ശ്രീലതാമേനോൻ അവധിയിലാണ്‌

ജീവൻ സ്‌ഫുരിക്കുന്ന പുരുഷന്റെ മുഖമായിരുന്നു ആ കമ്പ്യൂട്ടറിന്റെ മോണിറ്ററിന്‌…

മനോഹരമായ കണ്ണും, നീണ്ടമൂക്കും, ചിരി വിടരുമ്പോൾ തുടുക്കുന്ന മാംസവും മനുഷ്യാവയവങ്ങളുടെ ഒറിജിനാലിറ്റിയായി കാഴ്‌ചക്കാരെ രസിപ്പിച്ചു.

കുരുത്തോലയും പൂക്കളും ഇടകോർത്ത്‌ അലങ്കരിച്ച റവന്യൂ ഡിപ്പാർട്ട്‌മെന്റിന്‌ വെളിയിലെ ഓഡിറ്റോറിയത്തിൽ മുഴങ്ങിയ നീണ്ട കരഘോഷം വിശാലമായ ബോധ്യത്തിന്റെ ഒന്നാംതരം തെളിവായിരുന്നു.

“പീഡനം നടന്നാൽ എങ്ങിനെയാണ്‌ സാറെ അറിയുക”-തിങ്ങിനിറഞ്ഞ ഹാളിൽ നിൽക്കുന്നവരുടെ കൂട്ടത്തിൽ നിന്ന്‌ രാമേട്ടനാണ്‌ ഉറക്കെ ചോദിച്ചത്‌. ഘനമുളള സംശയം- ചോദിക്കാനാശയുണ്ടായിട്ടും വിഡ്‌ഢിത്തമാവുമോ എന്ന ശങ്കയിൽ മിണ്ടാതിരുന്ന പലർക്കും അങ്ങിനെ തോന്നി.

കമ്പ്യൂട്ടർ വിദഗ്‌ദ്ധന്‌ സദസ്സിന്റെ ഭാഷ മനസ്സിലായെന്ന്‌ തോന്നുന്നു. അയാൾ സാവധാനം വേദിയിൽ നിന്ന്‌ താഴേക്കിറങ്ങി. ചുവന്ന ഫൈബർ കസേരയുടെ ഒന്നാമത്തെ നിരയിലെ അഴകിന്റെ വടിവിൽ ജ്വലിച്ചുനിന്ന റവന്യൂ ഡിപ്പാർട്ടിലെ അവിവാഹിതയായ ശ്രീദേവിയോട്‌ എന്തോ ചിലത്‌ സംസാരിക്കുന്നത്‌ സദസ്സ്‌ സശ്രദ്ധം നോക്കിനിന്നു. നോട്ടത്തിന്റെ കൺമുനയിൽ ചുവപ്പ്‌ പടർന്ന്‌ കയറവെ ശ്രീദേവിയുടെ മിനുസമുളള കവിളത്ത്‌ കമ്പ്യൂട്ടർ സ്പെഷലിസ്‌റ്റ്‌ അല്പം ഗാഢമായിതന്നെ ഉമ്മവെച്ചു. പരസ്യമായ കാഴ്‌ചയുടെ വിറയലിൽ പുരുഷജനം നിശ്ശബ്‌ദരായി. ആശ്ചര്യസ്തോഭകമായ ഇക്കിളിയിൽ സ്‌ത്രീകൾ കുനിഞ്ഞ്‌ ചിരിച്ചു.

കമ്പ്യൂട്ടർ വിദഗ്‌ദ്ധന്‌ യാതൊരു കുലുക്കവുമില്ല. അയാൾ മോണിറ്ററിലേക്ക്‌ തന്നെ നോക്കി നിൽക്കുകയാണ്‌. ഒരല്പസമയം! ടോർച്ചറിങ്ങ്‌ എന്നെഴുതിയ വരികൾക്ക്‌ മുകളിൽ ചുവന്ന പ്രകാശം കൺചിമ്മിക്കൊണ്ടിരിക്കെ പീഡനയന്ത്രം പ്രത്യേകരീതിയിൽ ശബ്‌ദമുതിർത്തു.

ആദ്യപീഡനം! !

മാന്ത്രികന്‌ മുന്നിലെ ചെറുകുട്ടികളെപ്പോലെ പരിസരം മറന്ന്‌ ജനം ആർത്തുവിളിക്കുമ്പോൾ മലയാളിത്തത്തിന്റെ വശമില്ലായ്‌മയറിഞ്ഞ്‌ വെളളക്കാരനെന്ന്‌ തോന്നിച്ച ആ മനുഷ്യൻ ശ്രീദേവിയോട്‌ സോറി പറയുകയായിരുന്നു. മധുരമുളള വികാരത്തിന്റെ ഇളംചൂടിൽ ശ്രീദേവിയപ്പോഴും ചലനമില്ലാതെ നിന്നു.

