ലോകത്തിലെ തന്നെ ഏറ്റവും നിസ്സഹായനായ മനുഷ്യജീവി ഒരുപക്ഷെ രാത്രിമോഷ്‌ടാവായിരിക്കും. അവന്റെ നാവിൻതുമ്പിലെ സത്യത്തിനർത്ഥമില്ല. പറഞ്ഞാൽ വിശ്വസിക്കാൻ മൂന്നാമതൊരാളില്ല. അതുകൊണ്ടുമാത്രം രാത്രി മോഷ്‌ടാവിന്റെ വാക്കുകൾ പ്രസക്തിയില്ലാത്ത കളവായിത്തീരുന്നു.
ഗോപാലന്റെ ഇതിഹാസതുല്യമായ സാരോപദേശം കേട്ട് ഞാൻ ഞെട്ടുകതന്നെ ചെയ്‌തു. ഇമ്മാതിരി കസർത്തുകൾ ഒരുപക്ഷെ ഗോപാലനിൽനിന്ന് ആദ്യമായി ലഭിച്ചതുകൊണ്ടായിരിക്കാം. എങ്ങിനെയീ അറിവുകൾ ഗോപാലന്റെ വിജ്ഞാനശേഖരത്തിൽ കടന്നുകൂടി? എനിക്ക് ആശ്ചര്യം തോന്നി. തോളത്ത് കൈവച്ച് ഗോപാലൻ ഒന്നുകൂടെ പറയുകയുണ്ടായിഃ രാത്രിമോഷ്‌ടാവിന് തുല്യം തന്നെ കഥാകാരനും. ആരും വിശ്വസിക്കില്ല.
എന്നിൽ ലീനമായ വിശ്വാസത്തെയാണ് ഗോപാലൻ തകർക്കുന്നതെന്നറിഞ്ഞിട്ടും തർക്കത്തിനൊരുങ്ങാതെ ഞാൻ ഒതുങ്ങിനിന്നു. ഗോപാലൻ എന്റെ സ്വകാര്യ നിക്ഷേപത്തിലെ ദയാരഹിതനായ മോഷ്‌ടാവായിരുന്നു!
ഗോപാലന് പറയാനുളള സംഗതി സവിസ്‌തരം കേട്ടുകഴിഞ്ഞപ്പോൾ എന്നിൽ ഉടലെടുത്ത ഭാവം അത്യന്തമായ പേടിയും, ഗോപാലന്റെ വ്യക്തിത്വത്തോടുളള അവിശ്വാസവുമായിരുന്നു. കറ കളഞ്ഞ മോഷ്‌ടാവാണെന്നതിലുപരി ഗോപാലൻ നല്ലൊരു മദ്യപാനിയായിരുന്നു. കളളത്തരം പ്രസ്‌താവിക്കുന്ന നാവ് എപ്പോഴാണ് മറിയുന്നതെന്ന് അറിയില്ല. പറഞ്ഞ വരികൾ മുഴുവൻ പകർത്തിയാൽ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കേണ്ടിവരും. കൂട്ടിന് ഗോപാലനെ കിട്ടില്ല. ഭീഷണിയും വിറ്റഴിയില്ല. കോടതിയെ ഭയമില്ല. പിന്നെയാണോ എന്നെ?
ഒരുപക്ഷെ ഗോപാലൻ പറഞ്ഞ കാഴ്‌ചകൾ സംഭവിക്കാൻ പോകുന്നതാണെങ്കിൽ…
ഒരിക്കലെന്റെയറിവിൽ കവലയിലെ അങ്ങാടി ബെഞ്ചിലിരുന്ന് ഗോപാലനൊരു പ്രഖ്യാപനം നടത്തി. നല്ല മത്തുണ്ടായിരുന്നു. അംഗനവാടി കമലയ്‌ക്ക് മാരകമായ ഗുഹ്യരോഗം പിടിപെട്ടിരിക്കുന്നു. അടിവയറ് പൊത്തി രാത്രിനേരം തുണിയുടുക്കാതെ കമല തന്റെ മുറിക്കുളളിൽ അങ്ങോട്ടുമിങ്ങോട്ടും ഓടാറുണ്ടത്രെ!
