ദാമ്പത്യം

“ഈശ്വരാ, ഇന്നു കാണുന്ന പെണ്ണിനെയെങ്കിലും ഇവനു പിടിച്ചാൽ മതിയായിരുന്നു.” അമ്മയുടെ ഉറക്കെയുളള ആത്മഗതം കുഞ്ഞിരാമൻ പതിവുപോലെ കേട്ടില്ലെന്നു നടിച്ചു. എങ്കിലും അയാളുടെ ഹൃദയമിടിപ്പും ഉയർന്നിരുന്നു.

വയസ്സ്‌ മുപ്പത്തഞ്ചായി കുഞ്ഞിരാമന്‌. വരനുവേണ്ട യോഗ്യതകളെല്ലാം തന്നെയുണ്ട്‌. വീട്‌, വീടിനടുത്തുതന്നെ തരക്കേടില്ലാത്ത ഒരു ഉദ്യോഗം, അത്യാവശ്യത്തിന്‌ ഭൂസ്വത്ത്‌, അമ്മ മാത്രമുളള പ്രാരാബ്‌ധമില്ലാത്ത കുടുംബം-ഏതു പെൺകുട്ടിയുടെ അച്‌ഛനും സ്വീകാര്യനായ ഒരു വരൻ. പക്ഷേ പറഞ്ഞിട്ടെന്താ കാര്യം, അവനവനുതന്നെ സ്വയം സ്വീകാര്യനായില്ലെങ്കിൽ. തന്നെപ്പറ്റിയുളള അപകർഷതാബോധം കുഞ്ഞിരാമന്‌ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സൗന്ദര്യമില്ലെങ്കിലും ഓമനത്തമുളള ഒരു മുഖവും ഉരുണ്ടദേഹവും നിഷ്‌കളങ്കത ദ്യോതിപ്പിക്കുന്ന കണ്ണുകളും വിധാതാവ്‌ കുഞ്ഞിരാമന്‌ നല്‌കിയിരിക്കുന്നതാണ്‌ കുഞ്ഞിരാമന്റെ അപകർഷതയ്‌ക്ക്‌ കാരണം.

മീശ കുരുക്കുന്ന കൗമാരപ്രായത്തിൽ കൂടെ പഠിക്കുന്ന പെൺകൊടിമാരിൽനിന്ന്‌ പ്രേമപൂർവ്വമുളള ഒരു നോട്ടത്തിനായി കുഞ്ഞിരാമൻ ദാഹിച്ചിരുന്നു. നിഷ്‌കളങ്കമെന്നു തോന്നിക്കുന്ന അവന്റെ കണ്ണുകളിലേയ്‌ക്ക്‌ നോക്കി അവർ വാത്സല്യപൂർവ്വം പുഞ്ചിരിക്കുമ്പോൾ കുഞ്ഞിരാമന്‌ ദേഹം ചൂളിപ്പോകുന്നതുപോലെ തോന്നും. അറ്റകൈക്കാണ്‌ ഒരു ദിവസം പ്രാക്‌ടിക്കൽ ക്ലാസിൽവച്ച്‌ ഒപ്പം പരീക്ഷണത്തിലേർപ്പെട്ടിരുന്ന ശില്പാമേനോന്റെ മെലിഞ്ഞു വെളുത്തു നീണ്ട മനോഹരമായ വിരൽത്തുമ്പിൽ ഒന്നു തലോടിയത്‌. ആദ്യം അത്ഭുതപ്പെട്ടൊന്നു നോക്കിയെങ്കിലും ദേഷ്യം ലേശമില്ലാതെ, കുഞ്ഞിരാമന്റെ ഓമനമുഖത്ത്‌ വാത്സല്യപൂർവ്വം അവൾ തിരിച്ചു തലോടിയത്‌ കുഞ്ഞിരാമന്റെ പൗരുഷത്തിന്‌ ആദ്യമേറ്റ ആഘാതമായിരുന്നു. പിന്നീടും ഒരു പെൺകുട്ടിയും അവനെ പ്രേമിച്ചിട്ടില്ലെന്നു മാത്രമല്ല, പ്രേമപൂർവ്വം ഒന്നു കടാക്ഷിച്ചിട്ടു പോലുമില്ല.

