മാധ്യമ സ്വാതന്ത്ര്യം

മാധ്യമങ്ങൾ വിമർശന വിധേയരാകുന്ന ഈ കാലഘട്ടത്തിൽ മാധ്യമസ്വാതന്ത്ര്യവും ചർച്ചാവിഷയമാണ്‌. മാധ്യമങ്ങൾ അതിരുകടക്കുന്നോ? ഇല്ലാത്ത വാർത്തകൾ കെട്ടിച്ചമക്കുന്നോ? ഏതെങ്കിലും താൽപര്യങ്ങൾക്കോ പ്രലോഭനങ്ങൾക്കോ വിധേയമായി വാർത്തകൾക്ക്‌ ചായ്‌വ്‌ നൽകുന്നുണ്ടോ?

മാധ്യമങ്ങൾ ഫോർത്ത്‌ എസ്‌റ്റേറ്റ്‌ ആണെങ്കിലും ഇന്ന്‌ അത്‌ ഫസ്‌റ്റ്‌ എസ്‌റ്റേറ്റ്‌ ആയി മാറുന്നത്‌ അവ നൽകുന്ന വാർത്തകളുടെ ഇംപാക്‌ട്‌ കാരണമാണ്‌. വാർത്താടിസ്‌ഥാനത്തിലുള്ള ചർച്ചകൾ പാർലമെന്റിനെ ടോക്‌ ഷോപ്പ്‌ ആക്കുകയും നിയമസഭകളെ വാക്കൗട്ടു വേദിയാക്കുകയും ചെയ്യുന്നുണ്ട്‌.

ഈ പശ്‌ചാത്തലത്തിലാണ്‌ നാം സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയെ ഓർക്കുന്നത്‌. ധീരമായ സത്യസന്ധമായ പത്രപ്രവർത്തനത്തിലൂടെ നാടുകടത്തപ്പെട്ട, പത്രപ്രവർത്തകർ റോൾ മോഡൽ ആക്കേണ്ടുന്ന സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള കേരള ദർപ്പണം എന്ന പത്രത്തിന്റെ എഡിറ്ററായി പത്രപ്രവർത്തനരംഗത്തെത്തിയ രാമകൃഷ്‌ണപിള്ള പരമ്പരാഗതമായി നിലനിന്നിരുന്ന പല അനാചാര-ദുരാചാരങ്ങൾക്കെതിരെ ശക്തമായ ശബ്‌ദമാണ്‌ ഉയർത്തിയത്‌. പക്ഷെ രാമകൃഷ്‌ണപിള്ള അനശ്വരനായത്‌ സ്വദേശാഭിമാനിയുടെ എഡിറ്റർ എന്ന നിലയിലാണ്‌. വക്കം മൗലവിയുടെ ഉടമസ്‌ഥതയിലുള്ള സ്വദേശാഭിമാനിയുടെ എഡിറ്ററായി രാമകൃഷ്‌ണപിള്ള ചേർന്നത്‌ 1906ൽ ആയിരുന്നു.

വക്കം മൗലവി പത്ര ഉടമയായിരുന്നെങ്കിലും പത്രം നടത്തുന്നതിന്റെ പൂർണാധികാരം രാമകൃഷ്‌ണപിള്ളക്ക്‌ വിട്ടുകൊടുത്തിരുന്നു. രാമകൃഷ്‌ണപിള്ളയുടെ ശക്തമായ തൂലികയുടെ ഇരയായത്‌ അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന പി. രാജഗോപാലാചാരിയായിരുന്നു. ദിവാന്റെ അനാശ്യാസ്യ ജീവിതരീതിയും അഴിമതിയും രാമകൃഷ്‌ണപിള്ള വിമർശിച്ചു. രാജപദവിയും വിമർശനവിധേയമായി. ജനായത്ത ഭരണവിശ്വാസിയായ രാമകൃഷ്‌ണപിള്ള രാജാക്കന്മാർക്ക്‌ ആ സ്‌ഥാനത്ത്‌ തുടരാൻ ഒരു ദിവ്യാവകാശവും ഇല്ലെന്നും വാദിച്ചു. ഇതെല്ലാം പ്രകോപിപ്പിച്ച രാജഭരണമാണ്‌ സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയെ നാടുകടത്തിയത്‌.

