മലയാള കഥാസാഹിത്യത്തിലെ എക്കാലത്തെയും മഹാരഥന്മാരായിരുന്ന പോയതലമുറയിലെ പ്രമുഖകഥാകൃത്തുക്കളുടെ ഏതാനും കഥകൾ ഓരോ ലക്കത്തിലായി പ്രസിദ്ധീകരിക്കുന്നു. പുതിയ എഴുത്തുകാർക്ക് കഥാരചനയിൽ മാർഗ്ഗദർശിയാകാൻ ഈ കഥകൾ പ്രയോജനപ്പെടും. ഈ ലക്കത്തിൽ ലളിതാംബിക അന്തർജ്ജനത്തിന്റെ ‘ദേവിയും ആരാധകനും’ എന്ന കഥ വായിക്കുക.
ദീപാരാധനയ്‌ക്ക് നട അടച്ചു. ഗംഭീരമായ ശംഖനാദം. പൂജാമണിയോടിടകലർന്ന് ശ്രീകോവിലിന്റെ അന്തർഭാഗത്തെങ്ങോ മന്ദ്രമധുരമായ മന്ത്രോച്ചാരണശബ്‌ദം മുഴങ്ങി. അതേതോ സ്വപ്‌നലോകത്തായിരുന്നു. ദൃശ്യത്തിന് ഇത്രയും ശക്തിയില്ല. ‘ദേവീ! മഹാമായേ!’ വാതിൽ തുറന്നാലുടനെ ആ ദിവ്യമംഗളവിഗ്രഹം കണ്ടു കൈകൂപ്പുവാനായി ഭക്തജനങ്ങൾ തിക്കിത്തിരക്കി. അലൗകികമായ ആ സന്ധ്യാകാലശാന്തതയിൽ മണ്ഡപമുഖപ്പിലെ മണികൾ തുടരെത്തുടരെ അടിച്ചുകൊണ്ടിരുന്നു.
അനേകജനങ്ങളെ അക്ഷമരാക്കിയ ആന്തരികാരാധനയ്‌ക്കുശേഷം ഗർഭഗൃഹത്തിന്റെ വാതിൽ പെട്ടെന്നു തുറക്കപ്പെട്ടു. ആയിരമായിരം മാലവിളക്കുകളുടെയും പുഷ്‌പമാല്യങ്ങളുടെയും ഇടയിൽ അത്ഭുതതേജോമയമായ കുമാരീവിഗ്രഹം ശോഭിക്കുന്നു. ആ സുവർണ്ണപാണികളിൽ രാഗോജ്ജ്വലമായ ഒരു വരണമാല്യം ഉണ്ട്. പ്രേമപ്രതീക്ഷയുടെ നീലാഞ്ഞ്‌ജനച്ചാർത്തണിഞ്ഞ തിരുമിഴികളിൽ അക്ഷമയുടെ ലോലലോലമായ നിഴലാട്ടം. ആഗതമായിട്ടില്ലാത്ത ഏതോ പ്രേമപുഞ്ഞ്‌ജത്തെത്തേടി വിശ്വകല്യാണവേദിയിൽ അവിടുന്നു കാത്തുകാത്തുനില്‌ക്കയാണ്. ചന്ദനത്തിരികളുടെയും ധൂമദീപങ്ങളുടെയും ചൂടുള്ള പരിമള മാരുതൻ ഒരു ദിവ്യനിശ്വാസമെന്നപോലെ നടവാതിലിലേക്കു പടർന്നൊഴുകി. ഭക്തിയുടെ പാരമ്യത്തിൽ അന്തരിന്ദ്രിയങ്ങൾ ബോധാതീതമാകുന്നു. ജഗത്തിന്റെ ഹൃദയസ്‌പന്ദനമെന്നപോലെ തുടർച്ചയായടിച്ചുകൊണ്ടിരുന്ന മണികൾപോലും ഒരു നിമിഷം സ്‌തബ്‌ധങ്ങളായി. സ്വർഗ്ഗീയമായ ഒരു പരമനിർവ്വാണലയം.
തറ്റുടുത്ത് തുളസീമാലയും ചൂടി സാത്വികതയുടെ സജീവചൈതന്യമെന്നപോലെ ആ പൂജകൻ മുഖവാതിലിൽ നില്‌ക്കുന്നു. അയാളുടെ കൈയിൽ ജ്വലിക്കുന്ന ദീപഭാജനം ഉണ്ട്. വെള്ളിക്കിണ്ടിയിൽ തീർത്ഥവും പ്രസാദവും…. ആളുകൾ അവിടെയും തിക്കിത്തിരക്കി മുന്നോട്ടുകയറി. ഈശ്വരസന്നിധാനത്തിലും മത്സരിക്കുന്നതാണല്ലോ ലോകം. പൂജകൻ അനുകമ്പയോടെ അല്‌പനേരം നോക്കിനിന്നു. ഈ ആരാധകരിൽ അനുഗ്രഹാർഹമായ ഒന്നെങ്കിലുമുണ്ടോ?
ജനക്കൂട്ടത്തിനിടയിൽ ഒരു മൃദുമർമ്മരം. കൗമാരത്തിന്റെ പിടിവിട്ട് യൗവനവസന്തത്തിലേക്കു കാലൂന്നിയ ഒരു മനോഹരയുവതി മന്ദം മന്ദം മുന്നോട്ടു വരികയാണ്. അവൾ ധരിച്ചിരുന്ന വെള്ളപ്പട്ടുസാരിയുടെ കസവുകരകൾ അഗ്നിജ്വാലപോലെ ചുഴന്നു നാലുപാടും തിളങ്ങി. അപ്പോൾ വികസിച്ച ചെമ്പകമുകുളങ്ങൾ നിറഞ്ഞ ഒരിലക്കുമ്പിൾ അവളുടെ കൈയിലുണ്ട്. ആളുകൾ ബഹുമാനപൂർവ്വം ഒഴിഞ്ഞുമാറി. കുലീനതയുടെ കോമളസന്താനം. അവളെക്കണ്ടാൽ ആരും ഒതുങ്ങി മാറിപ്പോവും.
