അനൗൺസ്‌മെന്റ് വാഹനത്തിൽ നിന്നുളള മുഴക്കമേറിയ ശബ്‌ദം കുറെശ്ശേയായി കേട്ടുകൊണ്ടിരുന്നു.
ചുവരിലെ പക്ഷിയിന്മേൽ ഒരു വിളറിയ വിരലിന്റെ സ്‌പർശം അടുത്തുവന്ന് ബെല്ലടിക്കുംപോലെ, നിമിഷങ്ങളെ ഞാനപ്പോൾ എണ്ണി.
“…സ്വാതന്ത്ര്യത്തിന്റെ കനലുകൾ മനസ്സിന്റെ മൂശയിൽ ജ്വലിച്ചുനിന്നപ്പോഴും, ദൈവീകതയുടെ കയ്യൊപ്പ് പതിഞ്ഞ വിശുദ്ധത ഒരു പുസ്‌തകംപോലെ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. മഹാനായ കവിയുടെ…”
റെക്കോർഡ് ചെയ്‌ത ഓഡിയോ ശബ്‌ദം പരിസരമാകെ നിറഞ്ഞു.
-ജീപ്പ് ഹോണടിച്ചു.
ജാലകവിടവിന്റെ വിസ്താരം കുറഞ്ഞ കാഴ്‌ചയിലൂടെ, അനിൽമാഷ് ഇറങ്ങിവരുന്നത് എനിക്ക് കാണാം.
“ചലാനടച്ച റസീറ്റ് എടുത്തിട്ടില്ല. നിനക്ക് നേരത്തെ തന്ന കവറിലുണ്ടത്.”
(പരിചയപ്പെടുത്താൻ മറന്നു. ഇത് അനിൽമാസ്‌റ്റർ. പത്രലേഖകനാണ്. കൾച്ചറൽ സെന്ററിന്റെ പ്രസിഡണ്ടും)
സഹൃദയനായ സ്ഥലം എസ്.ഐ നൽകിയ ചില നിയമ ഇളവുകൾ (ദുരുപയോഗം ചെയ്യില്ലെന്ന മനഃസാക്ഷി കരാറിൽ) പരിപാലിക്കാൻ നിർബന്ധിതനാണെന്ന വേവലാതി അനിൽമാഷിന്റെ ഓരോ ചലനത്തിലുമുണ്ട്. “അമ്പത് അമ്പത്തഞ്ചായി അല്ലേ” -ചലാനിൽ നോക്കി അനിൽമാഷ് പറഞ്ഞു.
-അഞ്ചുരൂപ കൂടിയത് കുറവായിപ്പോയി എന്നാണ് എന്റെ തോന്നൽ. മൈക്ക് പെർമിഷനെന്ന ഇളവും വാങ്ങി തൊണ്ടപ്പൊട്ടുമാറുച്ചത്തിൽ എന്തൊക്കെയോ വിസർജ്ജിച്ച് ജനങ്ങളെ വശംകെടുത്തുന്ന രാഷ്‌ട്രീയക്കാർക്കിത് വളരെ ചെറിയ തുകയല്ലേ…. നമ്മളെപ്പോലുളള മെലിഞ്ഞ സാംസ്‌കാരിക സംഘടനകൾക്കാണ് അഞ്ചുരൂപ വലിയ വർദ്ധനവാകുന്നത്.
“ആലോചിച്ച് നിൽക്കാതെ വേഗമിറങ്ങ്.” – (വസ്‌ത്രം മാറാനൊരു ചെറിയ ഗ്യാപ്പ്) “പോകാം”
“നാളെ വൈകുന്നേരം 5 മണിക്ക് കാലിക്കടവ് ശ്രീ കരക്കക്കാവ് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന സാംസ്‌കാരിക സായാഹ്‌നം, പ്രശസ്ത…”
-അനൗൺസ്‌മെന്റ് വാഹനം നീങ്ങി.
