ലണ്ടൻ ടവർ – ചില കാഴ്‌ചകൾ

ലണ്ടൻ നഗരചരിത്രത്തിൽ ഏറെ പ്രാധാന്യമുളള ഒന്നാണ്‌ തെയിംസ്‌ നദിതീരത്തുളള ലണ്ടൻ ടവർ. ഇംഗ്ലണ്ടിലെ രാജാവായിരുന്ന എഡ്വോർഡിന്റെ അടുത്ത ബന്ധുവായിരുന്നു നോർമാൻഡിയിലെ വില്യം. 1066-ൽ വില്യം സ്വന്തം പട്ടാളത്തോടൊപ്പം ഇംഗ്ലീഷ്‌ ചാനൽ കുറുകെ കടന്ന്‌ ഇംഗ്ലണ്ടിനെ കീഴടക്കാനുളള ശ്രമമാരംഭിക്കുകയും അന്നത്തെ രാജാവിനെ തോല്പിക്കുകയും ചെയ്‌തു. 1078-ൽ ഭരണമാരംഭിക്കുകയും, സ്വന്തം അധികാരചിഹ്‌നമായി ഒരു രക്ഷാകേന്ദ്രം പടുത്തുയർത്തുകയും ചെയ്‌തു. സ്വന്തം സുരക്ഷിതത്വത്തിനായി നിരവധി കോട്ടകൾ, തടവുപുളളികൾക്കും ശത്രുക്കൾക്കുമായുളള ജയിൽ എന്നീ സൗകര്യങ്ങളുളള ഈ രക്ഷാകേന്ദ്രത്തിന്റെ പണിതീർന്നത്‌ ഇരുപതുവർഷം കൊണ്ടാണ്‌. പതിനഞ്ചടി ഘനത്തിലുളള കന്മതിലുകൾ കൊണ്ടു കെട്ടിയ ഇതിന്റെ പൊക്കം നൂറടിയോളം വരും. 1987-ൽ ഈ രക്ഷാകേന്ദ്രം ‘ടവർ ഓഫ്‌ ലണ്ടൻ’ എന്നറിയപ്പെടാൻ തുടങ്ങി.

ഒരു രാജ്യദ്രോഹിക്കോ കുറ്റക്കാരനോ ഇതിനകത്തു പെട്ടാൽ രക്ഷപ്പെടാനാവാത്ത വിധത്തിലാണ്‌ കോട്ടയിലെ ക്രമീകരണങ്ങൾ. ദുർഹാമിലെ കുപ്രസിദ്ധനും, ദുരാഗ്രഹിയും, ധനികനുമായിരുന്ന ഒരു ആർച്ച്‌ ബിഷപ്പ്‌ ആയിരുന്നുവത്രെ ഈ ടവറിലുളള തടവറയിലെ ആദ്യ കുറ്റവാളി. നിരവധി ഗാർഡുമാരുടെ മേൽനോട്ടത്തിൽ ഇവിടെ കഴിയുമ്പോഴും ഗാർഡുമാർക്ക്‌ ധാരാളം പണം കൈക്കൂലിയായി നൽകിയിരുന്നതിനാൽ ഒരു സാധാരണ തടവുപുളളിക്കുളള ബുദ്ധിമുട്ടുകൾ ഇദ്ദേഹം അറിഞ്ഞില്ല. 1101-ൽ അദ്ദേഹം ഗാർഡുകൾക്ക്‌ നല്ലൊരത്താഴവിരുന്നു നൽകിയിരുന്നു. മദ്യം നൽകി ഗാർഡുകളെ മയക്കി ജനലിലൂടെ അദ്ദേഹം രക്ഷപ്പെട്ടുവെന്നും ചരിത്രരേഖകൾ കാണുന്നു. 1240-ൽ ഹെന്റി മൂന്നാമന്റെ കാലത്ത്‌ ടവർ കുറെക്കൂടി വിപുലീകരിച്ചു. പളളി, വലിയ ഹാളുകൾ, മറ്റുകെട്ടിടങ്ങൾ, വൈറ്റ്‌ ടവർ എന്നിവ വിശാലമാക്കുകയും ധാരാളം സന്ദർശകരെ അദ്ദേഹം ഇവിടേക്കു ക്ഷണിച്ചു വിരുന്നൂട്ടുകയും ചെയ്‌തു. 1337-ൽ റിച്ചാർഡ്‌ രണ്ടാമൻ രാജാവായി. പ്രജകളിൽനിന്ന്‌ അധികനികുതി ഈടാക്കുന്നതിൽ പ്രതിഷേധിച്ച്‌ കൃഷിക്കാർ ഇദ്ദേഹത്തെ ആക്രമിക്കുകയും അന്നത്തെ റോയർ ട്രഷറർ ആയിരുന്ന കാന്റർബറിയിലെ ബിഷപ്പ്‌, നികുതി പിരിക്കുന്ന ഓഫീസർ, ഡാകൂർ എന്നിവരെ ജനങ്ങൾ വധിക്കുകയും ചെയ്‌തു. റിച്ചാർഡ്‌ ഇവരുമായി സമാധാന ഉടമ്പടി ഉണ്ടാക്കി. ഹെന്റി ഏഴാമൻ 1485-ൽ റിച്ചാർഡിനെ വധിച്ച്‌ അവകാശം കൈക്കലാക്കി. ഇങ്ങിനെ നിരവധി കൊലകൾക്ക്‌ സാക്ഷ്യം വഹിച്ചതാണ്‌ ടവറിലെ ‘ബ്ലഡ്‌ഡി ടവർ’. ഹെന്റി ഏഴാമന്റെ സംരക്ഷകരായിരുന്ന ഗാർഡുകളുടെ പിൻഗാമികളാണ്‌ ഇന്ന്‌ ലണ്ടൻ ടവറിൽ കാണുന്ന ബീഫ്‌ ഈറ്റേർസ്‌ എന്നറിയപ്പെടുന്ന ഗാർഡുകൾ. ഒരുകാലത്ത്‌ ശക്തി വർദ്ധിപ്പിക്കാൻ ഇവർക്ക്‌ ബീഫ്‌ നൽകിയിരുന്നതിന്റെ ഓർമ്മയായി ഇന്നും ഈ പേരിൽ ഇവർ അറിയപ്പെടുന്നു. രാജകൊട്ടാരത്തിലെ ആഭരണശാലകളുടെ സൂക്ഷിപ്പുകാരാണ്‌ ചുമപ്പും കറുപ്പും കലർന്ന വസ്‌ത്രമണിഞ്ഞ ബീഫ്‌ ഈറ്റേർസ്‌.

