തൃശൂർ ജില്ലയിലെ പുതുക്കാട് സ്വദേശിയായ ശ്രീമതി ഷീലാ എസ്.മേനോൻ കേരളത്തിലെ ആദ്യത്തെ വനിതാ ഇന്റർനെറ്റ് നോവൽ എഴുത്തുകാരിയാണ്. ജീവിതത്തിൽ ഒരു വിദേശിയെപ്പോലും പരിചയപ്പെടുകയോ, ഇടപഴകുകയോ ചെയ്‌തിട്ടില്ലാത്ത ഈ വനിത തനിക്കു കൈവന്ന ഈ അപൂർവ്വഭാഗ്യത്തെ നിമിത്തം എന്നു വിശേഷിപ്പിക്കുന്നു.
കൊടകര കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയായ ശ്രീമതി ഷീലയുടെ ഭ്രമാത്മകമായ ‘ദി ഫോർട്ടീൻത്ത് ജി കൊളിഷൻ’ എന്ന നോവലാണ് ആസ്‌ത്രേലിയയിലെ പ്രശസ്തമായ സീയൂസ് പബ്ലിക്കേഷൻ ഇ-ബുക്കായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇക്കണോമിക്‌സിൽ ബിരുദാനന്തരബിരുദം നേടിയ ഷീല വായനയിൽ അതീവതല്പരയാണ്. ശാസ്‌ത്രവിഷയങ്ങളോട് പ്രത്യേക മമതയുളളതുകൊണ്ട്, എന്തുകൊണ്ട് സാമ്പത്തികശാസ്‌ത്രം പഠിച്ചു എന്ന ചോദ്യത്തിന് ഷീലയുടെ ഉത്തരമിതാണ്. “വായനയുടെ സമയം കുറയും. ഏറെനേരം വരക്കാനും മറ്റുമായി വേണ്ടിവരുമല്ലോ? സ്‌ക്കൂളിലും, കോളേജിലും പ്രബന്ധങ്ങൾക്ക് ഏറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. പലപ്പോഴും കഥകളെഴുതിയശേഷം കീറിക്കളയുന്നതും പതിവായിരുന്നു. വിവാഹത്തിനുശേഷം വെണ്ണിയൂർ ശാഖയിലെ ഗ്രാമീണബാങ്ക് ഉദ്യോഗസ്ഥനായ ഭർത്താവ് സോമനാണ് ഷീലയിലെ കഥാകാരിയെ തട്ടിയുണർത്തിയത്. ഒന്നരവർഷങ്ങൾക്കുമുമ്പ് വീട്ടിൽ കംപ്യൂട്ടർ കൊണ്ടുവന്നപ്പോഴേക്കും ഷീലയുടെ കഥയുടെ ഏതാനുംഭാഗം പൂർത്തിയായിക്കഴിഞ്ഞിരുന്നു.” ഇതെത്തുടർന്നായിരുന്നു ഈ ഭാഗ്യപരീക്ഷണമെന്ന് ഷീല.
‘നാലരവർഷത്തോളം മനസ്സിൽ ഒരുക്കികൂട്ടിയ കഥയായിരുന്നു ഇത്. ആദ്യത്തെ മൂന്നാലധ്യായങ്ങൾ സീയൂസ് പബ്ലിക്കേഷനയക്കാമെന്ന ആശയം മനസ്സിലുദിച്ചപ്പോൾ ഒരുപക്ഷെ, പ്രതീക്ഷിക്കുന്ന ഫലം കിട്ടിയെങ്കിലോ എന്നുതോന്നി. പിന്നീട് കഥ മുഴുവനും അയയ്‌ക്കാനവർ ആവശ്യപ്പെട്ടപ്പോൾ നോവൽ നഷ്‌ടപ്പെട്ടേക്കുമോ എന്നുപോലും സംശയിച്ചു. രണ്ടും കല്പിച്ചാണ് കഥ അയച്ചത്. തൃശൂർ ജില്ലയുടെ പരിധിക്കകത്തു ജീവിക്കുന്ന എനിക്ക് ആരും വിദേശത്ത് ബന്ധുക്കളില്ല. ഒരു വിദേശിയോട് ഞാൻ ജീവിതത്തിൽ സംസാരിച്ചിട്ടുപോലുമില്ല. കഥ തിരിച്ചു കിട്ടിയില്ലെങ്കിൽ ഒന്നും ചെയ്യാനെനിക്കു കഴിയുമായിരുന്നില്ല. ഭർത്താവിന്റെ നിർദ്ദേശപ്രകാരം പതിനേഴധ്യായങ്ങൾ 45,000 വാക്കുകളിൽ എഴുതി അയച്ചപ്പോൾ യാതൊരു എഡിറ്റിങ്ങും കൂടാതെയാണ് അവർ പ്രസിദ്ധീകരിച്ചത്.’ ഷീല പറഞ്ഞു.
മനുഷ്യസംബന്ധിയായ ശാസ്‌ത്രവിഷയങ്ങളോടുളള അമിതമായ പ്രതിപത്തി ഉണ്ടായിരുന്നതുകൊണ്ട് സയൻസ് ഫിക്‌ഷനുകൾ ഷീലയുടെ ദൗർബല്യമാണ്.
