കണ്ടില്ലൊരാളിനെ, കാണെണ്ടുമാളിനെ

പ്രിയ സ്നേഹിതാ, ശിവരാജന്‍ മാഷിന്റെ കവിതകളാണിത്. സംവത്സരങ്ങള്‍ മനസില്‍ കൊണ്ടു നടന്ന സാക്ഷി പത്രങ്ങള്‍ കവിതയോടുള്ള പ്രണയമല്ലാതെ മറ്റൊരു താത്പര്യവുമിതിലില്ലെന്ന് ഈ രചനകളെ കളങ്കരഹിതമായ പ്രകാശത്തിലേക്ക് നീക്കി നിര്‍ത്തുന്നുണ്ട്.

പലപ്പോഴും ആള്‍ക്കൂട്ടത്തിന്റെ പ്രതിനിധിയായി സ്വയം അവരോധിക്കുകയും വിമര്‍ശനത്തിന്റെ കത്തിയേറ് ഏറ്റു വാങ്ങുകയും ചെയ്യുന്ന രീതി ഈ കവിതകളിലുണ്ട്. കവി ധര്‍മ്മത്തിന്റെ ഉദാത്ത മാതൃകയാണ് ആ രീതി. ചങ്ങമ്പുഴക്കാലം മുതലുള്ള മലയാളകവീതകളില്‍ ഈ പ്രവണത വേരുറപ്പിച്ചിട്ടുണ്ട്. ആണായും പെണ്ണായും പക്ഷിയായും കൂടുമാറി വെടിച്ചില്ലുകള്‍ ഏറ്റു വാങ്ങുന്നതാണ് അതിന്റെ സവിശേഷത വെറുമൊരു പാവം , വിയോഗം., അധമര്‍ണ്ണന്‍, മറന്നെങ്കിലെല്ലാം, മൂഢന്‍, വീണ്ടും , ചിരിക്കാതെങ്ങനെ,കുറുക്കന്‍ രാജാവായ കഥ തുടങ്ങിയ കവിതകള്‍ അതിനു തെളിവാണ് അവന്‍ ഞാനാണ്, അവനു വേണ്ട അമ്പ് എന്റെ നെഞ്ചിലാണ്, ആ മുഖം മൂടി ഞാനാണിഞ്ഞത് തുടങ്ങിയ ചിന്തകളിലേക്ക് കവിതകള്‍ നമ്മളെ കൊണ്ടെത്തിക്കുന്നു.

എത്ര എഴുതിയാലും തീരാത്ത വിഷയമാണ് പ്രണയം. എത്ര നനഞ്ഞാലും തോരാത്തതാണ് പ്രണയ മഴ. ഈ സമാഹാരത്തിലും പ്രണയമഴ പെയ്യുന്നുണ്ട്.

എത്രയോ വട്ടം പെരുന്നാളു കൂടാന്‍ എത്തി ഞാന്‍ പിന്നെയീ ആറ്റുവക്കില്‍ പൊന്നിന്‍ കുരുശുമുടിയിലും താഴത്തെ പള്ളി മുറ്റത്തും പരിസരത്തും കണ്ടില്ലൊരാളിനെ, കാണേണ്ടുമാളിനെ.

എന്ന ഒരന്വേഷണപ്പൂമഴ പൊഴിയുമ്പോള്‍ , പെരുന്നാള്‍ക്കാലത്തെ പ്രണയമെന്ന പുതു അദ്ധ്യായം തുറക്കുകയായി. പരിത്യകതയായ പ്രണയത്തെക്കുറിച്ചുള്ള തേങ്ങലും കവിതക്കനിയായി വിളയുന്നുണ്ട്. മനസിന്റെയെങ്കിലും കണ്‍കോണില്‍ ഇറ്റു നനവ് പൊടിയാത്തവര്‍ പ്രണയികളാവുകയില്ല.

