തനൂജ
D/o; ഡോ.ബാലഗോപാലൻ
കസ്‌തൂരിവില്ല
കണ്ണൂർ ജില്ല – 670 004.
നേരം പുലരും മുൻപ് ദേവികയുടെ വീട്ടിലേക്ക് തനൂജ വിളിച്ചു. ഫോൺ നിർത്താതെ റിംഗ് ചെയ്യുമ്പോൾ, സംശയം ശരിയാവരുതേ എന്ന പ്രാർത്ഥനയിലായിരുന്നു തനൂജ.
-“ഇല്ല. അങ്ങിനെയൊന്നും സംഭവിക്കില്ല. എനിക്കറിയാം അവനെ…” ദേവിക വിതുമ്പുകയായിരുന്നു.
മൊബൈൽ ഓഫ് ചെയ്‌ത്, സീറ്റിലേക്ക് ചാരി ഡ്രൈവ് ചെയ്യുമ്പോൾ മനസ്സ് ദേവിയുടെ ഉറപ്പിനെ ഏറ്റെടുക്കാൻ ശ്രമം തുടങ്ങി.
-കാറ് ആനിയുടെ ഹോസ്‌റ്റലിലേക്കുളള ബൈപാസ് റോഡിലൂടെ പറന്നു-
സിഗരറ്റ് പിന്നിലേക്കെറിഞ്ഞ്, അനുസരണയോടെ നടന്നുവരുന്ന ആ ശീലം ഒരിക്കലും അവൻ മുടക്കിയിട്ടില്ല. ചുണ്ടില് ചെറുനാരങ്ങ ഉരച്ചാലും ചുവക്കില്ലെന്നത് അവനെനിക്ക് നൽകുന്ന പ്രമാണം…!!
കോളേജ് ബസ്സ് വരുന്നതും നോക്കി ചുറ്റുവട്ടത്ത് കോറസ്സ് ഇരിപ്പുണ്ടാവും, തമിഴ്‌പുലി ലാൻഡ് ചെയ്തോ എന്നറിയാൻ.
വലിച്ച സിഗരറ്റ് ഹാൻഡ് ഓവർ ചെയ്‌ത്, ചുണ്ട് തൂവാലയിലമർത്തി, ഏലക്കായ കടിച്ച് പൊട്ടിച്ച് അവൻ തയ്യാറാകും. ഒപ്പം നടന്ന് നീങ്ങുമ്പോൾ കോറസ്സ് വീണ്ടും ഉറക്കെഃ “സൂക്ഷിച്ചോടാ അരയിൽ ബെൽട്ട് ബോംബുണ്ടാവും.”
നല്ല രണ്ട് തെറി, വീട്ടിലെ പെങ്ങമ്മാർക്ക് കൊടുത്തു കഴിഞ്ഞാൽ അവർ കാന്റീനിലേക്ക് പുകയൂതി നീങ്ങും. അതാണ് പതിവ്.
(ഒരു സിഗരറ്റ്, രണ്ട് തെറി, പിന്നെ കാന്റീൻ – കാമ്പസ്സിലെ ഊർജ്ജദായക വസ്‌തുക്കൾ!)
“പുലർച്ചെ തുടങ്ങിയതാവും. കുരങ്ങന്റെ ചുണ്ട് കണ്ടില്ലേ?” ഒരക്ഷരം മിണ്ടില്ല അവൻ…
-കൊന്നമരത്തിൻ കീഴിലെ സിമന്റ് ബെഞ്ചിലിരുന്ന് തന്റെ ടിഫിൻ ബോക്‌സ് തുറന്ന് അവൻ പറയുംഃ “പ്രിയപ്പെട്ട തമിഴ്‌പുലീ നമുക്ക് തുടങ്ങാം…”
-എനിക്ക് വഴി തെറ്റിയോ?
ഇല്ല.
ഇത് ആനിയുടെ ഹോസ്‌റ്റലിലേക്കുളള വഴിതന്നെ-
സുരഭിചന്ദ്രഃ
D/o; ചന്ദ്രദാസ്
മഹാദേവഗ്രാമം
പയ്യന്നൂർ.
