെ ക്ലീൻഷേവ് ചെയ്‌ത മുഖം പകുതിമറഞ്ഞ നിലയിൽ ഒളിച്ചിരിക്കുന്നു.
സച്ചിനോ ക്രിസ്‌കെയിൻസോ?
തുടച്ച് വൃത്തികൂട്ടിയ ചില്ലലമാരിക്കകത്ത് വലുതും ചെറുതുമായ ശംഖുകളുടെ നീണ്ട നിര. വലിയ ശംഖിനുളളിൽ കടലിന്റെ തിരകൾ ഒളിച്ചിരിപ്പുണ്ടാവും… മുത്തശ്ശി ചിരിക്കുന്നു.
ബ്രാഹ്‌മിൺസ് ഹോട്ടലിലെ ശാപ്പാടിനൊപ്പം വിളമ്പുന്ന ചെറിയ കറിപ്പാത്രങ്ങൾ മാതിരി കുറെയെണ്ണം കൃത്യതയില്ലാതെ അടുക്കിവച്ചിരിക്കുന്നു. അതിൽ പല നിറങ്ങളിലായി മോതിരങ്ങളും, ഏലസ്സുകളും, ലോക്കറ്റുകളും….
ഫ്രെയിം ചെയ്‌തുവച്ച ദൈവരൂപങ്ങൾ.
തുമ്പിക്കൈ നീട്ടിവച്ച് വയറ് തടവുന്ന ഉണ്ണി ഗണപതി.
കെട്ടിതൂക്കിയ വെളുത്തചരടിൽ ചെറിയ ഓട്ടുമണികൾ…. അതിനപ്പുറം; ഏകാന്തതയിലെ സ്നിഗ്‌ദ്ധ സ്വപ്നംപോലെ, മനോഹരമായ സിന്ദൂരച്ചെപ്പ്. അവൾ അതിലേക്ക് ഉറ്റുനോക്കി.
ഭർത്താവ് ചിരിക്കുന്നു. കയ്യിൽ കൃഷ്‌ണനും രാധയും! പൊരിഞ്ഞ വിലപേശലിൽ ആരാണ് തളർന്നത്? കടക്കാരന് ഒട്ടും ക്ഷീണം ബാധിച്ചിരുന്നില്ല. ബാർഗെയിനിങ്ങ് എന്ന കലയിൽ ഇങ്ങനെയൊരു ഇക്വാലിറ്റി എങ്ങിനെ സംഭവിച്ചു?
ഹോട്ടൽമുറിയിലെ ലഗേജിനുളളിൽ കൃഷ്‌ണനും രാധയും പുണർന്ന് കിടന്നു. ഉഷ സിന്ദൂരച്ചെപ്പ് തുറക്കുവാൻ ശ്രമിച്ചു. ഹൃദയം കവരുന്ന സുഗന്ധം ഫാനിന്റെ നേർത്ത വായുവിൽ മുറിയാകെ നിറയുന്നു….
മോഷ്‌ടിച്ചതാണോ?
അല്ല.
വാങ്ങിയതാണോ?
അല്ല.
പിന്നെ?
ഒരാൾ തന്നതാണ്.
ഭർത്താവ് ചിരിക്കുന്നു…..
സംവാദം.. രാത്രി… ബസ്സ് സ്‌റ്റാൻഡ്‌ഃ
———————–
സംവാദത്തിൽ ഉഷ നിറഞ്ഞുനിന്നു. കണ്ണടയുടെ വൃത്തപരിധിയിലേക്ക് നുഴഞ്ഞ് കയറുന്ന അപരിഷ്‌കൃതത കണ്ടില്ലെന്ന് നടിക്കുവാനും, തുറിച്ചുനിൽക്കുന്ന കൃഷ്‌ണമണികളിലേക്ക് തീനാമ്പുകൾ എയ്‌തുവിടാനുമുളള ആ ധൈര്യം കുറുപ്പുസാർ പലപ്പോഴായി ശ്രദ്ധിച്ചിരുന്നു. സംവാദങ്ങളിൽ ഉഷയെ ഒഴിച്ചു നിർത്താനാവില്ലെന്ന് ഡൈ ചെയ്‌ത് കറുത്ത ബുദ്ധിജീവികളും സമ്മതിക്കുന്നു. പോകാൻനേരം വാത്സല്യത്തോടെ കുറുപ്പ്‌സാർഃ “കീപ്പ് ഇറ്റ് മൈ ഡോട്ടർ. കീപ്പ് ഇറ്റ്.”
ഹൃദയം തുളുമ്പിയ ആശംസ-ഉഷയ്‌ക്കത് ധാരാളമായിരുന്നു.