“പീഡനം രഹസ്യമായിട്ടല്ലേ നടക്കുക. പിന്നെയെങ്ങിനെ…?” സദസ്സിൽ സംശയങ്ങൾ മുഴുവനും രാമേട്ടനിൽ നിന്നാണ്‌ തുടങ്ങുന്നതെന്ന്‌ ശ്രീലതാമേനോന്‌ തോന്നി.

കമ്പ്യൂട്ടർ വിദഗ്‌ദ്ധൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. അയാളുടെ ഓരോ ചലനവും സദസ്സിന്റെ പ്രത്യേക ശ്രദ്ധ പിൻതുടരുന്നുണ്ടായിരുന്നു. രാമേട്ടനരികിലേക്കാണ്‌ അയാൾ നടന്നത്‌. മെലിഞ്ഞ കയ്യിൽ ഹസ്തദാനം മുറുകിയപ്പോൾ രാമേട്ടൻ അഭിമാനം കൊണ്ട്‌ വികസിച്ചു.

വെളളക്കാരന്റെ പിടുത്തത്തിലലിഞ്ഞ്‌ ഏതൊരു വിസമ്മതവും കൂടാതെ രാമേട്ടൻ അയാൾക്ക്‌ പിന്നാലെ തൊട്ടടുത്ത മുറിക്കുളളിലേക്ക്‌ നടന്ന്‌ മറയുന്നത്‌ കണ്ട്‌ സദസ്യർ പൊടുന്നനെ നിശ്ശബ്‌ദരായി. വരാനിരിക്കുന്ന മാന്ത്രികാനുഭവത്തിന്റെ അക്ഷമയിൽ ജനത്തിന്‌ നാവ്‌ മുളച്ച്‌ പൊങ്ങിയ നേരങ്ങളെ നിഷേധിക്കുന്ന രീതിയിൽ, പീഡനയന്ത്രത്തിന്റെ അലാറം ഓഡിറ്റോറിയത്തിനുളളിൽ ശക്തമായി മുഴങ്ങി. ഡമോൺസ്‌ട്രേഷന്‌ വേണ്ടി ഫ്രീക്വൻസി കൂട്ടിവച്ച ശബ്‌ദത്തിന്റെ ഉച്ചാരണരീതി ഭീതിദമായ വികാരത്തെ ഉണർത്തിവിട്ടു….

മുറിക്കുളളിൽ നിന്ന്‌ പുറത്തുവന്ന കമ്പ്യൂട്ടർ വിദഗ്‌ദ്ധൻ ആദ്യം ചെയ്‌തത്‌ പീഡനയന്ത്രത്തിന്റെ അമ്പടയാളത്തിൽ വിരലമർത്തുകയായിരുന്നു. കാഴ്‌ചക്കാർ വിളിച്ചുകൂവി. സ്‌ക്രീനിൽ ശ്രീദേവിയെ ചുംബിക്കുന്ന ചിത്രം! വീണ്ടും ബട്ടനമർന്നു. മുറിക്കുളളിലെ രഹസ്യതയിൽ രാമേട്ടനെ അയാൾ ഉമ്മവെക്കുന്നു!

ഡിജിറ്റലിന്റെ വർണ്ണപ്പൊലിമയിൽ നിന്ന്‌ നോട്ടം പിഴുതെറിയാനാവാതെ സദസ്സ്‌ ആർത്തുവിളിച്ച്‌ ചൂളംകുത്തി. കൺമുന്നിൽ ലഭിച്ച അതിശയകരമായ കരവിരുതുകളെ മനസ്സിലിട്ട്‌ താലോലിച്ച്‌ പ്രഹേളികപോലെ ജനം പുറത്തേക്കൊഴുകുന്ന ഇടവേളയിൽ രാമേട്ടൻ വാതിൽ തുറന്ന്‌ പുറത്തിറങ്ങി. ആദ്യമായി ലഭിച്ച പുരുഷചുംബനത്തിന്റെ കനത്ത വിഭ്രാന്തിയിൽ മോഹാലസ്യത്തിന്റെ വക്കിലെത്തി നിൽക്കുകയായിരുന്നു അയാൾ!