പുഷ്‌പപാത്രം പടിയിൽ വച്ച് അവൾ ആദരപൂർവ്വം താണുതൊഴുതു. എന്തൊരു മാദകമായ സൗരഭ്യവിശേഷം! ദീപപ്രഭാവലയിതമായ ആ ചെമ്പകകുസുമങ്ങൾ സ്വർണ്ണവർണ്ണം പൂണ്ടു വിളങ്ങി. ആ പുഷ്‌പങ്ങൾക്കും അവളുടെ നിറത്തിനും തമ്മിൽ എന്തൊരു സാദൃശ്യമാണുള്ളത്! കാതരലോലമായ കടാക്ഷേന്ദീവരങ്ങൾ അപേക്ഷാപൂർവ്വമർപ്പിച്ചുകൊണ്ട് അവൾ വീണ്ടും കുനിഞ്ഞുവണങ്ങി. ആശ്ചര്യം! ആ മിഴികളിലും അക്ഷമയുടെ സ്വപ്‌നതുല്യമായ നിഴലാട്ടം ഉണ്ട്. എന്തോ അവാച്യമായ വികാരാവേശത്താൽ കവിൾത്തടങ്ങൾ കുങ്കുമാഭമാവുന്നു.
പൂജകൻ ദേവീവിഗ്രഹത്തെയും ആരാധികയെയും മാറിമാറി നോക്കി. ഇത്ര ചേർച്ചയേറിയ ഒരു പ്രതിരൂപം ഇതിനുമുമ്പ് കണ്ടിട്ടില്ല. അയാളുടെ നേത്രങ്ങൾ സാരൂപ്യനിർവൃതിയിൽ വികസിതങ്ങളായി. വളരെനാളത്തെ പൂജകളും ധ്യാനവും സങ്കല്‌പനങ്ങളുമെല്ലാം ഇന്നു സഫലമാകുന്നു. ഈശ്വരസാക്ഷാത്‌കാരം മനുഷ്യനിൽ നിന്നു തന്നെയല്ല മനുഷ്യൻ നേടുന്നതെങ്കിൽ പിന്നെ എവിടെ നിന്നാണ്?
ആ ദീപഭാജനത്തിലെ കതിരുകൾ അവളുടെ അർദ്ധനിമീലിത നയനങ്ങളിൽ പ്രതിഫലിച്ചു തെളിഞ്ഞു. അവിടെനിന്ന് അയാളുടെ കണ്ണുകളിലേക്കും. ദേവനീരാജിതമായ ആ പവിത്രാഗ്നിപടലം അയാൾ വെളിയിലേക്കു നീട്ടിക്കൊടുത്തു. അതിലെ ജ്വാലകൾ ആവാഹിച്ചു സ്വന്തമുഖത്തേക്കു ചേർക്കുമ്പോൾ ചുവന്ന ദീപനാളത്തിൽ അവളുടെ വെളുത്തു മിനുത്ത വിരലുകൾ ചെമ്പനീരിതളുകൾപോലെ ശോഭിച്ചു.
തട്ടം താഴത്തുവച്ച് അയാൾ തീർത്ഥവും പ്രസാദവും എടുത്തു. അവൾ ആദരവോടെ കരങ്ങൾ നീട്ടി. നവയൗവനത്തിന്റെ നർമ്മാഭിലാഷങ്ങളാൽ വിടർന്ന ആ കരമുകുളത്തിലേക്കു ജലം പകരുമ്പോൾ എന്തുകൊണ്ടോ അയാളുടെ കൈകൾ വിറകൊണ്ടിരുന്നു.
ആ യുവാവ് അവിടെ പൂജയ്‌ക്കായി വന്നിട്ട് അഞ്ചുകൊല്ലത്തിലധികമായി. വളരെ സ്‌ത്രീകളെ കണ്ടിട്ടുണ്ട്. വളരെ കൈകളിൽ തീർത്ഥവും പ്രസാദവും കൊടുത്തിട്ടുമുണ്ട്. ഈ വിറയൽ അന്നെങ്ങുമുണ്ടായിട്ടില്ല.
പ്രസാദമാല്യം മുടിയിലണിഞ്ഞു ചന്ദനക്കുറിയുമായി അവൾ തിരിയുന്നതുകണ്ടു. അടുത്തൊരാൾ – അടുത്തൊരാൾ – എല്ലാം കൈകളിലും അയാൾ തീർത്ഥജലം പകർന്നു. ഏതാണ്ടൊരു നിസ്സംഗതയോടെ.
അടുത്തദിവസം മുതൽ ആ ദേവീവിഗ്രഹത്തിനു ചൈതന്യമേറിയതായി ആളുകൾക്കനുഭവപ്പെട്ടു. എത്രമനോഹരമായാണ് അത് ഒരുക്കിയിരിക്കുന്നത്. ചന്ദനച്ചാർത്തണിഞ്ഞ തിരുമുഖത്ത് ഒരു മുഗ്‌ധമന്ദസ്‌മിതത്തിന്റെ അങ്കുരമുദിക്കുമാറ് ചെഞ്ചായം തിളങ്ങി. മഷിക്കൂട്ടണിഞ്ഞ മിഴിക്കോണുകളിൽ അഗാധമായ പ്രേമസൗന്ദര്യമഞ്ജിമയുണ്ട്. ചുഴലവുമുള്ള ദീപപ്രകാശത്തിൽ നേർത്ത കസവ് അരുവുപാളികൾവച്ച ചെമ്പട്ടുടയാട കമനീയമായി ശോഭിക്കുന്നു. ആ നടയിൽ നിന്നാൽ ആരാണ് അറിയാതെ കൈകൂപ്പിപ്പോകാത്തത്!
