രാമായണം കർക്കടത്തിൽ വായിക്കണമോ അതോ കത്തിക്കണമോ?

രാമായണം ചുട്ടെരിക്കുക എന്ന്‌ അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ പി.കേശവദേവ്‌ പറഞ്ഞത്‌ പലരീതിയിലുളള വിമർശനങ്ങൾക്കും ഇടവരുത്തിയിട്ടുണ്ട്‌. ഇത്‌ ഇക്കാലത്ത്‌ വീണ്ടും ചർച്ചയാവശ്യപ്പെടുന്ന വിഷയമാണ്‌. എന്റെ അഭിപ്രായത്തിൽ രാമായണം കത്തിച്ചതുകൊണ്ട്‌ ഇവിടെയൊന്നും സംഭവിക്കാൻ പോകുന്നില്ല. എന്തിന്‌, പണ്ട്‌ ഇന്ത്യ ആക്രമിച്ച ഭരണാധികാരികൾ നളന്ദയടക്കമുളള പല സാംസ്‌കാരിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തകർത്തിട്ടും നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തിന്‌ യാതൊരു കുറവും സംഭവിച്ചില്ല. എന്നാൽ ഇവിടെ ഒരു വൈരുദ്ധ്യമുണ്ട്‌; നളന്ദ സർവ്വകലാശാല തകർക്കപ്പെടേണ്ട ഒന്നായിരുന്നില്ല, മറിച്ച്‌ രാമായണം കത്തിക്കപ്പെടേണ്ടതാണ്‌. എന്തെന്നാൽ ഒരു പ്രത്യേക വീക്ഷണത്തിൽ രാമായണം വായിക്കുന്നവന്‌ ഇത്‌ തന്റെ പുസ്‌തകമല്ല എന്നുതോന്നാം.

ഇങ്ങനെ തോന്നാനുളള കാര്യങ്ങളിലൊന്ന്‌, മനുഷ്യന്റെ പക്ഷത്തുനിന്നാണ്‌ നാം രാമായണം വായിക്കുന്നതെങ്കിൽ, എന്തിനാണ്‌ രാമൻ ശംഭുകനെ കൊന്നത്‌ എന്ന്‌ ചോദ്യമുയരും. ശംഭുകനെന്ന ശൂദ്രമുനി യാതൊരു തെറ്റും ചെയ്‌തിട്ടില്ല. രാമായണം കണ്ടെത്തുന്ന തെറ്റ്‌ എന്തെന്നാൽ, അദ്ദേഹം ശൂദ്രനായി ജനിച്ചുപോയി എന്നതാണ്‌. ശൂദ്രനായ ശംഭുകൻ തപസ്സുചെയ്യാൻ അർഹനല്ല എന്ന നാരദന്റെ വാദത്തെ അംഗീകരിച്ച്‌ മര്യാദ പുരുഷോത്തമനായ രാമൻ ശംഭുകനെ വധിക്കുകയാണ്‌ ചെയ്‌തത്‌. അപ്പോൾ ശംഭുകന്റെ പക്ഷം മനുഷ്യന്റെ പക്ഷമെന്ന അഭിപ്രായം നമുക്കുണ്ടെങ്കിൽ രാമനെ വാഴ്‌ത്തുന്ന രാമായണം കത്തിക്കേണ്ട പുസ്‌തകമാണെന്നും തീരുമാനിക്കേണ്ടിവരും.

ഇനി സ്‌ത്രീപക്ഷത്തുനിന്നും നോക്കിയാൽ, ഒരു തെറ്റും ചെയ്യാത്ത സീതയെ, ഇന്ത്യ കണ്ട ഏറ്റവും വലിയ ദുഃഖപുത്രിയായ സ്‌ത്രീയെ, ഗർഭിണിയായിരിക്കെ കൊടുംവനത്തിലുപേക്ഷിച്ച്‌ അപമാനിക്കുകയാണ്‌ രാമൻ ചെയ്‌തത്‌. ഇവിടെയെങ്ങിനെ രാമൻ ഉത്തമപുരുഷനാകും. സീതയുടെ അഥവാ സ്‌ത്രീയുടെ പക്ഷത്തുനിന്നും നിരീക്ഷിച്ചാൽ രാമായണം കത്തിക്കപ്പെടേണ്ടതാണെന്ന്‌ നമുക്ക്‌ വീണ്ടും തോന്നും. ഇത്രയൊക്കെ തന്നെയാണ്‌ കേശവദേവിനും തോന്നിയിട്ടുളളത്‌.

രാമായണം കത്തിച്ചുകളയണം എന്ന വാദം നമ്മൾ ശക്തമായി ഏറ്റെടുക്കാത്തതുകൊണ്ടുണ്ടായ അപകടം, കേശവദേവിന്റെ കാലത്തുണ്ടായതിനേക്കാൾ വളരെ ശക്തമായ രീതിയിൽ, രാമൻ മര്യാദ പുരുഷോത്തമനാണെന്ന അഭിപ്രായം ഇന്നുണ്ട്‌. അങ്ങനെയാണ്‌ ബാബറി മസ്‌ജിദ്‌ തകർക്കപ്പെട്ടത്‌. ബാബറി മസ്‌ജിദ്‌ തകർത്തത്‌ ശംഭുകന്റെയും സീതയുടെയും പക്ഷത്ത്‌ നിന്നും രാമായണം വായിച്ചവരല്ല മറിച്ച്‌ രാമനെ മര്യാദാപുരുഷോത്തമനായി കണ്ടവരാണ്‌. ഈ ഇതിഹാസത്തിന്റെ അപകടം മനസ്സിലാക്കിയാൽ, ഇത്‌ ലൈബ്രറിയിൽ സൂക്ഷിക്കേണ്ട പുസ്‌തകമാണെന്നും ആവശ്യത്തിനുമാത്രം ഉപയോഗിക്കേണ്ടതാണെന്നും അല്ലാതെ കർക്കിടകമാസത്തിൽ കുത്തിയിരുന്ന്‌ വായിക്കേണ്ട ഒന്നല്ലെന്നും മനസ്സിലാക്കിയാൽ രാമൻ ഉത്തമപുരുഷനല്ലാതാകുകയും ബാബറി മസ്‌ജിദ്‌ തകർക്കപ്പെടാതിരിക്കുകയും, തകർത്തതിനെ അനുകൂലിക്കുന്നവർ കേരളത്തിൽ വളർച്ച പ്രാപിക്കാതിരിക്കുകയും ചെയ്യുമായിരുന്നു എന്നാണ്‌ എന്റെ വിശ്വാസം.