-ശ്രീലതാമേനോൻ ഓർത്തോർത്ത്‌ ചിരിച്ചു. ഉദാസിന്റെ പ്രിയതരമായ ഗസലുകൾ ചുണ്ടിലീണം പകർത്തി, സാരിയുടെ ഞൊറികൾ അടുക്കിവെക്കുന്ന ഉച്ചസമയത്താണ്‌ ആ നിലവിളി ശ്രീലതാമേനോൻ കേട്ടത്‌. പിന്നുകൾ മേശപ്പുറത്തേക്ക്‌ വലിച്ചെറിഞ്ഞ്‌ ശ്രീലതാമേനോൻ പുറത്തിറങ്ങി അതിവേഗം…

ടോയ്‌ലറ്റിന്‌ സമീപം ടൈപ്പിസ്‌റ്റ്‌ ഇന്ദിര വിളറി നിൽക്കുന്നു. ഇന്ദിര ടോയ്‌ലറ്റിനുളളിലേക്ക്‌ വിരൽചൂണ്ടി എന്തോ പറയുന്നു. ശ്രീലതാമേനോനും ഒന്ന്‌ രണ്ട്‌ പേരും ഉളളിലേക്ക്‌ പാഞ്ഞ്‌ കയറി. ഒളിച്ചിരിക്കാനുളള മറവുകൾ ഉളളിലില്ലെന്ന്‌ അറിഞ്ഞിട്ടും വെറുതെ പരതി. ഇല്ല ഒന്നുമില്ല..

പുറത്ത്‌ അക്ഷമ പ്രകടിപ്പിച്ച പുരുഷന്മാർ എന്താണ്‌ സംഭവമെന്ന്‌ ഉറക്കെ ചോദിക്കുന്നുണ്ടായിരുന്നു. ഇന്ദിര നിശ്ശബ്‌ദം നിന്നു. രാമേട്ടനാണ്‌ പറഞ്ഞ്‌ഃ മൂത്രമൊഴിക്കുമ്പോൾ ആരോ ഒളിഞ്ഞു നോക്കിയത്രെ!

പുരുഷന്മാർ ഞെട്ടി. കുനിഞ്ഞ തലകൾ പരസ്പരം ജാള്യതയോടെ പിറുപിറുത്തു. എന്താണ്‌ വാതിലിന്റെ കുറ്റിയിടാഞ്ഞത്‌ എന്ന്‌ ആരും ചോദിച്ചില്ല. അവർക്ക്‌, പീഡനയന്ത്രത്തിന്റെ സുരക്ഷിതകരങ്ങളുണ്ടായിരുന്നു മുഴുവൻ സമയവുംഃ

“പക്ഷെ രാമേട്ടാ… ആരെങ്കിലും നോക്കിയിരുന്നെങ്കിൽ പീഡനയന്ത്രം ശബ്‌ദമുണ്ടാക്കേണ്ടതല്ലേ.” പുതുതായി വന്ന യതീന്ദ്രനാണ്‌ ചോദിച്ചത്‌. സംശയം ശരിയാണെന്ന്‌ രാമേട്ടനും തോന്നി. അയാൾ ഓടിപ്പോയി പുരുഷയന്ത്രത്തിന്റെ അമ്പടയാളത്തിൽ വിരലമർത്തി- ഇല്ല. പീഡനം നടന്നിട്ടില്ല- സ്‌ക്രീൻ ശൂന്യമാണ്‌.

മോണിറ്ററിലെ ടോർച്ചറിങ്ങ്‌ അക്ഷരങ്ങളിലേക്ക്‌ വേവലാതിയോടെ നോക്കിക്കൊണ്ട്‌ പുരുഷന്മാർ യഥാസ്ഥാനത്തിരുന്നു.

ഇന്ദിരയ്‌ക്ക്‌ പേടി മാറിയില്ല. പകുതി വായന കഴിഞ്ഞ ആഴ്‌ചപ്പതിപ്പിലെ തുടർനോവലിന്‌ അവളെ മോഹിപ്പിക്കാനും കഴിഞ്ഞില്ല. എന്തോ അന്ന്‌ ഉച്ചക്ക്‌ ശേഷം പരസ്‌പരം സംസാരിക്കാൻ തന്നെ പലർക്കും ഭയം തോന്നി.

-അതൊരു തുടക്കമായിരുന്നു…

മാറിമാറി വന്ന നിലവിളികൾ റവന്യൂഡിപ്പാർട്ടിനുളളിൽ ദയനീയമായി മുഴങ്ങി. അരൂപിയായ കണ്ണുകൾ പിന്നാലെയുണ്ടെന്ന ഒടുങ്ങാത്ത ചിന്ത ജോലിസമയങ്ങളെ വേട്ടയാടികൊണ്ടിരുന്നു. പലരും ടോയ്‌ലറ്റിനെ ഉപേക്ഷിച്ചു. വാതിലിന്റെ ഫൈബർ പാളികൾക്ക്‌ ദ്വാരങ്ങളുണ്ടെന്ന്‌ പോലും പലർക്കും തോന്നി.

കനത്ത സംഭവത്തിന്റെ തുടരുന്ന അശാന്തിയിൽ റവന്യൂഡിപ്പാർട്ടിലെ ജീവിതങ്ങൾ വീർപ്പുമുട്ടി.