അങ്ങനെ സ്വന്തം പൗരുഷത്തിൽ സംശയാലുവായ കുഞ്ഞിരാമനെ സമാശ്വസിപ്പിക്കാൻ ഉറ്റസുഹൃത്തുക്കളാരും തന്നെ ഉണ്ടായിരുന്നില്ല. പൈസ കൊടുത്ത്‌ പൗരുഷം പരീക്ഷിക്കാനുളള ധൈര്യവും അവനുണ്ടായില്ല. എന്തിനും അമ്മയുടെ നിഴലുമാത്രമായി നടക്കുന്ന കുഞ്ഞിരാമന്‌ ഉറപ്പായിരുന്നു, തന്റെ വിവാഹം ഒരു പരാജയമായിരിക്കുമെന്ന്‌. അതുകൊണ്ടുതന്നെ വരുന്ന എല്ലാ വിവാഹാലോചനകളും എന്തെങ്കിലും കാരണം പറഞ്ഞ്‌ അയാൾ തട്ടിനീക്കുകയായിരുന്നു.

‘പെണ്ണുകാണൽ’ എന്ന ചടങ്ങിനെക്കുറിച്ചോർക്കുമ്പോൾത്തന്നെ കുഞ്ഞിരാമൻ വിയർക്കാൻ തുടങ്ങും. അധികം ആലോചനകളും ഫോട്ടോ കണ്ടുതന്നെ തിരിച്ചയച്ച്‌ അവസാനിപ്പിച്ചു. നിർബ്ബന്ധം സഹിക്കാനാകാതെ പോയ ഒന്നു രണ്ടിടങ്ങളിൽ അയാൾ മുഖമുയർത്തി ഒന്നു നോക്കിയതുപോലുമില്ല. അല്ലെങ്കിൽത്തന്നെ, പെണ്ണുങ്ങളോടെന്നല്ല, ഏതപരിചിതരോടാണെങ്കിൽത്തന്നെയും കുഞ്ഞിരാമന്‌ പരിഭ്രമമാണ്‌, എന്താണ്‌ സംസാരിക്കേണ്ടത്‌ എന്ന്‌.

കുഞ്ഞിരാമന്‌ ഈ ലോകത്തിൽ സംസാരിക്കാൻ താല്പര്യമുളള ഏക വിഷയം പാചകമാണ്‌. വിവിധതരം പാചകങ്ങൾ, വിവിധനാട്ടിലെ പാചകരീതികൾ, ഓരോന്നിലേയും പ്രത്യേക ചേരുവകൾ, ചേരുവകൾ വ്യത്യാസപ്പെടുത്തിയാൽ കിട്ടുന്ന പ്രത്യേക ഗന്ധങ്ങളും രുചികളും; എന്നുവേണ്ട പാചകത്തിനെ സംബന്ധിച്ച്‌ ഒരു ഡോക്‌ടറേറ്റ്‌ നേടാനുളള വിവരമുണ്ട്‌ കുഞ്ഞിരാമന്‌. പക്ഷേ പറഞ്ഞിട്ടെന്താ കാര്യം ഓഫീസിലോ നാട്ടിലോ നിത്യം കാണുന്ന ഒരാൾക്കുപോലും കുഞ്ഞിരാമനുമായി പാചകവിശേഷം ചർച്ചചെയ്യാൻ താല്പര്യമില്ല. അതല്ലാതെ മറ്റൊരു വിഷയത്തെപ്പറ്റി സംസാരിക്കാൻ കുഞ്ഞിരാമനുമറിയില്ല. അങ്ങനെയങ്ങനെ അയാൾ സ്വയം സ്വന്തം പുറംതോടിനുളളിലേയ്‌ക്ക്‌ ചുരുങ്ങുകയായിരുന്നു.

“കുഞ്ഞിരാമാ, ഇന്നുകാണാൻ പോണ കുട്ടി നെനക്ക്‌ നല്ലോണം ചേരും ന്നാ വടക്കേലെ കുഞ്ഞനന്തൻ പറഞ്ഞത്‌. അവന്റെ വകേലെ ഒരു ബന്ധുവാത്രേ ആ കുട്ടി. പാചകത്തിലൊക്കെ നല്ല വൈഭവം ണ്ട്‌ ന്നാ പറഞ്ഞത്‌.” അമ്മ വിടാൻ ഭാവമില്ല.

