‘നോ’ എന്നു പറയാത്ത കാര്യങ്ങള്‍

അന്‍സിഫ് അഷറഫിന്റെ ‘വ്യാപാരത്തിന്റെ പുതിയ നടപ്പുകള്‍ ’ എന്ന പുസ്തകത്തിന്റെ വിഷയം ബിസിനസ്സ് ആണെങ്കിലും ഇത് അത്യന്തം ഹൃദ്യവും പ്രചോദനാത്മകവുമായ ഒരു വായനാനുഭവമാണ് തരുന്നത് . സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് താന്‍ ഈ കൃതി രചിച്ചതെന്ന് അന്‍സിഫ് പറയുന്നത് വായനയിലുടനീളം സത്യസന്ധമായി ബോധ്യപ്പെടുന്നുണ്ട് . ഒരു ബിസിനസ്സുകാരന്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതിസന്ധികളും അവയെ തരണം ചെയ്തുകൊണ്ടുള്ള മുന്നേറ്റവും പ്രതിപാദിക്കുന്ന ഇതിലെ വസ്തുതകള്‍ ജീവിതവിജയം തേടുന്നവര്‍ക്കെല്ലാം വഴികാട്ടിയാണ് . തകര്‍ച്ചയിലും തകരാതെ എങ്ങനെ കുതിക്കാം എന്നതിന് ഈ പുസ്തകം ന‍ല്‍കുന്നത് വലിയ പ്രസക്തിയാണ് .

ഈ പുസ്തകം പ്രചോദനമാകുന്നത് , അന്‍സിഫിന്റെ വിദ്യാഭ്യാസകാലം മുതല്‍ മനസ്സില്‍ ഉറങ്ങിക്കിടന്ന ബിസിനസ്സ് മോഹത്തെ രക്ഷിതാക്കള്‍ അവരുടെതായ കാരണങ്ങളാല്‍ തല്ലിക്കെടുത്താന്‍ ശ്രമിച്ചിട്ടും അണയാത്ത ദീപമായി സൂക്ഷിച്ച് വികസിച്ചുവരുന്ന ടെക്നോളജിയുടെ ഉപയോഗത്താല്‍ നിതാന്ത പരിശ്രമങ്ങളില്‍ക്കൂടി ഒരു ആഗോള ബിസിനസ്സ് നെറ്റ്വര്‍ക്ക് കെട്ടിപ്പടുക്കാന്‍ സാധിച്ചതിനാലാണ് . “വിജയം വലിയൊരു ബൃഹദ് പദ്ധതിയാണ് . ഒരു ദിവസം കൊണ്ട് വാര്‍ത്തെടുക്കേണ്ട്തല്ല അത് ” എന്ന് പറയുന്ന ഗ്രന്ഥകാരന്‍ അതിനാവശ്യമായ മോട്ടിവേഷനും ആശയവും ലക്ഷ്യബോധവും ഉണ്ടാകണമെന്ന് ഊന്നിപറയുമ്പോള്‍ തരുന്ന മറ്റൊരു സന്ദേശം “നോ” എന്ന വാക്ക് നമ്മുടെ നിഘണ്ടുവിലില്ല എന്ന് മാത്രമേയുള്ളൂ എന്നതാണ് . എന്റെയും മുദ്രാവാക്യം ഇതുതന്നെയായതിനാല്‍ ഞാന്‍ ഗ്രന്ഥകാരനെ അഭിനന്ദിക്കുന്നു .

ഭാവനയില്‍ പങ്കുചേരാത്ത കാര്യകാരണങ്ങളോടെ യാഥാര്‍ത്ഥ്യങ്ങളിലൂന്നിയാണ് ഗ്രന്ഥകാരന്‍ സംസാരിക്കുന്നത് . നമുക്കറിയാവുന്നതും എന്നാല്‍ നാം തന്നെ മറന്നുപോയതുമായ കാര്യങ്ങള്‍ അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു . ശ്രദ്ധിക്കാതെ വിട്ടുകളയുന്നവരുടെ പ്രാധാന്യം വസ്തുതാപരമായി ബോധ്യപ്പെടുത്തുന്നു . ജീവിതശൈലിയുടെ പ്രതിഫലനമാണ് വിജയവും ആരോഗ്യമെന്നും സ്വയം അംഗീകരിച്ചാല്‍ മാത്രമേ മറ്റുള്ളവരെ അംഗീകരിക്കാന്‍ കഴിയുവെന്നും അന്‍സിഫ് പറയുന്നു . വളര്‍ച്ചയ്ക്ക് അതിര്‍ത്തിയില്ല. ഉപഗ്രഹമാകാതെ വലയം ഭേദിച്ച് വിശ്വാസത്തോടെ മുന്നേറാന്‍ ഉല്‍ബോധിപ്പിക്കുന്നത് വികാസത്തിന്റെ അടിത്തറ വിശ്വാസമാണെന്നുറപ്പിച്ചാണ് .

