ഓടിക്കിതച്ച് പടിഞ്ഞാറുവശത്തെത്തുമ്പോൾ ആ നിമിഷത്തിന്റെ ഏറ്റവും വലിയ എതിരാളിയായി കൈത്തോടുപോലെ ഒരു പെൺകുട്ടി. മൈതാനത്തിനും കളിക്കാർക്കും മേലെ പൂർണ്ണ ആധിപത്യമുളള റഫറിയായാണ് അവളുടെ നിൽപ്പ്. എന്നെ ഒളിക്കുക അസാധ്യം എന്ന് അവൾ പ്രഖ്യാപിക്കുന്നുണ്ട്. മറവുകൾക്ക് സാധ്യതകളുളള ഇഞ്ചക്കാട്ടിലേക്കും മുളങ്കൂട്ടത്തിന് പിൻവശത്തേക്കും അവൾ നിൽക്കുന്നിടത്തു നിന്ന് നേർരേഖാദൂരം മാത്രം. അവളിതുവരെ എന്നെ കണ്ടിട്ടില്ലെങ്കിലും പുല്ലുതിന്നുന്ന പശുവിന്റെ ചലനത്തിനൊപ്പം അവളുടെ കയ്യിലെ കയർതലപ്പ് തിരിയുമ്പോൾ തീർച്ചയായും എനിക്ക് ഒളിക്കാൻ സ്ഥലമില്ല. പക്ഷേ അകത്തുനിന്ന് തടയാനാകാത്തവിധം വന്ന ഒരാന്തലിൽ ഞാനവളെ മറന്നു. ശബ്‌ദമുണ്ടാക്കിക്കൊണ്ടു തന്നെ ഇഞ്ചക്കാടിന്റെ മറവിലേക്ക് കുന്തിച്ചിരുന്നു. ആശ്വാസം എന്ന വാക്കിനെ അറിയുന്നതിനിടയിൽ അവളെ മറന്നേപോയി. പതിയെ കണ്ണുതുറന്ന് നോക്കുമ്പോൾ അവളില്ല. അവൾ കണ്ടിരിക്കും എന്നുറപ്പാണ്. എന്റെ സ്വകാര്യത ഇതിനേക്കാൾ നിർലജ്ജമാകാനില്ല. പക്ഷേ എന്റെ പ്രശ്‌നം ഇപ്പോൾ അതല്ല. അവളെവിടെ. ചാരപ്പുളളികളുളള ആ കറുമ്പിപ്പയ്യെവിടെ. തെങ്ങിൻതോട്ടം മുഴുവൻ തിരഞ്ഞു. അവിടവിടെ തൈത്തെങ്ങിന്റെ തലപ്പ് കടിക്കുന്ന പശുക്‌ടാങ്ങളെ കണ്ടു. പശുക്‌ടാങ്ങളെ മാത്രം.
വൈകുന്നേരം എന്നെ ചായ്‌പ്പിൽ കണ്ടതിന്റെ അമ്പരപ്പുമായി അമ്മ പുറത്തിറങ്ങി നോക്കി. കാക്കകളൊന്നും മലന്നുപറക്കുന്നില്ല എന്നുറപ്പിച്ച് അടുക്കളയിൽ പോയി കാപ്പിയിട്ടു തന്നു. കാപ്പി കുടിച്ച് മലർന്നു കിടക്കുന്നതിനിടയിൽ വീടിന്റെ മോന്തായം ഒരു കൈത്തോടാണെന്ന് ഞാനറിഞ്ഞു. അമ്മയോടപ്പോൾ അത് വിളിച്ചുപറയണം എന്ന് തോന്നിയപ്പോളാണ് അമ്മയും അച്ഛനും വിട്ടുപോയിട്ട് എത്രനാളായിരിക്കുന്നു എന്നോർത്തത്. അതുകൊണ്ട് സ്വയം വിശ്വസിപ്പിച്ചു. മറ്റൊരാളെ വിശ്വസിപ്പിക്കാൻ കഴിയാത്തിടത്തോളം കണ്ടെത്തലുകൾക്ക് പ്രസക്തിയില്ല എന്ന് അറിയാൻ വയ്യാഞ്ഞിട്ടല്ല. പക്ഷേ അത് സത്യമായിരുന്നു. വീടിന്റെ മോന്തായം ഒരു കൈത്തോട് തന്നെയായിരുന്നു, ഇഴഞ്ഞിറങ്ങി വരുന്ന പല്ലികളെ പരൽമീനുകളായി കാണാൻ കൂടി കഴിഞ്ഞാൽ തീർച്ചയായും. എനിക്ക് മീതെ ഒരു കൈത്തോട് ഒഴുകിത്തുടങ്ങിയിരിക്കുന്നു എന്നതാകും കൂടുതൽ സത്യസന്ധമാവുക.
