സുലളിതപദവിന്യാസം

കലാമണ്ഡലത്തിലെ ആദ്യത്തെ വനിത പ്രിൻസിപ്പാൾ കലാമണ്ഡലം സത്യഭാമടീച്ചറുമായി അഭിമുഖം

**************************************************************************

പ്രശസ്തരായ ശിഷ്യഗണങ്ങളുടെ ഗുരുഭൂത. കല മോഷോപായമാക്കിയ മഹാനർത്തകി. ആത്മീയപൂർണ്ണതയുടെ ഉത്സവത്തിന്റെ മുപ്പത്തഞ്ചു വർഷങ്ങൾ പിന്നിട്ട കലാമണ്ഡലം സത്യഭാമടീച്ചർ കലാമണ്ഡലത്തിലെ ആദ്യകാല മോഹിനിയാട്ട നർത്തകിമാരിൽ ഒരാളാണ്‌. 1976-ൽ കേരള സംഗീതനാടക അക്കാദമി അവാർഡ്‌, 1988-ൽ കേരള കലാമണ്ഡലം അവാർഡ്‌, 1995-ൽ കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ്‌ എന്നിവയും, മുംബൈ സാംസ്‌കാരിക സംഘടനകളായ കേളി-പൃഥ്വി സുവർണ്ണകങ്കണവും നേടിയിട്ടുണ്ട്‌. ഷൊർണൂരിൽ വേണാട്ടുവീട്ടിൽ കഥകളി ആചാര്യനായ ശ്രീ പത്‌മനാഭൻ നായരോടൊപ്പം വിശ്രമജീവിതം നയിക്കുന്ന സത്യഭാമടീച്ചറുമായി നടന്ന കൂടിക്കാഴ്‌ചയുടെ പ്രസക്തഭാഗങ്ങൾ.

കലാമണ്ഡലത്തിലെ ആദ്യകാല വിദ്യാർത്ഥിനി എന്ന നിലയ്‌ക്കുളള അനുഭവങ്ങൾ?

എട്ടാം ക്ലാസ്സുപഠനം പൂർത്തിയാക്കി പതിനഞ്ചാം വയസ്സിലാണ്‌ 1951-ൽ ഞാൻ കലാമണ്ഡലത്തിൽ ചേർന്നത്‌. കഥകളിയിലും നൃത്തത്തിലും ഒരുപോലെ കമ്പമായിരുന്നു അന്ന്‌. കൃഷ്‌ണൻകുട്ടിവാരിയർ, അച്ചുതവാരിയർ, രാജരത്നംപിളള, ഭാസ്‌കരറാവു എന്നിവരുടെ കീഴിൽ ആറുവർഷം ഭരതനാട്യവും, തുടർന്ന്‌ തോട്ടശ്ശേരി ചിന്നമ്മു അമ്മയുടെ കീഴിൽ മോഹിനിയാട്ടവും പരിശീലിച്ചു. അന്ന്‌ മോഹിനിയാട്ടത്തിന്‌ ആകെ നാലിനങ്ങൾ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. അതുകൊണ്ട്‌ ഭരതനാട്യത്തിന്റെ കൂട്ടത്തിൽ മോഹിനിയാട്ടവും ഒരിനമായി വേദിയിൽ അവതരിപ്പിക്കുകയായിരുന്നു പതിവ്‌. മോഹിനിയാട്ടം ഒറ്റയ്‌ക്ക്‌ വേദിയിൽ അവതരിപ്പിക്കണമെങ്കിൽ അതിൽ കുറെക്കൂടി അടവുകൾ ആവശ്യമായിരുന്നു. അതുകൊണ്ട്‌ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ കീഴിൽ ചൊൽക്കെട്ടും, പദവും പഠിച്ചു. പക്ഷെ, അതുകൊണ്ടും വേദിയിൽ മോഹിനിയാട്ടം ഒരിനമായി അവതരിപ്പിക്കാനാവാതെ വന്നപ്പോൾ ധാരാളം വർണ്ണങ്ങൾ പഠിക്കേണ്ടതായി വന്നു. നൃത്തം തപസ്യയാക്കി മാറ്റിയ കാലമായിരുന്നു പിന്നീടങ്ങോട്ട്‌. അഭിനയ സാധ്യത കൂടുതലുളള കാലമായതുകൊണ്ട്‌ വിന്യസിക്കാൻ പറ്റുന്ന വർണ്ണങ്ങൾ ചിട്ടപ്പെടുത്തേണ്ടിവന്നു. ജതി ഇല്ലാതെ അടവുകൾ ചിട്ടപ്പെടുത്താൻ കഠിനശ്രമം തന്നെ വേണ്ടിവന്നു. അടവും പദങ്ങളും സമന്വയിപ്പിക്കാനുളള ശ്രമം ഫലപ്രാപ്തിയിലെത്തി.

