1. ഇന്റർവെല്ലിന് മുമ്പ്
ബിരുദാനന്തരബിരുദ ക്ലാസ്സ്.
രാധയുടെ പ്രണയം മാസ്‌റ്റർപീസാവാൻ കാരണം?
സാഹചര്യമുണ്ടായിട്ടും രാധ ഗർഭിണിയാവാൻ സമ്മതിച്ചില്ല.
-പെൺകുട്ടികൾ കൂവി.
വലിയ അശ്ലീലം?
തീവണ്ടിയിലെ കക്കൂസ് ചിത്രങ്ങൾ!
നെക്‌സ്‌റ്റ്!
ചവിട്ടിയാൽ പൊട്ടുന്ന കുഴിനഖവുമായി കാലിൽ തോണ്ടുന്നവൻ!
നെക്‌സ്‌റ്റ്!
സുന്ദരിയുടെ മാറിലെ കുഞ്ഞിനെ നോക്കി ‘എടുക്കാൻ’ കൈനീട്ടുന്നവൻ!
അല്ല.
ഏറ്റവും വലിയ അശ്ലീലം- പറയുന്നതും കേൾക്കുന്നതുമാണ്..
ബെൽ!
ഇന്റർവെൽ!!
* * * * * * * * * * * * * * * * * * * * * *
2. അശോകമരം
ആയുർവ്വേദം വീടിന്റെ വടക്കെമുറിയിൽ പരീക്ഷിക്കുകയാണ്.
ചോദിച്ചവരോടൊക്കെ വല്യമ്മാവൻ പറഞ്ഞത് ഉന്മാദമെന്നായിരുന്നു. പക്ഷെ, നാട്ടുകാർ; പ്രാന്തിന്റെ ചങ്ങലയിൽ തന്നെ അവളെയും തളച്ചു.
രോഗം തുടങ്ങിയത് അശോകമരത്തിൻ ചുവട്ടിലാണ്.
വല്യമ്മാവനെ രാവണനെന്നും, വൽസലമ്മായിയെ ശൂർപ്പണഖയെന്നും വിളിച്ചു.
ചിട്ടി കളക്ഷന് വന്ന സഹകരണബാങ്കിലെ ഗോപാലകൃഷ്‌ണനായിരുന്നു ഹനുമാൻ!
അശോകമരത്തിൻ കീഴെ ഫൈബർ കസേരയിലിരുന്ന് അവൾ ഹനുമാനോട് ചോദിച്ചുഃ “എന്റെ സ്വാമിയുടെ മുദ്രമോതിരമെവിടെ?”
വിരണ്ടോടിയ അവനാണ് നാടുനീളെ പരത്തിയത് യമുനയ്‌ക്ക് പ്രാന്താണെന്ന്…..
അമ്മ അവിടെത്തന്നെയായിരുന്നു ഒരാഴ്‌ച.
പ്രശ്‌നപലകയിൽ അശോകമരം മുറിക്കാൻ ഓർഡറ് വന്നു.
ഒരുദിവസം അമ്മ പറയുന്നത് കേട്ടു. യമുനയ്‌ക്ക് സുഖായി.
ഞാനാശ്വസിച്ചു.
കാരണം; ഞാനായിരുന്നത്രെ അവളുടെ ശ്രീരാമൻ!!
Generated from archived content: story2_oct28.html Author: libeeshkumar_pp