വൈകുന്നേരം പണികഴിഞ്ഞെത്തിയ അച്‌ഛൻ വീട്ടിലെന്നെക്കണ്ട് ഞെട്ടി. ‘അവന് അസുഖമെന്തെങ്കിലുമാണോ’ എന്ന് അമ്മയോട് പതിഞ്ഞ ശബ്‌ദത്തിൽ ചോദിക്കുന്നത് കേട്ടു. ചാണകം മെഴുകിയ നിലത്ത് അത്താഴം കഴിച്ചിരിക്കുമ്പോൾ വീട്ടിലെല്ലാവരും എന്തോ അത്യാഹിതത്തെ പ്രതീക്ഷിക്കുന്നതിന്റെ മൗനം സൂക്ഷിച്ചു. രാവേറെച്ചെന്നിട്ടും എല്ലാ മുറികളിൽ നിന്നും അശാന്തമായ നെടുവീർപ്പുകൾ ഉയരുന്നുണ്ടായിരുന്നു.
പലവട്ടം സാധാരണ അവസ്ഥയിൽ ചെന്നിട്ടും അവളെ കണ്ടെത്താൻ കഴിയാത്തതിനാലാണ് രാവിലെ മുതൽ പിടിച്ചു നിർത്തിയ ആന്തലുമായി പടിഞ്ഞാറു വശത്തേക്കോടിയത്. ആന്തൽ ആവിയാക്കുന്നവിധത്തിൽ അവളുടെ അസാന്നിധ്യം മുഴച്ചു നിന്നു. ഇനിയിപ്പോൾ വിട്ടുപോകലുകളല്ലാതെ മറ്റുമാർഗ്ഗങ്ങളില്ല എന്ന് ഉറപ്പുപറയുന്ന തരത്തിൽ പശുക്‌ടാങ്ങൾ നിരാലംബമായി തലയാട്ടി. അതുവരെ അനുഭവിച്ചതിൽ വെച്ചേറ്റവും വലിയ അത്യാഹിതത്തിന്റെ ഞെട്ടലിൽ എന്റെ വീട് മരവിച്ചു.
വെളിച്ചങ്ങൾക്കപ്പുറത്തെ നിതാന്തമായ ഇരുട്ടിലേക്ക് വാതിൽ തുറന്നുകിടന്നു. ആഞ്ഞിലിച്ചക്കക്കായി പ്ലാവിൽ വലിഞ്ഞുകയറിയവനെ നീറു കടിച്ചതിന്റെ പാടുകൾ മുമ്പോട്ട് സഞ്ചരിച്ച ശരീരം സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഒരു സംഭവത്തിന് ശേഷം അതിനെക്കുറിച്ച് ചിന്തിച്ചിരിക്കുന്നവന് സത്യത്തിൽ നഷ്‌ടമാകുന്നത് ദിശാബോധമാണ്. മുന്നോട്ടു സഞ്ചരിച്ച ശരീരം എന്നെഴുതി മഷിയുണങ്ങുന്നതിന് മുമ്പ് സഞ്ചരിച്ചതെങ്ങോട്ട്? എന്ന ചോദ്യം ഉയർന്നു വരുന്നതങ്ങിനെയാണ്. ആരാണ് ആ ചോദ്യം ചോദിക്കുന്നത് എന്നതിൽ സാംഗത്യമില്ല. കാരണം ഏകാന്തതയെപോലും കൂട്ടാളിയാക്കാൻ കഴിയാത്തത്ര വലിയ ഏകാന്തതയാണ് എന്റേത്.
