അഞ്ജനേയപുരാണം – നൃത്തസംഗീതനാടകം

“ശിഷ്യനായ്‌ അഭിനയിച്ച്‌ ഗുരുവിന്റെ മകളെ മോഹത്താൽ പൊതിഞ്ഞ്‌ അവസാനം മന്ത്രവും സ്വന്തമാക്കി കടന്ന്‌ കളഞ്ഞ കചാ, നിന്നോടെനിക്ക്‌ യാതൊരു പുച്‌ഛവുമില്ല. സഹതാപം മാത്രമേ ഉളളൂ. ബൃഹസ്പതിയടക്കം ദേവലോകം മുഴുവനും ഇതിന്‌ ഹേതുക്കളാണ്‌. വീതിക്കുമ്പോൾ ആരുടെ കൈകളിലാണ്‌ കുറ്റമേറെയെന്ന്‌ പ്രസ്താവിക്കുവാൻ വയ്യ. നീയൊരു നിമിത്തം മാത്രം. കചനല്ലെങ്കിൽ സുന്ദരനായ വേറൊരു പുരുഷൻ. ദേവന്റെ ദൂതനാണെങ്കിലും പ്രിയപ്പെട്ട കചാ, നീയവളെ ചുംബിച്ചുണർത്തരുതായിരുന്നു…”

“നോ” – കചനലറി. ആഞ്ജനേയ വേഷം ധരിച്ച ശ്രീധരന്റെ മേക്കപ്പില്ലാത്ത കവിളത്ത്‌ ഒരടിവീണു.

ഇതിലിങ്ങനെയും ഒരു രംഗമുണ്ടോ?- പുകഞ്ഞ കവിളിൽ വിരലുകൾ ചേർത്ത്‌ ശ്രീധരൻ അങ്ങിനെയാണ്‌ ആലോചിച്ചത്‌.

ഇന്ദ്രസദസ്സ്‌ പരിപൂർണ്ണ നിശബ്‌ദരായി തന്നെ മാത്രം വീക്ഷിക്കുന്നു. മ്യൂസിക്കില്ലാത്ത ചെറിയ ഗ്യാപ്പ്‌. പ്രസന്റേഷൻ സീരിയസ്സാണ്‌. ഇങ്ങനെയൊരു ഭാഗം സീനിലുണ്ടെന്ന ഉറച്ചവിശ്വാസത്തോടെ ശ്രീധരൻ സമനില വീണ്ടെടുത്തു. ആഞ്ജനേയൻ തുടരുന്നു.

“സഭയിലെ പൂജിതരായ മഹർഷിവര്യന്മാരെക്കുറിച്ച്‌ ഒരുപിടി സത്യങ്ങൾ തുറന്ന്‌ പറയണമെന്നുണ്ടായിരുന്നു. പക്ഷെ…? ഗുരുസ്ഥാനീയരെക്കുറിച്ച്‌ അപവാദം പരത്തിയാലുണ്ടാകുന്ന ശിക്ഷയോർത്തല്ല എന്റെയീ മൗനം. അനുഭവസാക്ഷ്യത്തിലെ ചിരജീവയാത്രയിൽ ചിലരെ ഞാൻ ബഹുമാനിക്കുന്നു. ആദരിക്കുന്നു.”

സംഭാഷണം അവസാനിക്കുംമുൻപ്‌ ഇന്ദ്രസഭയിൽ നിന്ന്‌ കചൻ ആഞ്ജനേയനെ വീണ്ടും ആക്രമിച്ചു.

“സീനിലില്ലാത്ത ഡയലോഗ്‌ പറയുന്നോടാ നായേ..”

ശ്രവണമധുരമായ ശബ്‌ദത്തിന്‌ പകരം കചന്റെ അലർച്ച കേട്ട്‌ ആഞ്ജനേയൻ അമ്പരന്നു. രംഗം കൂടുതൽ വഷളാവാതിരിക്കാൻ വേണുമാഷും, ദേവസദസ്സിലെ അഭിനേതാക്കളും ഇടയിൽ മറപിടിച്ചുനിന്നു. ദേവേന്ദ്രൻ കചനെ വേദിയുടെ അരികിലേക്ക്‌ ഉന്തിമാറ്റി.

