കേരളം ഇന്നു മൂല്യച്യുതി നേരിടുന്ന സംസ്ഥാനമാണ്. ആഗോളീകരണവും മാധ്യമങ്ങള്‍ നല്‍കുന്ന വികലമായ സങ്കല്‍പ്പങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന മൊബൈല്‍ ഇന്റെര്‍നെറ്റ് ദുരുപയോഗവും എല്ലാം കേരളത്തിന്റെ പരമ്പരാഗത മൂല്യങ്ങളും കുടുംബബന്ധങ്ങളിലെ പരിശുദ്ധിയും നശിപ്പിച്ചപ്പോള്‍ സ്ത്രീകള്‍ ഇന്ന് വെറും ലൈംഗിക ഉപഭോഗവസ്തുവായി വെറും ശരീരമായി അധ:പതിച്ചു എന്നതാണ് ഏറ്റവും ഖേദകരമായ സത്യം.
ക്രൈം റെക്കാര്‍ഡ്സ് ബ്യൂറോ പുറത്തു വിട്ട കണക്കുകള്‍ തെളിയിക്കുന്നത് സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നു എന്നും 2011 – ല്‍ മാത്രം സ്ത്രീകള്‍ക്കെതിരെ 2, 61000 കുറ്റകൃത്യങ്ങള്‍ ഉണ്ടായി എന്നുമാണ്. ഇത് യഥാര്‍ത്ഥ കണക്കുകള്‍ അല്ല. കാരണം സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അക്രമണങ്ങള്‍ അപമാന ഭീതിയും സാമൂഹിക ഒറ്റപ്പെടലും കാഴ്ചവസ്തുവായി അധ:പതിക്കുമെന്ന ഭീതിയും ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും സ്ത്രീകളെ പിന്‍തിരിപ്പിക്കുന്നു എന്നതിനാലാണ് . ഇന്ത്യയില്‍ ഓരോ 22 മിനിറ്റിലും ഒരു ബലാത്സംഗം നടക്കുന്നു എന്നും ബലാത്സംഗ കേസുവര്‍ദ്ധന 873 ശതമാനമാണെന്നുമാണ് കണക്ക്.
കേരള കുറ്റകൃത്യങ്ങളുടേയും സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങളുടെയും സംസ്ഥാനമായി എന്‍ സി ആര്‍ ബി ചിത്രീകരിക്കുന്നു. ഇതില്‍ ഭയാനകമായ വസ്തുത മലയാളിയുടെ വര്‍ദ്ധിച്ചു വരുന്ന ഒബ്സ്സിവ് ആയ മാനസിക ലൈംഗിക വൈകൃമാണ്. സ്വന്തം മകളെ, മകളായ പിഞ്ചു കുഞ്ഞിനെ പ്പോലും ബലാത്സംഗം ചെയ്യാന്‍ മടിക്കാത്ത പിതാക്കന്മാര്‍ ഉള്ള കേരളത്തില്‍ ആങ്ങള പെങ്ങള്‍ ബന്ധമോ അമ്മാവന്‍ മരുമകള്‍ ബന്ധമൊ ഇല്ല.
കൊച്ചിയെ സിറ്റി ഓഫ് ക്രിമിനത്സ് എന്നാണ് എന്‍ സി ആര്‍ ബി വിശേഷിപ്പിക്കുന്നത്. കൊലപാതകം കവര്‍ച്ച മോഷണം തട്ടിക്കൊണ്ടു പോകല്‍ എല്ലം കേരളത്തില്‍ വര്‍ദ്ധിക്കുന്നു എന്നു പറയുന്ന എന്‍ സി ആര്‍ ബി യുടെ കണക്കില്‍ പെടാത്തത് കേരളത്തിലെ പുതിയ പ്രതിഭാസമായ സദാചാര പോലീസ്സ് നടത്തുന്ന ആക്രമണങ്ങളും കൊലപാതകങ്ങളുമാണ്. കേരളത്തില്‍ 14 സദാചാര പോലീസ്സ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇതില്‍ കൊലപാതകം വരെയുണ്ട്.