കഥ പറയാൻ ഞാൻ തയ്യാറാകുകയാണ്. എന്റെ വീട് എന്നു പറയുന്നതിൽ അർത്ഥമില്ല. എന്റെ ദേശം എന്നു പറയണം. കാരണം ഓരോ കാലത്തും അനുഭവിക്കാൻ കഴിയുന്ന വലിപ്പത്തെയാണ് നമ്മൾ ദേശം എന്നു പറയുന്നത്. വീടുണ്ടായിരുന്ന കാലത്തു മുഴുവൻ എന്റെ വലിപ്പം അതും അതിന്റെ ചുറ്റുപാടുമായിരുന്നു. അമ്മ പറയാറുണ്ടായിരുന്നു എന്നാണ് ഓർമ്മ പറയുന്നത്; ‘പര്യമ്പ്രം വിട്ട് പോകല്ലേ കണ്ണാ. അച്‌ഛൻ വരാൻ നേരാകുന്നു. അമ്മയെ തല്ലുകൊളളിക്കല്ലേ’. അതുകൊണ്ട് എന്റെ ദേശം എന്റെ വീട്. തുടങ്ങാം. നീന്താൻ ഇപ്പോഴുമറിയില്ല എന്നതാണ് വാസ്‌തവം. പക്ഷേ എനിക്കുപകരം അക്കരെപ്പോയവരും ചാമ്പയ്‌ക്കയുമായി എന്നെത്തേടി ഇക്കരെവന്നവനും കരിമ്പുകെട്ടുമായി പോയവനും ഞാനല്ലാതാകുന്നില്ലല്ലോ. വീടിന് പുറകിലൂടെ നടന്നാൽ ആറ്റു തീരത്തെത്തും; അതാണ് പടിഞ്ഞാറെ വശം. വീടിന്റെ പുറകിലോട്ടുളള വഴി മാത്രമേ വശത്തിന്റെ പേരിൽ അറിയപ്പെട്ടുളളൂ. മുന്നോട്ടുളള വഴിക്ക് നടവഴി എന്നായിരുന്നു പേര്. വശങ്ങളിലേക്ക് വഴിയില്ലായിരുന്നു. പടിഞ്ഞാറു വശത്തു പോകണമെങ്കിൽ ഒളിച്ചു പോകണം. അമ്മയെ തല്ലുകൊളളിക്കരുതല്ലോ. ഞങ്ങളുടെ ആറിന്റെ ഏറ്റവും വലിയ പ്രത്യേകത അത് ലംബമായാണ് ഒഴുകുന്നത് എന്നതാണ് (ശ്രദ്ധിച്ചിട്ടില്ല അല്ലേ; എല്ലാ പുഴകളും തിരശ്ചീനമായാണ് ഒഴുകുന്നത്). ആറിന് സ്വാഭാവികമായും അക്കരെയും ഇക്കരെയും ഉണ്ടായിരുന്നു. അക്കര മുഴുവൻ ചാമ്പക്കാടാണെന്നാണ് ഇവിടെനിന്ന് അവിടെ പോയിട്ടു വരുന്നവർ പറയുന്നത്. അവരുടെ കഴുത്തിൽ ചാമ്പക്കാ മാലകൾ സൂര്യന്മാരെ കോർത്ത മാലപോലെ തിളങ്ങി. അക്കരെ നിന്ന് ഇക്കരെ വരുന്നവരുടെ കരിമ്പിനോടുളള ആർത്തി കണ്ടാൽ അക്കരെ ചാമ്പക്കാ കാടുകൾ ഉണ്ടെന്ന് തോന്നുകില്ല. സ്ഥിരമായി ചാമ്പക്കാടുകൾ മാത്രമായിരുന്നു; ദൂരെ ദൂരേക്ക് അകന്നു നില്‌ക്കുന്ന ചാമ്പക്കാടുകൾ മാത്രം. ഒരുദിവസം ഞാൻ ആറ്റിലിറങ്ങാൻ തീരുമാനിച്ചു. എല്ലാരും നീന്തുമ്പോൾ എനിക്ക് കൊതിയടക്കാനായില്ല (നീന്തൽ പഠിച്ചെടുക്കേണ്ടുന്ന ഒന്നാണെന്ന് ആരും പറഞ്ഞില്ലെങ്കിൽ ഞാനെങ്ങിനെ അറിയാൻ). നീന്തുമ്പോൾ നീന്തുകയല്ല താഴുകയാണ് എന്നറിഞ്ഞില്ല. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ നീന്തുക തന്നെയായിരുന്നു.