ഇന്നും ഭരണാധിപന്മാർക്കെതിരെയോ സർക്കാരിനെതിരെയോ അന്നദാതാക്കളായ പരസ്യദാദാതക്കൾക്കെതിരായോ എഴുതാൻ ഒരു മാധ്യമപ്രവർത്തകനും പത്ര ഉടമയുടെ അനുവാദം ലഭിക്കുകയില്ല. വക്കം മൗലവി രാമകൃഷ്‌ണപിള്ളക്ക്‌ നൽകിയ സ്വാതന്ത്ര്യമാണ്‌ യഥാർത്ഥ പത്രസ്വാതന്ത്ര്യം. ഇന്ന്‌ മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യം പത്ര ഉടമയുടെ കടിഞ്ഞാണിന്‌ കീഴിലാണ്‌.

ഇതുപറയുമ്പോഴും മാധ്യമപ്രവർത്തകർക്ക്‌ സ്വാതന്ത്ര്യമുണ്ട്‌. കാരണം ഇന്ന്‌ പത്രങ്ങൾ ഓരോ സമുദായത്തിന്റെയും ഓരോ പാർട്ടികളുടെയും ആണ്‌. സ്വന്തം സമുദായമൊഴിച്ച്‌ ബാക്കി സമുദായങ്ങളെ വിമർശിക്കാനും പത്ര ഉടമയുടെ രാഷ്‌ട്രീയം ഒഴിവാക്കി നേതാക്കളെയും അവരുടെ അഴിമതിയേയും കെടുകാര്യസ്‌ഥതയേയും വിമർശിക്കാനുള്ളഅധികാരം മാധ്യമപ്രവർത്തകർക്കുണ്ട്‌. അതുകൊണ്ടുതന്നെയാണ്‌ സാധാരണക്കാർ പറയുന്നത്‌ യാഥാർത്ഥ്യം എന്താണെന്നറിയണമെങ്കിൽ നാലു പത്രങ്ങളെങ്കിലും വായിക്കണമെന്ന്‌.

ഫാഷിസ്‌റ്റ്‌ സർക്കാരുകൾ (ചൈന, കൊറിയ, ക്യൂബ) ഒരിക്കലും മാധ്യമങ്ങൾക്ക്‌ പൂർണസ്വാതന്ത്ര്യം നൽകുന്നില്ല. പക്ഷെ ഇന്ത്യൻ ഭരണഘടന മാധ്യമങ്ങളെ ഫോർത്ത്‌ എസ്‌റ്റേറ്റ്‌ ആക്കിയതുതന്നെ ജനായത്ത ഭരണത്തിന്‌ ശക്തി നൽകാനും ഭരണത്തിന്‌ സുതാര്യത ഉറപ്പുവരുത്താനുമാണ്‌.

ഈ സ്വാതന്ത്ര്യത്തിന്‌ കടിഞ്ഞാണിടാനാണ്‌ കേരള സർക്കാർ ശ്രമിക്കുന്നത്‌. മാധ്യമങ്ങൾ ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെന്റ്‌ തരുന്ന വിവരങ്ങളേ ഇടാവൂ എന്ന്‌ പറയുമ്പോൾ അന്വേഷണാത്മക പത്രപ്രവർത്തനത്തിന്‌ അത്‌ വിഘാതമാകുന്നു. മാധ്യമങ്ങൾ പോലീസിന്റെ പണി ചെയ്യേണ്ട എന്ന്‌ ആക്രോശിക്കുന്നതും ഇതേ ഉദ്ദേശത്തോടെയാണ്‌.

കേരളത്തിൽ കഴിഞ്ഞ പാർലമെന്റ്‌ തെരഞ്ഞെടുപ്പിലും ഈ ഉപതെരഞ്ഞെടുപ്പിലും ഇടതുപക്ഷ സർക്കാരിന്‌ തോൽവി ഏറ്റുവാങ്ങേണ്ടിവന്നത്‌ നേതാക്കളുടെ ധാർഷ്‌ട്യവുംം ആഡംബരജീവിതശൈലിയും റിയൽ എസ്‌റ്റേറ്റ്‌ മാഫിയാ പ്രേമവും അഴിമതികളും ഭരണസ്‌തംഭനവും എല്ലാം മാധ്യമങ്ങൾ ജനങ്ങളിൽ എത്തിച്ചതിനാലാണ്‌. ലാവ്‌ലിൻ അഴിമതി പുറത്തുവന്നപ്പോൾ പിണറായി വിജയൻ നയിച്ച കേരള യാത്ര ഫലം കാണാതിരുന്നത്‌ അതിന്റെ വിശദാംശങ്ങൾ മാധ്യമങ്ങളിലൂടെ ജനത്തിന്‌ ബോധ്യപ്പെട്ടതിനാലാണ്‌.