ഞെട്ടിക്കുന്ന സംഗതികൾ ഗോപാലൻ പിന്നെയും പറഞ്ഞുകൊണ്ടിരുന്നു. പീടികയിൽ സൊറ പറയുകയും, സായാഹ്‌നപത്രം വായിക്കുകയും ചെയ്‌ത ചെറുപ്പക്കാർ, ഇത് തങ്ങളെ ബാധിക്കുന്ന പ്രശ്‌നമേയല്ലെന്ന നാട്യത്തിൽ സധൈര്യം ഇറങ്ങി നടന്നു. ഒടുവിൽ കമല പ്രതികരിച്ചു. കശുമാവിൻ കൊമ്പിലെ ചെറിയൊരു ആത്മഹത്യയിലൂടെ….
മരണത്തിന് കാരണക്കാരനെന്ന് ആരോപിക്കപ്പെട്ട ഗോപാലനെ ആരെങ്കിലും തല്ലിയതായോ, പോലീസ് കേസുളളതായോ എന്റെ ഓർമ്മയിലില്ല.
അപ്പോ… അതിലെന്തോ സത്യമുണ്ടായിരിക്കണം.
ദീർഘമായ ആലോചന ഗോപാലനിൽ അലോസരത്തിന്റെ ചുഴികൾ സൃഷ്‌ടിക്കുന്നത് ഞാനറിഞ്ഞു. ക്രൂരതമുറ്റിയ കണ്ണുകൾ എന്നെതന്നെ നോക്കുന്നു. ഗോപാലനിൽ ഉദിച്ച അവസാന രക്ഷയാണ് ഞാനെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ആർക്കും വഴങ്ങാത്ത ഗോപാലാ….. നിന്നെ ഞാനെന്റെ ആശ്രിതനാക്കട്ടെ അല്പനിമിഷമെങ്കിലും…!!
ഗോപാലനെ മുന്നിൽ നിർത്തിയുളള ഈ വിനോദം ആപത്ത് ക്ഷണിച്ചുവരുത്തുമെന്ന് ഉളള് പിറുപിറുത്തു. വീട് തന്നെ മോഷ്‌ടിക്കാൻ വിദഗ്‌ദ്ധത നേടിയവനാണ്. ഇതിനിടെ ഒരു വീട്ടിൽചെന്ന് കുടിക്കാനിത്തിരി വെളളം ചോദിച്ചു, വളരെ മയത്തിൽ. ഗോപാലനെയറിയാത്ത ആ വീട്ടുകാരി വെളളമില്ലെന്ന് പറഞ്ഞ് ടി.വിക്ക് മുമ്പിലിരുന്നു. അന്നുരാത്രി ആ വീട്ടിലെ ടി.വി. ഗോപാലൻ മോഷ്‌ടിച്ചു. അത്ര വാശിയാണ് ഗോപാലന്.
പക്ഷെ ഈ വ്യവഹാരത്തിൽ ഗോപാലന് ലഭിക്കുന്ന മനഃസുഖം എന്തായിരിക്കുമെന്നത് എന്റെ ചിന്തക്കപ്പുറമുളള വിദൂരവസ്‌തുതയായിരുന്നു. ഏതോ ഒരു വീട്ടിൽ എന്തോ നടന്നു. അത് നേരിട്ട് കാണുകയും ചെയ്‌തു. മോഷ്‌ടിക്കാൻ കയറിയതാണോ എന്ന് സംശയിച്ചാൽ, അല്ല എന്നാണ് ഉത്തരം.