“ഡാ, നീയാ കുട്ട്യോട്‌ എന്തെങ്കിലും ഒന്ന്‌ മിണ്ടണംട്ടൊ.”

പെണ്ണിന്റെ വീടടുക്കുന്തോറും അവളോടെന്താ ചോദിക്കേണ്ടത്‌ എന്നുവെച്ച്‌ വേവലാതിപ്പെടുകയായിരുന്നു കുഞ്ഞിരാമൻ. ഒടുക്കം ആ മുഹൂർത്തമെത്തി.

“ഒന്ന്‌ ഓൾടെ മുഖത്തയ്‌ക്കൊന്നു നോക്കെന്റെ കുഞ്ഞിരാമാ” പെൺവീട്ടിലെത്തിച്ചേർന്ന കുഞ്ഞനന്തേട്ടന്റെ വാക്കുകൾ എല്ലാവരേയും പൊട്ടിച്ചിരിപ്പിച്ചു.

മുഖത്തേയ്‌ക്ക്‌ നോക്കാൻ കുഞ്ഞിരാമൻ ആഗ്രഹിച്ചെങ്കിലും തന്റെ മിഴികൾ അവളുടെ കഴുത്തിനു മുകളിലേയ്‌ക്കയക്കാൻ അയാൾക്കായില്ല. സൗദാമിനി അതായിരുന്നു അവളുടെ പേര്‌- അകത്തേയ്‌ക്ക്‌ പോയപ്പോൾ കുഞ്ഞിരാമന്‌ അല്പം ആശ്വാസമായി.

പക്ഷേ പിന്നീട്‌ സംഭവിച്ചത്‌ തികച്ചും അപ്രതീക്ഷിതമായിരുന്നു.

“അവ്‌ര്‌ക്ക്‌ വല്ലതും സംസാരിക്കാനുണ്ടാവും. കുഞ്ഞിരാമാ, നീയാ മുറീലിയ്‌ക്ക്‌ പൊക്കോ” എന്നാരോ പറഞ്ഞതും ആരൊക്കെയോ ചേർന്ന്‌ അയാളെ സൗദാമിനിയുടെ മുറിയിലേയ്‌ക്കെത്തിച്ചതും എല്ലാം പെട്ടെന്നായിരുന്നു.

എന്തായാലും ഇപ്പോൾ അയാൾ സൗദാമിനിയുടെ മുഖം നേരിട്ടു കണ്ടു. ഒന്നു ചിരിക്കാൻ ശ്രമിച്ചു. പക്ഷേ അയാളുടെ പരിഭ്രമവും വിളറിയ ചിരിയും കണ്ട്‌ സൗദാമിനിയുടെ ചുണ്ടിൽ വിടർന്നത്‌ അയാൾ മോഹിച്ചിരുന്ന നാണമുളള ചിരിയായിരുന്നില്ല.

എന്തെങ്കിലും ചോദിക്കണ്ടേ, പേര്‌ സൗദാമിനി എന്നാണെന്നറിയാം. പിന്നെ പേരെന്താണ്‌ എന്ന്‌ ചോദിക്കുന്നത്‌ ശരിയല്ലല്ലോ. എന്താണ്‌ ചോദിക്കുക?….

പെട്ടെന്നാണ്‌ അയാളുടെ മനസ്സിൽ അല്പം മുൻപു കഴിച്ച പലഹാരങ്ങളുടെ കൂട്ടത്തിലെ അയാൾക്കപരിചിതമായ ആ സ്വാദ്‌ ഓർമ്മവന്നത്‌. അയാളുടെ നാട്ടിലില്ലാത്ത ആ പലഹാരം അന്നേവരെ അയാൾ നടത്തിയ ഗവേഷണത്തിലെവിടെയും പ്രത്യക്ഷമാകാത്ത ഒന്നുമായിരുന്നു.

സംസാരിക്കാൻ വിഷയം കിട്ടിയ ആഹ്ലാദത്തോടെ കുഞ്ഞിരാമൻ ചോദിച്ചു.