മഴ പാറിയ റോഡിലൂടെ വളരെ പതുക്കെയാണ് ഡ്രൈവർ വണ്ടിയോടിച്ചത്. പാതയരികിലെ വീടിന് മുറ്റത്ത് പ്രത്യേക ദിശയിൽ തിരിച്ചുവച്ച് ഡിഷ്‌പോലെ പല പ്രായത്തിലുളള ചെവികൾ വട്ടം പിടിച്ചു. പീടികയിലെ അപ്പുചെട്ടിയാർ ജീപ്പിനുളളിലേക്ക് നോക്കി സലാമടിച്ചു.
ഓർമ്മയിൽ വന്നത് പണ്ട് ടാക്കീസിലെ സിനിമ അനൗൺസ് ചെയ്‌ത റിക്ഷാവണ്ടിയാണ്. പിറകിലെ സീറ്റിലിരുന്ന് അനൗൺസ് ചെയ്യുകയും, മറുകൈയ്യിൽ നോട്ടീസ് വിതറുകയും ചെയ്‌ത ഒരു കറുത്ത പയ്യൻ ഇന്നും എന്റെ കൺമുന്നിലുണ്ട്.
നോട്ടീസ് വാങ്ങാൻ കൂടിനിൽക്കുന്ന കൊച്ചുകൂട്ടത്തിലേക്ക് അവനൊരിക്കലും എറിയില്ല. കുറച്ചപ്പുറം പല വർണ്ണങ്ങളുടെ ഒരു കെട്ട് കൗശലപൂർവ്വം വാരിവിതറും. അവിടേക്കൊരു നൂറുമീറ്റർ ഓട്ടം! പാതിവഴിയിൽ ചിലർ മലർന്നടിച്ചു വീഴുന്നു. ചോര പൊടിഞ്ഞ മുട്ടുമായി എന്നിട്ടും ഓടും. പെൺകുട്ടികളാണ് ഏറ്റവും പിന്നിലുണ്ടാവുക. മുൻപേ എത്തിയവർ അഞ്ചും ആറും പെറുക്കിയെടുക്കും. കിട്ടാത്തവർ മൂക്കൊലിപ്പിച്ച് കരയും.
വായിച്ചു നോക്കാനൊന്നും ആർക്കും നേരമില്ല. ചിലരോടിച്ചെന്ന് വീട്ടിലെ ബീഡി തെറുക്കുന്ന ചേച്ചിമാർക്ക് ഒന്ന് കൊടുത്താലായി. സ്വസ്ഥമായ ഒരിടത്തിരുന്ന് ചതുരവും ത്രികോണവും നിർമ്മിച്ച് ഭംഗിയുളള തോണിയുണ്ടാക്കുകയാണ് അടുത്ത പരിപാടി. ബോട്ട്, ജെട്ടിയിൽ അടുക്കിവച്ചത് മാതിരി കടലാസ് തോണികൾ ഉളളംകയ്യിൽ സജ്ജമാക്കിവച്ച് അവർ നേരിയ തോടിന് കരയിലേക്ക് നീങ്ങുന്നു. വരിവരിയായി….
തോടിന്റെ കരയിലിരുന്ന് ഓളങ്ങളുണ്ടാക്കി, മഞ്ഞയും, ഓറഞ്ചും, ഇളംനീലയും കലർന്ന തോണികൾ സാവധാനം തളളിവിടും. ചിലത് വഴുതി വീഴുന്നു. ചിലതിൽ വെളളം കയറി ചരിയുന്നു. അപ്പോഴൊക്കെ കരയിൽനിന്ന് ആർപ്പുവിളികൾ. നടുവിലെത്തി തോണി മുങ്ങിയാൽ അനിയത്തി കരയും. നടുവെളളത്തിലുളളതിനെ നേരെയാക്കാനും ആവില്ലല്ലോ അപ്പോൾ. സങ്കടം ദേഷ്യമാവുമ്പോൾ ചെറിയൊരു കല്ലെടുത്ത് ഒരൊറ്റയേറാണ് വെളളത്തിൽ. എന്നിട്ട് ഒരോട്ടവും.
ഇന്ന് ആ ചെറിയ തോടില്ല. ദൂരെ നഗരത്തിലേക്ക് വിവാഹം കഴിച്ചുപോയ അനിയത്തിയും.