ആ യുവതി ദിവസവും സന്ധ്യയ്‌ക്കു വരും! അയാൾ പ്രസാദവും കൊടുക്കും. അത്ഭുതം- ആ ദേവീബിംബത്തിന്റെ കരങ്ങളിലും അവളുടെ കൈയിലുള്ളതുപോലെ നവചാമ്പേയകുസുമങ്ങളാൽ തീർത്ത ഒരു വരണമാല്യം ഉണ്ട്.
കന്യകമാരുടെ മംഗല്യസിദ്ധിക്കു വളരെ വിശേഷപ്പെട്ട ഒരു ക്ഷേത്രമായിരുന്നു അത്. അവിടെ ഭജിച്ചിട്ടുള്ള കുമാരിമാരിലാരും അഭീഷ്‌ടസാദ്ധ്യമുണ്ടാകാതെ നിരാശപ്പെട്ടിട്ടില്ല. അമ്മമാർക്ക് അതു സമാധാനമേകി. ആശാബദ്ധരായ കാമിനികാമുകർ എല്ലാം അവിടെ സമർപ്പിച്ച് ആശ്വസിച്ചു. വളരെ ദൂരദേശങ്ങളിൽ നിന്നുപോലും യുവതീയുവാക്കൾ ഇവിടെവന്നു ഭജിച്ചുപോരാറുണ്ട്. ഇങ്ങനെ മനുഷ്യജീവിതത്തിലെ മൃദുലമധുരമായ ആശകൾ, അഭിലാഷങ്ങൾ, അഭ്യർത്ഥനകൾ എല്ലാം ആ ശ്രീകോവിലിനു മുന്നിൽ മുട്ടുകുത്തിയും മൊട്ടണിഞ്ഞും വിലസി. പക്ഷേ, അവിടത്തെ പൂജകനുമാത്രം ആ മഹാനുഗ്രഹം ഇല്ല. അനൂഢയായ കുമാരീദേവിയുടെ ആരാധകൻ അവിവാഹിതനായിരിക്കണം. അയാൾ സ്‌ത്രീകളോട് – സ്വന്തം മാതാവിനോടുപോലും – സംസാരിക്കയോ സഹവസിക്കയോ ചെയ്യരുത്. ദേവിയെപ്പറ്റിയല്ലാതെ ഈ ലോകത്ത് അയാൾ മറ്റൊന്നിനെപ്പറ്റിയും ചിന്തിക്കപ്പോലുമരുത്. ഇങ്ങനെയാണു കീഴ്‌നടപ്പ്.
ആ യുവാവായ ഉപാസകൻ ഇതിനു മുമ്പൊരിക്കലും താൻ ചെയ്‌തു പോയ സത്യത്തെപ്പറ്റി പശ്ചാത്തപിക്കുകയോ കുണ്‌ഠിതപ്പെടുകയോ ചെയ്‌തിട്ടില്ല. അയാൾ അതിവിശിഷ്‌ടമായ ഒരു പരമ്പരയിൽ ജനിച്ച കൂലീനനായിരുന്നു. സ്വന്തം പൂർവ്വികരിലൊരാളായ ശ്രീ ശങ്കരനെപ്പറ്റി അയാൾ അഭിമാനംകൊണ്ടു. ജ്ഞാനവൈരാഗ്യമൂർത്തിയായ ആ മഹായോഗിയെപ്പറ്റി ഓർക്കുമ്പോൾ അയാളുടെ രക്തം തുടിക്കും. അന്നത്തേതിൽപ്പിന്നെ അങ്ങനെയുള്ള അഗാധവൈരാഗ്യവും അത്ഭുതമനീഷയും കർമ്മസിദ്ധികളും ലോകം കണ്ടിട്ടില്ല. എന്തുകൊണ്ടു തനിക്കുതന്നെ ആ പാരമ്പര്യം നിലനിർത്തിക്കൂടാ? പ്രപഞ്ചസത്യങ്ങളെപ്പറ്റി പഠിക്കണമെങ്കിൽ പ്രപഞ്ചത്തിൽനിന്നൊഴിഞ്ഞുനിന്നേതീരൂ. പ്രാരംഭനടപടിയായി അയാൾ ആ കുമാരിമന്ദിരത്തിലെ പൂജകസ്‌ഥാനം സ്വീകരിച്ചു. അവിടെ സേവിച്ചാണത്രേ ആചാര്യദേവനും സിദ്ധിനേടിയത്.
ആരേയും ആകർഷിക്കുന്ന അഭികാമ്യമായ വേതനം ആ സ്‌ഥാനത്തിനുണ്ടായിരുന്നു. പക്ഷെ അയാൾ അതു സ്വീകരിച്ചില്ല. സമ്പത്തിനുവേണ്ടിയാണെങ്കിലും പിന്നിട്ടുപോന്ന ആ കുടുംബവും ബന്ധുത്വവും എത്ര കൗബേരമായിരുന്നു. രാജകന്യകമാർപോലും അയാളുടെ സൗന്ദര്യത്തിനു വലയിട്ടിട്ടുണ്ട്. വിലപേശിയിട്ടുണ്ട്. ജന്മജന്മാന്തരങ്ങളിലെ കർമ്മവാസനകൾ ആ യുവാവിനെ രക്ഷിച്ചുനിർത്തി. അനശ്വരമായ ഏതോ മഹാസമ്പത്തിന്റെയും അവകാശിയായി അയാൾക്ക് ഉയരുവാൻ പാടില്ലേ?