സുബ്രഹ്‌മണ്യക്ഷേത്രത്തിൽ തൊഴുത് തിരിച്ച് വരുമ്പോൾ, ആനി നൽകിയ പുസ്തകം വായിച്ചു തീർക്കാനുളള കൊതിയിലായിരുന്നു സുരഭിചന്ദ്ര.
പക്ഷെ…
അവിചാരിതമായി എത്തിയ ദേവികയുടെ ആ ഒരു ഫോൺ കോൾ, അവളിലേക്ക് അമ്പരപ്പിക്കുന്ന ചില വസ്‌തുതകൾ കുത്തി നിറക്കാൻ അധിക സമയമെടുത്തില്ല.
-“അനൂപിനെക്കുറിച്ച് ചിലത് കേൾക്കുന്നു. എത്രയും വേഗം വരിക”-ഫാക്‌സ് മെസേജ് പോലെ ഇത്രയും പറഞ്ഞ് ദേവിക ഫോൺ കട്ട് ചെയ്‌ത. ഇങ്ങനെ ഒരിക്കലും ദേവി സംസാരിച്ചിട്ടില്ല. പറയാൻ കൊണ്ടുവരുന്ന കാര്യങ്ങൾ മിക്കതും മറന്ന് പത്ത് മിനുട്ടിലധികം സംസാരം നീട്ടുന്ന പെണ്ണിന്റെ കോൾ പിന്നെയും പ്രതീക്ഷിക്കാം, മറന്നകാര്യം ഓർമ്മിപ്പിക്കാൻ. പക്ഷെ ഇപ്പോൾ…
-അനൂപിനെ കുറിച്ച്?
ഇന്നലെ ഉച്ചക്ക് ക്ലാസ്സിൽവന്ന് വിളിച്ചിറക്കിയതാണ്. ഒരല്പനേരം മാത്രമേ സംസാരിച്ചുളളൂ. ഒരു കവിത വേണം. ദശവാർഷികമാഘോഷിക്കുന്ന നാട്ടിലെ ഗ്രന്ഥാലയത്തിന്റെ സുവനീറിലേക്ക്. പഴയത് പൊടിതട്ടിയെടുക്കരുതെന്ന് പ്രത്യേകം ഓർമ്മിപ്പിച്ചു. പുതിയത് മാത്രം-
എപ്പോഴാണ്.
നാളെ?
-ധൃതിയില്ല. ഒരാഴ്‌ച കഴിഞ്ഞ് മതി.
ക്ലാസ്സിലേക്ക് ചെല്ലുമ്പോൾ അവന്റെ കമന്റ്‌ഃ “നായകൻ ഞാനാകുമോ?” ക്ലാസ്സ്‌മുറിയുടെ വാതിൽക്കലോളം എത്തിയത് കാരണം മറുപടി പറയാനോ, ഉച്ചത്തിൽ ചിരിച്ച് ‘സ്വഭാവം’ കാട്ടാനോ എനിക്ക് കഴിഞ്ഞില്ല….
വേവലാതിയോടെ സുരഭി ദേവികയെ വിളിച്ചു. മറുപടി ചീത്തയായിരുന്നു. “നിന്നോടല്ലേ പറഞ്ഞത് വേഗം വരാൻ. ഇതുവരെ ഇറങ്ങിയില്ലേ…”
അവൾ വീണ്ടും ഫോൺ വച്ചു.
എന്തോ സംഭവിച്ചിട്ടുണ്ട്. സുരഭിക്ക് തോന്നി-
അനൂപ്‌കൃഷ്ണന്റെ നമ്പർ ഡയൽ ചെയ്ത് ചെവിയിൽ വെക്കുമ്പോൾ ഒരു ഇൻകമിങ്ങ് കോൾ തന്നെതേടി വരുന്നതുപോലെ സുരഭിചന്ദ്രക്ക് തോന്നി-
ആനിപെർടിൻഃ
(അച്ഛൻവീട് തലശ്ശേരിക്കടുത്ത്.