വില്യം രാജാവിന്റെ കൊട്ടാരമായിരുന്നു ദീർഘചതുരാകൃതിയിലുളളതും, കോട്ടകൊത്തളങ്ങളോടു കൂടിയതുമായ വൈറ്റ്‌ ടവർ. 1078-ലാണ്‌ ഇതിന്റെ പണിതീർന്നത്‌. ഇതിനടുത്തായി കാണുന്ന ടെയ്‌റ്റേർസ്‌ ഗേറ്റിലെ കോട്ടകൊത്തളങ്ങൾ 1278-ൽ എഡ്‌വേർഡ്‌ ഒന്നാമന്റെ കാലത്ത്‌ പണിതതാണ്‌. ആനിബോളിൻ, സർതോമസ്‌ മൂർ എന്നിവരാണ്‌ ട്രെയ്‌റ്റേർസ്‌ ഗേറ്റ്‌ പണിതത്‌.

ടവറിലെ റോയൽ ചാപ്പലിനടുത്തുളള മുറികളിൽ രാജ്‌ഞ്ഞിമാരുടെയും രാജാക്കൻമാരുടെയും പടക്കോപ്പുകൾ സൂക്ഷിച്ചിരിക്കുന്നു. രാജാക്കൻമാരുടെ കുതിരകളുടെ പ്രതിമകൾ, ഗണ്ണുകൾ, സ്പാനിഷ്‌ പട്ടാളത്തിലെ ഹെന്റി 4,5,7,8, എഡ്‌വേർഡ്‌ ഒന്നാമൻ, വില്യം മൂന്നാമൻ എന്നിവരുടെ പടക്കുതിരകളുടെ ജീവൻ തുടിക്കുന്ന പ്രതിമകൾ എന്നിവയുമുണ്ട്‌. എലിസബത്ത്‌ രാജ്‌ഞ്ഞിയുടെ കിരീടധാരണം, രാജ്യത്തിന്റെ കൊടിക്കൂറകൾ, ഓരോ കാലഘട്ടത്തിൽ രാജാക്കൻമാർ ഉപയോഗിച്ചിരുന്ന രാജദണ്ഡുകൾ, വജ്രാഭരണങ്ങൾ സൂക്ഷിക്കുന്ന ഖജനാവുകൾ, 1820-ലെ ചുമപ്പ്‌, പച്ച, വെളള, മജന്ത കളറുകളിലുളള രത്നം പതിച്ച വാളുകൾ, 1661-ലെ കിരീടധാരണ സമയത്തെ സ്‌പൂണുകൾ, ആഭരണങ്ങൾ പതിച്ച രാജകീയ വേഷങ്ങൾ, ഇന്ത്യയിൽനിന്ന്‌ കടത്തിക്കൊണ്ടുപോയ കണ്ണഞ്ചിപ്പിക്കുന്ന ഇംപീരിയൽ ക്ര്ൺ ഓഫ്‌ ഇന്ത്യ (കോഹിനൂർ), പ്രിൻസ്‌ ഓഫ്‌ വെയിൽസിന്റെ കിരീടം, 1911-ലെ അൾത്താര ഡിഷുകൾ, സ്വർണ്ണ പ്ലേറ്റുകൾ, 1829-ലെ സ്വർണ്ണം കൊണ്ടുളള വൈൻ ബ്ളുകൾ ഇതെല്ലാം റോയൽ ചാപ്പലിനടുത്തുളള മുറികളിലുണ്ട്‌. 1603-ലാണ്‌ ടവറിന്റെ ഒരു ഭാഗം മ്യൂസിയമാക്കി ജയിംസ്‌ രാജാവ്‌ പൊതുജനങ്ങൾക്ക്‌ പ്രവേശനാനുമതി നൽകിയത്‌. പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ ബ്രിട്ടീഷുകാർ കുറ്റക്കാരെ കൊല നടത്തിയിരുന്ന രീതി ‘ടോർച്ചർ അറ്റ്‌ ദി ടവറി’ൽ പ്രദർശിപ്പിച്ചിരിക്കുന്നത്‌ കാണാം. ഏറ്റവും ദയനീയമായ ഈ രീതി കാണുന്നവരുടെ കണ്ണിൽ അശ്രുക്കൾ പൊടിയാതിരിക്കയില്ല.

