പ്രണയ ദൂതനാകാനുളള പരീക്ഷയിൽ അവൻ വിജയിച്ചു. ശാരീരിക വ്യവസ്ഥയിൽ പിറകിലായെങ്കിൽ പോലും, ജന്മനാ ലഭിച്ച വൈകല്യങ്ങളിലൂടെ അവൻ പിടിച്ചുകയറി.
ഒട്ടിയ കവിളെന്ന ഒന്നാമത്തെ ടെസ്‌റ്റിൽ അവൻ നൂറിൽ നൂറും നേടി. ഉന്തിയ പല്ലുകൾ മാത്രമല്ല വായ്‌നാറ്റവും കൂടിയായപ്പോൾ രണ്ടാമത്തെ ടെസ്‌റ്റ് നടത്തേണ്ട ആവശ്യംതന്നെ വന്നില്ല. അല്‌പം പിറകിലായിപ്പോയത് ചേറ് പിടിച്ച വിരലിലാണ്. കത്ത് നീട്ടുന്ന കയ്യിലെ തളളവിരലിൽ മാത്രമാണ് ചേറ് പുരണ്ടിരുന്നത്. എങ്കിലും ശരാശരിയുടെ പിൻബലത്തിൽ അവൻ റിട്ടൺടെസ്‌റ്റിനായി തയ്യാറെടുത്തു.
“പ്രണയം” – എഴുതാൻ പറഞ്ഞു.
തെറ്റി.
വീണ്ടും ഒരു വാക്ക്‌ഃ ‘ചുംബനം’.
അതും തെറ്റിയതിനാൽ എഴുത്ത് പരീക്ഷയിലവന്റെ വിജയശതമാനം കൂടി.
ഇനിയൊരു ചോദ്യംഃ
“ഞാൻ നൽകുന്ന കത്തിന് മറുപടിയായി അവളൊരെണ്ണം തിരികെ തരുന്നു. ആ കത്ത് കവറിലിട്ടിട്ടില്ല എന്ന് വെക്കുക. നീയെന്ത് ചെയ്യും?”
“കവറില്ലേ എന്ന് ചോദിക്കും. ഇല്ലെങ്കിൽ അതുപോലെ പോക്കറ്റിലിട്ട് സാറിന് തരും.”
“ഓകെ. ഒരു ചോദ്യം കൂടെ. അമ്പലവളപ്പിലെ ഇരുട്ടിൽ ഞാനും അവളും തനിച്ചിരിക്കുന്നത് അറിയാവുന്ന നീ ആരോടെങ്കിലും പറയുമോ?”
അവൻ വികാരം കൊണ്ടു. “കളവിൽ ചതിയില്ല സാറെ…”
“സെലക്‌ടഡ്!!”
ഒരു കത്തിന് പത്ത് രൂപാ നിരക്കിൽ അവൻ ദൂതപ്പണി ഏറ്റെടുത്തു.
Generated from archived content: story2_sep29.html Author: libeeshkumar_pp
Click this button or press Ctrl+G to toggle between Malayalam and English