കിടക്കറയിലെ കിതപ്പുകൾ

വേഗതയ്‌ക്ക്‌ തീപിടിക്കുന്നത്‌ സീതടീച്ചർ അറിഞ്ഞു. അപാരമായ വേഗതയുടെ ശബ്‌ദം മച്ചിൻപുറം തുടച്ച്‌, കൊട്ടിലവത്തിന്റെ ചുവരുകൾ ഭേദിച്ച്‌, തെക്കെ മുറിയുടെ ജാലകവിടവിലൂടെ- ഉറങ്ങിയ കാതുകളെ ഉണർത്തുമോ എന്നുപോലും സംശയമുണ്ടായി സീതടീച്ചർക്ക്‌!!

എവിടെയോ എന്തോ തിരയുന്ന ശരീരത്തിന്റെ സാധാരണവേഷം വലിച്ചെറിഞ്ഞ്‌ ഇരുളിൽ തെളിയാത്ത ഭാവവുമായി, രാകി മിനുക്കിയ ലോഹദണ്ഡുപോലെ അയാൾ-വാശിയോടെ ആരെയോ തോൽപ്പിക്കാനെന്നവിധം പൊരുതുകയാണ്‌…

ആവർത്തനത്തിന്റെ ഉരസലിൽ ഉൽഭവിക്കുന്ന പാഴ്‌വസ്‌തുവായി വിയർപ്പിന്റെ വൃത്തികെട്ട തുളളികൾ ഇടയ്‌ക്കിടെ പാറി വീഴുന്നുണ്ടായിരുന്നു. തുറന്ന്‌ കിടന്ന കണ്ണുകൾക്ക്‌ മീതെ പുരികവരയുടെ സമീപം ഒലിച്ചിറങ്ങിയ വിയർപ്പിന്റെ ചാലുകളിൽ ദുർഗന്ധം പൊങ്ങി. ഉണങ്ങാതെ പറ്റിനിന്ന അതിന്റെ നാറ്റം തുടച്ചുമാറ്റാൻ സീതടീച്ചർക്ക്‌ ഒട്ടും ആഗ്രഹം തോന്നിയില്ല.

-മിനുസമുളള കാരംബോഡിലെ തടിച്ച ഫ്രെയിമിലേക്ക്‌ ഗതികിട്ടാതെ പായുന്ന പ്ലാസ്‌റ്റിക്‌ കോയിൻസിലൊന്നിനെപ്പോലെ സീതടീച്ചർ ചലിച്ചുകൊണ്ടിരുന്നു…

(ആവേഗം സൃഷ്‌ടിക്കാൻ സന്നദ്ധമായ പൗരുഷത്തിന്റെ ഞെരിയുന്ന ബന്ധനത്തിനിടയിലും ടീച്ചർ അയാളെ വിഭാവന ചെയ്‌തുകൊണ്ടിരുന്നു…)

തൊലി അടർന്നുപോയ പേരമരത്തിന്റെ മുകളിലേക്ക്‌ എങ്ങിനെയോ കയറിപ്പറ്റുകയും, അതിന്റെ ഭാരം താങ്ങാൻ പര്യാപ്തമായ ശിഖരത്തിന്റെ സുരക്ഷിതത്വത്തിൽ അളളിപ്പിടിക്കുകയും; താഴെനിന്ന്‌ മുകളിലോട്ട്‌ നോക്കുന്ന അണയ്‌ക്കുന്ന ശൗര്യത്തിന്‌ നേരെ ഭീതിയോടെ ശ്രദ്ധിക്കുകയും ചെയ്യുന്ന-ഒരു പൂച്ചയുടെ അവസ്ഥയിലായിരുന്നു ആ മനുഷ്യൻ!!

കാസരോഗിയുടെ കിതപ്പ്‌ നെഞ്ചിലേറ്റി, ബാലൻസ്‌ ചെയ്‌ത്‌ കിടന്ന്‌, ഇരുട്ട്‌ വീണ കുഴികളിലെ ജ്വലിക്കുന്ന രണ്ട്‌ കണ്ണുകളോടെ തന്നെമാത്രം നോക്കുന്നത്‌-സീതടീച്ചർ കാണുന്നുണ്ടായിരുന്നു.