“ആ കൊഴക്കട്ടട പോലത്തെ പലഹാരത്തിന്റെ പേരെന്താ? പക്ഷേ അതിന്‌ കൊഴക്കട്ടടെ സ്വാദല്ലല്ലോ”

കുഞ്ഞിരാമന്റെ ചോദ്യം കേട്ട്‌ സൗദാമിനിക്ക്‌ ചിരിയടക്കാനായില്ല. പൊട്ടിപ്പൊട്ടിയൊഴുകുന്ന ആ കളകളാരവത്തിൽനിന്ന്‌ രക്ഷപ്പെടാൻ കൂടുതലൊന്നും ചോദിക്കാതെ അയാൾ വേഗം മുറിയിൽനിന്ന്‌ പുറത്തേയ്‌ക്ക്‌ കടന്നു.

സൗദാമിനിയുടെ ചിരി പുറത്തുനിന്നവരും കേട്ടിരുന്നു. പരസ്പരം ഇഷ്‌ടമായോ എന്ന്‌ ആർക്കും സംശയമുണ്ടായിരുന്നില്ല. അന്നുതന്നെ വിവാഹത്തിന്റെ തീയതി കൂടി ഉറപ്പിച്ചിട്ടേ കുഞ്ഞിരാമന്റെ അമ്മ മടങ്ങിയുളളൂ.

സൗദാമിനിയെ കുഞ്ഞിരാമന്‌ ഇഷ്‌ടമായിരുന്നു. എന്നാലും തന്നെപ്പറ്റിയുളള സംശയം അയാളെ വല്ലാതെ അലട്ടിയിരുന്നു. വിവാഹത്തിനുമുൻപ്‌ ഒരു തവണകൂടി സൗദാമിനിയെ കാണാനോ സംസാരിക്കാനോ അമ്മ നിർബ്ബന്ധിച്ചെങ്കിലും അയാൾക്ക്‌ ധൈര്യമുണ്ടായിരുന്നില്ല.

വിവാഹദിനമെത്തി. പെരുമ്പറ കൊട്ടുന്ന ഹൃദയവുമായാണ്‌ വിവാഹപ്പന്തലിലേയ്‌ക്ക്‌ കുഞ്ഞിരാമൻ കയറിയത്‌. സൗഭാമിനിയുടെ മുഖത്തെ കളളച്ചിരി ഒളിക്കണ്ണിലൂടെ അയാൾ കണ്ടു. വിറയ്‌ക്കുന്ന കൈകളോടെ….അവളുടെ കഴുത്തിൽ കെട്ടിയ ആ താലിയുടെ ഉടമ എന്നും താൻ തന്നെയായിരിക്കണമേ എന്നയാൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.

ബന്ധുജനങ്ങളെല്ലാം ഒഴിഞ്ഞു…നാഴികവിനാഴികകൾ കൊഴിഞ്ഞു പോയി….അന്നത്തെ രാത്രിയെ നേരിടേണ്ടതെങ്ങനെയെന്നറിയാതെ അയാൾ വീർപ്പുമുട്ടി. ഒടുവിൽ അയാൾ അമ്മയോടു പറഞ്ഞു.

“അമ്മേ, ന്ന്‌ സൗദ നിങ്ങൾടെകൂടെ കെടന്നോട്ടെ. ന്നെ അവള്‌ക്ക്‌ ഒട്ടും പരിചല്യാലോ.”

“ഫ….” അമ്മ ജ്വലിക്കുന്ന കണ്ണുകളോടെ അവനെ ഒരാട്ടാട്ടി.

പത്തുമണിക്കുമാത്രം കിടക്കാറുളള കുഞ്ഞിരാമൻ നേരത്തെതന്നെ ഉറക്കറയിൽ കയറിക്കൂടി. പുത്തൻ വിരിവിരിച്ച ഇരട്ടക്കിടക്കയുടെ മാർദ്ദവം അയാളിൽ വിറയലുണ്ടാക്കി.

മിനിട്ടുകൾക്ക്‌ മണിക്കൂറുകളുടെ ദൈർഘ്യം….അല്പസമയത്തിനകം മുറിയിലേയ്‌ക്ക്‌ കയറിവരുന്ന പാദസ്വരങ്ങളുടെ കിലുക്കം….