കണ്ണൂരിൽ ഉപതെരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങിയത്‌ അവിടത്തെ വോട്ട്‌ തിരിമറിയും ഉദ്യോഗസ്‌ഥ സ്വാധീനവും വെളിച്ചത്തുവന്നതിനാലാണ്‌.

കഴിഞ്ഞ മാധ്യമ ദിനത്തിൽ സംഘടിപ്പിച്ച ചടങ്ങുകളില്ലൊം മുഖ്യമന്ത്രിയടക്കം പലമന്ത്രിമാരും ഊന്നൽ നൽകിയത്‌ മാധ്യമങ്ങളിൽ കാണപ്പെടുന്ന ദുഷ്‌പ്രവണതകളിലേക്കായിരുന്നല്ലോ. അഴിമതിക്കാരിൽ നിന്ന്‌ മാസപ്പടി വാങ്ങുന്ന മാധ്യമപ്രവർത്തനം ആശാസ്യമല്ലെന്ന്‌ മുഖ്യമന്ത്രി പറഞ്ഞത്‌ എഴുപതോളം ദില്ലി മാധ്യമപ്രവർത്തകർ അഴിമതി ഒതുക്കാൻ മാസപ്പടി വാങ്ങിയതായി വന്ന വാർത്തയുടെ അടിസ്‌ഥാനത്തിലാണ്‌. പാർട്ടികളുടെയും സ്‌ഥാനാർത്‌ഥികളുടെയും പ്രചാരകരായി മാധ്യമപ്രവർത്തകർ മാറുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. മാനുഷിക മൂല്യങ്ങളല്ല ഉടമകളുടെ താല്‌പര്യങ്ങളാണ്‌ സംരക്ഷിക്കപ്പെടുന്നതെന്നും കൃത്രിമകഥകൾ സൃഷ്‌ടിക്കുന്നു എന്നും മറ്റും ഉള്ള ആരോപണങ്ങൾ ഈ വേദിയിൽ ഉയർന്നുകേട്ടു.

മാധ്യമങ്ങളിൽ ദുഷ്‌പ്രവണതകളുണ്ടെന്നും രാഷ്‌ട്രീയത്തിൽ കാണുന്ന ദുഷ്‌പ്രവണതകളുടെ പ്രതിഫലനം മാധ്യമരംഗത്ത്‌ മാത്രമല്ല സമൂഹത്തിൽ തന്നെ പ്രതിഫലിക്കുന്നു എന്നും ഉള്ള വസ്‌തുത നിരാകരിക്കാനാകില്ല. സാമൂഹിക പ്രതിബദ്ധത ഉറപ്പാക്കാൻ മാധ്യമപ്രവർത്തകർക്ക്‌ ആയുധമായി വിവരാവകാശനിയമം നിലവിലുണ്ട്‌. ഇത്‌ അന്വേഷണാത്മക പത്രപ്രവർത്തനത്തിന്‌ ആധികാരികത ലഭ്യമാക്കുന്നു.

ഇന്ന്‌ മാധ്യമം എന്നാൽ പത്രമാധ്യമം മാത്രമല്ല ദൃശ്യമാധ്യമങ്ങളും മൊബൈലും ഇന്റർനെറ്റും എല്ലാം അടങ്ങുന്നു. ദൃശ്യമാധ്യമങ്ങളിൽ കാണുന്ന വാർത്തക്ക്‌ പിന്നിലെ വാർത്ത കാത്തിരിക്കുന്നവരാണ്‌ പത്രമാധ്യമങ്ങൾ.

സമൂഹത്തിൽ അന്ധവിശ്വാസവും അഴിമതിയും അനാശ്യാസ്യ നടപടികളും സ്‌ത്രീപീഡനങ്ങളും ശിശുപീഡനങ്ങളും പെരുകുകയാണ്‌. പണത്തിനെ ദൈവമായി കാണുന്ന പ്രവണത വർദ്ധിച്ചുവരുമ്പോൾ സ്വന്തം പിതാവിനെ വധിച്ചും മകളെ പെൺവാണിഭത്തിന്‌ നൽകിയും പണമുണ്ടാക്കാനുള്ള ത്വര വർധിക്കുന്നത്‌ കാണിച്ചുതരുന്നത്‌ മാധ്യമങ്ങളാണ്‌.

സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള ഒരു നൂറ്റാണ്ടിന്‌ മുൻപുയർത്തിയ അഴിമതിവിരുദ്ധ കാമ്പയിൻ ഇന്നും സജീവമായി, വർധിച്ച വീര്യത്തോടെ നിലനിർത്തേണ്ട കടമയാണ്‌ മാധ്യമപ്രവർത്തകർക്കുള്ളത്‌. കാരണം ഇന്ന്‌ സമൂഹത്തിലുള്ള എല്ലാവിധ മാഫിയകളും-അബ്‌കാരി മാഫിയ, സെക്‌സ്‌ മാഫിയ, റിയൽ എസ്‌റ്റേറ്റ്‌ മാഫിയ, മണൽ മാഫിയ തുടങ്ങിയവ രാഷ്‌ട്രീയ പിൻബലത്തോടെ പ്രവർത്തിക്കുന്നു. എല്ലാ മാഫിയകൾക്കും എല്ലാ രാഷ്‌ട്രീയപാർട്ടികൾക്കും സ്വന്തമായി ക്വട്ടേഷൻ സംഘങ്ങളുള്ളപ്പോൾ ധൈര്യപൂർവം മാധ്യമപ്രവർത്തനം നടത്തുന്നത്‌പോലും ദുഷ്‌കരമാകുന്നു. ഏത്‌ പെൺവാണിഭം പിടിച്ചാലും അതിന്‌ രാഷ്‌ട്രീയബന്ധമുള്ളപ്പോൾ കിളിരൂർ കേസുപോലെ അത്‌ കാലയവനികക്കുള്ളിൽ മറയുന്നു.

പക്ഷെ മാധ്യമങ്ങളാണ്‌ കുറെ കുറ്റവാളികളെ എങ്കിലും ജയിലഴികൾക്കുള്ളിലാക്കുന്നത്‌. ജെസ്സിക്ക ലാലിന്റെ കൊലപാതകി മനുശർമ്മ രാഷ്‌ട്രിയബലത്തിന്റെ പിന്നിൽ ജയിൽ മോചിതനായിട്ടും തിരിച്ച്‌ ജയിലിലെത്തിച്ചത്‌ മാധ്യമബഹളം കാരണമായിരുന്നു. മധുകോഢയുടെ 2000 കോടിയും അയാളെ സഹായിക്കാത്തതും മാധ്യമങ്ങൾ സജീവമായതിനാലാണ്‌.

കേരളത്തിൽ വികസനത്തിന്റെ പേരിൽ കടികൂടുന്ന ദളിത്‌ പീഡനവും കുടിയൊഴിപ്പിക്കലും അഴിതിയിൽ കുളിച്ച റോഡ്‌ നിർമാണവും വികസനത്തിന്റെ മറവിൽ കൊണ്ടുവരുന്ന അഴിതി സാധ്യതയുള്ള പദ്ധതികളുടെ പരിസ്‌ഥിതി നാശവും മാധ്യമങ്ങളാണ്‌ പുറത്തുകൊണ്ടുവരുന്ന്‌. വ്യാജമരുന്ന്‌ ലോബികളും അനാവശ്യ സ്‌കാനുകളും എല്ലാം ജനശ്രദ്ധയിൽ വന്നത്‌ മാധ്യമപ്രതിബദ്ധതമൂലമാണ്‌.

മാധ്യമങ്ങൾക്ക്‌ കടിഞ്ഞാൺ ആവശ്യപ്പെടുന്നത്‌ അഴിമതിയും അനാശാസ്യവും സ്വജനപ്രീണനവും (ശ്രീമതി ടീച്ചറിന്റെ മരുമകൾ പാചകക്കാരിയായി ഗസറ്റഡ്‌ ഓഫീസർ ആയതുപോലെ) മറച്ചുവയ്‌ക്കാനാണ്‌. ഇതിനെതിരെ രൂപീകൃതമാകേണ്ടതും ജനാഭിപ്രായമാണ്‌.

Generated from archived content: essay1_jan30_10.html Author: leela_menon

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here