ചില നേരങ്ങളിൽ മീനാക്ഷി…..

അമ്പലക്കുളത്തിന്റെ കല്‌പ്പടവിൽ നനയ്‌ക്കാനെടുത്ത തുണികൾ ചൊരിഞ്ഞ്‌ വൃത്തിയുളള ഒരു കല്ല്‌ കഴുകി വെടിപ്പാക്കുന്ന സമയമാണ്‌ അവൻ വരേണ്ടത്‌. മുട്ടോളം വെളളത്തിൽ ഇക്കിളികൂട്ടിയ പരൽമീനുകളെ വെളളം തേവി ഓടിക്കുന്ന നേരമാണ്‌, അവൻ വേറൊരു കല്‌പ്പടവിലൂടെ താഴെക്കിറങ്ങി, വായിൽ വെളളം നിറച്ച്‌ എന്നെ നോക്കി തുപ്പേണ്ടത്‌.

-മീനാക്ഷി വിചാരിച്ചു.

പതിവിന്‌ വിപരീതംപോലെ ആണുങ്ങളുടെ കുളിസ്ഥലം ഒഴിഞ്ഞു കിടക്കുന്നു. എന്താണാവോ അവൻ വൈകുന്നത്‌? കാർമേഘങ്ങളുടെ ആധിയിൽ മീനാക്ഷി അതുതന്നെ ഓർത്തു തുടങ്ങി.

ഓടിച്ചിട്ടും പോകാതെ കുസൃതിയോടെ വീണ്ടും ഉരുമ്മുന്ന മീനുകളെ അവിടെത്തന്നെ വിട്ട്‌ കല്ലിൽ സാവൂൻ അടിച്ചുപറ്റിക്കുന്ന സന്ദർഭമാണ്‌ ആദ്യനോട്ടം! പരസ്‌പരം കോർക്കുന്ന മിഴികളിൽ ചൂളിപ്പിടിച്ച്‌, വൃത്തഞ്ഞൊറികൾ തയ്‌ക്കുമ്പോൾ കുളക്കടവിലെ നിശബ്ദതയിൽ തുണിതച്ച്‌ ശബ്‌ദമുണ്ടാക്കുക അവന്റെ വേലയാണ്‌. മീനാക്ഷി ചുറ്റും നോക്കി. കാട്ടുപൊന്തകൾക്കിടയിൽ നേരിയ അനക്കമുണ്ടോ..? ഹേയ്‌.

തുടിക്കുന്ന മനസ്സിന്‌ സമയസൂചിക്ക്‌ മുമ്പേ നീങ്ങാൻ വല്ലാത്ത കൊതി! എന്തുചെയ്യാം. തുണികളിൽ സോപ്പ്‌ പതയുന്നതേയുളളൂ…. അവൻ അക്കരേക്ക്‌ രണ്ടുവട്ടം നീന്തിക്കഴിഞ്ഞിരിക്കുന്നു. മൂന്നാമതൊരു ചാട്ടത്തിനുളള തയ്യാറെടുപ്പ്‌ – മീനാക്ഷി ഒളിക്കണ്ണിട്ടു.

മാറ്‌ മറയുന്ന ജലത്തിൽ ഉടലിനെ താഴ്‌ത്തുമ്പോൾ മീനിന്റെ കണ്ണുകൾ അർത്ഥംവച്ച്‌ നോക്കുന്നു. പരസ്പരം കണ്ണിറുക്കുന്നു.

-ഇളം പച്ച ജലാശയത്തിൽ, ആമ്പൽപ്പൂവിന്റെ വെളളം നിറഞ്ഞ തണ്ട്‌. അത്‌ പതുക്കെ ആടി. കണ്ണാടിയിൽ മഷിപുരണ്ടതുപോലെ, ഇരുൾ മൂടിയ കാട്ടുപൊന്തയുടെ കറുപ്പ്‌. കൈതച്ചെടിയുടെ ഓലയിൽ ഒരു മീൻകൊത്തി. തലതിരിച്ച്‌ അതിങ്ങോട്ട്‌ നോക്കി. പിന്നെ അവനെയും!

അഴുക്കും പൊടിയും വേർപ്പെട്ട്‌ പിരിയുന്ന ശരീരത്തിന്‌ പൊന്നിന്റെ തിളക്കം. അടുക്കളയിലെ പുകപിടിച്ച കണ്ണുകൾ പലതും മിഴിവോടെ കാട്ടിത്തരുന്നു. തന്റെ കാഴ്‌ചയുടെ പരിധി ഇത്രയും വിസ്‌തൃതമാണോ? മീനാക്ഷിക്ക്‌ അത്ഭുതം തോന്നി.

