മലയാള ബാലസാഹിത്യ സാര്‍വഭൗമനായ നമ്മുടെ സ്വന്തം സിപ്പി മാസ്റ്റര്‍ക്ക് എഴുപതു തികഞ്ഞു . വിനയത്തിന്റെ ആള്‍രൂപമായി ലാളിത്യത്തിന്റെ മാതൃകയായി സൗഹൃദത്തിന്റെ സര്‍വചരാചര പ്രണയിയായി ‘ഞാന്‍ അത്രയില്ല’ എന്ന എളമിത്വത്തിന്റെ പ്രകട ലക്ഷണവുമായി നമുക്കിടയില്‍ സദാ നിറ സാന്നിധ്യമായി സിപ്പി പള്ളിപ്പുറം ഇന്നും ഇവിടെയുണ്ട്.
1943 മെയ് 18 നു വൈപ്പിന്‍ കരയിലെ പളളിപ്പുറത്ത് കയര്‍ തൊഴിലാളിയുടെ മകനായി ജനിച്ചു. ഹൈസ്കൂള്‍ പഠനകാലത്ത് കയ്യെഴുത്തു മാസികയിലൂടെ സര്‍ഗ്ഗരംഗ പ്രവേശനം. സ്കൂള്‍ യുവജനോത്സവത്തിനു ‘എത്ര കഷ്ടപ്പെട്ടു പണിയെടുത്തിട്ടും പട്ടിണി കിടന്നു മരിക്കേണ്ടി വരുന്ന ഗൃഹനാഥന്‍’ എന്ന വിഷയത്തില്‍ സ്വന്തം അപ്പന്റെയും കുടുംബത്തിന്റെയും അവസ്ഥ അക്ഷരങ്ങളില്‍ ആവാഹിച്ച് കഥയ്ക് ഒന്നാം സ്ഥാനം നേടിയ സിപ്പി പള്ളിപ്പുറം പക്ഷെ മുതിര്‍ന്നവര്‍ക്കുള്ള എഴുത്തല്ല തന്റെ നിയോഗമെന്ന് തിരിച്ചറിഞ്ഞ് ബാലസാഹിത്യത്തില്‍ മുഴുവന്‍ ശ്രദ്ധയുമൂന്നി അവിശ്രാന്തം കര്‍മ്മനിരതനാകുകയായിരുന്നു.
ബാലസാഹിത്യത്തിന്റെ സകല കൊടുമുടികളും കീഴടക്കിയ മറ്റൊരാള്‍ ഇന്ന് മലയാളത്തിലില്ല. ജന്മഗ്രാമത്തിന്റെ പേര്‍ സ്വന്ത പേരിനൊപ്പം ചക്രവാളങ്ങളോളം എത്തിച്ച സിപ്പി പള്ളിപ്പുറം മലയാള സാഹിത്യത്തിന്റെ സുകൃതവും പുണ്യവുമാണ്. 1985 -ല്‍ ‘ ചെണ്ട’ യ്ക്കും 1988 – ല്‍ ‘പൂര ‘ത്തിനും എന്‍ സി ആര്‍ ടി സി ദേശീയ പുരസ്ക്കാരങ്ങള്‍, പ്രഥമ ഭീമാ ബാലസാഹിത്യ പുരസ്ക്കാരം, 88 -ല്‍ തത്തകളുടെ ഗ്രാമത്തിന് ബുക് ട്രസ്റ്റിന്റെയും തൃശൂര്‍ സഹൃദയവേദീയുടേയും പുരസ്ക്കാരങ്ങള്‍, 90 ല്‍ അപ്പൂപ്പന്‍ താടിയുടെ സ്വര്‍ഗ്ഗയാത്രയ്ക്ക് കേരള സാഹിത്യ അക്കാദമി, സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്ക്കാരങ്ങള്‍, 2010 – ല്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സംമഗ്രസംഭാവനയ്ക്കുള്ള പുരസ്ക്കാരം ഒടുവില്‍ കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യത്തിന് ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്ക്കാരം , കൂടാതെ നിരവധി ചെറുതും വലുതുമായ അംഗീകാരങ്ങള്‍ വേറെയും ഈ പ്രതിഭയെ തേടിയെത്തിയിട്ടുണ്ട്.