-ഫാനിന്റെ നേർത്ത വായുവിൽ ചുഴലികൾ രൂപംകൊളളുന്നു.

-ചാലകരൂപത്തിന്റെ സ്രോതസ്സറിയാതെ ശ്രീലതാമേനോൻ കുഴങ്ങി…

അന്വേഷണങ്ങളുടെ ഉത്തരം മോഹിച്ച്‌, സെക്ഷൻ സൂപ്രണ്ടിന്റെ അധികാരപദവിയോടെ ശ്രീലതാമേനോൻ പീഡനയന്ത്രത്തിന്‌ അഭിമുഖമായി നിന്നു.

വിറക്കുന്ന വിരലുകൾ കീബോർഡിന്‌ മുകളിൽ. മോണിറ്ററിലാകെ രണ്ട്‌ ചിത്രങ്ങൾ മാത്രമേയുളളൂ. അതിനപ്പുറം റിവൈൻഡ്‌ ചെയ്‌തിട്ടും നിരാശയായിരുന്നു ഫലം!

-മനസ്സിന്റെ താപത്തിൽ ചിന്തകളുരുകി.

-ആലോചനയുടെ പെരുമഴയിൽ ശരീരം വിയർക്കുന്നു. ശ്രീലതാമേനോൻ നിശ്ചലമായി നോക്കിനിന്നു ആ കണ്ണുകളിൽ…

പരസ്പര നോട്ടത്തിന്റെ നേർവരയിലൊരു വിഭ്രമത്തിന്റെ തീപ്പൊരി. കണ്ണുകൾ വികാരത്തിന്റെ ആഴക്കടലായി മാറുന്നു! യൗവ്വന സ്വപ്നങ്ങൾ തളംകെട്ടിനിന്നപോലെ ചുണ്ടുകൾ നനഞ്ഞിരിക്കുന്നു! നാസികത്തുമ്പിൽ വിയർപ്പിന്റെ മൊട്ടുകൾ…!!

-ശ്രീലതാമേനോൻ പിടഞ്ഞുപോയി.

നോട്ടം അരിച്ചിറങ്ങുന്നത്‌ ഒരു സെക്ഷൻ സൂപ്രണ്ടിന്റെ അഭിമാനത്തിന്‌ മുകളിലൂടെയാണെന്നുളള തിരിച്ചറിവ്‌ ശ്രീലതാമേനൊനെ വല്ലാതെ നടുക്കി.

എരിയുന്ന കണ്ണിലെ കനലുകളിൽ ശ്രീലതാമേനോന്റെ ഉടുവസ്‌ത്രങ്ങൾ ചാമ്പലായി തീരുന്നു. പ്രതിരോധത്തിന്റെ കെട്ടുകൾ പൊട്ടുന്ന നിമിഷത്തിന്റെ ദൈർഘ്യതയിൽ ശ്രീലതാമേനോൻ അലറിക്കരഞ്ഞു. നിസ്സഹായതയിൽ വിറച്ചുനിന്ന സൗന്ദര്യത്തെ തന്നിലേക്കടുപ്പിച്ച്‌ ആ രണ്ട്‌ കണ്ണുകൾ ആർത്തിയോടെ ഭോഗിക്കുവാൻ തുടങ്ങി.

ആസക്തിയുടെ പുരുഷശ്വാസത്തിൽ മുഖം തിരിക്കാൻ കഴിയാതെ, റവന്യൂഡിപ്പാർട്ടിനുളളിൽ ചലനമറ്റ്‌ നിൽക്കുകയാണ്‌ ശ്രീലതാമേനോൻ.

Generated from archived content: story_july24.html Author: libeeshkumar_pp

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഒളിയുദ്ധങ്ങൾ
Next articleചോര
1977 മെയ്‌ 10ന്‌ ജനനം. യുവമാനസ കഥ അവാർഡ്‌, ഒ.ഖാലിദ്‌ സാരക അവാർഡ്‌, അരങ്ങ്‌ കലാസാഹിത്യവേദി കഥാ അവാർഡ്‌ (ജിദ്ദ), കേരളോത്സവം സംസ്ഥാന കഥാസമ്മാനം തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതുന്നു. ജനപത്രം ഡെയ്‌ലിയുടെ റിപ്പോർട്ടറായിരുന്നു. ബി.എ. മലയാളം വിദ്യാർത്ഥിയാണ്‌. വിലാസംഃ പി.പി. ലിബീഷ്‌കുമാർ ഏച്ചിക്കൊവ്വൽ (പി.ഒ.) പീലിക്കോട്‌ കാസർഗോഡ്‌ ജില്ല Address: Phone: 0498 561575 Post Code: 671353

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English