1. ചോദിച്ച് വാങ്ങരുത്
പ്രണയലേഖനമെഴുതി.
അവളത് കീറിപ്പറിച്ച് മുഖത്തെറിഞ്ഞു.
തീയറ്ററിൽ നല്ല സിനിമയുണ്ടെന്ന് ഞാൻ-
പെങ്ങളെയും കൂട്ടിപ്പോകാൻ അവളെന്നോട്.
വാക്ക് നൽകി-
വാക്ക് പോരെന്ന് മറുപടി.
ഞാനെന്റെ ഹൃദയം തരട്ടെ?
ഹൃദയത്തിന് വിലയില്ലെന്നും, വൃക്ക തന്നാൽ മതിയെന്നും അവൾ.
വഴിവക്കിൽ ഞാനവളെ ഭീഷണിപ്പെടുത്തി.
അവൾ തന്റെ ചെരിപ്പൂരി.
ഒടുവിൽ…
ഞാനവളെ കീഴടക്കുകതന്നെ ചെയ്‌തു.
പകരം അവളെനിക്ക് എയ്‌ഡ്‌സിന്റെ അണു തന്നു. ഞാനറിയാതെ!!
2. പഴയ അതേ പ്രശ്‌നംതന്നെ!
ഒരൊറ്റ ശവം!
-പങ്കിട്ടെടുക്കാനുളള വലുപ്പവുമില്ല.
താഴെ കീരിയും ചെമ്പോത്തുമുണ്ട്.
ആകാശത്തിന് മേൽ പരുന്ത്.
ഭൂമിക്കും ആകാശത്തിനുമിടയിൽ കാക്കക്കൂട്ടം.
പിന്നെയും പേരറിയാത്ത കുറെപ്പേർ.
ആർത്തിയുടെ കൊത്തിവലി നേരത്തെ തുടങ്ങിക്കഴിഞ്ഞു.
കിട്ടിയാൽ ആർക്ക്?
പ്രബലരായ കാക്കയുടെ കറുപ്പിന് അതാണ് പ്രശ്‌നം.
പോംവഴി നിർദ്ദേശിക്കാനാരുമില്ല. പിന്മാറാനും വയ്യ!
-രാവിലെ കഴിഞ്ഞു. വെയിലുമെത്തി. പിന്നെ സന്ധ്യയുടെ തണലുമെത്തി. ഒടുക്കം രാത്രിക്ക് മുമ്പേ അവരൊക്കെ ബോധമറ്റ് വീണു.
ഇതിനിടയിൽ ശവത്തെ ഉറുമ്പ് തിന്നുകയും ചെയ്‌തു.
പഴയ അതേ പ്രശ്‌നംതന്നെ അല്ലേ….?
Generated from archived content: story1_feb24.html Author: libeeshkumar_pp