വിലാപങ്ങൾക്കപ്പുറത്ത്‌ ഒരു പട്ടി

സംവിധായകൻ ടി.വി.ചന്ദ്രനും നിർമ്മാതാവ്‌ ആര്യാടൻ ഷൗക്കത്തും ഒന്നിച്ച ആദ്യ ചിത്രമായിരുന്നു പാഠം ഒന്ന്‌ ഒരു വിലാപം. തുടർന്നുള്ള ചിത്രങ്ങൾക്ക്‌ പാഠം രണ്ട്‌, പാഠം മൂന്ന്‌ എങ്ങിനെ പേരിടാം എന്നുദ്ദേശിച്ചാണ്‌ ആദ്യചിത്രത്തിന്‌ അങ്ങിനെ ഒരു പേരിട്ടത.​‍്‌ തിരക്കഥാകൃത്തുകൂടിയായ ആര്യാടൻ പുതിയ ചിത്രത്തിന്‌ പാഠം രണ്ട്‌ ഒരു വിലാപം എന്നാണ്‌ പേരിട്ടതെങ്കിലും, സംവിധായകൻ പാഠം ഒഴിവാക്കി വിലാപങ്ങൾക്കപ്പുറത്ത്‌ എന്നാക്കി.

ഗുജറാത്ത്‌ കലാപത്തിൽ നിന്നും രക്ഷപ്പെട്ട സഹീറ എന്ന പെൺകുട്ടി ഒരു ദിവസം കോഴിക്കോട്ടെത്തുന്നു. മാവൂർ റോഡിലെ നാഷണൽ ഹോസ്‌പിറ്റലിലെ ഡോക്‌ടറും ചാരുഹാസന്റെ മകളുമായ സുഹാസിനി സഹീറക്ക്‌ അഭയം നൽകുന്നു. കോഴിക്കോട്ട്‌കാരനായ സുധീഷും തൃശ്ശൂർക്കാരനായ ബിജുമേനോനും, കുന്നംകുളത്തുകാരനായ ശ്രീരാമനും ഒക്കെ സഹീറയുടെ മേൽ അവകാശം സ്‌ഥാപിച്ചെത്തുന്നു. ഇതാണ്‌ കഥയുടെ വൺലൈൻ. ചിത്രീകരണം കോഴിക്കോട്ടായിരുന്നു. ടൗണിൽ തന്നെയുള്ള പുഷ്‌പ രാംദാസിന്റെ ഉടമസ്‌ഥതിലുള്ള ഡോ.സുഹാസിനിയുടെ വീട്ടിലേക്ക്‌ സഹീറയെ വിട്ടുകിട്ടണമെന്ന ആവശ്യമായെത്തുന്ന സുധീഷും, സമുദായ നേതാക്കളും ഒപ്പം മത തീവ്രവാദികളായ ഒരു സംഘം ചെറുപ്പക്കാരും. ഒരു സംഘട്ടനം പ്രതീക്ഷിച്ച്‌ സംഭവം കവർ (ച്ച) ചെയ്യാൻ ഒരു പറ്റം പത്രപ്രവർത്തകരും ചാനൽ റിപ്പോർട്ടർമാരും ഇവരെയെല്ലാം ഉൾപ്പെടുത്തിയ ഒരു ക്രൈൻ ഷോട്ടിന്‌ ഫ്രെയിം ഫിക്‌സ്‌ ചെയ്യുകയായിരുന്നു. ക്യാമറമാൻ രാധാകൃഷ്‌ണൻ. പെട്ടെന്നാണ്‌ വഴിതെറ്റി വന്ന ഒരു തെരുവുനായ ഗൈറ്റ്‌ കടന്ന്‌ വന്ന്‌ ഫ്രൈമിൽ പ്രത്യക്ഷപ്പെട്ടത്‌. മോണിട്ടറിൽ നോക്കി താടിയും തടവിയിരിക്കുന്ന സംവിധായകൻ പട്ടിയെ ശ്രദ്ധിച്ചിട്ടുണ്ടാവില്ല എന്നു കരുതി അടുത്ത്‌ നിന്നിരുന്ന സഹൽ വിളിച്ചു പറഞ്ഞു. സാർ പട്ടി……പട്ടി…. പിന്നെ ഫീൽഡ്‌ നിയന്ത്രിച്ച്‌ ദൂരെ നിന്ന സംവിധാന സഹായിക്ക്‌ പട്ടിയെ ഓടിക്കാൻ നിർദ്ദേശം നൽകി. സ്വാഭാവികതയക്ക്‌ മുൻതൂക്കം കൊടുക്കുന്ന സംവിധായകൻ ടി.വി. ചന്ദ്രൻ മോണിട്ടറിൽ തന്നെ നോക്കിയിരുന്നുകൊണ്ടു പറഞ്ഞു. പട്ടി അവിടെ നിന്നോട്ടെ അതിനെന്താ….. ഇത്‌ കേട്ട്‌ ആജ്ഞാനുവർത്തിയായി അടുത്ത്‌ നിന്ന സഹൽ സംവിധാന സഹായിയോട്‌ വിളിച്ചു പറഞ്ഞു.

എങ്കിൽ പട്ടി അവിടെ തന്നെ നില്‌ക്കട്ടെ. നിന്ന പൊസിഷനിൽ നിന്ന്‌ മാറിപ്പോകരുതെന്നും വാലാട്ടരുത്‌ എന്നും പറയണം.

Generated from archived content: humour1_nov24_09.html Author: kutty_edakkazhiyoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here