ഉള്ളറിവിനെപ്പറ്റി പ്രതിപാദിക്കുന്ന അധ്യായവും പ്രവൃത്തിയിലൂടെ നിയോഗ ബാധ്യത , സന്തോഷം മുഖം മൂടി മാറ്റിയ ദു:ഖമാണ് എന്നെല്ലാം പറയുമ്പോഴും മനസ്സിന്റെ സ്വസ്ഥതയുടെ ആവശ്യം ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട് . ഉള്ളറിവ് ഉള്ളില്‍ നിന്നുണ്ടാവുന്നതാണ് . ചെവി ദാഹിക്കുന്നത് ഹൃദയത്തില്‍ നിന്ന് കേള്‍ക്കാനാണ് . മനുഷ്യന്‍ അറിവ് സ്വായത്തമാക്കുന്നത് സ്വന്തം ജീവിതത്തില്‍ നിന്നാണെന്നാണ് ജീവിതവിജയം കൈവരിച്ച ഗ്രന്ഥകാരന്റെ അഭിപ്രായം .

ഈ പുസ്തകത്തിന് ബഹുവിധ തലങ്ങളുണ്ട് . ഒരു മനുഷ്യനെ വിജയത്തിലേക്ക് നയിക്കാന്‍ ഇന്ദ്രജാലങ്ങ്ലില്ലെന്ന് ഈ കൃതി പറയുന്നുണ്ട് . ആരേയും അംബാനിയാക്കാനല്ല ഈ പുസ്തകമെന്നും ആദ്യമേ സൂചിപ്പിക്കുന്നുണ്ട് . പ്രായോഗിക വഴികളിലൂടെ സഞ്ചരിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഈ കൃതി നല്ലൊരു ബിസിനസ്സുകാരനെപോലെ നല്ലൊരു മനുഷ്യനെക്കൂടി ലക്ഷ്യമിടുന്നു . ബിസിനസ്സിന്റെ മികവ് മാനുഷികതയുടെ മികവു കൂടിയാണെന്ന് വ്യക്തം. മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളേയും മൂല്യങ്ങളേയും മാനിക്കണമെന്ന് ഉദ്ബോധിപ്പിക്കുന്നുണ്ട് ഈ രചന. ആത്മീയ,വൈകാരിക, ലൈംഗീക തലങ്ങളും വിജയപഥായയില്‍ കൂടിയുള്ള നടത്തത്തില്‍ ഒപ്പമുണ്ടെന്നും രതിക്ക് ഉചിതമായ വിശുദ്ധിയുണ്ടെന്നും ഈ രചന മുന്നോട്ടുവെക്കുന്നുണ്ട് . ആത്മീയത തേടി മതങ്ങളില്‍ കൂടി സഞ്ചരിക്കുമ്പോള്‍ എല്ലാ മതങ്ങളുടെയും സാരം സത്യവും നീതിയുമാണെന്ന് മനസ്സിലാക്കുന്നു . അതിനെ നിഷേധിക്കുന്നവര്‍ സത്യത്തെ മൂടിവെക്കുകയാണ് .