“പതിമുഖിബാലേ, തരുണീ ഞാനെന്തുചെയ്‌വൂ,

കരുണചെയ്‌വാനെന്തു താമസം കൃഷ്‌ണാ.

ഇളതളിർശയനേ, പഞ്ചബാണൻ തന്നുടയ,

സുന്ദരശൃണകാന്താ, കാന്താ തവ പിഴ ഞാൻ” എന്നിങ്ങനെ വിന്യസിക്കാൻ പറ്റുന്ന നാല്പതോളം വർണ്ണങ്ങൾ ചിട്ടപ്പെടുത്തി. കഥകളി ആചാര്യനായ എന്റെ ഭർത്താവ്‌ ശ്രീ പത്‌മനാഭൻനായർ, ശ്രീ. എൻ.കെ.വാസുദേവപ്പണിക്കർ, മൃദംഗ പണ്ഡിതൻ ശ്രീ രാമകൃഷ്‌ണസ്വാമി, കിളളിമംഗലം വാസുദേവൻ നമ്പൂതിരി, ഇളയത്‌ മാസ്‌റ്റർ, പ്രശസ്തസംഗീതജ്ഞ ശ്രീമതി സുകുമാരി, നരേന്ദ്രമേനോൻ എന്നിവരുടെയെല്ലാം സഹായത്തോടെയാണ്‌ എല്ലാം ചിട്ടപ്പെടുത്തിയത്‌. കലാമണ്ഡലം സിലബസ്സിൽ, എന്റെ ചില വർണ്ണങ്ങളെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്‌.

കലാമണ്ഡലത്തിലെ ആദ്യകാല നർത്തകി എന്നതിലുളള സംതൃപ്‌തി?

1957-ൽ കേരള കലാമണ്ഡലത്തിൽ അഡിഷണൽ അധ്യാപികയായി മഹാകവി വളളത്തോൾ നാരായണമേനോൻ എന്നെ നിയമിച്ചു. 1964-ൽ പ്രധാന അധ്യാപികയായി. 1952-ൽ മഹാകവി വളളത്തോളിന്റെ നേതൃത്വത്തിൽ കലാമണ്ഡലം ട്രൂപ്പിൽ മലയ, സിംഗപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനം നടത്താനായത്‌ അപൂർവ്വ ഭാഗ്യം തന്നെയായിരുന്നു.

കഥകളിയുമായുളള അടുപ്പം?

1958-ൽ കഥകളി ആചാര്യനായ ശ്രീ പത്മനാഭൻ നായരുടെ സഹധർമ്മിണിയായി. അദ്ദേഹം തന്നെയാണ്‌ എന്നെ കഥകളി പരിശീലിപ്പിച്ചത്‌. കിർമ്മീരവധത്തിലെ ലളിതയായാണ്‌ ആദ്യം വേഷമിട്ടത്‌. പാഞ്ചാലി, പൂതനാമോഷം എന്നീ കളികളിൽ സ്ര്തീവേഷം തന്നെയാണ്‌ കെട്ടിയത്‌. തുടർന്ന്‌ ഉത്തരാസ്വയംവരത്തിലെ ഭാനുമതിയുടെ ‘സുന്ദരാശൃണുകാന്താ’ എന്ന പദം കാംബോജിരാഗത്തിൽ ചിട്ടപ്പെടുത്തി. കഥകളിയിലെ ചില പദങ്ങൾ ഏറെ ലളിതവൽക്കരിച്ച്‌ മോഹിനിയാട്ടരൂപത്തിലാക്കിയിട്ടുണ്ട്‌.

മോഹിനിയാട്ടത്തിലെ ആധുനികത?

പുരാണകഥകളെല്ലാം തന്നെ അതേരീതിയിൽ കാണുന്നതാണ്‌ ഭംഗി. വേഷവും ലാസ്യഭാവവുമെല്ലാം മോഹിനിയാട്ടത്തിന്റെ മാത്രം പ്രത്യേകതകളാണ്‌. അതുകൊണ്ടുതന്നെ അതെല്ലാം മാറ്റിമറിക്കുന്നതിനോട്‌ യോജിക്കാനാവുന്നില്ല. അതുപോലെതന്നെ യുവജനോത്സവങ്ങൾക്കു വേണ്ടിയുളള കാപ്‌സ്യൂൾ നൃത്തത്തോടും വിയോജിപ്പാണ്‌. നൃത്തത്തെ ആത്മാർത്ഥതയോടെ, അർപ്പണബോധത്തോടെ രണ്ടുകയ്യും നീട്ടി സ്വീകരിക്കാൻ പുതിയ തലമുറക്കുകഴിയണം എന്നാണ്‌ എന്റെ ആഗ്രഹം.

Generated from archived content: interview_jan8.html Author: lekshmidevi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English