വയലിനെ രണ്ടായി പിളർത്തിയ പഴയ ചെമ്മൺപാതയിലെ കറുത്ത താറിന് നടുവിൽ ജീപ്പ് നിർത്താൻ ഞാനാവശ്യപ്പെട്ടു. അക്കരെ സ്‌കൂള് കാണാം. ഒരിക്കലീ പ്രൈമറി സ്‌കൂളിന്റെ വിശാലമുറ്റമായിരുന്ന വയലിന്റെ ഗതിനോക്കി ഞാൻ നെടുവീർപ്പിട്ടു.
വരണ്ട വയലിന്റെ വിണ്ടുകീറലും, മഴജലത്തിന് മുകളിലേക്ക് തല പൊന്തിച്ചുനോക്കുന്ന നെൽച്ചെടിയുടെ നെഗളിപ്പും കണ്ട് ശീലിച്ച എന്റെ കൂട്ടുകാർ തന്നെയാണ് ഇപ്പോഴവിടത്തെ അധ്യാപകർ.
റോഡിനിപ്പുറം വന്ന് ചെറിയ ചതുരക്കാഴ്‌ച്ചകളിലൊതുങ്ങിയ പച്ചപ്പ് ചൂണ്ടിയായിരിക്കാം, ഇപ്പോഴവർ തങ്ങളുടെ കുട്ടികളെ വയലെന്ന് പറഞ്ഞ് കാണിച്ചുകൊടുക്കുന്നത്.
ചെമന്ന ചരൽമണ്ണ് നിറച്ച്, മതിലിനാൽ വേർതിരിച്ച പ്ലോട്ടിനുളളിൽ ഇരുനിലകൾ പൊന്തിവന്നു. പണി പൂർത്തിയായ ഒന്നാംനിലയുടെ ചുമരിൽ ബോർഡ് വച്ചത് ഉടമ തന്നെയാവണം. “ക്വാർട്ടേഴ്‌സ്-ഫോർ റെന്റ്”. ശേഷിച്ച മണ്ണിൽ തെങ്ങിൻത്തോപ്പുകൾ-അതിന്റെ ശൈശവം പിന്നിടുമ്പോൾ, വയലിന്റെ സൗന്ദര്യം കാണാൻ കുട്ടികളെത്ര കിലോമീറ്ററുകൾ താണ്ടണം..?
“ഉത്തരകേരളത്തിന്റെ സാംസ്‌കാരിക കൂട്ടായ്‌മയിൽ ശക്തമായ സാന്നിധ്യമേകിക്കൊണ്ട്, കഴിഞ്ഞ രണ്ട് വർഷമായി പീലിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടി.എസ്. തിരുമുമ്പ് സ്‌മാരക കൾച്ചറൽ സെന്റർ സംഘടിപ്പിക്കുന്ന സാംസ്‌കാരിക സായന്തനത്തിലേക്ക്..”
-ജീപ്പ് നീങ്ങുവാൻ തുടങ്ങി.
ശിവക്ഷേത്രത്തിന് അഭിമുഖമായി നിന്ന രണ്ടുനില കോൺക്രീറ്റ് ഭവനത്തിന് കീഴെ വലത് മുറിയിൽ- ധാരാളം കാറ്റ് വീശുന്ന ജനാലക്കരികിലെ ചാരുകസേരയിൽ, കവി പത്‌നി എന്തോ വായിച്ചുക്കൊണ്ടിരുന്നു.
ജനൽകമ്പിയിൽ ജപമാല തൂക്കിയിട്ടത് സൂക്ഷിച്ച് നോക്കിയാൽ മാത്രം കാണാം.
-അനൗൺസ്‌മെന്റിലെ വോള്യം കൂടി.
മലയാളത്തിന് മേൽ പടർന്ന് പന്തലിക്കുകയും, കാവ്യകേരളത്തിന് തണൽ തരികയും ചെയ്‌ത ടി.എസ്. തിരുമുമ്പിനെ ഇന്ന് പലർക്കുമറിയില്ലെന്ന് പറഞ്ഞപ്പോൾ കവി പത്‌നിയുടെ മുഖം വിവർണ്ണമായോ?