നോട്ടമിട്ട ഒന്നുരണ്ട് വീടുകളിൽ കയറി ക്ഷീണിച്ച് വരികയായിരുന്നു. നല്ല ദാഹം. സ്വസ്ഥമെന്ന് തോന്നി ഒരു തെങ്ങിൽ വലിഞ്ഞുകയറി. രണ്ടാമത്തെ കരിക്ക് മുരടുമ്പോഴായിരുന്നു ചെറിയ ചാറ്റൽമഴ പോലെ വർത്തമാനം ചെവി പിടിച്ചെടുത്തത്. കരിക്ക് കുടങ്ങലിൽവച്ച് താഴെയിറങ്ങി. ശബ്‌ദം കേൾപ്പിക്കാതെ അടുക്കളയുടെ മറയായിരുന്നു ലക്ഷ്യം. ചുവരിനോട് മൽപ്പിടുത്തം നടത്തി വെന്റിലേറ്ററിൽ ബാലൻസ് ചെയ്‌ത് ഒരുവിധം കേട്ടു. പിന്നെയൊരു മോഹം ആളെയൊന്ന് നേരിട്ട് കാണണം. ഗോപാലനത് നിഷ്‌പ്രയാസം! ടോർച്ച്‌ലൈറ്റുപോലെ കൂർത്തപ്രകാശം ഗോപാലന്റെ കണ്ണിൽനിന്നും താഴെ വട്ടത്തിൽ പതിഞ്ഞു. മുരിങ്ങയിൽ പടർന്ന കുരുമുളക് വളളിപോലെ പോസ്‌റ്റ്‌മാൻ കുഞ്ഞപ്പനും…
“എടാ കുഞ്ഞപ്പാ നീ…”
-ഈ വർത്തമാനം കഴിവതും വേഗം നാട്ടുകാരിൽ ചിലരെങ്കിലുമറിയണം. അറിഞ്ഞവർ മുടക്കണം.
കറുത്ത അക്ഷരത്തിൽ വലിയ പോസ്‌റ്ററെഴുതി വച്ചിട്ടോ, ഞാൻ മത്തില്ലാതെ പറഞ്ഞാലോ ആരും ഗൗനിക്കില്ല. വിവരമുളളവരുടെ ഉപദേശങ്ങൾക്കേ എന്തെങ്കിലും സാധിക്കൂ… ആ സ്‌ത്രീയും കുഞ്ഞപ്പനുമൊക്കെ സ്‌റ്റാൻഡേടല്ലേ! സായാഹ്‌നപത്രത്തിലെ വാരാന്ത്യപതിപ്പിനാണ് ഇവിടെ ഏറ്റവും കൂടുതൽ മാർക്കറ്റ്. നീ എഴുതണം…
ഗോപാലാ അത് വേണോ?
മറുപടി ഗർജ്ജനമായിരുന്നു. ഞാനൊന്ന് പതറി. ശബ്‌ദം ആരെങ്കിലും കേട്ടോ.
നീയാണോടാ എഴുത്തുകാരൻ. സമൂഹമനഃസാക്ഷിയോട് ധാർമ്മികമായൊരു കടപ്പാടില്ലേ നിനക്ക്. നാടിന് സംഭവിക്കുന്ന മൂല്യച്ച്യുതികളെ തിരിച്ചറിഞ്ഞ് അതിനെതിരെ പ്രതികരിക്കുകയാണ് ഓരോ സാഹിത്യകാരന്റെയും ലക്ഷ്യം. സ്വയം തൃപ്‌തിക്ക് വേണ്ടിയാണ് രചന എന്ന സിദ്ധാന്തം കാലം കൊണ്ടുപോയി. നമ്മളെഴുതുന്നത് നാടിനുവേണ്ടിയാണ്.
വയസ്സൻമാരുടെ കാര്യം പോട്ടെ. അവർക്ക് പഴയത് തിരുമ്മിവെളുപ്പിക്കാനെ നേരമുളളൂ. ഞെരമ്പിൽ രക്തം പായുന്ന ചെറുപ്പക്കാരനല്ലേ നീ. പേന വിറയ്‌ക്കാത്ത വലംകയ്യില്ലേ നിനക്ക് അതോ ഇടംകയ്യോ?
ഗോപാലൻ കത്തുകയായിരുന്നു.
