വാരസ്യാർ ജന്മം

ഇവിടെ ഈ മരുച്ചൂടിലും എണീറ്റ്‌ കൊച്ചു പൂന്തോട്ടത്തിൽ പ്രിയവനജ്യോത്‌സന മൊട്ടിട്ടു…. നാട്ടിലേ വേനലുകളിൽ വിസ്‌മയം നിറച്ചവൾ… ആനുവൽ എക്‌സാം എന്ന ഭീകരൻ പടിയിറങ്ങുമ്പളേയ്‌ക്കും, ഇതാ ഉത്സവത്തിമർപ്പുകളുടെ കാലം വരുന്നൂന്ന്‌ വിളിച്ചറിയിച്ച്‌ എല്ലാ വീട്ടിലേയും മുല്ലത്തറയിലും വേലിപ്പടർപ്പിലും അവളുടെ കൊച്ചരിപ്പല്ലുകൾ തിളങ്ങിത്തുടങ്ങും…. പിന്നീടങ്ങോട്ട്‌ രാത്രികളത്രയും സുഗന്ധമയം. ആകാശത്തെ നക്ഷത്രങ്ങളെ കളിയാക്കും മട്ടിൽ പ്രകൃതി ഭൂമിയിലൊരുക്കുന്ന നിറവും മണവുമുള്ള നക്ഷത്രങ്ങൾ…. എത്ര നുള്ളിയാലും തീരാത്തത്ര കൊച്ചു നക്ഷത്രങ്ങൾ…

“മിണ്ടാതെ തനിയേ നില്‌പാ-

ണിരുട്ടത്തൊരു സുന്ദരി-

വാരിക്കോരിപ്പരിമളം

വിളമ്പും മുല്ലവള്ളിയാൾ!”

എന്നു മഹാകവി പാടിയപോലെ….

രാവിലെ കുളി, അമ്പലം ചുറ്റൽ, പ്രാതൽ എന്നി ഏർപ്പാടൊക്കെ കഴിഞ്ഞാൽപ്പിന്നെ ബന്ധുവീട്ടിൽ നിന്ന്‌ വിരുന്നുവന്ന കുട്ടികളെക്കൂട്ടി ഒരു മുങ്ങലാണ്‌. അവരുടെ മുന്നിൽ നാട്ടിലെ താരമാണെന്ന്‌ വരുത്തിത്തീർക്കാൻ കിണഞ്ഞു ശ്രമിച്ചും തട്ടിത്തടഞ്ഞും ഞങ്ങൾ ലോക്കൽസ്‌. ഞങ്ങൾക്കു മുന്നിൽ ഒട്ടും മോശക്കാരാവാതിരിക്കാൻ ഏതറ്റംവരെയും പോവാൻ തയ്യാറായി അവരിൽ ചിലർ കളികൾ തുടങ്ങിയാൽ പിന്നെ മുതിർന്നവരുടെ ശകാരങ്ങളും വിലക്കുകളും ഒഴിവാക്കാൻ&ഏറ്റുവാങ്ങാൻ എല്ലാ വാക്കുതർക്കങ്ങളും ബഡായി പറച്ചിലുകളും മറക്കുകയും പൊറുക്കുകയും ചെയ്യുന്ന കുട്ടിത്തത്തിന്റെ കൂട്ടായ്‌മ….