ശ്രീമദ്‌ഭാഗവതം വിവർത്തനപുസ്‌തകത്തിന്റെ പുറംചട്ടയിൽ കണ്ട തിരുമുമ്പിന്റെ ഫോട്ടോയിലേക്ക് ഞാൻ മുഖം കൂർപ്പിച്ചു. അവരുടെ പ്രതികരണം ശ്രദ്ധിക്കുകയായിരുന്നു ഇടയിലൂടെ ഞാൻ.
അവരൊന്നും പറഞ്ഞില്ല.
ജനൽകമ്പിയിൽ തൂക്കിയിട്ട ജപമാലയും, ഫോട്ടോയിൽ തിരുമുമ്പിന്റെ കഴുത്തിലണിഞ്ഞ മാലയും ഒന്നുതന്നെയാണോ എന്ന് ചോദിച്ചത് കവി പത്‌നി കേട്ടില്ല. അരികെ നിന്ന പെൺകുട്ടി ഉറക്കെയത് ആവർത്തിച്ചു.
അവർ മറുപടി പറഞ്ഞുഃ “അല്ല. അദ്ദേഹത്തിന്റെ കഴുത്തിൽ സ്വർണ്ണം കെട്ടിയ രുദ്രാക്ഷമായിരുന്നു.”
പിന്നെ എന്നോട് ചോദിച്ചു. “മോൻ താമ്രപത്രം കണ്ടിട്ടുണ്ടോ? ഇന്ദിരാഗാന്ധി നേരിൽ അദ്ദേഹത്തിന് സമ്മാനിച്ചതാണ്.”
“അത് മുകളിലെ മുറിയിലല്ലേ അമ്മേ”യെന്ന് ഹോം നഴ്‌സിനെപ്പോലെ തോന്നിച്ച പെൺകുട്ടി പറഞ്ഞപ്പോൾ, കവി പത്‌നി പിന്നെ തന്നെ നോക്കി.
കേൾവിയല്പം കുറവുണ്ടെങ്കിലും, 90 തികഞ്ഞ അവരുടെ കവിതാവായനയുടെ സ്‌ഫുടത എന്നിൽ അത്ഭുതം പരത്തി.
കുറച്ച് നിമിഷങ്ങളിലെ, വിശുദ്ധതയെ സാധൂകരിക്കാനെന്നവണ്ണം അവരെന്റെ കയ്യിൽ പിടിച്ച് യാത്ര തന്നപ്പോൾ, സിരകളിലൊരു വിപ്ലവം പതഞ്ഞ് കയറുന്നതും, മനസ്സ് ദൈവീകതയുടെ ഉന്നതിയിലേക്ക് പ്രവഹിക്കുന്നതും-ഒരേ വഴിയിലൂടെയുളള ദ്വിമാന സ്വഭാവമാണെന്ന് തിരിച്ചറിയാൻ സാധിച്ചതിൽ ഞാൻ അന്ധാളിച്ചു.
ജീപ്പ് ടൗൺ കടന്ന് മൈതാനം വലംവെക്കാൻ തുടങ്ങി. സംഘാടകർ മൈതാനം വൃത്തിയാക്കുന്നു. സെവൻസ് ഫുട്‌ബോളിന്റെ ഒരുക്കം. പൊട്ടിയ സോഡാക്കുപ്പികളും, കോഴികഷണത്തിന്റെ എല്ലും ദൂരെ കളയാനായിരിക്കും അവർക്ക് കൂടുതൽ അധ്വാനിക്കേണ്ടി വരിക.
മൈതാനം
കടല കൊറിച്ചുളള സായന്തനത്തിന്റെ നിറമുളള പേജിനാൽ ഒരു പകർപ്പ്. വറുത്ത കടലയുടെ ചൂടുളള തോടടർത്തി, പ്രണയിനിയുടെ വായിലേക്ക് കുസൃതി പറഞ്ഞ് ഇട്ടുകൊടുക്കുന്ന വിവാഹിതന്റെ ഫോട്ടോ ആൽബത്തിൽ നിന്നാരോ പറിച്ചു മാറ്റിയിരിക്കുന്നു. വിജനതയിൽ ഒറ്റയ്‌ക്കായ അപരിചിതനെപ്പോലെ സൂര്യൻ. താഴെ ബാറുപോലെ സജീവമാകുന്ന മൈതാനം. ചീത്തവിളിയും, അലർച്ചയും അശ്ലീലവും കലർന്ന അരങ്ങുകൾ. ശ്‌മശാനം മുറിച്ച് കടക്കാൻ ഭയപ്പെട്ട ബാല്യംപോലെ, മൈതാനം കടക്കാൻ വണ്ണാത്തിപ്പെണ്ണ് ഭയന്നു.