1966 – ല്‍ പള്ളിപ്പുറം സെന്റ് മേരീസ് എല്‍ പി സ്കൂളില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച സിപ്പി മാസ്റ്റര്‍ ആയിരക്കണക്കിനു ശിഷ്യന്‍ മാരുടെ ആരാധാമൂര്‍ത്തിയായ അധ്യാപകനാണ് . 1992 – ല്‍ മികച്ച അധ്യാപകനുള്ള ദേശീയ പുരസ്ക്കാരം അദ്ദേഹത്തെ തേടിയെത്തി.
മലയാളത്തിലെ ഏതു സാഹിത്യകാരനില്‍ നിന്നും ഏറെ വ്യത്യസ്തതയുള്ള ആളാണ് സിപ്പി മാസ്റ്റര്‍. ഒരിക്കല്‍ കണ്ടാല്‍ പിന്നെ ഏതൊരാള്‍ക്കും ഏതാള്‍ക്കൂട്ടത്തിലും മാഷിനെ തിരിച്ചറിയാന്‍ കഴിയും. അത്തരത്തില്‍ വേറിട്ടതാണ് മാഷിന്റെ വേഷവും രൂപവും നടത്തം പോലും!! സംസാരത്തില്‍ സൗമ്യതയും രസികത്തവും നിറഞ്ഞു നില്‍ക്കും. താന്‍ പോരിമ ഒരിടത്തും കാണില്ല എങ്കിലും. ഒരധികാരത്തേയും മാഷ് അംഗീകരിച്ചു കൊടുക്കയില്ല. അതിനെയെല്ലാം ഏറ്റവും സാംസ്ക്കാരികമായ രീതിയില്‍ പ്രതിരോധിക്കാന്‍ മാഷിനുള്ള വൈദഗ് ധ്യം എടുത്തു പറയേണ്ടതാണ്. കഥയും കവിതയും പുനരാഖ്യാനങ്ങളുമൊക്കെയായി ഏതാണ്ട് നൂറ്റന്‍പതോളം പുസ്തകങ്ങള്‍ മാഷിന്റേതായി കൈരളിക്കു ലഭിച്ചിട്ടുണ്ട്. കുഞ്ഞുമനസുകളില്‍ താളബോധത്തിന്റെയും നന്മയുടേയും വിസ്മയത്തിന്റേയും തേനലകള്‍ നിറയ്ക്കുന്ന അക്ഷര സാക്ഷാത്ക്കാരങ്ങളാണിതൊക്കെയും. രണ്ടാം വായനയില്‍ ഇരട്ടി മധുരം കിനിയുന്ന കാവ്യ ഗുണവും ശില്‍പ്പ ചാതുര്യവും പലയിടത്തും വ്യക്തമാണ്. അതുകൊണ്ട് കുട്ടികളുടെ മാത്രമല്ല ആബാലവൃദ്ധത്തിന്റെയും ആരാധകനായിത്തീര്‍ന്നിട്ടുണ്ട് സിപ്പി മാസ്റ്റര്‍ . മാഷിന്റെ ആദ്യകാല രചനകളില്‍ തന്നെ ഈ ശില്‍പ്പതന്ത്രം ഒളിഞ്ഞിരിക്കുന്നുണ്ട്. 60 കളിലെഴുതിയ കാര്‍ എന്ന കവിതയിലെ വരികള്‍ ശ്രദ്ധിക്കു.
ഓട്ടക്കാരന്‍ കെങ്കേമാ കണ്ടാല്‍ നീയൊരു കടലാമ മുമ്പിലൊരാളെ കണ്ടെന്നാല്‍ മുറവിളി കൂട്ടിയകറ്റും നീ
എത്ര മനോഹരമായ ഭാവന വാക്കുകളുടെ ക്രമീകരണം, താളബോധം, പ്രാസ ഭംഗി! ചെണ്ടയെക്കുറിച്ച് ഏറെ എഴുതിയിട്ടുണ്ട് മാഷ്.