കണ്ണുകൾ ദൂരംതാണ്ടി അവനിൽചെന്ന്‌ മുട്ടുന്നു. കുളത്തിന്‌ വിസ്‌താരമുണ്ടായിരുന്നെങ്കിൽ അതിനപ്പുറവും ചെന്നേനെ… ഒന്ന്‌ പരീക്ഷിക്കാൻ മനസ്സിനെന്തോ വയ്യായ്‌ക. കണ്ണുകൾ പിൻവലിയുന്നു. നയനമനോഹരമായ സ്വതന്ത്രത! പക്ഷെ അസ്വാഭാവികമായ കണ്ടെത്തലുകൾ പിറകോട്ട്‌ വലിക്കുന്നു. – മീനാക്ഷി കണ്ണുകൾ പൊത്തി.

“മീനാക്ഷിക്ക്‌ ഇത്രയധികം നാണമോ?” – മീനുകൾ മീനാക്ഷിയോട്‌ ചോദിച്ചു. മറുപടി പറയാനറിയാതെ മീനാക്ഷി മീനുകൾക്ക്‌ നേരെ വെളളം തെറിപ്പിച്ചു. കവിളുകൾ ചുവപ്പിച്ചുകൊണ്ട്‌ ചിരിച്ചു.

ഓർമ്മകൾക്ക്‌ മുലപ്പാലിന്റെ സുഗന്ധം

മാറിൽ സ്‌നിഗ്‌ദ്ധ വാൽസല്യം. – മീനാക്ഷിക്ക്‌ ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല.

തൂവെളള പാവാടയണിഞ്ഞ ബാല്യം ഇതേ ജലപ്പച്ചയിലാണ്‌ മുങ്ങാൻകുഴിയിട്ടതും നീരാടിയതും! കൈകാലുകൾക്ക്‌ തുഴയാൻ പ്രായമെത്തിയപ്പോൾ, വിടരുന്ന ഓളങ്ങളിൽ മുങ്ങാതെ താങ്ങിനിർത്തിയത്‌ ഇതേ കൈകൾ! അക്കരെ നീന്തിയെത്തിയ ശരീരത്തിന്റെ ഹൃദയമിടിപ്പുകൾ തളിരിട്ട സാന്ത്വനവുമായി അടക്കിയതും ഇതേ മാറിൽതന്നെ! എന്തിന്‌ മീനാക്ഷിയുടെ വയസ്സുവരെ അറിയാവുന്ന മീനുകളുണ്ടത്രെ ഈ അമ്പലക്കുളത്തിൽ…!

ഇളം പച്ചനിറമുളള അതേ കുളം. തേഞ്ഞ്‌ തേഞ്ഞ്‌ മിനുസപ്പെട്ട അതേ പടവുകൾ. കഴുക്കോലുകൾ ഇളകിയിട്ടും കുമ്മായം ചോർന്നിട്ടും അതേ മറപ്പുര. – മാറിയത്‌ മീനാക്ഷി മാത്രമാണ്‌.

അക്കരെ കൈതച്ചെടിയുടെ നീണ്ട ഓലകളുടെ തണലിലെ തണുപ്പിൽ അരുണൻ അവളെ കണ്ടത്‌ മുതൽ മീനാക്ഷിയിൽ മാറ്റങ്ങൾ തുടങ്ങി. വളളി നിക്കറിട്ട ആൺപിളളാരെ തോൽപ്പിക്കാനെന്നവിധം വാശിയോടെ നീന്തി ജയിച്ചപ്പോൾ, ഓളങ്ങളുണ്ടാക്കി അരുണനവളെ വെളളത്തിലേക്ക്‌ താഴ്‌ത്തുവാൻ ശ്രമിച്ചത്‌ പോലെയല്ലായിരുന്നു അത്‌. മീനാക്ഷി നിലവിളിച്ചില്ല. ഇക്കരെനിന്ന്‌ പതിവ്‌ ആർപ്പുവിളിയില്ല. പുല്ലരിയാൻ വന്ന ആദിചേച്ചിയുടെ നീട്ടിയ കലമ്പലിന്റെ ഈണമില്ല. പക്ഷെ വീട്ടിലേക്ക്‌ പോകുന്നവഴി മീനാക്ഷി പതിയെ കരഞ്ഞു. ആരും കേൾക്കാതെ…

മീൻകൊത്തിയുടെ കൂർത്ത കൊക്കിൽപ്പെടാതെ ഒഴിഞ്ഞുനിന്ന മീനുകളും അത്‌ കണ്ടില്ല.

“എന്താ എന്താണ്‌ പറ്റിയത്‌?”