സ്വദേശം മേഘാലയ)
(തനൂജ കാറുമായ് എത്തുന്നതിനല്പം മുമ്പ് ആനിപെർടിൻ ഹോസ്‌റ്റലിൽ നിന്നിറങ്ങിയതായി റൂംമേറ്റ് പറഞ്ഞപ്പോൾ ഇവളിത്ര രാവിലെ എങ്ങോട്ടായിരിക്കുമെന്നത് തനൂജയെ കുഴക്കി)
തനൂജ കാറുമായ് കടന്നുപോകുമ്പോൾ ആനിപെർടിൻ ബസ്‌റ്റോപ്പിലുണ്ടായിരുന്നു. ആനി തനൂജയെ കണ്ടില്ല. അല്ലെങ്കിൽതന്നെ ഈ യാത്ര ഒറ്റക്കായിരിക്കണമെന്ന് ഉറപ്പിച്ചതിനാൽ ആനി മറ്റൊന്നും ശ്രദ്ധിച്ചില്ല എന്നതാണ് നേര്. അവൾ അനൂപിന്റെ വീട്ടിലേക്കുളള യാത്രയിലായിരുന്നു….
മിനിയാന്നാളാണ് ആനി നാട്ടിൽപോയി വന്നത്. പത്ത് ദിവസത്തെ തീവണ്ടിയാത്രയും, പിന്നെയൊരഞ്ച് ദിവസം വീട്ടുകാര്യവും.
തിരിച്ച് വരുമ്പോൾ എതിരേൽപ്പിന് (എന്നത്തെയും പോലെ!) പട മുഴുവൻ റെയിൽവേ സ്‌റ്റേഷനിൽ എത്തിയിരുന്നു. ആളുകൾക്കിറങ്ങാൻ സമയം നൽകാതെ തനു തീവണ്ടിയിലേക്ക് ചാടിക്കയറി ബാഗിൽ പിടുത്തമിട്ടു. തനുവിന് വേണ്ടത് കയ്യിലെ പാക്കറ്റിലാണെന്ന് പറഞ്ഞതും, ബാഗ് അതുപോലെ നിലത്തിട്ടതും ഒരുമിച്ചായിരുന്നു. ഭാഗ്യം! ആഷ്‌ട്രേ ബാഗിൽ തിരുകാഞ്ഞത്. ചില്ലിൽ തിർത്ത കൊച്ചു ആഷ്‌ട്രേ അനൂപിന് വേണ്ടി ആനി വാങ്ങിയതായിരുന്നു….
വേർഡ്‌സ് വർത്തിന്റെ കവിതാ സമാഹാരം, സുരഭിക്ക്-
ദേവികയ്‌ക്ക് ചന്ദനമണമുളള പേന-
രസഗുള തിന്ന് തീർത്ത് തന്റെ ഗിഫ്‌റ്റെവിടെയെന്ന ചോദ്യം ഉറപ്പുളളതിനാൽ തനുവിനുമുണ്ട്- ഒരു മേഘാലയ സ്‌റ്റൈൽ കീചെയ്‌ൻ!
ആഷ്‌ട്രേ ദേവികയെ മാത്രമെ കാണിച്ചുളളൂ. പരസ്യമാക്കില്ലെന്ന സത്യത്തിന് ശേഷം മാത്രം! പുകവലിക്ക് കൂട്ടുനിൽക്കരുതെന്ന് പറഞ്ഞ് തനൂജ അത് ഉടച്ചുകളയുമെന്ന് ആനിക്ക് നൂറുശതമാനം ഉറപ്പുണ്ടായിരുന്നു…
-ബാഗിൽ വച്ച ആഷ്‌ട്രേ ആനി ഒന്നുകൂടെ പരിശോധിച്ചു. അവനിത് തീർച്ചയായും ഇഷ്‌ടമാകും.