കറുത്ത് തുടങ്ങിയ ആകാശത്തിന് കീഴെ വിളക്കുകാലിന്റെ മങ്ങിയ പ്രകാശത്തിൽ, ബസ്‌സ്‌റ്റാൻഡ് ലക്ഷ്യമാക്കി ഉഷ ധൈര്യപൂർവ്വം നടന്നു.
ബസ്‌സ്‌റ്റാൻഡ്.
വെളിച്ചമില്ലാത്ത വെട്ടത്തിൽ സംഭവിക്കുന്ന ശ്ലീലമില്ലായ്‌മയുടെ പുതിയ നമ്പറുകൾ മനസ്സിലാക്കാൻ ഉഷയ്‌ക്ക് പ്രയാസം നേരിട്ടില്ല. വസ്‌ത്രത്തിനുളളിലെ മാംസളതയിലേക്ക് കണ്ണുകൾ പായിച്ച് ആരോ ഒരാൾ പിന്നിൽ നിന്നും ചൂളമടിച്ചു. പ്രോത്സാഹനമായി കുറെ വൃത്തികെട്ട ചിരികൾ. പരിചയമില്ലാത്തവർ പരിചയം ഭാവിക്കുന്നു. പരിചയപ്പെടാനുളള അഭിവാഞ്ച! കാമസംഭരണിയിലെ ഒടുങ്ങാത്ത ആവേശം!
നിർത്തിയിട്ടിരിക്കുന്ന ടൗൺബസ്സിലെ അക്കങ്ങളിലേക്ക് സൂക്ഷ്‌മതയോടെ തിരയുമ്പോൾ, ഒരാൾ മുന്നിൽ ആടിയാടി വന്നു. “പെങ്ങളേ… പെങ്ങൾക്ക് പോകാനുളള ബസ്സ് അപ്പുറത്താ…” പരുപരുത്ത സ്വരത്തിന് മദ്യത്തിന്റെ വാട. ഉഷ മുഖം മറച്ചു അയാൾ പിന്നീടൊന്നും പറഞ്ഞില്ല.
ആ മനുഷ്യൻ വിരൽചൂണ്ടിയ ദിക്കിലേക്ക് ഉഷ വെറുതെ നടന്നു. സത്യംതന്നെ! തനിക്ക് സഞ്ചരിക്കേണ്ടുന്ന 11-ാംനമ്പർ ബസ്സ് പോകാനായി തുനിയുന്നു. ഉഷ തിരിഞ്ഞുനിന്നു. നന്ദി കേൾക്കുവാൻ നിൽക്കാതെ പ്രാഞ്ചിപ്രാഞ്ചി അയാൾ മറഞ്ഞുകഴിഞ്ഞിരുന്നു. ഉഷ ചിന്തിച്ചുഃ “അയാൾക്ക് അമ്മയും പെങ്ങളുമുണ്ട്.”
രാത്രിമഴഃ
—–
മഴയുടെ സംഗീതം കോള്‌വീണ ആകാശത്തിന്റെ രൗദ്രതയിൽ മുങ്ങിയമർന്നു. മുളംകാടിനുളളിൽ നിന്നും ഇറങ്ങിവന്ന കാറ്റ് സീൽക്കാരശബ്‌ദങ്ങളുണ്ടാക്കി ഭയപ്പെടുത്തുന്നു. മിന്നലിന്റെ വാളുകൾ ശിരസ്സ് ലക്ഷ്യമാക്കി പായുന്നു….
ഉഷ കണ്ണടക്ക് വേണ്ടി പരതി.
തകർന്ന കണ്ണടയിലെ ലെൻസിന്റെ ചീളുകൾ മുറ്റത്ത്, മഴയിൽ ഒഴുകി ഒലിക്കുമ്പോൾ, ഒടിഞ്ഞ ഫ്രെയിമുകൾ മഴ നനയ്‌ക്കുന്നു. എന്റെ ഹൃദയനൊമ്പരങ്ങളെ മറച്ചിരുന്ന ആ പ്രതലം ആരാണ് അവിടെ കൊണ്ടിട്ടത്?
വിലാപത്തിന്റെ സഞ്ചിയുമായി, അച്‌ഛന്റെ കയ്യുംപിടിച്ച് നടന്നു മറഞ്ഞ എന്റെ മോള്-
മഴത്തുളളികളെ….
എന്റെ കുഞ്ഞിന് വേദനിച്ചുവോ?
മഴ സംസാരിച്ചില്ല. കൂടുതൽ ആർജ്ജവത്തോടെ പെയ്യുക മാത്രം ചെയ്‌തു.