വാശിയോടെ ഉയർന്ന്‌ താവുന്ന നെഞ്ചിൻകൂടിന്റെ ഭാരം താങ്ങി, സഹനത്തിന്റെ മറ്റൊരു തിരിച്ചറിവെന്നപോലെ സീതടീച്ചർ കിടന്നു….

സ്‌കൂളിലേക്ക്‌ പോകുംമുൻപ്‌ അല്പനേരം ചിലവഴിക്കുന്ന കണ്ണാടിയുടെ മുന്നിലെ നാണിക്കാത്ത നിമിഷങ്ങളെ, ആ കിടപ്പിനിടയിൽ ടീച്ചറപ്പോൾ ഓർത്തു തുടങ്ങി….

വിലകുറഞ്ഞ വോയിൽസാരിയുടെ അടുക്കിവെക്കപ്പെട്ട ഞൊറികൾ ഉളളിലേക്ക്‌ തിരുകിവെക്കുമ്പോൾ, തന്റെ യൗവ്വനം അവസാനിച്ചിട്ടില്ലെന്ന്‌ കണ്ണാടി ഓർമ്മിപ്പിക്കുന്നു. പത്രത്താളിനുളളിലെ വരികൾക്കിടയിൽ ചുറ്റിനിന്ന്‌ ഈർഷ്യതയോടെ തന്നെ ആരോ ശ്രദ്ധിക്കുന്നുണ്ടെന്ന തിരിച്ചറിവ്‌, കണ്ണാടിയുമായി സംവദിക്കാൻ പൊടുന്നനെ വിലക്കുകയും ചെയ്‌തു.

തലോടലുകൾ വിരളമായ മാംസളതയുടെ മിനുസമുളള തൊലിപ്പുറത്തേക്ക്‌, സംശയം പൊതിഞ്ഞ വിഷാദവുമായി അയാൾ കൂനിക്കൂടിയിരുന്നു.

മറവുകളില്ലാത്ത അഭിപ്രായങ്ങൾ ലോഭമില്ലാതെ പ്രദർശിപ്പിച്ച കണ്ണാടിയുടെ മുന്നിലെ സംതൃപ്ത നിമിഷങ്ങളെ, വാക്കുകൾക്ക്‌ രോഗം ബാധിച്ചതുപോലെ മുരണ്ടുകൊണ്ട്‌ നശിപ്പിച്ച്‌-അയാൾ എനിക്ക്‌ യാത്രയയപ്പ്‌ നൽകി.

തിരിഞ്ഞ്‌ നടക്കുമ്പോൾ പിന്നിലെ ചാരുകസേരയിൽനിന്ന്‌ ഒരു വിളി. നാണം മുന്നിലൊളിപ്പിച്ച്‌ ഗൗരവത്തോടെ നിൽക്കുമ്പോൾ കഴുത്തിലെ മൃദുലതയിലേക്ക്‌ സ്‌നേഹത്തിന്റെ സ്പർശനം. ചുണ്ടുകൾകൊണ്ട്‌ ഒരു ഉരസൽ…

ചേർത്തു വരിഞ്ഞ കരവലയത്തിനകത്ത്‌ സുഗന്ധംപോലെ തങ്ങിനിൽക്കാനുളള ത്വര. സമയമായി എന്ന അറിവ്‌ പകർന്ന്‌ കവിളിലൊരു നുളള്‌! “ഹാവൂ”എന്ന ലാളനയുടെ പരിഭവം….

ഗേറ്റ്‌ കടന്ന്‌ മറയുംവരെ തന്റെ ചലനങ്ങളെ കോരിക്കുടിച്ച്‌, ദാഹം തീരാതെ, ആ കണ്ണുകൾ പിന്നാലെയുണ്ടെന്ന ആത്മഹർഷം…

ക്ലാസ്സിലെ കുട്ടികളുടെ മനസ്സിനൊപ്പം അധ്യാപികയും പ്രാർത്ഥിക്കുന്നു….‘നാലുമണിയുടെ ബെല്ലടി കേൾക്കാൻ.’

-ഇല്ല. ഒന്നും സംഭവിച്ചില്ല.

