സന്തപ്തം

പെറ്റതോ തെറ്റെന്റെ മക്കളെ

തോറ്റതെന്റെയോ ജീവിത,മവന്റെയോ?

പോറ്റുന്നതത്രെ പുണ്യകർമ്മം മാതാവിന്‌,

കാക്കുവാൻ കടപ്പെട്ടോൾഃ

കൊക്കുരുമ്മിയും, ചിറകാലൊതുക്കിയും.

കൂടൊരുക്കിയും, കുടെ നടത്തിയും.

ഭ്രാന്തനാവാം, താന്തം, പാഴ്‌ജന്മം

ഗതിയെഴാതലയും ജീവിതം, ജരാനരം,

ശോകസഞ്ചാരം, ദുഃഖപൂർണ്ണിമ

പുത്ര,നെങ്കിലും പുത്രനല്ലാതാമോ?

ദുരിതഭരിതം കാലദോഷാസുരം

വ്യസനനാളുകളശാന്തിപർവ്വങ്ങൾ

വിധിവിഹിതമെന്നോർത്തുവിതുമ്പിടാം.

സന്തതം, പക്ഷെ, നിഴൽപ്പക്ഷിപോലെ

പുത്രനെ പിൻപറ്റിപ്രയാണം

രക്ഷയായി കൊടുംശിക്ഷയായ്‌;

കാലമെത്ര കടങ്കഥപോലെ

കാതമെത്രകടൽത്തോണിപോലെ

“എത്രനാൾ?” പിടയുന്നു സത്വരം നെഞ്ചകം

രോഗാതുരം കൃശാംഗം, വാർദ്ധക്യവിവശം,

കാഴ്‌ചത്തെളിമയിൽ തിമിരധൂസരം,

കേൾവിപാതിയും വഴുതിമാറുന്നു,

ഹൃത്തളത്തിൽ നിഴലാന്ദോളനം

നിഗൂഢഭീതി, മൃതി സമീപനം

വിളിച്ചാൽ പോകാതെ വയ്യ

വാക്കുകൾ നുറുങ്ങിമുറിയുന്നു ചിന്തഃ

“ശേഷമാരെൻമകനു തുണയേകിടും?”

പ്രാർത്ഥനയൊന്നുമാത്രമേ ബാക്കിയാംഃ

“മരിക്കൊല്ലെ, പുത്രൻ ജീവിപ്പുവോളം”

Generated from archived content: santhaptham-lal.html Author: lalrenjan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here