മീനാക്ഷിയും മീനുകളും തമ്മിലുളള ഏകമറയും ഇക്കാലമത്രയും അത്‌ മാത്രമായിരുന്നു…

ചിന്തകളിൽ ലീനമാകാൻ സമ്മതിക്കാതെ മീനുകൾ മീനാക്ഷിയെ പൊതിഞ്ഞു. കൈക്കുമ്പിളിൽ വാലിട്ട്‌ രസിച്ച പൊട്ടുകുത്തിയ മീൻകുഞ്ഞുങ്ങൾ അവളെ സ്വതന്ത്രയാക്കി. മൃദുവായ കണ്ണുകളിൽ അവ മീനാക്ഷിയെത്തന്നെ നോക്കുന്നു. മീനാക്ഷി പതിയെ ചുണ്ടുകൾ മുട്ടിച്ച്‌ അവയോടൊക്കെ സംസാരിച്ചു. വായിൽ വെളളം നിറച്ച്‌ ഊതി കുമിളകൾ നിർമ്മിച്ചു. ചുണ്ടിൽ പ്രണയപൂർവ്വം ഉരുമ്മിവന്ന ഒരു മീനിന്‌ അവൾ ഒരു പേരും വിളിച്ചുഃ

“അരുണൻ”

അരുണനെക്കുറിച്ചുളള വിചാരങ്ങളിൽ മീനാക്ഷി സ്വയം ഉളളു തുറക്കുന്നു. സുതാര്യമായ ശരീരം ശ്രദ്ധിക്കുമ്പോൾ മറപ്പുരയിലേക്ക്‌ ഓടിയൊളിക്കാനുളള വെമ്പൽ… പഴയ അതേ സമവാക്യം. മാറ്‌ മറയ്‌ക്കാൻ തികയാത്ത കൈകളും, തിരിഞ്ഞു നില്‌ക്കാൻ പറ്റാത്ത നാണവും!

മീനാക്ഷി…. നീ എവിടെയാണ്‌ ഒളിക്കുക? അല്ലെങ്കിൽതന്നെ എന്തിനാണ്‌ ഒളിക്കുന്നത്‌?

അകൃത്രിമമായ പകൽവെളിച്ചത്തിലെ അറിവുകൾ ദർശിച്ച പുരുഷന്‌ തമസ്സിൽ സമർപ്പണം ചെയ്‌ത ശരീരം. സത്യത്തിൻമേലുളള തലോടൽപോലെ ആദ്യമായി സ്പർശിച്ച ആൾക്കുതന്നെ ആ വിശുദ്ധപൂജ. വിടർത്തപ്പെടുന്ന കന്യകയുടെ കുറുകലുകൾക്കപ്പുറത്ത്‌, പൂർവ്വ ജന്മബന്ധത്തിന്റെ വഴിത്താരയിലേക്ക്‌ ഹൃദയപൂർവ്വം കൊണ്ടുപോയ നാഥൻ!

അതിലെവിടെ തെറ്റ്‌? ഭാരതദേശത്തിലെ കാമുകിമാരുടെ സാന്ദ്രസങ്കല്പം! മീനാക്ഷി അതിൽ ലയിച്ചുപോയി.

വിശുദ്ധ ഗണിതത്തിന്റെ പുതിയ നിർമ്മിതി അറിയാതെ പഴയ സൂത്രവാക്യം തേടിപ്പിടിച്ച്‌ പോയവരുടെ വിധിയാണോ ഇത്‌?

എങ്കിൽ?

-നിയമം മീനാക്ഷിക്കും ബാധകമാണ്‌.

അടിവയറിലെ നീലിച്ച രോമങ്ങളിലൂടെ താഴേക്കിറങ്ങുന്ന ആത്മപരിശോധനയിൽ മീനാക്ഷി പൊടുന്നനെ വിഹ്വലയാകുന്നു. ഇളംചൂടിലും കുളിരുന്നു…

-ഭാവിയുടെ രഥത്തിൽ ഒന്നിച്ചിരുന്ന്‌ ജീവിതസവാരിക്ക്‌ ക്ഷണിച്ചവനാണ്‌ അവൻ. താലിയുടെ കനത്തിൽ എവിടെയും തലകുനിയരുതെന്ന്‌ അവന്‌ നിർബന്ധമാണ്‌.

-അവന്‌ അവന്റേതാണ്‌ ദർശനങ്ങളുണ്ട്‌. വിശ്വാസമുണ്ട്‌. സ്ര്തീചിന്തയും ഫെമിനിസവും നുളളിപ്പെറുക്കി ഒരു ഭാണ്ഡത്തിലിട്ട്‌ ഇരുളടഞ്ഞ രാത്രിയിൽ ഒളിച്ചോടാനും അവനില്ല. അവസാനമായി പിരിയുമ്പോൾ അവൻ പറഞ്ഞതാണ്‌ഃ “ഞാൻ വരും.”