അവജ്ഞയുടെ വേരുകൾ പാകിയ ശരീരത്തിനപ്പുറത്തുനിന്നും, പൊട്ടിത്തരിക്കുന്ന നിർവൃതിയിലേക്ക്‌ ലയിക്കുവാൻ ആകാതെ സീതടീച്ചർ കൈകാലിട്ടടിച്ചു-

അയാൾ വികൃതശബ്‌ദം പുറപ്പെടുവിക്കുന്നു. അനിഷ്‌ടം പ്രകടമാക്കുന്ന പെൺപൂച്ചയുടെ വയറ്റത്തും മുതുകിലും നഖംകൊണ്ട്‌ മാന്തുന്ന കണ്ടൻപൂച്ചയുടെ പ്രകടനം ഓർമ്മിപ്പിക്കുംപോലെ ആ മനുഷ്യൻ…രതി അനുഷ്‌ഠിച്ചുകൊണ്ടിരുന്നു…

താഴെ സ്വീകരണമുറിയിൽ, സന്ദർശകന്റെ വിരൽ പതിഞ്ഞ ഒരു കിളി ചിലച്ചു. പുറത്ത്‌ പരിചിതമായ മുഖങ്ങൾ. വാക്കുകൾക്ക്‌ ആഫ്‌റ്റർഷേവ്‌ ലോഷന്റെയും, സിഗരറ്റിന്റെയും മണം.

-അയാൾ മുകളിലെ കിടപ്പുമുറിയിലേക്ക്‌ ഓടുകയായി…

പഠനമുറിയുടെ മാളങ്ങളിൽ നിന്നും പുറത്തേക്ക്‌ വന്ന മക്കൾ കുശലം സംസാരിക്കുന്നു. അടുക്കളയിൽനിന്ന്‌ ചായപ്പാത്രവുമായി അമ്മ വരുംവരെ, വീട്ടിലെ മര്യാദയുടെ പാഠങ്ങൾ മക്കൾ നിർവ്വഹിച്ചു.

ചായ കുടിക്കുമ്പോൾ, വന്നവർ-അദ്ദേഹത്തെ അന്വേഷിച്ചു. ഇറങ്ങി വരാത്ത ശരീരത്തിന്‌ തലവേദനയാണെന്ന കളളം അവതരിപ്പിച്ചുകൊണ്ട്‌, ഗസറ്റഡ്‌ ഉദ്യോഗസ്ഥന്റെ മാനേഴ്‌സ്‌ താനപ്പോൾ താങ്ങിനിർത്തുന്നു.

മര്യാദയുടെ ചട്ടങ്ങൾ അതിഥികൾ ലംഘിച്ചില്ല. അല്പനേരം ചിലവഴിച്ച്‌, വന്നകാര്യം അറിയിച്ച്‌ അവർ എഴുന്നേറ്റു-

ഗേറ്റിനപ്പുറത്തേക്ക്‌ നടന്ന്‌ മറയുന്ന സന്ദർശകരെ അയാളുടെ തല കണ്ടിരിക്കാം.. “അരുണാഭമായ കവിളുകൾ കാമുകന്റെ ഉപഹാരമാണെന്ന” കണ്ടെത്തലുകളുമായി അയാൾ താഴേക്ക്‌ വരികയാണ്‌-

അച്ഛന്റെ നാവ്‌ പറയുന്ന ഭാഷയിൽ പഠനമുറിയുടെ വാതിലുകൾ അടഞ്ഞു.

കൊഴിഞ്ഞുപോകുന്ന പകലിനുശേഷം, രാത്രിയിലെ, വെളിച്ചം കെടുത്തിയ മുറിയിൽവച്ച്‌ അയാൾ എന്നെ വീണ്ടും തളർത്തുന്നു….

തേയ്‌മാനം സംഭവിച്ച അടിവശത്തെ ജീവകോശങ്ങൾ വേഗത നിറഞ്ഞ താഡനങ്ങൾക്ക്‌ മുന്നിൽ ചത്ത ആവരണമായി നിശ്ചേഷ്‌ടമായി കിടക്കുമ്പോൾ; രക്തവാഹിനിയിലെ അവസാന തുളളി രക്തമിശ്രിതംവരെ അയാൾ ഈമ്പി വലിക്കുന്നു. ക്രൂരമായ പകപോലെ.

