ശ്രീ. ടി.ബി. സ്വാമീനാഥ അയ്യരുമായി ലക്ഷ്‌മീദേവി നടത്തിയ അഭിമുഖം
ശ്രീ. ടി.ബി. സ്വാമീനാഥ അയ്യർ. വയസ്സ് 84. റിട്ടയേർഡ് ഇൻകംടാക്‌സ് കമ്മീഷണർ. പ്രായത്തെ മറികടന്ന ബുദ്ധിയുടെ വിജയം. ഗണിത ശാസ്‌ത്രത്തിൽ എം.ഫിൽ നേടി ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയിരിക്കുകയാണ് ഈ വന്ദ്യവയോധികൻ. ഇംഗ്ലീഷ്, തമിഴ്, മലയാളം, ബംഗാളി എന്നീ ഭാഷകൾക്കുപുറമെ സംസ്‌കൃത പണ്ഡിതൻ കൂടിയാണ് ഇദ്ദേഹം. കേന്ദ്ര ഗവൺമെന്റ് പെൻഷനേഴ്‌സ് അസോസിയേഷൻ പ്രസിഡണ്ട്, ഭാരതീയ വിചാരകേന്ദ്രം തൃത്തൂർ യൂണിറ്റ് പ്രസിഡണ്ട് തുടങ്ങിയ സംഘടനകളിൽ സേവനമനുഷ്‌ഠിക്കുന്ന ഇദ്ദേഹം ശൈലജ്ഞാനാനന്ദ മുഖർജിയുടെ വസുന്ധര, നരേന്ദ്രനാഥമിത്രയുടെ മഹാനഗർ തുടങ്ങിയ ബംഗാളി നോവലുകൾ മലയാളത്തിലേക്ക് തർജ്ജിമ ചെയ്തിട്ടുണ്ട്. അദ്ദേഹവുമായി നടന്ന കൂടിക്കാഴ്‌ചയുടെ പ്രസക്ത ഭാഗങ്ങളിൽനിന്ന്…
ഗണിത ശാസ്‌ത്രവുമായി ബന്ധപ്പെട്ട ബാല്യകാല അനുഭവങ്ങൾ?
തൃശൂരിലെ സി.എം.എസ്. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് കണക്കിനോടുളള അമിത താല്‌പര്യം കണ്ട് ശ്രീ ജോഷ്വാ, ശ്രീ. ജയിംസ് തുടങ്ങിയ അധ്യാപകർ എന്നെ പ്രോത്സാഹിപ്പിച്ചു. തുടർന്ന് ഇന്റർമീഡിയറ്റ് കഴിഞ്ഞ് കോളേജിലെത്തിയപ്പോൾ അവിടെ മികച്ച രണ്ടധ്യാപകരായ ശ്രീ ബാലകൃഷ്ണ അയ്യരും, ശ്രീ രാമസ്വാമി അയ്യരും എന്റെ താല്പര്യം വളർത്തി. ഗണിതാധ്യാപകനാവാൻ മോഹിച്ച എനിക്ക് പുറത്തുപോകാനുളള ധനസ്ഥിതി ഇല്ലാത്തതുകൊണ്ട് കയ്യിൽകിട്ടിയ ജോലിതന്നെ സ്വീകരിക്കേണ്ടിവന്നു. ഇൻകം ടാക്‌സ് ഡിപ്പാർട്ടുമെന്റിൽ ചേർന്നപ്പോഴും ഗണിതത്തോടുളള ആഭിമുഖ്യം അല്പംപോലും കുറഞ്ഞില്ല. പഴയതും പുതിയതുമായ കണക്കുകളെല്ലാം ഏറെ താല്പര്യത്തോടെ പഠിച്ചു. ജോലിയിലിരിക്കെ മൈസൂർ സർവ്വകലാശാലയിൽനിന്ന് നിയമബിരുദം നേടി. ജോലിയിൽനിന്ന് വിരമിച്ച ശേഷമാണ് 1975-ൽ ഇഷ്‌ടമുളള മേഖലയിലേക്ക് വീണ്ടും പൂർണ്ണമായും തിരിഞ്ഞത്. ഗാന്ധിജിയുടെ സെക്രട്ടറിയും എന്റെ അടുത്ത സുഹൃത്തുമായിരുന്ന ഒരു വ്യക്തി എന്റെ ഗണിതതാല്പര്യം കണ്ട് എന്നെ വെല്ലുവിളിച്ചു. 55 വയസ്സു കഴിഞ്ഞ ഒരു വ്യക്തിക്ക് ഗണിതശാസ്‌ത്രം വഴങ്ങില്ല.‘ അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ആയിടക്കുതന്നെ ഹിന്ദു പത്രത്തിലെ യങ്ങ്‌വേൾഡ് എന്ന പേജിലും ഹാർഡിയുടെ ഒരു ലേഖനം കണ്ടു. ’മാത്തമാറ്റിക്കൽ തിയറി ഈസ് എ യങ്ങ് മാൻസ് ഫീൽഡ് എന്നദ്ദേഹം എഴുതിയിരിക്കുന്നു. 30 വയസ്സിനുശേഷം പുതിയ ഗണിതമൊന്നും വഴങ്ങില്ല. ശ്രീനിവാസ രാമാനുജം 31-ാം വയസ്സിൽ അന്തരിച്ചു. 19-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗണിതശാസ്‌ത്രജ്ഞൻ ആബേൽ നേരത്തെ മരണമടഞ്ഞു. ഗണിതശാസ്‌ത്രരംഗത്ത് ഏറെ സംഭാവനകൾ നൽകിയ ‘ഗലോയിസ്’ 20 വയസ്സുവരെ മാത്രമെ ജീവിച്ചുളളു എന്നെല്ലാമാണ് പത്രത്തിൽ എഴുതിയിരിക്കുന്നത്. എന്നാൽ, അമേരിക്കയിലെ ഒരു ഇംഗ്ലീഷുകാരൻ ആൻഡ്രൂബെൽസ് നാല്പതുവയസ്സുളളപ്പോഴാണ് പുതിയൊരു തിയറം കണ്ടുപിടിച്ചു സമ്മാനം നേടിയത്. 30 വയസ്സിനുശേഷം ഗണിതം, ബുദ്ധിക്കു വഴങ്ങില്ല എന്ന വിശ്വാസം തിരുത്തിയ വ്യക്തിയാണ് അദ്ദേഹം.
