പഴമയുടെ ഓർമ്മച്ചെപ്പിലൂടെ

കേരളപ്പഴമയുടെ ഓർമ്മച്ചെപ്പാണ്‌ തൃശൂർ അയ്യന്തോളിലെ രാമവർമ്മ അപ്പൻ തമ്പുരാൻ മ്യൂസിയം. മൂല്യങ്ങളോടും, ആദർശങ്ങളോടുമുളള പ്രതിബദ്ധത, സൂക്ഷ്‌മനിരീക്ഷണപാടവം, സേവനതാല്‌പര്യം, കലാചാതുര്യം, കർമ്മചാതുര്യം എല്ലാം പ്രകടമായി കാണാവുന്ന ഒരു മഹാനുഭാവനായിരുന്നു ശ്രീ രാമവർമ്മ അപ്പൻ തമ്പുരാൻ.

ആതുരർക്കുവേണ്ടിയാണ്‌ അദ്ദേഹം ജീവിച്ചത്‌. ധർമ്മചികിത്സക്കായുളള ആയുർവേദ സമാജം, തൃശൂരിലെ സീതാറാം വീവിങ്ങ്‌ ആന്റ്‌ സ്പിന്നിങ്ങ്‌മിൽ, വിവേകോദയം സ്‌കൂൾ, മംഗളോദയം കമ്പനി, പുതൊടുകര ശ്രീരാമകൃഷ്‌ണാശ്രമം ഇവയ്‌ക്കു പുറകിലെല്ലാം തിരുമേനിയുടെ കരങ്ങളുണ്ടായിരുന്നു.

കൊച്ചി രാജകുടുംബാംഗമായിരുന്ന ശ്രീ തമ്പുരാൻ അയ്യന്തോളിൽ താമസിച്ചിരുന്ന കുമാരമന്ദിരമാണ്‌ ഇന്നുകാണുന്ന രാമവർമ്മ അപ്പൻതമ്പുരാൻ മ്യൂസിയം. ഭാഷാസ്‌നേഹികളുടെയും ഗവേഷണവിദ്യാർത്ഥികളുടെയും അന്വേഷണങ്ങളുടെ കലവറയാണിത്‌. സിമന്റ്‌ ഇല്ലാതിരുന്ന ഒരു കാലത്ത്‌ കുമ്മായം പ്രത്യേക കൂട്ടുകൾ ചേർത്ത്‌ പാകപ്പെടുത്തി 72 മണിക്കൂർ നിരന്തരമായി മിനുക്കിയെടുത്തതാണ്‌ മ്യൂസിയത്തിലെ നിലം. ഹാളിൽ വിരിച്ച ഇഷ്‌ടികകളും ജനവാതിലുകളുടെ ചില്ലുകളും മദ്രാസിൽ നിന്നു വരുത്തിയതാണ്‌. പ്രവേശനകവാടത്തിന്റെ ഇരുവശത്തും കാണുന്ന കാളിയമർദ്ദനം, ഗോവർദ്ധനോദ്ധാരണം തുടങ്ങിയ ശില്പങ്ങൾ അദ്ദേഹത്തിന്റെ കൈവിരുതുകളാണ്‌.

1977-ൽ കേരള സാഹിത്യഅക്കാദമി മ്യൂസിയം ഏറ്റെടുത്ത്‌ മന്ദിരം ഈ നിലയിലെത്തിച്ചത്‌ അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന സി.അച്ചുതമേനോനാണ്‌.