കുഞ്ഞുണ്ണി മാരാരു ചെണ്ടയെടുത്തു ചെണ്ടേടെ മണ്ടയ്ക്കു രണ്ടു കൊടുത്തു ഡിണ്ടകം ഡിണ്ടകം ചെണ്ട കരഞ്ഞു മണ്ടന്റെ മാതിരി ചെണ്ട കരഞ്ഞു ചെണ്ടേടെ മണ്ടയ്ക്കു നിത്യവും കൊട്ട് കുണ്ടൂണ്ണി മാരാര്‍ക്ക് നോട്ടിന്റെ കെട്ട്
ഇതള്‍ വിരിയുന്ന ഈ സര്‍ഗ്ഗ ലാവണ്യത്തില്‍ ആകൃഷ്ടരാവാത്തവരാര്?
ചെണ്ട കണ്ടോ ചെണ്ട മണ്ടയുള്ള ചെണ്ട ചേണ്ടേടൊച്ച കേട്ടേ ഡിണ്ടി ഡിണ്ടി ഡിണ്ടി
ഇങ്ങനെ ഏതു പ്രായത്തില്‍ പെട്ട കുട്ടികള്‍ക്കും ഇണങ്ങുന്ന രീതിയില്‍ ഇത്ര ഹൃദ്യമായി മധുരതരമായി എഴുതാനും അതില്‍ പലതിലും ലോകതത്വങ്ങള്‍ വരെ അന്തര്‍ലീനമാക്കി നിര്‍ത്താനും വല്ലാത്തൊരു സിദ്ധിയുണ്ട് മാഷിന്. മാഷിന്റെ കൃതികളൊക്കെയും ഉത്കൃഷ്ടമെന്നോ ലോകോത്തരമെന്നോ അല്ല പറയുന്നത്. പക്ഷെ ആരും നെഞ്ചേറ്റുന്ന സര്‍ഗ്ഗ സിദ്ധിയുടെ പത്തരമാറ്റുണ്ട് ഇതില്‍ പലതിനും. ഏതു പ്രായക്കാര്‍ക്കും സുപരിചിതമായ വിഷയങ്ങള്‍ കഥയോ കവിതയോ ആക്കുമ്പോഴും അതിലൊരു പുതുമയും സിപ്പി ടച്ചും ഉണ്ടായിരിക്കും എന്നതില്‍ തര്‍ക്കമില്ല.
‘ താഴ്മതാനഭ്യുന്നതി’ എന്ന തിരിച്ചറിവിലൂടെ സര്‍ഗ്ഗ കര്‍മ്മജീവിതം നയിച്ച് സര്‍വാദാരം നേടിയെടുത്തതിലാണ് അദ്ദേഹത്തിന്റെ മഹത്വവും വിജയവും. എഴുത്തു പോലെ ലളിതവും ദീപ്തവും മനോഹരവുമാണ് അദ്ദേഹത്തിന്റെ പ്രസംഗവും. അത് ആരേയും വികാരം കൊള്ളിക്കുന്നതല്ല. പക്ഷെ വിരസതയനുഭവിപ്പിക്കുന്നില്ല; അസ്വസ്ഥമാക്കുന്നില്ല. ആകര്‍ഷണനീയവുമാണ്. ഹൃദയനൈര്‍മല്യവും പെരുമാറ്റശുദ്ധിയും സമഭാവനയും ഭാവനയും ഭാഷാപ്രയോഗവും വാക്കും നോക്കും നടത്തവും കാരുണ്യവും ഭാഗ്യവും തുടങ്ങി എല്ലാ നന്മകളും വലിയ അളവില്‍ ഒത്തിണങ്ങിയ ഈ സാധാരണ നാട്ടിന്‍ പുറത്തുകാരന്‍ ഈ കലികാല മൂര്‍ദ്ധന്യതയിലെ ഒരപൂര്‍വ്വമനുഷ്യനാണെന്ന് നിസ്സംശയം പറയാം. 70 വയസ്സു തികയുമ്പോഴും ഇതൊക്കെക്കൊണ്ട് അദ്ദേഹം യുവാവാണ്. ഈ നന്മ ഏറെക്കാലം അനുഭവിക്കാന്‍ നമ്മളും നമുക്കൊപ്പം സിപ്പി മാഷും ഉണ്ടാകട്ടെ എന്ന് നമുക്കാശിക്കാം.
Generated from archived content: essay2_may24_13.html Author: kusumshalal