ആഗോള വികസന മാതൃകയായിരുന്ന കേരളം ഇന്ന് ആഗോള നാണക്കേടായി മാറുന്നത് ഈ സദാചാര പോലീസിന്റെ അഴിഞ്ഞാടല്‍ മൂലമാണ്. ഇവരെ സദാചാര പോലീസെന്നു വിളിക്കരുതെന്നും സദാചാര ഗുണ്ടകള്‍ എന്നു വിളിക്കണമെന്നും കൊച്ചിയില്‍ ഐ ജി പത്മകുമാര്‍ പറഞ്ഞത് ഇവരെ പോലീസ് എന്ന പദം ഉപയോഗിക്കുന്നതു പോലും പോലീസിനും അപമാനകരമാണെന്നു പറഞ്ഞാണ്. ഗുണ്ടകള്‍ക്കും ഇവരേക്കാള്‍ സദാചാരബോധം ഉണ്ടെന്നതാണ് വസ്തുത. സദാചാര പോലീസ് ജനശ്രദ്ധയില്‍ വന്നത് അവര്‍ കാസര്‍കോഡ് ഒരു പുരുഷനേയും സ്ത്രീയേയും ഒരുമിച്ചു കണ്ടതിന്റെ പേരില്‍ അനാശാസ്യമാരോപിച്ചായിരുന്നു. ഇന്ന് ഈ പ്രതിഭാസം കാസര്‍കോഡ് നിന്നു തെക്കു കരമന വരെ വ്യാപിച്ചു. മനസ്സില്‍ ലൈംഗിക വൈകൃതം സ്വീകരിക്കുന്ന ഇവര്‍ സ്ത്രീയേയും പുരുഷനേയും ഒരുമിച്ചു കണ്ടാല്‍ അത് ഭാര്യാ ഭര്‍ത്താക്കന്മാരായാലും പിതാവും പുത്രിയായാലും സഹോദരി സഹോദരന്മാരായാലും അനാശാസ്യത്തിനാണ് പോകുന്നതെന്ന് സങ്കല്‍പ്പിക്കുന്ന പ്രത്യേകിച്ച് സന്ധ്യ മയങ്ങിയതിനു ശേഷം ഒരുമിച്ചു പുറത്തു കണ്ടാല്‍ സൂര്യന്‍ അസ്തമിക്കുന്നത് ലൈംഗിക ദാഹികള്‍ക്ക് ലൈംഗിക ഇടപെടലിനാണെന്നാണ്. അല്ലെങ്കില്‍ വ്യഭിചാരത്തിനാണെന്നാണ് സദാചാര പോലീസിന്റെ ദൃഢമായ വിശ്വാസം. റോഡില്‍ കാറിടിച്ചു മരിച്ചു കിടന്നാല്‍ തിരിഞ്ഞു നോക്കാത്തവര്‍ ആണ് സ്ത്രീയും പുരുഷനെയും ഒരുമിച്ചു കണ്ടാല്‍ സംഘം ചേര്‍ന്നു കയര്‍ക്കുന്നതും ആക്രമിക്കുന്നതും തല്ലിക്കൊല്ലുന്നതുമെല്ലാം.
മലപ്പുറത്താണെന്നു തോന്നുന്നു. ഒരാള്‍ രാത്രി ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങി വരും വഴി സദാചാര പോലീസ് കാത്തു നിന്നു ചോദ്യം ചെയ്ത് ഇലട്രിക് പോസ്റ്റില്‍ ബന്ധിച്ച് നായയെ തല്ലുന്ന പോലെ തല്ലിക്കൊന്നത്. ഗള്‍ഫില്‍ നിന്നും വന്ന അയാള്‍ സുഹൃദ് സന്ദര്‍സനത്തിന് പോയത് രാ ത്രി ആയി പോയി. കഴിഞ്ഞ ദിവസം തന്റെ ചിരകാല സുഹൃത്തിനെ കാണാന്‍ സന്ധ്യ കഴിഞ്ഞ് അയാളുടെ വീട്ടിലേക്കു പോയ ആളെയും സദാചാര ഗുണ്ടകള്‍ ക്രൂരമായി ആക്രമിച്ചിരുന്നു. പുരുഷ സുഹൃത്തിനെ കാണാനാണ് പോയത് എന്നു പറഞ്ഞത് തള്ളിക്കളഞ്ഞ് ആക്രമണം നടത്തിയപ്പോള്‍ അയാളുടെ പുരുഷസുഹൃത്ത് സ്വന്തം വീട്ടില്‍ ഉണ്ടായിരുന്നോ എന്നു തിരക്കാന്‍ പോലും ഇവര്‍ മിനക്കെട്ടില്ല.