മ്യൂസിയം ഹാളിൽ ഗ്ലാസ്‌ കൂടുകൾക്കകത്ത്‌ പ്രശസ്‌തരുടെ കയ്യെഴുത്തുപ്രതികൾ കാണാം. എ.ആർ.രാജരാജവർമ്മ, ഇടശ്ശേരി, കക്കാട്‌, കുമാരനാശാൻ, മഹാകവി വളളത്തോൾ, ഉളളൂർ, കേരളവർമ്മ വലിയകോയിത്തമ്പുരാൻ, വെളളിക്കുളം, ചങ്ങമ്പുഴ, ആറ്റൂർ കൃഷ്‌ണപിഷാരടി, വൈക്കം മുഹമ്മദ്‌ ബഷീർ ഇവരുടെയെല്ലാം കൈപ്പടകൾ ഇവിടെ പുനർജ്ജനിക്കുന്നു. 1060 മിഥുനം എട്ടിന്‌ രാമവാര്യർ തന്റെ പതിനാറ്‌ പുസ്‌തകങ്ങൾ തീറു നൽകിയ രേഖ, മഹാകവി ഉളളൂരിന്‌ തമ്പുരാൻ ധന്വന്തരം കുഴമ്പു വാങ്ങിക്കൊടുത്തതിന്റെ കണക്കുകൾ, പത്നി നാനിക്കുട്ടിയമ്മ പറഞ്ഞുകൊടുത്ത ആയിരത്തഞ്ഞൂറോളം പഴഞ്ചൊല്ലുകൾ എന്നിവ പഴമയുടെ സ്പർശം വിളിച്ചോതുന്നു. മുണ്ടശ്ശേരി മാസ്‌റ്ററുടെ സ്‌മൃതിശേഖരമുണ്ട്‌ മറ്റൊരു മുറിയിൽ. നാടകാന്തം കവിത്വം, സാഹിത്യനിരൂപണഗ്രന്ഥമായ കാവ്യപീഠിക തുടങ്ങിയവയും അദ്ദേഹം ഉപയോഗിച്ചിരുന്ന വാച്ച്‌, പേന, 1958-ലെ കേരള വിദ്യാഭ്യാസ ആക്‌ട്‌ എന്നിവയും ഇവിടെ കാണാം. കൂടാതെ കുറ്റിപ്പുഴ, വിലാസിനി, ജി.കുമാരപ്പിളള, പുത്തൻകാവ്‌ മാത്തൻതരകൻ എന്നിവരുടെ പേനകൾ, പുസ്‌തകങ്ങൾ, വി.കെ.കൃഷ്‌ണമേനോൻ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ, ശ്രീ.കെ.കേളപ്പൻ, ചിത്തിരതിരുനാൾ, ശ്രീനാരായണഗുരു, ആശാൻ തുടങ്ങിയവരുടെ സ്‌റ്റാമ്പുകളും ഒരു ചില്ലലമാരയിൽ കാണാം.

അപ്പൻ തമ്പുരാൻ വരച്ച ഭൂതരായരിലെ കഥാപാത്രങ്ങളുടെ ചിത്രമാണ്‌ മറ്റൊരാകർഷണം. ഭാഷാഗദ്യത്തിലെ ആഴവും പരപ്പുമേറിയ ഈ നോവൽ കുറെക്കാലം മദ്രാസ്‌ സർവ്വകലാശാലയിലും തിരുവിതാംകൂർ സർവ്വകലാശാലയിലും പാഠപുസ്‌തകമായിരുന്നു. ഭാസ്‌കരമേനോൻ, ഭൂതരായർ തുടങ്ങിയ നോവലുകൾ, പ്രസ്ഥാനപഞ്ചകം, മംഗളമാല തുടങ്ങിയ ഉപന്യാസങ്ങൾ, കാലവിപര്യയം എന്ന പ്രഹസന പ്രമേയം, ദ്രാവിഡവൃത്തങ്ങളും അവയുടെ പരിണാമങ്ങളും എന്ന ഗവേഷണഗ്രന്ഥം, മുന്നോട്ടുവീരൻ എന്ന നാടകം, കൊച്ചിരാജ്യ ചരിതങ്ങൾ ഒന്നാംഭാഗം, ചരിത്രം, തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ തുടങ്ങി തമ്പുരാൻ രചിച്ച പ്രധാനകൃതികൾ മിക്കതും മ്യൂസിയത്തിലുണ്ട്‌. കൂടാതെ ആറ്റൂർ കൃഷ്‌ണപ്പിഷാരടിയുടെ കേരള ശാകുന്തളം, മേൽപ്പത്തൂർ ഭട്ടതിരിപ്പാടിന്റെ ധാതുകാവ്യം, മണിപ്രവാളം നിഘണ്ടു, 1916-ൽ സ്‌ത്രീകൾക്കുവേണ്ടി തുടങ്ങിയ സുമംഗല എന്നിവയും 1913-ൽ സി.കൃഷ്‌ണന്റെ പത്രാധിപത്യത്തിൽ തുടങ്ങിയ മിതവാദിയും, മാതൃഭൂമി, ദേശാഭിമാനി, മലയാള മനോരമ, കേരള കൗമുദി തുടങ്ങിയവയുടെ പ്രത്യേക പതിപ്പുകളും ഗവേഷണ കുതുകികൾക്ക്‌ ഏറെ പ്രയോജനപ്പെടും. നമ്മുടെ സാഹിത്യം, നമ്മുടെ സമൂഹം, നാട്യശാസ്‌ത്രം, 19-​‍ാം നൂറ്റാണ്ടിലെ കേരളം, സജ്ഞയനും സാഹിത്യവും, സാഹിത്യകാര ഡയറക്‌ടറി, പഴയ സാഹിത്യമാസികയായ കൈരളി, സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന സാഹിത്യചക്രവാളം എന്നിവയെല്ലാം ഇവിടെയുണ്ട്‌.

ഏതു കാര്യത്തിനും തനതായ വ്യക്തിത്വത്തിന്‌ ഉടമയായിരുന്നു ശ്രീ അപ്പൻ തമ്പുരാൻ. സതതോർത്ഥിതനായ ഒരു സാഹിത്യനായകൻ.

Generated from archived content: essay_nove16_05.html Author: lakshmidevi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English