ഇതത്രയും പക്ഷെ ഞങ്ങൾ പെൺകുട്ടികൾക്ക്‌ ഉച്ചവരെയ ഉള്ളൂ. ഉച്ചയൂണും വീട്ടിലെ സ്‌ത്രീകളുടെ കൊച്ചു വെടിവെട്ടവും കഴിഞ്ഞാൽപിന്നെ വെയിലാറാൻ തുടങ്ങും വരെയുള്ള നേരം ഞങ്ങൾ അമ്മമാരുടെ (അതുവഴി മറ്റു മുതിർന്നവരുടെയും) പ്രീതി സമ്പാദിക്കാനായുള്ള ചില്ലറ ഏർപ്പാടുകളിലാണ്‌. എന്തിനാണെന്നോ, മുല്ലപ്പൂ പറിക്കാനുള്ള അനുവാദം കിട്ടണം… ചുമ്മാ ഇത്തിരി പൂ പറിച്ചാൽ പോരാ.. കൂട്ടുകാരികളൊത്ത്‌ ചുറ്റുവട്ടത്തുള്ള എല്ലാ വീടുകളിലും വേലിപ്പുറത്തുമൊക്കെ കൊതിപ്പിക്കുന്ന ഗൂഢസ്‌മിതവുമായി നില്‌ക്കുന്ന നാളത്തെ നക്ഷത്രങ്ങളെ ആവോളം പാവാടക്കുമ്പിളിലാക്കണം. അതിന്‌, ‘പത്താളുടെ തല നെറയ്‌ക്കാന്‌ള്ളത്‌ അവരൊരുടെ മിറ്റത്തുള്ളപ്പോ എങ്ങനെ കണ്ണിൽക്കണ്ട വേലി മുഴുവൻ ചാടിമറയണ്ട ഒരു കാര്യുല്യ’ എന്ന തീർപ്പിൽ നിന്ന്‌ ഇത്തിരിയെങ്കിലും ഇളവ്‌ കിട്ടണം. ഈ സമയം ആൺകുട്ടികൾ ഞങ്ങളെ പരിഹസിച്ച്‌ അവരുടെ സാഹസികമായ കളികൾ തുടങ്ങിട്ടുണ്ടാവും.

ഇങ്ങനെ വിട്ടുവീഴ്‌ചകൾ ഏറെ ചെയ്‌ത്‌ പുറപ്പെടുമെങ്കിലും പൂപറിക്കൽ അത്ര എളുപ്പംള്ള സംഗതിയല്ലാട്ടോ. മിക്ക വീടുകളിലും മുല്ലവള്ളി പടർത്തീട്ടുണ്ടാവാം, വല്ല മരം കണക്കെ വളർന്ന ചെമ്പരത്തിയിലോ, മന്ദാരത്തിലോ, ഗന്ധരാജനിലോ ഒക്ക്യാവും, ചില്ലകൾക്ക്‌ ഒരു കൊച്ചുപെൺകുട്ടിയെപ്പോലും താങ്ങാനുള്ള ബലണ്ടാവില്ല. എന്നാൽ എത്ര ആഞ്ഞുചാടിയാലും എത്താത്തത്ര ഉയരവും…. മറ്റു ചിലയിടത്തു പിന്നെ പറയേ വേണ്ട കൂവളത്തിലാവും പടർത്തിയത്‌. എന്തൊക്കെയായാലും വേണ്ടന്നൊക്കാൻ പറ്റോ, ഇല്ലയ്‌ അപ്പൊപ്പിന്നെ ചെറിയ തോട്ടികെട്ടിയും അടുത്തുള്ള ഉയരങ്ങളിൽ കയറിയുമൊക്കെ ആവോളം പറിച്ചെടുത്ത്‌, അവിടത്തെ കാർന്നോമ്മാരുടെ പിശുക്കിയ ചിരിയോ, പിറുപിറുക്കലുകളോ, ശകാരം തന്നെയോ, തരം പോലെ സ്വീകരിച്ച്‌, പറിച്ച മൊട്ടത്രയും ഒരുപോലെ ഭാഗിച്ചെടുത്ത്‌, സംഘടിപ്പിച്ച്‌ (തുടക്കത്തിൽ വാരസ്യാർ കെട്ടണത്‌ കണ്ടിട്ട്‌ വാഴനാരോ പച്ചോലക്കൊടിയുടെ അരികോ ചീന്തിയിട്‌ത്ത്‌ കെട്ട്യേർന്നത്‌ പിന്നെ കുറച്ചൂടെ അടുക്കിയും ഭംഗിയായും കെട്ടാനായി നൂലിലേക്ക്‌ മാറ്റി) കിട്ടിയതുകൊണ്ടു മനസ്സ്‌ നിറച്ച്‌ മടങ്ങിയെത്തുമ്പോൾ ഉച്ചയ്‌ക്ക്‌ സമ്പാദിച്ച പ്രീതിയുടെ പ്രേതം പോലും കാണില്യ. അതിനുമാത്രം എന്തെങ്കിലും ഒരു പുകിൽ മിക്കവാറും ഉണ്ടായിട്ടുണ്ടാവും. പിന്നെ കിട്ടിയതത്രയും മച്ചിലൊളിപ്പിച്ച്‌ അമ്മമാരുടെ മുമ്പിൽ ആദ്യേ നല്ല കുട്ടിയാവാനുള്ള ശ്രമമാണ്‌. ഇതേ ഉദ്ദേശ്യം മനസ്സിൽ വെച്ച്‌ സാഹസികതയിൽ പരിക്കേറ്റ വീരന്മാരും പരിക്കൊന്നുമില്ലാത്ത തന്ത്രശാലികളും ഉച്ചക്കല്‌ത്തെ നിസ്സഹകരണം വെടിഞ്ഞ്‌, നാമം ചൊല്ലി ഗുഡ്‌ ബുക്കിൽ കയറിപ്പറ്റാൻ ഞങ്ങളോടൊപ്പം ചേരുന്നു. അർത്ഥമറിഞ്ഞും അറിയാതെയും മനഃപാഠമാക്കിയ ഓരോ കീർത്തനങ്ങളിലും ദേവനും ദേവിയുമൊക്കെ മുല്ലമൊട്ടുകളായി.