ചപ്പിയ മൂക്കിനെക്കുറിച്ച് അവന്റെ തോന്ന്യാസങ്ങൾ കേൾക്കാൻ, ആനിപെർടിൻ-ബസ്സിന്റെ വരവും കാത്ത് ബസ്സ്‌റ്റോപ്പിലിരുന്നു…
ദേവിക.എസ്‌ഃ
D/o; Late” സുബ്രഹ്‌മണ്യൻ നമ്പൂതിരി
നീലമന ഇല്ലം
എടാട്ട് പി.ഒ.
വെളളിയാഴ്‌ച-
ഇലക്‌ട്രിക്കൽ ലാബിലെ പ്രാക്‌ടിക്കൽ സമയം. യൂണിഫോം നിർബന്ധമെന്ന് അറിയാമായിരുന്നിട്ടും, പാലിക്കാതെയാണവന്റെ വരവ്.
മാഡത്തിന്റെ അയവില്ലാത്ത സ്വഭാവത്തിന് മുന്നിൽ ‘വിനയം’ വിലപ്പോവില്ലെന്ന് എന്നെക്കാൾ നന്നായി അവനറിയാമായിരുന്നു. എന്നിട്ടും….
പിൻതിരിഞ്ഞ് പോകുമ്പോൾ ചെവിയിലുപദേശിച്ചുഃ
“പോയി ഹോസ്‌റ്റലിൽ നിന്നൊന്ന് വാങ്ങ്. വേഗം.”
-രണ്ട് മണിക്കൂർ നേരമുളള “പരീക്ഷണം” കഴിയുന്നത് വരെ അവൻ വന്നില്ല. അറ്റൻഡ് റെജിസ്‌റ്ററിന് മുകളിലെ ആബ്‌സൻഡഡ് മാർക്ക് ദേവികയെ വല്ലാതെ വേദനിപ്പിച്ചു.
“ദേവിക! അനൂപിനോട് എന്നെ വന്ന് കാണാൻ പറയണം.” ഇറങ്ങുമ്പോൾ മാഡം ഓർമ്മപ്പെടുത്തി.
-എനിക്കറിയാമായിരുന്നു. അവൻ മൊസാണ്ടയുടെ അരികിൽ പുകയൂതി ധ്യാനം ചെയ്യുന്നുണ്ടാവുമെന്ന്. കൊലുസ്സിന്റെ കിലുക്കത്തിൽ തനുവെന്ന ധാരണ- അവൻ സിഗരറ്റ് പിന്നിലൊളിപ്പിച്ചു. എന്നെ കണ്ടതും, ഓ! ദേവിയോ എന്ന് മന്ത്രിച്ച് അവൻ നിർബാധം പുകയൂതാൻ തുടങ്ങി.
“ഇന്നാ”- ഇരുനൂറ് രൂപ ഞാനവന് നേരെ നീട്ടിപ്പിടിച്ചു. പുരികവര മേല്‌പോട്ടാക്കി അവനെന്നെ നോക്കി.
-“നിന്റെ പുകയുടെ നിറമുളള ഷർട്ട് വാങ്ങാൻ”- അവൻ കുലുങ്ങി ചിരിച്ചു. കുപ്പായക്കീശയിൽനിന്ന് മൂന്ന് നൂറുരൂപ നോട്ടെണ്ണി എന്നോട് പറഞ്ഞുഃ “ഇത് മൂന്നൂറ് രൂപയുണ്ട്. ആ പൈസ ഇതിനൊപ്പം കൂട്ടി കീറാത്ത ഒരു നല്ല ചുരിദാറ് വാങ്ങ്.”
എനിക്ക് സങ്കടത്തിനൊപ്പം കരച്ചിൽ വന്നു. ഒരാഴ്‌ച- പരസ്പരം മിണ്ടാതെ ഏഴ് ദിവസം…
ആൻപെർടിന്റെ ഫസ്‌റ്റ് ബാച്ച് ഇറങ്ങാൻ സമയമായപ്പോൾ ദേവിക ലാബിലേക്ക് നടന്നു. പൂത്തുനിറഞ്ഞ മൊസാണ്ടയുടെ അരികിൽ നിന്ന്, ആകാശനിറമുളള ഒരു കുപ്പായം ലാബിലേക്ക് പോകാനായി എഴുന്നേൽക്കുന്നത് കണ്ടപ്പോൾ, ദേവികയുടെ ഹൃദയം നിറഞ്ഞു. കണ്ണും!!