ഇതുവരെ അഭിനയിക്കാത്ത സീരിയസ്സ്‌ സീനാണ്‌ ഇവിടെ അരങ്ങേറുന്നതെന്ന്‌ ശ്രീധരന്‌ ബോധ്യം വരികയായിരുന്നു അപ്പോൾ!

“ട്യൂഷൻമാഷുടെ മോളെ പ്രേമിക്കുന്നതിൽ നിനക്കെന്താടാ പ്രശ്‌നം. ഇതുവരെയില്ലാത്ത ചൂണ്ടിപറച്ചിൽ ഇന്ന്‌ പുറത്തെടുക്കുന്നതിന്റെ ഉദ്ദേശം? ഞാൻ കിസ്സടിക്കുന്നത്‌ നീ കണ്ടിട്ടുണ്ടോടാ നായേ…. നിന്റെ പെങ്ങളെ മോഹിപ്പിച്ച്‌ ഞാൻ….”

പെങ്ങളെക്കുറിച്ച്‌ വേണ്ടാതീനം കേട്ടപ്പോൾ ശ്രീധരന്‌ സഹിക്കാൻ കഴിഞ്ഞില്ല. പ്രതീക്ഷിക്കാതെ വീശിയ അടിയിൽ കചന്റെ കിരീടം താഴേക്ക്‌ ഉരുണ്ടുവീണു.

ഉന്തും തളളും അലർച്ചയും മുഴങ്ങിയ വേദി ഒടുവിൽ ശാന്തമായത്‌ വേണുമാഷിന്റെ അവസരോചിത ഇടപെടലുകൾ മൂലമായിരുന്നു. സംവിധായകന്റെ വർത്തമാനത്തിൽ തണുത്ത്‌ ശ്രീധരൻ അയഞ്ഞു. സുധി പിന്നെയും എന്തൊക്കെയോ പുലമ്പിക്കൊണ്ടിരു​‍ുന്നു. ക്രമേണ ചുരുങ്ങി.

സ്‌ക്രിപ്‌റ്റിൽ ഉൾപ്പെടാത്ത യാതൊരു ഡയലോഗും ആരും പറഞ്ഞുപോകരുതെന്ന രചയിതാവിന്റെ വാണിങ്ങിൽ റിഹേഴ്‌സൽ വീണ്ടും ആരംഭിച്ചു. നിശബ്‌ദമായ ശാന്തതയിൽ ഓർഗണിന്റെ സ്വരം ഉണർന്നു. ചിലമ്പിച്ച ശബ്‌ദത്തിൽ വേണുമാഷ്‌ അണിയറയിൽ നിർദ്ദേശം നൽകി.

-ഈ ചെറിയ പാകപ്പിഴ ഒഴിച്ചാൽ ഫൈനൽ റിഹേഴ്‌സൽ ഗംഭീരമായിരുന്നു. എല്ലാവരും മത്സരിച്ചഭിനയിച്ചു. എങ്കിലും ശ്രീധരൻ തന്നെയാണ്‌ കസറിയത്‌. അഭിനന്ദനങ്ങൾക്ക്‌ കാത്‌ നൽകാതെ വേഷമൂരുന്ന ശ്രീധരനെ, കനത്ത ഒരു നോട്ടം നോക്കി സുധി സ്‌റ്റേജിറങ്ങി.

“നാളെ കൃത്യം ഏഴിന്‌”- വേണുമാഷ്‌ സുധി കേൾക്കെ വിളിച്ചുപറഞ്ഞു.

പിറ്റേന്ന്‌ സന്ധ്യക്ക്‌ ആദ്യമെത്തിയത്‌ ദേവേട്ടനായിരുന്നു. മേക്കപ്പ്‌ ബോക്‌സിലെ ചായങ്ങൾ മേശപ്പുറത്ത്‌ നിരത്തിവച്ച്‌ വർണ്ണക്കൂട്ടുകൾ ഒരുക്കുന്ന തിരക്കിലാണ്‌ അദ്ദേഹം. അല്‌പം കിറുങ്ങിയിട്ടുണ്ടെന്ന്‌ തോന്നുന്നു.

“വേഗം പോണം” – വേണുമാഷ്‌ തലകുലുക്കി.