ടവറിലെ മറ്റൊരാകർഷമാണ്‌ റാവെൻസ്‌ ടവർ. കഴുകൻമാർ വരുന്നത്‌ രാജ്യത്തിന്‌ നല്ലതാണെന്ന വിശ്വാസം ഇംഗ്ലീഷുകാർക്കുണ്ടായിരുന്നു. ആറെണ്ണം വേണമെന്നും നിർബ്ബന്ധമായിരുന്നു. വൈറ്റ്‌ ടവറിലെ റോയൽ ഒബ്‌സർവേറ്ററിയിലെ ശാസ്‌ത്രജ്ഞനായിരുന്ന ജോൺ ഫ്ലാംസ്‌റ്റീസ്‌ രാജാവിനോട്‌ ഈ പക്ഷികൾ തന്റെ സൂക്ഷ്‌മനിരീക്ഷണത്തിന്‌ തടസ്സമുണ്ടാക്കുന്നു എന്നറിയിച്ചു. പക്ഷെ ഇവ രാജ്യം വിട്ടുപോയാൽ വൈറ്റ്‌ ടവറും ബ്രിട്ടീഷ്‌ കോമൺവെൽത്തും തകരുമെന്ന വിശ്വാസം കാരണം ആറെണ്ണത്തെയെങ്കിലും ഇവിടെ സ്ഥിരമായി പാർപ്പിക്കണമെന്നു വന്നു. ഇപ്പോൾ ഈ ടവറിൽ ഏഴെണ്ണമുണ്ട്‌. ‘ഡെറിക്‌കോയൽ’ ആണ്‌ റാവൻസ്‌ മാസ്‌റ്റർ. വേക്ക്‌ ഫീൽഡിനടുത്തുളള ഇവയുടെ വാസസ്ഥാനത്ത്‌ ഹാർഡി, തോർ, ഒഡിൻ, ജില്ലം, സെഡ്രിക്‌, ഹ്യൂജിൻ, മ്യൂനിൻ എന്നീ കഴുകൻമാരുണ്ട്‌. രക്തത്തിൽ മുക്കിയ ബിസ്‌ക്കറ്റുകൾ, ആറ്‌ ഔൺസ്‌ പച്ച ഇറച്ചി, ആഴ്‌ചയിലൊരിക്കൽ മുട്ട, ചിറകോടെയുളള മുയലുകൾ, വറുത്ത റൊട്ടി, ടവറിലെ ഉച്ഛിഷ്‌ടങ്ങൾ എന്നിവയാണ്‌ ഭക്ഷണം. ഇവ പറന്നു പോകാതിരിക്കാൻ ഒരു ചിറകിൽ ക്ലിപ്പ്‌ ഇടുന്നുണ്ട്‌. ‘ജിം ക്രൊ’ എന്നായിരുന്നു ഏറ്റവും പഴയ കഴുകന്റെ പേര്‌. 44-​‍ാം വയസ്സിൽ അത്‌ ചത്തു. ഇപ്പോഴുളളവയിൽ ഏറ്റവും പ്രായം കൂടിയത്‌ 24 വയസ്സുളള ഹാർഡെ. ആരോടും സൗഹൃദമില്ലാതെ അവർ ഇവിടെ കഴിയുന്നു.

Generated from archived content: essay2_oct19_05.html Author: lakshmidevi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here