അഞ്ചുവർഷങ്ങൾ – അഞ്ചു നീണ്ട വർഷങ്ങൾ മുഴുവൻ – നിരന്തരമായി അയാൾ ആ ദേവീവിഗ്രഹത്തിന്റെ പൂജയിലും ധ്യാനത്തിലും മുഴുകി കഴിച്ചുകൂട്ടി. ബാഹ്യലോകത്തിന്റെ നിഴലുകൾക്ക് ആത്മാവിന്റെ ഏകാഗ്രതയെ ഭഞ്ഞ്‌ജിക്കാൻ കഴിവുണ്ടായില്ല. പക്ഷേ, ഇന്ന്-ഈ പാവനമായ സന്ധ്യാദീപ്‌തിയിൽ ഈ ദേവീസദൃശ്യമായ തരുണീമുഖം എന്തിനു തന്റെ ദൃഷ്‌ടിയിൽപ്പെട്ടു. ആത്മസൗന്ദര്യത്തിന്റെ അപാരതയിൽനിന്നും ബാഹ്യമോടികളിലേക്കു വഴുതിവീഴുകയാണോ? അപരാധഭീതിയാൽ അയാളുടെ ഹൃദയം വിറച്ചു. അംബികേ! ഇത് തെറ്റായിരിക്കുമോ?
അനേകജന്മങ്ങളിലെ അക്ഷീണയത്‌നംകൊണ്ടു നേടിയത് ഒരു നിമിഷത്തെ ദൗർബല്യത്തിൽ തകർന്നുപോയേക്കാം.
അതിൽപ്പിന്നെ അയാൾ അവളുടെ മുഖത്തു നോക്കുകയില്ല. ആരുടെ മുഖത്തും നോക്കുകയില്ല. എങ്കിലും നിർവ്വികാരനായി, നമ്രനയനനായി, നീട്ടപ്പെടുന്ന കൈക്കുമ്പിളിലെല്ലാം തീർത്ഥവും പ്രസാദവും വിതരണം ചെയ്യുന്ന അയാൾ ഒരു ചുവന്നുതുടുത്ത കരപല്ലവത്തിനുമുമ്പിൽ മാത്രം അറിയാതെ വിറകൊണ്ടിരുന്നു.
ക്ഷേത്രോദ്യാനത്തോടനുബന്ധിച്ച ഒരു കൊച്ചു ഭവനത്തിലാണ് അയാൾ താമസിച്ചുകൊണ്ടിരുന്നത്. ഉച്ചയ്‌ക്കും രാത്രിയിലും പൂജാസമയം കഴിഞ്ഞാൽപ്പിന്നെ പൗരാണികമഹർഷീശ്വരന്മാരുടെ ഉത്‌കൃഷ്‌ടതത്ത്വസംഹിതകളും ആത്മസൂക്തികളും വായിച്ചു വായിച്ചു മതിമറന്നിരിക്കും.
അതിൽ നൂതനമായ പലേ വ്യാഖ്യാനഭേദങ്ങളും അയാൾക്കു തോന്നി. അവയെല്ലാം ലോകം കണ്ടിട്ടുള്ളതായിരിക്കുമോ? അവയെല്ലാം അവർതന്നെ കണ്ടിരിക്കുമോ? ആ വിശാലമായ ജ്ഞാനസാഗരത്തിന്റെ അലകൾ ഇറങ്ങുംതോറും അഗാധമായി വരുന്നു. അയാൾ തികച്ചും അതിലങ്ങു മുങ്ങിപ്പോയി.
ആ ഭവനത്തിനു ചുറ്റും പുഷ്‌പങ്ങൾ വികസിക്കാറുണ്ട്. പാലൊളിപ്പുഞ്ചിരി പൊഴിച്ചുകൊണ്ട് അമ്പിളി പലപ്പോഴും അംബരരംഗത്തിൽ അങ്ങോട്ടുമിങ്ങോട്ടുമുലാത്തും. പരിമൃദുലമായ മർമ്മരശബ്‌ദത്തോടെ മാലേയമാരുതൻ ഉദ്യാനവൃക്ഷങ്ങളെ ആശ്ലേഷിച്ചുലയ്‌ക്കും. ആ തോട്ടത്തിലെ പക്ഷികൾക്ക് ഋതുഭേദമെന്യേ മധുരമായി പാടുവാനറിയാം. ഒന്നും അയാളറിയുകയില്ല. ഒന്നും അയാളെ ഇളക്കാറില്ല ഒന്നും.
അതിഗഹനമായ ‘വേദാന്തസൂത്ര’ത്തിന് ഒരു വിപുലവ്യാഖ്യാനം നല്‌കുവാൻ അയാൾ ശ്രമിക്കയായിരുന്നു. ‘ബ്രഹ്‌മം സത്യം ജഗന്മിഥ്യ’ എന്തിനാണ് നശ്വരമായതിനുവേണ്ടി മനുഷ്യൻ ഇങ്ങനെ ബുദ്ധിമുട്ടുന്നത്? നിമിഷങ്ങളിലൂടെ നൃത്തംവെച്ച് കാലമങ്ങനെ കടന്നുപോകുന്നു. ജനനവും മരണവും, ജനനവും മരണവുമായി ആവർത്തിച്ച് ആവർത്തിച്ച് ശക്തിയുടെ ആ മഹാപ്രവാഹത്തിൽ കുമിളകൾപോലെ നാമങ്ങനെ ഉദിച്ചടിയുന്നു. അപാരതയുടെ നടുക്കടലിൽ ഒരു മുത്തായിത്തീരണമെങ്കിൽ ഒരു ബിന്ദുവിന് സമസ്‌തബന്ധങ്ങളും അറ്റങ്കിലേ കഴിയൂ. അയാൾ ആ ഗ്രന്ഥം എഴുതിത്തിർക്കും. അനേക തലമുറകളുടെ ആത്മദാഹത്തിന് അതൊരുപശാന്തി നല്‌കിയേക്കാം. പതിവുപോലെ അന്നും ഗ്രന്ഥം എടുത്തു നിവർത്തിവെച്ചു എന്നാൽ പുകഞ്ഞ എണ്ണവിളക്കിൽ പഴകി ചിതൽ പിടിച്ച ആ ഏട്ടിലേ ഒരക്ഷരവും കണ്ണിൽ പതിഞ്ഞില്ല.