-അവൾക്ക് തേങ്ങലടക്കാനായില്ല.
എന്താണ് സുര വൈകുന്നത്…?
പതിവിന് വിപരീതം പോലെ അഴിഞ്ഞുലഞ്ഞ മുടിയുമായി, സുരഭിചന്ദ്രയുടെ വരവും കാത്ത് ദേവിക അക്ഷമയോടെ നിന്നു…
ത്രേസ്യാമ്മ ജോൺഃ
W/o; ജോൺ സാമുവൽ
12, രാജേശ്വരി നഗർ
മാർക്കറ്റ് റോഡ്, കണ്ണൂർ.
ഒരു ഫോൺവിളിയുടെ പിന്നാലെ അർധരാത്രി ഇറങ്ങിപ്പോയ ടൗൺ സി.ഐ.ജോൺ സാമുവൽ പുലർച്ചെ വീട്ടിലെത്തി ഭാര്യയെ സമാധാനിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു….
അന്ന്-
ലാസ്‌റ്റ് പിരീഡിന് മുമ്പ്, അനൂപ് സ്‌റ്റാഫ്‌റൂമിലേക്ക് കയറിവന്നു. ആളൊഴിഞ്ഞ മുറിയിൽ തനിക്കഭിമുഖമായ് നിൽക്കുമ്പോൾ സ്വരമൂർച്ച കൂട്ടി ഞാൻ ചോദിച്ചുഃ “ലാബ് കട്ട് ചെയ്യുന്നത് ശരിയാണോ അനൂപ്.”
അല്പനേരം അവനൊന്നും മിണ്ടിയില്ല. പിന്നെ ചെറുചിരിയോടെ സംസാരിക്കാൻ തുടങ്ങി…
“…ഇതിനിടെ ടൗണിൽവച്ച് സാറിനെ കണ്ടിരുന്നു. ഞാൻ സ്വയം പരിചയപ്പെടുത്തി. കുറേനേരം വർത്തമാനം പറഞ്ഞു. ടീച്ചറ് ഭയങ്കര മുൻകോപക്കാരിയാണെന്ന് സാറിനോട് പറഞ്ഞപ്പോ സാറ് പറയുകയാ- ഹേയ്! ഉളളിലാള് സോഫ്‌റ്റാ. പുറമെയുളളൂ ആ ഒരു പോസ്സ്-
”ശരിയാ, എനിക്കറിയാം. എന്റെ അമ്മയെപ്പോലെയാണ് ടീച്ചറും. ഉളളിലൊരുപാട് സ്നേഹമൊളിപ്പിച്ച് ദേഷ്യം മാത്രം പുറമെ കാണിക്കും.“
പാന്റ്‌സിന്റെ പോക്കറ്റിൽനിന്ന് മിഠായിയെടുത്ത് അവനെന്റെ കയ്യിൽ വച്ചു.
”ഇതിൽ രണ്ടെണ്ണം മക്കൾക്ക്. ഒന്ന് ടീച്ചറും സാറും വീതിച്ചെടുത്തോ…“
പോട്ടെ-
ടീച്ചറുടെ കണ്ണ് അറിയാതെ നനഞ്ഞു.
മോനേ…
-ആദ്യമായി വിളിച്ച ദിവസം!
കോളേജ് മാഗസിനിൽ ആ വർഷം സുരഭിചന്ദ്ര കവിതയെഴുതി – ”ടീച്ചറുടെ മകൻ.“
ത്രേസ്യാമ്മ ടീച്ചർ, ഭർത്താവിന്റെ കൈകളിൽ പിടിച്ച് ഒരുപാട് നേരം കരഞ്ഞു….
Generated from archived content: story1-sep1.html Author: libeeshkumar_pp