സൗഗന്ധികം
സെർച്ച് ചെയ്യുന്നതിനിടയിൽ
നാല് വൈറസുകൾ
ഭീമന്റെ വഴിമുടക്കി
ഗദ കൊണ്ടും
കരുത്തുറ്റ മാംസപേശികൾ കൊണ്ടും
അവറ്റകളെ തുരത്താനാവാതെ കുഴഞ്ഞു.
പല തവണയും
സൗഗന്ധികത്തിന്റെ
സ്‌പെല്ലിംഗ് തെറ്റി.
പൂക്കളായ പൂക്കളെക്കുറിച്ചുളള
മുഴുവൻ സൈറ്റുകളിലും
ചുറ്റി നടന്ന്
കണ്ണുകൾ കഴച്ചു.
മുക്കുറ്റി.com, ബോഗൺവില്ല.com,
ഓർക്കിഡ്.com, തുമ്പ.com,
മൗസിൽ തൊട്ടപ്പോൾ
ചുരുങ്ങിപ്പോയ തൊട്ടാവാടി.com.
മുളളുകൊളളാത്ത യാത്രകൾ.
കരിങ്കൽ ശരീരത്തിനുളളിലെ
നീരുറവയിൽ
ചില പൂക്കൾ വിരിഞ്ഞു.
പൂ, പൂ, എന്ന്
ഇടക്കിടെ പിറുപിറുത്തു.
മാംസപുഷ്‌പങ്ങൾ
പൂത്തുലയുന്ന
വളക്കൂറുളള ഡോട്ട്‌കോമുകൾ
വിവസ്‌ത്രയാക്കപ്പെട്ട ഭാര്യയെ
ഇടക്കെല്ലാം മറന്നു.
മല്ലന്മാരെക്കുറിച്ചുളള
വെബ്‌പേജുകൾക്കു മുൻപിൽ
അത്‌ഭുതപ്പെട്ടിരുക്കുമ്പോൾ
bhiman@epatra;com
ഒരു മെസ്സേജ്
വിഷയം ഃ
സൗഗന്ധികത്തെക്കുറിച്ച് സൂചന.
ഇൻബോക്‌സിൽ
സൗഗന്ധികത്തിന്റെ
ലക്ഷണങ്ങളുമായി ബ്‌ളാക്ക് മൂൺ.
ലാറ്റിനമേരിക്കയിലെ
സുഗന്ധമില്ലാത്ത
പുഷ്‌പത്തെ
അയാൾ ഇഷ്ടപ്പെട്ടു.
സൈബർ വനത്തിലൂടെ
ഇനി ഒരടിപോലും
വയ്യെന്ന് ഉളളിലുറച്ച്
ബ്‌ളാക്ക് മൂൺ ഡൗൺലോഡ് ചെയ്‌തു.
മോർഫ് ചെയ്‌ത്
ചില്ലറ മാറ്റങ്ങൾ
പിന്നെ ഒരു കളർ പ്രിന്റ.്
അഞ്ചെണ്ണത്തിന്റെ
ഭാര്യാപദം അലങ്കരിച്ചിട്ടും
ബോറടിച്ചിരുന്ന
പാഞ്ചാലി തുളളിച്ചാടി
സൗഗന്ധികത്തിന്റെ
നാല് ഫോട്ടോസ്‌ററാറ്റ് കോപ്പികൾ എടുത്ത്
ഡോക്ടറേറ്റിനുളള അപേക്ഷാഫോറവുമായി
പൂമുഖത്തേക്ക് പോയി
ചരിത്രത്തിൽ
സുഗന്ധമില്ലാത്ത
ഒരു നുണ വിരിഞ്ഞു.
Generated from archived content: sougandhikam.html Author: kuzhoorwilson