വെളിയിൽനിന്നടിച്ചുകയറിയ കുളിർമ്മയേറിയ വസന്തമാരുതനിൽ അയാളുടെ ശരീരം അന്നാദ്യമായി രോമാഞ്ചംകൊണ്ടു. വിശ്വമാകെ നിറഞ്ഞ ഒരു മധുരസംഗീതത്തിന്റെ അലകൾ അന്തരാത്മാവിനേയും ചഞ്ചലമാക്കിക്കൊണ്ടിരുന്നു.
ഗ്രന്ഥം മടക്കിവച്ച് അസ്വസ്‌ഥനായി ആ യുവവിരക്തൻ മുറ്റത്തിറങ്ങി ലാത്തുവാൻ തുടങ്ങി. ആപാദചൂഢം പൊന്നണിഞ്ഞ ഒരു ചെമ്പകത്തയ്യ് അവിടെ നിന്നു. അതിന്റെ വാസന ലഹരി പിടിപ്പിക്കുന്നതാണ്. ആശ്രമോചിതമല്ലാത്ത ആ വൃക്ഷം വെട്ടിക്കളയുവാനായി അയാൾ പലതവണ കത്തികൈയിലെടുത്തിട്ടുണ്ട്. വസന്തത്തിന്റെ ആ മോഹനസംഭാവനയെ നിർദ്ദയം നശിപ്പിക്കണമോ? സ്വന്തം മൃദുലവികാരങ്ങളെ മുളയിൽത്തന്നെ നുള്ളിക്കളഞ്ഞ അയാൾക്ക് അതിനു ധൈര്യമുണ്ടായില്ല. അങ്ങനെ ആ പുഷ്‌പങ്ങൾ മുഴുവൻ കുമാരീദേവിക്കു കല്‌പിക്കപ്പെട്ടിരുന്നു.
പ്രേമം അപരാധമാകുമോ? സൗന്ദര്യം നികൃഷ്‌ടമോ? എങ്കിൽ പിന്നെ ആകാശത്തിൽ നക്ഷത്രങ്ങളും ഭൂമിയിൽ പൂക്കളും സൃഷ്‌ടിച്ച പ്രകൃതിമാതാവ് സ്‌നേഹവും സൗന്ദര്യം പ്രസരിപ്പിക്കുന്നതെന്തിന്? അയാൾ താൻ പഠിച്ചിട്ടുള്ള സംഗീതമയമായ സാമവേദസൂക്തങ്ങൾ ഒന്നൊന്നായോർത്തു. അവയും ആ മഹാസൗന്ദര്യത്തെ വാഴ്‌ത്തുന്നവയല്ലെങ്കിൽ മറ്റെന്താണ്? തന്റെ ഇഷ്‌ടദേവതയായ കുമാരിദേവിതന്നെ ആ വാടാത്ത വരണമാലയുമേന്തി കാത്തു നിൽകുന്നത് ആർക്കുവേണ്ടിയാണ്? വിശ്വഹൃദയനിഷ്‌ഠമായ വികാരവിശേഷങ്ങളെ നിഷേധിക്കുക സാദ്ധ്യമല്ലെന്നയാൾക്കു തോന്നി. ഐശ്വര്യമായ അനശ്വരാനുഭൂതിയായി അതിനെ ഉയർത്തിക്കൂടയോ?
മാന്തളിർ തിന്നു മദിച്ച ഒരു കളകണ്‌ഠം അടുത്ത തേന്മാവിൽ പാടിക്കൊണ്ടിരുന്നു. പാതിരാപ്പൂക്കളെ തട്ടിയുണർത്തിക്കൊണ്ടു വണ്ടുകൾ മുരണ്ടു. സ്വപ്‌നതുല്യമായ ഈ നിശാരംഗത്തിൽ ആചാര്യസ്വാമികളുടെ മധുരമധുരമായ ദേവീസ്‌തോത്രങ്ങൾ ഉരുക്കഴിച്ചുകൊണ്ട് പുലരുംവരെ അയാൾ ചുറ്റിനടന്നു.
ദിവസങ്ങൾ നീങ്ങിക്കൊണ്ടിരുന്നു. സംഭവങ്ങൾ ആവർത്തിച്ചു. എന്നാൽ ഒരുനാൾ അവൾ വന്നില്ല. ആ ചന്ദനത്തിരികൾ അതിന്റെ അവസാനമായിട്ടും കുറെക്കൂടി കത്തിക്കൊണ്ടിരുന്നു. വെള്ളിക്കിണ്ടിയിലെ തീർത്ഥം ഗംഗാജലംപോലെ ഉറന്നു നിറഞ്ഞു. രാത്രി ഇരുളടഞ്ഞുവന്നു. എന്നിട്ടും അവൾ വന്നില്ല. അന്നും പിറ്റേന്നും ആയിടെയെങ്ങും വന്നില്ല.
വിരഹവിഹ്വലമായ ഒരു ശോകമന്ദഹാസത്തോടെ കുമാരീവിഗ്രഹം അപ്പോഴും ശോഭിച്ചു. അനന്തമായ ഭക്തിശ്രദ്ധകളോടെ അയാൾ അവിടെ സേവിച്ചുപോന്നു. ആ ക്ഷേത്രത്തെപ്പറ്റി ആളുകൾക്കുള്ള മതിപ്പു വർദ്ധിച്ചു. അവിടെ പ്രാർത്ഥിക്കുന്നതെല്ലാം സിദ്ധിക്കും. ഇത്ര ദിവ്യനായ പൂജകൻ മറ്റേതൊരു ക്ഷേത്രത്തിലാണ് ഉള്ളത്. ആളുകൾ ഈശ്വരനെയെന്നപോലെ അയാളെ ബഹുമാനിച്ചരുന്നു. ദിവസംപ്രതി അനേകജനങ്ങൾ അവിടെ ദർശനത്തിനു വരും. എല്ലാവരേയും അയാൾ ആശീർവദിക്കും. പക്ഷേ, അങ്ങനെയൊരാശീർവാദം അയാൾക്കുമാത്രം ഒരിക്കലും തിരിച്ചുകിട്ടിയിട്ടില്ല.
