ഓണക്കെണി

പൊരുളും പുലഭ്യവും പുന്നാരവും വീണു
കരളുമെന്‍ കണ്‍കളും പൊട്ടിവീണ്ടു
ആലസ്യമല്ലാത്തൊരാവണിത്തൂമുഖം
അതിഗൂഢമെന്തോ മൊഴിഞ്ഞു.

പാടുന്നൊരാ മുളംതണ്ടിന്റെ തൊണ്ടയില്‍
ഒരുപാടു ദുഃഖം തുടിച്ചു നിന്നു
തുടികൊട്ടുമെന്നകം ഇടിവെട്ടുകൊണ്ടപോല്‍
വെറുതെ കിടുമ്പിച്ചു നിന്നു.

ഓണമാണെങ്ങും, കിനാവെളിച്ചത്തിന്റെ
നിഴലിലായ് നമ്മള്‍ നടന്നു
ചുറ്റുവട്ടത്തിന്റെ പൂതിയും പുകിലുമായ്
എന്‍മക്കളോണം വരച്ചു!

മാവേലിമന്നന്റെ നാടുനിര്‍മിക്കുവാന്‍
നാടാകെ നൊമ്പരം കൊള്‍കെ,
മുറ്റത്തു തീര്‍ത്തൊരീയഴകിന്റെ പൂക്കളം
കരളിന്റെ ചാറിനാല്‍ ചായമിട്ടു

ഇത്രയും കാലം കടന്നു ജീവിച്ചതിന്‍
ശിക്ഷയായ് ജപ്തിയും വന്നു
കടമാണു ജീവിതം കടമാണ് ഭൂതവും
കടമാണ് ഭാവിയും ഇന്നും
കടമറ്റ നിശ്വാസമില്ലാ, കടപ്പാടു
മുടിയുന്ന ലക്ഷണവുമില്ല!

ഇമയടയ്ക്കുമ്പോള്‍ വരും ഘോര രൂപിയായ്
കടരാക്ഷസന്‍ വാ പിളര്‍ന്ന്
അതുനാളെ ജപ്തിയും അതുനാളെ മാനം
മുടിക്കുന്ന പുലയാട്ടുമാകാം!

പിതൃസ്വത്തിനാധാരശില ചൂഴ്ന്നു വില്‍ക്കുന്ന
കങ്കാണിമാര്‍ നാടു വാഴ്‌കെ,
നികുതിയാണേതിനും – സ്വന്തമാം സ്വപ്‌നങ്ങള്‍
കാണുന്നതിന്നുമീനാട്ടില്‍

അധമര്‍ണ്ണരായി പിറക്കുന്നു, ചെങ്കോല്‍-
ചതിപ്പെട്ട നാടിന്റെ മക്കള്‍
വെടികൊണ്ടു പ്രാക്കളും വീഴുന്നു, പൂങ്കോഴി
കൂകുന്ന പുലരികളുമില്ല
പുതുമണമൂറുന്ന തുണിയില്ല, ചകലവീ-
ഴാത്തതാം അന്നവുമില്ല

കറുകപ്പുല്‍ത്തുമ്പിലിന്നുലകം ധ്വനിക്കുന്ന
ഹിമബിന്ദുവല്ല, യീ ഭൂവില്‍
വിടവാക്യമെരിയുന്ന, ചതിവുകള്‍ മുടിയുന്നൊ-
രഗ്നിബീജം ജ്വലിക്കുന്നു!!

Generated from archived content: poem1_sep8_13.html Author: kusumshalal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here