അമ്മ

അമ്മിക്കല്ലിലരയുന്ന മുളകിന്റെ മണമാണ്‌ എന്റെമ്മക്ക്‌

അയലത്തെ അടുക്കളയിൽ വേവുന്ന ഇറച്ചി

അമ്മയുടെ കൈപുണ്യമായ്‌ വായിലൂറുന്നു

അലക്കുകല്ലിന്റെ നെഞ്ചത്തടിയായി

എച്ചിൽപാത്രങ്ങളുടെ ദുർഗന്‌ധമായി

ഇഴപൊട്ടിയ കയറിന്റെ പിരിച്ചിലായി

എണ്ണയിടാത്ത കപ്പിയുടെ കരച്ചിലായി

കിണറ്റിൻകരയിലെ അപസ്വരമായി എന്റെമ്മ

സന്ധ്യ നിറവയറും നിറകുടവുമായ്‌ വേച്ചുവേച്ചുവരും

അമ്മയെപ്പോലെ

ഇരുട്ട്‌ ഇടറുന്നകാലുകളിൽ ആടിയാടി

അച്ഛനെപ്പോലെ

അമ്മയുടെ നാമജപം നേർത്ത്‌ നേർത്ത്‌

അടുപ്പിലഗ്നിപോലെ

പുസതകത്താളിൽ അക്ഷരങ്ങൾ വിശപ്പിന്റെ

കരിന്തിരികത്തുന്നു

അമ്മ കാത്തിരിക്കുന്നു കരിയുംകണ്ണീരുമുണങ്ങിയ കലംപോലെ

Generated from archived content: poem1_aug11_08.html Author: latifali

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here