അന്ന് …
രണ്ടാം നിലയിലെ സുവോളജിലാബിൽ അവസാനവർഷ ബിരുദ വിദ്യാർത്ഥി പ്രിയംവദ തനിച്ചായിരുന്നു.
അവയവ പഠനത്തിന് സ്വയം ഒരുങ്ങിവന്ന പഠിതാവിന്റെ ഭാവത്തോടെ വയറ് പിളർത്തപ്പെട്ട തവളയെ ഡിസക്‌ഷൻ ടേബിളിൽ സുതാര്യമാക്കി കിടത്തിയിരിക്കുന്നു. തൊട്ടടുത്ത് പ്രാക്‌ടിക്കൽ മാന്വലിന്റെ തടിച്ച പുസ്‌തകം. ഫാനിന്റെ നേർത്ത വായുവിലിളകുന്ന പേജിൽ വാച്ചിന്റെ കനം. കൈകൾ ഡസ്‌കിന് മുകളിലേക്കൂന്നി പെൻസിലിന്ററ്റം കൊണ്ട്-അനാറ്റമിയുടെ ചാപ്‌റ്റർ പരിശോധിക്കുമ്പോൾ ഊഷ്‌മളനിശ്വാസം കവിളിലേക്ക് പാറിവീണു. ചെമ്പരത്തി വെളിച്ചെണ്ണയിൽ കാച്ചിയ സുഗന്ധം!
കൂർത്ത പിന്നുകൾ ഉദരത്തിനരികിലൂടെ തറച്ച് കയറ്റുന്ന സൂക്ഷ്‌മ നേരങ്ങളിലാണ് സ്പന്ദിക്കുന്ന ഹൃദയം പുറത്ത് താളം പിടിച്ചത്. മുടിച്ചുരുളുകളുടെ ഉലയലിൽ ബ്ലേഡ് വഴുതി. ശ്വാസപഥങ്ങൾ അനുസരണയോടെ മണം തിരഞ്ഞ് പിടിക്കുന്നു….
വസ്‌ത്രത്തിനുളളിൽ സ്‌നേഹഗ്രന്ഥികളുടെ അനുരാഗം.
ഉച്ഛ്വാസനിശ്വാസങ്ങളിൽ ഇളംചൂടിന്റെ കലർപ്പ്. -പ്രിയംവദ ഒഴിഞ്ഞ ഇരിപ്പിടങ്ങളിലേക്ക് വിരൽ ചൂണ്ടി.
പിൻവലിയാത്ത ആശ്ലേഷത്തിന് കുപ്പിവളകളുടെ കുസൃതി ചിരി. കാതിൽ ചുണ്ട് മുട്ടിച്ച് കിന്നാരം പിറുപിറുക്കുന്നു.
“പാവം തവള”
“ജീവശാസ്‌ത്രത്തിന്റെ കണ്ടെത്തലുകൾ ഈ പാവം ശരീരത്തിന്റെ ഹൃദയത്തിനുളളിലായിരുന്നില്ലെന്ന് മനസ്സിലാക്കാൻ കഴിയാത്ത വിഡ്‌ഢികളുടെ ഈ ഗുഹയിൽ എങ്ങിനെയാണ് മോളേ നീ മൂന്ന് വർഷം ചിലവഴിച്ചത്.”
“കീറിമുറിച്ച ജീവന്റെ മുകളിൽ സാഡിസത്തിന്റെ ക്രൂരമായ അവഹേളനം. റെക്കോർഡ് ബുക്കിൽ പകർത്തുന്ന ശ്വാസകോശ അറകളിൽ നിശ്ശബ്‌ദ നിലവിളി കുരുങ്ങിക്കിടക്കുന്നു. ഹൃദയമിടിപ്പിന്റെ സമ്മതമില്ലാതെ ഒരു ശസ്‌ത്രക്രിയ. എത്ര നിസ്സാരം!”
“കാൻസർ ബാധിക്കാത്ത രണ്ടവയവമേ നമുക്കുളളൂ. അതിലൊന്ന് ഹൃദയമാണ്. അറിയാമോ പെണ്ണേ നിനക്ക്…?”
-സൗമ്യസ്വരം ചെവിത്തുമ്പ് പൊതിയുന്നു. മുഖമിളകുമ്പോൾ നനഞ്ഞ ചുണ്ട് കഴുത്തിലുരസി. പ്രിയംവദ അനങ്ങാതെ ഇളകാതെ കണ്ണടച്ചിരുന്നു.