നീന്തി നീന്തി ചെന്നപ്പോൾ ചെങ്കൽപ്പാറകളിൽ ഉരസിയ ശരീരം നൂറായിരം ഗോത്രങ്ങൾ കണ്ടു. പായലും പരലും രണ്ടാണെന്നറിഞ്ഞു. എന്തോരം നീന്തിയെന്ന് ഇപ്പോൾ എങ്ങിനെ പറയാൻ. പിന്നെ പലരോടും പറഞ്ഞു; ഞാൻ ആറിനക്കരെ പോയെന്ന്. കാറ്റിനോട് പോരിനിറങ്ങിയവർ അതു കേട്ടില്ല. തിരുത്തിയത് അവളാണ്; നീ നീന്തിയത് പുഴയല്ല, കൈത്തോടാണത്രെ. അവൾ…
കടലിലേക്കായിരുന്നു യാത്ര. മൈതാനത്തിന്റെ നവദ്വാരങ്ങളെന്നോണം കടലിലേക്ക് വഴികൾ നീണ്ടു കിടന്നു. വഴിയരികിൽ നിന്ന് പൂക്കളും അതിനപ്പുറത്തെ വീടുകളിൽ നിന്ന് ആൾക്കൂട്ടവും നോക്കുന്നതറിയാതെ ഞങ്ങൾ കടലിലേക്ക് നീണ്ടു. കടൽക്കരയിൽ ഇരുന്ന് ആർത്തലമ്പി. നമുക്ക് പിന്നിലോ മുന്നിലോ പ്രതിബന്ധങ്ങളില്ലല്ലോ എന്ന് കൈകോർത്തു പിടിച്ചു കുടകൊണ്ട് മുഖം മറച്ച് ചേർന്നിരിക്കുന്നവരെ പരിഹസിച്ചു.
അവളാണ് പറഞ്ഞത് (ഇനിയിത് ആവർത്തിക്കില്ല, എല്ലാം പറഞ്ഞത് അവളാണ്). കടലിനടിയിൽ നമ്മളുമായി ബന്ധമില്ലാത്ത ഗോത്രങ്ങളുണ്ടത്രേ! മൗനത്തിന്റെ ട്രൈഡാക്‌സുകൾ പൂത്തു നിൽക്കുന്നത്. കടൽപ്പാലങ്ങൾ അടർന്നു വീഴുന്നത് അവരുടെ വസന്തങ്ങളിലേക്കാണത്രെ. പണ്ട് മലയിറങ്ങി വരുന്ന ഒരു ബസ്സിൽ വിൻഡോ ഷട്ടറുകൾ പൊക്കി വെച്ച് ഞാൻ പുറംലോകം നോക്കിയിരിക്കുകയായിരുന്നു. ഷട്ടറിനടിയിലൂടെ എന്നിലേക്ക് ഒരു ചാറൽമഴ ചാഞ്ഞു. തലമുടി നനയാനുളള മഴപോലും പെയ്‌തില്ല, അതിനുമുമ്പ് കണ്ടക്‌ടർ വിളിച്ചു പറഞ്ഞു; ഷട്ടർ താഴ്‌ത്തുക പിന്നിലെ സീറ്റുകൾ മഴ നനയുന്നു. മഴയ്‌ക്കായി കൊതിച്ച് ഇരുട്ടത്ത് വിറച്ചിരുന്ന എന്റെ സമീപത്തേക്ക് അവൾ വരികയായിരുന്നു. കൈകൾ എന്നുപറഞ്ഞ് (ഏതു ഭാഷയിലാണ് അവൾ ആദ്യമായി സംസാരിച്ചത്? ഏതു ഭാഷയാണ് അവൾ സംസാരിക്കാതിരുന്നത്) അവൾ ബാഗിൽ നിന്ന് ബിയർ ടിൻ എടുത്ത് എനിക്കു നീട്ടി. പതിയെ പതിയെ മഴ അവളായി; എന്നിലേക്കു ചാഞ്ഞു.