തിരുവനന്തപുരത്ത് ബസ് കാത്തു നിന്ന ഒരു ഭാര്യാ ഭര്‍ത്തൃബന്ധത്തെ സദാചാരപോലീസ് അടുത്തു ചെന്ന് ഇയാള്‍ നിങ്ങളുടെ ആരാണ് എന്ന് ചോദ്യം ചെയ്തതായി സുഗതകുമാരി എന്നോടു പറഞ്ഞു. ഭര്‍ത്താവാണ് എന്ന് ഉത്തരം പറഞ്ഞപ്പോള്‍ ഇവര്‍ താലി കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അതു ചോദിക്കാന്‍ നിങ്ങള്‍ ആരാണ് എന്നു ചോദിച്ചപ്പോള്‍ ഗുണ്ടകള്‍ അവരെ ക്രൂരമായി കയ്യേറ്റം ചെയ്തു . കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ ജോലി ചെയ്യുന്ന തസ്നി ബാബു എന്ന പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത് പുരുഷ സഹപ്രവര്‍ത്തകന്റെ ബൈക്കിനു പിറകില്‍ കയറി രാത്രി സഞ്ചരിച്ചതിനാലാണ്. ഐ ടി മേഖലയില്‍ സ്ത്രീകള്‍ രാത്രി ഷിഫ്ഫിലും ജോലി ചെയ്യുന്നവരാണ്. വഴിയില്‍ സിഗരറ്റ് വാങ്ങാന്‍ വേണ്ടി വണ്ടി നിര്‍ത്തിയപ്പോള്‍ എവിടെ പോകുന്നു എന്നു ചോദിച്ചായിരുന്നു തസ്നിയെ തല്ലിച്ചതച്ചത്. തസ്നി പിന്നീട് ആശുപത്രിയിലുമായി.
ഈ വിധം സംഭവങ്ങള്‍ അനവധിയാണ്. ഒരു പോലീസുദ്യോഗസ്ഥന്‍ സന്ധ്യ കഴിഞ്ഞ് തന്റെ സ്വന്തം സഹോദരിയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാന്‍ വന്നപ്പോള്‍ ഇയാളും ആക്രമിക്കപ്പെട്ടു.
ഇന്ന് കേരളത്തില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്കും നഷ്ടപ്പെട്ടിരിക്കുന്നത് സ്വന്തം ഒരിടം ആണ്. പൊതു ഇടം അവര്‍ക്കു വിലക്കപ്പെട്ടിരിക്കുന്നു. ട്രയിനിലും ബസ്സിലും ഓട്ടോയിലും ഇന്ന് ടാക്സിയിലും സ്ത്രീകള്‍ക്ക് ആത്മവിശ്വാസത്തോടെ കയറാനോ സഞ്ചരിക്കാനോ സാധ്യമല്ല. സൗമ്യയും ജയദീപയും ട്രയിന്‍ യാത്രയിലെ രക്തസാക്ഷികളാണ്. ഒരു നഴ്സ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു പോകാന്‍ ശ്രമിക്കവേ പീഢനമുണ്ടായി. പെണ്‍കുട്ടി ഓട്ടോയില്‍ കയറിയാല്‍ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്യുന്നു. ഈ ആക്രമണത്തിനും രാപകല്‍ ഭേദമില്ല. ട്രയിനില്‍ ടി ടി ആര്‍ മാരും പോലീസു പോലും സ്ത്രീയെ ആക്രമിക്കുന്നവരില്‍ പെടുന്നു.
ഇത്ര സുരക്ഷിതമല്ലാത്ത സംസ്ഥാനത്ത് സ്ത്രീ ആണ്‍ തുണ നേടി സ്വന്തം സഹോദരനേയോ അച്ഛനേയോ സഹോദരനേയോ ഒപ്പം കൂട്ടി രാത്രി പുറത്തിറങ്ങിയാല്‍ അവര്‍ സദാചാര പോലിസിന്റെ ഇരകളാവുന്നു. ആരാണ് ഈ നരാധമന്മാര്‍ക്ക് സദാചാര പോലിസ് ചമഞ്ഞ് കയ്യേറ്റം ചെയ്യാന്‍ അനുവാദം നല്‍കിയിരിക്കുന്നത്. വീട്ടിലെ ഒരാള്‍ ആശുപത്രിയിലാണെങ്കില്‍ രാത്രി ഭക്ഷണവുമായി പുറത്തിറങ്ങാന്‍ പോലും വയ്യാത്ത സ്ഥിതിയിലേക്ക് കേരളത്തിന്റെ സാമൂഹികാവസ്ഥ അത്രമേല്‍ അധ:പതിച്ചിരിക്കുന്നു.
