കഥയിലെ ഹൈക്കുകാലം

പ്രിയപ്പെട്ട സുകേതു, ഇതെന്താണ്‌ കഥയോ, കവിതയോ? ഫലിതബിന്ദുക്കളെന്ന്‌ മറുപടി എറിഞ്ഞ്‌ നിരൂപകനാകരുത്‌. ഇതാണ്‌ നഗ്നരചനകൾ, കഥയാകാം കവിതയാകാം. വിപരീതകാലം വരുമ്പോൾ ജീവൻ മരപ്പൊത്തിലോ ഇലത്തുമ്പിലോ പതുങ്ങി രക്ഷപ്പെടുംപോലെ, കവിത കഥയിലും വർത്തമാനങ്ങളിലും ചേക്കേറി രക്ഷപ്പെടും.

സുകേതു, ജപ്പാൻകാരുടെ ഹൈക്കു ശ്രദ്ധിച്ചിട്ടില്ലേ? കുഞ്ഞുചെപ്പിൽ സുഗന്ധകാലം. പക്ഷേ, ഹൈക്കു നേർക്കുനേർ പോരാടുന്നില്ല. എന്നാൽ പോരാട്ടക്കവിതയാണ്‌ തെലുങ്കിലെ ദിഗംബരകവിത. അത്‌ പലപ്പോഴും അത്ര ഹ്രസ്വവുമല്ല.

ചാവേർ പോരാളിയെപ്പോലെ നേരിട്ടു പടവെട്ടണം. മിന്നലിന്റെ ജന്മം മതി. ഇങ്ങനെയാണ്‌ നഗ്നരചനകൾ ഉണ്ടാകുന്നത്‌. കുഞ്ഞുണ്ണിയോളം കുറുകരുത്‌. കുഞ്ചൻനമ്പ്യാരോളം നീളരുത്‌. നഗ്നകവിതകൾ പിറന്നപ്പോഴൊക്കെ ഈ ലാവണ്യബോധം എന്നിലും പുലർന്നിട്ടുണ്ട്‌.

സുകേതു, ന്യൂട്ടന്റെ കളർഡിസ്‌ക്‌ നമ്മൾ ആദ്യം കണ്ടത്‌ ഓർക്കുന്നോ? നിറങ്ങളെ വിഴുങ്ങുന്ന വെണ്മ. അധീശത്വത്തിന്റെ വെണ്മ നമ്മെ അന്ധരാക്കുന്നു. ഒന്നും നമ്മൾ അറിയുന്നില്ല.

ശൈലജയുടെ പ്രണയം പൂത്ത മണ്ണ്‌. നോവിന്റെ കുന്ന്‌.

ദുർഗ്ഗുണ പാഠശാലയാണ്‌ മറ്റൊരു ബുളളറ്റ്‌. തറയ്‌ക്കേണ്ടിടത്തു തറച്ചാലും ലോകം പഴയതുപോലെ.

മാഷാവുന്നതു നല്ല കാര്യമാണ്‌. അത്‌ ഇഷ്‌ടപ്പെടാത്തതുകൊണ്ട്‌ കൊച്ചുകൃഷ്‌ണൻ ബാങ്കറെ നോക്കി കണ്ണാടി ഏങ്കോണിച്ചു ചിരിച്ചതാണ്‌.

സുകേതു, മരണത്തെ പ്രത്യക്ഷമാക്കുന്നു ഇരുതോണി. രതിമൂർച്ഛയിൽപോലും കുറ്റപ്പെടുത്തുന്ന അച്‌ഛനുമമ്മയുമുളളപ്പോൾ ഇരുതോണി അഭയമേകുന്നു.

സ്‌നേഹത്തിന്റെ റീത്തോ? അത്‌ കടത്തിണ്ണയിൽ നിന്നും ഓടയിലേക്കു വീണ സ്വപ്‌നം.

ഉമ്മകൊടുക്കുന്ന ഉറുമ്പുകൾ സുകേതുവിന്റെ ഹൃദയത്തിലെത്തിയല്ലോ. ഉറുമ്പുകളുടെയും പല്ലികളുടെയും നന്ദി അറിയിക്കുന്നു.

ജെ.സി.ബിയുടെ ദുഃഖം പിഴുതെറിയാൻ കഴിയാത്ത രചനയാണ്‌. ആധുനികകാലത്തിന്റെ ധ്വനികാവ്യം.

സുകേതുവിന്‌ ഈ രചനകളെ കഥകളെന്ന്‌ വിളിക്കാനല്ലേ ഇഷ്‌ടം? ശരി. നമുക്ക്‌ അങ്ങനെത്തന്നെ വിളിക്കാം. മറ്റൊരു പേര്‌ കാലം കണ്ടെത്തുംവരെ ഇവ കഥകളായിത്തന്നെ കഴിയട്ടെ.

സ്‌നേഹപൂർവ്വം,

കുരീപ്പുഴ ശ്രീകുമാർ

(അവതാരികയിൽനിന്ന്‌)

ഒന്നുമറിയുന്നില്ല

സുകേതു

വില – 20.00

ഇന്ന്‌ ബുക്‌സ്‌.

Generated from archived content: book1_nov9_05.html Author: kureeppuza_sreekumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here