വീണ്ടും യുദ്ധക്കൊതിയന്മാരോട്‌ സന്ധിവെടിഞ്ഞ്‌ തളത്തിലോ ഇടനാഴിയിലോ സ്‌ഥാനം പിടിച്ച്‌ സ്വപ്‌നങ്ങൾക്ക്‌ ചിറകു പിടിപ്പിക്കലാണ്‌ പിന്നെ. പല വലിപ്പത്തിലും പല രീതിയിലും പൂമാലകൾ…. ഇടയ്‌ക്ക്‌ പലരുടെയും കമെന്റ്‌സ്‌ വരും. ‘ഇപ്പെങ്കിടാവ്‌ കഴിഞ്ഞ ജന്മം വാരസ്യാരേർന്നിരിക്കും.’ ‘ന്നാ ഇങ്ങനേണ്ടോ ഒരിരിപ്പ്‌, ഈ ശുഷ്‌കാന്തി ആ പരിക്ഷക്കാലത്ത്‌ കാണിച്ചേർന്നുച്ചാ എത്ര നന്നേർന്നു’ ഇവളെ നമ്മൾക്ക്‌ വല്ല പൂക്കച്ചോടക്കാരനും കെട്ടിച്ച്‌ കൊട്‌ക്ക്വ (അവസാനം പറഞ്ഞത്‌ മിക്കവാറും ചിറ്റയുടെ വകയാവും. ഞങ്ങളുടെ ഓരോ കമ്പം കാണുമ്പോഴും അതനുസരിച്ച്‌ ഞങ്ങൾ പെൺകുട്ടികൾക്കെല്ലാം ചിറ്റ പല പല കച്ചോടക്കാരെ കല്യാണം ആലോചിച്ചു. ഞങ്ങളെ സ്വപ്‌നം കാണാൻ പഠിപ്പിക്കുന്നതിൽ ചെറുതല്ലാത്ത പങ്ക്‌ വഹിച്ചു. കേൾക്കാനിടയായ ആങ്ങളമാരല്ലാത്ത ആൺകുട്ടികളിൽ ചിലരുടെയെങ്കിലും വലുതായിട്ട്‌ ആരാവണം – ന്നുള്ള ബേജാറിനു ആശ്വാസമേകി) ഈ വർത്തമാനങ്ങളും ഇടക്കു വീഴുന്ന ശകാരങ്ങളും പകുതിയും ഞങ്ങളുടെ തലയ്‌ക്കു മീതെ പോയി. കേട്ടപാതിക്ക്‌ ഞങ്ങളെ പിന്തിരിപ്പിക്കാനുള്ള കരുത്തുമുണ്ടായിട്ടില്ല. കാരണം മറ്റൊന്നുമല്ല ഇടയ്‌ക്കൊന്ന്‌ ഇടക്കണ്ണിട്ട്‌ നോക്കിയാലറിയാം അവരോരുത്തരും ഞങ്ങളുടെ പ്രവൃത്തി ആസ്വദിക്കുന്നുണ്ട്‌. ഞങ്ങളിലൂടെ അവരുടെ ഈ പ്രായം അനുഭവിക്കുന്നുണ്ട്‌, ഞങ്ങളുടെ ഈ ‘പ്രാന്ത്‌’ ഇത്ര കാലത്തേയ്‌ക്ക്‌ന്ന്‌ അറിഞ്ഞ്‌ നെടുവീർപ്പിടുന്നുണ്ട്‌.