പുഴയുടെ മനസ്സില്‍ പേനതൊട്ടെഴുതിയ് കവിതയാണ് പുഴ ഒഴുകും വഴി. പുഴയുടെ വര്‍ത്തമാനകാല ദീനജീവിതത്തിന്റെ നേര്‍ക്കാഴ്ച. കുന്നില്‍ തടഞ്ഞ പുഴയെ കമനീയമായി കാളിദാസന്‍ കുമാരസംഭവത്തില്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ കാലത്തിന്റെ പുഴ മഹാവിപത്തിന്റെ മദ്ധ്യത്തിലാണ് പതറി ചിതറുന്നത്. പുഴയുടെകരച്ചില്‍ മാത്രമല്ല ഒഴുക്കും അനുഭവപ്പെടുന്നു. എന്നത് ഈ രചനയുടെ പൂര്‍ണ്ണതയാണ്.

മഹാകവി വൈലോപ്പിള്ളിയും ഡോ. അയ്യപ്പപ്പണിക്കരും രണ്ടു രീതിയില്‍ മരണവീടു ചിത്രീകരിച്ചിട്ടുണ്ട്. എന്നാല്‍ ശിവരാജന്‍ മാഷ് മരണവീട്ടില്‍ ഒരു സമൂഹത്തെ സൃഷ്ടിച്ച് അതിന്റെആത്മാര്‍ത്ഥതയില്ലായ്മയെകാവ്യപ്പെടുത്തിയിരുഇക്കുന്നു.അവിടെരാഷ്ട്രീയചര്‍ച്ചമുതല്‍മദ്യപാനസുഖോത്സവംവരെഅരങ്ങേറുന്നുണ്ട്.പുതിയസമൂഹത്തില്‍ നേരെ പിടിച്ച് കണ്ണാടിയാണ് മരണവീട്ടില്‍ എന്ന രചന.

രണ്ടു ജീവിതങ്ങളെ പുറത്തു നിന്നു കാണുകയാണ് അവതാളം എന്ന കവിതയില്‍ കൂട്ടിലെ തത്തമ്മയും വീട്ടിലെ പൂച്ചയുമാണ് ജീവിതങ്ങള്‍ ഇരയുടെ ഭയാശങ്കകള്‍ ക്കപ്പുറത്ത് വേട്ടക്കാരനും ഒരു ഹൃദയമുന്റെന്ന് പൂച്ചയുടെ വെള്ളാരങ്കണ്ണിലെ വെള്ള നമ്മളോടുപറയുന്നു.അസാധരണവും അവശ്വസ്നീയവുമാണത്. എന്നാല്‍ അങ്ങനേയും ചില മൃദുലബിന്ദുക്കള്‍ ജീവിതവര്‍ഗ്ഗത്തിന്റെ മനസിലുണ്ടെന്ന് വിസ്മയിപ്പിക്കുന്ന അപൂര്‍വതയാണ് പൂച്ചയുടേയും തത്തയുടെയും സംവാദത്തിലെ കാര്യകാരണ ചാരുതയും ശ്രദ്ധേയമാണ്. പൂച്ചപ്പുരുഷനും തത്തമ്മപ്പെണ്ണും എന്ന വഴിയും സുന്ദരം.

എലികള്‍ എലികള്‍ , മൌണ്ട് വെര്‍നന്‍ തുടങ്ങിയ രചനകളിലും വിടര്‍ന്ന ഹൃദയനേത്രങ്ങളുള്ള ഒരു സത്യാന്വേഷകനെ നമുക്കു കാണാം.

പ്രിയ സ്നേഹിതാ, മലയാള കവിതയില്‍ നിറയെ ചെറു സസ്യങ്ങളും വന്‍ മരങ്ങളുമുണ്ട്. ഓരോന്നും ആവും വിധം പ്രാണവായു നമ്മള്‍ക്കു നല്‍കുന്നുണ്ട്. ശിവരാജന്‍ മാഷിന്റെ കവിതകളും പ്രസ്തുത ധര്‍മ്മം നിര്‍വ്വഹിക്കുന്നു.

സ്നേഹപൂര്‍വം

കുരീപ്പുഴ ശ്രീകുമാര്‍

പുഴ ഒഴുകും വഴി – ഇ കെ ശിവരാജന്‍

പ്രസാധനം – നഷ്ണല്‍ ബുക്ക് സ്റ്റാള്‍

പേജ് – 79

വില – 60

Generated from archived content: vayanayute48.html Author: kureeppuza_sreekumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English