“നടുകെ മുറിച്ച ശിരസ്സിനിരുവശവും വിതുമ്പിയ കണ്ണുകൾ. വായതുന്നിക്കെട്ടിയ സത്യത്തിനുമേൽ ഫ്രോഗെന്ന ടൈറ്റിൽ! മഴയൊഴുകുന്ന പാടവരമ്പിൽ മഴയുടെ സംഗീതം പൊഴിക്കുന്ന നിസ്വനസഞ്ചികൾ അറുത്തിടാൻ ആരാണ് കുട്ടീ നിന്നോട് കല്‌പിച്ചത്. ഹരിതകം കലർന്ന പുല്ലുകൾക്കുളളിൽ പുൽച്ചാടിക്ക് പിറകിലോടുന്ന തവളയെ എത്ര തവണ നീ അറിയാതെ ചവിട്ടിയരച്ചു. കുസൃതിയുടെ മീൻചൂണ്ടയിൽ തവളക്കുഞ്ഞുങ്ങളെ കോർത്തിടുമ്പോൾ എപ്പോഴെങ്കിലും അവ നിന്നോട് പരാതി പറഞ്ഞിട്ടുണ്ടോ? എന്നിട്ടും വിടർത്തപ്പെട്ട നെഞ്ചിലെ ഹൃദയവാൽവിലേക്ക് നീ നിന്റെ കൂർപ്പിച്ച കത്തി കുത്തിയിറക്കുന്നു..”
-ശരീരോഷ്‌മാവിന്റെ തൈറോയ്‌ഡുകളിൽ ഹോർമോൺ നിറഞ്ഞ് പരക്കുന്നു. പിന്നിലെ പരാതിയുടെ നിയന്ത്രിത നാഡികൾ വലിഞ്ഞുമുറുകിയിട്ടും പ്രിയംവദ അനങ്ങിയില്ല.
“എനിക്കറിയാം. നിന്നെക്കൊണ്ടിത് ചെയ്യിക്കുന്നത് ഇവിടത്തെ വാല്യക്കാരാണെന്ന്. ഭൃത്യരുടെ ജീവിതം മുഴുവനും തഴച്ച് വളരുന്നത് മുടിയും നഖവും മാത്രമല്ല-വികാരങ്ങളുടെ ഹീമോഫീലിയ കൂടിയാണ്.”
“ഹൃദയവേദനയ്‌ക്ക് ആസ്‌പിരിൻ ഗുളിക നൽകുന്ന പുരുഷത്വം! മേധാവിത്വത്തിന്റെ വൈബ്രേറ്ററുകളുമായി ഊര് ചുറ്റുന്ന ലിംഗവാഹകരറിയുന്നില്ല-ചീഞ്ഞ ബാറ്ററികളിൽ സ്വയം പ്രവർത്തനം നടക്കില്ലെന്ന്…”
-പച്ച വാക്കുകൾക്കൊപ്പം നെഞ്ച് കൂട്ടിയടിക്കുന്നു. ശ്വാസത്തിന് ശീൽക്കാരധ്വനി.
“വിയോജിപ്പിന്റെ വിപരീതധ്രുവങ്ങളിൽ നിന്ന് സ്‌നേഹസ്പർശമില്ലാതെ വരുന്ന ഇവർക്ക് പറ്റിയത് സുവോളജിതന്നെ. അക്ഷരങ്ങളുടെ ആദ്യാർത്ഥത്തിൽ തന്നെയുണ്ട് കൂട്ടിലടക്കപ്പെട്ടതിന്റെ ദൈന്യത. ആസക്തിയുടെ ജാറിനുളളിൽ വെറും കാഴ്‌ചവസ്‌തുവായി ഒരു ജീവിതം മിടിക്കുന്നതിന്റെ സങ്കടകരമായ ദൃശ്യം കാണുമ്പോ…?”
“എനിക്കതിനെപ്പറ്റി വേവലാതിയില്ല. ആത്മപ്രണയത്തിന്റെ മന്ത്രമല്ലാതെ, എന്റെ കൈവശം അവർക്ക് നൽകാൻ സൈക്കിക് ട്രീറ്റ്‌മെന്റിന്റെ സാരോപദേശങ്ങളില്ലതാനും! പിന്നെ ഞാനെന്തിനാണതിൽ വ്യാകുലപ്പെടുന്നത്. എന്റെ വേദന നിന്നെക്കുറിച്ചാണ്. നിന്നെ കുറിച്ച് മാത്രം.”
-പിണച്ചുവച്ച കൈകളിൽ സല്ലാപത്തിന്റെ കിലുക്കം. കവിളോരത്ത് കൺപീലികൾ വിടരുന്നു. ഒഴുകിയൊന്നാകുന്ന സ്‌നേഹത്തിന്റെ വഴികളിൽ പ്രിയംവദ ഒതുങ്ങിനിന്നു.
ഇതെന്താന്നറിയ്യ്വോ എന്റെ സാറിന്…
ഫൈലം കോർഡേറ്റ.