പൂക്കാലം കഴിഞ്ഞു മരങ്ങളെല്ലാം ഫലഭരങ്ങളായി. ഉദ്യാനഭവനത്തിന്റെ മേൽക്കൂരയിൽ പ്രാവിണകൾ മുട്ടയിട്ടു. അയാൾക്ക് അവയെ ഓടിച്ചുകളയുവാൻ തോന്നിയില്ല. ക്ഷേത്ര മതിൽ കെട്ടിനകത്ത് ചുരന്ന മുലയുമായി മേഞ്ഞുനടക്കും. പ്രകൃതിയുടെ ഈ മാതൃത്വഭാവം അയാളെ മുഗ്‌ദ്ധനാക്കി. കറുത്തവാവു കഴിഞ്ഞ് കുഞ്ഞമ്പിളിക്കല തെളിഞ്ഞ ദിവസമാണ് അന്ന്. അന്തിയുടെ കടുംചുവപ്പ് ആ നറുനിലാവിൽ അലിഞ്ഞലിഞ്ഞുചേരുന്നു. പതിവുപോലെ ആ ഉജ്ജ്വലമായ ദീപാരാധനത്തട്ടവുമായി അയാൾ അന്തർഗൃഹത്തിന്റെ വാതിൽ തുറന്നു. അത്ഭുതം! ദീപശിഖകൾ തെല്ലിട സ്‌തബ്‌ധങ്ങളായി. അവൾ! ആ ദേവീസദൃശയായ മനോഹരയുവതി!
തന്റെ ഉന്നതമായ മാറിടത്തിൽ ഒരു പുതിയ ചെമ്പകമൊട്ട് അവൾ അടുക്കിപ്പടിച്ചിരുന്നു. അതെ, ആ ചെമ്പകമേനിയിൽ പൊട്ടി വിടർന്ന സജീവമായ ഒരു ചെമ്പകമൊട്ട്. അഭിമാനപുളകത്തോടെ അതും അവൾ തൃപ്പാദത്തിൽ സമർപ്പിച്ചു. സ്‌ത്രീജീവിതത്തിന്റെ സഫലമായ ഈശ്വരാർപ്പണം സ്വസന്താനങ്ങളല്ലെങ്കിൽ മറ്റെന്താണ്.
ആ കുഞ്ഞു ചിരിച്ചുകൊണ്ട് ഇരുകരങ്ങളും നീട്ടി അകത്തേക്കു കുതിച്ചു. അതിന്റെ പുഞ്ചിരിയിൽ തേനൂറുന്നുണ്ടായിരുന്നു. അവ്യക്തമധുരമായ മണിക്കൊഞ്ചൽ മന്ത്രസമുച്ചയങ്ങളേക്കാളും മഹനീയമാണ്. ആ മധുരശൈശവത്തെ വാരിയെടുത്തു മാറോടണയ്‌ക്കുവാനായി അചേതനമായ അംബികാവിഗ്രഹംതന്നെ മുന്നോട്ടു വരുന്നതായി തോന്നി.
പൂജകൻ നിർന്നിമേഷനായി നോക്കിനിന്നു. അയാൾക്ക് അതിനെ ഒന്നെടുത്ത് ഉമ്മവെച്ചാൽ കൊള്ളാമെന്നുണ്ടായിരുന്നു. പക്ഷേ, അതു കുറച്ചിലാണ്. എത്ര കുട്ടികളുണ്ട് തൊഴുതുപോകുന്നു. ഇതിനുമാത്രം വിശേഷമെന്ത്?
ദേവീബിംബത്തിനു മുമ്പിലിരുന്ന കുറേ ത്രിമധുരമെടുത്ത് അയാൾ ആ പിഞ്ചുകൈകളിൽ ഇട്ടുകൊടുത്തു. ആ കുഞ്ഞ് കൊഞ്ചിക്കൊണ്ട് അതു തിരിച്ചുനീട്ടി. അയാൾ വാങ്ങിയില്ല. കുടുകുടെ ചിരിച്ചുകൊണ്ടു തന്റെ കൈയിലിരുന്ന ദേവാമൃതം ആ ശിശു അമ്മയുടെ വായിലേക്കിട്ടുകൊടുത്തു.
ധന്യധന്യമായ ഒരു കൃതാർത്ഥഭാവത്തിൽ പൂജകൻ ഇതു കണ്ടുനിന്നു. അയാൾ അവരെ ആശീർവദിച്ചു. അവർ അയാളേയും, ആ പൊന്നലരിനെ എടുത്തുമ്മവച്ചുകൊണ്ട് അവൾ തിരിഞ്ഞപ്പോൾ തന്റെ ചുറ്റുമുള്ള നിറവിളക്കുകൾ നിഷ്‌പ്രഭങ്ങളായതായി അയാൾക്കു തോന്നി. അതിൽപ്പിന്നെ എന്നും തൊഴാൻ വരുന്ന കുട്ടികൾക്കെല്ലാം അയാൾ ത്രിമധുരം കൊടുക്കും.
പുരക്കൂട്ടിലെ പ്രാവിണകൾ തീറ്റി തെണ്ടി പുറത്തുപോയാൽ കുറുകുറുക്കുന്ന കപോതപോതങ്ങൾക്ക് നെല്ലും അരിയും വിതറുവാനായി ആഹാരകാര്യം കൂടി മറന്ന് അയാൾ തട്ടിൻപുറത്തു വലിഞ്ഞുകയറാറുണ്ട്. പൂജ കഴിഞ്ഞു ശേഷിക്കുന്ന പഴവും പായസവുമെല്ലാം കൂത്താടിക്കളിക്കുന്ന കാലിക്കിടാങ്ങൾക്കാണ്. ചിലപ്പോൾ തനിക്ക് ഉണ്ണുവാനുള്ള ചോറുപോലും അവയ്‌ക്കു കൊടുത്ത് അയാൾ സുഖമയമായ ഉപവാസം വരിക്കാറുണ്ട്.