ഈ വിധം എല്ലാ മൊട്ടും കോർത്തു കഴിഞ്ഞാലോ, ഇനിയാണ്‌ ഏടത്തിമാരുടെ, ഏടത്തിയമ്മമാരുടെ, അമ്മായിമാരുടെ ഒക്കെ സ്‌നേഹം ശരിക്കറിയ്യ. ചിലർക്ക്‌ അതിനും പിശുക്കാണ്‌. കൂട്ടത്തിൽ വല്യ മാല നോക്കി ഇട്‌ത്തിട്ട്‌ ‘മ്മ്‌…’ കൊഴപ്പല്യ, ഇത്‌ ഞാൻ ഇട്‌ക്യാണു‘ പറയലും തിരിഞ്ഞ്‌ നടക്കലും ഒപ്പം കഴീം. ചിലപ്പോ വല്യമ്മയുടെ പിടി വീഴും ’ഭഗവാനുള്ളത്‌ മാറ്റി വെച്ചിട്ട്‌ മതി ഓഹരി വെക്കല്‌‘ ന്ന്‌. പക്ഷെ ഞങ്ങൾ കുട്ടികൾക്ക്‌ പരിഭവത്തിനും അധികം ആയുസ്സില്യ. അന്യായക്കാർ ’കുട്ട്യോൾക്ക്‌ ഇത്ര്യൊക്കന്നെ ധാരാളം‘ ന്ന്‌ കനിഞ്ഞു തരുന്നത്‌ ഇലയിൽ പൊതിഞ്ഞ്‌ ഭദ്രമായി ഇടുത്ത്‌ വയ്‌ക്കും. ഞങ്ങൾക്കറിയാം എന്തു കിട്ടിയാലും എത്ര കിട്ടിയാലും ഒന്നും കിട്ടിയില്ലെങ്കിലും ഞങ്ങളെ സുന്ദരികളാക്കുവാനുള്ള വിരുത്‌ ഞങ്ങളുടെ അമ്മമാർക്കുണ്ടെന്ന്‌.

എല്ലാം കഴിഞ്ഞ്‌ ഊണു കഴിക്കാൻ വന്നിരിക്കുമ്പോൾ ഒരു വല്ലാത്ത സുഖമാണ്‌. പിന്നെ കിടക്കുമ്പോൾ മലർക്കെ തുറന്നിട്ട ജനവാതിലുകളിലൂടെ പാതിരാക്കാറ്റത്ത്‌ കടന്നുവരുന്ന, ഞങ്ങൾ വെറുതെ വിട്ട നക്ഷത്രങ്ങളുടെ സുഗന്ധത്തിൽ അലിഞ്ഞുറക്കം. രാവിലെ എഴുന്നേല്‌ക്കുമ്പോൾ പൂജാമുറിയിലെ കൃഷ്‌ണന്റെ കഴുത്തിൽ തൊട്ട്‌ മുറ്റമടിക്കാൻ വരുന്ന മാളുവമ്മയുടെ മുടിക്കെട്ടിൽ വരെ ഞങ്ങളുടെ അദ്ധ്വാനത്തിന്റെ പൂപ്പുഞ്ചിരി കാണുമ്പോഴുള്ള ആത്മനിർവൃതി. അതുമാത്രം മതീലോ തലേന്നത്തെ പ്രയാസങ്ങളൊക്കെ മറക്കുവാൻ. വീണ്ടും മറ്റൊരു വാരസ്യാർ ജന്മം സ്വീകരിക്കാൻ….

Generated from archived content: story1_may31_10.html Author: laksmi_malappuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English