‘ദി ഫോർട്ടീൻത്ത് ജി കൊളിഷൻ’ എന്ന നോവൽ ഫാന്റസി ഫിക്‌ഷനിലാണ് സീയൂസ് ഉൾപ്പെടുത്തിയിട്ടുളളത്. ബലൂണിൽ സാഹസികയാത്ര നടത്തുന്ന യുവദമ്പതികൾ 14 തലമുറകൾക്കു മുമ്പുളള 750 വയസ്സുപ്രായമുളള, തന്നെ കാത്തിരിക്കുന്ന ഒരു വയോജകനെ ഹിമാലയത്തിൽവെച്ച് കണ്ടുമുട്ടുന്നതും, തന്റെ തൽസ്വരൂപമായ ചെറുപ്പക്കാരനുമായി അയാൾ ജന്മാന്തരബന്ധങ്ങളെ കൂട്ടിയോജിപ്പിക്കുന്നതും ആയ ഭ്രമാത്മകമായ കഥയാണിത്. സയൻസ് ഫിക്‌ഷനുകളുടേയോ, ശാസ്‌ത്രത്തിന്റെയോ പിൻബലമൊന്നുമില്ലാതെയാണ് ഷീലാമേനോൻ ഈ അപൂർവ്വനേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. ഈ പുസ്തകത്തിന്റെ സി.ഡി റോമിന് ഏഴരഡോളറും ഡ്ൺലോഡ് ചെയ്യാൻ അഞ്ചുഡോളറും വിലയാണ്. മുപ്പതുശതമാനം റോയൽറ്റി എഴുത്തുകാരിക്ക് ലഭിക്കും. ഓരോ ആറുമാസം കൂടുമ്പോഴും വായനക്കാരുടെ പ്രതികരണവും, റോയൽറ്റിയും ലഭിക്കും.
വീട്ടുജോലിയും ഉദ്യോഗവും, കഥാരചനയും ഒന്നിച്ചു കൊണ്ടുപോകാൻ കടുത്ത പരിശ്രമം തന്നെ ആവശ്യമാണ്. രാത്രി രണ്ടുമണിവരെ, അല്ലെങ്കിൽ മൂന്നുമണിവരെ കഥയെഴുത്തിന്റെ ലോകത്തിൽ വിഹരിക്കുന്ന ഈ വനിതയുടെ ‘ദി ഡോർ ടു ഹെൽ’ എന്ന നോവൽ പകുതിയായിക്കഴിഞ്ഞിട്ടുണ്ട്. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട ക്ലോണിങ്ങ്, ജീനുകൾ, ഡി.എൻ.എ. എന്നിവയെ അടിസ്ഥാനപ്പെടുത്തിയുളള നോവലാണിത്.
‘ഇംഗ്ലീഷിലും മലയാളത്തിലും ഇഷ്‌ടപ്പെട്ട കഥാകൃത്തുക്കൾ?’
ഇംഗ്ലീഷിൽ ദസ്‌റ്റോവിസ്‌കിയും മലയാളത്തിൽ എം.ടി വാസുദേവൻനായരും. എം.ടിയുടെ രണ്ടാമൂഴം പലതവണ വായിച്ചിട്ടുണ്ട്. ‘മഞ്ഞും’ ഏറെ ആകർഷണീയമാണ്. ദസ്‌റ്റോവിസ്‌കിയുടെ ‘ക്രൈം ആന്റ് പനിഷ്‌മെന്റും’ അഗതാക്രിസ്‌റ്റിയുടെ മിസ്‌റ്ററികളും ഞാനേറെ ഇഷ്‌ടപ്പെടുന്നു.
വ്യത്യസ്തമേഖലകൾ കയ്യാളുന്ന ഈ വനിതയുടെ പുറകിലുളള ഏറ്റവും വലിയ പ്രചോദനം സ്വന്തം കുടുംബം തന്നെയാണ്. മക്കൾ കാർത്തിക്കിനും ദീപക്കിനും അമ്മയുടെ നേട്ടം ഏറെ സന്തോഷമുളവാക്കുന്നു. കഥയുടെ എഡിറ്റിങ്ങും മറ്റും നിർവ്വഹിക്കുന്നത് ഭർത്താവായ സോമൻ ആണ്.
‘ജീവിതത്തിൽ നേടാനേറെയുണ്ട്. ദസ്‌റ്റോവിസ്‌കിയെപ്പോലെ നല്ലൊരു ക്ലാസിക് നോവൽ എഴുതണമെന്ന ആഗ്രഹം മനസ്സിലുണ്ട്. സീയൂസ് പ്രസിദ്ധീകരിച്ച നോവൽ വായിച്ചശേഷം വിവിധ രാഷ്‌ട്രങ്ങളിൽ നിന്നുവരുന്ന അഭിനന്ദനസന്ദേശങ്ങൾ എന്റെ എഴുത്തിന് കൂടുതൽ പ്രചോദനം നൽകുന്നുണ്ട്.
Generated from archived content: interview_feb13.html Author: lakshmidevi
Click this button or press Ctrl+G to toggle between Malayalam and English