ആശുപത്രി ബിൽ

ആശുപത്രി കിടക്കയിൽ അലസമായിക്കിടന്ന്‌ നൊമ്പരപ്പെടുന്നതിനിടയിൽ ചുണ്ടുകളിൽ വശ്യമായ പുഞ്ചിരിയുമേന്തി അവൾ വരും- നേഴ്‌സ്‌ ഊർമ്മിള. ഇരുപത്തി നാലുകാരിയായ അവൾ അതിസുന്ദരിയാണ്‌. ഊർമ്മിള എന്റെ മുന്നിലെത്തേണ്ട താമസം എന്റെ വിരസതയൊക്കെ എങ്ങോ ഓടിമറയും. അവളുടെ വിരൽസ്പർശം എന്നിലുണ്ടാക്കുന്നത്‌ പറഞ്ഞറിയിക്കാനാവാത്ത ഒരനുഭൂതിയാണ്‌. ശുശ്രൂഷകൾക്കുശേഷം രസിപ്പിക്കുന്ന ഒന്നുരണ്ടു തമാശകൾ പറഞ്ഞ്‌ അവൾ എന്റെ കൺമുന്നിൽ നിന്നും മറയും.

മൂന്നു ദിവസത്തെ ആശുപത്രി ജീവിതം.

ഡോക്‌ടറുടെ സമ്മതപ്രകാരം വീട്ടിലേക്ക്‌ മടങ്ങാനൊരുങ്ങുമ്പോൾ, മുമ്പത്തെപ്പോലെ ഒട്ടും പുഞ്ചിരിക്കാതെ, യാതൊന്നും സംസാരിക്കാതെ നേഴ്‌സ്‌ ഊർമ്മിള എനിക്ക്‌ മുന്നിൽ പ്രത്യക്ഷപ്പെട്ടു. അവളുടെ കയ്യിലുണ്ടായിരുന്ന ഒരു നീളമുളള കടലാസിന്റെ ഒരറ്റം പിടിച്ച്‌ മറ്റേ അറ്റം എനിക്ക്‌ നേരെ നീട്ടിത്തന്നു. കടലാസ്‌ കയ്യിൽ കിട്ടിയപ്പോഴാണറിഞ്ഞത്‌, അത്‌ ഡിസ്‌ചാർജ്ജ്‌ ബില്ലാണെന്ന്‌. ആശുപത്രിയിൽ അടയ്‌ക്കേണ്ട ആകെത്തുക എത്രയാണെന്നറിഞ്ഞപ്പോൾ ഞാൻ വല്ലാതൊന്ന്‌ പകച്ചുപോയി…

ആശുപത്രി അധികൃതർ ഒരു രോഗിയായ എനിക്ക്‌ വേണ്ടി ചെയ്‌തു തന്ന ‘സേവന’ങ്ങളോരോന്നിനും പ്രത്യേകം പ്രത്യേകം ചാർജ്ജ്‌ ബില്ലിൽ രേഖപ്പെടുത്തിയിരുന്നു… ഒൻപത്‌ തവണ നേഴ്‌സ്‌ നിങ്ങളോട്‌ പുഞ്ചിരിച്ചതിന്‌… ആറ്‌ തവണ നേഴ്‌സ്‌ നിങ്ങളോട്‌ ശൃംഗരിച്ചതിന്‌… നാല്‌തവണ മരുന്ന്‌ കുത്തിവെക്കുമ്പോൾ നേഴ്‌സ്‌ നിങ്ങളുടെ കൈപിടിച്ചതിന്‌….

Generated from archived content: story_asupathri.html Author: kuttikakam_jaseel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here