അനുമോളും, ശ്രീയേട്ടനും, 11-ാം നമ്പർ ബസ്സുംഃ
——————————-
അനുമോളെയും കൂട്ടി ശ്രീയേട്ടൻ ഓഫീസിൽ നിന്ന് എത്തിയിട്ടുണ്ടാകുമായിരിക്കും. കുളികഴിഞ്ഞ് വസ്‌ത്രം മാറി നേരെ അടുക്കളയിലേക്കായിരിക്കും പോവുക. ഇന്നത്തെ പാചകം അച്‌ഛന്റെ വകയോ അതോ മോളുടെതോ? തീൻമേശയിൽ വിഭവങ്ങൾ അമ്മയെ തീറ്റിക്കാൻ റെഡിയായി കാണും….
ഉഷ ഒച്ചയില്ലാതെ ചിരിച്ചു. ടിക്കറ്റുമായി വന്ന കണ്ടക്‌ടർ ചുറ്റുംപാടും നോക്കി. പിന്നീട് ഉഷയുടെ തുടുത്ത കവിളുകളെ ആസ്വദിച്ച് വല്ലാതെ നോക്കി. ബാഗിനുളളിലെ ചില്ലറത്തുട്ടുകളിൽ ഉഷയുടെ ചിരി വീണ്ടും പരന്നു….
ടൗണിലെ ചെറിയ ചെറിയ സ്‌റ്റോപ്പുകളിൽ ഇറങ്ങാനുളളവരെ ഇറക്കിയും, കയറാനുളളവരെ അതിനനുവദിച്ചും, കണ്ടക്‌ടറുടെ വിസിലടിക്കനുസരിച്ച് വൃദ്ധനായ ഡ്രൈവർ മെല്ലെ വണ്ടി ഓടിച്ചു.
ഉഷ സീറ്റിലേക്ക് ചാരിയിരുന്ന് കണ്ണുകൾ പൂട്ടി.
ശബ്‌ദിക്കുന്ന ഇരുമ്പ് ഗേറ്റ്‌ഃ
—————–
ഗേറ്റിന്റെ ഇരുമ്പ് കൊളുത്ത് ശബ്‌ദിച്ചുകൊണ്ട് ഒരാൾ നടന്നുവരുന്നു. കോടതിയുടെ രജിസ്‌റ്റേഡുമായി പോസ്‌റ്റ്‌മാനാണ്. മിസ്സിസ്.ശ്രീകുമാറിനുളള അവസാന ലെറ്റർ.
ശ്രീയേട്ടന്റെ സുഹൃത്തുക്കളാരും ഇപ്പോളീവഴി വരാറില്ല. വീടും മുറ്റവും സായാഹ്‌നവും അവർ മറന്നിരിക്കുന്നു. ഒറ്റക്ക് ഒരുവീട്ടിൽ അതും സൗന്ദര്യമുണ്ടെന്ന് പറയുന്ന ഒരു സ്‌ത്രീ താമസിക്കുന്നിടത്തേക്ക് എങ്ങിനെയാണ് അവർ സ്‌നേഹാന്വേഷണവുമായി ചെല്ലുക. വ്യാഖ്യാനങ്ങൾക്ക് നാനാർത്ഥങ്ങളുണ്ടാകുമ്പോൾ, വീടിനുളളിലെ ഹൃദയഭിത്തികൾ അതെങ്ങിനെ താങ്ങും….
പോസ്‌റ്റ്‌മാൻ മെമ്മോ ഒപ്പിടുവാനായി നീട്ടി. ഒപ്പിട്ടു നൽകുമ്പോൾ അയാൾ വേദനയോടെ മന്ദഹസിച്ചു. തന്റെ വിരലുകൾ വിറച്ചത് അയാൾ കണ്ടിരിക്കാം.
ഇരുമ്പ് ഗേറ്റിന്റെ ശബ്‌ദം വീണ്ടും. സൈക്കിളുരുട്ടി പോസ്‌റ്റ്‌മാൻ നടന്ന് മറഞ്ഞു…
11-ാം നമ്പർ ബസ്സും അയാളുംഃ
——————–
ഓടിക്കൊണ്ടിരുന്ന 11-ാം നമ്പർ ബസ്സിൽ നിന്നും ഉഷ എഴുന്നേറ്റ് നിന്ന് അലറിയത് പലരും നടുക്കത്തോടെ ശ്രദ്ധിച്ചു.
ഉറക്കത്തിന്റെ ബോധമില്ലായ്‌മയിൽ നിന്ന് പൊടുന്നനെ ഞെട്ടിയുണരുകയും, ഇറങ്ങുവാനുളള സ്ഥലം ആയെന്ന ധാരണവച്ച് പരിഭ്രമം പൂണ്ടതായിരിക്കുമെന്നാണ്, ടിക്കറ്റ് കൊടുത്ത് വിശ്രമിക്കുന്ന കണ്ടക്‌ടറും, സഡൺ ബ്രേക്കിട്ട് ബസ്സ് നിർത്തിയ ഡ്രൈവറും കരുതിയത്.