ഉറക്കെ പൊട്ടിച്ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു. ‘എടാ കടൽ ഓർമ്മകളെ അടിച്ച് കരയ്‌ക്കിടുന്നുണ്ട്. ഞാനാദ്യമായി കടൽ കണ്ടത് കുഞ്ഞിപ്പെണ്ണായിരുന്നപ്പോഴാണ്. നിനക്കറിയ്യോ ഞാൻ കടലിൽ അപ്പിയിട്ടിട്ടുണ്ട്.’ അതുകേട്ടപ്പോൾ ഞാൻ അമ്പരന്നു. സാധാരണ ഇത്തരമൊരു വാക്യത്തിന്റെ അവസാനം പെണ്ണുങ്ങൾ സൂക്ഷിക്കാറുളള നാണം കാണാത്തതിനാലുളള അമ്പരപ്പല്ല. കടലിൽ അപ്പിയിടാൻ കഴിഞ്ഞ ഒരുവളോടുളള അസൂയയിൽ നിന്നുണ്ടായ അമ്പരപ്പാണത്; ഹോ! എന്തൊരു മഹാഭാഗ്യമാണത്. മുന്നോട്ടും പിന്നോട്ടും പോകുന്നതിനിടയിൽ എന്റെ മഹത്‌കൃത്യങ്ങളെക്കുറിച്ച് ആദ്യമായി കേട്ടത് അവളാണ്. എന്റെ കുട്ടിക്കാലം അവൾക്ക് ഞാൻ കരുതിയതിനെക്കാൾ മഹാ സംഭവമായിരുന്നു. കൈത്തോട് കാണാതായതിന്റെ പേരിൽ വീടു വിട്ടിറങ്ങിയവനും ചാമ്പക്കായയ്‌ക്കായി അക്കരയിലേക്ക് നീന്തി പോയവനുമായ എന്നോട് അവൾക്കിപ്പോൾ എന്തെന്നില്ലാത്ത ആരാധന. ഓർത്തിരുന്നപ്പോൾ അവളുടെ കണ്ണുകൾ ജലസ്‌പർശം കൊണ്ടുവന്നു. പിന്നീട് ചോദിച്ചു. പോകണ്ടേ ആളുകൾ പോയി. കടൽത്തീരത്ത് ഇപ്പോൾ രണ്ട് ചാരുകസേരയിൽ നമ്മൾ രണ്ടും മാത്രം. പോകണ്ടേ എന്നു ചോദിച്ചെങ്കിലും പോകാൻ അവൾക്ക് മനസ്സില്ലായിരുന്നു; പണ്ട് കടൽക്കാക്കയ്‌ക്കു പുറകേ കടൽപ്പാലത്തിൽ നിന്ന് ചാടിയതിന് ശേഷം അവൾക്ക് പോകാൻ മനസ്സേ ഇല്ലായിരുന്നു. എങ്കിലും പെണ്ണുങ്ങളുടെ ഉത്തരവാദിത്വം എന്ന നിലയിൽ അവൾ ചോദിച്ചു. പോകണ്ടേ ഇരുട്ടുന്നു. പോകണമെന്ന് എനിക്കുമുണ്ടായിരുന്നില്ല. എങ്കിലും ആണുങ്ങളുടെ ഉത്തരവാദിത്വം എന്ന നിലയിൽ ഞാൻ എഴുന്നേറ്റു; പോകാം.
പോകാതിരിക്കുകയായിരുന്നു ഭേദമെന്ന് ഇപ്പോൾ തോന്നുന്നു. നഷ്‌ടപ്പെട്ടതിനെക്കുറിച്ച് കിനാവുകാണുന്നതിനെ ആർക്കാണ് ന്യായീകരിക്കാനാവുക. പാതിവഴിയിൽ വെച്ച് ഒറ്റയ്‌ക്ക് വഴിപിരിഞ്ഞു പോകുന്നതിന് മുമ്പ് അവൾ പറഞ്ഞതു തന്നെ കേൾക്കൂ- ‘കൈത്തോടു കണ്ടു ഭ്രമിച്ചാൽ നഷ്‌ടപ്പെട്ടത് കൈത്തോടാണല്ലോ എന്നോർത്ത് സമാധാനിക്കാം. നിനക്ക് കടല് കിട്ടാനുണ്ടല്ലോ. കൈത്തോടിനെ മറന്നുപോകാനിടയുണ്ട്. പക്ഷേ കടലുകണ്ട് ഭ്രമിച്ചാൽ, കിട്ടുന്നത് കൈത്തോടാവും. ചെറുതാണല്ലോ കിട്ടിയത് എന്ന് നമ്മൾ അതൃപ്‌താകേണ്ടി വരും. പുരാവൃത്തങ്ങൾ അസംബന്ധങ്ങളാകുന്ന ഇരുട്ടിലേക്ക് ഇറങ്ങി നടക്കേണ്ടിവരും; നിതാന്തമായ ഇരുട്ടിലേക്ക്.’
Generated from archived content: story_oct26_05.html Author: latheesh_mohan