വ്യാപാര സംബന്ധമായി വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള ഗ്രന്ഥകാരന്‍ അവിടത്തെ കച്ചവട താല്പര്യങ്ങളെയും നിയമങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട് . പുതുസംരംഭകരെ പ്രോത്സാഹിപ്പിക്കാനുതകുന്ന അറിവുകള്‍ പ്രദാനം ചെയ്യുന്നതോടൊപ്പം പല തെറ്റിദ്ധാരണകളും നീക്കുന്നു . പല രാജ്യങ്ങളെക്കുറിച്ച് കേവലം കേട്ടറിവുകളുടെയും നിഗമനങ്ങളുടെയും പിന്‍ബലത്തില്‍ ഉറപ്പിക്കുന്ന കാര്യങ്ങള്‍ അസ്ഥാനത്താണെന്ന് ചൂണ്ടിക്കാണിക്കുന്നു . ഇത്തരം രാജ്യങ്ങളിലെ വ്യാപാരാന്തരീക്ഷത്തെ ഇന്ത്യയ്ക്കുവേണ്ടി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന വ്യക്തമായ അന്വഷണങ്ങളുമുണ്ട് . ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് ചൈനയെക്കുറിച്ച് വിശദമായിത്തന്നെ പ്രതിപാദിക്കുന്നു . വ്യാപാരവുമായി നാം വെച്ചു പുലര്‍ത്തുന്ന ചൈനാപേടി അസ്ഥാനെത്താണെന്നാണ് അന്‍സിഫിന്റെ വാദം . വായനക്കാരെ പിടിച്ചിരുത്തുന്ന ആഖ്യാനമാണ് പുസ്തകത്തിനുള്ളത് . പ്രത്യേകിച്ച് പാക്കിസ്ഥാന്‍ , ചൈനാസന്ദര്‍ശനങ്ങളെക്കുറിച്ച് പറയുന്ന ഭാഗങ്ങള്‍ .

ചൈനയും ഇന്ത്യയു തമ്മിലുള്ള താരതമ്യത്തില്‍ ഇന്ത്യയ്ക്ക് ചൈനയില്‍നിന്നും ഏറെ പഠിക്കാനുണ്ടെന്ന് വ്യക്തമാണ് . ചൈനയില്‍നിന്നും പ്രത്യയശാസ്ത്രം മാത്രം ഇറക്കുമതി ചെയ്താല്‍ മതിയെന്നു പറയുന്നവരുമുണ്ട് . അതിനേക്കാളുപരി പ്രായോഗികത ഇറക്കുമതി ചെയ്യുകയാണ് കാലത്തിന്റെ ആവശ്യം .

ഗ്രന്ഥകാരന്‍ താന്‍ എങ്ങനെ ബിസിനസ്സ് കൊടുമുടി കയറി എന്നുള്ള വിവരണവും യുവതലമുറയ്ക്ക് പാഠമാണ് . ലക്ഷ്യം മുന്‍നിര്‍ത്തി പഠനം കൈവിടാതെ പടവുകള്‍ കയറിപ്പോകുന്ന കാഴ്ച്ച ഉള്‍ക്കൊള്ളേണ്ടതാണ് . ഓരോ രാജ്യം സന്ദര്‍ശിക്കുമ്പോള്‍ നാം അവിടത്തെ ടൂറിസ്റ്റ് സൈറ്റുകളില്‍ മാത്രം ശ്രദ്ധിക്കുമ്പോള്‍ അന്‍സിഫ് എങ്ങനെ ഓരോ സന്ദര്‍ശനവും തന്റെ ബിസിനസ്സില്‍ പ്രയോജനപ്പെടുത്താമെന്ന ചിന്തയിലാണ് .

സത്യം , നീതി , കഠിനാധ്വാനം തുടങ്ങി അനവധി ജാഗ്രതകള്‍ നല്ലൊരു ബിസിനസ്സ്മാന് ആവശ്യമാണെന്ന് പ്രഖ്യാപിക്കുന്ന ഗ്രന്ഥകാരന്‍ ഗാന്ധിയിലും മികവാര്‍ന്നൊരു ബിസിനസ്സുകാരന്‍ ഉണ്ടെന്ന് കണ്ടെത്തുന്നതില്‍ കൌതുകമുണ്ട് . നമുക്ക് ശത്രുരാജ്യങ്ങളില്ലെന്ന അന്‍സിഫിന്റെ പ്രഖ്യാപനം മാനുഷികനന്മയുടെ വെളിച്ചമാണ് .

ജീവിതാനുഭവങ്ങളിലൂടെ കടന്നു പോകുന്നുണ്ടെങ്കിലും ‘വ്യാപാരത്തിന്റെ പുതിയ നടപ്പുകള്‍ ’ ആത്മകഥയാവുന്നില്ലെന്ന സവിശേഷതയുണ്ട് . ലളിതവും ഋഷുവുമായ ഭാഷയിലൂടെ രചിക്കപ്പെട്ട ഈ കൃതി വായനാസുഖവും ലക്ഷ്യബോധവും നല്‍കുന്ന അനുഭവമാണെന്ന് പറയുന്നതില്‍ എനിക്ക് ആഹ്ലാദവും അഭിമാനവുമുണ്ട് .

Generated from archived content: vayanayute50.html Author: leela_menon

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here