-രോഷം പ്രകടിപ്പിക്കാൻ അയാൾക്ക്‌ കാരണങ്ങൾ ആവശ്യമില്ലായിരുന്നു.

മേശപ്പുറത്ത്‌ ഭക്ഷണം വിളമ്പിവച്ച്‌, മച്ചിൻ മുകളിലേക്ക്‌ നീളുന്ന ഗോവണിക്ക്‌ താഴെ നിന്നുകൊണ്ട്‌ ഉറക്കെ നാലഞ്ച്‌ പ്രാവശ്യം വിളിച്ചു. അങ്ങിനെ ചെയ്താലെ അയാൾ ഇറങ്ങിവരുമായിരുന്നുളളൂ…

ഇന്ന്‌ പതിവിലധികം കുടിച്ചിരുന്നു. പടി ചവിട്ടുമ്പോൾ തെന്നിവീഴുമെന്ന്‌ തോന്നി. പിടിക്കുവാൻ പക്ഷെ ധൈര്യം വന്നില്ല.

ഊണ്‌ മേശക്കരികിലെ ഒഴിഞ്ഞ ഇരിപ്പിടത്തിലേക്ക്‌ ലക്ഷ്യമിട്ട്‌ നീങ്ങുന്ന നിലത്തുറക്കാത്ത കാലുകൾക്ക്‌ പിന്നാലെ സീതടീച്ചർ നടന്നു…

‘കൈ കഴുകുന്നില്ലേ’ എന്ന്‌ ഓർമ്മിപ്പിച്ചപ്പോൾ, തീകൊണ്ട്‌ കുത്തിയതുപോലെ അയാൾ തലയുയർത്തി നോക്കി. തിളപ്പിച്ചാറ്റിയ ജീരകവെളളം ആ മനുഷ്യന്റെ തടിച്ച വിരലുകളെ നനച്ചുകൊണ്ട്‌ ഒലിച്ചിറങ്ങി.

അതായിരുന്നു തുടക്കം-

ധൃതിപൂണ്ട വിരലുകളിൽ ചോറിന്റെ ചതഞ്ഞ കഷണങ്ങൾ പറ്റിനിന്നു. വികൃതമാക്കിയ പുണ്ണിൽനിന്നും ചലമൊഴുക്കുംപോലെ കറിയുടെ നിറങ്ങൾ വിരലിലൂടെ ഒലിച്ചിറങ്ങി. ഓരോ കറികളും തൊട്ടുനോക്കി ബാക്കി കഴിക്കാനാവാത്തവിധം നശിപ്പിക്കുന്നത്‌ കണ്ടപ്പോൾ മനസ്സ്‌ നീറി. എച്ചിൽ കൈകൊണ്ട്‌ ഗ്ലാസ്സിന്റെ പാത്രം വായിലേക്ക്‌ കമിഴ്‌ത്തുമ്പോൾ ജീരകലായനിയുടെ മഞ്ഞനിറം, പാത്രത്തിന്റെ വക്കിലൂടെ വീണ്‌ ചിതറി നിലത്തുരുണ്ടു-

മുഴുവൻ പാത്രങ്ങളിലും മുഖമുരസി രസിച്ച്‌ ഇനി ആർക്കും കഴിക്കാനാവില്ലെന്ന ആഹ്ലാദവുമായി, തിരിഞ്ഞു നോക്കി നടന്നുപോകുന്ന പൂച്ചയെപ്പോലെ അയാൾ എഴുന്നേറ്റ്‌ പോകുന്നത്‌ നിശ്ശബ്‌ദം നോക്കിനിന്നു.

വൃത്തികേടായ പാത്രങ്ങൾ വാഷ്‌ബേസിലിട്ട്‌ മേശപ്പുറം തുടച്ച്‌ വൃത്തിയാക്കി, അതിന്റെ നനവ്‌ പറ്റാത്ത ഒരരികിലേക്ക്‌ ചെന്നിരുന്ന്‌, അല്പം വാരിത്തിന്നുമ്പോഴായിരുന്നു അയാൾ വീണ്ടും വന്നത്‌-

ആ വരവ്‌ പതിവുളളതായിരുന്നില്ലെന്ന്‌ ടീച്ചർ അറിഞ്ഞു.