സബ് ഫൈലം വെർട്ടിബ്രേറ്റ
ക്ലാസ്സ് റെപ്‌റ്റീലിയ
ശുദ്ധ മലയാളത്തിൽ… ചേര.
ഇതൊരു പുൽച്ചാടി. പുൽച്ചാടിക്ക് പിറകിൽ തവള. അതിനും പിന്നിൽ പിളർന്ന നാവുമായി, വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന ഈ രൂപം.
സ്‌റ്റാർട്ട്!
പച്ചപ്പുല്ലിലെ തണുപ്പിൽ പുൽച്ചാടി തുളളിക്കളിക്കുന്നു. ഇത് കാണുന്ന തവള ഒരൊറ്റചാട്ടം. പാവം പുൽച്ചാടി. കരുതിവച്ച സ്വപ്നങ്ങളടക്കം തവള ചവച്ചിറക്കി. സ്വപ്നങ്ങൾ അയവിറക്കുന്ന തവളയെ പാമ്പ് കണ്ടത് പെട്ടെന്നായിരുന്നു. പാമ്പിനുമുണ്ടാകുമല്ലോ വിശപ്പിന്റെ മനോഹര സ്വപ്നങ്ങൾ! അല്പദൂരം തവള ഓടിനോക്കി. പക്ഷെ സ്വപ്നങ്ങളുടെ പിൻകാലിൽതന്നെ പാമ്പ് ചാടിപ്പിടിച്ചു. കുറെ പിടഞ്ഞു തവള. പിന്നെ സ്വസ്ഥം…
മനസ്സിലായോ സാഹിത്യമേ നിനക്ക്.. പുൽച്ചാടിക്ക് പിറകിലൊരു തവളയുണ്ടെന്നും; തവളയുടെ ചലനവും പ്രതീക്ഷിച്ച് പാമ്പിഴയുമെന്നും; അതിനും പിറകിൽ കിരിയും, ചെമ്പോത്തും കഴുകനുമൊക്കെയുണ്ടാവും. അതാണ് പ്രകൃതി നിയമം. വഴിവക്കിലെ തുറസ്സിൽ മൃഗീയ കശാപ്പ് നടക്കുമ്പോൾ ഇവിടെ രാജകീയമരണം ഞങ്ങൾ ഒരുക്കുന്നു. എങ്ങിനെ..?
-ഇത്തരത്തിലെന്തൊക്കെയോ ആയിരുന്നു പ്രിയംവദയുടെ മനസ്സ് പറയാനാഗ്രഹിച്ചത്. പക്ഷെ…
ശരീരം ഉന്മാദം കൊണ്ടുലയുമ്പോൾ
സുഷുമ്‌നയിൽ സിംഫണി തിമർക്കുമ്പോൾ.. ശബ്‌ദം അരൂപിയായി ഒളിച്ചു നിൽക്കുന്നു.
“എന്താ പ്രിയേ നീ മിണ്ടാത്തത്. നിന്റെ ആലോചനകളിലിപ്പോഴും പാറ്റയും തവളയും ഓന്തുമൊക്കെയാണോ?”
“ഇവിടെ ശരിയാവില്ല നിനക്ക്. എങ്ങ് തിരിഞ്ഞാലും സ്‌റ്റഫ് ചെയ്തുവച്ച രൂപങ്ങൾ! പല്ലിളിക്കുന്ന തലയോട്ടി തന്നെയാകുമല്ലോ ഇനിയും നിന്റെ വഴികാട്ടി. മനസ്സ് കൊടുംമൂടലിൽപ്പെടും മുമ്പേ നിന്നെ ഞാൻ കൊണ്ടുപോവുകയാണ്. അങ്ങ് ദൂരെ… ഖജുരാഹോ ചിത്രങ്ങളുടെ സ്വപ്നസന്നിഭലോകം കാണിക്കാൻ.”
“സിന്ദൂരം ധരിക്കാത്ത പ്രണയത്തിന്റെ ആകാശച്ചെരുവുകളിലേക്ക് പരസ്പരം കൊക്കുരുമ്മി ഒരു യാത്ര… വിഷംചീറ്റുന്ന പുരുഷലിംഗത്തിന്റെ ഈഗോ നമ്മളെ പിൻതുടരില്ല. പോളിയോ ബാധിച്ച നട്ടെല്ലുകൾ നമ്മെ തടുക്കില്ല. സഹശയനത്തിന്റെ മൃദുചര്യയിൽ നിന്നെ ഞാനെന്റെ തൂവലുകൾക്കിടയിൽ പൊതിഞ്ഞ് സൂക്ഷിക്കും. ലീനമായ ലാസ്യഭംഗിയുടെ ആഴങ്ങളിലേക്ക് നമുക്കപ്പോൾ മുങ്ങാംകുഴിയിടാം. നീ നിന്റെ പ്രേരകനാഡികളെ ഉദ്ദീപിപ്പിക്കുക. ധമനികളിലും, സിരകളിലും, ലോമികകളിലും ആസക്തിയുടെ നറുമണം നിറഞ്ഞ് പരക്കട്ടെ.”