“നിനക്കാ സഹോദരിയെ സഹായിച്ചുകൂടെ?”
“ഏയ്, എനിക്കാവില്ല. ഞാൻ അസ്സല് നായരാ.” – ബോധം മറഞ്ഞ തലച്ചോറ് താറുമാറായിട്ടും, നേരിയ ജീവനാരുകളിലപ്പോഴും “എന്തോ ഒന്ന്” ബാക്കി കിടപ്പുണ്ടായിരുന്നു അയാളുടെ!!
“പ്രഗൽഭരും പ്രശസ്‌തരുമായ സാംസ്‌കാരിക നായകർ ആശംസകളർപ്പിച്ച് സംസാരിക്കുന്നു. സാംസ്‌കാരികത്തിന്റെ ഈ സായന്തനത്തിലേക്ക് ഭാഗഭാക്കാകുവാൻ നിങ്ങളെ ഞങ്ങൾ കുടുംബസമേതം സ്‌നേഹാദരങ്ങളോടെ ക്ഷണിക്കുന്നു. സ്വാഗതം ചെയ്യുന്നു..”
-അനൗൺസ്‌മെന്റ് ഓഫ് ചെയ്‌തു. കുന്നിൻചെരുവാണ്. ഞാവൽപഴം എറിഞ്ഞു വീഴ്‌ത്തുന്ന പിളേളരുകൾ, ജീപ്പിനകത്തേക്ക് നോക്കി നാവ് നീട്ടി. വയലറ്റ് നാവുകൾ.
തേങ്ങാമുറി കരണ്ട് തിന്നുന്ന എലിയുടെ രൂപം പോലെ മല തുരക്കുന്ന ബുൾഡോസറുകൾ. ഒന്നാംക്ലാസ്സിലെ ചിത്രപുസ്തകത്തിലിനി മലയുടെ ചിത്രത്തിനൊപ്പം ബുൾഡോസറുകളുടെ പടവും അച്ചടിക്കണമെന്ന് അനിൽമാഷോട് ഞാൻ പറഞ്ഞു. അനിൽമാഷപ്പോൾ ഒരു ടാബ്‌ലെറ്റിന്റെ വെളുത്ത പ്രതലത്തിലെ ഡീറ്റെയിൽസ് വായിക്കുകയായിരുന്നു.
ടൗണിൽ ജീപ്പ് നിർത്തിയനേരം, മെഡിക്കൽ സ്‌റ്റോറിലേക്ക് പോയത് ഈ ടാബ്‌ലെറ്റ് മേടിക്കാനായിരിക്കും. ഞാനെത്തി നോക്കി. “മെഫ്‌ത്താൽ സ്പാസ്”
“ഓൺ ചെയ്‌തോളൂ.”
“മണ്ണെറിഞ്ഞാലും പൊന്നുകായ്‌ക്കുന്ന
മണ്ണാണെൻ നാട്ടിലെന്നൊക്കെ
കേട്ടു കേട്ടു തഴമ്പിച്ചതാണ-
ക്കുട്ടിക്കാലം മുതൽക്കെൻ കാതും
പൊന്നണിഞ്ഞ പുലരിയും, പച്ച-
ക്കുന്നുമക്കൊച്ചു ചോലയും….”
റെക്കോർഡ് ചെയ്‌ത കവിതക്കൊപ്പം, സഞ്ചരിക്കവേ ഞാനോർത്തത്;
മോതിരവിരലിൽനിന്ന് നേരിട്ടൊരു സിര ഹൃദയത്തിലേക്കുണ്ടെന്ന് പറഞ്ഞ സുഹൃത്തിനെക്കുറിച്ചായിരുന്നു.
ആരായിരുന്നു അത്?
Generated from archived content: story1_may4.html Author: libeeshkumar_pp