“ഞാൻ കഴിച്ച പാത്രത്തിൽ നിനക്ക്‌ കഴിക്കുവാൻ വയ്യ അല്ലെടീ…”

കാമുകൻമാരുടെ ലിസ്‌റ്റ്‌ നീണ്ടുപോരുമ്പോഴും, ഇതിലാരാ നിന്റെ പിളേളരുടെ തന്തയെന്ന്‌, നാണമില്ലാതെ ചവച്ച്‌ തുപ്പുമ്പോഴും സീതടീച്ചർ മിണ്ടിയില്ല.

ഒറ്റശ്വാസത്തിൽ നിർത്താതെ ചിലതൊക്കെ പറഞ്ഞതിന്റെ കിതപ്പുമായി നടന്നുനീങ്ങുമ്പോൾ, പിന്നിൽനിന്നും ഒരു കരച്ചിലിന്റെ തേങ്ങൽ അയാൾ പ്രതീക്ഷിച്ചിരിക്കാം…

-പ്രതീക്ഷകൾ തെറ്റിയതിന്റെ പരാജയം നിറഞ്ഞ രോഷമാണ്‌ അർദ്ധരാത്രിയിലെ ഈ ഓരോ ചലനത്തിന്‌ പിന്നിലും!!

കൂർത്ത അമ്പിന്റെ മൂർച്ചയുളള തലപോലെ അയാൾ തുളഞ്ഞ്‌ കയറുകയാണ്‌… ചോരയൊലിക്കുന്ന കോശങ്ങൾക്കിടയിലൂടെ രക്തത്തിന്റെ നനവ്‌ ഊർന്ന്‌ വലിയുമ്പോൾ; എവിടെയൊക്കെയോ അറ്റുപോകുംപോലെ ഒരു വേദന ടീച്ചർ അനുഭവിച്ചു.

-സീതടീച്ചർ കരഞ്ഞില്ല.

തന്റെ ശരീരത്തിന്റെ ആഴങ്ങളിലൂടെയാണ്‌ ഈ മനുഷ്യൻ സഞ്ചരിക്കുന്നതെന്ന ഭാവംപോലും പ്രകടമാക്കാതെ, സീതടീച്ചർ അയാൾക്കൊപ്പം ഇളകിയാടി…

മരവിച്ച ശരീരത്തിന്റെ വേദനയില്ലായ്‌മ അയാളെ ഭ്രാന്തെടുപ്പിക്കുന്നതായി അറിഞ്ഞിട്ടും, നിർവ്വികാരമായ നിശ്ശബ്‌ദതയോടെ ആ വേഗതയ്‌ക്ക്‌ നടുവിൽ സീതടീച്ചർ കിടന്നു-

ഹൃദയത്തിലവശേഷിച്ച ഒരു ചെറുതുളളി രക്തം, അവസാന ശ്വാസത്തിനൊപ്പം കലർന്ന്‌, മൂക്കിലൂടെ ഒലിച്ചിറങ്ങിയത്‌-സീതടീച്ചർ അറിഞ്ഞതേയില്ല.

-അയാൾ അപ്പോഴും അപാരമായ വേഗതയിലായിരുന്നു…..

Generated from archived content: story_dec18.html Author: libeeshkumar_pp

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleചാവക്കാട്‌
Next articleകവിയുടെ വാച്ച്‌
1977 മെയ്‌ 10ന്‌ ജനനം. യുവമാനസ കഥ അവാർഡ്‌, ഒ.ഖാലിദ്‌ സാരക അവാർഡ്‌, അരങ്ങ്‌ കലാസാഹിത്യവേദി കഥാ അവാർഡ്‌ (ജിദ്ദ), കേരളോത്സവം സംസ്ഥാന കഥാസമ്മാനം തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതുന്നു. ജനപത്രം ഡെയ്‌ലിയുടെ റിപ്പോർട്ടറായിരുന്നു. ബി.എ. മലയാളം വിദ്യാർത്ഥിയാണ്‌. വിലാസംഃ പി.പി. ലിബീഷ്‌കുമാർ ഏച്ചിക്കൊവ്വൽ (പി.ഒ.) പീലിക്കോട്‌ കാസർഗോഡ്‌ ജില്ല Address: Phone: 0498 561575 Post Code: 671353

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here