ഗോപാലൻ തുടരുന്നു.
തർക്കിക്കുവാൻ വായനശാലയിലെ ബുദ്ധിജീവികളുടെ അരങ്ങല്ല ഇത്. അവര് ഒളിച്ചോടിപ്പോയാൽ എനിക്കോ നിനക്കോ നഷ്‌ടമില്ല. ഉണ്ടോ… പക്ഷെ ആ വീട്ടിൽ മൂന്ന് പെൺമക്കളും അച്‌ഛനും കൂട്ട വിഷസദ്യ നടത്തും.
കുഞ്ഞപ്പനെന്ന ചെകുത്താന്റെ ഒപ്പം ഒളിച്ചോടിയാൽ, മാസം തികയുംമുമ്പ് റെയിൽപാളത്തിൽ കിടക്കുന്നവളെക്കുറിച്ചല്ല എന്റെ വേവലാതി. ഒന്നുമറിയാതെ അപവാദത്തിനിരയാവുന്ന ആ കുഞ്ഞുങ്ങളെ ഓർത്താണ്.
പത്രത്തിൽ നിറംപിടിച്ച നാലുകോളം വാർത്ത വരും. സായാഹ്‌നപത്രങ്ങളത് വിറ്റ് കാശാക്കും. ഗ്രാമത്തിന്റെ പേര് വാലായി പിറകിൽ വച്ചെഴുതുന്ന നീയടക്കം അതിന്റെ ചീഞ്ഞനാറ്റം അനുഭവിക്കും. പഠിക്കാൻ പട്ടണത്തിൽ പോകുന്ന നിന്റെയും എന്റെയും പെങ്ങന്മാർ അനാവശ്യങ്ങൾ കേൾക്കും. നിന്റെ പെങ്ങളോട് ഒളിച്ചോടിപ്പോകാമെന്ന് ആരെങ്കിലും പറഞ്ഞാൽ നിന്റെ പ്രതികരണമെന്തായിരിക്കും കഥാകാരാ…
മറുപടി പറയാനാവാതെ ഞാൻ തരിച്ചുനിന്നു. ഗോപാലനെന്ന മഹാകളളൻ സൂര്യനായ് തലയ്‌ക്ക് മുകളിൽ ജ്വലിക്കുന്നു. അതിന്റെ വെളിച്ചത്തിൽ ഗോപാലനെ നോക്കികാണാൻ കണ്ണുകൾ അറച്ചു. കണ്ണറച്ച ആ വല്ലാത്ത നേരുകളിൽ ഗോപാലനും ഞാനും കറങ്ങികൊണ്ടിരുന്നു.
“ഗോപാലാ ഞാനെഴുതാം…”
(എന്റെ ശബ്‌ദം തന്നെയായിരുന്നു അത്)
യഥാർത്ഥ വസ്‌തുതകളും പേരും പ്രതിബിംബങ്ങളായി മാറുന്ന കഥാചുറ്റുപാടിന്റെ പരിമിതിയിൽ നിന്ന് ഞാനെഴുതുമ്പോൾ, ഗോപാലൻ പറഞ്ഞതിനോളം ശേഷി എന്റെ വാക്കുകൾക്കുണ്ടാകുമോ എന്നെനിക്കറിയില്ല.
എങ്കിലും ഞാൻ ശ്രമിക്കാം.
പക്ഷെ…
മരക്കൊമ്പിൽ കെട്ടിത്തൂങ്ങിയ പഴയ അംഗനവാടി കമലയെപ്പോലെ ഇതിലെ നായികയെങ്ങാനും ആത്മഹത്യ ചെയ്‌താൽ… നിന്നെയല്ല എന്നെയാണവർ പൊക്കുക.
അതുകൊണ്ട് ഗോപാലാ… കഥ നിന്റെ പേരിലാണ് അയക്കുക.
“ഗോപാലൻ പറഞ്ഞ നേരുകൾ”
സമ്മതമാണോ?
Generated from archived content: story_april30.html Author: libeeshkumar_pp