ഉത്സവത്തിന്റെ അവസാനദിവസമായ ഇന്ന്‌ രാത്രി 12 മണിക്കാണ്‌ നാടകം. വിനുവിന്റെ അനൗൺസ്‌മെന്റ്‌ വാഹനം നാടുനീളെ അറിയിച്ചു കഴിഞ്ഞു.

തന്റെ കലാസപര്യയുടെ അഭിമാന മുഹൂർത്തമാണിതെന്ന്‌ വേണുമാഷിന്‌ തോന്നി. അമേച്വർവേദിയിൽ നിന്നും പ്രഫഷണൽ ടച്ചിലേക്കുളള യാത്ര! അവതരണം കസറിയാൽ കാത്തിരിക്കുന്നത്‌ തെക്കിന്റെ വിശാലലോകമാണ്‌. അരങ്ങേറ്റത്തിന്റെ നിമിഷങ്ങൾക്ക്‌ ഇനി മണിക്കൂറുകൾ മാത്രം…!

ഗ്രീന്റൂമിൽ ശബ്‌ദമാനമായ അനക്കങ്ങൾ. വേണുമാഷ്‌ ഗ്രീന്റൂമിലേക്ക്‌ നടന്നു.

ദേവേട്ടൻ സ്‌ത്രീകൾക്ക്‌ ചായമിടാൻ തുടങ്ങിയിരിക്കുന്നു. ശ്രീധരൻ തന്റെ ഗദ വർണ്ണകടലാസിൽ പൊതിയുന്നു.

“ദേവയാനീ തുണിമാറുമ്പോൾ പറയണേ”.

“എന്തിനാ?”

-നാരദവേഷം ധരിക്കുന്ന പ്രകാശന്‌ നേരെ ദേവയാനി മുരണ്ടു.

“അയ്യോ പെങ്ങളെ തെറ്റിദ്ധരിക്കല്ലേ. കർട്ടന്‌ ദ്വാരമുളളതാ.. അതിലൂടെ ആരെങ്കിലും ഒളിഞ്ഞുനോക്കാനെത്തും” – പ്രകാശൻ ചാടിയെഴുന്നേറ്റ്‌ കർട്ടന്‌ പിന്നിലെ കുഞ്ഞിക്കണ്ണുകളെ തുരത്തിയോടിച്ചു.

“സുധിയെവിടെ ശ്രീധരാ?”

“ഞാൻ കണ്ടില്ല മാഷേ.”

ആണുങ്ങൾ റെഡിയാവുക- ദേവേട്ടന്റെ അറിയിപ്പ്‌ ഗ്രീന്റൂമിൽ നിന്ന്‌.

ചിലപ്പോ സുധി വൈകുന്നത്‌ ഇന്നലത്തെ ദേഷ്യം തീരാഞ്ഞതുകൊണ്ടായിരിക്കുമോ? ശ്രീധരന്‌ തോന്നി. ശ്രീധരൻ പറഞ്ഞുഃ “ഞാൻ പോയി അന്വേഷിക്കാം മാഷേ.”

“ഏയ്‌ അതൊന്നും വേണ്ട. ശ്രീധരൻ മേയ്‌ക്കപ്പിനിരുന്നോളൂ…”

സമയം ചുരുങ്ങിയില്ലാതാകുമ്പോൾ വേണുമാഷിന്‌ വേവലാതി കൂടി. വേഷമിട്ട മുഖങ്ങൾ റെഡിയാവാൻ തുടങ്ങിയിരിക്കുന്നു. രമണിടീച്ചർ ദേവയാനിയുടെ കാലിൽ ചിലങ്കകെട്ടി പരിശോധിക്കുന്നു. ഇനി മേക്കപ്പിടാൻ സുധി മാത്രമെ ബാക്കിയുളളൂ. ദേവേട്ടൻ ചീത്തപറയാൻ തുടങ്ങി. വേണുമാഷിന്റെ നിർദ്ദേശപ്രകാരം സംഘാടകരിലൊരാൾ സുധിയുടെ വീട്ടിലേക്ക്‌ വിളിച്ചു.

“അവൻ നാടകത്തിനെന്നും പറഞ്ഞ്‌ ബാഗുമായി നേരത്തെ ഇറങ്ങി”- സുധിയുടെ അച്‌ഛന്റെ ടെലിഫോൺ ശബ്‌ദത്തിൽ വേണുമാഷ്‌ തളർന്നിരുന്നു.