താങ്കളുടെ ഗണിതത്തോടുളള പ്രതിപത്തി കൂടുതലാവാൻ സഹായിച്ചത് ആൻഡ്രൂബെൽസിന്റെ തിയറം തന്നെയാണോ?
തീർച്ചയായും ഇതെനിക്കൊരു പ്രചോദനമായി. കൂടാതെ ‘ദി മാൻ ഹൂ സോ ഇൻഫിനിറ്റി’ എന്ന പുസ്തകം എന്നെ ഗണിതത്തിലേക്കേറെ ആകർഷിച്ചു. ഗണിതം അനന്തമാണ്. ഗണിതത്തെ ഹിന്ദുവേദാന്തവുമായി ബന്ധപ്പെടുത്തി നോക്കൂ. മാത്ത്‌സ് ഹെൽപ് അസ് ടു നൊ ദി ആസ്‌പെക്‌ട് ഓഫ് ഗോഡ്.
മനസ്സിനെ പഠനത്തിനായി പാകപ്പെടുത്തിയതെങ്ങിനെയാണ്?
പ്രായമായാൽ ബുദ്ധിയൊക്കെ ശൂന്യമാകും എന്നു പറഞ്ഞു കേൾക്കാറുണ്ട്. എനിക്കിതു വിശ്വസിക്കാനാവുന്നില്ല. വേണ്ടത്ര അധ്വാനം മനസ്സിനു നൽകും. താല്പര്യമാണ് മുഖ്യം. വിജയം സുനിശ്ചിതമാണ്. നാല്പതു വയസ്സിനുശേഷവും ശാരീരികമായി അസുഖങ്ങൾക്ക് കീഴ്‌പ്പെട്ടാലും മനസ്സിനെ ദീപ്തമാക്കാം. മനസ്സ് ഒരിക്കലും ക്ഷീണിക്കയില്ല എന്നുതന്നെ ഞാൻ വിശ്വസിക്കുന്നു. ഉപയോഗിക്കും തോറും മൂർച്ച കൂടുകയെ ഉളളൂ. മനസ്സ് ഒരിക്കലും തുരുമ്പിക്കരുത്. മനസ്സിനെ കീഴടക്കാൻ അത്ര എളുപ്പവുമല്ല. ഇതെക്കുറിച്ച് പുരാണത്തിൽ ഒരു കഥതന്നെയുണ്ട്. മഹാബലി പ്രപഞ്ചം മുഴുവനും ജയിച്ചുവന്നപ്പോൾ അദ്ദേഹം സ്വന്തം മന്ത്രിയോടു ചോദിച്ചുവത്രെ. ‘ഇനി ഞാനെന്തു കീഴടക്കാനാണ്?’ ‘നിങ്ങളുടെ മനസ്സിനെ കീഴടക്കൂ.’ മന്ത്രി പറഞ്ഞു. ഇതുതന്നെയാണ് എനിക്കും പറയാനുളളത്.
ഒരു ഡോക്‌ടറേറ്റ്?
അതിനുവേണ്ടി ചെറുപ്പക്കാരുടെ കീഴിൽ പോയി പഠിക്കാനൊന്നും ഇനിയാവില്ല.
ഗിന്നസ് റെക്കോർഡിനെക്കുറിച്ച്?
എന്റെ കൊച്ചു മക്കളാണ് എം.ഫിൽ എടുത്ത വിവരം ഗിന്നസുകാരെ അറിയിച്ചത്. മധുര കാമരാജ യൂനിവേഴ്‌സിറ്റിയിൽനിന്നാണ് എം.ഫിൽ നേടിയത്. രണ്ടുമാസത്തിനുശേഷം ഗിന്നസ് റെക്കോർഡാണെന്നറിഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി.
ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച്?
ആഴവും പരപ്പും കൂടും. അധ്യാപകർ അല്പംകൂടി നീതി പുലർത്തണം.
Generated from archived content: interview_april2.html Author: lakshmidevi