-കെട്ടി നിർത്തിയ ഹൃദയനദി ലാബോറട്ടറിക്കുളളിൽ ചൂളം കുത്തിയൊഴുകി. ഉൾത്തരിപ്പിന്റെ കരുത്തിലുണർന്ന ശക്തിയിൽ ഡിസക്ഷൻ ടേബിളിന്റെ പരിധിയിൽ നിന്നും പ്രാക്‌ടിക്കൽ മാന്വൽ ഇളകിയപ്പോൾ; നിലതെറ്റിവീണ റെക്കോർഡ് ബുക്കിന്റെ താളിൽ യൂട്രസ്സിന്റെ പെൻസിൽചിത്രം പ്രിയംവദ കണ്ടു. അടിയിൽ പ്രഫസറുടെ കയ്യൊപ്പ്…
കാവലിന്റെ കൈകൾ പ്രിയംവദയെ ചേർത്ത് നിർത്തി മന്ത്രിച്ചു.
“വാടകയ്‌ക്ക് വച്ച ഈ ബീജശേഖരപാത്രത്തിൽ ആർക്കുവേണമെങ്കിലും ഒരുതുളളി ഇറ്റിക്കാം..
കിടക്കപ്പായിലമ്മയറിയാതെ മകളുടെ ഒപ്പം ഉറങ്ങാനുളള അച്ഛന്റെ കരുതലിന് വാതിലിന്റെ സാക്ഷയില്ല. ചുണ്ടിലെ മധുരം ഈമ്പിവലിക്കുന്ന ചാനൽമുറിയിലെ ട്യൂഷനുമുണ്ട് ചെറിയ ചില സ്വാതന്ത്ര്യങ്ങൾ. മാർക്ക് തിരുത്താൻ യൂണിവേഴ്‌സിറ്റിയിലെ ഗസ്‌റ്റ്‌ഹൗസിൽ താമസിക്കുന്ന അധ്യാപകനും അവകാശപ്പെടാം അർഹത!
ഒൻപത് മാസത്തെ ഗർഭകാലത്തിന് ശേഷം, ജീവന്റെ തുടിപ്പുമായി ഒരു തല പുറത്തേക്ക് നീളുമ്പോൾ… ആത്മനിർവൃതിയുടെ മെലിഞ്ഞ ബുദ്ധിയിൽ പെണ്ണ് കരയുന്നു. സന്തോഷകണ്ണീരാണത്രെ!”
“ഗാന്ധിനോട്ടുകൾക്കുളളിൽ നിരോധിന്റെ ഉറകൾ പൊതിഞ്ഞുവച്ച് പരിശുദ്ധമാക്കപ്പെടുന്ന അന്യന്റെ ഭാര്യമാർക്ക് ഇത് കണ്ട് ഗൂഢമായി പരിഹസിക്കാം. ഊറിച്ചിരിക്കാം.”
“മാറുന്ന ലോകത്തിന്റെ മെനുവറിയാതെ എത്ര സിംപിളായിട്ടാണ് പ്രിയേ നീയീ ചിത്രങ്ങളൊക്കെ വരച്ചിരിക്കുന്നത്?”
-വാക്കുകളുടെ സൗമനസ്യത്തിലും പ്രിയംവദ അറിയാതെ പിടഞ്ഞുപോയി.
തേങ്ങലിന്റെ തുളളികൾ കൃഷ്‌ണമണിയിൽ നിന്ന് കവിളിലേക്ക് ഉരുണ്ടുവീണു.
“ഏയ് എന്തായിത്?”
ചെമ്പരത്തി വെളിച്ചെണ്ണയിൽ കാച്ചിയ സുഗന്ധത്തിൽ പ്രണയം നനയുമ്പോൾ പ്രിയംവദ ഒതുങ്ങിനിന്ന് സാന്ത്വനം തേടുകയായിരുന്നു…
ആശ്ലേഷത്തിന്റെ നാഡീനാളങ്ങൾക്ക് ചുറ്റും സ്വപ്നം സ്‌ഖലിക്കുന്ന-
അന്ന്…
രണ്ടാം നിലയിലെ സുവോളജിലാബിൽ അവസാനവർഷ ബിരുദ വിദ്യാർത്ഥി പ്രിയംവദ തനിച്ചായിരുന്നില്ല…
Generated from archived content: story_june11.html Author: libeeshkumar_pp