പക്ഷെ…സംഭവിച്ചത് മറ്റൊന്നായിരുന്നു.
അനുമോളും ശ്രീയേട്ടനും പാചകവും ഉൾപ്പെട്ട ഓർമ്മകളിൽ മുഴുകിയിരുന്ന ഉഷയുടെ വാച്ച് ധരിച്ച ഇടത് കൈത്തണ്ടയിലേക്ക് ഈർപ്പമുളള നനവ് പാറിവീണ് അലോസരങ്ങൾ സൃഷ്‌ടിച്ചു.
കൈത്തണ്ടയിൽ വിശ്രമിക്കുന്ന ദ്രവരൂപം ചുരിദാറിന് മുകളിൽ അലസമായി ഉരക്കുമ്പോൾ, അലോസരങ്ങൾ ഒഴിവായില്ലെന്ന് മാത്രമല്ല അത് കൂടുതൽ സങ്കീർണ്ണമായ ഭാവം പ്രദർശിപ്പിക്കുകയാണ് ചെയ്‌തത്.
സാധാരണയിൽ കവിഞ്ഞ വഴുവഴുപ്പ് തോന്നിച്ച ചെറിയ തുളളികൾ കാറ്റിലടിച്ചു കയറിയപോലെ ചുരിദാറിന്റെ കാലുകളിൽ പറ്റിനിൽക്കുന്നു.
ചായം തേച്ച ബസ്സിലെ പ്രായമായ മേൽപ്പലകയുടെ വിളളലിലൂടെ ഇറ്റിവീഴുന്ന മഞ്ഞുതുളളിയാവാം ഇതെന്ന വിശ്വാസത്തിൽ തൃപ്തയാകാതെ, മുകളിലെത്തി നോക്കിയ കണ്ണടയുടെ ലെൻസ്, ഉഷയെ അസ്വാഭാവികമായ മറ്റൊരു ദൃശ്യം കൂടെ കാണിച്ചുകൊടുത്തു…
ലെൻസിന്റെ ശ്രദ്ധ വീണ്ടും ഉയർന്ന നിമിഷങ്ങളിലാണ് ഭീകരമായ അയാളുടെ സുതാര്യത ഉഷ കണ്ടതും അലറി വിളിച്ചതും.
ബസ്സ് വീണ്ടും സ്‌റ്റാർട്ടായി.
വൃദ്ധനായ ഡ്രൈവർ 11-ാം നമ്പർ ബസ്സിനെ ഉത്തരവാദിത്വമുളള മറ്റൊരു വഴിയിലേക്ക് ഓടിച്ചുപോയി.
ക്ലൈമാക്‌സ്‌ഃ
——-
“വീണ്ടുമൊരു തിരിച്ചുവരവ് സാധ്യമാണോ?”-കോടതി ചോദിക്കുന്നു.
ഗുരുവായൂരിലെ വെളിച്ചം വിതറിയ കിഴക്കെ നട! പലഹാരക്കടയിൽ തുടങ്ങുന്ന ചന്ത! കൃഷ്‌ണന്റെ മനസ്സിനോട് സ്വകാര്യം മന്ത്രിക്കുന്ന രാധ! ജീവിതസൗകുമാര്യത്തെ തരളിതമാക്കിയ സിന്ദൂരച്ചെപ്പ്! ആദ്യമഴ….
ഉഷ ആശയോടെ പരതി.
കണ്ണടയില്ലാത്ത കണ്ണുകളുടെ ദൈന്യതയിലേക്ക് ശ്രീയേട്ടൻ ഒരു പ്രാവശ്യമെങ്കിലും നോക്കുമെന്ന് വ്യാമോഹിച്ചു. ഇല്ല.
സമ്മതിക്കാനും വിസമ്മതിക്കാനും നിമിഷത്തിന്റെ നൂറിലൊരംശം മാത്രം മതിയെന്ന് കണ്ടെത്തിയ മധുവിധുവിലെ സുഖാനുഭവങ്ങൾ, കോടതിമുറിയുടെ വീർപ്പുമുട്ടലിൽ ഒടുങ്ങുകയാണ്…
നീതിശാലയുടെ കുമ്മായം തേച്ച ചുവരുകൾക്കുളളിൽ കറുത്ത ഗൗൺ ധരിച്ച വക്കീലന്മാരുടെ ഇടയിലൂടെ കരയാനാവാത്ത മുഖവുമായി, അച്ഛന് പിന്നാലെ അനുമോൾ നടന്നുപോവുമോ?
ഇറുകിയടച്ച കണ്ണിൽ നിന്ന്, ഒരു തുളളി അറിയാതെ അടർന്നു വീണു.
കോടതി വിധി പറയുകയാണ്.
Generated from archived content: story_kramamthettiya.html Author: libeeshkumar_pp