പുറംതിരിഞ്ഞ്‌ ജനലഴിയിൽ പിടിച്ച്‌ പുറത്തേയ്‌ക്കുനോക്കിനിന്ന അയാളുടെ തോളത്ത്‌ മാർദ്ദവമേറിയ ഒരു കരസ്പർശം….ദേഹത്ത്‌ ഒരു ഭാരം വന്നുവീണപോലെ അതയാളെ ഞെട്ടിച്ചു.

അയാളുടെ പരിഭ്രമിച്ച മുഖത്തുനോക്കി സൗദ ചിരിച്ചു. …വളരെ മനോഹരമായി….

“കുഞ്ഞിരാമേട്ടന്‌ പെണ്ണുങ്ങളെ പേട്യാ?” അവൾ ചോദിച്ചു.

അല്ലെന്ന അർത്ഥത്തിൽ അവൻ തലയാട്ടി.

“പിന്നെന്തിനാ ഞാൻ അമ്മടെ കൂടെ കെടന്നോട്ടെന്ന്‌ പറഞ്ഞത്‌?”

കുഞ്ഞിരാമൻ ഒന്നും മിണ്ടിയില്ല.

ഏതാനും നിമിഷം അന്തരീക്ഷത്തിൽ ഘനീഭവിച്ചു കിടന്ന മൗനം നിത്യമായുണ്ടാകാനിടയുളള മൂകതയ്‌ക്ക്‌ മുന്നോടിയായിരിക്കുമോ എന്ന്‌ കുഞ്ഞിരാമൻ ഭയന്നു.

പെട്ടെന്നാണ്‌ സൗദയുടെ മുഖത്ത്‌ പഴയ കളളച്ചിരി ഓടിയെത്തിയത്‌.

“കുഞ്ഞിരാമേട്ടാ, നൊമ്മടെ കല്യാണത്തിന്റെ സദ്യ ഗംഭീരായി അല്ലേ?”

കുഞ്ഞിരാമന്‌ സന്തോഷമായി. അയാൾ പറഞ്ഞു.

“അതെ. നിങ്ങള്‌ വടക്കര്‌ടെ ചിട്ടയിൽ നടത്തിയ സദ്യ ഇത്ര നന്നായി എവിടെയും നിയ്‌ക്ക്‌ തോന്നീട്ടില്യ.”

“എരിശ്ശേരിക്ക്‌ നാളികേരം വറക്ക്‌മ്പൊ കുറച്ച്‌ കടലപ്പരിപ്പും കൂടിച്ചേർക്കണംന്ന്‌ ദേഹണ്ണക്കാരനോട്‌ ഞാൻ പ്രത്യേകം പറഞ്ഞ്‌ ചെയ്യിച്ചതാ.”

“അത്യോ, ആ എരിശ്ശേര്യന്യാ നിക്ക്‌ ഏറ്റം അധികം പിടിച്ചത്‌.”

“കൈതച്ചക്കക്കൂട്ടാന്‌ കൈതച്ചക്ക ഇവ്‌ടെ കിട്ടാഞ്ഞ്‌ട്ട്‌ കെഴക്കൻ നാട്ടീന്ന്‌ കൊണ്ടരണ്ടി വന്നു.”

“ന്നാ ന്താ, ആ കൂട്ടാന്റെ സ്വാദ്‌ ഇപ്പഴും നാവ്‌ന്ന്‌ പോയിട്ടില്യ.”

സാമ്പാറുപൊടിയുടെ പ്രത്യേകതയും, രസത്തിൽ കായം സാധാരണയിൽ അല്പം അധികം ചേർത്തപ്പോഴുണ്ടായ അധികരുചിയും, ഇഞ്ചിക്കറിയുടെ കൂടെ മല്ലിയിലയും നാളികേരവും ചേർത്തരച്ചപ്പോൾ കിട്ടിയ പുതിയ ഉപദംശവും…

അങ്ങനെ…അങ്ങനെ….അങ്ങനെ….

രുചിയുടെ, വാസനയുടെ, ഗന്ധങ്ങളുടെ….അനുഭൂതികളുടെ….നിർവൃതിയുടെ….അഗാധതലങ്ങളിലേയ്‌ക്ക്‌ അവർ ആഴ്‌ന്നാഴ്‌ന്നിറങ്ങുകയായിരുന്നു.

Generated from archived content: story1_july7.html Author: leena_ts

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here