ജീവിതത്തിന്റെ ലഘുലേഖയിൽ നിരത്തിവച്ച ചില സുവിശേഷ ഖണ്ഡികകൾ! അതിലൊരിടത്തും ചോദ്യചിഹ്‌നത്തിന്റെ വളഞ്ഞ രൂപമില്ല. നിസ്സംശയമായ ഉത്തരംപോലെ പൂർണ്ണവിരാമം ബാക്കി കിടക്കുന്നു….

അരൂപിയായ വളഞ്ഞ ബിംബത്തിന്‌ കീഴെ, അതാണോ വിരാമചിഹ്‌നം?

-മീനാക്ഷിക്ക്‌ ചോദിക്കുവാൻ തോന്നി.

പക്ഷെ അവനെവിടെ?

ശിവപൂജ ചെയ്യുന്ന വയസ്സൻ തിരുമേനി തന്റെ പഴകിയ കോണകം തിരുമ്മിവെളുപ്പിക്കാൻ ശ്രമിക്കുന്ന നിമിഷങ്ങളിൽ തന്നെയാണ്‌ അവൻ തല തുവർത്തി തന്റെ അവസാന നോട്ടം നോക്കേണ്ടത്‌.

കയ്യിൽ ഈറനുമായി തെളിഞ്ഞ മനസ്സോടെ അരയാലിന്‌ ചുറ്റും ഒരുവട്ടം പ്രദക്ഷിണം വെക്കുന്ന അതേ അവസരത്തിലാണ്‌ അവൻ വീടിന്റെ ഗേറ്റ്‌ കടന്ന്‌ മറയേണ്ടത്‌…

ഇല്ല. ഇന്ന്‌ പതിവിന്‌ വിപരീതം സംഭവിക്കുന്നു.

അരുണൻ ഒളിച്ചിരിക്കുന്നു.?

ചിന്തകളുടെ നിസ്സഹായതയിൽ മീനാക്ഷി തപിക്കുവാൻ തുടങ്ങി. ഈ ചൂട്‌ ഒരവസാനമേയല്ലെന്ന്‌ വിചാരിച്ചതാണ്‌. നേർമയേറിയ സ്‌നേഹത്തിന്റെ പൂഴിപ്പരപ്പടുക്കുന്തോറും മനസ്സും കുളിരുന്ന തണുപ്പുണ്ടാകുമെന്ന്‌ മോഹിച്ചതാണ്‌.

പക്ഷെ, പ്രതീക്ഷകൾ വൃഥാവിലായി മാറുന്നു. ആശങ്കകൾ സമീപദൃശ്യംപോലെ മുന്നിൽ നിൽക്കുന്നു. ആത്മാവ്‌ കരയുന്നു. വയ്യ!

മീനാക്ഷിയുടെ ഉടലിന്‌ കനം ബാധിച്ചു. പടവുകൾ കയറാൻ ഇനിവയ്യ. പൊന്തകൾക്ക്‌ ചുറ്റും കണ്ണുകളാണ്‌….

ശരിതെറ്റുകൾക്ക്‌ കാത്തു നിൽക്കാതെ, വിധിയുടെ വൈപരിത്യത്തിന്റെ പടവുകളിലൂടെ, മീനാക്ഷി ആലംബമില്ലാതെ ഇറങ്ങി. കരയുന്ന മിഴികളെ തലോടി- ഒപ്പം മീനുകളും….

Generated from archived content: chila_minaxi.html Author: libeeshkumar_pp

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleചന്ത
Next article“ചിലമ്പിട്ട ഓർമ്മകളിൽ ദേവനർത്തകൻ”
1977 മെയ്‌ 10ന്‌ ജനനം. യുവമാനസ കഥ അവാർഡ്‌, ഒ.ഖാലിദ്‌ സാരക അവാർഡ്‌, അരങ്ങ്‌ കലാസാഹിത്യവേദി കഥാ അവാർഡ്‌ (ജിദ്ദ), കേരളോത്സവം സംസ്ഥാന കഥാസമ്മാനം തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതുന്നു. ജനപത്രം ഡെയ്‌ലിയുടെ റിപ്പോർട്ടറായിരുന്നു. ബി.എ. മലയാളം വിദ്യാർത്ഥിയാണ്‌. വിലാസംഃ പി.പി. ലിബീഷ്‌കുമാർ ഏച്ചിക്കൊവ്വൽ (പി.ഒ.) പീലിക്കോട്‌ കാസർഗോഡ്‌ ജില്ല Address: Phone: 0498 561575 Post Code: 671353

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English