ഇനിയിത് വര്‍ഗ്ഗീയതയുടെ നിറം കലര്‍ത്തിയാല്‍ പര്‍ദ്ദധാരിയായ ഒരു സ്ത്രീയെ ഒരു യുവാവ് നോക്കി എന്നതിന്റെ പേരില്‍ ആക്രമണ വിധേയമായപ്പോഴാണ് ഉത്തരേന്ത്യയില്‍ ഖാപ്പ് പഞ്ചായത്തുകള്‍ സ്ത്രീകള്‍ക്കെതിരെ കടുത്ത നിയമങ്ങള്‍ കൊണ്ടു വരുന്നതും ഡ്രസ് കോഡ് നിര്‍ദ്ദേശിക്കുന്നതും. സാക്ഷരതയുടെ കുറവിനാലാണ് എന്ന് ധരിക്കുന്നവര്‍ക്കു തെറ്റി എന്നാണ് കേരളത്തിലെ സദാചാര അധ:പതനം തെളിയിക്കുന്നത്.
ഇപ്പോള്‍ ഈ വിഷയം നിയമസഭയില്‍ പോലും ചര്‍ച്ചാ വിധേയമായി സദാചാര പോലീസ്സിനെ നിയന്ത്രിക്കാന്‍ നടപടി ഉണ്ടാകും എന്നും ആഭ്യന്തരമന്ത്രി പ്രഖ്യാപിക്കുന്നു. പക്ഷെ ഇത് കേരളത്തില്‍ പുരുഷന്മാരുടെ വികലമായ സ്ത്രീ സങ്കല്‍പ്പത്തിന്റെയും കുടുംബബന്ധത്തിന്റെ പരിപാവനതയെപറ്റിയുള്ള അജ്ഞതയും അല്ലേ പ്രതിഫലിപ്പിക്കുന്നത്.
സ്തീയെ ചരക്കായിട്ടും ലൈംഗിക ഉപഭോഗവസ്തുവായിട്ടും കണ്ടു തുടങ്ങിയതിന്റെ മറ്റൊരു പരിണാമമായിട്ടു വേണം സദാചാര പോലീസ് ഗുണ്ടായിസം കാണേണ്ടത്. തീരെ ആശാസ്യമല്ലാത്ത ഒരു സാമൂഹിക മാറ്റമായേ ഇതിനെ കാണാന്‍ സാധിക്കുകയുള്ളു.
കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന മദ്യോപയോഗമാണ് സ്ത്രീകളുടെ നേരെയുള്ള അക്രമങ്ങള്‍ ഗാര്‍ഹിക അതിക്രമം ഉള്‍പ്പെടെ വര്‍ധിക്കാന്‍ കാരണം എന്നു പറയുമ്പോഴും കേരളത്തിലെ പുരുഷന്മാര്‍ ലൈംഗിക ഉത്തേജക മരുന്നുകള്‍ക്കടിമപ്പെടുന്നു എന്നാണല്ലോ വര്‍ദ്ധിച്ചു വരുന്ന ഈ മരുന്നുകളുടെ പരസ്യങ്ങള്‍ തെളിയിക്കുന്നത്.
എന്തുകൊണ്ട് കേരളം ഈ വിധം മാറി, എന്തുകൊണ്ട് അഭ്യസ്തവിദ്യരായ കേരളത്തിലെ സ്ത്രീകള്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നു എന്നെല്ലാമുള്ള വസ്തുത പഠനവിധേയമാക്കേണ്ടതുണ്ട്. പോലീസ് സംവിധാനമോ നിരീക്ഷണമോ ശക്തമാക്കിയതുകൊണ്ടു മാത്രം നിയന്ത്രിക്കാന്‍ പറ്റാത്ത ഈ പ്രതിഭാസം തടയാന്‍ സ്ത്രീകള്‍ ശാക്തീകരിക്കപ്പെടുകയും അക്രമണങ്ങള്‍ ചെറുക്കാന്‍ ജയരാജന്മാര്‍ ഉപദേശിക്കുന്ന കുരുമുളക് മുളക് സ്പ്രേയും ആയുധങ്ങളും കരുതേണ്ടി വരുന്ന സാമൂഹിക കാലാവസ്ഥയാണ് കേരളത്തിലിപ്പോള്‍.
കടപ്പാട് മൂല്യശ്രുതി
Generated from archived content: essay1_aug7_13.html Author: leela_menon