അതുകൊണ്ട്‌ രാമൻ ഉത്തമപുരുഷനല്ല എന്നും, രാമന്റെ കഥ പറയുന്ന രാമായണം ഉത്തമഗ്രന്ഥമല്ലെന്നും മറിച്ച്‌ അത്‌ കാലത്തെ അതിജീവിച്ച നല്ല ഒരു പുസ്‌തകം മാത്രമാണെന്നുമാണ്‌ നാം തിരിച്ചറിയേണ്ടത്‌.

ഈ ചിന്തപോലെ ഒരാൾ കേരളത്തിൽ ബൈബിൾ കത്തിച്ചിട്ടുണ്ട്‌. രഹസ്യമായല്ല പരസ്യമായിതന്നെ. കത്തിച്ചയാൾ കറുത്ത നിറവും വെളുത്ത ജുബ്ബയും ധരിച്ച ഒരു ഉപദേശിയായിരുന്നു. ഇദ്ദേഹം ഉപദേശി ആകും മുമ്പ്‌ അവർണ-ദളിത്‌ സമൂഹത്തിലെ ഒരംഗമായിരുന്നു. ഇദ്ദേഹത്തെ ക്രൈസ്തവസഭ മതപരിവർത്തനത്തിന്‌ വിധേയനാക്കുകയും സുവിശേഷ പ്രവർത്തനങ്ങൾക്കായി ബൈബിൾ ഏൽപ്പിച്ചു കൊടുക്കുകയും ചെയ്‌തു. ഇദ്ദേഹം വളരെ കൃത്യമായി തന്നെ ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്‌തു. അതിനുശേഷം, ക്രൈസ്തവ കൺവെൻഷൻ നടക്കാറുളള പമ്പാതീരത്തെ മരാമണിൽ ചെന്ന്‌ ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്‌ത്‌ ബൈബിൾ ഉറക്കെ വായിക്കുകയും, ഇതിൽ തന്റെ വംശത്തെക്കുറിച്ച്‌ ഒന്നും പറയുന്നില്ല എന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തു. അതായത്‌ ക്രൈസ്തവസഭ തനിക്കു നൽകിയ ബൈബിളിൽ ലോകത്തിനായി ധാന്യം വിളയിക്കുന്നവന്റെ വംശത്തെക്കുറിച്ചോ, വഴിനടക്കാൻ അവകാശമില്ലാത്തവന്റെ വംശത്തെക്കുറിച്ചോ, സമ്പന്നർക്കും സവർണർക്കും എല്ലാം ഉണ്ടാക്കി കൊടുത്ത്‌, കിടന്നുറങ്ങാൻ വീടില്ലാത്തവന്റെ വംശത്തെക്കുറിച്ചോ ഒന്നും പറയാത്തതുകൊണ്ട്‌, ഈ ബൈബിൾ കത്തിക്കുകയാണ്‌ എന്നാണ്‌ അദ്ദേഹം പ്രഖ്യാപിച്ചത്‌. അങ്ങിനെ പൊയ്‌കയിൽ അപ്പച്ചൻ എന്ന മനുഷ്യൻ ബൈബിൾ കത്തിച്ച്‌ ഒരു പുതിയ പാഠം നമുക്ക്‌ നല്‌കി. അത്‌ ബൈബിൾ മോശം പുസ്‌തകമാണെന്നല്ല, മറിച്ച്‌ ഇത്‌ ദളിതന്റെ അവസാന പുസ്‌തകമല്ല എന്നാണ്‌.

ഈ രീതിയിലൊക്കെതന്നെ കേശവദേവ്‌ പറഞ്ഞതുപോലെ വ്യത്യസ്ത കാഴ്‌ച്ചക്കോണിലൂടെ നാം രാമായണം വായിക്കുകയും അത്യാവശ്യം ‘കത്തിച്ചു കളയാനുളള’ മനസ്സ്‌ കാണിക്കുകയും ചെയ്തിരുന്നെങ്കിൽ ശംഭുകനെ കൊന്ന, താടകയെന്ന ദ്രാവിഡ രാജകുമാരിയെ കൊന്ന, ബാലിയെ ഒളിയമ്പയച്ചു കൊന്ന, പ്രണയിച്ച ശൂർപ്പണഖയെ മൂക്കും മുലയും ഛേദിച്ച, സീതയെ അപമാനിച്ചുപേക്ഷിച്ച രാമൻ ഉത്തമപുരുഷനാകില്ലായിരുന്നു.

Generated from archived content: essay1_july14_05.html Author: kureeppuza_sreekumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English