ക്രമേണ മംഗല്യസിദ്ധിക്കെന്നപോലെ സന്താനലാഭത്തിനും ആ ക്ഷേത്രഭജനം വിശേഷപ്പെട്ടതെന്ന പേർ പുകഴ്‌ന്നു. ആ പ്രാവുകൾക്ക് അരി വിതറുവാനും കാലിക്കിടാങ്ങൾക്കു ചോറു കൊടുക്കാനും അനേകമനേകം വന്ധ്യഹസ്‌തങ്ങളുണ്ടായി. എല്ലാ ശൂന്യമനോരഥങ്ങളും നിറഞ്ഞു പോന്നു.
കാലചക്രം പിന്നെയും ഉരുണ്ടുരുണ്ടുകൊണ്ടിരുന്നു. ആ ക്ഷേത്രോദ്യാനത്തിലെ മരങ്ങൾ പലതും മുരടിച്ചു. ചിലത് ഒടിഞ്ഞുപോയി. പല ചെടികളും പുത്തനായി വെച്ചുപിടിപ്പിക്കേണ്ടിവന്നു. അന്നത്തെ കപോതപോതങ്ങൾ വളർന്നു പ്രാവുകളായി. അവയും മുട്ടയിട്ടു. അതും കൊത്തിവിരിഞ്ഞു പ്രാവുകളായി പറന്നുപോയി. എങ്കിലും ആ പുരക്കൂട്ടിൽ ഇപ്പോഴും പ്രാവുകൾ ഉണ്ട്. ആ ഉദ്യാനത്തിൽ പൂക്കളും ഉണ്ട്. ആ ദേവീവിഗ്രഹത്തിൽ അതേ പൂജകനാൽ അവയും അർച്ചിക്കപ്പെടുന്നു.
വേനലിന്റെ വെള്ളമേഘങ്ങൾ ആകാശത്തിൽ പരന്നു. പ്രകൃതിയുടെ ശുഷ്‌കഗാത്രത്തിൽ വിറയലേറ്റിക്കൊണ്ടു ദിനാന്ത്യമാരുതൻ തളർന്നുവീശി. ശോകരസപ്രസരമായ പാവനദീപ്‌തിയോടെ അന്തിനക്ഷത്രം ഒറ്റയായി വന്നുദിച്ചു. കുങ്കുമതിലകം മാച്ചുകളഞ്ഞ് സന്ധ്യാദേവീ നാമജപത്തിനു നക്ഷത്രമാലകൾ തേടുകയായിരുന്നു. കുമാരീക്ഷേത്രത്തിലെ ദീപാരാധനയുടെ ശംഖനാദം അതാ മുഴങ്ങുന്നു. അതിനു നേരനീക്കമില്ല. അലൗകികമായ അപൂർവ്വഗാംഭിര്യത്തോടെ മന്ത്രപുരസ്സരമുള്ള പൂജാമണിനാദം പ്രതിദ്ധ്വനിച്ചു. അതിൽ എന്നും ഒരു നൂതനത്വമുച്ചു. നടവാതിലിൽ തിരക്കുകൂടി. സ്വർഗ്ഗകവാടം അതാ തുറക്കുകയായല്ലൊ.
അനുഗ്രഹദായിയായ മഹാദേവനെപ്പോലെ പൂജകൾ പ്രത്യക്ഷപ്പെട്ടു. പുറത്തേ ഇരുട്ടിനെ നീക്കുന്ന പ്രകാശമാനമായ ഒരു ദീപഭാജനം അയാൾ വഹിച്ചിരുന്നു. ശാന്തശാന്തമായ ആശീർവാദഭാവം മിഴികളിലുണ്ട്. അന്നും അയാൾ ചുറ്റും നോക്കി.
ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരു സ്‌ത്രീരൂപം മുന്നോട്ടുവരുന്നു. അവളുടെ വസ്‌ത്രങ്ങളെന്നപോലെ ശിരസ്സും തൂവെള്ളയാണ്. നെറ്റി മുഴുവൻ ഭസ്‌മക്കുറി. വിറയ്‌ക്കുന്ന വിരലുകൾ ജപമാലയിലൂടെ നിമിഷങ്ങൾ എണ്ണുകയാണ്. അവൾ തൊഴുതു. അയാളും തൊഴുതുപോയി. ആ വന്ദനം അത്രയ്‌ക്കു ഗാംഭീര്യമേറിയതായിരുന്നു. എല്ലാം നേടിക്കഴിഞ്ഞ പരമപരിപൂർണ്ണമായ ചരിതാർത്ഥഭാവത്തിൽ അവൾ ആ തുളസിമാല്യവും നടയ്‌ക്കുവെച്ചു. അതിൽ ആശകളുടെ ലേശലേശംപോലും പുരണ്ടിരുന്നില്ല. അയാൾ ദേവീവിഗ്രഹത്തിലേക്കു നോക്കി. അവളേയും നോക്കി. അത്ഭുതം! ആ ദൃഷ്‌ടികൾ താനറിയാതെ താണുപോയി.