വാർത്ത അണിയറയിൽ പ്രവേശിച്ചിട്ടില്ല. തബലയും ഹാർമോണിയവും പരസ്പരം മാറ്റ്‌ നോക്കുന്നു. പുല്ലാങ്കുഴലിന്റെ നിസ്വനം ഇടയിൽ കേട്ടു.

-അപ്രതീക്ഷിതമായി അരങ്ങിലേക്ക്‌ കയറിവന്ന അജ്ഞാതവാനായ ഒരു കഥാപാത്രം, കർട്ടൻപൊന്തിച്ച്‌ സ്‌റ്റേജിലേക്ക്‌ പ്രവേശിച്ചതും; വേഷങ്ങളണിഞ്ഞ്‌ കണ്ണാടിയിലഴക്‌ നോക്കുന്ന ശ്രീധരന്റെ കയ്യിലൊരു കുറിപ്പേൽപ്പിച്ച്‌ പിൻതിരിഞ്ഞതും ഇതിനിടയിലായിരുന്നു…

ശ്രീധരൻ കവറിലേക്ക്‌ നോക്കി. ടു.. മി.ശ്രീധരൻ!

“പ്രിയ ആഞ്ജനേയാ… – ശ്രീധരൻ കത്ത്‌ വായിച്ചു.

….. ശിഷ്യനായ്‌ അഭിനയിച്ച്‌ ഗുരുവിന്റെ മകളെ മോഹത്താൽ പൊതിഞ്ഞ്‌ ഒടുവിൽ മന്ത്രവും സ്വന്തമാക്കി കടന്ന്‌ കളഞ്ഞ കചാ- ഡയലോഗ്‌ കലക്കി. അപ്പോൾ ഞാൻ അഭിനന്ദിക്കാനുളള മൂഡിലായിരുന്നില്ല. എന്റെ തല്ല്‌ നിനക്ക്‌ വേദനിച്ചോ? ഞാൻ ഇന്ദ്രസദസ്സിൽ നിന്ന്‌ കചവേഷവും ധരിച്ച്‌ ഒളിച്ചോടുകയാണ്‌. പിന്നാലെ തിരയാൻ വന്നാലും പ്രയോജനമില്ല. പുതിയ കാലത്തിന്റെ പ്രണയസിദ്ധാന്തമറിയുന്ന ഈ കചനോട്‌ നീ ക്ഷമിക്കുക. മന്ത്രം മാത്രം സ്വന്തമാക്കിയല്ല ഞാൻ പോകുന്നത്‌. ഒപ്പം ട്യൂഷൻമാഷുടെ മകളുമുണ്ട്‌.

ഇനിയല്പം വേണുമാഷിനോട്‌…

-ആഞ്ജനേയവേഷം ധരിച്ച ശ്രീധരൻ വായന നിർത്തി പകച്ചുനിന്നു. റ്റാബ്ലോയിലെ ദൃശ്യംപോലെ!!

Generated from archived content: anjeyapuranam.html Author: libeeshkumar_pp

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅംബേദ്‌ക്കർ മാധ്യമ അവാർഡ്‌
Next articleഒന്ന്‌
1977 മെയ്‌ 10ന്‌ ജനനം. യുവമാനസ കഥ അവാർഡ്‌, ഒ.ഖാലിദ്‌ സാരക അവാർഡ്‌, അരങ്ങ്‌ കലാസാഹിത്യവേദി കഥാ അവാർഡ്‌ (ജിദ്ദ), കേരളോത്സവം സംസ്ഥാന കഥാസമ്മാനം തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതുന്നു. ജനപത്രം ഡെയ്‌ലിയുടെ റിപ്പോർട്ടറായിരുന്നു. ബി.എ. മലയാളം വിദ്യാർത്ഥിയാണ്‌. വിലാസംഃ പി.പി. ലിബീഷ്‌കുമാർ ഏച്ചിക്കൊവ്വൽ (പി.ഒ.) പീലിക്കോട്‌ കാസർഗോഡ്‌ ജില്ല Address: Phone: 0498 561575 Post Code: 671353

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here