തന്റെ കൈയിലിരുന്ന വെള്ളിക്കിണ്ടിയിലെ പവിത്രമായ തീർത്ഥജലത്തിൽ ആ ദൈവികദീപാനലജ്വാലയിൽ വളരെനാൾ കൂടി അന്നാദ്യം അയാൾ സ്വന്തമുഖം തെളിഞ്ഞുകണ്ടു. ലോകവിരക്തനായ ഒരു യോഗിയുടെ നിർവ്വികാരവദനമല്ല; സ്‌നേഹസുഭഗനായ ലൗകികന്റെ പിതൃതുല്യമുഖം. താൻ ഇത്രയും നാൾ ഭജിച്ചത് ആ ദേവീവിഗ്രഹത്തെയല്ല അതിന്റെ മാംസളമായ പ്രതിരൂപത്തെയായിരുന്നു എന്നയാൾ അപ്പോൾ അറിഞ്ഞു. അതു തികച്ചും മാനുഷികമായിരുന്നു. ഭൗതികമായിരുന്നു. അജാഗരിതമായ അന്തർമണ്ഡലത്തിൽ അടിച്ചമർത്തപ്പെട്ട വികാരങ്ങൾ ഒരു പുതിയ രൂപം കൈകൊണ്ടു. അങ്ങനെ ആ ശിലാരൂപത്തിന്റെ മുന്നിൽവെച്ച് അയാളറിയാതെ തന്നെ മനുഷ്യത്വത്തിന്റെ ചൈതന്യവികാസത്തെ അനുസരിക്കയും അനുഭവിക്കയും ആവിഷ്‌കരിക്കയും ചെയ്‌കയായിരുന്നു. സത്യമായ സകലതിനെയും മിഥ്യയെന്നു വിളിച്ചുകൊണ്ടു ജീവിതത്തിൽനിന്നുതന്നെ അയാൾ ഒളിച്ചോടി. പക്ഷേ, ആ ജീവിതത്തിന് അതിന്റെ സ്വയം സമ്പൂർണ്ണതയ്‌ക്കു വേണ്ടിത്തന്നെ അയാളേയും ഉൾക്കൊണ്ടേ കഴിയൂ.
ആ സ്‌ത്രീയെ ആദ്യം കണ്ടപ്പോൾ മുതൽ അന്നുവരെയുണ്ടായത് അയാൾ ഓർത്തു. തന്നെ സംബന്ധിച്ചിടത്തോളം ബാഹ്യലോകത്തിന്റെ ഒരു പ്രതിനിധിയായിരുന്നില്ലേ അവൾ. അങ്ങനെ ഒരാകർഷണമില്ലെങ്കിൽ ജീവജാലങ്ങളോടുള്ള ഭയങ്കരമായ വെറുപ്പിൽ അയാൾ പെട്ടുപോയേനെ. അനശ്വരമായ ഐശ്വര്യാനുഭൂതി മനുഷ്യനിൽനിന്നു മാത്രമേ മനുഷ്യനു കിട്ടുകയുള്ളു.
അയാൾ തല നിവർത്തു. പാദപീഠത്തിലെ പുഷ്‌പങ്ങൾ വാടിത്തുടങ്ങിയിരുന്നു. മങ്ങിയ മാലവിളക്കുകൾക്കിടയിൽ ഇരുളേറിയ ഒരു ഗൗരവത്തോടെ അംബികാവിഗ്രഹം നിന്നു. ദീപപാത്രത്തിലെ ജ്വാലകൾ പുകഞ്ഞുപുകഞ്ഞുകെടുന്നു. വിശ്വമെല്ലാം ആവരണം ചെയ്യുന്ന ഗംഭീരതരമായ ഒരു കൂരിരുൾ.
ആ സ്‌ത്രീ തൊഴുതു പൊയ്‌ക്കഴിഞ്ഞിരുന്നു. എല്ലാവരും പൊയ്‌ക്കഴിഞ്ഞു. ഏതോ മഹാരഹസ്യത്തിന്റെ മൂടുപടം നീങ്ങിയതുപോലെ പൂജകൻ ആരാധാനാവിഗ്രഹത്തിൽ തുറിച്ചുനോക്കി.
‘മായികമായ മോഹിനി നിർദ്ദയേ! അവസാനം ഇന്നു നീ നിന്റെ ശരിയായ രൂപത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇനി നിനക്ക് എന്നെ മയക്കുവാൻ സാധ്യമല്ല. നീ നിർമ്മാല്യമാക്കിയത് എന്റെ സുന്ദരസ്വപ്‌നങ്ങളുടെ ഇതളുകമാണ്. നീ പുകച്ചുകളഞ്ഞത് എന്റെ ജീവിത ആദർശങ്ങളുടെ കതിരുകൾ. പാഷാണമൂർത്തിയായ നിന്റെ പാദതലത്തിൽ ഞാനെന്റെ സർവ്വസ്വവും സമർപ്പിച്ചു. നേടിയവ മാത്രമേ ത്യജിക്കുവാനർഹതയുള്ളല്ലോ. മഹാത്യാഗിയായ ഞാൻ ഈ ഇരുളറയ്‌ക്കകത്ത് എനിക്കാകെയുള്ള നിന്നെക്കൂടി സന്ത്യജിച്ച് ഇതാ പുറത്തു പോവുന്നു. വിമുക്തിയുടെ അപാരതയിലേക്ക് വിശ്വവിശാലമായ ജിവിതക്ഷേത്രത്തിലേക്ക് – അവിടെ എനിക്കുതന്നെ ഒരു ഈശ്വരനാവാൻ കഴിയും.’
ആ ദേവീവിഗ്രഹത്തെ മോടിപിടിപ്പിച്ചിരുന്ന ആടയാഭരണങ്ങൾ എല്ലാം എടുത്തു കത്തിച്ച് അയാൾ ബിംബത്തിനു മുന്നിലിട്ടു. ആളിയ അഗ്നിശിഖകളുടെ ആ കരാളമായ വെളിച്ചത്തിൽ കുമാരീവിഗ്രഹം കാളികാമൂർത്തിപോലെ ഭീകരമായിത്തോന്നി.
പിറ്റേന്നു വൈകിട്ട് കുമാരീമന്ദിരത്തിലെ പൂജകൻ പെരുവഴിയിലിരുന്ന് ഒരു പാവപ്പെട്ട ശിശുവിന്റെ കണ്ണിർതുടയ്‌ക്കുന്നതായി ചിലർ കണ്ടു. ഭണ്ഡാരത്തിലെ പണമെല്ലാമെടുത്തു സാധുക്കൾക്കു വിതരണം ചെയ്‌തതിന് അയാളെ പിരിച്ചയച്ചതായിരുന്നത്രേ.
Generated from archived content: story1_nov10_10.html Author: lalithambika_antharjanam
Click this button or press Ctrl+G to toggle between Malayalam and English